logo malayalam

| സാഹിത്യം | സംസ്കാരം |

‘കോപ്പിറൈറ്റ്’, ‘കോപ്പിലെഫ്റ്റ്’

പി എന്‍ വേണുഗോപാല്‍

ആഗസ്റ്റ് 3, 2014

sayahna
സായഹ്ന വെബ്സൈറ്റ്

“ഒരുവന്‍ തന്റെ അന്തര്‍ഗതം അന്യനെ ഗ്രഹിപ്പിക്കു­ന്നതിനുവേണ്ടി ഉച്ചരിക്കുന്നതും ആ അന്തര്‍ഗതം ഏതെങ്കിലും ഒരു ജനസമു­ദായത്തിലെ സങ്കേതമ­നുസരിച്ച് അന്യനു ഗ്രഹിക്കുവാന്‍ പര്യാപ്ത­വുമായ വര്‍ണാത്മക­ശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ.” എന്താണു ഭാഷയെന്ന ഈ ലളിതമായ നിര്‍‌വചന­ത്തോടെയാണ്‌ ഉള്ളൂര്‍ എസ് പരമേശ്വ­രയ്യരുടെ കേരള സാഹിത്യ ചരിത്രം ആരംഭിക്കുന്നത്. മലയാള ഭാഷാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വലിയ തോതിൽ ആശ്രയിക്കുന്ന ഈ പുസ്തകം പക്ഷേ വര്‍ഷങ്ങളായി വിപണിയില്‍ ലഭ്യമല്ല. എന്നാല്‍ 2014 ജാനുവരി ഒന്നുമുതല്‍ ഇതിന്റെ ഒന്നാം വാല്യം www.sayahna.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ഇതുകൂടാതെ, ഇപ്പോള്‍ എഴുപതോളം മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍ സായാഹ്ന ഫൗണ്ടേഷന്റെ വെബ് സൈറ്റില്‍നിന്ന് വായനക്കാര്‍ക്ക് യഥേഷ്ടം വായിക്കുവാനും അവ തങ്ങളുടെ കമ്പ്യൂട്ടറുകളിലേക്കോ ഈ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ് ഉപകരണങ്ങളിലോ നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും സാധിക്കുന്നു. ക്രിയേറ്റിവ് കോമണ്‍സിന്റെ പകര്‍പ്പവകാശ നിബന്ധനകള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.

ലോകത്ത് എല്ലാ ഭാഷകളിലുമായി ആകെ എത്ര പുസ്തകങ്ങള്‍? ഉദ്ദേശം പതിമൂന്നുകോടി എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതില്‍ ഇരുപത് ശതമാനത്തോളം പകര്‍പ്പ് അവകാശ നിയമങ്ങളുടെ കാലപരിധി കഴിഞ്ഞവയാണ്‌. ഇവയുടെ 10 - 15 ശതമാനം പുസ്തകങ്ങളേ ഇപ്പോള്‍ ലഭ്യമുള്ളു. പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെതന്നെ വലിയൊരു ഭാഗം വിപണിയിലില്ല.

