logo malayalam

| ദളിത്|ആദിവാസി|

"പട്ടയെട്ത്ത മരക നന്ത് പോക പോലെ''.........

എം. സുചിത്ര
01/07/2007

adivasi
ആദിവാസി പെണ്‍കുട്ടികള്‍ പ്രതിജ്ഞയെടുക്കുന്നു

രണ്ടുവര്‍ഷം മുമ്പാണ് തുളസിയെ പരിചയപ്പെട്ടത്. കിഴക്കന്‍ അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിൽ തമിഴ്‌നാടിനോട് തൊട്ടുകിടക്കുന്ന പലകയൂരില്‍ വെച്ച്. മൂന്നു കുട്ടികളുടെ അമ്മയാണെങ്കിലും ഇരുളവിഭാഗത്തില്‍പ്പെട്ട ഈ ആദിവാസി പെണ്‍കുട്ടിക്ക് ഇരുപതിലധികമുണ്ടാവില്ല പ്രായം. എട്ടുമാസം പ്രായമുളള ഇളയകുഞ്ഞിനെ ഒക്കത്തെടുത്ത് തുളസി സംസാരിച്ചു- ഭര്‍ത്താവ് വെളളിങ്കിരിയുടെ മരണത്തെപ്പറ്റി. ഒറ്റിക്കൊടുക്കുമെന്ന പേടി കാരണം കളളവാറ്റുകാര്‍ അയാളുടെ ദേഹത്ത് ചാരായമൊഴിച്ചു തീകൊളുത്തുകയായിരുന്നെന്നും ശരീരമാസകലം പൊളളിയ നിലയിലാണ് വെളളിങ്കിരിയെ കാട്ടില്‍ കണ്ടെത്തിയതെന്നും തുളസി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടു ഫോട്ടോ ഈ കുട്ടി ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നു. വെന്തളിഞ്ഞ ശരീരവുമായി കോയമ്പത്തൂരിലെ ഏതോ ഒരാശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, മരിച്ചുകിടക്കുന്നത്. മരിക്കുമ്പോള്‍ വെളളിങ്കിരിക്ക് ഇരുപത്തിരണ്ടു വയസേ ഉണ്ടായിരുന്നുളളൂ. സംസാരിക്കുമ്പോള്‍ തുളസി കരഞ്ഞിരുന്നില്ല. ആകെ മരവിച്ചതുപോലെ. പോലീസ് കേസന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു. എന്തെങ്കിലും തെളിവാകട്ടെ എന്നു കരുതിയാകാം ഒരുപക്ഷേ, ഫോട്ടോ എടുത്തു സൂക്ഷിച്ചത്.

ഇത്തവണ അട്ടപ്പാടിയില്‍ പോയപ്പോള്‍ തുളസിയെ വീണ്ടും കണ്ടു കേസിന്റെ കാര്യം അന്വേഷിക്കണമെന്നുണ്ടായിരുന്നു. വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നല്ലോ അത്. പലകയൂരില്‍ പോയെങ്കിലും തുളസിയെ കണ്ടില്ല.

