logo malayalam

| പരിസ്ഥിതി |

അയ്യപ്പന്റെ പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് പൂത്തുലയുന്നു

പി എന്‍ വേണുഗോപാല്‍

Sabarimala

അമ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പുപ്പന്‍ പറഞ്ഞാണ് ആദ്യമായി ശബരിമലയെപ്പറ്റി കേള്‍‌ക്കുന്നത്. അദ്ദേഹം യുവാവായിരുന്നപ്പോള്‍ വൃതം നോറ്റ്, ആഴിവാരി, കെട്ടുമുറുക്കി, അരിയും ചമ്മന്തിപ്പൊടിയും കലവും മറ്റു പാത്രങ്ങളുമായി പെരിയസ്വാമിയുടെ നേതൃത്ത്വത്തില്‍ കുട്ടനാട്ടിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട നാട്ടില്‍നിന്ന് ദേശാന്തരങ്ങള്‍ താണ്ടി കൊടുംകാട്ടിലെ മലമുകളിലേയ്ക്കുള്ള ആ തീര്‍‌ഥയാത്രയുടെ വിവരണം ശ്വാസമടക്കിപ്പിടിച്ചാണ് കേള്‍ക്കറുണ്ടായിരുന്നത്. വൃതം തെറ്റിക്കുകയോ കൊടിയ പാപങ്ങള്‍ ചെയ്യുകയോ ഉണ്ടായിട്ടുണ്ടെങ്കില്‍ പുലിയെടുത്തുപോകാനുള്ള സാധ്യതകളേറെ...

പതിനഞ്ചാം വയസ്സില്‍ ദൈവങ്ങളോട് ഗുഡ് ബൈ പറഞ്ഞതോടെ ശബരിമലയ്ക്കു പോകണമെന്ന ബാല്യകാലമോഹവും കെട്ടടങ്ങി. ആകശവാണിയിലൂടെ, മകരജ്യോതിസ്സു തെളിയുന്നതിന്റെ ദൃക് സാക്ഷിവിവരണവും കേള്‍‌ക്കാതായി.

പത്തനംതിട്ടയില്‍നിന്ന് പമ്പയ്കുള്ളവഴിയില്‍ പെരിനാട്ടു താമസിക്കുന്ന സുഹൃത്ത്, ഭാസിയുടെ വീട്ടില്‍ രണ്ടു ദശകങ്ങള്‍‌ക്കു മുമ്പു ചെന്നപ്പോഴാണ് എറെക്കാലത്തിനുശേഷം ശബരിമല ചര്‍ച്ചാവിഷയമാവുന്നത്. "ഇവിടെ നിന്ന് വളരെയടുത്താണ്‌. ഒരിക്കലെങ്കിലും പോയി കാണേണ്ടെ?" ഭാസി ചോദിച്ചു.

കാലം പിന്നെയും കടന്നുപോയി. ശബരിമലയില്‍ നട തുറക്കുന്നതും ഹരിവരാസനം പാടി നടയടക്കുന്നതുമൊക്കെ അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍‌ത്ത ആയി. ക്ഷേത്രങ്ങള്‍, ക്ഷേത്രപ്രവേശനം, ക്ഷേത്രവസ്ത്രധാരണം,ദേവസ്വം ബോര്‍ഡ്, ദേവപ്രശ്നം, തന്ത്രി, മന്ത്രി, അരവണ ഇവയൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയപ്പോളാണ് ശബരിമലയാത്ര വീണ്ടും മനസ്സില്‍ കടന്നുകൂടിയത്.

ഇതുവരെയും ശബരിമലയ്ക്കു പോയിട്ടില്ലാത്ത രാജനും കഴിഞ്ഞ പത്തുവര്‍‌ഷമായി സ്ഥിരമായി ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തുന്ന ക്ലോസും ഒപ്പം കൂടി. എല്ലാ ജാതിമതസ്ഥര്‍ക്കും അവിടെ പ്രവേശനമുണ്ടെന്നും മുസ്ലീമായ വാവരാണ് അയ്യപ്പന്റെ കാവലാളെന്നും മറ്റും വിവരിച്ചപ്പോള്‍ ക്ലോസിന് ആവേശമായി.

