logo malayalam

|കാര്‍ഷികം|

പാടങ്ങള്‍ നെല്ലിന്‍ നിറം പൂണ്ടു നീളെ....

പി എന്‍ വേണുഗോപാല്‍

നവംബര്‍ 11, 2013

കാല്‍നൂറ്റാണ്ടിനുശേഷം പുത്തന്‍‌കരിപ്പാടത്ത് കൊയ്ത്ത്. ആലപ്പുഴ ജില്ലയില്‍ എഴുപുന്നയിലെ ഈ പാടശേഖരം കൃഷി ചെയ്യാതെ തരിശ്ശിട്ടതുകൊണ്ടല്ല, കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി അവിടെ കൊയ്ത്ത് ഉണ്ടാവാതിരുന്നത്. അന്‍‌പത്തിയാറ് ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള ഈ പൊക്കാളിപ്പാടങ്ങളില്‍ ഇക്കാലമത്രയും മുഴുവന്‍ സമയ ചെമ്മീന്‍ കൃഷിയാണ് നടന്നുവന്നത് എന്നതിനാലാണ്.

കാറ്റില്‍ തീയാളുന്നതുപോലെ, വേലിയേറ്റത്തില്‍ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പൊക്കത്തില്‍ ആളി വളരുന്നതിനാല്‍ 'പൊക്കാളി'. ശരാശരി മൂന്നരയടി പൊക്കം. ഉപ്പുരസമുള്ള വെള്ളത്തിലും വളരുന്ന ഏക നെല്ലിനം. കീടനാശിനികളോ രാസവളങ്ങളോ തീണ്ടാത്ത വിശിഷ്ട അന്നം. ഏപ്രില്‍ പകുതിയോടെ ചെമ്മീന്‍ കെട്ടിലെ അവസാന മത്സ്യത്തെയും പിടിച്ചു കഴിഞ്ഞാല്‍ പൊക്കാളി കൃഷിയ്ക്കുള്ള ഒരുക്കങ്ങളായി. ലവണജലം വറ്റിച്ച്, പുറം ബണ്ട് ശക്തിപ്പെടുത്തി, കണ്ണി(മണ്‍ കൂനകള്‍ എന്നു പറയാം) തടം കൂട്ടി വയ്ക്കുന്നു. കാലവര്‍ഷത്തില്‍ കണ്ണികളിലെ ഉപ്പുരസം വാര്‍ന്നുപോകുന്നതോടെ വിത്തു വിതയ്ക്കുന്നു. ഒരു മാസം കഴിഞ്ഞ് ഞാറ് പറിച്ചു നടുന്നു. ഞാറ് തിങ്ങി നിറഞ്ഞ് പന്തലിച്ച് വളരുന്നതുകൊണ്ട് താഴേയ്ക്ക് സൂര്യപ്രകാശം എത്താത്തതു മൂലവും, ലവണാംശം കുറച്ചെങ്കിലും അപ്പോഴും വെള്ളത്തില്‍ ഉള്ളതുകൊണ്ടും കളശല്യം ഇല്ല. മിത്രകീടങ്ങള്‍ മറ്റു കീടങ്ങളെ ഇല്ലായ്മ ചെയ്യുന്നു. കഴിഞ്ഞ അഞ്ചുമാസക്കാലത്തോളം നടന്ന ചെമ്മീന്‍ കൃഷിയിലൂടെ ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ വളമായി വര്‍ത്തിക്കുന്നു. 115-125 ദിവസം കൊണ്ട് വിളവെടുക്കാം. അപ്പോഴേയ്ക്കും നവംബറും തുലാവര്‍ഷവും എത്തിയിട്ടുണ്ടാവും.

കൊയ്ത്തു കഴിഞ്ഞാല്‍ പുറം ബണ്ട് ബലപ്പെടുത്തി ചെമ്മീന്‍ കൃഷി ആരംഭിക്കുകയായി. ബണ്ടില്‍ തൂമ്പുകള്‍ വച്ച് കായലില്‍ നിന്ന് വേലിയേറ്റസമയത്ത് വയലിലേയ്ക്കു കടത്തുന്ന വെള്ളത്തില്‍ ആയിരക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍. നീളമുള്ള ഞാറുകളില്‍ നിന്ന് കതിര്‍ മാത്രം കൊയ്തെടുത്ത് അവശേഷിക്കുന്ന വൈക്കോല്‍ ചീഞ്ഞ് ചെമ്മീന് പ്രിയമുള്ള ഒരു ആവാസ വ്യവസ്ഥ ഉണ്ടാവുന്നു. ഇങ്ങനെയുണ്ടാവുന്ന ജൈവ വസ്തുക്കളാണ് മീനിന്റെ പ്രധാന ആഹാരം.