adivasi

ഭര്‍ത്താവിന്റെ മരണശേഷമുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി തമിഴ്‌നാട്ടിലുളള സ്വന്തം ഊരിലേക്ക് പോയെന്നും അവിടെ ആരും ശ്രദ്ധിക്കാനില്ലാത്ത സാഹചര്യത്തില്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കിടന്നുവെന്നും ഒടുവില്‍ അസുഖം ബാധിച്ചു മരിച്ചുവെന്നുമാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ആര്‍ക്കറിയാം, സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന്! ഏതായാലും തുളസിയുടെ മരണത്തിനു മുമ്പുതന്നെ ചില്ലറ ന്യായങ്ങള്‍ നിരത്തി പോലീസ് കേസ് ഉപേക്ഷിച്ചിരുന്നു.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാന്‍ പലകയൂരിലുളളവര്‍ക്ക് ഇപ്പോള്‍ താല്‍പര്യമില്ല. എത്രയെത്ര തവണ ആരോടൊക്കെ അവര്‍ ഒരേകാര്യം പറയണം! മാത്രമല്ല, പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലെന്ന് അവര്‍ മനസിലാക്കി തുടങ്ങിയിട്ടുമുണ്ട്. നോക്കി നില്‍ക്കെ തങ്ങള്‍ക്ക് ചുറ്റും ജീവിതങ്ങള്‍ ഓരോന്നായി ഒടുങ്ങുന്നത് അവര്‍ കാണുന്നുണ്ട്. വളരെക്കുറച്ച് കുടുംബങ്ങള്‍ ജീവിക്കുന്ന പലകയൂരില്‍ നിന്നു മാത്രം കഴിഞ്ഞ പത്തു വര്‍ഷത്തിനുളളില്‍ ഇരുപതു പേരാണ് ചാരായവുമായി ബന്ധപ്പെട്ടു മരിച്ചത്. അവരില്‍ പത്തുപേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നഞ്ചന്‍, മരുതന്‍, പതിനെട്ടു വയസുളള മുരുകേശ്, ചാരായം കുടിച്ചുകുടിച്ച് ഒടുവില്‍ സ്വയം തീകൊളുത്തിയ മരുതി..... ബലാല്‍സംഗത്തിനുശേഷം ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു റാണി. ദുരിതജീവിതത്തിനിടയില്‍ മനസിന്റെ സമനില തെറ്റിയവരുമുണ്ട് ഈ ഊരില്‍- രേശി, രങ്കി, കാളിയമ്മ.

പലകയൂരുകാര്‍ പിന്നെങ്ങനെ സംസാരിക്കും? കഴിഞ്ഞതവണ കണ്ടപ്പോള്‍ ചാരായപ്രശ്‌നത്തെപ്പറ്റി വാചാലയായിരുന്ന വേലമ്മ പോലും മുഖംതിരിച്ചു നില്‍ക്കുകയാണ്! ചാരായത്തിനെതിരേ അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീകള്‍ രൂപംനല്‍കിയ തായ്കുലസംഘത്തിന്റെ ഊരുതലൈവിയാണ് വേലമ്മ.

adivasi

അക്ഷരമറിയില്ലെങ്കിലും "കുടികാരന്‍'' എന്ന പേരില്‍ ഒരു നാടകമുണ്ടാക്കാനും അത് ഊരുകളില്‍ അവതരിപ്പിച്ചു ചാരായത്തിനെതിരേ പ്രചാരണം നടത്താനും മുന്‍കൈയെടുത്തവരിലൊരാള്‍. എന്നിട്ടും ഒന്നും മിണ്ടുന്നില്ല അവര്‍. പിന്നെ മടിച്ചുമടിച്ച് പറയുന്നു. നാടകത്തിലഭിനയിച്ച രണ്ടു ചെറുപ്പക്കാര്‍ മരിച്ചുപോയെന്ന്. രണ്ടു കുടികള്‍ക്കപ്പുറം മരിച്ചുപോയ മകന്റെ മൂന്നുവയസായ മകളെ മടിയിലിരുത്തി വെളളിങ്കരിയുടെ വയസായ അമ്മ, രേശി. അതിനപ്പുറം, മറ്റൊരു വീട്ടില്‍, തൂങ്ങി മരിച്ച നഞ്ചന്റെ അമ്മ മരുതി. തായ്കൂലസംഘം നടത്തിയ ചാരായ റെയ്ഡുകളില്‍ സജീവമായി പങ്കെടുത്തിരുന്ന അറുപതു കഴിഞ്ഞ ഈ ആദിവാസിയമ്മ. പിടിച്ചെടുത്ത വലിയ പാത്രങ്ങളെപ്പറ്റി പറയുമ്പോള്‍ അവരുടെ നിഷ്കളങ്കമായ മുഖത്ത് ഇപ്പോഴും ചിരി വരുന്നുണ്ട്. അടുത്ത നിമിഷംതന്നെ, ഇതൊക്കെ പറഞ്ഞിട്ടെന്താ മകന്‍ പോയില്ലേ എന്നവര്‍ വേദനിക്കുന്നു. നഞ്ചന്‍ കുടിക്കുമായിരുന്നെങ്കിലും സ്വയം ജീവനൊടുക്കാനിടയില്ലെന്നും അവനെ ആരെങ്കിലും അടിച്ചുകൊന്നു കെട്ടിത്തൂക്കിയതായിരിക്കുമെന്നും മരുതിക്ക് ഇപ്പോഴും സംശയമുണ്ട്.