ഭാസിയുടെ വീട്ടില്‍ അന്തിയുറങ്ങി വെളുപ്പിനെ യാത്ര പുറപ്പെട്ടു. കൂടെക്കൂടെ റോഡിലേയ്ക്കിറങ്ങിവന്ന് മൂടുപടം സൃഷ്ടിച്ച കോടമഞ്ഞിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. തണുത്ത കാറ്റും നക് ഷത്രക്കൂട്ടങ്ങളും കിഴക്കുദിച്ച പെരുമീനും ഞങ്ങളെ ആകാംക്ഷാഭരിതരാക്കി. എന്തോ അത്ര നിസ്സാരമല്ലാത്ത കാര്യം ചെയ്യാന്‍ പോവുന്ന ഒരു തോന്നല്‍.

പമ്പയിലെത്തിയപ്പോള്‍ നേരം നല്ലപോലെ വെളുത്തിരുന്നു. കുംഭം ഒന്നാം തീയതി ആയിട്ടും അനേകം വാഹനങ്ങളും നൂറുകണക്കിന്‌ ആളുകളും. 'അക്ഷരലക്ഷം മന്ത്രങ്ങള്‍ ഉരുക്കഴിച്ചി'ല്ലെംകിലും 'പമ്പയില്‍ കുളിച്ചു തോര്‍ത്തി' ത്തന്നെ പോകാമെന്നു കരുതി. മുട്ടറ്റം വെള്ളത്തില്‍ 'കുളിക്കുന്ന' അനേകം പേര്‍. അല്പം മുകളിലേയ്ക്കു കയറിയാല്‍ കുറെക്കൂടി വെള്ളം കാണുമെന്നു കരുതി മുമ്പോട്ടു നടക്കുമ്പോള്‍ അതു ശരിയാവില്ലെന്നു ബോധ്യമായി. വഴിയിലാകെ അമേധ്യം. പോരെങ്കില്‍ പ്രാഥമിക കര്‍മ്മത്തിനായി പുഴക്കരയില്‍ നിരന്നിരിക്കുന്ന പുരുഷന്‍‌മാരും.തിരിച്ചുവന്ന് എല്ലാവരും കുളിക്കുന്നിടത്തുതന്നെ ഇറങ്ങി. വെള്ളത്തില്‍ അടുക്കടുക്കായി ഉപെക്ഷിക്കപ്പെട്ട അടിവസ്ത്രങ്ങള്‍, തോറ്ത്തുകള്‍, കറുത്ത മുണ്ടുകള്‍ .'നനഞ്ഞിറങ്ങിപ്പോയി', ഇനി...കമിഴ്ന്നു കിടന്ന് കുളിച്ചെന്നു വരുത്തി, വേഷം മാറി മല കയറാന്‍ പുറപ്പെട്ടു. പമ്പാതീരം വലിയൊരു ചന്ത. അനേകം ചെറിയ ചെറിയ കടകള്‍, വഴിവാണിഭക്കാര്‍. തലേദിവസം പെയ്ത മഴയുടെ ചെളി. ആകെ മലിനമായ പരിസരം.

എന്തായാലും ഇറങ്ങിത്തിരിച്ചതല്ലെ, അതിന്റെ രീതിയില്‍ത്തന്നെ നമുക്കു പോകാം, ഭാസി പറഞ്ഞു. 'പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടിനെ' പ്പറ്റിയാണ്‌ ഭാസി സൂചിപ്പിച്ചത്. ഇരുമുടിയല്ലെങ്കില്‍ പതിനെട്ടാം പടി വഴി സന്നിധാനത്തിലേയ്ക്കു കടക്കാന്‍ പറ്റില്ല. ഇരുമുടിക്കായി സഞ്ചിയും തേങ്ങയും കുറച്ച് അരിയും വാങ്ങി.

