logo malayalam

| പരിസ്ഥിതി |

പെപ്‌സിയെ എന്തിന്‌ സംരക്ഷിക്കണം?

എം. സുചിത്ര
28/08/2008

പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല്‌ ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

അമിതമായ അളവില്‍ വെള്ളം വലിച്ചെടുക്കുന്നതിനു പുറമെ പെപ്‌സിക്കോള കമ്പനി ഭൂജലം മലിനീകരിക്കുന്നുണ്ടെന്നും ഇതു നിയന്ത്രിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഭൂജല അതോറിറ്റിയും എത്രയും പെട്ടെന്ന്‌ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നതായിരുന്നു റിപ്പോര്‍ട്ട്‌. എന്നാല്‍, പെപ്‌സിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, പ്രസ്‌തുത റിപ്പോര്‍ട്ട്‌ അവഗണിച്ചു; പുറത്തുള്ള മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട്‌ വീണ്ടും പഠനം നടത്താന്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ വാശിപിടിക്കുന്നുവെന്നാണ്‌ അറിയുന്നത്‌.

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സര്‍ക്കാര്‍ വിദഗ്‌ധസമിതിയെ നിയോഗിച്ചത്‌. പെപ്‌സിയുടെ പ്രവര്‍ത്തനം രൂക്ഷമായ ജലക്ഷാമത്തിനു വഴിവെക്കുന്നുവെന്നു കാണിച്ച്‌ പുതുശ്ശേരി പഞ്ചായത്ത്‌ 2003 മെയില്‍ കമ്പനിയുടെ ലൈസന്‍സ്‌ റദ്ദുചെയ്‌തിരുന്നു. ഇതിനെതിരെ പെപ്‌സി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി കമ്പനിയുടെ ജലഉപഭോഗം പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്‌. കമ്പനി സ്ഥിതിചെയ്യുന്നത്‌ ഒരു വ്യവസായമേഖലയ്‌ക്കുള്ളിലായതിനാല്‍ കമ്പനിയുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യാന്‍ പഞ്ചായത്തിനു അധികാരമില്ല എന്നായിരുന്നു കോടതിയുടെ നിലപാട്‌. അതേസമയം, ജനങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കേണ്ട ചുമതല തദ്ദേശഭരണസ്ഥാപനത്തിനായിരിക്കെ, പഞ്ചായത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പഠനം നടത്തണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം.

750 ഏക്കറില്‍ പരന്നുകിടക്കുന്ന കഞ്ചിക്കോട്‌ വൈസ്‌ പാര്‍ക്ക്‌ വ്യവസായ മേഖലയില്‍ 53 ഏക്കര്‍ സ്ഥലമാണ്‌ പെപ്‌സി കമ്പനിക്കുള്ളത്‌-മൊത്തം സ്ഥലത്തിന്റെ ഏഴു ശതമാനം. എന്നാല്‍ ഇവിടെ ലഭ്യമായ ഭൂജലത്തിന്റെ 48.5 ശതമാനവും ഊറ്റിയെടുക്കുന്നത്‌ പെപ്‌സി കമ്പനിയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി അമിതമായ അളവില്‍ ജലം വലിച്ചെടുക്കുന്നുണ്ടെന്ന്‌ ഹൈഡ്രോജിയോളജിക്കല്‍ വസ്‌തുതകള്‍ വ്യക്തമാക്കുന്നുണ്ട്‌. പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ ഭൂജലം ഉപയോഗിക്കുന്നുണ്ടെന്നും അത്‌ 2.34 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തണമെന്നുമാണ്‌ വിദഗ്‌ധസമിതിയുടെ ശുപാര്‍ശ.