അട്ടപ്പാടി സമ്പൂര്‍ണ മദ്യനിരോധിത മേഖലയാണ്. കേരളത്തില്‍ ചാരായനിരോധനം ഏര്‍പ്പെടുത്തുന്നതിന് ഒരു കൊല്ലം മുമ്പ്, 1995 ഏപ്രില്‍ ഒന്നിന്, അട്ടപ്പാടിയിലെ 35 ചാരായഷാപ്പുകളും 15 കളളുഷാപ്പുകളും അടച്ചുപൂട്ടിയിരുന്നു. വന്തവാസികളോടൊപ്പം മലകയറിവന്ന വാറ്റുചാരായം ആദിവാസി ജീവിതങ്ങളെ പൂര്‍ണമായി ഗ്രസിച്ചു കഴിഞ്ഞുവെന്ന് വൈകിയാണെങ്കിലും മനസിലാക്കിയപ്പോഴാണ് ജില്ലാ ഭരണാധികാരികള്‍ നിരോധ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, വാങ്ങരുത്. കൈവശം വെക്കുന്നതുപോലും ശിക്ഷാര്‍ഹം. പന്ത്രണ്ടു വര്‍ഷമായി നിരോധം നിലനില്‍ക്കുന്നുണ്ടെങ്കിലും ചാരായ പ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ രൂക്ഷമാകുകയാണ്.

പശ്ചിമഘട്ട മലനിരകളും കാടുകളുമൊക്കെയായി 745 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് അട്ടപ്പാടി. കേരളത്തിലെ ആദ്യത്തെ സംയോജിത ആദിവാസി വികസന ബ്ലോക്ക്. അംളി, ഷോളയൂര്‍, പുതൂര്‍ എന്നീ മൂന്നു പഞ്ചായത്തുകളിലായി ഇരുളരും മുഡുഗരും പ്രാക്തന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുറുമ്പരും താമസിക്കുന്ന 187 ഊരുകളും ഇവിടെ. ഏറെക്കുറെ എല്ലാ ഉരുകളും ചാരായത്തിന്റെ പിടിയിലാണ്. മലഞ്ചരിവുകളിലായാലും കാട്ടിനുളളിലായാലും ഭവാനി-ശിരുവാണി പുഴയോരങ്ങളിലായാലും എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചാരായം ലഭ്യമാണ്. പ്ലാസ്റ്റിക് ട്യൂബുകളില്‍, കാനുകളില്‍, കുപ്പികളില്‍, അരിഷ്ടത്തിന്റെ രൂപത്തില്‍....... അട്ടപ്പാടിയുടെ ഭരണകേന്ദ്രമായ അഗളിയില്‍ നിന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുളള ആനക്കട്ടിയിലേക്കുളള പ്രധാനപാതയില്‍ ഭൂതിവഴി മുതല്‍ കോട്ടത്തറ വരെയുളള ഭാഗങ്ങളില്‍ പരസ്യമായി തന്നെ ചാരായ വില്‍പന നടക്കാറുണ്ട്്. അട്ടപ്പാടിയിലെ മാഹി എന്നറിയപ്പെടുന്ന ഒരു സ്ഥലം പോലുമുണ്ട് ഈ പാതയോരത്ത്; മേലെ കോട്ടത്തറ. ചാവടിയൂരിനു സമീപം ഭവാനിക്കു കുറുകെ, പുതിയ പാലത്തിന്റെ പണി നടക്കുന്നിടത്ത്, വെറുതെ ഒന്നു കറങ്ങിയാല്‍ ഇടയ്ക്ക് പണിനിറുത്തി പുഴയോരത്തേക്ക് കയറി പോകുന്നവരെ കാണാം. പായിടുക്കില്‍ ഒളിച്ചുവെച്ചിരിക്കുന്ന രണ്ടു ലിറ്ററിന്റെ ചാരായക്കുപ്പിയില്‍ നിന്നു കൊച്ചു സ്റ്റീല്‍ ടംബ്ലറിലേക്ക് ചാരായം പകര്‍ന്നുകൊടുക്കുന്നവരെ കാണാം. നട്ടുച്ചനേരത്ത്, കത്തുന്ന വെയിലില്‍ പത്തു രൂപ കൊടുത്ത് അമ്പതുമില്ലി ചാരായം ഒറ്റവലിക്ക് മോന്തി ചിറിതുടച്ച് വീണ്ടും പണിക്കിറങ്ങുന്ന എത്രയോ പേരെ കാണാം. പലകയൂരില്‍ വച്ചു നഞ്ചമ്മ മുറുക്കാന്‍ വാങ്ങാനെന്ന പേരില്‍ കൃത്യം പത്തുരൂപ ചോദിച്ചുവാങ്ങി ഉത്സാഹത്തോടെ നടന്നുപോയത് എന്തിനാണെന്ന് മനസിലായത് ഈ ഇടപാട് കണ്ടപ്പോഴാണ്. ആദിവാസികളെ മുന്നില്‍ നിറുത്തി ചാരായം വാറ്റി ലാഭമുണ്ടാക്കുന്നത് വന്തവാസികളാണെങ്കിലും അത് വില്‍ക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും അതിന്റെ കെടുതികളത്രയും അനുഭവിക്കുന്ന തും ആദിവാസികളാണ്. അട്ടപ്പാടിയില്‍ വാറ്റുന്ന ചാരായം ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കോ മുക്കാലി വഴി മണ്ണാര്‍ക്കാട്ടേക്കോ പോകുന്നില്ല. മുഴുവനും അവിടെത്തന്നെ കുടിച്ചു തീരുകയാണ്.