ശബരിമല ക്ഷേത്രത്തിന്റെ മേല്‍‌ക്കൂര സ്വര്‍‌ണ്ണം പൂശിയത് യു ബി ഗ്രൂപ്പിന്റെ വിജയ് മല്യാ എന്ന ബോര്‍‌ഡും കടന്ന്, കോണ്‍‌ക്രീറ്റ് ചെയ്ത പടികളിലൂടെയും കല്ലിട്ട വഴിയിലൂടെയും കയറ്റം ആരംഭിച്ചു. മുകളിലേയ്ക്കു കയറുന്നവര്‍, താഴേയ്ക്കിറങ്ങുന്നവര്‍. ഇടക്കിടെ പ്രായം ഏറെച്ചെന്നവരേയും ദുര്‍‌മേദസ്സുള്ളവരേയും ചുമന്നുകൊണ്ട് 'ഡോളികള്‍' (നാലുപേര്‍ ചുമക്കുന്ന പല്ലക്ക്). തീരെ അവശ്ശരായവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോളല്ലാതെ മനുഷ്യനെ മനുഷ്യന്‍ ചുമക്കുന്നത് മനസ്സിനെ മഥിക്കുന്ന കാഴ്ചയാണ്‌.

മലയാളത്തെക്കാള്‍ തെലുഗുവും തമിഴുമാണ്‌ കേട്ടത്. ശരണം വിളികള്‍ വളരെക്കുറവായിരുന്നു. പക്ഷേ വിവിധ തരത്തിലുള്ള രോദനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. പാതയോരത്തെ ഭിക്ഷക്കാര്‍. അംഗവിഹീനര്‍, വിവിധ രോഗം ബാധിച്ച് ബീഭല്‍‌സമായ കാഴ്ചവസ്തുക്കളഅയവര്‍. അയ്യപ്പെന്റെ നാമത്തില്‍ അവര്‍ ഭിക്ഷ യാചിക്കുന്നു. പലനാളത്തെ പ്രാക്റ്റീസ് ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തം. നല്ല ശാരീരികശേഷിയുള്ളവര്‍ക്കു പോലും അത്ര എളുപ്പമല്ലാത്ത കയറ്റം കയറി നീലിമലയിലും കരിമലയിലും അവര്‍ സ്വയം എത്തിയതല്ലെന്നും വ്യക്തം. മറ്റൊരു മാഫിയായുടെ ഇരകള്‍. എത്ര ദശലക്ഷങ്ങളാവും ആ മാഫിയയുടെ വാര്‍ഷിക ടേണോവര്‍? അവരുടേയും വഴിവാണിഭക്കരുടേയും വായ്ത്താരികള്‍ പമ്പയില്‍ നിന്നുള്ള അഞ്ചു കിലോമീറ്റര്‍ ദൂരവും ഞങ്ങളെ അനുധാവനം ചെയ്തു.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ 'അയ്യപ്പന്റെ പൂങ്കാവനം' എന്ന ബോര്‍‌ഡ്. എന്നാല്‍ തുടര്‍‌ന്നു കണ്ടത് അക്ഷരാര്‍‌ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇരുവശവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നു കുന്നായും പരന്നും കിടക്കുന്നു.താഴെ അടിവാരത്തിലേയ്ക്ക് തുളുമ്പിയിറങ്ങിയിരിക്കുന്നു. വൃക്ഷത്തലപ്പുകളില്‍ തൂങ്ങിക്കിടക്കുന്നു, പ്ലാസ്റ്റിക് കൂടുകളും കുപ്പികളും.

