logo malayalam

| സാമ്പത്തികം |

ദാരിദ്ര്യത്തിന്റെ നിര്‍മാണ കേന്ദ്രങ്ങള്‍

എം. സുചിത്ര, പി എന്‍ വേണുഗോപാല്‍
10/07/2005

ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായസംരംഭകരുമായി ചേര്‍ന്ന് സ്മാര്‍ട്ട് സിറ്റി പോലുളള ചില പദ്ധതികള്‍ നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യമല്ലാത്ത നീക്കങ്ങള്‍ക്കെതിരേ എതിര്‍പ്പുകള്‍ ശക്തിപ്പെടുന്നതിനിടയിലാണ്, കൊച്ചിയില്‍ നൂറുകോടി രൂപ ചെലവില്‍ ഒരു ഫ്രീട്രേഡ് ആന്‍ഡ് വെയര്‍ഹൗസിംഗ് സോണ്‍ സ്ഥാപിക്കാന്‍ പോകുന്ന വാര്‍ത്ത വന്നത്. കൊച്ചിയിലെ കാക്കനാട്ടുളള പ്രത്യേക സാമ്പത്തിക സോണിനു പുറമേ വല്ലാര്‍പാടത്ത് മറ്റൊരു സോണ്‍ കൂടി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിറകെയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും വ്യവസായവികസന കോര്‍പറേഷനും ചേര്‍ന്നു മൂന്നാമതൊരു സ്വതന്ത്രസോണ്‍ തുടങ്ങുന്നത്. ദുബായിലെ ജാവേര്‍ അലി ഫ്രീട്രേഡ് സോണിന്റെ മാതൃകയിലായിരിക്കും ഇതെന്നും വാര്‍ത്തയില്‍ പറയുന്നു.

കേരളത്തെയും ഇന്ത്യയേയും എത്രയും പെട്ടെന്ന് ആഗോള വ്യാപാരകേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക സാമ്പത്തിക-വ്യാപാരസോണുകള്‍ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു പറയുന്നു. കയറ്റുമതിയുടെയും നേരിട്ടുളള വിദേശ നിക്ഷേപങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ഇത്തരം സോണുകള്‍ അനിവാര്യമാണെന്ന വാദഗതികളോടെയാണ് ഇക്കഴിഞ്ഞ മെയ് ഒമ്പതിന് സോണുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ സംരംഭകര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന സ്‌പെഷല്‍ ഇക്കണോമിക്(സെസ്) ബില്‍ ലോക്‌സഭ പാസാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ വികസിപ്പിക്കാനും രാജ്യത്തിനുളളില്‍ നിന്നും പുറത്തുനിന്നും കൂടുതല്‍ സ്വകാര്യ മുതല്‍മുടക്കുകള്‍ ആകര്‍ഷിക്കാനും സോണുകള്‍ക്കു കഴിയുമെന്നതില്‍ സംശയത്തിനു വകയില്ലെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥ് സെസ് ബില്‍ അവതരിപ്പിച്ചത്. കാക്കനാട്ടേതുള്‍പ്പെടെ രാജ്യത്ത് നിലവിലുളള എട്ടു പൊതുമേഖലാ സോണുകള്‍ക്കു പുറമേ 35 സ്വകാര്യ സോണുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചു കഴിഞ്ഞു. സോണുകള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ ഒരു ഏകജാലക സംവിധാനം വളരെ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കേരളത്തിനകത്തും പുറത്തും ആഗോളതലത്തില്‍ തന്നെയും സ്വതന്ത്ര വ്യാപാര സോണുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിലവിലുളള സോണുകളുടെ പ്രവര്‍ത്തനരീതികളും അവ സൃഷ്ടിക്കുന്ന പുത്തന്‍ പ്രവണതകളും വിലയിരുത്തപ്പെടേണ്ടതുണ്ട്. കയറ്റുമതി വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ വിദേശനാണ്യം നേടുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ അറുപതുകളുടെ മധ്യത്തില്‍ സ്ഥാപിക്കപ്പെട്ട പ്രത്യേക കയറ്റുമതി സംസ്കരണ മേഖലകളുടെ പുതിയ അവതാരമാണ് പ്രത്യേക സാമ്പത്തിക/വ്യാപാര/ സോണുകള്‍. ഗുജറാത്തിലെ കാണ്ട്‌ലയിലാണ് ഏഷ്യയിലെ ആദ്യത്തെ എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണ്‍ തുടങ്ങിയത്. ആഗോള വിപണിയിലെ കടുത്ത മത്സരം മുന്‍നിര്‍ത്തി, ഇന്ത്യയിലെ എട്ടു എക്‌സ്‌പോര്‍ട്ട് സോണുകളേയും പ്രത്യേക സാമ്പത്തിക സോണുകളായി പ്രഖ്യാപിച്ചത് മൂന്നുവര്‍ഷം മുമ്പാണ്. രാജ്യത്തിനുളളിലുളള വിദേശ മേഖല പോലെയാണ് സോണുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുളള നികുതി നിയമങ്ങളോ തൊഴില്‍ നിയമങ്ങളോ സ്വതന്ത്ര സോണുകള്‍ക്കു ബാധകമാകുന്നില്ല . പ്രത്യേക സാമ്പത്തിക സോണുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളെ ഇറക്കുമതി തീരുവ, എക്‌സൈസ് തീരുവ, ആദായനികുതി എന്നിവയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. പൂര്‍ണമായും കയറ്റുമതി ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഫാക്ടറികള്‍ സംസ്ഥാന സര്‍ക്കാരിനു വില്‍പനനികുതി നല്‍കേണ്ടതില്ല.