ശരിയാണ്, അട്ടപ്പാടിയില്‍ മാത്രമല്ല, ദരിദ്രജനവിഭാഗങ്ങള്‍ ജീവിക്കുന്ന മിക്ക പ്രദേശങ്ങളിലും ചാരായം ഒരു പ്രശ്‌നം തന്നെയാണ്. പക്ഷേ, പുറംലോകത്തുളളവര്‍ കുടിക്കുന്നതുപോലെയല്ല ഇവിടത്തെ ആദിവാസികള്‍ കുടിക്കുന്നത്. ഭക്ഷണമില്ലാതെ, വെറും വയറ്റില്‍, രാവിലെ മുതല്‍ രാത്രിവരെ. പച്ചവെളളം കുടിക്കുന്നതുപോലെയാണ് ഇവര്‍ മരപ്പട്ടയും നവസാരക്കട്ടിയും ചേര്‍ത്ത് വീര്യം കൂട്ടിയ അഗ്നിദ്രാവകം കുടിക്കുന്നത്. ഐ.ടി.ഡി.പി മേഖലയാണെങ്കിലും ന്യൂനപക്ഷമായ ആദിവാസികളുടെ(2001ലെ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലിപ്പോള്‍ ആദിവാസികള്‍ 41 ശതമാനമാണ്) ആരോഗ്യസ്ഥിതി അറിയാന്‍ പുതൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചെന്ന് ഡോക്ടര്‍ പ്രഭുദാസിനോട് സംസാരിച്ചാല്‍ മതി. കഴിഞ്ഞ 12 വര്‍ഷമായി പ്രഭുദാസ് അട്ടപ്പാടിയില്‍ തന്നെയാണ്. ഈ പ്രദേശത്തിന്റെ ഓരോ ചലനവും മാറ്റവും കൃത്യമായി അറിയുന്ന വ്യക്തി. പുതൂരിലേത് ഒരു മിനി പി.എച്ച്.സി ആയിരുന്നിട്ടു പോലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്നുണ്ട് ഡോക്ടര്‍ക്ക്. ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ദിവസവും 150-200 പേര്‍. പത്തുപേര്‍ക്ക് കിടക്കാവുന്ന വാര്‍ഡില്‍ ഏതു സമയത്ത് ചെന്നാലും ചുരുങ്ങിയത് അമ്പതു പേരെങ്കിലും കാണും. ആശുപത്രിയുടെ മുറ്റത്തും വരാന്തയിലുമൊക്കെ രോഗികള്‍. ഗുരുതരമായ വിളര്‍ച്ച ബാധിച്ചവര്‍, സിക്കിള്‍സെല്‍ അനീമിയ മുര്‍ച്ഛിച്ചവര്‍, അമിതമായ മദ്യപാനവും നിരന്തരമായി പുകവലിയും കാരണം ഗാന്‍ഗ്രീന്‍ ബാധിച്ചു കാലുകള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയവര്‍(ഇത്തരത്തിലുളള 300 പേരെങ്കിലും അട്ടപ്പാടിയിലുണ്ടെന്ന് ഡോക്ടര്‍). സ്ത്രീകളുടെ സ്ഥിതി അങ്ങേയറ്റം ശോചനീയമാണ്. പുരുഷന്മാരുടെ കൂലി മുഴുവന്‍ ചാരായത്തിനു പോകുമ്പോള്‍ കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു അവര്‍ക്ക്. അതോടൊപ്പം പോഷകാഹാര കുറവുകൂടിയാവുമ്പോള്‍ മുപ്പതു വയസാകുമ്പോഴേക്കും സ്ത്രീകളുടെ ആരോഗ്യം പാടെ തകരുന്നു. 90 ശതമാനവും ഗുരുതരമായ അനീമിയ ഉളളവര്‍. പ്രസവിക്കാന്‍ ആശുപത്രിയിലെത്തുന്ന ചിലരുടെ ബ്ലഡ്കൗണ്ട് അഞ്ചില്‍ താഴെയാണെന്ന് ഡോക്ടര്‍ പറയുന്നു. അട്ടപ്പാടിയില്‍ പെറ്റുവീഴുന്ന ആദിവാസി കുഞ്ഞുങ്ങളില്‍ 80 ശതമാനം തൂക്കക്കുറവുളളവരാണ്. ശിശുമരണനിരക്ക് പ ത്താക്കി കുറക്കാന്‍ കഴിഞ്ഞുവെന്ന് കേരളം അഭിമാനിക്കുമ്പോള്‍ അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണനിരക്ക് ഇതിന്റെ നാലിരട്ടിയാണ്.