copyright
കോപ്പിറൈറ്റ്

മലയാളത്തിൽ ഇതേവരെ എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാവാം? ആയുസ്സിന്റെ നല്ലൊരുഭാഗം മലയാള പുസ്തകങ്ങളുടെ വിവരശേഖരണം നടത്താൻ വിനിയോഗിച്ച അന്തരിച്ച കെ.എം.ഗോവിയെ നമുക്ക് സ്മരിക്കാം. ആദി മുദ്രണം മുതൽ 1995 വരെയുള്ള പുസ്തകങ്ങളുടെ അദ്ദേഹം തയ്യാറാക്കിയ ഗ്രന്ഥാവരിയുടെ തുടർച്ച ഏറ്റെടുത്തിരിക്കുന്ന സംഘത്തിലെ അംഗമായ ശ്രീ ഹുസൈൻ കെ.എച്ച്., രണ്ടായിരാമാണ്ട് വരെ ഏകദേശം 52,000 പുസ്തകങ്ങൾ ഉണ്ടാവുമെന്ന് പറയുന്നു. അതിനുശേഷമുള്ള വർഷങ്ങളിൽ പ്രതിവർഷം 2000 എന്ന കണക്കാക്കിയാൽ മലയാളത്തില്‍ 80000 പുസ്തകങ്ങൾ ഉണ്ടാവുമെന്ന് വിചാരിക്കാം. ഒരേ പുസ്തകത്ത്ന്റെ വ്യത്യസ്ത എഡീഷനുകൾ കുറച്ചാൽ ഏകദേശം 70000 എന്ന് കണക്കാക്കാം. ഇവയിൽ നല്ലൊരു ശതമാനം സാഹിത്യ അക്കാദമിയിലും മറ്റ് ലൈബ്രറികളിലുമായി കാണാൻ കഴിയും. എന്നാൽ കാലപ്പഴക്കത്തിന്റെ ജീർണ്ണത ഇവയെ വായനക്കാരിൽ നിന്ന് അകറ്റുന്നു. പുസ്തകങ്ങളുടെ ഉള്ളടക്കം എല്ലാകാലത്തേയ്ക്കും സൂക്ഷിക്കുന്നതിന് നമുക്ക് ഇന്ന് ലഭ്യമായ സാങ്കേതികവിദ്യ 'ഡിജിറ്റൈസേഷന്‍' ആണ്‌.

copyleft
കോപ്പിലെഫ്റ്റ്

അന്യ ഭാഷകളിൽ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് അടുത്തകാലത്ത് സംഭവിച്ചത്. ഇന്റർനെറ്റ് ആർക്കേവ്, ഓപ്പൺ ലൈബ്രറി, പ്രോജക്ട് ഗുടൻബർഗ് തുടങ്ങിയവയിൽനിന്ന് ലക്ഷക്കണക്കിന് ഈ-ബുക്കുകൾ വായനക്കാരന് സൗജന്യമായി എടുക്കാം. ഇവയുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. ലോകത്ത് ഏറ്റവു കൂടുതൽ ആളുകൾ സംസാരിക്കുന ഭാഷകളിൽ 34 ആമത് സ്ഥാനമാണ് മലയാളത്തിന്. എന്നാല്‍ വിവിധ മതഗ്രന്ഥങ്ങളുൾപ്പടെ നമ്മളുടെ ഈ-ബുക്കുകൾ ആയിരം തികയില്ല.

cc-logo
ക്രീയേറ്റീവ്
കോമൺസിന്റെ
ചിഹ്നം

പകര്‍പ്പവകാശ നിയമങ്ങളെ മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഡിജിറ്റല്‍ ലൈബ്രറികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിക്കിപീഡിയയുടെ വിക്കി ഗൃന്ഥശാലയാണ്‌. നിരവധി സന്നദ്ധപ്രവര്‍ത്തകരുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ നൂറിലധികം പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലായിട്ടുണ്ട്. ബഹുഭൂരിപക്ഷവും പകര്‍പ്പവകാശ കാലപരിധി കഴിഞ്ഞവ.

