logo malayalam

| പരിസ്ഥിതി | സമൂഹം |

ഇനിയും പഠിക്കാത്ത പാഠങ്ങള്‍

എം. സുചിത്ര
11/07/2003

rain

മഴയുടെ സൗന്ദര്യത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മണ്‍സൂണ്‍ ടൂറിസം പദ്ധതി അടുത്തവര്‍ഷം തുടങ്ങാനുളള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മലനിരകളിലും താഴ്‌വരകളിലും കടലിലും കായലിലും നേര്‍ത്തും തിമിര്‍ത്തും പെയ്യുന്ന മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ വിനോസഞ്ചാരികള്‍ക്ക് ഒരു പാക്കേജായി നല്‍കുന്ന പദ്ധതിക്ക് അഞ്ചു വര്‍ഷത്തേക്ക് 260 കോടി രൂപയാണ് ചെലവ്.

കാലവര്‍ഷവും തുലാവര്‍ഷവുമായി കൊല്ലത്തില്‍ ആറു മാസത്തോളം മഴക്കാലം. പ്രതിവര്‍ഷം ശരാശരി 3000 മില്ലിമീറ്റര്‍ മഴ. ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയിലധികം. അയല്‍പക്ക സംസ്ഥാനമായ തമിഴ്‌നാടിനേക്കാള്‍ മൂന്നിരട്ടിയും വരണ്ട രാജസ്ഥാനേക്കാള്‍ അഞ്ചിരട്ടിയും മഴ. കേരളത്തിന്റെ മഴക്കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. വേണ്ടുവോളം മഴയും പ്രകൃതിസൗന്ദര്യവുമുളള സംസ്ഥാനത്ത് മണ്‍സൂണ്‍ ടൂറിസം പദ്ധതി വിജയകരമായേക്കാം. പക്ഷേ, മഴ പെയ്ത് തോരുന്നതോടെ സംസ്ഥാനം കടുത്ത കുടിവെളള ക്ഷാമത്തിന്റെ പിടിയിലേക്ക് വീഴും. 1983 മുതല്‍ വരള്‍ച്ച ഇവിടെ ഒരു വാര്‍ഷിക പ്രതിഭാസമാണ്. ഓരോ വര്‍ഷം കഴിയുന്തോറും 14 ജില്ലകളില്‍ നിന്ന് കുടിവെളളക്കമ്മിയുടെ കൂടിവരുന്ന കണക്കുകളാണ് ലഭിക്കുന്നത്. ഇത്രയൊക്കെ മഴ ലഭിച്ചിട്ടും ആളോഹരി കുടിവെളള ലഭ്യതയുടെ കാര്യത്തില്‍ കേരളം രാജസ്ഥാനേക്കാള്‍ പിറകിലാണ്. മഴയുടെ ചാരുത മാര്‍ക്കറ്റ് ചെയ്യുന്നതിനു മുമ്പ്, മഴവെളള സംരക്ഷണത്തിനും സംഭരണത്തിനുമുളള പദ്ധതികള്‍ അടിയന്തരമായി ആവിഷ്കരിക്കേണ്ട അപകടകരമായ അവസ്ഥയിലാണ് സംസ്ഥാനം. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ നിരവധി നദികളും നീരുറവകളും കായലുകളും കുളങ്ങളും തോടുകളുമൊക്കെയുണ്ടെങ്കിലും ഈ ജലസമൃദ്ധി കുടിവെളളമായി രൂപാന്തരപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയാതെ പോകുന്നു.

