logo malayalam

| സാഹിത്യം | സംസ്കാരം |

വാക്കിന്റെ കൂടുകള്‍

പി എന്‍ വേണുഗോപാല്‍

1998 നവംബര്‍ 15

ഓഫീസില്‍ കയറിവന്ന പ്രസിദ്ധനായ സാഹിത്യകാരനോട് ബഹുമാനപൂര്‍വം ഇരിക്കാന്‍ പറഞ്ഞു. സംഭാഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നമായി. എങ്ങനെയാണ് അദ്ദേഹത്തെ സംബോധന ചെയ്യുക? പേര് ഉപയോഗിക്കാന്‍ കഴിയില്ല. തന്നേക്കാള്‍ പ്രായം. നിങ്ങള്‍ — വേണ്ടത്ര ബഹുമാനമില്ല. താങ്കള്‍ — വളരെ ഔപചാരികം, അച്ചടി ഭാഷ. ചേട്ടന്‍ — അത്ര അടുപ്പം ഇല്ലല്ലോ. പിന്നെ അവശേഷിക്കുന്നത് — മിസ്റ്റര്‍, മാഷ്, സര്‍ ‍— മൂന്ന് ഇംഗ്ലീഷ് പദങ്ങള്‍ മാത്രം…

നീങ്കളും ഏമണ്‍ഡിയും
മലയാളഭാഷയുടെ പരിമിതികളെപ്പറ്റി ബോധമുളവാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇതുപോലെ ഉണ്ടാവാറുണ്ട്. ആ സാഹിത്യകാരനുമായുളള സംഭാഷണം ഇംഗ്ലീഷിലോ ഹിന്ദിയിലോ, തമിഴിലോ, തെലുങ്കിലോ ആണെങ്കില്‍ ഈ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകില്ല. “യൂ” “ആപ്”, “നീങ്കള്‍” “ഏമണ്‍ഡി” ഇവ ഓരോന്നും ധാരാളം. കണക്കില്‍ കവിഞ്ഞ ഔപചാരികതയില്ല. എന്നാല്‍ വേണ്ടതിലേറെ അടുപ്പവുമില്ല. സൗഹൃദം കലര്‍ന്ന ഒരു സംഭാഷണത്തിന് യാതൊരു തുടക്ക തടസങ്ങളുമില്ല. ഒരു സ്ത്രീയെ ആണ് അഭിസംബോധന ചെയ്യേണ്ടതെങ്കിലും ഇതേ വാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഒരു മലയാളിക്കോ? മാഡം അല്ലെങ്കില്‍ ടീച്ചര്‍.

ഭാഷയും ചിന്തയും
ഭാഷയും ചിന്തയും തമ്മിലുളള ബന്ധം അഭേദ്യമാണ്. ഭാഷയിലൂടെ ചിന്തിക്കുന്നു. ചിന്തയിലൂടെ പ്രവര്‍ത്തിക്കുന്നു. മലയാളി ജീവിതാവസാനം വരെയും ഔപചാരികതയുടെ ചട്ടക്കൂട്ടില്‍ ബന്ധിതനാണ്. അതിന് മലയാളഭാഷയ്ക്കുളള ഉത്തരവാദിത്തം കുറച്ചൊന്നുമല്ല. ഇംഗ്ലീഷില്‍ “യൂ” എന്ന വാക്ക്, മധ്യമപുരുഷ ഏകവചനത്തിലെ എല്ലാ അര്‍ത്ഥതലങ്ങള്‍ക്കും പര്യാപ്തമാണ്; അധികാര സ്വരത്തിലും, സ്‌നേഹതരളിതമായ സ്വനത്തിലും “യൂ”, ഉദ്ദേശിക്കുന്ന ഔപചാരികത അല്ലെങ്കില്‍ വികാരത തീവ്രത വിനിമയം ചെയ്യുന്നു. തമിഴിലാണെങ്കില്‍ “നീ”യും “നീങ്കളും” അതാത് അവസരങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടത്ര അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊളളുന്നു. അമ്മയെപ്പോലും “നീ” എന്ന് സ്‌നേഹത്തോടെ, ആര്‍ജവത്തോടെ വിളിക്കാനുളള സ്വാതന്ത്ര്യം തമിഴനുണ്ട്. മലയാളിക്കോ — ഒരു പേരുവിളിക്കുന്നതു പോലെ അമ്മേ എന്നു വിളിക്കാമെന്നല്ലാതെ, നേരിട്ടുളള ഒരു സംബോധന — നീയെന്നോ, നിങ്ങളെന്നോ, താങ്കളെന്നോ സംബോധന ചെയ്യുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ.