Sabarimala

ശബരിമല പ്രദേശം ഒരു കടുവാ സങ്കേതം കൂടിയാണ്‌. ഏന്നാല്‍ കാനനത്തിന്റെ ശാന്തതയെ ക്രൂരമായി നടുക്കിക്കൊണ്ട് കതിനാവെടി മുഴക്കുന്ന വെടി വഴിപാടുകേന്ദ്രങ്ങള്‍ വഴി നീളെ. അവശേഷിച്ചിട്ടുണ്ടെങ്കില്‍ കടുവകളും പാവം അയ്യപ്പനും ഒരു ദിവസം എത്ര പ്രാവശ്യമാവും ഞെട്ടുക!‍

അപ്പാച്ചിമേട്ടില്‍‌വച്ച് ഭാസി പെരിയസ്വാമിയായി. തേങ്ങയും അരിയും നിറച്ച് ഇരുമുടിക്കെട്ട് ഞങ്ങളുടെ തലയില്‍ വച്ചു തന്നു. ************************************************

സന്നിധാനം. ഒരു കോണ്‍ക്രീറ്റ് വനം.വലിയ കെട്ടിടങ്ങള്‍‌ക്കിടയില്‍ മല്ല്യ മഞ്ഞലോഹം പൂശിയതുകൊണ്ടു മാത്രം വ്യത്യസ്തമായി തോന്നുന്ന ക്ഷേത്രത്തിന്റെ മേല്‍‌ത്തട്ട്. ക്ഷേത്രത്തിലെ കൊടിമരത്തെക്കാളും ഉയരത്തില്‍ കൊടിമരത്തിനു പിന്നിലായി വോഡോഫോണിന്റെ വലിയ ടവര്‍. നടപ്പന്തലിന്റെ ഇരുവശവും കടകള്‍‌ക്കായി ഒഴിച്ചിട്ടിരിക്കുന്ന ഇടങ്ങള്‍. പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍, ചെളി, മാലിന്യങ്ങള്‍.

പതിനെട്ടാം പടി. ഒരു ഷോപ്പിങ് കോമ്പ്ലെക്സിന്റെ എസ്കലേറ്റര്‍ പോലെ പടികള്‍. സ്വര്ണ്ണത്തിന്റെ മഞ്ഞ നിറത്തില്‍ അഴുക്കുപുരണ്ട പാദങ്ങളുടെ അടയാളങ്ങള്‍. പടിയുടെ ഇരുവശവും മൊബൈലില്‍ സംസാരിച്ചുകൊണ്ട് രണ്ടുപേര്‍.

"ഒന്നാമത്തെ പടി തൊട്ടുവന്ദിക്കണം", പെരിയസ്വാമി നിര്‍‌ദ്ദേശിച്ചു.

പടികള്‍ കയറി ക്ഷേത്രത്തിനുള്ളില്‍. നാലമ്പലത്തെ ചുറ്റിയുള്ള റാമ്പുവഴി നടന്നു. അവിടെയും കണ്ടു പ്ലാസ്റ്റിക് കുപ്പികളുടെയും മറ്റു മാലിന്യങ്ങളുടെയും കൂമ്പാരങ്ങള്‍. നാലമ്പലത്തിന്റെ മേല്‍ക്കൂരയൊട് ചേര്‍ന്ന്. "ഈ ക്ഷേത്രത്തിന്‌ വലിയ വരുമാനം ഉണ്ടാവില്ലേ?" ക്ലോസ് നിഷ്കളങ്കമായി ചോദിച്ചു. "മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ കഴിയില്ലെങ്കില്‍ അവ എടുത്തുമാറ്റാന്‍ ജോലിക്കാരെ വച്ചൂടെ?"

ക്ഷേത്ര സന്നിധി. നിമിഷ നേരത്തേയ്ക്ക് ഒരു ദര്‍ശനം. നിരന്നിരിക്കുന്ന പൂജാരിമാരുടെ ഇടയില്‍ ഒരു കുഞ്ഞി വിഗ്രഹം. ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ. ചൈതന്യം തുളുമ്പുന്ന ഒരു ശില്പം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആ മല ശബരിമലയായപ്പോള്‍ ഉണ്ടായതില്‍ അവശേഷിക്കുന്നത് ആ മൂര്‍ത്തി മാത്രമാവുമോ?