സായാഹ്നയും ഇതേരീതിയിൽത്തന്നെ സന്നദ്ധ പ്രവർത്തകരാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. വിക്കി ഗ്രന്ഥശാലയിൽനിന്നും സായാഹ്ന പ്രധാനമായും രണ്ടു കാര്യങ്ങളിൽ വ്യത്യസ്ഥമാണ്. പകർപ്പവകാശ കാലപരിധി കഴിഞ്ഞ പുസ്തകങ്ങളിലാണ് വിക്കിക്ക് താല്പര്യം. ഗ്രന്ഥകർത്താവിന്റെ മരണത്തിനുശേഷം 60 വർഷങ്ങൾ കഴിയുമ്പോളാണ് ഗ്രന്ഥങ്ങൾ പകർപ്പവകാശ നിയമത്തിന് പുറത്തുവരിക. അതിനാൽ പഴയ എഴുത്തുകാരുടെ കൃതികളാണ് വിക്കിയിൽ കൂടുതലും. സായാഹ്ന, സമകാലീന പുസ്തകങ്ങളിലാണ് ശ്രദ്ധ ഊന്നുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാൻ ഗ്രന്ഥകർത്താവ് നൽകുന്ന സമ്മതപത്രം ഇവിടെ അനിവാര്യമാകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വികാസത്തിനും പ്രചാരത്തിനും കാരണമായ 'കോപ്പിലെഫ്റ്റ്' ( 'കോപ്പി റൈറ്റ് ' X 'കോപ്പിലെഫ്റ്റ്') ആശയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ - ഷെയർ എലൈക് എന്ന ലൈസൻസാണ് വിക്കി ഗ്രന്ഥശാല പിന്തുടരുന്നത്. പ്രായോഗികമായി പറഞ്ഞാൽ എഴുത്തുകാരൻ കൃതിയുടെമേലുള്ള തന്റെ അവകാശങ്ങളിൽനിന്ന് കൃതിയെ കെട്ടഴിച്ചുവിടുന്നു. പിന്നീട് ആർക്കും സ്വന്തമാക്കാൻ കഴിയാത്തരീതിയിൽ. എന്നാൽ സായാഹ്നയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് ഒരു അധിക നിബന്ധനയുണ്ട്. സായാഹ്നയില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ - നോൺ കൊമ്മേർസ്യൽ - ഷെയർ എലൈക് ലൈസൻസിൽ, അതായത് കടപ്പാടും സമാനമായ അനുമതിപത്രവും നല്‍കി വാണിജ്യേതര ആവശ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. പുസ്തകത്തിന്റെ ഉടമസ്ഥാവകാശം ഗ്രന്ഥകര്‍ത്താവില്‍തന്നെ തുടര്‍ന്നും നിക്ഷിപ്തമാണ്.

cc-by
കടപ്പാട്
(Attribution)

വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രി പബ്ളീഷിങ് ജോലികള്‍ ചെയ്യുന്നതില്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'റിവര്‍ വാലി ടെക്നോളജി' എന്ന സ്ഥാപനത്തിന്റെ സി ഇ ഓ ആയ സി വി രാധാകൃഷ്ണനാണ് സായഹ്നയുടെ സ്ഥാപക ഡയറക്റ്റര്‍. സായാഹ്നയ്ക്ക് ലാഭം എന്ന ലക്ഷ്യം ഇല്ല. എന്നുമാത്രമല്ല, കമ്പനി നിയമത്തിന്റെ 25-ആം വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ലാഭമുണ്ടെങ്കിൽത്തന്നെ അത് അംഗങ്ങൾക്ക് വിതരണം ചെയ്യാനാവില്ല. ഡയറക്റ്റര്‍മാര്‍ യാതൊരു വിധ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും അര്‍ഹരുമല്ല. മലയാളഭാഷയോടുള്ള താല്പര്യം കൊണ്ടുമാത്രം അകലങ്ങളില്‍ ഒറ്റയ്ക്കിരുന്ന് അക്ഷരങ്ങള്‍കൊണ്ട് പണിയെടുക്കുന്ന അപരിചിതരുടെ കൂട്ടായ്മയാണ് സായാഹ്നയെ മുമ്പോട്ടു കൊണ്ടുപോകുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിർവഹിക്കപ്പെടുന്നത്.