ഏഴ്‌ കുഴല്‍ക്കിണറുകളാണ്‌ കമ്പനിക്കുള്ളത്‌. ഓരോ ദിവസവും രണ്ട്‌ കുഴല്‍ക്കിണര്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും ഉപയോഗിക്കുന്ന പമ്പിന്റെ കപ്പാസിറ്റി 15 കുതിരശക്തിയായി കുറയ്‌ക്കണമെന്നും (ഇപ്പോള്‍ 20 ഓ അതിലധികമോ ആണ്‌) റിപ്പോര്‍ട്ടില്‍ പറയുന്നു. ജലചൂഷണം നിയന്ത്രിച്ചില്ലെങ്കില്‍ അത്‌ പഞ്ചായത്തിലെ ഭൂജലലഭ്യതയെ ബാധിക്കും. ഭൂഗര്‍ഭജലത്തിന്റെ കാര്യത്തില്‍ ഗുരുതരാവസ്ഥയില്‍ നില്‍ക്കുന്ന പഞ്ചായത്തുകളിലൊന്നാണ്‌ പുതുശ്ശേരി. പഞ്ചായത്തില്‍ ആകെ ലഭ്യമാകുന്ന ഭൂജലം 7.61 മില്യണ്‍ ക്യുബിക്‌ മീറ്റര്‍ ആണ്‌. ഇതില്‍ 7.1 എം.സി.എം. ജലം നിലവില്‍ ഉപയോഗിക്കുന്നുണ്ട്‌. കേന്ദ്രസര്‍ക്കാറിന്റെ ഭൂജല എസ്റ്റിമേഷന്‍ കമ്മിറ്റി 2004-ല്‍ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളനുസരിച്ച്‌ പഞ്ചായത്ത്‌ ഇപ്പോള്‍ 'ക്രിറ്റിക്കല്‍' കാറ്റഗറിയിലാണ്‌. ഭൂജലചൂഷണത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തപക്ഷം പഞ്ചായത്തിനെ അമിതചൂഷണം (്‌്വവി വന്ദ്യാ്‌ഹറവല) വിഭാഗത്തില്‍പ്പെടുത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌.

കമ്പനി കോമ്പൗണ്ടിലെ ഭൂജലത്തിന്റെ രാസപരിശോധനാ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌ ജലത്തില്‍ കാത്സ്യം, മഗ്‌നനീഷ്യം, ക്ലോറൈഡ്‌ എന്നിവ നിര്‍ദിഷ്‌ട അളവിനെക്കാള്‍ വളരെ കൂടുതലാണെന്നാണ്‌. കമ്പനി പുറന്തള്ളുന്ന മലിനവെള്ളവും ഖരമാലിന്യങ്ങളും ഇതിനു കാരണമാകുന്നുണ്ട്‌. ഒഴുക്കിവിടുന്ന മലിനജലത്തില്‍ പി.സി.ബി. നിശ്ചയിച്ചിട്ടുള്ള അളവില്‍ മാത്രമാണ്‌ രാസമാലിന്യങ്ങള്‍ അടങ്ങിയിട്ടുള്ളതെങ്കിലും ഇത്‌ പാറകളുടെ വിള്ളലുകള്‍ വഴി ഭൂജലത്തില്‍ എത്തുകയും അങ്ങനെ ഭൂജലം മലിനമാകുകയും ചെയ്യുന്നു.

ശുദ്ധജലത്തില്‍ അലിഞ്ഞുചേരാവുന്ന മാലിന്യങ്ങളുടെ പരമാവധി അളവ്‌ ഒരു ലിറ്ററില്‍ 1000 മില്ലിഗ്രാം ആണ്‌. എന്നാല്‍, പെപ്‌സി കമ്പനിയിലെ ബോര്‍വെല്ലുകളില്‍ ഇത്‌ ലിറ്ററില്‍ 5684 മില്ലിഗ്രാമാണ്‌! ജലം ശുദ്ധീകരിക്കാന്‍ റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ സംവിധാനം ഉള്ളതുകൊണ്ടു മാത്രമാണ്‌ കമ്പനിക്ക്‌ അവരുടെ ആവശ്യത്തിന്‌ ഈ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നത്‌. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിര്‍ദേശിക്കുന്ന രീതിയിലാണ്‌ കമ്പനിക്കകത്ത്‌ ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതെന്നും അത്‌ സുരക്ഷിതമാണെന്നുമാണ്‌ കമ്പനി അധികൃതര്‍ പറയുന്നത്‌. എന്നാല്‍ രണ്ടുവശവും മറയ്‌ക്കാത്ത ഒരു താത്‌കാലിക ഷെഡിനെയാണ്‌ സുരക്ഷിത സംവിധാനമായി കമ്പനി വിശേഷിപ്പിക്കുന്നത്‌! മഴ പെയ്യുമ്പോള്‍ വെള്ളം അകത്തു കയറാനും മാലിന്യങ്ങള്‍ ഒലിച്ചിറങ്ങാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന്‌ വിദഗ്‌ധ സമിതി ചൂണ്ടിക്കാണിക്കുന്നു.