2005 ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ നിന്ന് ഈ സോണുകളെ ഒഴിവാക്കാന്‍ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു പഞ്ചായത്തിനുളളിലെ സ്ഥാപനങ്ങള്‍ പഞ്ചായത്തിനു നല്‍കേണ്ടിവരുന്നില്ല. സോണുകളെ സകലവിധ നികുതികളില്‍ നിന്നും ഒഴിവാക്കുന്നതിനു പുറമെ മേഖലകളുടെ വികസനത്തിനുവേണ്ടി കോടിക്കണക്കിനു രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. സ്വതന്ത്രമേഖലകളുടെ ഭരണനിര്‍വഹണത്തിന്റെ ചുമതല കേന്ദ്ര വാണിജ്യമന്ത്രാലയം നിയമിക്കുന്ന ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ക്കാണ്. മുമ്പ് ജില്ലാ ലേബര്‍ ഓഫീസറില്‍ നിക്ഷിപ്തമായിരുന്ന ചുമതലകള്‍ കൂടി ഈയിടെ ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. പലവിധ ആനുകൂല്യങ്ങള്‍ക്കും ഇളവുകള്‍ക്കും പുറമെ വെളളവും വൈദ്യുതിയും ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, തുച്ഛമായ വേതനത്തിന് തൊഴിലാളികളും സമാധാനപരമായ തൊഴില്‍ അന്തരീക്ഷവും ലഭ്യമാകുമെന്ന വാഗ്ദാനത്തോടെയാണ് സോണുകളിലേക്ക് വ്യവസായസംരംഭകരെ ആകര്‍ഷിക്കുന്നത്.

കൊച്ചി സോണ്‍: ഒരു ചൂണ്ടുപലക

സ്വതന്ത്ര സാമ്പത്തിക വ്യാപാര സോണുകളുടെ പ്രവര്‍ത്തനവും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താന്‍ ഇന്ത്യയിലെ എട്ടു സോണുകളില്‍ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും നല്ല തൊഴില്‍ബന്ധങ്ങള്‍ നിലനില്‍ക്കുന്നതെന്ന് പറയപ്പെടുന്നതുമായ കൊച്ചി സോണിന്റെ(സെസ്) പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. 1987ലാണ് സോണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കനത്ത മതില്‍കെട്ടിനുളളില്‍ 110 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സോണിലേക്ക് പ്രവേശിക്കുന്നത് കൊച്ചിയിലെ ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ ദുഷ്കരമാണ്. ഇലക്‌ട്രോണിക്‌സ്, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, റബര്‍ ഗ്ലൗസ്, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിര്‍മാണം നടത്തുന്ന 79 വ്യവസായശാലകളാണ് ഇവിടെയുളളത്. ഇവയില്‍ ഏഴെണ്ണം വിദേശ കമ്പനികളുടേതാണ്. കൊച്ചി സോണിന്റെ വികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇതിനകം 96 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സോണില്‍ വെളളവും വൈദ്യുതിയും ഒരു പ്രശ്‌നമല്ല. കാക്കനാടിനു സമീപമുളള കടമ്പ്രയാറില്‍ നിന്ന് പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെളളമാണ് ഇവിടത്തെ യൂണിറ്റുകള്‍ ഉപയോഗിക്കുന്നത്. വൈദ്യുതി വിതരണത്തിനായി 110 കെ.വിയുടെ പ്രത്യേക ട്രാന്‍സ്‌ഫോര്‍മറും മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനവുമുണ്ട്.

സെസിലെ വിവിധ വ്യവസായശാലകളിലായി ഏഴായിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അറുപത് ശതമാനത്തിലേറെ സ്ത്രീകളാണ്. തൊഴിലാളികളില്‍ പകുതിയിലേറെയും കരാര്‍ തൊഴിലാളികളാണ്. ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. സോണിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നെ ഷിഫ്റ്റ് അവസാനിക്കുന്നതുവരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ല. എട്ടുമണിക്കൂര്‍ ജോലിക്ക് 35 മുതല്‍ 65 രൂപ വരെയാണ് കരാര്‍ തൊഴിലാളികള്‍ക്ക് കൂലി. ഇതില്‍ 10-15 രൂപവരെ ഇടനിലക്കാര്‍ എടുക്കും. കോണ്‍ട്രാക്ട് ലേബര്‍ നിയമപ്രകാരം തുടര്‍ച്ചയായി ചെയ്യേണ്ടതും സ്ഥിരം സ്വഭാവമുളളതുമായ ജോലികളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ല. താല്‍ക്കാലിക സ്വഭാവമുളള ജോലികളില്‍ മാത്രമേ ഇത് അനുവദനീയമായിട്ടുളളൂ. കൊച്ചി സോണിലെ എല്ലാ വ്യവസായശാലകളും സ്ഥിരമായ ഉല്‍പാദപ്രക്രിയ ആവശ്യമുളളവയാണ്. ഇവിടെ കരാര്‍ തൊഴിലാളികളെ ജോലിക്കു വയ്ക്കുന്നതുതന്നെ നിയമവിരുദ്ധമാണ്. എന്നാല്‍ നൂറുശതമാനവും കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും സോണിലുണ്ട്. തുടര്‍ച്ചയായി മൂന്നു ഷിഫ്റ്റുകളില്‍ ഓവര്‍ടൈം അലവന്‍സില്ലാതെ പണിയെടുപ്പിക്കുന്ന സംഭവങ്ങള്‍ വരെ ഈ സോണില്‍ നടക്കുന്നുണ്ട്. ഇ.എസ്.ഐ, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. ലേബര്‍ ഓഫീസര്‍ക്കു പരാതി നല്‍കാന്‍പോലും കരാര്‍ തൊഴിലാളികള്‍ക്കു പേടിയാണ്.