സങ്കോചം
ഒന്നുകില്‍ ഔപചാരികത. അല്ലെങ്കില്‍ വികാര തീവ്രതയിലും കവിഞ്ഞ അതിഭാവുകത്വം. ഇതിലിടയ്ക്കുളള ഒരുമാര്‍ഗം മലയാളത്തില്‍ ഇല്ലേ എന്നുതോന്നിക്കുന്ന മട്ടിലാണ് മലയാളിയുടെ സംഭാഷണം. ഉദാഹരണത്തിന് ലൈംഗികതയെ പറ്റിയുളള ഒരു ചര്‍ച്ചയെടുക്കുക — മുതിര്‍ന്നവര്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെങ്കില്‍ പോലും ചില വാക്കുകള്‍ മലയാളത്തില്‍ ഉച്ചരിക്കാന്‍ എന്തുമടി — അതേസമയം ആ വാക്കുകളുടെ ഇംഗ്ലീഷ് പദങ്ങള്‍ എത്ര അനായാസം ഉപയോഗിക്കുന്നു. തന്റെ വികാരങ്ങള്‍, ആശയങ്ങള്‍, വിനിമയം ചെയ്യാന്‍ സ്വന്തം ഭാഷ ഉപയോഗിക്കുന്നതിലുളള സങ്കോചം മലയാളിയുടെ മനസില്‍ നിന്ന് ഉറവയെടുക്കുന്നതോ — അതോ മലയാളത്തിന്റെ പരാധീനതയില്‍ നിന്നോ? ആധുനിക മലയാളി, വികലമായ പാഠ്യപദ്ധതിയില്‍ നിന്നും, ദുരഭിമാനങ്ങളില്‍നിന്നും ആര്‍ജിച്ചിരിക്കുന്ന സങ്കുചിതത്വം ഒരു പരിധിവരെ തീര്‍ച്ചയായും കാരണമാണ്. പക്ഷേ, ഭാഷയുടെ സംഭാവനയും തീരെക്കുറവല്ല.

തടഞ്ഞുനില്‍ക്കുന്നു ഭാഷ
സംസ്കൃതത്തിലും തമിഴിലും കേരളീയ ഗോത്രഭാഷകളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന നമ്മുടെ ഭാഷ ചരിത്രത്തിന്റെ കോണിയുടെ ഏതോ ഒരു പടവില്‍ ഇരിപ്പുറപ്പിച്ചുപോയി എന്നതായിരിക്കില്ലേ സംഭവിച്ചത്? സമൂഹത്തിന്റെ വളര്‍ച്ചയും ഭാഷയുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യബന്ധമുണ്ട്. കേരളീയ സമൂഹത്തിനു സംഭവിച്ചതു തന്നെ ഭാഷയ്ക്കും സംഭവിച്ചു. വീട് എന്ന വാക്കെടുക്കാം. നമ്പൂതിരിയുടേത് മന അല്ലെങ്കില്‍ ഇല്ലം, മാടമ്പിയുടേത് ഭവനം, നായരുടെ വീട്, ഈഴവന്റെ പെര, പുലയന്റെ മാടം. ഇതുപോലെയുളള അനേകം ഉദാഹരണങ്ങള്‍ നമുക്ക് കിട്ടും. ഭാഷയെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം തീണ്ടല്‍ തൊടീലിന്റെ ഭാഷയാക്കി മാറ്റാന്‍ വ്യഗ്രതയായിരുന്നു. ഭാഷാപണ്ഡിതന്മാര്‍ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലല്ലാ ശ്രദ്ധ പതിപ്പിച്ചത്. ജാതിയുടെ അടിസ്ഥാനാവശ്യങ്ങളിലായിരുന്നു. മലയാളം, പതിനൊന്നാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ ‘സംഭവിച്ചു’ കഴിഞ്ഞ ഒന്നായിരിക്കുന്നു. ഇന്നും, എന്നും സംഭവിക്കേണ്ട ഒന്നല്ലേ ഭാഷ?

