logo malayalam

|പരിസ്ഥിതി|ഭരണംI

പ്ലാച്ചിമടയില്‍ നിന്ന് പുതുശ്ശേരിയിലേയ്ക്കുള്ള ദൂരം‍

പി.എന്‍.വേണുഗോപാല്‍

23 ഏപ്രില്‍ 2010

പ്രകൃതിയോടും പ്ലാച്ചിമടയിലെ ജനങ്ങളോടും കണക്കാക്കാവുന്നതിലും അപ്പുറമുള്ള അപരാധങ്ങളാണ്‌ കൊക്കൊകോള കമ്പിനി ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഹൈപവര്‍ കമ്മറ്റി അസന്നിഗ്ധമാം വിധം സ്ഥിരീകരിച്ചിരിക്കുന്നു..അമിത ജലചൂഷണം, ഉപരിതല ഭൂഗര്‍ഭ ജലമലിനീകരണം, മണ്ണില്‍ മാരക വിഷനിക്ഷേപം.....ഇവയുടെ ഫലമായി ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കപ്പെട്ടു, ആരോഗ്യപരവും സാമ്പത്തികപരവുമായ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചു.മാത്രമല്ല, ഈ ആഘാതങ്ങളുടെ പരിണിതഫലങ്ങള്‍ ഭാവിയിലേയ്ക്കും നീളുന്നു.

ഒരു നീതിന്യായക്കോടതിയില്‍ ഈ ആരോപണങ്ങള്‍ സമര്‍ഥിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഈ റിപോര്‍ട്ടില്‍ ലഭ്യമാണോ എന്ന് സംശയങ്ങളുണ്ടെങ്കിലും വര്‍ഷങ്ങളായി പ്ലാച്ചിമട നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന സന്ദേഹങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണമാണിത് . ആഗോള സം‌രംഭമായ കൊക്കൊകോളയ്ക്ക് ലോകത്ത് എവിടെയെങ്കിലും ലഭിക്കുന്ന ആദ്യ ഔദ്യോഗിക പ്രഹരവും.

എന്നാല്‍ ഇതില്‍ അഭിരമിക്കുന്നതിനു പകരം ഈ റിപ്പോര്‍ട്ടിനെ മാര്‍ഗദര്‍ശകമായെടുത്ത് പ്ലാച്ചിമട പോലുള്ള ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അന്വേഷിക്കുകയാണു വേണ്ടത്. വാട്ടര്‍ പ്രിവെന്‍ഷന്‍ ആന്‍‌ഡ് കണ്‍‌ട്രോള്‍ ഓഫ് പൊല്യൂഷന്‍ ആക്ട് മുതല്‍ ഇന്ത്യന്‍ ഈസ്മെന്റ് ആക്ട് ഉള്‍പ്പടെ ഒമ്പത് നിയമങ്ങള്‍ ലംഘിക്കപ്പെട്ടു പ്ലാച്ചിമടയില്‍ എന്നാണ്‌ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ശീതളപാനീയ ബോട്ട്‌ലിങ് പ്ലാന്റുകള്‍ ഈ നിയമങ്ങളെ ലംഘിക്കുന്നുണ്ടോ എന്ന് പ്രാഥമിക പരിശോധനയെങ്കിലും നടത്താവുന്നതാണ്‍്‌. അതു തുടങ്ങന്നുത് പ്ലാച്ചിമടയില്‍ നിന്ന് അത്രയധികം ദൂരെയല്ലാത്ത പുതുശ്ശേരിയില്‍ നിന്നുമാവാം.പ്ലാച്ചിമടയില്‍ കോള 'കൊക്കൊ' എങ്കില്‍ പുതുശ്ശേരിയില്‍ കോള 'പെപ്സി' എന്നു മാത്രം.