ഇങ്ങനെ, പരസ്പര പൂരകമായ ഒരു കൃഷി വ്യവസ്ഥ. അനേകകാലം‌കൊണ്ട് ഉരുത്തിഞ്ഞുവന്ന ഈ കാര്‍ഷിക സമ്പ്രദായം കഴിഞ്ഞ മൂന്നു ദശകങ്ങളോളമായി അട്ടിമറിക്കപ്പെടുകയാണ്. കാര്‍ഷികവൃത്തിയോടുതന്നെ ആഭിമുഖ്യം കുറഞ്ഞതും, പ്രത്യേകിച്ചും നെല്‍കൃഷിയോട് കേരളസമൂഹത്തിന് താല്പര്യം കുറഞ്ഞതും മൂലകാരണങ്ങളാണെങ്കിലും പൊക്കാളിയെ മാത്രം ബാധിക്കുന്ന ഒരു വിഷയമുണ്ട്. ചെമ്മീന്‍. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറുണ്ടെങ്കിലും വിദേശവിപണിക്ക് എക്കാലവും പ്രിയപ്പെട്ടതാണ് ചെമ്മീന്‍. കാര്യമായ അധ്വാനമില്ലാതെ ചെമ്മീന്‍ കൃഷി ചെയ്ത് പണം വാരാമെന്നുള്ളപ്പോള്‍ നിലം ഒരുക്കാനും പറിച്ചു നടാനും കൊയ്യാനുമൊന്നും ആളേക്കിട്ടാത്ത, താരതമ്യേന ഉല്പാദനത്തോതു കുറഞ്ഞ പൊക്കാളിക്കായി എന്തിനു മെനക്കെടണം? ഒരാണ്ടില്‍ ആറു മാസത്തിലേറെ തങ്ങളുടെ പാടങ്ങള്‍ പൊക്കാളിക്കായി എന്തിനു മാറ്റിവയ്ക്കണം? പോരെങ്കില്‍ ചെമ്മീന്‍ കെട്ടിന് കയ്യഴിഞ്ഞ സര്‍ക്കാര്‍ സഹായവും. ഈ ചിന്ത വ്യാപകമായതോടെ പൊക്കാളിയുടെ അസ്തമയവും ആയി. ഒരു വര്‍ഷത്തില്‍ മൂന്നു വട്ടം വരെ ചെമ്മീന്‍ കൃഷി; അതായത് മുഴുവന്‍ സമയ ചെമ്മീന്‍ കെട്ട്. കാല്‍ നൂറ്റാണ്ടിനു മുമ്പ് ആലപ്പുഴയിലെയും എറണാകുളത്തേയും തൃശ്ശൂരിലെയും തീരപ്രദേശങ്ങളില്‍ 25000 ഹെക്റ്ററില്‍ കൃഷി ചെയ്തിരുന്ന പൊക്കാളി, പരമ്പരാഗതമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന, പ്രത്യേക ഗുണമേന്മകളുള്ള ഉല്പന്നമാണെന്ന്‌ സൂചിപ്പിക്കുന്ന ജി ഐ സര്‍ട്ടിഫിക്കേറ്റ് 2009 ല്‍ലഭിച്ചിട്ടും കേവലം ആയിരത്തില്‍ താഴെ ഹെക്റ്ററിലേയ്ക്ക് ചുരുങ്ങി. ഈ പശ്ചാത്തലത്തിലാണ് എഴുപുന്ന ഗ്രാമത്തിലെ ജനകീയ കൂട്ടായ്മയുടെ ദൗത്യം ശ്രദ്ധേയമാകുന്നത്.