വാക്കുകള്‍ വരുന്ന വഴി
ഇംഗ്ലീഷും മറ്റു ഭാഷകള്‍ പോലെ തന്നെ നൂറ്റാണ്ടുകള്‍ കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതാണ്. വാക്കുകളുടെ അര്‍ത്ഥം മാറിക്കൊണ്ടിരുന്നു. വാക്കുകളിലെ അക്ഷരവിന്യാസത്തില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അച്ചടിയുടെ ആവിര്‍ഭാവത്തോടെ മാറ്റത്തിന് ഒരു തട വീണു. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ക്രീമകരിക്കപ്പെട്ടു. വായ്‌മൊഴിയുടേയും പകര്‍ത്തി എഴുത്തുകാരന്റേയും സ്വാതന്ത്ര്യത്തില്‍ അച്ചടി ചങ്ങലയിട്ടതോടെ അക്ഷരവിന്യാസത്തിലും ക്രമീകരണമുണ്ടായി. എന്നാല്‍ ആ ഭാഷയുടെ ആന്തിരകമായ ശക്തിയെ തടയാന്‍ ആര്‍ക്ക് കഴിയും? പുതിയ പുതിയ വാക്കുകള്‍, മറ്റു ഭാഷകളില്‍ നിന്ന് അനേകായിരം വാക്കുകള്‍ സ്വാംശീകരിച്ചു. അതു കൂടാതെ പുതിയ ആശയവും പുതിയ ആവശ്യവും ഉണ്ടായപ്പോള്‍ പുതിയ വാക്കുകള്‍ ഉണ്ടായി. ആ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിന് പുതിയ വാക്കുകള്‍ നിഘണ്ടുവില്‍ കയറിക്കൊണ്ടിരിക്കുന്നു. അതേസമയം, മലയാളത്തില്‍ സംഭവിച്ചതോ — ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ മലയാളിയുടെ ജീവിതത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതുവരെ അറിയാതിരുന്ന ആശയങ്ങളും ഇല്ലാതിരുന്ന ആവശ്യങ്ങളും ഉടലെടുത്തു. പക്ഷേ, പുതിയ പദങ്ങള്‍ ഉണ്ടായില്ല. പകരം ഇംഗ്ലീഷ് പദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ആ വാക്കുകളെ നമ്മുടെ ശബ്ദതാരാവലിയുടെ ഭാഗമാക്കാന്‍ മലയാളിയുടെ മിഥ്യാഭിമാനം ഇന്നും അനുവദിക്കുന്നില്ല. തമിഴന്റെ ‘കാവല്‍ തുറൈ’, ‘മിന്‍സാര വാരിയം’ മുതലായ വാക്കുകള്‍ പോലെ സ്വന്തമായ പദങ്ങള്‍ ഉണ്ടായില്ലെന്നു മാത്രമല്ല ‘ത്വരിത ഗമനഹരിത ശകടം’ , വിദ്യുച്ഛക്തി ഗമനാഗമന നിയന്ത്രണം യന്ത്രം മുതലായ പരിഹാസോദ്യോതകമായ പരിഭാഷകള്‍ ഉണ്ടാക്കി ഭാഷയുടെ ആന്തരികമായ സര്‍ഗശക്തിയെ നിരുത്സാഹപ്പെടുത്താനും നശിപ്പിക്കാനുമുളള ശ്രമങ്ങളാണുണ്ടായത്.