കേരളത്തിന്റെ പ്രത്യേകതയുളള ഭൂപ്രകൃതിയും ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി വരുന്ന ജനസാന്ദ്രതയുമാണ് കുടിവെളളക്ഷാമത്തിന് പ്രധാന കാരണങ്ങളായി പലപ്പോഴും പറയപ്പെടുന്നത്. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ വീതികുറഞ്ഞ്, ചരിഞ്ഞുകിടക്കുന്ന പ്രദേശമായതിനാല്‍ സംസ്ഥാനത്തെ നദികള്‍ക്ക് ഗതിവേഗം വളരെ കൂടുതലാണെന്നും വൃഷ്ടിപ്രദേശത്ത് ചെയ്യുന്ന മഴവെളളം 4-8 മണിക്കൂറിനുളളില്‍ കടലില്‍ ചെന്നുചേരുമെന്നുമാണ് വിദഗ്ധാഭിപ്രായം. ഉത്തരേന്ത്യന്‍ നദികള്‍ പോലെ കേരളത്തിലെ നദികളില്‍ മഞ്ഞുരുകി വെളളമുണ്ടാകുന്നില്ല. എന്നു മാത്രമല്ല, പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ കൃഷ്ണയെപ്പോലെയോ ഗോദാവരിയെപ്പോലെയോ വലുത് എന്നു വിശേഷിപ്പിക്കാവുന്നരൊറ്റ നദി പോലുമില്ല. നദികളുടെ ദേശീയ നിര്‍വചനമനുസരിച്ച് ചാലിയാറും പമ്പയും ഭാരതപ്പുഴയും പെരിയാറും ഇടത്തരം നദികളാണ്. മറ്റെല്ലാം ചെറിയ നീരൊഴുക്കുകളും. സംസ്ഥാനത്തെ 44 നദികളിലും കൂടി ഓരോ വര്‍ഷവും ഒഴുകിയെത്തുന്ന 77,833 ദശലക്ഷം ക്യുബിക് മീറ്റര്‍ വെളളമാണെങ്കില്‍ ഗോദാവരിയില്‍ മാത്രം 1,05,000 ദശലക്ഷം ക്യുബിക് മീറ്റര്‍ നീരൊഴുക്കുണ്ട്.

യഥാര്‍ത്ഥത്തില്‍ ജനസാന്ദ്രതയോ ഭൂപ്രകൃതിയുടെ പ്രത്യേകതയോ അല്ല, വികലമായ വികസന നയങ്ങളും ആസൂത്രണത്തിലെ അപര്യാപ്തതയും രാഷ്ട്രീയമായ ഇടപെടലുകളുമാണ് കുടിവെളള ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെന്ന് ജലവിഭവ വകുപ്പിലെ ഉന്നതോദ്യാഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മിതിക്കുന്നുണ്ട്. കേന്ദ്രീകൃതമായി ജലസംഭരണവും ശുദ്ധീകരണവും പൈപ്പ് വഴിയുളള വിതരണവും ശുദ്ധജലലഭ്യത വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം നിലനിറുത്തുന്നതിനും അനിവാര്യമാണെന്ന വാദത്തോടെയാണ് 1984-ല്‍ കേരള വാട്ടര്‍ അതോറിട്ടി രൂപവല്‍ക്കരിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു ദശകത്തിനുളളില്‍ സംസ്ഥാനത്ത് നടപ്പാക്കിയ കുടിവെളള പദ്ധതികള്‍ക്കുവേണ്ടി ചെലവായത് ഭീമമായ തുകയാണ്. ജനസംഖ്യാ വര്‍ധനയേക്കാള്‍ എത്രയോ ഇരട്ടി വര്‍ധനയാണ് ശുദ്ധജല വിതരണ പദ്ധതികളുടെ ചെലവിലുണ്ടാകുന്നത്. 1984ല്‍ 1.2 ലക്ഷം ഗാര്‍ഹിക കണക്ഷനുകളാണുണ്ടായിരുന്നതെങ്കില്‍ 2001ലെ കണക്കനുസരിച്ച് ഇത് എട്ടു ലക്ഷത്തോളമായിരിക്കുന്നു. പൊതുടാപ്പുകളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് ഉള്‍പ്പെടെ വാട്ടര്‍ അതോറിട്ടിക്കു കീഴില്‍ നിലവില്‍ 1763 കുടിവെളള പദ്ധതികളുണ്ട്. ഇവയില്‍ 1700 എണ്ണം ഗ്രാമീണ കുടിവെളള പദ്ധതികളാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 485ഉം കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി 471ഉം പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 807 പദ്ധതികളുമാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ലോകബാങ്കില്‍ നിന്നു ലഭിക്കുന്ന 300 കോടി രൂപയുടെ വായ്പ കൊണ്ട് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേരള ഗ്രാമീണ ശുദ്ധജല വിതരണ-ശുചിത്വ ഏജന്‍സി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജലനിധി പദ്ധതി, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രാജീവ്ഗാന്ധി ദേശീയ കുടിവെളള പദ്ധതി, കഴിഞ്ഞവര്‍ഷം തുടങ്ങിയ സ്വജല്‍ധാരാ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് 71,953.72 ലക്ഷം രൂപയുടെ കുടിവെളള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. എന്നിട്ടും ഗ്രാമീണ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കു മാത്രമാണ് പരിമിതമായ തോതിലെങ്കിലും കുടിവെളളം ലഭിക്കുന്നത്.