ഇതിനിടയിലാണ് ചാരായവുമായി ബന്ധപ്പെട്ട മരണങ്ങള്‍. നാല്‍പതു വയസാകുന്നതിനുമുമ്പ് മരിക്കുന്ന ആദിവാസി പുരുഷന്മാരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. അഗളി പഞ്ചായത്തില്‍ സൈലന്റ്‌വാലിക്കു താഴെ മുഡുഗര്‍ താമസിക്കുന്ന വീട്ടിയൂരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ മരിച്ചവരുടെ എണ്ണം ചോദിച്ചപ്പോള്‍ പത്തു വിരലും മടക്കിയതിനുശേഷം ഇനി ആറു പേര്‍ കൂടിയുണ്ടെന്നാണ് കാര്യങ്ങള്‍ വിശദീകരിച്ച ജാനകി പറഞ്ഞത്. ആകെ നൂറോളം ആളുകളേ ഈ ഊരിലുളളൂ. അവരില്‍ 16 യുവവിധവകള്‍! മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതോടൊപ്പം അമിതമായി മദ്യപാനം ആദിവാസി പുരുഷന്മാരുടെ പ്രത്യുല്‍പ്പാദനശേഷിയെ സാരമായി ബാധിക്കുന്നുണ്ടെന്നു കൂടി ഡോക്ടര്‍ പ്രഭുദാസ് പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. മരണനിരക്ക് കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ. അതായത്, അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അധികം കഴിയുന്നതിനു മുമ്പ് വംശനാശം സംഭവിക്കുമോ എന്ന് ഭയക്കേണ്ട സ്ഥിതിവിശേഷം. ശാരീരികമായി മാത്രമല്ല, മാനസികമായും ഈ ജനവിഭാഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ആദിവാസികള്‍ക്കിടയില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന വിഷാദരോഗവും ആത്മഹത്യാപ്രവണതയുമൊക്കെ അടുത്തകാലത്തായി വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. എല്ലാ മാസവും 30ന് സൈക്യാട്രിക് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് ഡോക്ടര്‍ പ്രഭുദാസ്.