cc-nc
വാണിജ്യേതരം

സച്ചിദാനന്ദന്റെ തിരഞ്ഞെടുത്ത കവിതകള്‍, ഗാന്ധി (നാടകം), ഇ ഹരികുമാറിന്റെ എല്ലാ നോവലുകളും ചെറുകഥാ സമാഹാരങ്ങളും, വി എം ഗിരിജയുടെ 'പ്രണയം ഒരാല്‍ബം' എന്ന കവിതാ സമാഹാരം, അയ്മനം ജോണിന്റെ 'ഒന്നാം പാഠം ബഹിരാകാശം' എന്ന കഥാസമാഹാരം, ഡി പങ്കജാക്ഷക്കുറുപ്പിന്റെ 'പുതിയലോകം പുതിയവഴി' തുടങ്ങിയവയാണ് ഇതിനകം 'കോപ്പി ലെഫ്റ്റാക്കി' പ്രസിദ്ധീകരിക്കപ്പെട്ട കൃതികളില്‍ ചിലത്. എം കൃഷ്ണന്‍‌നായരുടെ പ്രബന്ധ സമാഹാരങ്ങള്‍ക്കു പുറമെ അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ മുപ്പത്തിയഞ്ച് വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന 'സാഹിത്യ വാരഫല'ത്തിന്റെ എല്ലാ ലക്കങ്ങളും സായാഹ്നയില്‍ ലഭ്യമാക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്.

cc-sa
ഇതുപോലെ
പങ്കുവയ്ക്കുക

ഇവകൂടാതെ ഐതിഹ്യമാല, ഇന്ദുലേഖ, ജ്ഞാനപ്പാന മുതലായ കൃതികളും സഞ്ജയന്‍ , കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, എഴുത്തച്ഛന്‍,എം പി പോള്‍ തുടങ്ങിയവരുടെ കൃതികളും സായാഹ്നയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുസ്തക പ്രസാധനവും വിപണിയും തമ്മില്‍ അഭേദ്യവും അനിവാര്യവുമായ ബന്ധമുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്‌. എന്നാല്‍ അക്ഷരങ്ങള്‍ കടലാസ്സില്‍നിന്ന് ഇലട്റോണിക് പ്രതലത്തിലേയ്ക്ക് മാറുമ്പോള്‍തന്നെ ആ വിപണിയുടെ പിടിയില്‍നിന്ന് കൃതികള്‍ കുതറിമാറുന്നത് നമുക്കു കാണാം. താരതമ്യത്തില്‍ കേവലം തുച്ഛമായ, ചിലവു വഹിക്കാന്‍ സ്രോതസ്സുണ്ടെങ്കില്‍ അക്ഷരങ്ങളുടെ അനന്തമായ, ആര്‍ക്കും നീന്തിത്തുടിക്കാവുന്ന, പാരാവാരമാണ് ഇന്റര്‍നെറ്റിന്റെ പിന്തുണയോടെയുള്ള ഡിജിറ്റൈസേഷന്‍ തുറന്നുതരുന്നത്.

'പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ആദ്യപടി മാത്രം,' രാധാകൃഷ്ണന്‍ പറയുന്നു. 'കഥകളും കവിതകളും രചയിതാക്കളുടെ ശബ്ദത്തില്‍ റക്കോഡ് ചെയ്ത് സൈറ്റില്‍ ലഭ്യമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ്. ആനന്ദ് ഉള്‍പ്പടെ പല പ്രമുഖരുടേയും രചനകള്‍ ഇതിനകം തന്നെ റക്കോഡ് ചെയ്തു കഴിഞ്ഞു.' പ്രസിദ്ധ ചിത്രകാരന്മാരുടേയും ചിത്രകാരികളുടേയും ചിത്രങ്ങള്‍ക്കും സായാഹ്നയില്‍ ഇടമുണ്ടാവും. (പ്രാദേശിക സംഭാഷണ ശൈലികളും വ്യത്യസ്ത സമുദായങ്ങളുടെ ആചാരങ്ങളും ഉൾപ്പടെ) ചരിത്രപ്രസക്തമായവയെല്ലാം ഡോക്കുമെന്റ് ചെയ്യുന്നതും, കാഴ്ചശക്തിയില്ലാത്തവരേയും ഭിന്ന ശേഷിയുള്ളവരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ സംരംഭങ്ങളും അക്കാദമിക് ഗവേഷണ പ്രബന്ധങ്ങളുടെ സമാഹരണവും സയാഹ്നയുടെ ലക്ഷ്യങ്ങളാണ്.