വാട്ടര്‍ അതോറിട്ടിയുടെ കഴിഞ്ഞ 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി ജലസേചന വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുളള ഒരു കമ്മിറ്റിയെ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ പദ്ധതികള്‍ ആവിഷ്കരിച്ചതും ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവാതെ നീണ്ടുപോകുമ്പോഴും പുതിയ ശുദ്ധജല വിതരണ പദ്ധതികള്‍ ഏറ്റെടുത്തതും, പല പദ്ധതികളും പ്രായോഗികമല്ലാതെ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടി വന്നതുമൊക്കെ കാരണം അതോറിട്ടിക്കുണ്ടായ ഭീമമായ നഷ്ടത്തെക്കുറിച്ച് കമ്മിറ്റി തയാറാക്കിയ ധവളപത്രത്തില്‍ പറയുന്നുണ്ട്. അതോറിട്ടിക്ക് കീഴിലുളള കുടിവെളള പദ്ധതികളുടെ മൊത്തം മുതല്‍മുടക്കിന്റെ പകുതിയിലധികവും പൈപ്പുകളും മറ്റും വാങ്ങുന്നതിനുവേണ്ടിയാണ് ചെലവാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അതോറിട്ടിക്ക് 3,125 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു. പൈപ്പുലൈനുകള്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപിച്ചുകൊണ്ടുളള ജലവിതരണരീതി കാര്യക്ഷമമായില്ലെന്നു മാത്രമല്ല, വിപുലമായ പൈപ്പ് ശൃംഖലകളിലൂടെ കുടിവെളളം ചെറിയ തോതിലെങ്കിലും എത്തിക്കാന്‍ ജലസ്രോതസുകളുടെ ശേഷിയേക്കാള്‍ എത്രയോ കുടുതല്‍ വെളളം പമ്പു ചെയ്യേണ്ടി വന്നത് ജലസ്രോതസുകളുടെ ശേഷിയെത്തന്നെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. മാത്രമല്ല, ജലവിതരണത്തിന്റെയും പദ്ധതികളുടെ സംരക്ഷണത്തിന്റെയും ചുമതല വാട്ടര്‍ അതോറിട്ടിയില്‍ നിക്ഷിപ്തമായതോടെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും കിണറുകളുമൊക്കെ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഗ്രാമീണജനങ്ങള്‍ കുടിവെളളത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കിണറുകളെയായിട്ടുപോലും ശുദ്ധജലത്തിന്റെ പേരില്‍ പലയിടത്തും തുറന്ന കിണറുകള്‍ മൂടാന്‍ വരെ ജനങ്ങള്‍ നിര്‍ബന്ധിതരായി.