സ്ഥിതിഗതികള്‍ ഇത്ര ഗുരുതരാവസ്ഥയിലെത്തിയിട്ടും പ്രശ്‌നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുന്നതിനുപകരം ഇത് ആദിവാസികളുടെ ഒരു വംശസ്വഭാവമായി ലഘൂകരിക്കുന്ന പ്രവണതയാണ് പൊതുവെയുളളത്. ആദിവാസികള്‍ മുമ്പും കുടിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ, അത് ആഘോഷവേളകളില്‍ സന്തോഷത്തിനുവേണ്ടി മാത്രമായിരുന്നു. പരമ്പരാഗതമായി അവര്‍ മദ്യം ഉണ്ടാക്കിയിരുന്നുവെങ്കിലും അത് ഇപ്പോഴത്തെപ്പോലെ കുടിച്ചു ചാകാനായിരുന്നില്ല. വാറ്റുചാരായം വാണിജ്യാടിസ്ഥാനത്തിലുണ്ടാക്കുന്നത് ഒരുകാലത്തും ആദിവാസികളുടെ വംശസ്വഭാവമായിരുന്നില്ല.

അട്ടപ്പാടിയില്‍ ചാരായം ഇത്രയധികം വ്യാപകമാകാനുളള പ്രധാനകാരണം മദ്യനിരോധമാണെന്നാണ് പൊതുവെയുളള അഭിപ്രായം. ഇത് ഒരു പരിധിവരെ ശരിയാണ്. മുമ്പ് ഓരോ ഊരിലും സ്ഥിരമായി കുടിക്കുന്ന രണ്ടോ മൂന്നോ പേരേ ഉണ്ടായിരുന്നുളളൂ. അവര്‍ ആവശ്യമുളളപ്പോള്‍ ഷാപ്പില്‍ ചെന്നു കുടിക്കുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ ഊരുകള്‍ക്കുളളിലേ അതല്ലെങ്കില്‍ തൊട്ടരികലോ ചാരായം ഇഷ്ടംപോലെ ലഭിക്കുന്നതിനാല്‍ മദ്യം വേണ്ടവരും വേണ്ടാത്തവരുമൊക്കെ കുടിയന്മാരായി മാറുന്നുണ്ട്-എട്ടിലും പത്തിലുമൊക്കെ പഠിക്കുന്ന ആണ്‍കുട്ടികള്‍ വരെ. അതുകൊണ്ട്, ചാരായനിരോധനം കര്‍ശനമായി നടപ്പാക്കിക്കൊണ്ട് ബീവറേജസ് കോര്‍പറേഷന്റെ ഒന്നോ രണ്ടോ ഔട്ട്‌ലെറ്റുകള്‍ അട്ടപ്പാടിയില്‍ തുറക്കുകയും നല്ല മദ്യം കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പലരും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

adivasi
"കുടികാരന്‍''

പക്ഷേ, സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ വന്നാല്‍ വാറ്റുകാര്‍ സ്ഥലം വിടുമോ? അവര്‍ ചാരായം വില കുറച്ചുവില്‍ക്കുകയല്ലേ ചെയ്യുക? അട്ടപ്പാടി പോലെയൊരു മേഖലയില്‍ ഔട്ട്‌ലെറ്റുകള്‍ കൊണ്ട് ആര്‍ക്കായിരിക്കും പ്രയോജനം? വന്തവാസികള്‍ക്കായിരിക്കില്ലേ? വിദൂരമായ ഊരുകളില്‍ നിന്ന് കാടും മലയുമൊക്കെയിറങ്ങിവന്ന് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂനിന്ന് മദ്യം വാങ്ങി തിരിച്ചു പോകുമോ ആദിവാസികള്‍? പൂര്‍ണമായി ചാരായത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മേഖലയെ രക്ഷിക്കാന്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതാണോ പരിഹാരമാര്‍ഗം?

