logo malayalam

| പരിസ്ഥിതി | സമൂഹം |

മാലിന്യ നിര്‍മ്മാര്‍ജ്ജനം — ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം

പി എന്‍ വേണുഗോപാല്‍

ഫെബ്രുവരി 17, 2015

waste processing
ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ്

വൃത്തിയുടെയും ശുചിത്വത്തിന്റെയും പേരില്‍ ഊറ്റം കൊള്ളാറുണ്ടായിരുന്ന കേരളീയര്‍ കഴിഞ്ഞ ഒരു ദശകമായി അതിനുമുതിരാറില്ല എന്നാണ് എന്റെയൊരു തോന്നല്‍. അത്രയേറെ മലീമസമായിരിക്കുന്നു കേരളം. മാലിന്യങ്ങളുടെ ഉറവിടങ്ങള്‍ അന്വേഷിച്ചു പോകയോ, മാലിന്യക്കൂമ്പാരങ്ങളുടെ വാങ്‌മയ ചിത്രങ്ങള്‍ കോറിയിടുകയോ, ദുര്‍ഗ്ഗന്ധം വമിക്കുന്ന കാനയുടേയോ തോടിന്റെയോ സമീപത്തുകൂടി നടക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന 'അനുഭൂതിയെ' പുനര്‍ജ്ജനിപ്പിച്ച് നാം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ബോധവല്‍ക്കിരിക്കേണ്ട ആവശ്യമില്ല- പ്രത്യേകിച്ച് കേരളീയം വായനക്കാരെ - എന്ന ബോധ്യം ഉള്ളതുകൊണ്ട് ഈ ചെറുലേഖനത്തില്‍ അതിനു മുതിരുന്നതേയില്ല. ഈ അവസ്ഥയില്‍നിന്ന് മോചനം നേടുവാന്‍ എന്തുമാര്‍ഗം എന്നതിനുമാത്രമേ പ്രസക്തിയുള്ളൂ.

'സര്‍‌വോദയപുരം', എത്ര സുന്ദരമായ ഒരു സ്ഥലനാമം! എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്കു തീവണ്ടിയില്‍ പോകുമ്പോള്‍ കലവൂര്‍ തീവണ്ടിയാപ്പീസിന്റെ പരിസരമാണ് സര്‍‌വോദയപുരം. വിശാലമായ ഒരു വളപ്പുനിറയെ മാലിന്യക്കുന്നുകള്‍. ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങള്‍ 1890 കളില്‍ കക്കൂസ് മാലിന്യം മറവുചെയ്യാന്‍ കണ്ടെത്തിയ സ്ഥലം. തൃശ്ശൂരിന് ലാലൂര്‍ പോലെ, തിരുവനന്തപുരത്തിന് വിളപ്പില്‍ശാലപോലെ കോഴിക്കോടിന് ഞെളിയം പറമ്പുപോലെ ടണ്‍ കണക്കിന്‌ നഗരമാലിന്യങ്ങള്‍. ഈ കാഴ്ച കാണാതെ, ആ ഗന്ധം ശ്വസിക്കാതെ അതുവഴി പോവുക അസാധ്യമായിരുന്നു. എന്നാല്‍ ഏതാണ്ട് ആറുമാസമായി ആ മാലിന്യ കേന്ദ്രം പൂട്ടിയിരിക്കുന്നു. ഒരുകാലത്ത് വിജനമായിരുന്ന സര്‍‌വോദയപുരം ഒരു നൂറ്റാണ്ടിലൂടെ ജനനിബിഡമായി. നഗരത്തിലെ മാലിന്യങ്ങള്‍ ഞങ്ങളുടെ മുറ്റത്ത് പാടില്ല എന്ന് ഗ്രാമവാസികള്‍. നീണ്ടുനിന്ന സമരം. ആലപ്പുഴ മുനിസിപ്പാലിറ്റിയിലും മാരാരിക്കുളം തെക്കു പഞ്ചായത്തിലും എല്‍ ഡി എഫ് ഭരണത്തില്‍. ഒരു സമവായം അനിവാര്യമായി. അതേസമയംതന്നെ, ആലപ്പുഴയില്‍നിന്നുള്ള മാലിന്യവരവ് നാടകീയമായി കുറഞ്ഞുതുടങ്ങി. ഒരുദിവസം അത് പൂര്‍ണമായും നിലച്ചു. സര്‍‌വോദയപുരം മാലിന്യകേന്ദ്രത്തിന്റെ വാതിലുകള്‍ പൂട്ടി.

