logo malayalam

| സാഹിത്യം / സംസ്കാരം |

മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍

പി എന്‍ വേണുഗോപാല്‍
28/08/2008

Malayalam
Malayalam Self Taught
By Don Martino Wickremasinghe
De'Zilva
INR 195.00 (Hardcover)

"ഇവിടെ വെടിവെക്കുവാന്‍ അനുവാദം വാങ്ങേണ്ട ആവശ്യം ഉണ്ടോ?" സന്ധ്യാസമയത്ത് വീട്ടിലേയ്ക്കു കയറിവന്ന ഇറ്റാലിയന്‍ നാടകകാരന്‍ ഹൊറാച്യോ യുടെ ചോദ്യം കേട്ട് ഞാന്‍ അന്തം വിട്ടുനിന്നു. നാടക രചയിതാവും സം‌വിധായകനും നടനുമായ ഹൊറാച്യോ തനി നാടകശൈലിയില്‍ കയ്യിലെ സാങ്കല്പിക തോക്ക്‌ ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലെ പക്ഷികളെ ഉന്നം വച്ചുകൊണ്ടാണ് നിറുത്തി നിറുത്തി മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്.

ഹൊറാച്യോയും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും പൊട്ടിച്ചിരിച്ചു. "വേണൂ കഴിഞ്ഞ പ്രാവശ്യം നമ്മള്‍ കണ്ടപ്പോള്‍ 'കോമിസ്താ' (ഇറ്റാലിയന്‍ സലാം അലൈക്കും) എന്നു ചോദിച്ച് നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ഇത്തവണ മലയാളത്തില്‍ നാലുവാചകം പറഞ്ഞ് നിങ്ങളെ ഞെട്ടിക്കണം എന്നു കരുതി ഞാന്‍ ഒരു മലയാള ഭാഷാസഹായി വാങ്ങി," അദ്ദേഹം ഇം‌ഗ്ലീഷില്‍ പറഞ്ഞു. "ദൈനം ദിന ആവശ്യങ്ങള്‍ നിര്‍‌വഹിക്കാന്‍ ഉതകുന്ന ചോദ്യോത്തരങ്ങള്‍ എന്ന അധ്യായത്തില്‍ ഇവിടെ വെടിവെക്കുവാന്‍ ... കണ്ടതോടെ പിന്നെയൊന്നും പഠിക്കാന്‍ തോന്നിയില്ല." ഹൊറാച്യോ ഒരു പുസ്തകം എനിക്കു നീട്ടി.

"ഇവിടെ എന്തെല്ലാം തരം മൃഗങ്ങളെക്കിട്ടും?" ഞാന്‍ വായിച്ചു. "മലമാന്‍, മാന്‍, മുയല്‍, കാട്ടുപോത്ത്, കാട്ടുപന്നി, കുറുക്കന്‍, നരി, ആന, മുതലായവ". എന്റെ കര്‍‌ത്താവേ! എന്തൊക്കെയാണിത്? ആനയെവരെ വെടിവയ്ക്കാമെന്നോ?