എഴുപുന്നയിലെ ഒരു ജന്മി കുടുംബത്തിന്റെ വകയായിരുന്നു പുത്തങ്കരിപ്പാടം. ഭൂപരിഷ്കരണനിയമം നടപ്പിലാക്കിയതോടെ മിച്ചഭൂമിയായി മാറിയ ആ പാടം നൂറിലേറെ കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യപ്പെട്ടു. എന്നാല്‍ 1980 കളില്‍ ആ കുടുംബത്തിന്റെ ഒരു ട്രസ്റ്റ് ഈ പാടങ്ങളെല്ലാം മോഹവില നല്‍കി തിരിച്ചുവാങ്ങി. പക്ഷേ അതിനു ശേഷം ആ പാടശേഖരത്തില്‍ കൃഷിയിറക്കുകയുണ്ടായില്ല, മറിച്ച് ചെമ്മീന്‍ കെട്ടിനായി വാടകയ്ക്കു കൊടുക്കുകയാണ് അവര്‍ ചെയ്തത്. കഴിഞ്ഞ ഇരുപത്തിഞ്ചിലേറെ വര്‍ഷങ്ങളായി മുഴുവന്‍ സമയ ചെമ്മീന്‍ കെട്ടാണ് പുത്തങ്കരിയില്‍. ഫലത്തില്‍ ആ പാടശേഖരം ഒരു ഓരുജല തടാകമായി മാറി. ക്രമേണ ആ ഗ്രാമത്തില്‍ ശുദ്ധജലസ്റോതസ്സുകള്‍ ഇല്ലാതായി, തളിര്‍ത്തുനിന്നിരുന്ന ജൈവ പച്ചക്കറി കൃഷി മുരടിച്ചു, താറാവു വളര്‍ത്തല്‍ ഇല്ലാതെയായി. ഇതിനിടെ ആരംഭിച്ച തീരദേശ റയില്‍ പാത (എറണാകുളം-ആലപ്പുഴ) ഗ്രാമവാസികളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു. വളരെ കുറച്ചു സമയം കൊണ്ട് വളരെ കുറഞ്ഞ ചിലവില്‍ അവര്‍ക്ക് കൊച്ചി നഗരത്തിലെത്താം. പാരമ്പര്യ ജീവനോപാധികള്‍ ക്രമേണ വിസ്മരിക്കപ്പെട്ടു. എല്ലാം കൊണ്ടും സുസ്ഥിരമായിരുന്ന ഒരു ആവാസ വ്യവസ്ഥ ഇല്ലാതാവുകയായിരുന്നു.

എന്നാല്‍ മുഴുവന്‍ സമയ ചെമ്മീന്‍ കൃഷിക്കെതിരേ സമരം ഉരുണ്ടുകൂടിയത് താത്വികമോ പരിസ്ഥിതി സം‌രക്ഷണ ചിന്തകളോ മൂലമായിരുന്നില്ല. വളരെ പ്രായോഗികമായ ഒരു പ്രശ്നം ആണ് അവരെ അതിലേയ്ക്കു നയിച്ചത്. നിരന്തരമായ ഉപ്പു കാറ്റേറ്റ് പുത്തങ്കരിയുടെ ചുറ്റുമുള്ള വിടുകളുടെ ഭിത്തികള്‍ ദ്രവിക്കാന്‍ തുടങ്ങി. അറ്റകുറ്റപ്പണികള്‍ പ്രതിവിധിയായില്ല, വീടുകള്‍ പുനര്‍ നിര്‍മ്മിക്കേണ്ടി വന്നു. പുതിയ വീടുകള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. അപ്പോഴാണ് ഇതൊരു പ്രശ്നം മാത്രമല്ല ഒരു വിപത്തുതന്നെയാണെന്ന അവബോധം നാട്ടുകാര്‍ക്ക് ഉണ്ടാവുന്നത്. അത് ഒരു റസിഡന്‍സ് അസ്സോസിയേഷന്റെ രൂപീകരണത്തിലേയ്ക്കു നയിച്ചു.