"That moment of epiphany". "അതിനുവേണ്ടിയാണ് ഞാന്‍ ശബരിമലയില്‍ പോകാറ്," എന്റെ സുഹൃത്തും പണ്ഡിതനും ചിത്രകാരനുമായ പ്രൊഫ: സി എസ് ജയറാം പറയുന്നു. 1976 മുതല്‍ എല്ലാവര്‍ഷവും ശബരിമലയ്ക്കു പോകാറുള്ള അദ്ദേഹത്തോട് , എങ്ങനെ വീണ്ടും വീണ്ടും പോകാന്‍ തോന്നുന്നു, ചുറ്റുമുള്ള അവസ്ഥ കാണുന്നില്ലേ, ഇത്ര ecologically fragile ആയ ഒരു പരിസരത്തെ നമ്മള്‍ മനുഷ്യര്‍ ആക്കിത്തീര്‍ക്കുന്നതെന്തെന്നു പരിഗണിക്കാറില്ലേ എന്ന എന്റെ ചോദ്യത്തിന്‌ ഉത്തരമായിരുന്നു അയ്യപ്പ വിഗ്രഹ ദര്‍ശനം നല്‍‌കുന്ന "താദാത്മ്യത്തിന്റെ ഒരു നിമിഷം".

'അന്ധമായ വിശ്വാസം' മറ്റൊന്നിനേയും കാണാന്‍ അശക്തരാക്കുന്നു എന്ന എന്റെ പ്രസ്താവനയോട് അദ്ദേഹം മാത്രമല്ല ലക്ഷക്കണക്കിനു ഭക്തരും യോജിക്കില്ല. പക്ഷേ തങ്ങളുടെ ഇഷ്ട ദൈവം തികച്ചും മലീമസമായ അന്തരീക്ഷത്തില്‍, കെണിയില്‍ അകപ്പെട്ട് 'ബന്ധനസ്ഥനായ അയ്യപ്പനായി' ഞെരുങ്ങി മരുവുന്നതില്‍ അവര്‍‌ക്കുള്ള ഉത്തരവാദിത്തം എഴുതിത്തള്ളാവുന്നതല്ല.

തിരിച്ചുള്ള യാത്ര സ്വാമി അയ്യപ്പന്‍ റോഡു വഴിയാക്കി. മല തുരന്ന് സാധനസാമഗ്രികള്‍ പേറുന്ന വാഹനങ്ങള്‍ സന്നിധാനത്തിലെത്തിക്കാന്‍ വേണ്ടി നിര്‍മ്മിച്ച പാത. ദുര്‍ഘടങ്ങള്‍ കൂടുതലായതുകൊണ്ട് താരതമ്യേന കുറച്ചാളുകളേ ആ മാര്‍ഗം ഉപയോഗിക്കാറുള്ളു. ഒരു വനത്തിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്ന് ആദ്യമായി തോന്നി. പക്ഷെ, ഇവിടെയും പ്ലാസ്റ്റിക്- പോളിത്തിന്‍-സില്പോളിന്‍ കൂമ്പാരങ്ങള്‍. ടെന്റടിച്ചു താമസിച്ചതിന്റെ അവശിഷ്ടങ്ങള്‍.

"വേണൂ, കോട്ടയം സമ്മേളനത്തിനു വന്ന ഒരു കോമ്രേഡ് ദര്‍ശനത്തിനായി പല്ലക്കില്‍ എഴുനെള്ളുന്നു," എന്നെക്കാള്‍ അല്പം മുമ്പേ നടന്നിരുന്ന സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞു. ചുവന്ന ഷര്‍ട്ടു ധരിച്ച്‌ ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി മൊബൈലില്‍ സംസാരിച്ചുകൊണ്ട് പുറകോ ട്ട് ചാഞ്ഞുകിടക്കുന്ന ഒരു വ്യക്തി 'ഡോളി'യില്‍. നാലുപേര്‍ അദ്ദേഹത്തെ ചുമക്കുന്നു. അവര്‍ കിതയ്ക്കുന്നുണ്ട്. കാവാലത്തിന്റെ നാടകങ്ങളിലെ നാടുവാഴിയെ ഓര്‍മ്മ വന്നു. പെട്ടെന്ന് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ അങ്ങനെയൊരു വലിയ കാര്യം ചെയ്തുതന്നിട്ടുണ്ടല്ലോ. സി. കെ . ഗുപ്തന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‌ഡ് പ്രസിഡന്റ്.