''ഒരുദിവസം 58 ടണ്‍ മാലിന്യമാണ് ഈ നഗരം ഉല്പാദിപ്പിച്ചുകൊണ്ടിരുന്നത്," ജൂനിയര്‍ ഹെല്‍ത്ത് ഓഫീസര്‍ ജയകുമാര്‍ പറയുന്നു. "ഏതാണ്ട് അതുമുഴുവന്‍ സര്‍‌വോദയപുരത്തേയ്ക്കാണ് പൊയ്ക്കോണ്ടിരുന്നത്. ഇന്ന് അതുമുഴുവന്‍ ഞങ്ങള്‍തന്നെ കൈകാര്യം ചെയ്യുന്നു." ജയകുമാര്‍ ഞങ്ങളെയുംകൂട്ടി നടന്നു. ഒരു ഇടറോഡില്‍, കനാല്‍ തീരത്ത് നിര്‍മ്മിച്ചിട്ടുള്ള ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിലേയ്ക്കാണ് ഞങ്ങള്‍ എത്തിയത്. കേരള കാര്‍ഷിക സര്‍‌വകലാശാല രൂപകല്പനചെയ്ത 'തുമ്പൂര്‍മൂഴി'മോഡല്‍ സം‌വിധാനമാണ് ഏറൊബിക് കമ്പോസ്റ്റിങ് . ആവശ്യത്തിന് വായുസഞ്ചാരമുള്ള ബിന്നുകളില്‍ കരിയിലയുടെ ഒരു നിരപ്പിനു മീതേ ജൈവമാലിന്യങ്ങളുടെ ഒരു നിരപ്പ്. ചാണകത്തില്‍നിന്ന് കള്‍ചര്‍ ചെയ്തെടുക്കുന്ന 'ഇനോക്കുലം' കരിയിലയില്‍ തളിച്ചതിനുശേഷമാണ് മാലിന്യം വിതറുന്നത്. ഒരു ബിന്നില്‍ മൂന്നുമാസംകൊണ്ട് രണ്ടുടണ്‍ മാലിന്യം കമ്പോസ്റ്റാക്കിമാറ്റാം. ഇങ്ങനെയുള്ള അനേകം ബിന്നുകള്‍ അടങ്ങുന്നതാണ് ഒരു ഏറോബിക് യൂണിറ്റ്. ഇങ്ങനെലഭിക്കുന്ന കമ്പോസ്റ്റ് മികച്ച ജൈവ വളമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിര്‍മ്മല ഭവനം നിര്‍മ്മല നഗരം

ആലപ്പുഴ എം എല്‍ ഏയും സി പി എമ്മിന്റെ നേതാവുമായ ഡോ: തോമസ് ഐസക്കാണ് 'നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതി'യുടെ മസ്തിഷ്കവും ജീവനാഡിയും.

ഓരോ വീട്ടിലെയും ജൈവമാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റ്റിങ് ഉപയോഗിച്ചോ വീട്ടില്‍ത്തന്നെ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റ് വഴിയോ സംസ്കരിക്കുക. ഇതിനു കഴിയാത്തവര്‍ വേര്‍തിരിച്ച മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഏറൊബിക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ എത്തിക്കുക. ഇതോടെ വേര്‍തിരിക്കാത്ത മാലിന്യങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്ന മുനിസിപ്പല്‍ ശുതിത്വ തൊഴിലാളികള്‍ ഏറോബിക് ബിന്നുകളുടെ സൂക്ഷിപ്പുകാരായി മാറി.