സര്‍ക്കാര്‍ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മ മാത്രമല്ല, നദികളുടെ വ്യഷ്ടിപ്രദേശങ്ങളില്‍ നടക്കുന്ന വ്യാപകമായ വനംനശീകരണം, നദീതടങ്ങളില്‍ നിന്നുളള അനിയന്ത്രതിമായ മണല്‍വാരല്‍, കെട്ടിടനിര്‍മാണത്തിനും മറ്റുമായി നെല്‍പാടങ്ങള്‍ നികത്തുന്നത്, വര്‍ധിച്ചുവരുന്ന നഗരവല്‍കരണം, കായലോരങ്ങളിലെ ഉപ്പുവെളളക്കേറ്റം, വിവിധ തരത്തിലുളള ജലമലിനീകരണം തുടങ്ങി പല പ്രശ്‌നങ്ങളും കുടിവെളള ക്ഷാമത്തിന് ആക്കം കൂട്ടുന്നുണ്ട്. കേരളത്തില്‍ 52 ശതമാനം വീടുകളില്‍ മാത്രമാണ് ശാസ്ത്രീയമായ രീതിയിലുളള കക്കൂസുകള്‍ ഉളളതെന്ന് ദേശീയതലത്തില്‍ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നുണ്ട്. ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത്, ജനകീയാസൂത്രണത്തിനു കീഴില്‍ സാനിട്ടേഷന്‍ പദ്ധതികള്‍ക്ക് നല്‍കിയ ഊന്നല്‍ ഈ മേഖലയില്‍ കാര്യമായ പുരോഗതിക്ക് വഴിവച്ചിട്ടുണ്ടാകാം. എന്നിരുന്നാലും കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ ശുചിത്വപദ്ധതികള്‍ ഇപ്പോഴും അപര്യാപ്തമാണ്. തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത് മണ്ണിനെ മാത്രമല്ല, ഉപരിതല-ഭൂഗര്‍ഭ ജലസ്രോതസുകളെക്കൂടി മലിനമാക്കുന്നുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്ന കുട്ടനാട്ടിലെ കായലോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി കായലിലേക്ക് തുറക്കുന്ന കക്കൂസുകളാണ്.

കേരളത്തിന്റെ കുടിവെളള ക്ഷാമത്തിനു പ്രാദേശികമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും പറ്റിയ അന്തരീക്ഷമാണ് പഞ്ചായത്ത്‌രാജും ജനകീയാസൂത്രണവും ഒരുക്കിയത്. എന്നാല്‍, ഈ അവസരവും വേണ്ടവിധം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കുടിവെളള പദ്ധതികളെന്ന പേരില്‍ കൂടുതല്‍ കൂടുതല്‍ കിണറുകള്‍ കുഴിക്കുകയല്ലാതെ പുതിയ വഴികള്‍ കണ്ടെത്താന്‍ ചുരുക്കം ചില പഞ്ചായത്തുകള്‍ മാത്രമാണ് ശ്രമിച്ചത്. 1997നുശേഷം പഞ്ചായത്തുകള്‍ ഒരു ലക്ഷത്തില്‍പരം കിണറുകള്‍ കുഴിച്ചിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ മിക്കതും വേനല്‍ക്കാലത്ത് തീര്‍ത്തും വറ്റിപ്പോകുന്ന അവസ്ഥയിലാണ്. ജലവിഭവ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോള്‍ എന്താണെന്ന് ഇനിയും വ്യക്തമായി നിര്‍വചിച്ചിട്ടില്ല. വിവിധ വിഭാഗങ്ങളെ ഏറ്റവും കാര്യക്ഷമമായി ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നിര്‍ണായക സ്ഥാനമാണ് ത്രിതല പഞ്ചായത്തുകള്‍ക്കുളളതെങ്കിലും ഫണ്ടുകള്‍ വേണ്ടത്രയില്ലെന്ന പേരില്‍ കുടിവെളള മേഖലയില്‍ കാര്യക്ഷമമായി ഇടപെടാതെ മാറി നില്‍ക്കുകയാണ് മിക്ക പഞ്ചായത്തുകളും. ജലവിതരണം സര്‍ക്കാരിന്റെ ചുമതലയാണെന്ന രൂഢമൂലമായ ധാരണ മാറ്റുന്നതിനുവേണ്ടി ജനങ്ങള്‍ക്കിടയില്‍ ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍പോലും പഞ്ചായത്തുകള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല.