ഇംഗ്ലീഷിലെ ‘ഡിസ് ഇന്‍ഫര്‍മേഷന്‍’ എന്ന വാക്ക് ശ്രദ്ധിക്കുക. ഇന്‍ഫര്‍മേഷന്‍ എന്ന വാക്കാണ് ആദ്യം ഉണ്ടായിരുന്നത്. ശീതസമരകാലത്ത് അമേരിക്കയിലെ സി.ഐ.എയും റഷ്യയിലെ കെ.ജി.ബിയും പരത്തിയിരുന്ന തെറ്റായ, നുണകളായിരുന്ന വിവരങ്ങള്‍, അറിവുകള്‍… ഇവയേ വിളിക്കുവാന്‍ ഇംഗ്ലീഷ് ഭാഷ കണ്ടുപിടിച്ച വാക്കാണ് ഡിസ് ഇന്‍ഫര്‍മേഷന്‍. മലയാളത്തില്‍ ഇതിനേ എന്തുവിളിക്കാന്‍ പറ്റും? “തെറ്റായ അറിവെ” ന്നോ? അതെങ്ങനെ ശരിയാവും? അറിവ് എന്ന വാക്കിന് അനിഷേധ്യമായ ഉണ്‍മയുടെ, വാസ്തവികതയുടെ പരിവേഷമുണ്ട്. ഡിസ് ഇന്‍ഫര്‍മേഷനെ തെറിവ് എന്നു വിളിച്ചാലോ? ഇത് ഒരു ഉദാഹരണംമാത്രം. ഉപസര്‍ഗവും പ്രത്യയവും ഉപയോഗിച്ച് എത്രയധികം വാക്കുകളാണ് ഇംഗ്ലീഷില്‍ ഉണ്ടാവുന്നത്. ഉപസര്‍ഗത്തിനും പ്രത്യയത്തിനും മലയാളത്തിലും കുറവില്ലല്ലോ.

യഥാസ്ഥിതികത
കറുപ്പും, വെളുപ്പും, ചുവപ്പും, പച്ചയുമൊന്നും പൂര്‍ണമായും ആ നിറങ്ങളല്ലാ ജീവിതത്തില്‍. പല പല ശ്രേണികളായാണ് അവ ജീവിതത്തില്‍ നിഴലിക്കുന്നത്. ആ നിഴലുകളെ പ്രതിനിധാനം ചെയ്യാന്‍ പര്യാപ്തമായ വാക്കുകള്‍ നമ്മുടെ ഭാഷയിലില്ല. വികാരവിനിമയത്തിനു പലപ്പോഴും വിഘാതമായി നില്‍ക്കുന്നു നമ്മുടെ ഭാഷ. അതിനു പരിഹാരം പുതിയ വാക്കുകള്‍ ഉണ്ടാവുക മാത്രമാണ്. “ചമ്മല്‍”, “ചെത്ത്”, “അടിപൊളി” - കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നമ്മുടെ സംസാരഭാഷയില്‍ കടന്നുവന്ന അപൂര്‍വം ചില പുതിയ വാക്കുകളാണ് ഇവ. ഇന്നും ഈ ലേഖകന് ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ മടിയാണ്. നാവ് വഴങ്ങില്ല. ദശകങ്ങളായി ആര്‍ജിച്ച ഭാഷാപരമായ യാഥാസ്ഥികതയാണ് കാരണം. മനസില്‍ രൂഢമൂലമായ തെറിവുകളില്‍ നിന്ന് മോചനം അത്ര എളുപ്പമല്ലല്ലോ.