എല്ലാ അര്‍ഥത്തിലും ഇരട്ട സഹോദരങ്ങളാണു്‌ രണ്ടും.പരസ്പര പൂരകങ്ങളായ വിപണന തന്ത്രമാണ്‌ ഇരുകൂട്ടരുടേതും.രണ്ടു പാനീയങ്ങളും തമ്മില്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന വ്യത്യാസ‌മാണ്‌ ഇരുവരുടേയും തുറുപ്പുചീട്ട്.വെള്ളവും പഞ്ചസാരയും കാര്‍ബണ്‍ ഡയോക്സൈഡും രഹസ്യമായി സൂക്ഷിക്കുന്ന ഒരു 'കോണ്‍സെന്‍‌ട്രേറ്റുമാണ്‌' ഇരുകൊളകളുടേയും മുഖ്യ ചേരുവകള്‍. ഇവ രണ്ടില്‍ ഒന്നെങ്കിലും ഒഴിച്ചുകൂടാന്‍ വയ്യാത്ത അമേരിക്കയിലും പാശ്ച്യാത്ത രാജ്യങ്ങളിലും നടത്തിയിട്ടുള്ള പല പഠനങ്ങളിലും പേരു വെളിപ്പെടുത്താതെ കുടിക്കാന്‍ നല്‍കിയപ്പോള്‍ ഏത് ഏതെന്നു തിരിച്ചറിയാന്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമേ കഴിഞ്ഞുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അങ്ങനെയൊരു അവസ്ഥയില്‍ രണ്ടു കോളകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഒന്നുതന്നെയാണെന്നതിനെപ്പറ്റി തര്‍ക്കമുണ്ടാവാന്‍ സധ്യതയില്ല.കൊക്കൊ കോളയ്ക്ക് നാലു ലിറ്റര്‍ വെള്ളം വേണം ഒരു ലിറ്റര്‍ കോള ഉല്പാദിപ്പിക്കാനെങ്കില്‍ പെപ്സിക്ക് മൂന്നു ലിറ്റര്‍ മതി ഒരു ലിറ്റര്‍ കോളയ്ക്ക് എന്ന ചെറിയ വ്യത്യാസം മാത്രം.അതായത് കൊക്കൊ കോള മൂന്നു ലിറ്റര്‍ മലിനജലവും ഖരമാലിന്യങ്ങളും ഉല്പാദിപ്പിക്കുമ്പോള്‍ പെപ്സി രണ്ടു ലിറ്റര്‍ മലിനജലവും ഖരമാലിന്യങ്ങളും ഉല്പാദിപ്പിക്കുന്നു.( പ്രധാന ഉല്പന്നം മലിനജലവും ഖരമാലിന്യങ്ങളും, ഉപോല്പന്നം കോളയും എന്നു പറയുന്നതല്ലേ യുക്തിസഹം?)

പെപ്സി കമ്പിനി വളപ്പിലെ കിണറുകളിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന മാലിന്യങ്ങളുടെ (റ്റി. ഡി.എസ് ) അളവ് ഒരു ലിറ്ററില്‍ 5684 മില്ലി ഗ്രാം ആണെന്ന് പെപ്സിയുടെ പ്രവര്‍ത്തനം പഠിച്ച സര്‍ക്കാര്‍ നിയമിത കമ്മിറ്റി 2008 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനുവദനീയമായ അളവ് ഒരു ലിറ്ററില്‍ 1000 മില്ലി ഗ്രാം മാത്രം. ഈ ജലം ശുദ്ധീകരിച്ചാണ്‌ കോള നിര്‍മ്മിക്കുന്നത്. ഉല്പാദനം കഴിഞുള്ള വെള്ളം ഫാക്റ്ററി വളപ്പില്‍ തന്നെ ഒഴുക്കുന്നതുകൊണ്ട് പുറത്തെ കിണറുകളെ തല്‍കാലം ഇതു ബാധിച്ചിട്ടില്ല.എന്നാല്‍ കാല്‍ഷ്യം, മഗ്നീഷ്യം, ക്ലോറൈഡ്, തുടങ്ങിയവ അടങ്ങിയ ഈ മലിനജലം ഭൂമിയിലേക്കുതന്നെയാണ്‌ പോവുന്നത്.കൂറ്റന്‍ മതിലും സെക്യൂരിറ്റി ജീവനക്കാരും വെള്ളത്തിന്റെ ഭൂഗര്‍ഭ ഒഴുക്കിന്‌ തടസ്സമല്ലല്ലോ.പാറകളുടെ വിടവുകളിലൂടെ മലിനജലം ഭൂജലത്തില്‍ കലരുമെന്നതിന്‌ സംശയമില്ലെന്ന് മുന്‍പു സൂചിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മലിനജലത്തെ ഫാക്റ്ററി പരിസരത്തുതന്നെ ഒതുക്കുകയാണെന്നും അതുകൊണ്ട് മറ്റു ജലസ്രോതസ്സുകള്‍ മലിനമാവില്ലെന്നാണ്‌ പ്ലാച്ചിമടയില്‍ കൊക്കൊ കോളയും അവകാശപ്പെട്ടിരുന്നത് എന്നോര്‍ക്കുക. 2002 ല്‍ സ്ഥാപനങ്ങളുടെ പുഷ്പ ഫല പച്ചക്കറി തോട്ടങ്ങളുടെ മത്സരത്തില്‍ പാലക്കാട് അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെ അവാര്‍ഡ് തങ്ങള്‍ക്കായിരുന്നെന്ന് അവര്‍ ഊറ്റം കൊണ്ടിരുന്നു. ഫാക്റ്ററി പൂട്ടിയതിനു ശേഷം 2004 സെപ്തംബറില്‍ കൊക്കൊ കോള കമ്പിനി സംസ്ഥാന്‍ പൊള്യൂഷന്‍ കണ്‍‌ട്റോള്‍ ബോര്‍ഡിന്‌ (പി സി ബി) അയച്ച കത്തില്‍ ഈ അവാര്‍ഡ് ഉയര്‍ത്തിക്കാട്ടി തങ്ങള്‍ കുഴപ്പക്കാരല്ലെന്ന് വാദിച്ചിരുന്നു. എന്താണ്‌ സത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്നതെന്ന് നാം വൈകി ആണെങ്കിലും മനസിലാക്കിയതാണല്ലോ.

