logo malayalam

| സമൂഹം| ജെന്‍‌ഡര്‍|

ഈ വംശഹത്യ ഭീകരവാദമല്ലേ?

എം. സുചിത്ര
24/01/2009

girl

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെപ്പറ്റിയും ഭീകരവാദത്തെപ്പറ്റിയും നാം മുമ്പത്തെക്കാളേറെ ആശങ്കാകുലരാണ്; മുംബൈ ആക്രമണത്തിനുശേഷം പ്രത്യേകിച്ചും, ഭീകരവാദികളെ ഫലപ്രദമായി നേരിടാന്‍ മുന്‍പില്‍ നോക്കാതെ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു; പഴയ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കര്‍ശനമാക്കുന്നു.

എന്നാല്‍, ഇപ്പോഴത്തെ ഭീകരവാദ ബഹളത്തിനിടയിലും കാലാകാലമായി ഇന്ത്യയില്‍ നടന്നുവരുന്ന ഒരു വംശഹത്യയെപ്പറ്റി നാം മൗനംപാലിക്കുന്നുണ്ട്. സകല ജാതി-മത വിഭാഗങ്ങളും കൂട്ടുനില്‍ക്കുന്ന ക്രൂരമായ ഒരു കൂട്ടക്കൊല-പെണ്‍വര്‍ഗഹത്യ. പിറക്കാന്‍പോലും അനുവദിക്കാതെ ഗര്‍ഭപാത്രത്തിനുളളില്‍ വച്ചുതന്നെ ഓരോ വര്‍ഷവും ഒമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങളെയാണ് കൊന്നുകളയുന്നത്. ഓരോ ദിവസവും ലിംഗനിര്‍ണയം നടത്തി മൂവായിരത്തോളം പെണ്‍ഭ്രൂണങ്ങളെ പുറത്തെടുത്ത് കുപ്പത്തൊട്ടിയിലേക്കിടുന്നു! 1980 മുതല്‍ 2000 വരെയുളള 20 വര്‍ഷത്തിനുളളില്‍ ഒരു കോടിയിലധികം പെണ്‍കുഞ്ഞുങ്ങള്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളോടുളള ആഭിമുഖ്യവും ജേര്‍ണലായ "ലാന്‍സെറ്റ്, ചണ്ഡീഗഢിലെ മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ വിമന്‍സ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് എന്നിവ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ കുഞ്ഞുങ്ങളുടെ അവസ്ഥയെപ്പറ്റി ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ഇന്ത്യയിലെ 80 ശതമാനം ജില്ലകളിലും പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചതായി പറയുന്നുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തില്‍പ്പെട്ട കുഞ്ഞുങ്ങളാണ് ഇങ്ങനെ ഗര്‍ഭത്തില്‍ തന്നെ കൊല്ലപ്പെടുന്നതെങ്കില്‍ അത് തീവ്രവാദത്തിന്റെ ഏറ്റവും പൈശാചികമായ മുഖമായി വിശേഷിപ്പിക്കപ്പെടുമായിരുന്നു.

ശരിയാണ്, തോക്കുമായി ഒളിഞ്ഞിരിക്കുന്ന തീവ്രാദികളോ ഹെലികോപ്റ്ററില്‍ നിന്നു ചാടിയിറങ്ങുന്ന കമാന്‍ഡോകളോ സ്‌ഫോടനങ്ങളോ കത്തിപ്പടരുന്ന തീയോ ചിന്നച്ചിതറിയ ശരീരങ്ങളോ തളംകെട്ടിയ ചോരയോ ഒന്നും ഈ പെണ്‍വംശഹത്യയുടെ ദൃശ്യത്തിലില്ല. രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ ഏതൊക്കെയോ ക്ലിനിക്കുകളില്‍ ആരുമറിയാതെ നിശബ്ദമായി നടക്കുന്ന വര്‍ഗീയ കൊലപാതകള്‍. പാക്കിസ്ഥാന് ഇതില്‍ ഒരു പങ്കുമില്ല. കൊലപാതകം നടത്താന്‍ ആവശ്യപ്പെടുന്നത് കുടുംബങ്ങള്‍ തന്നെയാണ്. പണത്തിനുവേണ്ടി കൊലചെയ്യുന്നത് പരിശീലനം ലഭിച്ച തീവ്രവാദികളല്ല, ഡോക്ടര്‍മാരാണ്. കലാപങ്ങളോ കോലാഹലങ്ങളോ ഇല്ല എന്നതുകൊണ്ടു മാത്രം ഒരു വര്‍ഗത്തെ വേരോടെ പിഴുതുകളയുന്നത് വര്‍ഗീയതയല്ലാതാകുമോ? ആയിരം കോടി രൂപയുടെ ഒരു വന്‍ ബിസിനസായി പെണ്‍ഭ്രൂണഹത്യ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ലിംഗപരമായ ഈ ഭീകരവാദം ഒരു ചാനല്‍ ചര്‍ച്ച പോലും ആകുന്നില്ല!

രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീവിദ്വോഷ മനോഭാവത്തിന്റെ ഏകദേശചിത്രം ലഭിക്കാന്‍ സെന്‍സസ് റിപ്പോര്‍ട്ടുകള്‍ മാത്രം മതി. 1000 പുരുഷന്മാര്‍ക്ക് 933 സ്ത്രീകള്‍ എന്ന തോതിലാണ് ഇപ്പോള്‍ സ്ത്രീപുരുഷാനുപാതം. ആറു വയസിനു താഴെയുളള കുട്ടികളുടെ കാര്യത്തില്‍ ഈ വ്യത്യാസം കുറേക്കൂടി പ്രകടനമാണ്. 1961 മുതല്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അനുപാതം കുത്തനെ കുറഞ്ഞുവരികയാണ്. ഇപ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളേയുളളൂ. 2001ല്‍ നടന്ന സെന്‍സസിനുശേഷം പെണ്‍ഭ്രൂണഹത്യ കുത്തനെ കൂടിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് സമ്പന്ന സംസ്ഥാനമായ പഞ്ചാബാണ്. പിന്നെ ഹരിയാന, ഡല്‍ഹി, നരേന്ദ്രമോഡിയുടെ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍. കേരളത്തില്‍പോലും പെണ്‍കുഞ്ഞുങ്ങളുടെ സ്ഥിതി പരുങ്ങലിലാണ് എന്നുവേണം കരുതാന്‍. ആറു വയസിനു താഴെ 1000 ആണുകുട്ടികള്‍ക്ക് 960 പെണ്‍കുട്ടികള്‍ എന്നതാണ് സ്ഥിതി. ഇവിടെയും ഭ്രൂണഹത്യ തന്നെയാണ് ഈ കുറവിനു പ്രധാന കാരണമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍, പെണ്‍കുഞ്ഞുങ്ങളെ കൊല ചെയ്യുന്ന കാര്യത്തില്‍, ഇന്ത്യ തൊട്ടുമുന്നിലുളള ചൈനയെ കടത്തിവെട്ടി ഒന്നാമതെത്തും. ഒരു കുടുംബത്തിന് ഒരു കുഞ്ഞ് എന്ന നയം സ്വീകരിച്ച ചൈന ഓരോ വര്‍ഷവും 10 ലക്ഷം പെണ്‍ഭ്രൂണങ്ങള്‍ നശിപ്പിക്കുന്നു. ലിംഗനിര്‍ണയം നടത്തി ഇന്ത്യയും ചൈനയും കൂടി എത്ര പെണ്‍ഭ്രൂണങ്ങളെ കൊല്ലുന്നുണ്ടോ അത്രയും പെണ്‍കുഞ്ഞുങ്ങള്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും ജനിക്കുന്നുണ്ട്. എന്നത് മറ്റൊരു വസ്തുത. പാക്കിസ്ഥാനില്‍ പെണ്‍കുഞ്ഞുങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാള്‍ ഭേദമാണ്.

അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീനുകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപകമായതായും ഈ സൗകര്യം ലിംഗനിര്‍ണയത്തിന് ദുരൂപയോഗപ്പെടുത്തുന്നതുമാണ് പെണ്‍ഭ്രൂണഹത്യ ഇത്രകണ്ട് വര്‍ധിക്കാന്‍ പ്രധാന കാരണം. മെഷീനുകള്‍ നിര്‍മിച്ചുവില്‍ക്കുന്ന ഒന്നര ഡസനോളം കുത്തക കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനനനിരക്ക് കൂടുതലുളള ഇന്ത്യയില്‍ ഭ്രൂണഹത്യാ ബിസിനസിനുളള വന്‍ സാധ്യതകള്‍ മുന്നില്‍കണ്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ നാലു ചൈനീസ് കമ്പനികള്‍ ഇവിടെ ചുവടുറപ്പിച്ചിട്ടുണ്ട്. സ്കാനിംഗ് മെഷീനുകള്‍ വന്‍തോതില്‍ നിര്‍മിച്ചു വിലകുറച്ചു വിപണിയിലിറക്കി ലാഭം കൊയ്യാനാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. ഓരോ വര്‍ഷവും ആറായിരത്തോളം സ്കാനിംഗ് മെഷീനുകള്‍ വിറ്റഴിയുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുളളില്‍ സ്കാനിംഗ് സെന്ററുകളുടെ എണ്ണം 50 ഇരട്ടിയായിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത 35,000 സ്കാനിംഗ് സെന്ററുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യമായി പ്രവര്‍ത്തിക്കുന്നവ വേറെയും. യഥാര്‍ത്ഥത്തില്‍ മറ്റു തീവ്രവാദങ്ങളെക്കാള്‍ ഭീകരമാണ് ലിംഗപരമായ ഈ തീവ്രവാദം. ആണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ സ്ത്രീകള്‍ വേണം, അതേസമയം പെണ്‍കുഞ്ഞുങ്ങള്‍ ജീവിക്കുകയുമരുത്! ഈ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ പഞ്ചാബിലും ഹരിയാനയിലുമൊക്കെ ഇതിനകം തന്നെ പ്രകടമായിത്തുടങ്ങി. ഭാര്യമാരാകാന്‍ ആവശ്യത്തിന് സ്ത്രീകളില്ലാത്തതുകാരണം കേരളം വരെയുളള വിദൂരസംസ്ഥാനങ്ങളിലേക്ക് പെണ്ണു തേടി പോകേണ്ട ഗതികേടിലാണ് ഈ രണ്ടു സംസ്ഥാനങ്ങളും. കണ്ണൂര്‍ ജില്ലയില്‍ നിന്നുമാത്രം നൂറിലധികം ഹരിയാന കല്യാണങ്ങള്‍ നടന്നിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒറീസ, ആസാം, ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി പഞ്ചാബിലും ഹരിയാനയിലും വില്‍ക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. വില്‍ക്കപ്പെടുന്നവരില്‍ വലിയൊരു ഭാഗം ആദിവാസി-ദലിത് പെണ്‍കുട്ടികളാണ്. അടിമപ്പണിക്കാരായി കഴിയേണ്ടിവരുന്ന ഈ "ഭാര്യ'മാര്‍ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നില്ലെങ്കില്‍ പിന്നെ അവരുടെ ജീവിതം നരകമാണ്.

സാമ്പത്തികശേഷിയുളളവര്‍ ലിംഗനിര്‍ണയത്തിലൂടെ പെണ്‍കുട്ടികളെ കൊല്ലുമ്പോള്‍ അതിന്റെ ദുരിതഫലങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്നു. ഏജന്റുമാര്‍ക്ക് പണം കൊടുത്തു ഭാര്യമാരെ വാങ്ങാന്‍ കഴിയാത്തവരാണെങ്കില്‍ നാലും അഞ്ചും സഹോദരന്മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. ശാരീരികവും വൈകാരികവും നിയമപരവുമായ നിരവധി പ്രശ്‌നങ്ങള്‍ ഇത്തരം വിവാഹങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പെണ്‍കുഞ്ഞുങ്ങളുടെ ജീവിക്കാനുളള അവകാശം ലംഘിക്കപ്പെടുന്നതിനു പുറമെ, പെണ്‍ഭ്രൂണഹത്യ കാരണം സ്ത്രീകളുടെ എണ്ണം കുറയുകയും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിക്കുകയും സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വീണ്ടും താഴുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു പ്രദേശത്ത് നടക്കുന്ന പെണ്‍ഭ്രൂണഹത്യയുടെ പ്രത്യാഘാതങ്ങള്‍ ആ പ്രദേശത്തുളളവരോ ആ സമുദായത്തില്‍ പെട്ടവരോ മാത്രമല്ല അനുഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ പ്രശ്‌നത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന് ഇന്ന്(ജനുവരി 24) ദേശീയ പെണ്‍ശിശുദിനമായി ആചരിക്കാനും അന്താരാഷ്ട്ര വനിതാദിനം(മാര്‍ച്ച് എട്ട്) വരെ നീണ്ടുനില്‍ക്കുന്ന ഒരു പ്രചാരണയജ്ഞം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരസ്യങ്ങളിലൂടെയുളള ബോധവല്‍ക്കരണമാണ് ലക്ഷ്യം. പക്ഷേ, പരസ്യപ്രചാരണം കൊണ്ട് കാര്യമായ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. "നിങ്ങള്‍ക്ക് പെണ്‍കുഞ്ഞുങ്ങളെ വേണ്ടെങ്കില്‍ ദയവ് ചെയ്ത് കൊല്ലരുത്. അവരെ സര്‍ക്കാര്‍ ദത്തെടുത്ത് കൊളളാം' എന്ന് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി രേണുകാ ചൗധരി കഴിഞ്ഞവര്‍ഷം നടത്തിയ പ്രസ്താവന ചെറിയൊരു വാര്‍ത്തയായി അവസാനിക്കുകയാണ് ചെയ്തത്. അതുപോലെ പെണ്‍ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ നടാടെ നടന്ന ദേശീയസമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ വികാരഭരിതമായ പ്രസ്താവനയും വാര്‍ത്തയായിരുന്നു. പെണ്‍ഭ്രൂണഹത്യ ക്രൂരവും പ്രാകൃതവുമാണ്. അത് അവസാനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് പ്രധാനമന്ത്രി എന്ന നിലയിലല്ല. മൂന്നു പെണ്‍മക്കളുടെ അച്ഛനായതില്‍ അഭിമാനിക്കുന്ന വ്യക്തി എന്ന നിലയിലാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, വൈകാരികമായ ഇത്തരം പ്രസ്താവനകള്‍ക്ക് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ആഴത്തില്‍ വേരോടിയ പുരുഷാധിപത്യ മൂല്യങ്ങളും അതില്‍നിന്ന് ഉടലെടുത്ത സ്ത്രീവിദ്വേഷവും. പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ചില്ലറ ധനസഹായം വാഗ്ദാനം ചെയ്തിട്ടും കാര്യമില്ല. കാരണം, ലിംഗനിര്‍ണയവും പെണ്‍ഭ്രൂണഹത്യയും നടത്തുന്നത് ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവരല്ല. വിദ്യാഭ്യാസവും സാമ്പത്തികശേഷിയും ഉളളവരാണ്. അതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും.