പക്ഷേ, ഈ പദങ്ങള്‍ നമ്മുടെ സംസ്കാരത്തില്‍ ഇല്ലാതിരുന്ന ചില അനുഭവ സവിശേഷതകളെ വിവരിക്കാന്‍ ഉതകുന്നവയാണ് എന്നതിനു സംശയമില്ല. (അവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതുതന്നെ അതിനുളള തെളിവ്) ഈ വാക്കുകള്‍ ആരുണ്ടാക്കി? ജനം. മുഖമില്ലാത്ത, വിലാസമില്ലാത്ത ജനം. പക്ഷേ ഈ പദങ്ങളെ അംഗീകരിക്കാന്‍ നമ്മുടെ ഭാഷാപണ്ഡിതന്മാരും സാഹിത്യകാരന്മാരും തയ്യാറുണ്ടോ? അവരും എന്നതിന് തയ്യാറാവുന്നോ, അവര്‍ കൂടി ഈ പ്രക്രിയയ്ക്ക് ‘ത്വരിതഗമനം’ ഉറപ്പുവരുത്തുന്നുവോ, അന്നേ മലയാള ഭാഷ വീണ്ടും ജീവിക്കാന്‍ തുടങ്ങൂ. മാറ്റമില്ലാത്തതെന്തും മൃതം. (ഇത് കാലം തെളിയിച്ചിട്ടുളളതാണ്). അമൃതമാവണമെങ്കില്‍ മാറ്റം അനിവാര്യം.

ഓരോ ലേഖനത്തിലും ഓരോ കഥയിലും ഓരോ കവിതയിലും ഓരോ നോവിലിലും പുതുതായി എന്തെങ്കിലും പറയാനുണ്ടാവുകയാണല്ലോ എല്ലാ എഴുത്തുകാരുടേയും ആത്യന്തികമായ ലക്ഷ്യം. ആ പുതിയ കാര്യം പറയാന്‍ ഒരു പുതിയ വാക്കെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മലയാള ഭാഷ എത്ര ധന്യമാവും! കേരളത്തനിമ നിലനിര്‍ത്തുന്നതുപോലെ ജാതി വൈവിധ്യവും നിലനിന്നുപോരണമെന്ന് വെളിപാടുകള്‍ ഉണ്ടാവുന്ന ധനുര്‍ധരന്മാരുടെ ശ്രദ്ധ ഈ ദിശയിലേക്ക് തിരിഞ്ഞിരുന്നെങ്കില്‍!

Post your comments.

Name:

Email:
(optional):

Please enter
your comments:

അമ്മയെപ്പോലും “നീ” എന്ന് സ്‌നേഹത്തോടെ, ആര്‍ജവത്തോടെ വിളിക്കാനുളള സ്വാതന്ത്ര്യം തമിഴനുണ്ട്. മലയാളിക്കോ — ഒരു പേരുവിളിക്കുന്നതു പോലെ അമ്മേ എന്നു വിളിക്കാമെന്നല്ലാതെ, നേരിട്ടുളള ഒരു സംബോധന — നീയെന്നോ, നിങ്ങളെന്നോ, താങ്കളെന്നോ സംബോധന ചെയ്യുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ.


കേരളീയ സമൂഹത്തിനു സംഭവിച്ചതു തന്നെ ഭാഷയ്ക്കും സംഭവിച്ചു. വീട് എന്ന വാക്കെടുക്കാം. നമ്പൂതിരിയുടേത് മന അല്ലെങ്കില്‍ ഇല്ലം, മാടമ്പിയുടേത് ഭവനം, നായരുടെ വീട്, ഈഴവന്റെ പെര, പുലയന്റെ മാടം. ഇതുപോലെയുളള അനേകം ഉദാഹരണങ്ങള്‍ നമുക്ക് കിട്ടും. ഭാഷയെ അതിന്റെ വഴിക്ക് വിടുന്നതിനുപകരം തീണ്ടല്‍ തൊടീലിന്റെ ഭാഷയാക്കി മാറ്റാന്‍ വ്യഗ്രതയായിരുന്നു. ഭാഷാപണ്ഡിതന്മാര്‍ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലല്ലാ ശ്രദ്ധ പതിപ്പിച്ചത്. ജാതിയുടെ അടിസ്ഥാനാവശ്യങ്ങളിലായിരുന്നു.

Print this article


The Quest Features and Footage
Kochi 682020, Kerala, India
email: info@questfeatures.org