പുതുശ്ശേരിയില്‍ ഒരു തനിയാവര്‍ത്തനത്തിന്റെ ആവശ്യമുണ്ടോ?

ഖരമാലിന്യങ്ങളുടെ കാര്യത്തിലും പ്ലാച്ചിമടയില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല പുതുശ്ശേരിയിലേതും. സിങ്ക്, കാഡ്മിയം, നിക്കല്‍, ലെഡ്, മഗ്നീഷ്യം, മാംഗനീസ് ...എല്ലാമുണ്ട് ഇവിടേയും. ആദ്യത്തെ ആറു വര്‍ഷം കമ്പിനി വളപ്പില്‍ത്തന്നെയാണ്‌ ഈ ഖരമാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2008 ല്‍ കൊച്ചി, അമ്പലമേട്ടില്‍ റ്റി എസ് ദഡി എഫ് (സംസ്ഥാനത്തെ ഫാക്ടറികളില്‍ ഉണ്ടാവുന്ന ഖരമാലിന്യങ്ങള്‍ ദീര്‍ഘ കാലത്തേയ്ക്ക് സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യം) നിലവില്‍ വന്നതോടെ പെപ്സി തങ്ങളുടെ ഖരമാലിന്യങ്ങള്‍ അവിടെ തള്ളുകയാണ്‌. 2008-09 ല്‍ 300 ടണ്‍ ഖരമാലിന്യങ്ങളും അതിനുശേഷം ഓരോ മാസവും 25 മുതല്‍ 30 ടണ്‍ വരെ അവിടെ നിക്ഷേപിക്കുന്നു എന്നാണ്‌ അറിയാന്‍ കഴിഞത്. ഒരു പാനീയം നിര്‍മിക്കുമ്പോള്‍ ഇത്രയേറെ ഖരമാലിന്യങ്ങള്‍ ഉണ്ടാവുന്നത് എവിടെ നിന്ന് എന്ന നിഗൂഢത നിലനില്‍ക്കുന്നു. പുതുശ്ശേരിയിലെ ജലത്തില്‍ ഘന ലോഹങ്ങളൂടെ സാന്നിധ്യം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി തിരിച്ചറിയാന്‍ കഴിയാത്തത്ര ചെറിയ അളവില്‍ (ബിലോ ഡിറ്റ്ക്ഷന്‍ ലെവല്‍ ) ഘനലോഹങ്ങളുണ്ടെങ്കില്‍ തന്നെ അവയെ അരിച്ചുപെറുക്കിയെടുത്ത് മാരക ബോംബുകളാക്കി മാറ്റേണ്ട എന്തു ഭൗതിക സാഹചര്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്? ദാഹം ശമിപ്പിക്കാന്‍ വിഷ ഉരുളകളുടെ നിര്‍മാണം അനിവാര്യമോ? മൂലധനത്തിന്‍മേല്‍ ലാഭമുണ്ടാക്കാന്‍ വേറെ എന്തെല്ലാം മര്‍ഗങ്ങളുണ്ട് ലോകത്തില്‍!