കട്ടിബയന്റിട്ട ആകര്‍ഷകമായ പുറഞ്ചട്ടയില്‍ സുവര്‍‌ണലിപികളില്‍ "മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍" എന്ന് ആലേഖനം ചെയ്തിരിക്കുന്നു. രചയിതാക്കള്‍ എം ഡിസില്‍‌വ വിക്രമസിങ്ങെ, റ്റി എന്‍ മേനോന്‍. പേജുകള്‍ മറിച്ചപ്പോള്‍ അല്പം ആശ്വാസം തോന്നി. ഈ പുസ്തകത്തിന്റെ ആദ്യത്തെ എഡിഷന്‍ 1926 ല്‍ ആണിറങ്ങിയത്. 1932 ല്‍ രണ്ടാം പതിപ്പും ഇപ്പോള്‍ ദല്‍ഹിയിലെ ഏഷ്യന്‍ എജുക്കേഷണല്‍ സവീസസ്സ് അടുത്ത പതിപ്പും ഇറക്കിയിരിക്കുന്നു. "ഇന്‍ഡ്യയുടെ തെക്കു പടിഞ്ഞാറന്‍ കോണില്‍ ബ്രിട്ടീഷ് ജില്ലയായ മലബാറിലും നാട്ടുരാജ്യങ്ങളായ കൊച്ചിയിലും തിരുവിതാം‌കൂറിലും ഏകദേശം നൂറ്റിപ്പതിനൊന്നു ലക്ഷം ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ്‌ മലയാളം," എന്ന് ആമുഖത്തില്‍ പറയുന്നു. ഈ പുസ്തകം തയാറാക്കാനുണ്ടായ പ്രചോദനം എന്തെന്ന് തുറന്നുപറയുന്നു, ഗ്രന്തകര്‍‌ത്താക്കള്‍. "അടുത്ത കാലത്തായി, ഫലഭൂയിഷ്ട‌ മായ ഈ ഭൂവിഭാഗത്തിലെ പ്രകൃതിവിഭവങ്ങള്‍ അതിവേഗം ചൂഷണം ചെയ്യപ്പെടുന്നതിനാലും മതപ്രവര്‍‌ത്തന,വിദ്യാഭ്യാസ, വ്യാപാരമേഖലകള്‍ വികസിക്കുന്നതിനാലും മലയാളത്തില്‍ പ്രവര്‍‌ത്തന പരിചയം കുറഞ്ഞ സമയം കൊണ്ടുനേടാന്‍ താല്പര്യമുള്ളവരുടെ വര്‍‌ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ്‌..." പ്രായോഗികതയാണ്‌ ലക്ഷ്യം എന്ന്‌ എടുത്തുപറയുന്നുണ്ട് .

ആ പ്രായോഗികതയുടെ ഉദാഹരണങ്ങളാണ്‌ പുസ്തകത്തില്‍ എമ്പാടും! സായിപ്പിന്‌ വേട്ടയാടിയാല്‍ മാത്രം പോരാ, "വെടി വെക്കുവാനുള്ള അധികാരം എനിക്കുമാത്രമായി കിട്ടുവാന്‍ സാധ്യമോ?" അദ്ദേഹത്തിന്‌ സഹായികളേയും വേണം. "ഒന്നുരണ്ട് വെടിവച്ചു പരിചയമുള്ളവരെ എന്റെ കൂടെ വരുവാന്‍ കിട്ടുമോ? അവരില്‍ ഓരോരുത്തനും എന്തുവീതം കൊടുക്കേണ്ടിവരും?" പക്ഷേ സായിപ്പിന്‌ കാഞ്ചി വലിക്കുന്നതില്‍ മാത്രമെ താല്പര്യമുള്ളു. "എന്റെ തോക്കില്‍ മരുന്നു നിറക്കുക! എന്റെ തോക്കു ചുമക്കുക!"

അതാതുകാലത്തെ ഭരണവര്‍‌ഗത്തിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുക എല്ലാ ഭാഷകളുടേയും സ്വഭാവമായിരിക്കാം. മഹത്തായതായി കൊണ്ടാടപ്പെടാറുള്ള അനേകം സാഹിത്യ, ചരിത്ര കൃതികള്‍ അങ്ങിനെയാണല്ലോ രചിക്കപ്പെട്ടത്. എങ്ങനെ ആയിരുന്നിരിക്കാം ആ പ്രക്രിയ എന്നതിന്റെ ഒരു ഉദാഹരണമായിത്തോന്നുന്നു ഈ ഭാഷാ സഹായി.

കൊളോണിയല്‍ കാലത്തെ സായിപ്പിന്റെ ജീവിതരീതികളിലേയ്ക്ക് വെളിച്ചം വീശുന്നു ചെറിയതോതിലെങ്കിലും ഈ പുസ്തകം. മൃഗയാവിനോദത്തിനു മാത്രമല്ല അവര്‍‌ക്കു പരസഹായം വേണ്ടത്. സായിപ്പു ചൂണ്ടയിടുന്നത് ശ്രദ്ധിക്കാം: "നിങ്ങള്‍ക്കു മല്‍സ്യം പിടിച്ചു തഴക്കമുണ്ടോ? എനിക്കു നിങ്ങളില്‍ വിശ്വാസം വെയ്ക്കാമോ? നിങ്ങള്‍ കുറച്ച് ഇര കൊണ്ടു വന്നിട്ടുണ്ടോ? ഒരു കൊക്കി (കൊളുത്ത്) തരൂ. എന്റെ കൊക്കിയിന്‍ മേല്‍ ഇര കൊളുത്തിത്തരുമോ? എന്റെ ചൂണ്ടവടി തരൂ." ഇനി ഞാന്‍ മീന്‍ പിടിക്കാം!