സി വി രാധാകൃഷ്ണന്‍

ഫ്രീ സോഫ്റ്റ്്വെയര്‍ ഫൗണ്ടേഷന്‍ ഇന്ത്യയുടെ ആദ്യകാല സംഘാടകന്‍, ഫ്രെഡ് സ്റ്റോള്‍മന്റെ സുഹൃത്ത്, ഓപ്പണ്‍ സോഫ്റ്റ്‌വെയറിന്റെ പ്രചാരകന്‍, നൂറിലേറെ അന്താരാഷ്ട്ര ശാസ്ത്ര, ഗണിത, സാങ്കേതിക ജേണലുകളുടെ ടൈപ് സെറ്റിങ് , എഡിറ്റിങ്, പ്രൂഫ് റീഡിങ് നിര്‍‌വഹിക്കുന്ന 140 പേര്‍ ജോലി ചെയ്യുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന റിവര്‍ വാലി ടെക്നോളജീസ് എന്ന കമ്പിനിയുടെ സി ഇ ഓ, സ്വതന്ത്ര ടൈപ് സെറ്റിങ് ടെക്നിക്കായ 'ടെക്കി' (TeX) ല്‍ പ്രഗല്‍ഭന്‍, ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗവുമായി വീല്‍ ചെയറില്‍ ജീവിക്കുന്നവന്‍… ഇവയ്ക്കെല്ലാം പുറമെ സായാഹ്നയുടെ സ്ഥാപക ഡയറക്റ്ററും.

cvr
രാധാകൃഷ്ണനും വിദ്യയും

1977 ലെ ഒരു സായാഹ്നത്തില്‍ ദല്‍ഹിയില്‍ തന്റെ ജോലിസ്ഥലമായ ഷിപ്പിങ് മന്ത്രാലയത്തില്‍നിന്ന് ഇറങ്ങി ഇന്ത്യാഗേറ്റ്‌ പരിസരത്തുകൂടി നടക്കുമ്പോള്‍ പൊടുന്നനെ രണ്ടു മുട്ടുകളും തളര്‍ന്ന്, താഴേയ്ക്കിരുന്നുപോയി രാധാകൃഷ്ണന്‍. നാഡികളെ ക്ഷയിപ്പിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന അശനിപാതമാണ്‌ അതെന്നും കഷ്ടിച്ച് കാല്‍ നൂറ്റാണ്ടു മാത്രം നീണ്ട തന്റെ ജീവിതത്തിന് ഇനി ഏറിയാല്‍ അഞ്ചു വര്‍ഷത്തെ ദൈര്‍ഘ്യമേയുള്ളൂ എന്നും മനസ്സിലാക്കിയപ്പോള്‍ അയാള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