കേരളത്തിന്റെ പ്രകൃതിയിലെ മാലിന്യത്തിന്റെ തോത് അനുദിനം വര്‍ധിച്ചുവരുന്നതില്‍ പി സി ബി തങ്ങളുടെ കൃത്യവിലോപം വഴി വഹിക്കുന്ന പങ്കിനെ വിസ്മരിച്ചുകൂടാ. പ്ലാച്ചിമടയിലെ കോള കമ്പിനി പുറത്തുവിട്ട ഖരമാലിന്യങ്ങളില്‍ കാഡ്മിയം ഉണ്ടെന്ന് 2003 ആഗസ്ത് മാസ്ത്തില്‍ പി സി ബി യ്ക്ക് ബോധ്യമായി. കമ്പിനിക്ക് ഒരു കത്തെഴുതകയും ചെയ്തു. ഒന്‍പതു മാസം കഴിഞ്ഞ് 2004 മേ മാസത്തില്‍ കമ്പിനിയുടെ പ്രവര്‍‌ത്തനം നിലച്ചിതിനു ശേഷമാണ്‌ പിന്നീട് അതേപ്പറ്റി ഓര്‍ക്കുന്നത്. ഉടന്‍ തന്നെ സാനിറ്ററി ലാന്‍ഡ് ഫില്‍ നിര്‍മിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 2010 വരെ സുഖ സുഷുപ്തിയില്‍ ആണ്ടുപോയ പി സി ബി, ഹൈ പവര്‍ കമ്മറ്റി വന്നപ്പോള്‍ ഞെട്ടിയുണര്‍ന്നു. ഫാക്റ്ററി പ്രവര്‍ത്തിക്കുന്നില്ല, എഫ്ഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍‌ത്തനരഹിതമാണ്‌. ഖരമാലിന്യങ്ങള്‍ ഇനിയും അവിടെ സൂക്ഷിക്കുന്നത് അപകടമാണ്‌, അടിയന്തിരമായി അത് കൊച്ചിയിലേ റ്റി എസ് ഡി എഫ് ലേയ്ക്ക് മാറ്റേണ്ടതണെന്ന് കൊക്കോ ക്കോളാ കമ്പിനിയ്ക്ക് കത്തു പോയി. പി സി ബി യുടെയും പങ്കാളിത്തത്തോടെ 2008 ല്‍ ഈ സൗകര്യം അമ്പലമേട്ടില്‍ ആരഭിച്ചിട്ടും രണ്ടു വര്‍ഷമെടുത്തു പി സി ബി യ്ക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കാന്‍.

പ്ലാച്ചിമട കമ്പിനിയ്ക്ക് അതാതു സമയത്ത് ആവശ്യമായിരുന്ന എല്ലാ ക്ലിയറന്‍സുകളും നല്‍കി അവരെ അവിടെ കുടിയിരുത്തിയ, കാര്യങ്ങള്‍ തകിടം മറിഞ്ഞ് നില്‍ക്കക്കള്ളിയില്ലാതാവുമ്പോള്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും,മാനദന്‍ഡങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട് നല്‍കുന്ന ഉദ്യോഗസ്ത വൃന്ദത്തിനും നഷ്ടപരിഹാര ബാധ്യതയില്ലേ?

പ്ലാച്ചിമടയില്‍ സംഭവിച്ചത് പുതിശ്ശേരിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പ്ലാച്ചിമടയില്‍ ആദ്യകാലത്ത് ജലശോഷണമായിരുന്നു മുഖ്യ വിഷയം.പ്രകൃതി മലിനീകരണം മുഖ്യ വിഷയമായി മാറിയത് മാരകമായ ആഘാതങ്ങള്‍ ഏല്പിച്ചു കഴിഞ്ഞതിനു ശേഷമാണ്. പെപ്സി പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ വെള്ളമെടുക്കുന്നു, അതു വളരെ കൂടുതലാണ്, ജലശോഷണമുണ്ടാവും; പരമാവധി 2.34 ലക്ഷം ലിറ്റര്‍ മാത്രമേ ആകാവൂ...എന്നിങ്ങനെ ജലവിനിയോഗത്തിന്റെ കണക്കുകളില്‍ തടഞ്ഞുനില്‍ക്കുന്നു പെപ്സിക്കെതിരെയുള്ള പ്രധാന ശുപാര്‍ശകള്‍ പോലും.അമിത ജലചൂഷണത്തെ അവഗണിക്കണമെന്നല്ല പറഞ്ഞുവരുന്നത്. യഥാര്‍ഥ പ്രശ്നങ്ങള്‍ ഉപരിതലത്തിലല്ല ആഴങ്ങളിലാണെന്ന സന്ദേശം നല്‍കുന്ന പ്ലാച്ചിമടയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

Post your comments.

Name:

Email:
(optional):

Please enter
your comments:


Print this article


The Quest Features and Footage
email: info@questfeatures.org