പെപ്‌സിയുടെ ഖരമാലിന്യം കഴിഞ്ഞവര്‍ഷം മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ രാസപരിശോധനയ്‌ക്കു വിധേയമാക്കിയിരുന്നു. അപകടകരവും വ്യാപനശേഷിയുമുള്ള ലെഡ്‌, കാഡ്‌മിയം, നിക്കല്‍, മാംഗനീസ്‌ എന്നിവയുടെ സാന്നിധ്യം കൂടുതലായ അളവില്‍ അന്നു കണ്ടെത്തിയിരുന്നു. ഫ്‌ളൂറൈഡിന്റെ അളവും അനുവദനീയമായ അളവിനെക്കാള്‍ വളരെ കൂടുതലായിരുന്നു. മാരകരോഗങ്ങള്‍ക്കിടവരുത്തുന്ന ഈ വിഷമാലിന്യങ്ങള്‍ ഭൂമിയിലേക്ക്‌ ഒലിച്ചിറങ്ങി ഭൂജലം മലിനീകരിക്കപ്പെടാനുള്ള സാധ്യതയെപ്പറ്റി വിദഗ്‌ധസമിതിയുടെ റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മലിനീകരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിക്കടിയിലുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാന്‍ വിഷമമാണെന്നു മാത്രമല്ല, അത്‌ വര്‍ഷങ്ങളോളം നിലനില്‍ക്കുകയും ചെയ്യുമെന്ന്‌ പ്രശസ്‌ത ഹൈഡ്രോജിയോളജിസ്റ്റ്‌ ഡേവിഡ്‌ കീത്ത്‌ ടോഡിനെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ഭൂജല അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും എടുക്കേണ്ട നടപടികളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്‌.

അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ആവശ്യപ്പെടുന്ന ഈ റിപ്പോര്‍ട്ടാണ്‌ മാസങ്ങളായി വീണ്ടും വീണ്ടും പഠിച്ചുകൊണ്ടിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ വിലയിരുത്താന്‍ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നിയമസഭാ സബ്‌ജക്ട്‌ കമ്മിറ്റി നാലോ അഞ്ചോ തവണ കൂടിയിരുന്നു. എന്നാല്‍, ഈ സിറ്റിങ്ങുകളിലെല്ലാം പെപ്‌സിയുടെ വക്കാലത്ത്‌ ഏറ്റെടുക്കുകയാണ്‌ പി.സി.ബി. ചെയ്‌തത്‌. പെപ്‌സിയുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും തീര്‍ത്തും തൃപ്‌തികരമാണെന്നുമാണ്‌ ഇക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജ്‌മോഹന്‍ പറയുന്നത്‌.

മലിനീകരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും കമ്പനി കൃത്യമായി അനുസരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്ലാച്ചിമടയില്‍ അടച്ചുപൂട്ടിയ കൊക്കകോള കമ്പനിക്ക്‌ റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ സംവിധാനം ഉണ്ടായിരുന്നില്ലല്ലോ? എന്നാല്‍ വലിയ ചെലവില്‍ അതു സ്ഥാപിക്കാനുള്ള ഉദാരമനസ്‌കത പെപ്‌സി പ്രകടിപ്പിച്ചില്ലേ? ഇതില്‍ കൂടുതല്‍ ഇനിയെന്തു വേണം എന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.

പി.സി.ബി.തന്നെ കഴിഞ്ഞ വര്‍ഷം നടത്തിയ ഖരമാലിന്യ രാസപരിശോധനയെപ്പറ്റി ഒരക്ഷരംപോലും മിണ്ടുന്നില്ല അദ്ദേഹം. പി.സി.ബി. തുടക്കം മുതല്‍ പെപ്‌സിക്ക്‌ അനുകൂലമായ നിലപാടാണ്‌ എടുത്തുവരുന്നതെന്ന്‌ പുതുശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുരേഷ്‌ പറയുന്നു.