അദ്ദേഹം ഞങ്ങളെ നോക്കി കൈ വീശി, ചിരിച്ചു. ക്യാമറ സ്വയം ക്ലിക്കായി. ഇതായിരുന്നു എന്റെ ശബരിമല തീര്‍ഥയാത്രയുടെ defining moment.

Sabarimala

ദേവസ്വം ബോര്‍ഡിന്റെ അപഹാസ്യമായ അവസ്ത ഈ ലേഖകന്റെ പരിഗണനയിലെങ്ങും തന്നെ വരുന്നില്ല. അദ്ദേഹത്തെ അപഹാസ്യനാക്കാന്‍ വേണ്ടിയല്ല ആ ചിത്രമെടുത്തതും. മറ്റു ബോര്‍ഡ് അംഗങ്ങളും മുന്‍ പ്രസിദന്റുമാരും ഇതു പോലെ രാജകീയമായിത്തന്നെയാവാം സന്നിധാനത്തിലേക്ക് എഴുന്നെള്ളിയിട്ടുണ്ടാവുക. എന്നാല്‍ ചരിത്രപരമായിത്തന്നെ പല്ലക്കിലും മഞ്ചലിലും സവാരി ചെയ്യുന്ന ഭരണാധികാരികള്‍ ഇരുപുറത്തും തറനിരപ്പിലും സംഭവിക്കുന്നതു കാണുന്നില്ല. ഭക്തര്‍ക്ക് വിശ്വാസത്തിന്റെ അന്ധതയെങ്കില്‍ ഉടയോര്‍ക്ക് അധികാരത്തിന്റെ അന്ധത. എങ്കിലും പ്രകൃതിക്കുമാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ശാന്തിയും പ്രകൃതിക്കുമാത്രം അനുഭവിപ്പിക്കാന്‍ കഴിയുന്ന ഗാംഭീര്യവും ഇത്ര രൂക്ഷമായി ഭഞ്ജിക്കപ്പെടുന്നത്, സ്വാര്‍‌ഥതയും ഉച്ചനീചത്വവും ജാതിമത വിഭാഗീയതയും പങ്കിലമാക്കാത്ത ചില സങ്കല്പങ്ങളെ ഇത്ര ദയാരഹിതമയി വാണിജ്യവല്‍ക്കരിക്കുന്നത് , കാണാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?

രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഭാസിയുടെ വീടിന്റെ താഴെക്കൂടി ഒഴുകുന്ന കക്കാട് ആറ്റിലെ കുളിരുള്ള വെള്ളത്തില്‍ കുളിച്ചു മദിച്ചപ്പോള്‍ ആകെക്കൂടി വൃത്തിയായ തോന്നല്‍. ഒരു നവോന്മേഷം.

Post your comments.

Name:

Email:
(optional):

Please enter
your comments:

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ 'അയ്യപ്പന്റെ പൂങ്കാവനം' എന്ന ബോര്‍‌ഡ്. എന്നാല്‍ തുടര്‍‌ന്നു കണ്ടത് അക്ഷരാര്‍‌ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇരുവശവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നു കുന്നായും പരന്നും കിടക്കുന്നു.താഴെ അടിവാരത്തിലേയ്ക്ക് തുളുമ്പിയിറങ്ങിയിരിക്കുന്നു. വൃക്ഷത്തലപ്പുകളില്‍ തൂങ്ങിക്കിടക്കുന്നു, പ്ലാസ്റ്റിക് കൂടുകളും കുപ്പികളും.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org