സ്ഥിരം തൊഴിലാളികള്‍ക്ക് മിനിമം വേജസ് ആക്ട് ബാധകമാണ്. എന്നാല്‍ ഷെഡ്യൂള്‍ഡ് ഇന്‍ഡസ്ട്രീസിനു കീഴില്‍ വരാത്തതിനാല്‍ ഐ.ടി വ്യവസായങ്ങള്‍ക്കും റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ക്കും ഈ നിയമം ബാധകമല്ല. കൊച്ചി സോണില്‍ ഏറ്റവുമധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ഈ രണ്ടു വ്യവസായങ്ങളിലാണ്. ഇവര്‍ക്ക് മിനിമം വേതന നിയമത്തിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. മിനിമം വേതനനിയമത്തിന്റെ പരിധിയില്‍ വരുന്ന പല യൂണിറ്റുകളിലും അത് പാലിക്കപ്പെടുന്നുമില്ല. അന്താരാഷ്ട്ര വിപണിയിലെ കടുത്ത മത്സരത്തിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി കൊടുക്കാന്‍ നിര്‍ബന്ധതിരാകുന്നുവെന്നാണ് ഇങ്ങനെയുളള യൂണിറ്റുകളിലെ മാനേജ്‌മെന്റിന്റെ നിലപാട്.

ഇലക്‌ട്രോണിക്‌സ് വ്യവസായസ്ഥാപനങ്ങളിലെ ഭൂരിപക്ഷം പേര്‍ക്കും ജോലി സ്ഥിരതയില്ല. അവര്‍ ട്രെയിനികളായി ജോലിയില്‍ പ്രവേശിക്കുന്നു. 11 മാസം കഴിയുമ്പോള്‍ അവരെ ജോലിയില്‍ നിന്നു പിരിച്ചുവിടുന്നു. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ട്രെയിനിയായി ജോലിക്കു കയറുന്നു. ഈ ചക്രം അങ്ങനെ കറങ്ങി കൊണ്ടേയിരിക്കും. എക്കാലവും.

സോണില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഏറെയും കരാര്‍ തൊഴിലാളികളാണ്. ഇവരിലധികം പേരും പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നെത്തിയവരാണ്. തേയിലത്തോട്ടങ്ങളുടെ തകര്‍ച്ചയോടെ പട്ടിണിയിലായ കുടുംബങ്ങളില്‍ നിന്നെത്തിയ നിരവധി സ്ത്രീകള്‍ കൊച്ചി സോണിലുണ്ട്. സ്വന്തം പേരോ സ്ഥാപനത്തിന്റെ പേരോ വെളിപ്പെടുത്താന്‍ പോലും സ്ത്രീകളായ തൊഴിലാളികള്‍ മിക്കവര്‍ക്കും പേടിയാണ്. ""വീട്ടിലെ ദാരിദ്ര്യം കാരണമാണ് വന്നത്. തിരിച്ചുചെന്നാല്‍ നാട്ടുകാര്‍ അതുമിതുമൊക്കെ പറയും, ശരിക്കു പറഞ്ഞാല്‍ ഒരു കെണിയില്‍ പെട്ടതുപോലെയാണ്. ഒരു ദിവസംപോലും ഇവിടെ തുടരാന്‍ താല്‍പര്യമില്ല. അത്രയ്ക്ക് സഹിവേണ്ടിവരുന്നുണ്ട്. പക്ഷേ തിരിച്ചുപോകാനും വയ്യ. അതുകൊണ്ട് എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു'' പത്തനംതിട്ട ജില്ലക്കാരിയായ സീന പറയുന്നു. കരയാത്ത ഒരു ദിവസംപോലും തനിക്കൊര്‍മയില്ലെന്ന്, സോണിലെ ജോലി വേണ്ടെന്നുവച്ച സജിത പറയുന്നു. "" എത്ര കഷ്ടപ്പെട്ടു ജോലി ചെയ്താലും ശകാരം കേള്‍ക്കേണ്ടിവരും. മറ്റുളളവരുടെ മുന്നില്‍ വച്ചായിരിക്കും അപമാനിക്കുന്നത്. കല്യാണം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയായപ്പോഴാണ് ഞാന്‍ ജോലി വിട്ടത്. വിശ്രമമില്ലാത്ത കഠിനാദ്ധ്വാനം കാരണം ആരോഗ്യം പാടെ തകര്‍ന്നിരുന്നു'' സീനയും സജിതയും യഥാര്‍ത്ഥപേരുകളല്ല. ഒരു പക്ഷേ വീണ്ടും സോണില്‍ ജോലിക്ക് പോകേണ്ടിവന്നാല്‍ ഇതൊക്കെ പറഞ്ഞതിന്റെ പീഡനങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് സജിത ഭയക്കുന്നു. സദാസമയവും കടുത്ത മാനസിക സംഘര്‍ഷം സഹിക്കേണ്ടി വരുന്നതായി സോണിലെ സ്ത്രീകളായ തൊഴിലാളികള്‍ പറയുന്നു. കരാറുകാരന്റെ വിഹിതം കഴിച്ച് 1200 രൂപ മുതല്‍ 1500 രൂപ വരെയാണ് ഭൂരിപക്ഷത്തിനും ശമ്പളമായി ലഭിക്കുന്നത്. കിട്ടുന്ന കൂലിയുടെ വലിയൊരു ഭാഗം വാടകയ്ക്കും ഭക്ഷണത്തിനുമായി പോകും. ഇടുങ്ങിയ മുറിയ്ക്കുളളില്‍ അഞ്ചോ ആറോ പേര്‍ ഒന്നിച്ചാണ് കഴിയുന്നത്. രാവിലെ ചോറുവയ്ക്കും അതുതന്നെ ഉച്ചയ്ക്കും രാത്രിയും. പലപ്പോഴും പച്ചച്ചോറുമാത്രം.