സബ്‌ജക്ട്‌ കമ്മിറ്റി അംഗങ്ങള്‍ക്കാകട്ടെ, ഈ വിഷയത്തില്‍ വലിയ താത്‌പര്യമൊന്നുമില്ല. ഒരു സിറ്റിങ്ങില്‍ പങ്കെടുക്കുന്നതോടെ തീര്‍ന്നു ഉത്തരവാദിത്വം എന്നാണ്‌ മട്ട്‌. പിന്നെ ആ വഴിക്ക്‌ കാണില്ല. അതുകൊണ്ടുതന്നെ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക്‌ തുടര്‍ച്ചയുണ്ടാകുന്നില്ല. ജലവിഭവമന്ത്രിക്കും കൃത്യമായ ഒരു നിലപാട്‌ ഇക്കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. റിപ്പോര്‍ട്ട്‌ നിയമസഭയുടെ മുമ്പാകെ എത്തിയാലല്ലേ പബ്ലിക്‌ ഡോക്യുമെന്റാകൂ എന്നാണ്‌ ന്യായീകരണം. വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനുശേഷം രണ്ടുതവണ നിയമസഭ കൂടി. പെപ്‌സിയുടെ കാര്യത്തില്‍ സഭ മുമ്പാകെ എന്തെങ്കിലും നിര്‍ദേശം വെക്കാന്‍ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുണ്ടായിട്ടും ഭൂജല അതോറിറ്റിയും അനങ്ങാതിരിക്കുകയാണ്‌. സംസ്ഥാനത്തെ പല ബ്ലോക്കുകളിലും ഭൂജലവിതാനം ആശങ്കയുളവാക്കും വിധം താഴ്‌ന്നുകൊണ്ടിരിക്കുന്നുവെന്ന്‌ മനസ്സിലായപ്പോഴാണ്‌ 2002 ല്‍ ഭൂജല (നിയന്ത്രണവും ക്രമീകരണവും) നിയമം കൊണ്ടുവന്നതും ഭൂജല അതോറിറ്റി രൂപവത്‌കരിച്ചതും. മലിനജല നിര്‍ഗമ കുഴലുകളും മറ്റും ജലസ്രോതസ്സുകളെ ബാധിക്കുന്ന വിധം സ്ഥാപിക്കുന്നതും ഉപരിതല ജലസ്രോതസ്സുകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഭൂജല മലിനീകരണത്തിന്‌ വഴിവെക്കുന്നതും തടയാന്‍ നിയമത്തിന്റെ സെക്ഷന്‍ 15 പ്രകാരം അതോറിറ്റിക്ക്‌ ചുമതലയുണ്ട്‌. മലിനീകരണത്തിന്‌ ഇടയാക്കുന്ന വ്യവസായ ശാലകളുടെ യന്ത്രസാമഗ്രികള്‍ വരെ പിടിച്ചെടുക്കാവുന്നതാണ്‌. ഇതിനിടയിലാണ്‌ കഴിഞ്ഞ ഫിബ്രവരിയില്‍ സുപ്രീംകോടതി പെപ്‌സിക്ക്‌ അനുകൂലമായ ഹൈക്കോടതി വിധി ശരിവെച്ചത്‌. സംസ്ഥാനം പഞ്ചായത്തീരാജ്‌ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച്‌ ലൈസന്‍സ്‌ റദ്ദാക്കാന്‍ പഞ്ചായത്തിന്‌ അധികാരമില്ല എന്നു തന്നെയായിരുന്നു പരമോന്നത കോടതിയുടെയും നിലപാട്‌. പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം എടുത്തുപറഞ്ഞ്‌ സ്വന്തം നിയമത്തിനെതിരെ കോടതിയില്‍ പോയ സര്‍ക്കാര്‍ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കുകപോലും ചെയ്‌തില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പ്ലാച്ചിമടയിലെ കൊക്കകോളവിരുദ്ധ സമരത്തോടൊപ്പം നില്‍ക്കുകയും ഭരണത്തിലെത്തുമ്പോള്‍ കുടിവെള്ളത്തിനും നഷ്‌ടപരിഹാരത്തിനും ജനങ്ങള്‍ ചെയ്യുന്ന സമരം കണ്ടില്ലെന്ന്‌ നടിക്കുകയും ചെയ്‌ത അതേ ഇരട്ടത്താപ്പുനയം തന്നെയാണ്‌ പെപ്‌സിയുടെ കാര്യത്തിലും പ്രകടമാകുന്നത്‌.