ഇപ്പോള്‍ 12 ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകളാണ് നഗരത്തിലെ 52 വാര്‍ഡുകള്‍ക്കായി ഉള്ളത്. മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ് എന്ന നിയമം കടലാസ്സില്‍ ഒതുക്കാതെ കര്‍ശനമായി നടപ്പില്‍‌വരുത്തുന്നു. ഇതിനായി മൂന്നുപേരടങ്ങുന്ന സ്ക്വാഡ് രാത്രിയില്‍ റോന്തു ചുറ്റുന്നു. 2000 രൂപമുതല്‍ 25000 രൂപ വരെ ഫൈന്‍ ഈടാക്കുന്നു.

'കക്ഷി രാഷ്ട്രീയമോ യൂണിയനിസമോ തടസ്സമാക്കാതെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഓഫീസര്‍മാരും ഈ പദ്ധതി വിജയിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്,' സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി അംഗീകാരം ലഭിച്ച കറുകയില്‍ വാര്‍ഡിന്റെ കൗണ്‍സിലര്‍ എം ആര്‍ പ്രേം പറയുന്നു.

ഏറോബിക് ബിന്നുകള്‍ തങ്ങളുടെ പരിസരത്തുവേണ്ട എന്നായിരുന്നു പൊതുജനത്തിന്റെയും ചില കൗണ്‍സിലര്‍മാരുടേയും ആദ്യ പ്രതികരണം. അതുകൊണ്ട് നഗരവാസികള്‍ സ്ഥിരമായി മാലിന്യം തള്ളാറുണ്ടായിരുന്ന ഇടങ്ങളാണ് ഏറോബിക് യൂനിറ്റുകള്‍ക്കായി തെരഞ്ഞെടുത്തത്. ആ ഇടങ്ങളില്‍ വന്നിട്ടുള്ള മാറ്റം അല്‍ഭുതപ്പെടുത്തന്നതാണ്. ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്ന വഴിച്ചേരിയിലെ ഇടം ഇന്ന് മനസ്സിനു കുളിര്‍മയേകുന്ന ഒരു 'വാട്ട്സാന്‍'(വാട്ടര്‍-സാനിട്ടറി) പാര്‍ക്കാണ്. ചിത്രങ്ങളാല്‍ അലംകൃതമായ ചുവരുകള്‍ അവിടെയുള്ള മാലിന്യം നിറഞ്ഞ ബിന്നുകളെ മറച്ചുവയ്ക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പല യോഗങ്ങളും ഇവിടെയാണ് നടക്കാറ്. എന്തിന്, അതൊരു 'ടൂറിസ്റ്റ് അട്രാക്‌ഷന്‍' പോലും ആയിട്ടുണ്ട്.

ഹോട്ടലുകള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ മാലിന്യം സ്വയം കൈകാര്യം ചെയ്യുക അല്ലെങ്കില്‍ സ്വകാര്യ (അംഗീകൃത) സേവനദാതാക്കള്‍ക്ക് നിശ്ചിത ഫീസ് നല്‍കി കൈമാറുക എന്നതാണ് ചെയ്തുവരുന്നത്. വേര്‍തിരിച്ചുവയ്ക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചിത കാലയളവുകളില്‍ റീസൈക്കിള്‍ ചെയ്യാനായി കോണ്‍‌ട്രാക്റ്റര്‍മാര്‍ക്ക് ഫീസൊന്നും നല്‍കാതെ കൈമാറുന്നു.

പൈപ്പ് കമ്പോസ്റ്റിങ്ങിനും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും സാരമായ സബ്‌സിഡി ലഭ്യമാക്കുന്നു. അതുകൊണ്ട് പൈപ്പ് ക്മ്പോസ്റ്റിങ്ങിന്റെ പൈപ്പിന് 960ന് പകരം 150 രൂപയും ബയോഗ്യാസ് പ്ലാന്റിന് 13500 ന് പകരം 3375 രൂപയുമേ വീട്ടുകാര്‍ക്ക് മുടക്കേണ്ടിവരുന്നുള്ളു. അവയ്ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ പരിഹരിക്കാനായി ഓരോ വാര്‍ഡിനും പരിശീലനം സിദ്ധിച്ച രണ്ടോ മൂന്നോ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.