"രാവിലെ ആറു മണിക്കാണ് ഷിഫ്‌റ്റെങ്കില്‍ ഞങ്ങളെ കൊണ്ടുപോകാന്‍ കൃത്യസമയത്ത് വാഹനം വരും. പക്ഷേ ഉച്ചയ്ക്ക് ഷിഫ്റ്റ് കഴിഞ്ഞാല്‍ പൊരിവെയിലത്തു ഞങ്ങള്‍ നടക്കും. രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞാല്‍ ഞങ്ങളിലാരെങ്കിലും താമസിക്കുന്ന ഒരു വീടിനു സമീപം എല്ലാവരേയും ഇറക്കും. ഇരുട്ടത്ത് പേടിച്ചു വീടുകളിലേക്ക് ഓടുകയാണ് ഞങ്ങള്‍ ചെയ്യാറുളളത്'' സീന പറയുന്നു. മൂവായിരത്തിലേറെ സ്ത്രീകള്‍ ജോലി ചെയ്യുന്ന സോണിനുളളില്‍ ഒരു ക്രെഷോ ഹോസ്റ്റലോ ഒന്നുമില്ല. തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പി.എഫിലേക്കും ഇ.എസ്.ഐയിലേക്കും പിടിക്കുന്ന തുക അതാത് സ്ഥാപനങ്ങളില്‍ അടയ്ക്കാതെ പലപ്പോഴും തൊഴില്‍ ദാതാക്കള്‍ സ്വന്തം കീശയിലേക്കു തളളുന്ന ഏര്‍പ്പാടും സോണിനുളളില്‍ നിലനില്‍ക്കുന്നുണ്ട്. ""ഇതു കാരണം ഞങ്ങള്‍ക്ക് ഇ.എസ്.ഐ സൗകര്യം പോലും ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല'' സജിത പറയുന്നു.

മാറുന്ന തൊഴില്‍ സംസ്കാരം

കുറഞ്ഞ കൂലിക്ക് കരാര്‍ തൊഴിലാളികളെ നിയമിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കാതിരിക്കുക, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കുക, ട്രെയിനികളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുക, പ്രത്യേക തൊഴില്‍ പരിശീലനം ആവശ്യമായതും അപകടകരവുമായ ജോലികള്‍ പരിശീലനമില്ലാത്ത തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ചെയ്യിക്കുക, അവധി നല്‍കാതിരിക്കുക, തോന്നുമ്പോള്‍ പിരിച്ചു വിടുക തുടങ്ങി പലതരത്തില്‍ പലതരം ചൂഷണങ്ങള്‍ക്ക് സോണിനുളളിലെ തൊഴിലാളികള്‍ വിധേയരാകുമ്പോഴും സി.ഐ.ടിയു അടക്കമുളള ട്രേഡ് യൂണിയനുകള്‍ക്ക് തൊഴിലാളികളെ വേണ്ടവിധം സംഘടിപ്പാനോ സംഘടിതമായി അവകാശങ്ങള്‍ നേടിയെടുക്കാനോ പഴയതു പോലെ കഴിയുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലകളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരുന്നു. ഇതനുസരിച്ച് കൊച്ചി എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കേരള നിയമസഭ സോണ്‍ ആരംഭിച്ച കാലത്തുതന്നെ ബില്ല് പാസാക്കിയിരുന്നുവെന്ന് സി.ഐ.ടി.യു എറണാകുളം ജില്ലാ സെക്രട്ടറി ചാക്കോച്ചന്‍ പറയുന്നു. (ലോക്‌സഭ ഈയിടെ പാസാക്കിയ സെസ് ബില്ലിന്റെ കരടുരൂപത്തിലും ഇങ്ങനെ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയുണ്ടായിരുന്നു). ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലേബര്‍ വകുപ്പ് നടത്തിയ ഇടപെടലുകളും തൊഴിലാളികളോട് കൂട്ടായി സംസാരിക്കാന്‍ ഒരു സംഘടനയുടെ ആവശ്യം ചില മാനേജ്‌മെന്റുകളെങ്കിലും മനസിലാക്കിയതുമാണ്. സോണിനുളളില്‍ ചെറിയ തോതിലെങ്കിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സാധ്യമാക്കിയതെന്ന് സെസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു) പ്രസിഡന്റ് സികെ. പരീത് പറയുന്നു. 79 വ്യവസായശാലകളില്‍ 15 യൂണിറ്റുകളില്‍ സി.ഐ.ടി.യു യൂണിയനും 2 യൂണിറ്റുകളില്‍ സ്വതന്ത്ര സംഘടനയായ സെസ് വര്‍ക്കേഴ്‌സ് യൂണിയനും ഒരു യൂണിറ്റില്‍ ഐ.എന്‍.ടി.യു.സി യൂണിയനും പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളിലെല്ലമായി 1500ഓളം തൊഴിലാളികള്‍ മാത്രമാണ് അംഗങ്ങളായുളളത്. ബഹുഭൂരിപക്ഷം തൊഴിലാളികളും ഇപ്പോഴും അസംഘടിതരാണ്. ""ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളാകാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. മാനേജ്‌മെന്റിന് എന്തും ചെയ്യാം. അതുകൊണ്ടു തന്നെ പുറത്തുളളതുപോലെ എളുപ്പമല്ല. ഇവിടെ യൂണിയന്‍ പ്രവര്‍ത്തനം'' സെസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു) ജോയിന്റ് സെക്രട്ടറി എം.എം. നാസര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്ന കരാര്‍ തൊഴിലാളികളേയും സ്ത്രീകളേയും സംഘടിപ്പിക്കാനാണ് ഏറ്റവും പ്രയാസമെന്നും നാസര്‍ പറയുന്നു. "" ട്രേഡ് യൂണിയനില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരോട് സംസാരിച്ചാല്‍ പോലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം''.

ലേബര്‍ ഓഫീസറുടെ അധികാരവും ചുമതലയും സോണിന്റെ ഭരണമേധാവിയായ ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ക്ക് കൈമാറിയതോടെ തൊഴിലാളികളുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. സോണിലേക്ക് കൂടുതല്‍ മൂലധനനിക്ഷേപം ആകര്‍ഷിക്കുന്നതിലാണ് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍മാര്‍ ശ്രദ്ധ പതിപ്പിക്കുന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലോ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിലോ ഡിസിമാര്‍ക്ക് ഒരു താല്‍പര്യവുമില്ലെന്ന ധാരണ കൊച്ചി സോണിലെ(മറ്റു സോണുകളിലേയും) തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമാണ്. " എത്ര വലിയ വ്യവസായത്തര്‍ക്കമായാലും ശരി, തൊഴിലാളികളുമായി ചര്‍ച്ച ചെയ്യാന്‍ ഡിസി തയാറാവില്ല'. സെസ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് അഞ്ജു ജോസഫ് പറയുന്നു.