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നിലനിന്നിരുന്ന ചില തൊഴില്‍ സമ്പ്രദായങ്ങള്‍ വ്യക്തമാക്കുന്ന രംഗങ്ങ ളുമുണ്ട്. ഉദാഹരണത്തിനു്‌, തോട്ടം മേഖലയിലെ കങ്കാണിമാര്‍, ബാലവേല...സായിപ്പ് കങ്കാണിയോട്: "നിങ്ങളുടെ കീഴില്‍ എത്ര കൂലിക്കാര്‍ ഉണ്ട്? അവരില്‍ സ്ത്രീകളും കുട്ടികളും എത്ര പേര്‍? അവര്‍ നല്ല പണിക്കാരോ? കൂലിക്കാരെ വിളിക്കൂ. അവരെ വെങ്ലാവിന്റെ സമീപം വിളിച്ചുകൂട്ടി നിര്‍‌ത്തൂ. എല്ലാ ആയുധങ്ങളും എടുക്കുക. കുന്നിന്‍ മേലേക്കു പോകുക. ഓരോരുത്തനും ദിവസം തോറും നാല്പതു കുഴി വീതം വെട്ടണം."

വിദേശികള്‍ കൂട്ട്ത്തോടെ തങ്ങുന്ന ഫോര്‍ട്ട് കൊച്ചി പോലുള്ള സ്ഥലങ്ങിളിലാണ്‌ ഈ പുസ്തകം വിറ്റുപോവുന്നത്. 'പ്രകൃതി ചൂഷണത്തിനെത്തിയവര്‍ക്ക്'' വേണ്ടി രചിച്ച കൊളോണിയല്‍ കാലത്തെ, ഏറിയ കൂറും ആജ്ഞകള്‍ മാത്രമുള്ള ഭാഷാ സഹായിലൂടെ വേണം വിദേശി മലയാളത്തിനെ മനസ്സിലാക്കാന്‍ എന്ന അവസ്ത പരിതാപകരമാണ്‌. വെയ്‌റ്ററെ 'വിളമ്പന്‍' എന്നു വിളിച്ചാല്‍ എന്താവും കഥ! തന്റെ ഹോട്ടലില്‍ നിന്നു പുറത്തിറങ്ങുന്ന ഹൊറാച്യോയ്ക്കു്‌ 'ഒരു ഓട്ടോ വിളിച്ചു തരൂ' എന്നതിനു പകരം "എന്റെ കുതിരയെ കൊണ്ടുവരൂ" എന്നു പറയേണ്ടി വരുന്ന ഗതികേടാണ്‌ ഈ പുസ്തകം സമ്മാനിക്കുന്നത്.

Post your comments.

Name:

Email:
(optional):

Please enter
your comments:

കട്ടിബയന്റിട്ട ആകര്‍ഷകമായ പുറഞ്ചട്ടയില്‍ സുവര്‍‌ണലിപികളില്‍ "മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍" എന്ന് ആലേഖനം ചെയ്തിരിക്കുന്നു. വിദേശികള്‍ കൂട്ട്ത്തോടെ തങ്ങുന്ന ഫോര്‍ട്ട് കൊച്ചി പോലുള്ള സ്ഥലങ്ങിളിലാണ്‌ ഈ പുസ്തകം വിറ്റുപോവുന്നത്. 'പ്രകൃതി ചൂഷണത്തിനെത്തിയവര്‍ക്ക്'' വേണ്ടി രചിച്ച കൊളോണിയല്‍ കാലത്തെ, ഏറിയ കൂറും ആജ്ഞകള്‍ മാത്രമുള്ള ഭാഷാ സഹായിലൂടെ വേണം വിദേശി മലയാളത്തിനെ മനസ്സിലാക്കാന്‍ എന്ന അവസ്ത പരിതാപകരമാണ്‌.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org