ജലവിതരണ-ശുചിത്വ മേഖലയില്‍ പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടി രാജ്യത്തെ 58 ജില്ലകളില്‍ സെക്ടര്‍ റിഫോംസ് പൈലറ്റ് പ്രോജക്ട് തുടങ്ങിയതും 73-ാം ഭരണഭേദഗതിയെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസംവിധാനം ശക്തമായതും കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ കുടിവെളള വിതരണനയങ്ങളില്‍ വഴിത്തിരിവുണ്ടാക്കിയ രണ്ടു സംഭവവികാസങ്ങളാണ്. കേന്ദ്രീകൃത വന്‍കിട ജലവിതരണ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ സ്വന്തമായി ഏറ്റെടുത്തു നടപ്പാക്കുന്ന ചെറുകിട ജലപദ്ധതികളിലേക്ക് ചുവടുമാറുക, വിതരണാധിഷ്ഠിത സംവിധാനങ്ങളില്‍ നിന്നു മാറി ജനങ്ങളുടെ ആവശ്യങ്ങളില്‍ അധിഷ്ഠിതമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കുക, പരസ്പരപൂരകങ്ങളായ ഘടകങ്ങള്‍ കൂട്ടിയിണക്കിക്കൊണ്ട് കുടിവെളളം കിട്ടാനുളള സ്ഥായിയായതും സുതാര്യമായതുമായ സംവിധാനങ്ങള്‍ ഒരുക്കുക, പദ്ധതികളുടെ വിഭവസമാഹരണത്തില്‍ ഗുണഭോക്താക്കളെ പങ്കാളികളാക്കുകയും പദ്ധതികളുടെ തുടര്‍ നടത്തിപ്പും സംരക്ഷണവും ഏറ്റെടുക്കുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുക, കുടിവെളള വിതരണ-ശുചിത്വ മേഖലകളില്‍ ഫലപ്രദമായി ഇടപെടുന്നതിനും നേതൃത്വം നല്‍കുന്നതിനുമുളള ചുമതല ഗ്രാമപഞ്ചായത്തുകളെ ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ജലമേഖലാ പരിഷ്കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി, കുടിവെളളത്തിലൂടെ സാമൂഹിക പുരോഗതിയെന്ന സമഗ്ര വികസന സമീപനത്തോടെ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ മഴവെളള സംഭരണത്തിനും സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന പുതിയ ജലനയം പ്രഖ്യാപിക്കുകയുണ്ടായി.