സോണില്‍ പ്രശ്‌നരഹിതമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മാത്രമാണ് ഡിസിക്കു താല്‍പര്യം. ഞങ്ങള്‍ എന്തു ചൂഷണം അനുഭവിച്ചാലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. '' വിദേശനാണ്യ സമ്പാദ്യം പരാമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെസിന്റെ ഭരണമേധാവികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനിടയില്‍ തൊഴിലാളികള്‍ ചൂഷണം അനുഭവിക്കുന്നുണ്ടോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നന്വേഷിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ലെന്നും സോണിന്റെ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ ടി.വി. ചന്ദ്രന്‍ വിശദീകരിക്കുന്നു. ലേബര്‍ വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്നുണ്ടാകുന്ന നൂലാമാലകളും പ്രശ്‌നങ്ങളും തടസങ്ങളുമൊഴിവാക്കാനാണ് മാസങ്ങള്‍ക്കുമുമ്പ് ലേബര്‍ ഓഫീസറുടെ അധികാരം ഡിസിക്കു കൈമാറിയത്. മുമ്പ് ലേബര്‍ ആക്ടിനു കീഴില്‍ വരുന്ന 28 വകുപ്പുകള്‍ അനുസരിച്ചുളള പരിശോധനകള്‍ സോണില്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിസി ആവശ്യപ്പെട്ടാല്‍ മാത്രമേ ലേബര്‍ ഓഫീസര്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാറുളളൂ. സ്റ്റാറ്റിയൂട്ടറി അധികാരം എടുത്തു മാറ്റിയ സ്ഥിതിക്ക്. ഡിസി ആവശ്യപ്പെട്ടാല്‍ തന്നെയും തൊഴില്‍ത്തര്‍ക്കങ്ങളില്‍ ഇടപെടുന്നതില്‍ ലേബര്‍ ഓഫീസര്‍ക്ക് പരിമിതികളുണ്ട്. "" ലേബര്‍ കോര്‍ട്ട് ആവശ്യപ്പെട്ടാല്‍ പോലും ചിലപ്പോള്‍ മാനേജ്‌മെന്റുകള്‍ അത് ചെവികൊളളാറില്ല. രണ്ട് തൊഴിലാളികളെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ തൊഴില്‍ക്കോടതി സോണിലെ ഒരു വ്യവസായശാലയ്ക്ക് നിര്‍ദേശം നല്‍കിയിട്ടും തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വ്യവസായശാലയുടെ മാനേജ്‌േെന്റ് ചെയ്തത്. ഒടുവില്‍ ഇത്രയും ഒരടിച്ചമര്‍ത്തുന്ന ഒരു ഫാക്ടറിയില്‍ ജോലി ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് കോടതിക്ക് തൊഴിലാളികളോട് പറയേണ്ടി വന്ന സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ""കൊച്ചി സോണിലെ സംഘടിതരായ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അഡ്വക്കേറ്റ് ഷൈനി പറയുന്നു. ട്രേഡ് യൂണിയനുകള്‍ക്ക് പഴയതുപോലെ സമരവീര്യം പ്രകടിപ്പിക്കാനോ കടുത്ത നിലപാടുകള്‍ എടുക്കാനോ കഴിയുന്നില്ലെങ്കില്‍ അതിനു കാരണം മൊത്തം സമൂഹത്തിന്റെ വിപണി കേന്ദ്രീകൃതവീക്ഷണങ്ങളാണെന്നും വ്യാവസ്ഥായിക വിപ്ലവകാലത്തേയ്ക്ക് തിരിച്ചു പോവുകയാണെന്ന് തോന്നിപ്പിക്കുന്നവിധം കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നും ഷൈനി അഭിപ്രായപ്പെടുന്നു. ""തൊഴിലാളികളെ യന്ത്രങ്ങളായി പരിഗണിക്കുന്ന ഒരു ജീര്‍ണിച്ച സംസ്കാരമാണ് വളര്‍ന്നുവരുന്നത്''.