സുപ്രീംകോടതിവിധി അനുസരിച്ച്‌ ഇനി പഞ്ചായത്തിനൊന്നും ചെയ്യാനില്ല. ചെയ്യേണ്ടത്‌ വ്യവസായ വകുപ്പാണ്‌ എന്ന നിലപാടാണ്‌ പുതുശ്ശേരി പഞ്ചായത്തിന്‍േറത്‌. പ്രത്യേക സാമ്പത്തിക മേഖലയും ഐ.ടി. പാര്‍ക്കുകളുമൊക്ക സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാക്കുന്നതിനു ഭൂപരിഷ്‌കരണ നിയമം റദ്ദു ചെയ്യുന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന്‌ വരെ പറഞ്ഞുവെച്ച വ്യവസായ വകുപ്പ്‌ പെപ്‌സിക്കെതിരെ നടപടി കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മണ്ടത്തമാണ്‌. നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ പഞ്ചായത്തിനു വേണമെങ്കില്‍ കോടതിയെ സമീപിക്കാം. പക്ഷേ, പഞ്ചായത്തിലെ ഭരണം സി.പി.എമ്മിന്റെ നേതൃത്വത്തിലാണ്‌. അങ്ങനെയൊരു സാഹസത്തിന്‌ പഞ്ചായത്ത്‌ ഒരുമ്പെടില്ല എന്നുറപ്പ്‌: ജനങ്ങളുടെ താത്‌പര്യം എന്തുതന്നെയായിരുന്നാലും.

യഥാര്‍ഥത്തില്‍, ഇപ്പോഴത്തെ പഠനംപോലും പ്രശ്‌നത്തെ ഗൗരവത്തോടെ പ്രതിഫലിപ്പിക്കുന്നുണ്ട്‌ എന്നു പറയാനാവില്ല. കമ്പനി കോമ്പൗണ്ടിനു സമീപമുള്ള പല വാര്‍ഡുകളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂജല ലഭ്യത നന്നായി കുറഞ്ഞിട്ടുണ്ട്‌. പല കര്‍ഷകരുടെയും കുഴല്‍ക്കിണറുകള്‍ വെള്ളമെടുക്കാനാവാത്ത അവസ്ഥയിലാണ്‌. നെല്‍ക്കര്‍ഷകരെ സംബന്ധിച്ചിടത്തോളം രണ്ടാംവിള തീര്‍ത്തും അസാധ്യമായിരിക്കുകയാണ്‌. കമ്പനിയുടെ സമീപത്തുകൂടി ഒഴുകുന്ന കോരയാര്‍പ്പുഴ (ഭാരതപ്പുഴയുടെ പ്രധാന കൈവഴികളിലൊന്ന്‌) വലിയ അളവില്‍ മലനീകരിക്കപ്പെടുന്നുണ്ട്‌. ഇത്തരം വസ്‌തുതകളൊന്നുംതന്നെ പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞുകാണുന്നില്ല. കമ്പനി ഒഴുക്കിവിടുന്ന മലിനജലം ഒരുപരിധിവരെ ശുദ്ധമാണ്‌ എന്ന്‌പറയുമ്പോള്‍ യാഥാര്‍ഥ്യം അതല്ല എന്ന്‌ നാട്ടുകാര്‍ക്കെങ്കിലും അറിയാം.

Post your comments.

Name:

Email:
(optional):

Please enter
your comments:

750 ഏക്കറില്‍ പരന്നുകിടക്കുന്ന കഞ്ചിക്കോട്‌ വൈസ്‌ പാര്‍ക്ക്‌ വ്യവസായ മേഖലയില്‍ 53 ഏക്കര്‍ സ്ഥലമാണ്‌ പെപ്‌സി കമ്പനിക്കുള്ളത്‌-മൊത്തം സ്ഥലത്തിന്റെ ഏഴു ശതമാനം. എന്നാല്‍ ഇവിടെ ലഭ്യമായ ഭൂജലത്തിന്റെ 48.5 ശതമാനവും ഊറ്റിയെടുക്കുന്നത്‌ പെപ്‌സി കമ്പനിയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി അമിതമായ അളവില്‍ ജലം വലിച്ചെടുക്കുന്നുണ്ടെന്ന്‌ ഹൈഡ്രോജിയോളജിക്കല്‍ വസ്‌തുതകള്‍ വ്യക്തമാക്കുന്നുണ്ട്‌. പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ ഭൂജലം ഉപയോഗിക്കുന്നുണ്ടെന്നും അത്‌ 2.34 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തണമെന്നുമാണ്‌ വിദഗ്‌ധസമിതിയുടെ ശുപാര്‍ശ.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org