മുഴുവന്‍ സമയ ചെമ്മീന്‍‌കൃഷിക്കെതിരെ അവര്‍ സമരമാരംഭിച്ചു. എന്നാല്‍ ശക്തമായ ചെമ്മീന്‍ ലോബി വഴങ്ങിയില്ല, അധികാരസ്ഥാപനങ്ങള്‍ അങ്ങുമിങ്ങും തൊടാത്ത നിലപാടുകള്‍ സ്വീകരിച്ചു. ഏതാണ്ട് രണ്ടു വര്‍ഷം ഈ സ്ഥിതി തുടര്‍ന്നു. അപ്പോഴാണ് തൊട്ടടുത്ത പ്രദേശമെങ്കിലും എറണാകുളം ജില്ലയില്‍പ്പെട്ട ചെല്ലാനത്ത് പൊക്കാളി ഫോറത്തിന്റെ കണ്‍‌വീനറും പൊതുപ്രവര്‍ത്തകനും എഞ്ചിനീയറിങ് കോളെജ് പ്രൊഫസറുമായ ഫ്രാന്‍സിസ് കുളത്തുങ്കല്‍ പ്രശ്നത്തില്‍ ഇടപെടുന്നത്. അതോടെ മുഴുവന്‍ സമയ ചെമ്മീന്‍‌കൃഷി അവസാനിപ്പിക്കുക എന്നതിനോടൊപ്പം പൊക്കാളിപ്പാടത്ത് പൊക്കാളി കൃഷി പുനരാരംഭിക്കുക എന്ന മുദ്രാവാക്യം കൂടി ഉയര്‍ന്നു. സൃഷ്ടിപരമായ ഒരു ലക്ഷ്യം കൂടി ഉണ്ടായതോടെ സമരത്തിന്റെ ഗതി മാറി. 'പൊക്കാളി സം‌രക്ഷണ സമര സമിതി' എന്ന സംഘടന നിലവില്‍ വന്നു. 'ഒരു നെല്ല്‌ ഒരു മത്സ്യം' എന്നതാണ് സര്‍ക്കാര്‍ നയം എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടു. ജില്ലാഭരണകൂടത്തിന്റെ സമീപനത്തിലും സഹായകരമായ മാറ്റങ്ങള്‍ ഉണ്ടായി. എന്നാലും ചെമ്മീന്‍ കൃഷിയുടെ നടത്തിപ്പുകാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. സമരസമതിക്ക് ചെമ്മീന്‍ കൃഷി നിറുത്തിക്കണമെന്നേയുള്ളൂ പൊക്കാളിക്കൃഷി ചെയ്യാന്‍ താല്പര്യമില്ല എന്ന അവരുടെ നിഗമനം ശരിയാണെന്ന് തെളിയിക്കാമെന്ന ഉദ്ദേശത്തോടെ ചെമ്മീന്‍ കൃഷിക്കാര്‍ സര്‍ക്കാരിനോടു പറഞ്ഞു, ഇവര്‍ കൃഷിചെയ്യുന്നെങ്കില്‍ ഞങ്ങള്‍ ഒരു പ്രാവശ്യത്തേയ്ക്ക് പാടം വിട്ടുകൊടുക്കാന്‍ തയാര്‍. തങ്ങള്‍ മുന്നോട്ടു വരില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് ആ നിര്‍ദ്ദേശം വന്നത് എന്ന് സമരസമതിയുടെ മുന്‍ നിര പ്രവര്‍ത്തകന്‍ ബെന്നി ഓര്‍ക്കുന്നു. എന്നാല്‍ കിട്ടിയ അവസരം പാഴാക്കരുത് എന്ന്‌ തീരുമാനിച്ച് സമരസമതി ആ ദൗത്യം ഏറ്റെടുത്തു.

എല്ലാ അര്‍ത്ഥത്തിലും ഒരു വെല്ലുവിളി തന്നെയായിരുന്നു അത്. സാധാരണ ഗതിയില്‍ ഏപ്രില്‍ പകുതിയോടെ പുറം ബണ്ട് ബലപ്പെടുത്തി ഓരുവെള്ളം വറ്റിച്ചാണ് കൃഷിക്കായി പാടം കൈമാറുന്നത്. എന്നാല്‍ ഈ ധാരണയിലെത്തുമ്പോഴേയ്ക്കും മേയ് മാസം 27 ആയിക്കഴിഞ്ഞിരുന്നു. പുറം ബണ്ടില്‍ പണിയൊന്നും നടന്നിരുന്നില്ല, വെള്ളം വറ്റിച്ചിരുന്നില്ല, എന്തിന് വെള്ളം കായലിലേയ്ക്ക് തള്ളാന്‍ പെട്ടിയും പറയും (50 എച് പി മോട്ടര്‍) ഉണ്ടായിരുന്നില്ല, അതു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട വൈദ്യുതി കണക്‌‌ഷനും ഇല്ല. ജൂണ്‍ പത്തിനെങ്കിലും നെല്‍ക്കൃഷി ആരംഭിക്കുകയും വേണം. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്ന സര്‍ക്കാര്‍ ഏജന്‍‌സികള്‍ പതുക്കെ പുറകോട്ടു മാറി. ജില്ലാഭരണാധിപന്‍ മാത്രമാണ് സപ്പോര്‍ട്ടു ചെയ്യാനുണ്ടായിരുന്നത്. എല്ലാത്തിനുമുപരി, പണവുമില്ല.