പ്രശ്‌നങ്ങള്‍ ഇത്ര വഷളാകാന്‍ ഒരു പ്രധാന കാരണം ഇതുമായി ബന്ധപ്പെട്ടു നിലവിലുളള നിയമം വേണ്ടവിധത്തില്‍ നടപ്പാക്കാത്തതാണ്. ലിംഗനിര്‍ണയം നിരോധിച്ച് 1994ല്‍ തന്നെ പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുണ്ട്. പക്ഷേ, 2001ല്‍ സുപ്രീംകോടതി ഇടപെട്ടശേഷം മാത്രമാണ് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. 2002ല്‍ നിയമം കൂടുതല്‍ കര്‍ശനമാക്കിയെങ്കിലും ഇപ്പോഴും വേണ്ടവിധത്തില്‍ നടപ്പാക്കുന്നില്ല. അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ് ലിംഗനിര്‍ണയം. ഒമ്പതുലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുമ്പോഴും ഈ നിയത്തിന് കീഴില്‍ രാജ്യത്ത് രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുളളത്. കുറ്റം ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരമുളള മെഡിക്കല്‍ കൗണ്‍സില്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന ആരോപണമുണ്ട്. കര്‍ശനനിയമം നിലവിലുളളപ്പോഴും ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ടു വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് കോടതിയില്‍ എത്തുന്നത്. സ്കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനും ഓരോ സംസ്ഥാനവും അഡൈ്വസറി കമ്മിറ്റിക്ക് രൂപം നല്‍കേണ്ടതുണ്ട്. ഈ കമ്മിറ്റി രണ്ടു മാസത്തിലൊരിക്കല്‍ കൂടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം. പക്ഷേ, കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് പ്രകടിപ്പിക്കുന്നത്. ലിംഗപരമായ തീവ്രവാദം നേരിടാനോ സ്ത്രീ പുരുഷാനുപാതം ക്രമപ്പെടുത്താനോ സമയബന്ധിതമായ കര്‍മപരിപാടികളൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. കഴിഞ്ഞ ഒരു പഞ്ചവത്സര പദ്ധതിയില്‍ പോലും പ്രസ്തുത പ്രശ്‌നം അഭിസംബോധന ചെയ്യപ്പെട്ടിട്ടുമില്ല.

ലക്ഷക്കണക്കിന് പെണ്‍കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ അത് വംശഹത്യയാണെന്ന് അംഗീകരിച്ചു അതിനെ സാമൂഹികമായും നിയമപരമായും നേരിടുക തന്നെയാണ് ചെയ്യേണ്ടത്.

Post your comments.

Name:

Email:
(optional):

Please enter
your comments:

ഏതൊക്കെയോ ക്ലിനിക്കുകളില്‍ ആരുമറിയാതെ നിശബ്ദമായി നടക്കുന്ന വര്‍ഗീയ കൊലപാതകള്‍. പാക്കിസ്ഥാന് ഇതില്‍ ഒരു പങ്കുമില്ല. കൊലപാതകം നടത്താന്‍ ആവശ്യപ്പെടുന്നത് കുടുംബങ്ങള്‍ തന്നെയാണ്. പണത്തിനുവേണ്ടി കൊലചെയ്യുന്നത് പരിശീലനം ലഭിച്ച തീവ്രവാദികളല്ല, ഡോക്ടര്‍മാരാണ്.


ഒമ്പതുലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുമ്പോഴും ഈ നിയത്തിന് കീഴില്‍ രാജ്യത്ത് രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുളളത്. കുറ്റം ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അധികാരമുളള മെഡിക്കല്‍ കൗണ്‍സില്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന ആരോപണമുണ്ട്. കര്‍ശനനിയമം നിലവിലുളളപ്പോഴും ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ടു വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് കോടതിയില്‍ എത്തുന്നത്.


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org