തൊഴിലാളിവിരുദ്ധത: ഒരു ആഗോള പ്രതിഭാസം

പ്രത്യേക സാമ്പത്തിക മേഖലകളിലെ തൊഴിലാളിവിരുദ്ധ നിലപാടും ചൂഷണങ്ങളും ഒരു ആഗോള പ്രതിഭാസമാണെന്ന് ഇന്റര്‍ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫ്രീട്രേഡ് യൂണിയന്‍സ്(ഐ.സി.എഫ്.ടി.യു) സാക്ഷ്യപ്പെടുത്തുന്നു. "ദാരിദ്ര്യത്തിന്റെ ഉല്‍പാദനം പറയപ്പെടാത്ത കഥകള്‍' എന്ന പേരില്‍ കെനിയയിലെ മനുഷ്യാവകാശ കമ്മിഷന്‍ ഈയിടെ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ""വ്യവസായശാലകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത് ദാരിദ്ര്യവേതനമാണ്. ഇതുകൊണ്ട് തൊഴിലാളികളുടെ ജീവിത സാഹചര്യമോ സാമ്പത്തിക സ്ഥിതിയോ മെച്ചപ്പെടുന്നില്ല. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് പ്രത്യേക സോണുകള്‍ പ്രതിഫലിപ്പിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഇവയ്ക്ക് കഴിയുന്നില്ല. പകരം ഇവ നിരന്തരമായി ദാരിദ്ര്യം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളായി പരിണമിച്ചിരിക്കുന്നു'' എന്ന് പുസ്തകത്തില്‍ പറയുന്നു. കാക്കനാട് സോണിലെ സജിതയും സീനയും പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് കെനിയയിലെ ഒരു സോണില്‍ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്യുന്ന ഗ്രെയ്‌സ്് നിയോകോയും പറയുന്നത്. ""ജോലിക്കു ചേരുമ്പോള്‍ എനിക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങളോളം തുണികളുടെ പൊടി ശ്വസിച്ചതു കാരണം ഞാനിപ്പോള്‍ ക്ഷയരോഗിയാണ്. മൂന്നുവര്‍ഷമായി രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണ്. എന്നാല്‍ മാനേജ്‌മെന്റ് ഒരു പരിഗണനയും കാണിക്കുന്നില്ല് ഡോക്ടറെ കാണാന്‍പോലും അവധി തരില്ല. ഒരു ദിവസം ഞാനെത്ര വസ്ത്രം വയ്ക്കുന്നുവെന്നതില്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യം''. മണിക്കൂറുകളോളം നിന്നുകൊണ്ടാണ് ജോലി ചെയ്യേണ്ടിവരുന്നതെന്നും അതിനിടയില്‍ ഒന്ന് ഇരിക്കാന്‍പോലും സൂപ്പര്‍വൈസര്‍മാര്‍ അനുവദിക്കാറില്ലെന്നും ഗ്രെയ്‌സ് പറയുന്നു. നിശ്ചിത എണ്ണം വസ്ത്രങ്ങള്‍ തയ്ച്ചുതീര്‍ക്കാന്‍ ഫിഷ്റ്റ് കഴിഞ്ഞും എത്രയോ നേരം ജോലി ചെയ്യേണ്ടിവരാറുണ്ടെന്നും എന്നാല്‍ മണിക്കൂറുകളോളം നീളുന്ന ഓവര്‍ടൈം ജോലിക്ക് അലവന്‍സ് നല്‍കാറില്ലെന്നും ഗ്രെയ്‌സ് പറയുന്നു. നിക്കരാഗ്വയിലെ ഒരു സോണില്‍ തൊഴിലാളികള്‍ വലിയൊരു കൂട്ടില്‍ അടയ്ക്കപ്പെട്ടതു പോലെയാണെന്ന് ഐ.സി.എഫ്.ടി.യുവിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ടോയ്‌ലറ്റില്‍ പോകുന്നതില്‍പോലും കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. 10-12 മണിക്കൂര്‍ നേരത്തെ ഷിഫ്റ്റിനിടയില്‍ ഒരുതവണ, അതും മൂന്നു മിനിറ്റുമാത്രം. അതിനുളളില്‍ ടോയ്‌ലറ്റില്‍ നിന്നു തിരിച്ചെത്തിയിട്ടില്ലെങ്കില്‍ സൂപ്പര്‍വൈസറുടെ അസഭ്യവര്‍ഷം ഉറപ്പ്.(വിശാഖപട്ടണത്തെ സോണില്‍ നിന്നു ഇതേ പരാതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. കൊച്ചിയില്‍ നൂറിലധികം പേര്‍ ജോലി ചെയ്യുന്ന ചില ഫാക്ടറികളില്‍ രണ്ടോ മൂന്നോ ടോയ്‌ലറ്റുകള്‍ മാത്രമാണുളളത്. കറാച്ചി സോണില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനമോ തൊഴില്‍ തത്വമോ ചികിത്സാ സൗകര്യമോ ലഭിക്കുന്നില്ലെന്ന് ലേബര്‍ നോട്ട്‌സ് സൗത്ത് ഏഷ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സോണ്‍ സന്ദര്‍ശനത്തിന് വിദേശ കമ്പനികളുടെ പ്രതിനിധികളോ പരിശോധനയ്ക്ക് വിവിധ കമ്മിഷനുകളോ എത്തുമ്പോള്‍ കൂടിയ വേതന നിരക്കുകള്‍ കാണിക്കുന്ന കൃത്രിമ രേഖകളാണ് ഫാക്ടറിയുടമകള്‍ ഹാജരാക്കാറുളളതെന്നും പ്രതികാര നടപടികള്‍ ഭയന്ന് തൊഴിലാളികള്‍ സത്യാവസ്ഥ ബോധിപ്പിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.(കൊച്ചി സോണില്‍ ലേബര്‍ കമ്മിഷനും വനിതാ കമ്മിഷനും ഒന്നുരണ്ടു തവണ സിറ്റിംഗ് നടത്തിയപ്പോള്‍ കമ്മിഷനോട് എന്തൊക്കെ പറയണമെന്ന് മുന്‍കൂട്ടി തങ്ങളെ പഠിപ്പിച്ചിരുന്നതായി പല തൊഴിലാളികളും പറയുന്നു. ആരൊക്കെയാണ് കമ്മിഷനു മുമ്പാകെ ഹാജരാകേണ്ടത് എന്നു നിശ്ചയിക്കുന്നതുപോലും ഫാക്ടറിയുടമകളാണ്. പല ഫാക്ടറികളും പരിശോധനാസമയത്ത് ഹാജരാക്കാന്‍ വ്യാജ വേതനരേഖകള്‍ ഹാജരാക്കാറുണ്ടെന്നും കമ്പനി പൂട്ടിപ്പോകുമോ, ജോലി നഷ്ടപ്പെടുമോ എന്നൊക്കെയുളള ആശങ്കകള്‍ കാരണം മാനേജ്‌മെന്റിനോടൊപ്പം ചേര്‍ന്ന് അസത്യം പറയാന്‍ നിര്‍ബന്ധിതരാകാറുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു). ഇന്ത്യയിലെ മറ്റു പല സോണുകളിലും കഠിനാധ്വാനം വേണ്ടിവരുന്ന ജോലികളില്‍ തുച്ഛമായ കൂലിക്ക് കുട്ടികളെ ഏര്‍പ്പെടുത്തുന്നതായും സ്ത്രീ തൊഴിലാളികള്‍ക്ക് ലൈംഗിക പീഡനങ്ങളും സഹിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2001-2002ല്‍ 27.93 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിക്കൊണ്ട് വ്യാവസായിക വളര്‍ച്ച കൈവരിച്ചതായി കൊട്ടിഘോഷിക്കപ്പെടുന്ന ചൈനയിലെ അഞ്ച് സോണുകളിലും തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാണ്. നിയമപ്രകാരമുളള മിനിമം വേതനം പോലും തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്നതായി ചൈനയിലെ ഔദ്യോഗിക ട്രേഡ് യൂണിയനായ ഓള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് സ്ഥിരീകരിക്കുന്നു.