rain

എന്നാല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്‌നങ്ങളും ഉള്‍ക്കൊളളാനോ അതനുസരിച്ച് കാലിക പ്രസക്തിയുളള പുതിയ ജലനയം പ്രഖ്യാപിക്കാനോ കേരള സര്‍ക്കാര്‍ തയാറായിട്ടില്ല. ഇന്ത്യയില്‍ സ്വന്തമായൊരു ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനമെന്ന പദവി അവകാശപ്പെടാമെങ്കിലും പത്തുവര്‍ഷം പഴകിയ ജലനയം(1992) തന്നെയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത്. എത്തിനില്‍ക്കുന്ന രൂക്ഷമായ കുടിവെളള പ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ കേരളത്തിനു മുന്നിലുളള ഒരേയൊരു വഴി മഴവെളള സംരക്ഷണവും സംഭരണവുമാണെന്ന് ജലനയത്തില്‍ തന്നെ പറയുന്നുണ്ട്. ""സമൃദ്ധമായ മഴ ലഭിക്കുമ്പോഴും സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുളള മാര്‍ഗം പരമാവധി സ്ഥലങ്ങളില്‍ പരമാവധി അളവില്‍ മഴവെളളം സംരക്ഷിക്കുകയാണ്. ഇതിനുവേണ്ടി ദീര്‍ഘകാല പദ്ധതികളും ഹ്രസ്വപദ്ധതികളും ആവിഷ്കരിക്കും'' എന്ന നയപ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും, കഴിഞ്ഞവര്‍ഷം "വര്‍ഷ' പദ്ധതി രൂപവല്‍ക്കരിച്ചതല്ലാതെ വ്യാപകവും ജനകീയവുമായ രീതിയില്‍ മഴവെളള സംഭരണം നടപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. വനനശീകരണം കഴിയുന്നിടത്തോളം തടയുക, വൃഷ്ടിപ്രദേശങ്ങളില്‍ വനവല്‍കരണം നടത്തുക, കുടിവെളളത്തിന് പൊതുവെ ഉപയോഗിക്കാത്ത കുളങ്ങള്‍, അരുവികള്‍ മുതലായ ജലസ്രോതസുകള്‍ ഉപയുക്തമാക്കുക, സംസ്ഥാനത്തെ റിസര്‍വോയറുകള്‍ നഗര-ഗ്രാമീണ കുടിവെളള പദ്ധതികളുമായി ബന്ധിപ്പിക്കുക, മഴവെളളം പാഴായിപ്പോകാതിരിക്കാന്‍ തടയണകള്‍ കെട്ടുക, കൃഷിപ്രദേശങ്ങള്‍ കൃഷിയിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുക തുടങ്ങി ഏഴു ദീര്‍ഘകാല പദ്ധതികളും അഞ്ച് ഹ്രസ്വകാല പദ്ധതികളും ജലനയത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30ഓളം റിസര്‍വോയറുകള്‍ നാലെണ്ണം മാത്രമാണ് ഇപ്പോഴും കുടിവെളളത്തിനുവേണ്ടി ഉപയോഗിക്കുന്നത്. അതുപോലെ 10,000 ക്യുബിക് മീറ്ററിനു മുകളില്‍ ജലസംഭരണശേഷിയുളള ആയിരത്തോളം കുളങ്ങള്‍ കേരളത്തിലുണ്ട്. ഇവയില്‍ നാലു ശതമാനം മാത്രമാണ് കുടിവെളളത്തിനുവേണ്ടി ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 600 ലിറ്റര്‍ മുതല്‍ 1,44,000 ലിറ്റര്‍ വരെ വേനല്‍കാല ജലലഭ്യതയുളള 200ലേറെ നീരുറവകള്‍ ആലപ്പുഴ, എറണാകുളം ജില്ലകളൊഴികെയുളള മറ്റു 12 ജില്ലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നത് കുടിവെളള ക്ഷാമം ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായകമായേക്കും. എന്നാല്‍, ഗ്രാമീണ ജലവിതരണ-ശുചിത്വ മേഖലയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് വ്യക്തമായ ഒരു നയം പോലുമില്ല. ഗ്രാമീണ കുടിവെളള വിതരണ പ്രവര്‍ത്തനങ്ങളെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കണമെന്നും കുടിവെളള വിതരണ പദ്ധതികള്‍ നടപ്പാക്കാനുളള വിഭവങ്ങള്‍ പഞ്ചായത്തുകള്‍ സമാഹരിക്കേണ്ടതാണെന്നും പത്താം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കുടിവെളളം എന്ന അടിസ്ഥാനപരമായ ആവശ്യം മുന്‍നിറുത്തി ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യോജിപ്പിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനും കഴിയുമെന്ന് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയും അതുപോലെ മറ്റു ചില പഞ്ചായത്തുകളും തെളിയിച്ചതാണ്. എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിലെ കുടിവെളളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞത് കൂട്ടായ മഴവെളള സംഭരണത്തിലൂടെയാണ്. ഇത്തരം വിജയകഥകളുടെ ഗുണപാഠങ്ങള്‍ നയങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നില്ലെന്ന് ജനമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജലവിഭവ വികസനത്തെയും വിനിയോഗത്തെയും സമഗ്രമായി സമീപിക്കുന്നതിനുപകരം പല വകുപ്പുകളാക്കി കൊണ്ടുളള പരമ്പരാഗത രീതി തന്നെയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത്. ഇത് മിക്കപ്പോഴും സങ്കുചിതമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നു. ഒരേ വിഭവം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും വരുന്ന വീഴ്ച കുടിവെളളപ്രശ്‌നം രൂക്ഷമാകുന്നതിനും ജലലഭ്യതയിലെ അസമത്വത്തിനും അസന്തുലിതാവസ്ഥക്കും കാരണമാകുന്നു.