എന്നാല്‍ കാഴ്ചയില്‍ രോഗബാധിതനെന്ന തോന്നല്‍ ഉളവാക്കാത്തതിനാല്‍ ആരുംതന്നെ വിചിത്രമായ ഈ അസുഖത്തെ അംഗീകരിക്കാന്‍ തയാറായില്ല. പ്രത്യേകിച്ചും സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന അച്ഛന്‍. കലുഷമായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒറ്റയടിക്ക് മുക്തിനേടാനുള്ള എളുപ്പവഴിയും പ്രയോഗിച്ചുനോക്കി പരാജയമടഞ്ഞപ്പോള്‍ മദ്രാസിലേയ്ക്കു വണ്ടികയറി. പശിയടക്കാനായി, കിട്ടുന്ന എന്തുജോലിയും ചെയ്തു-ഹോട്ടലില്‍ പാത്രം കഴുകല്‍ ഉള്‍പ്പടെ. അതൊന്നും ശരിയാവാതെവന്നപ്പോള്‍ പട്ടിണിയായി, കിടക്കാന്‍ മറീനാ ബീച്ചും. നാലാം ദിവസം ബോധമില്ലാതെ കിടക്കുന്ന രാധാകൃഷ്ണനെ കുഹാവാ എന്ന ബര്‍മാക്കാരന്റെ സഹാനുഭൂതി മരണത്തില്‍നിന്ന് രക്ഷിച്ചു. ചെറുപ്പത്തില്‍ സ്വദേശമായ കുഴിത്തുറ (കന്യാകുമാരി ജില്ല)യില്‍ മാതൃഭൂമി സ്റ്റഡി സര്‍ക്ക്ള്‍ അംഗമായിരുന്നപ്പോള്‍ രാധാകൃഷ്ണന്‍ രൂപകല്പന ചെയ്തിരുന്ന കൈയെഴുത്തുമാസിക മാത്രമായിരുന്നു സമീപത്തുണ്ടായിരുന്ന ബാഗിലെ വിലപിടിപ്പുള്ള ഏക വസ്തു. അതുകണ്ട് കുഹാവ താന്‍ ജോലിചെയ്തിരുന്ന പരസ്യ ബോര്‍ഡ് എഴുതുന്ന കമ്പിനിയില്‍ രാധാകൃഷ്ണനേയും കൂട്ടി.

ഒരുവര്‍ഷം അങ്ങനെ കഴിഞ്ഞപ്പോളേയ്ക്കും രോഗം തളര്‍ത്താന്‍ തുടങ്ങി. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ രാധാകൃഷ്ണന്‌ കേരള സര്‍‌വകലാശാലയില്‍ ക്ളര്‍ക്കായി ജോലി കിട്ടി. ആ സമയത്താണ്‌ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ പ്രൊഫ കെ എസ് എസ് നമ്പൂതിരിയുമായി പരിചയപ്പെടാന്‍ ഇടയായത്. പ്രൊഫ നമ്പൂതിരിയാണ് രാധാകൃഷ്ണനെ അന്ന് ഇന്ത്യയില്‍ ഒരു പുതുമയായിരുന്ന ടെക്ക് സാങ്കേതികവിദ്യയുടെ പഠനത്തിലേയ്ക്കു നയിക്കുന്നത്. സര്‍‌വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ക്ക് ടൈപ്പ് സെറ്റുചെയ്യുന്നതില്‍ തുടങ്ങിയ രാധാകൃഷ്ണന്റെ ടെക്ക് ജീവിതം റിവര്‍വാലി ടെക്നോളജിയിലൂടെ വിശ്വോത്തര ശാസ്ത്രസാങ്കേതിക ഗണിത പ്രസിദ്ധീകരണങ്ങളുടെ പ്രസാധനത്തിലെ അനിവാര്യതയായി മാറിയിരിക്കുന്നു. നേച്ചര്‍ ജേണല്‍, നേച്ചര്‍ ഫിസിക്സ്, നേച്ചര്‍ മറ്റീരിയല്‍സ്, ജേണല്‍ ഓഫ് സിംബോളിക് കമ്പ്യൂട്ടേഷന്‍, പ്യുവര്‍ ആന്‍ഡ് അപ്പ്ലൈഡ് ആള്‍‌ജിബ്രാ തുടങ്ങിയവയെല്ലാം ഇവിടെനിന്നാണ് പ്രസ്സിലേയ്ക്കു പോകുന്നത്.

TeX

ടെക്കിന്റെ അനന്ത സാധ്യതകളുടെ ഗവേഷണത്തിലാണ് ഇന്ന് രാധാകൃഷ്ണന്‍. മലയാളം ടൈപ്പ് സെറ്റിങ്ങിനേയും അച്ചടിയേയും പ്രസാദാത്മകമായി സ്വാധീനിക്കാന്‍ ഉതകുന്ന ചില സാങ്കേതിക നൂതനത്വങ്ങള്‍ അദ്ദേഹത്തില്‍നിന്ന് വൈകാതെ പ്രതീക്ഷിക്കാം.