സമരസമതിയിലുണ്ടായിരുന്ന 28 പേര്‍ തങ്ങളാലാവും വിധം പണം സ്വരുക്കൂട്ടി; പെട്ടിയും പറയും വാടകയ്ക്കെടുത്തു, ഭീമമായ തുക ഇലക്ട്രിസിറ്റി ബോര്‍ഡിലടച്ച് കണക്‌ഷന്‍ തരപ്പെടുത്തി. നിലം ഒരുക്കല്‍ പേരിനുമാത്രം ചെയ്ത് വിത്തു വിതയ്ക്കാം എന്നായപ്പോഴാണ് വിത്തു നല്‍കാമെന്നേറ്റിരുന്ന സര്‍ക്കാര്‍ ഏജന്‍‌സി, പൊക്കാളി വിത്താണെങ്കില്‍ ഇല്ല എന്ന വെള്ളിടി മുഴക്കുന്നത്. അവസാനം വരാപ്പുഴയുള്ളഒരു സ്ത്രീകളുടെ സഹകരണസംഘത്തില്‍ നിന്ന് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നാലായിരത്തില്‍ ശിഷ്ടം കിലോ വിത്ത് വാങ്ങി വിതച്ചു. ഇത്രയുമൊക്കെ ആയതോടെ‍, ജീവിക്കാന്‍ വേണ്ടിയുള്ള സമരം പൊക്കാളി സം‌രക്ഷണ സമരമായതോടെ, അത് ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ സിസ്റ്റര്‍ ആലീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ സെന്റര്‍ എല്ലാ രീതിയിലും അവര്‍ക്കു കൈത്താങ്ങായി. റിട്ട. ഹൈക്കോടതി ജഡ്ജി കെ സുകുമാരന്‍, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം അസ്സോസിയേറ്റ് ഡയറക്ടര്‍ ഡോ കെ ജി പത്മകുമാര്‍ മുതല്‍ പേര്‍ സഹായവും പ്രോത്സാഹനവുമായി എത്തി. ഞാറ് പറിച്ചുനടാന്‍ സഹായിക്കാനായി സമീപത്തെ കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്നു.

ഇതിനകം തന്നെ സാമ്പത്തികമായ പരാധീനതകള്‍ പ്രസ്ഥാനത്തെ വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു. അതുവരെ ഉണ്ടായ ചെലവ് അഞ്ചര ലക്ഷം. പലപ്പോഴായി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പല സബ്‌സിഡികളില്‍ ആകെ ലഭിച്ചത് ഒരു ലക്ഷം മാത്രം. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍‌കൂറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ വായ്പയും. ഈ പരിതസ്ഥിതിയിലാണ് നൂതനമായ ഒരു ആശയം സമര സമിതിയിയുടെ മുമ്പില്‍ ഫ്രാന്‍സിസ് കുളത്തുങ്കല്‍ വയ്ക്കുന്നത്. പൊക്കാളി ബോണ്‍‌ഡ് ഇറക്കുക. നൂറു യൂണിറ്റുള്ള ഒരു ബോണ്‍‌ഡിന് ആയിരം രൂപ. കാലാവധി ആറുമാസം. കാലാവധി കഴിയുമ്പോള്‍ ആയിരം രൂപ മടക്കിക്കൊടുക്കും. പലിശയില്ല. വേണമെന്നുള്ളവര്‍ക്ക് ആയിരം രൂപയ്ക്കുള്ള പൊക്കാളി നെല്ലു കൊടുക്കും. നിയമപ്രകാരമുള്ള ഔപചാരികതകള്‍ക്ക് വിധേയമായ ഒരു ബോണ്‍‌ഡായിരുന്നില്ല അത്. ഒരു ധാരണാപത്രം എന്നു പറയാം. നൂറ്റിശിഷ്ടം അഭ്യുദയകാംക്ഷികള്‍ മൂന്നുലക്ഷം രൂപ മൂല്യം വരുന്ന ബോണ്‍‌ഡ് വാങ്ങി.

പൊക്കാളി ആയതുകൊണ്ട് കള പറിക്കേണ്ട, വളം വിതറേണ്ട, വിഷം അടിക്കേണ്ട. നൂറു നൂറ്റിപ്പത്തു ദിവസങ്ങളായപ്പോള്‍ തുലാവര്‍ഷവും എത്തി. മനസിലെ ആകുലതകള്‍ക്ക് വിരാമമിട്ടുകൊണ്ട് കുളിര്‍ മഴ.