രാജ്യത്തിന്റെ അസംസ്കൃത വസ്തുക്കള്‍ക്ക് മൂല്യവര്‍ധിത വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം തന്നെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും തൊഴില്‍ സൗകര്യങ്ങളും ലഭ്യമാക്കുക എന്നൊരു ലക്ഷ്യംകൂടി 1929ല്‍ ആദ്യത്തെ കയറ്റുമതി സംസ്കരണ മേഖല സ്‌പെയിനില്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ലോകവ്യാപകമായി അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യത്തെ മറികടക്കാനുളള മാര്‍ഗംകൂടിയായിട്ടാണ് പ്രത്യേക സോണുകള്‍ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കയറ്റുമതിക്ക് പ്രത്യേകമേഖല എന്ന ആശയം അറുപതുകളില്‍ അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സോണുകളുടെ സ്വഭാവം മാറിയത്. മൂന്നാം ലോകരാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥകളിലേക്ക് കടന്നുകയറാനുളള മാര്‍ഗമായിട്ടാണ് ഈ സ്ഥാപനങ്ങള്‍ സോണുകളെ ഉപയോഗിച്ചത്. മുതല്‍മുടക്ക് ആദായം, തൊഴിലവസരങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി പ്രത്യേക കയറ്റുമതി സംസ്കരണ മേഖലകള്‍ സ്ഥാപിക്കുന്നതിലേക്ക് അവികസിത രാഷ്ട്രങ്ങളെ ആകര്‍ഷിക്കുന്നതില്‍ അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ക്കും ഗണ്യമായ പങ്കുണ്ട്.

പ്രത്യേക സാമ്പത്തിക-വ്യാപാര സോണുകളില്‍ നിലനില്‍ക്കുന്ന ചൂഷണാധിഷ്ഠിതമായ തൊഴില്‍ സംസ്കാരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനും സോണുകള്‍ സ്ഥാപിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉറപ്പുവരുത്താനും ലോക തൊഴില്‍ സംഘടന(ഐ.എല്‍.ഒ) ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടി സാമൂഹ്യ സുരക്ഷ-ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുക, അസംസ്കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം പ്രാദേശിക വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക, മൂല്യവര്‍ധനപ്രക്രിയ പ്രാദേശികതലത്തിലാക്കുക, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുളള പദ്ധതികള്‍ ആവിഷ്കരിക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊളളുന്ന വ്യവസായശാലകള്‍ക്ക് മാത്രം സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇളവുകളും നല്‍കിയാല്‍ മതിയെന്ന് ഐ.എല്‍.ഒ നിര്‍ദേശിക്കുന്നു. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ ഒരേ രീതിയില്‍ നല്‍കുന്നത് ഒരു കാരണവശാലും അഭികാമ്യമല്ല എന്നും ഐ.എല്‍.ഒ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐ.എല്‍.ഒയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പനാമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് മുതാലയ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പനാമയില്‍ സോണുകളിലെ തൊഴില്‍ത്തര്‍ക്കങ്ങള്‍ അന്വേഷിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക വകുപ്പുതന്നെ നിലവിലുണ്ട്. വ്യവസായത്തര്‍ക്കങ്ങളോ സ്തംഭനമോ ഉണ്ടാകുന്നപക്ഷം അവ പരിഹരിക്കാന്‍ സര്‍ക്കാരിന്റേയും തൊഴിലുടമകളുടേയും തൊഴിലാളികളുടേയും പ്രതിനിധികള്‍ അടങ്ങുന്ന പ്രത്യേക കമ്മിഷന്‍ നിലവിലുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ തൊഴില്‍ത്തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ഉടമ്പടികളും തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നതിന് ത്രികക്ഷി കമ്മിഷന്‍ നിലവിലുണ്ട്. വിദ്യാഭ്യാസം, ശിശുസംരക്ഷണം, താമസം, യാത്ര, സഹകരസംഘങ്ങള്‍ വഴി വായ്പാ സംവിധാനം തുടങ്ങി തൊഴിലാളികളുടെ ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് സോണുകളുടെ വികസനം ആസൂത്രണം ചെയ്യുന്നത്.

എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുളള പല രാജ്യങ്ങളും ഐ.എല്‍.ഒയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇനിയും തയാറായിട്ടില്ല. ലോക്‌സഭ പാസാക്കിയ സെസ് ബില്ലിന്റെ കരടുരൂപം അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായിരുന്നു. തൊഴിലുടമകള്‍ പാലിക്കേണ്ട നിബന്ധനകള്‍, തൊഴില്‍ അന്തരീക്ഷം, പ്രസവാനുകൂല്യം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച സംസ്ഥാന നിയമങ്ങളില്‍ നിന്നു പ്രത്യേക സോണുകളെ ഒഴിവാക്കുന്ന വ്യവസ്ഥപോലും ഈ ബില്ലിലുണ്ടായിരുന്നു. ഇടതുകക്ഷികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതിനുശേഷം മാത്രമാണ് ഈ വകുപ്പ്(50 ബി) ബില്ലില്‍ നിന്ന് ഒഴിവാക്കിയത്. തൊഴിലാളിവിരുദ്ധമായ പല വ്യവസ്ഥകളും ഇനിലും ബില്ലില്‍ ബാക്കി നില്‍ക്കുന്നുണ്ട്.

ആഗോളീകരണ-നിയോ ലിബറലിസ്റ്റ് സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം മൂന്നാം ലോക രാഷ്ട്രങ്ങള്‍ അനുഭവിക്കുന്ന കെടുതികളുടെ പ്രത്യക്ഷ പ്രതീകങ്ങളായിരിക്കുകയാണ് നിലവിലുളള പ്രത്യേക സാമ്പത്തിക മേഖലകള്‍. എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി ഈ സോണുകള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് ആഗോളവിപണിയിലെ മത്സരമാണ്.