ആദ്യകാലങ്ങളില്‍ ലഭ്യമായ ചികിത്സാ മാര്‍ഗങ്ങളെല്ലാം തന്നെ മാറിമാറി നോക്കിയെങ്കിലും പ്രത്യേകിച്ച് മെച്ചമൊന്നുമുണ്ടായില്ല. എന്നാല്‍ -മനക്കരുത്തുകൊണ്ടാവാം-സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അവസ്ഥയിലേയ്ക്ക് പതിക്കുകയും ഉണ്ടായില്ല. ഹോക്കിങ്ങിനുവേണ്ടി വീല്‍ചെയര്‍ രൂപകല്പനചെയ്ത ഓട്ടോബോക്ക് എന്ന കമ്പനി തന്നെ രൂപകല്പനചെയ്ത വീല്‍ചെയറില്‍ റിവര്‍‌വാലി ടെക്നോളജിയുടെ ബഹുനില കാമ്പസില്‍ സി വി ആര്‍ അക്ഷരാര്‍ത്ഥത്തില്‍ പാറിനടക്കുന്നു. തിരുവനന്തപുരത്ത് മലയിന്‍‌കീഴില്‍, കാമ്പസിലെ ജൈവ പച്ചക്കറി കൃഷിയിടങ്ങളുടെ മധ്യത്തില്‍ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന എയര്‍ കന്‍ഡീഷന്‍ഡ് അല്ലാത്ത ഈ സ്ഥാപനം സമാനമായ മറ്റു സ്ഥാപനങ്ങളില്‍നിന്ന്‌ എല്ലാ രീതിയിലും വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ 'ഞങ്ങളും' 'അവരും' ഇല്ല, 'ഞങ്ങളും' നമ്മളും' മാത്രം.

റിവര്‍ വാലിയില്‍ തന്നെ ജോലി ചെയ്യുന്ന വിദ്യയാണ് സി വി ആറിന്റെ ജീവിതപങ്കാളി. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിദ്യയും സയാഹ്നയുടെ പ്രവര്‍ത്തകയാണ്. കാഴ്ചശക്തി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള സായാഹ്നയുടെ പ്ളാറ്റ്ഫോം രൂപീകരണത്തിലാണ് വിദ്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Post your comments.

Name:

Email:
(optional):

Please enter
your comments:

ഉള്ളൂരിന്റെ മരണശേഷം കേരള സർവകലാ­ശാലയാണ് ഏഴ് വാല്യങ്ങളുള്ള കേരള സാഹിത്യ ചരിത്രം അഞ്ച് വാല്യങ്ങളായി പ്രസിദ്ധീ­കരിച്ചത്. ഒന്നാം വാള്യം വിക്കി, ഈ-ബുക്ക്, പി.ഡി.എഫ് രൂപങ്ങളിൽ പ്രസിദ്ധീക­രിച്ചെങ്കിലും ശേഷിക്കുന്ന വാള്യങ്ങള്‍ പ്രസിദ്ധീക­രിക്കാന്‍ കഴിയാത്ത വിഷമഘട്ട­ത്തിലാണ് സായാഹ്ന. ആദ്യ പ്രസിദ്ധീകര­ണത്തിനുശേഷം 60 വര്‍ഷം കഴിയാത്ത­തിനാല്‍ മറ്റു വാള്യങ്ങള്‍ പ്രസിദ്ധീക­രിക്കാന്‍ കഴിഞ്ഞിട്ടില്ല. മുൻപ് പ്രസിദ്ധീകരിച്ചത് കേരള സര്‍‌വകലാ­ശാലയാകയാല്‍ അവര്‍ക്ക് പകര്‍പ്പവകാശം ഉണ്ടാവും എന്ന നിഗമനത്തില്‍ അവരോട് സായാഹ്ന പ്രസിദ്ധീകര­ണാനുവാദം തേടിയെങ്കിലും തങ്ങള്‍ ഉടന്‍ പുന:പ്രസിദ്ധീക­രിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെയും ഒരു വാള്യം പോലും പ്രസിദ്ധീക­രിച്ചിട്ടില്ല. എല്ലാ വാള്യങ്ങ­ളുടേയും ഡി റ്റി പി, പ്രൂഫ്, (2500 ഓളം പേജുകള്‍) മുതലായവ ഇതിനകം തന്നെ ചെയ്തു കഴിഞ്ഞിരി­ക്കുന്നതിനാല്‍, അത് സര്‍‌വകലാ­ശാലയ്ക്ക് സൗജന്യമായി ലഭ്യമാക്കാം, പകരം സായാഹ്നയില്‍ ഡിജിറ്റലായി പ്രസിദ്ധീക­രിക്കുവാൻ അനുവാദം തരൂ എന്ന അഭ്യര്‍ത്ഥനയ്ക്ക് മൗനം മറുപടി. ഫലമോ? ഞൊടിയിടയിൽ തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ കമ്പ്യൂട്ടറിൽ പരതി കണ്ടെത്താനുള്ള ഭാഷാ, സാഹിത്യ, ചരിത്ര വിദ്യാർത്ഥി­കളുടെയും അദ്ധ്യാപക­രുടെയും അവസരം നഷ്ടമാകുന്നു


'കോപ്പി റൈറ്റ് ' X 'കോപ്പിലെഫ്റ്റ്'

കോപ്പിറൈറ്റും കോപ്പിലെഫ്റ്റും പരസ്പര വിരുദ്ധ ആശയങ്ങളല്ല. കോപ്പിറൈറ്റ് സ്വന്തം സൃഷ്ടി വിതരണം ചെയ്യാനുള്ള സൃഷ്ടാവിന്റെ അവകാശങ്ങളെ സംരക്ഷിക്കുമ്പോൾ കോപ്പിലെഫ്റ്റ് സമൂഹത്തിന്റെ പൊതുവായ ഉപയോഗത്തിനായി ഒരു സൃഷ്ടിഎങ്ങിനെ വിതരണം ചെയ്യപ്പെടണം എന്ന് നിഷ്കർഷിക്കുന്നു. അതായത് പകര്‍പ്പവകാശത്തിന്റെ പൂര്‍ണമായ നിരാസമല്ല 'കോപ്പി ലെഫ്റ്റ്.' മറിച്ച് ഒരു പുസ്തകത്തിന്റെയോ രചനയുടേയോ സ്വതന്ത്രമായ വ്യാപനം സുഗമമാക്കുകയാണ്‌. പക്ഷേ സാമ്പത്തിക താല്പര്യങ്ങൾ രണ്ടിലും വ്യത്യസ്തമാണ്. വിശാലമായ പ്പാടില്‍ കോപ്പിറൈറ്റ് അറിവിന്റെയും നൂതന ആശയങ്ങളുടെയും പ്രചാരത്തെ ജനസാമാന്യത്തിന് ഹിതകരമല്ലാത്ത രീതിയിൽ തടസ്സപ്പെടുത്തുന്നു എന്ന് കാണാനാവും. റിച്ചാര്‍ഡ് സ്റ്റോള്‍‌മാന്‍ ഫ്രി സോഫ്റ്റ്‌വെയറിനുവേണ്ടി രൂപം കൊടുത്ത പകര്‍പ്പവകാശ ആശയമാണ്‌ 'കോപ്പി ലെഫ്റ്റ്'. ഇന്ന് ഇത് മറ്റ് മാധ്യമങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു.

Print this article


The Quest Features and Footage
Kochi 682020, Kerala, India
email: info@questfeatures.org