പുതിയ മാലിന്യ സംസ്കരണ രീതി സ്വീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ നഗരത്തിന് കേരളാ സര്‍ക്കാരിന്റെ 2013-14 ലെ 'എനെര്‍ജി കണ്‍സെര്‍‌വേഷന്‍ അവാര്‍ഡ്' ലഭിക്കുകയുണ്ടായി. താഴെപ്പറയുന്നവയായിരുന്നു അതിന്റെ മാനദണ്ഡങ്ങളില്‍ ചിലത്. മാലിന്യം സര്‍‌വോദയപുരത്ത് എത്തിക്കാനായി ചിലവഴിച്ചിരുന്ന ഡീസല്‍ വില ലാഭിച്ചത്--7027762 രൂപ. 1164 ബയോഗ്യാസ് പ്ലാന്റുകളിലൂടെ ഉല്പാദിപ്പിക്കപ്പെട്ട പാചകവാതകം--4992 എല്‍ പി ജി സിലന്‍ഡറുകള്‍ക്കു തുല്യം, ഏതാണ്ട് 70 ലക്ഷം രൂപ. കമ്പോസ്റ്റില്‍നിന്ന് ഉല്പാദിപ്പിക്കപ്പെട്ട വളം- 225 ടണ്‍. ഉദ്ദേശം 34 ലക്ഷം രൂപ.

ഇവയേക്കാളൊക്കെയും എടുത്തുപറയേണ്ടത് മുനിസിപ്പാലിറ്റിയിലെ ശുചിത്വ തൊഴിലാളികളുടെ മാലിന്യത്തില്‍നിന്നുള്ള മോചനമാണ്. "വീണ്ടും ഒരു മനുഷ്യനായതു പോലെ," പേരു വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഒരു തൊഴിലാളി പറഞ്ഞു.

ഏതാണ്ട് എല്ലാ സ്കൂളുകളിലും 'വാട്ട്സാന്‍ ക്ലബ്ബുകള്‍' രൂപീകരിച്ചിട്ടുണ്ട്. ശുചിത്വ-മാലിന്യമുക്ത ജീവിതത്തെപ്പറ്റി അവബോധമുണ്ടാക്കുന്നതിനൊപ്പം അവരെയും 'നിര്‍മലഭവനം നിര്‍മല നഗരം ' പരിപാടിയില്‍ ഭാഗഭാക്കുകളാക്കുന്നു. കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവരുന്ന ഒരു കിലോ പ്ലാസ്റ്റിക്കിന് ഇരുപതുരൂപയുടെ ഒരു കൂപ്പണ്‍ നല്‍കുന്നു. ആ കൂപ്പണുകള്‍കൊണ്ട് നഗരത്തിലെ നിശ്ചിത പുസ്തകശാലകളില്‍നിന്ന് അവര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാം. 'പ്ലാസ്റ്റിക്കിനുപകരം പുസ്തകം.'

എന്നാല്‍ ഇതിന്റെയൊക്കെയര്‍ത്ഥം ആലപ്പുഴ ഒരു നിര്‍മ്മല നഗരമായെന്നോ, ആലപ്പുഴയിലെ എല്ലാ ഭവനങ്ങളും നിര്‍മ്മലഭവനങ്ങള്‍ ആയെന്നോ അല്ല. ഇതിന്റെ നടത്തിപ്പുകാര്‍ പോലും അങ്ങനെ അവകാശപ്പെടുന്നുമില്ല. പക്ഷേ, കേരളത്തില്‍ ഇതിനകം പരീക്ഷിച്ചുകഴിഞ്ഞ പലേ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാളും മികച്ചതും ദിശാബോധമുള്ളതും പ്രായോഗികവും ആയത് ആലപ്പുഴ മാര്‍ഗം തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും

ആലപ്പുഴ ഒരു ചെറിയ പട്ടണം. ഇവിടെ ഇതു സാധ്യമായേക്കാം, കേവലം 58 ടണ്‍ മാലിന്യമല്ലേ ഒരു ദിവസം ഉല്പാദിപ്പിക്കുന്നുള്ളൂ? എന്നാല്‍ വലിയ പട്ടണങ്ങളില്‍ എന്താവും സ്ഥിതി? ഈ ചോദ്യം ഞാന്‍ ഉന്നയിച്ചത് നിര്‍മലഭവനം നിര്‍മല നഗരം പദ്ധതിയുടെ തുടക്കം മുതലേ തോമസ് ഐസക്കിനോടൊപ്പമുള്ള, ഏറോബിക് യൂണിറ്റുകളുടെ രൂപകല്പനയിലും മറ്റുപ്രവര്‍ത്തനങ്ങളിലും കാര്യമായ പങ്കുവഹിക്കുന്ന എന്‍‌ജിനീയര്‍ ജോര്‍ജ് കെ ജോണിനോടാണ്. മാലിന്യമുക്ത ജീവനത്തില്‍ താല്പര്യമുള്ള പൗരസമൂഹവും ആത്മാര്‍ത്ഥതയുള്ള ഉദ്യോസ്ഥവൃന്ദവും ലക്ഷ്യബോധമുള്ള രാഷ്ട്രീയ നേതൃത്വവും ഉണ്ടെങ്കില്‍ ഏതു വന്‍ നഗരത്തിലും ഈ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി സുസ്ഥിരതയോടെ നടപ്പാക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന മറുപടി.

എന്തായാലും കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ ഈ മാലിന്യനിര്‍മാര്‍ജന പദ്ധതി തിരുവനന്തപുരം കോര്‍പ്പറേഷനിലും ആരംഭിച്ചിരിക്കുന്നു. ആലപ്പുഴയേക്കാള്‍ എത്രയോ വലുതായ തലസ്ഥാനനഗരി 'നിര്‍മ്മലഭവനം നിര്‍മ്മലനഗരം' പദ്ധതിയ്ക്ക് ഒരു 'ടെസ്റ്റ്-കേസ്' ആവും.. അവിടെ വിജയം വരിച്ചാല്‍ സംശയാലുക്കളുടെ നാവടങ്ങും എന്നതില്‍ തര്‍ക്കമില്ല.

വിളപ്പില്‍ശാലയും, ഞെളിയം പറമ്പും ബ്രഹ്മപുരവും ലാലൂരും മറ്റും ഇന്നത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഏറെ സ്വച്ഛതയാര്‍ന്ന മറ്റെന്തെങ്കിലും പ്രതിഭാസത്തിന്റെ പേരില്‍ പ്രശസ്തിയാര്‍ജിക്കാന്‍ ഇതു വഴിയൊരുക്കട്ടെ എന്ന് ആശിക്കാം.

ഓരോ വീട്ടിലെയും ജൈവമാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റ്റിങ് ഉപയോഗിച്ചോ വീട്ടില്‍ത്തന്നെ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റ് വഴിയോ സംസ്കരിക്കുക. ഇതിനു കഴിയാത്തവര്‍ വേര്‍തിരിച്ച മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഏറൊബിക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ എത്തിക്കുക. ഇതോടെ വേര്‍തിരിക്കാത്ത മാലിന്യങ്ങളില്‍ മുങ്ങിക്കുളിച്ചിരുന്ന മുനിസിപ്പല്‍ ശുതിത്വ തൊഴിലാളികള്‍ ഏറോബിക് ബിന്നുകളുടെ സൂക്ഷിപ്പുകാരായി മാറി.


Print this article


The Quest Features and Footage
Kochi 682020, Kerala, India
email: info@questfeatures.org