ഉല്‍പന്നങ്ങളുടെ ഗുണഭോക്താക്കള്‍ വികസിത രാജ്യങ്ങളിലെ ജനങ്ങളും വന്‍കിട കമ്പനികളുമാണ്. മെച്ചപ്പെട്ടത് തുച്ഛമായ വിലയ്ക്ക് വില്‍ക്കാനുളള വ്യഗ്രതയില്‍ പ്രകൃതിവിഭവങ്ങള്‍ക്കും അധ്വാനത്തിനും വില കുറയ്ക്കാന്‍ മൂന്നാം ലോകരാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമാകുന്നു. പകരം ലഭിക്കുന്നത് തൊഴിലിന്റെ നന്മകളില്ലാത്ത കുറേ തൊഴിലുകളും വിദേശനാണ്യവും. എന്നാല്‍ ഇങ്ങനെ വിദേശനാണ്യം എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. സോണുകളില്‍ നിന്നുളള കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് 1995ല്‍ ഇന്ത്യ ഉള്‍പ്പെടെയുളള ആറ് ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഐ.സി.എഫ്.ടി.യു നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ആ വര്‍ഷം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുളള കയറ്റുമതിയിലൂടെ 250 മില്യണ്‍ ഡോളര്‍ നേടിയ ശ്രീലങ്ക 174 മില്യണ്‍ ഡോളര്‍ ചെലവാക്കിയത് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുളള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാണ്. എന്നാല്‍ കയറ്റുമതിയിലൂടെ ലഭിച്ച വിദേശനാണ്യത്തിന്റെ കണക്കല്ലാതെ ഇറക്കുമതിക്കുവേണ്ടി ചെലവഴിച്ച തുക വെളിപ്പെടുത്താന്‍ സര്‍ക്കാരുകള്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നതായി ഈ പഠനം കുറ്റപ്പെടുത്തുന്നു. (കഴിഞ്ഞ വര്‍ഷം കൊച്ചി സോണില്‍ നിന്ന് 670 കോടി രൂപയുടെ കയറ്റുമതി നടന്നു. അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ മുടക്കിയ തുകയുടെ കണക്ക് ലഭ്യമല്ല). പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി ആഗോളതലത്തില്‍ സജീവമായ സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ തലത്തിലോ ആഗോളീകരണത്തെപ്പറ്റി നിരന്തരം തലപുകയ്ക്കുന്ന കേരളത്തിലോ ഇത്തരം ചര്‍ച്ചകള്‍ നടന്നുകാണുന്നില്ല. കൊച്ചിയുള്‍പ്പെടെയുളള എട്ട് സോണുകളില്‍ നിന്നു കഴിഞ്ഞ സാമ്പത്തികവര്‍ഷം 408 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ അഞ്ചുശതമാനം മാത്രമാണ് ഭീമമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഈ സോണുകളുടെ സംഭാവന.

അടിസ്ഥാനപരമായ ഇത്തരം വസ്തുതകള്‍ പോലും ശ്രദ്ധിക്കാതെയാണ് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ സ്വതന്ത്ര സാമ്പത്തിക മേഖലകളേയും വ്യാപാരമേഖലകളേയും വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നത്. സോണുകളുടെ എണ്ണം പെരുകിപ്പെരുകി ഒടുവില്‍ രാജ്യം മൊത്തത്തില്‍ തന്നെ ഒരു സ്വതന്ത്ര വ്യാപാരമേഖലയായി മാറും. സോണുകള്‍ക്കുളളിലെ മത്സരാധിഷ്ഠിതവും മനുഷ്യത്വരഹിതവുമായ തൊഴില്‍ സംസ്കാരം അധികം താമസിയാതെ പുറത്തേക്കുകൂടി വ്യാപിക്കുകയും ചെയ്യും.

Post your comments.

Name:

Email:
(optional):

Please enter
your comments:

കോണ്‍ട്രാക്ട് ലേബര്‍ നിയമപ്രകാരം തുടര്‍ച്ചയായി ചെയ്യേണ്ടതും സ്ഥിരം സ്വഭാവമുളളതുമായ ജോലികളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ല. താല്‍ക്കാലിക സ്വഭാവമുളള ജോലികളില്‍ മാത്രമേ ഇത് അനുവദനീയമായിട്ടുളളൂ. കൊച്ചി സോണിലെ എല്ലാ വ്യവസായശാലകളും സ്ഥിരമായ ഉല്‍പാദപ്രക്രിയ ആവശ്യമുളളവയാണ്. ഇവിടെ കരാര്‍ തൊഴിലാളികളെ ജോലിക്കു വയ്ക്കുന്നതുതന്നെ നിയമവിരുദ്ധമാണ്. എന്നാല്‍ നൂറുശതമാനവും കരാര്‍ തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളും സോണിലുണ്ട്.


ഉല്‍പന്നങ്ങളുടെ ഗുണഭോക്താക്കള്‍ വികസിത രാജ്യങ്ങളിലെ ജനങ്ങളും വന്‍കിട കമ്പനികളുമാണ്. മെച്ചപ്പെട്ടത് തുച്ഛമായ വിലയ്ക്ക് വില്‍ക്കാനുളള വ്യഗ്രതയില്‍ പ്രകൃതിവിഭവങ്ങള്‍ക്കും അധ്വാനത്തിനും വില കുറയ്ക്കാന്‍ മൂന്നാം ലോകരാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമാകുന്നു. പകരം ലഭിക്കുന്നത് തൊഴിലിന്റെ നന്മകളില്ലാത്ത കുറേ തൊഴിലുകളും വിദേശനാണ്യവും. എന്നാല്‍ ഇങ്ങനെ വിദേശനാണ്യം എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org