ഇപ്പോള്‍ കൊയ്ത്തു നടക്കുന്നു. ഒരു ഹെക്റ്ററിന് (ഉദ്ദേശം രണ്ടരയേക്കര്‍) രണ്ട് ടണ്‍ വച്ച് ഉല്പാദനം ഉണ്ടാവുകയും സാധാരണ ഗതിയില്‍ പൊക്കാളിക്കൃഷിക്ക് സര്‍ക്കാര്‍ നല്‍കാറുള്ള സബ്‌സിഡികള്‍ ലഭ്യമാക്കുകയും ചെയ്താല്‍ ബോണ്ഡുകളുടെ പണവും മറ്റു ബാധ്യതകളും തീര്‍ക്കാമെന്നാണ് സമതി കണക്കു കൂട്ടുന്നത്. കൃഷിയുടെ ആരംഭത്തില്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നതു മൂലം 56 ഹെക്റ്ററില്‍ 40 ഹെക്റ്ററില്‍ നിന്നേ വിളവ്‌ പ്രതീക്ഷിക്കുന്നുള്ളു.

അടുത്ത വര്‍ഷം ഈ സം‌രംഭം തുടരാനാവുമൊ എന്ന് അവര്‍ക്ക് യാതൊരു ഉറപ്പുമില്ല. എന്നാല്‍ അവര്‍ അതേപ്പറ്റി ചിന്താകുലരല്ല. കാര്‍ഷികമേഖലയില്‍ വളരെ ചെറുതെങ്കിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന് സം‌തൃപ്തിയിലാണ് സമര സമതി അംഗങ്ങള്‍. "ഒന്നുമില്ലാതിരുന്നിടത്ത് 1400 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു," ബെന്നി പറയുന്നു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ പുത്തങ്കരി പാടത്തു നിന്ന് മീന്‍ പിടിക്കാനുമായി. (ചെമ്മീന്‍‌കെട്ടില്‍ നിന്ന് ഉടമയ്ക്കല്ലാതെ മറ്റാര്‍ക്കും മത്സ്യബന്ധനം സാധ്യമല്ല). 'നെല്‍ക്കൃഷി പുനരാരംഭിച്ച്പ്പോള്‍ ആറ്റക്കിളികളും മടങ്ങി വന്നു' തെങ്ങിന്‍ തലപ്പില്‍ കാറ്റിലാടുന്ന ഒരു കിളിക്കൂട് ചൂണ്ടിക്കാണിച്ച് ഫ്രാന്‍സിസ് കുളത്തുങ്കല്‍ പറഞ്ഞു.

...പാടിപ്പറന്നെത്തി ഇത്തത്തയെല്ലാം.

Post your comments.

Name:

Email:
(optional):

Please enter
your comments:

കാര്‍ഷികവൃത്തിയോടുതന്നെ ആഭിമുഖ്യം കുറഞ്ഞതും, പ്രത്യേകിച്ചും നെല്‍കൃഷിയോട് കേരളസമൂഹത്തിന് താല്പര്യം കുറഞ്ഞതും മൂലകാരണങ്ങളാണെങ്കിലും പൊക്കാളിയെ മാത്രം ബാധിക്കുന്ന ഒരു വിഷയമുണ്ട്. കാര്യമായ അധ്വാനമില്ലാതെ ചെമ്മീന്‍ കൃഷി ചെയ്ത് പണം വാരാമെന്നുള്ളപ്പോള്‍ നിലം ഒരുക്കാനും പറിച്ചു നടാനും കൊയ്യാനുമൊന്നും ആളേക്കിട്ടാത്ത, താരതമ്യേന ഉല്പാദനത്തോതു കുറഞ്ഞ പൊക്കാളിക്കായി എന്തിനു മെനക്കെടണം? ഒരാണ്ടില്‍ ആറു മാസത്തിലേറെ തങ്ങളുടെ പാടങ്ങള്‍ പൊക്കാളിക്കായി എന്തിനു മാറ്റിവയ്ക്കണം? പോരെങ്കില്‍ ചെമ്മീന്‍ കെട്ടിന് കയ്യഴിഞ്ഞ സര്‍ക്കാര്‍ സഹായവും.


Print this article


The Quest Features and Footage
Kochi 682020, Kerala, India
email: info@questfeatures.org