എത്രയെടുത്താലും അവസാനിക്കാത്ത ഒരു പ്രകൃതിവിഭവമല്ല ജലമെന്നും സംസ്ഥാനത്തിന്റെ ബാഹ്യമായ ജലസമൃദ്ധിക്കനുസരിച്ചുളള കുടിവെളള ലഭ്യത കേരളത്തിലില്ലെന്നും മഴവെളളം പാഴാക്കിക്കൂടെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനുളള നടപടികളെങ്കിലും, ചുരുങ്ങിയപക്ഷം സംസ്ഥാന സര്‍ക്കാരിന് കൈക്കൊളളാവുന്നതാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ കുടിവെളളക്ഷാമത്തെക്കുറിച്ചും കാലവര്‍ഷം കനക്കുമ്പോള്‍ കടലാക്രമണത്തെക്കുറിച്ചും വെളളപ്പൊക്ക കെടുതികളെക്കുറിച്ചും വിലപിക്കുന്നതാണ് കേരളത്തിന്റെ ശീലം. വര്‍ഷത്തില്‍ 2000 ദിവസത്തോളം മഴയുളള കേരളത്തില്‍ 44 ദിവസം മഴവെളളം സംഭരിച്ചാല്‍ തന്നെ പ്രതിദിനം ഓരോ വ്യക്തിക്കും 250 ലിറ്റര്‍ വെളളം ലഭ്യമാക്കാന്‍ കഴിയുമെന്ന കണക്കും സംസ്ഥാനത്തിന്റെ മൊത്തം മഴയുടെ 60 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നതെന്ന വസ്തുതയും നമുക്ക് അവഗണിക്കാതിരിക്കാം. മഴയുടെ അഴക് വിറ്റു കാശാക്കുന്നതിനോടൊപ്പം പാഴാകുന്ന 70 ശതമാനം മഴവെളളത്തെക്കുറിച്ച് വേവലാതിപ്പെടാനും നാം പഠിക്കേണ്ടിയിരിക്കുന്നു.

Post your comments.

Name:

Email:
(optional):

Please enter
your comments:

യഥാര്‍ത്ഥത്തില്‍ ജനസാന്ദ്രതയോ ഭൂപ്രകൃതിയുടെ പ്രത്യേകതയോ അല്ല, വികലമായ വികസന നയങ്ങളും ആസൂത്രണത്തിലെ അപര്യാപ്തതയും രാഷ്ട്രീയമായ ഇടപെടലുകളുമാണ് കുടിവെളള ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെന്ന് ജലവിഭവ വകുപ്പിലെ ഉന്നതോദ്യാഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മിതിക്കുന്നുണ്ട്.


എത്രയെടുത്താലും അവസാനിക്കാത്ത ഒരു പ്രകൃതിവിഭവമല്ല ജലമെന്നും സംസ്ഥാനത്തിന്റെ ബാഹ്യമായ ജലസമൃദ്ധിക്കനുസരിച്ചുളള കുടിവെളള ലഭ്യത കേരളത്തിലില്ലെന്നും മഴവെളളം പാഴാക്കിക്കൂടെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കാനുളള നടപടികളെങ്കിലും, ചുരുങ്ങിയപക്ഷം സംസ്ഥാന സര്‍ക്കാരിന് കൈക്കൊളളാവുന്നതാണ്.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org