മാത്രമല്ല, പ്രശ്‌നം യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണോ അതോ നിരോധനം നടപ്പാക്കാനുളള ഇച്ഛയും ആത്മാര്‍ത്ഥതയും ഇല്ലാത്തതാണോ എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്. ചാരായനിരോധനം സര്‍ക്കാരിന്റെ നിയമമായിരുന്നിട്ടും അട്ടപ്പാടിയില്‍ ചാരായം ഇത്ര വ്യാപകമാകുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ആദിവാസി സ്ത്രീകള്‍ക്ക് തായ്കുലസംഘം രൂപവല്‍ക്കരിക്കേണ്ടി വന്നത്? ദാരിദ്ര്യത്തിനും കഠിനാധ്വാനത്തിനുമിടയില്‍ റെയ്ഡുകള്‍ നടത്തേണ്ട ഉത്തരവാദിത്തംകൂടി അവരുടെമേല്‍ വന്നു വീണത് എന്തുകൊണ്ടാണ്? ഊരിലെ പുരുഷന്മാരുടെ അതൃപ്തിയും ഒറ്റപ്പെടാനുളള സാധ്യതയും വകവയ്ക്കാതെ റെയ്ഡ് നടത്തി ആദിവാസി സ്ത്രീകള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന പാത്രങ്ങള്‍ അടക്കമുളള സാധനസാമഗ്രികള്‍ ഒരു ദിവസംപോലും കഴിയുന്നതിനുമുമ്പ് വാറ്റുകാര്‍ക്ക് തിരിച്ചു ലഭിക്കുന്നത് എങ്ങനെയാണ്? വാറ്റുകാര്‍ ആരാണെന്ന് കൃത്യമായി അറിയിച്ചാലും അവരെ കഴിയുന്നതും പിടിക്കാതെ വിടുന്നതും പിടിക്കേണ്ടി വന്നാല്‍ ദുര്‍ബലരായ രീതിയില്‍ കേസ് ചാര്‍ജ് ചെയ്യുന്നതും എന്തുകൊണ്ടാണ്? ആദിവാസികള്‍ക്ക് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പരമ്പരാഗതമായ ലഹരിപാനീയം വാറ്റാന്‍ അനുമതി നല്‍കി കൊണ്ട് 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നേരെയുളള അതിക്രമം തടയല്‍ നിയമവും(1989) നിലനില്‍ക്കെ ഊരുകളില്‍ കയറി വാറ്റുന്നവരെ പിടികൂടുന്നത് പിന്നീട് പ്രശ്‌നമാകുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാദം. വെറും പൊളളയായ വാദമാണിത്. ഈ നിയമമനുസരിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എപ്പോഴെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, അട്ടപ്പാടിയില്‍?

വന്തവാസികളായ വാറ്റുകാര്‍ക്ക് പിന്തുണ നല്‍കി അവരെ പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഇത്രയധികം മത്സരിക്കുന്ന മറ്റേതെങ്കിലും സ്ഥലം കേരളത്തിലുണ്ടോ എന്ന് സംശയമാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുളളില്‍, ആത്മാര്‍ത്ഥതയും ഊര്‍ജസ്വലതയുമുളള രണ്ടുമൂന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെങ്കിലും ഇവിടെ നിയമിതരായിട്ടുണ്ട്. പക്ഷേ, അവരെയൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അധികകാലം പൊറുപ്പിച്ചിട്ടില്ല. അട്ടപ്പാടിയിലെ വീരപ്പന്‍ എന്നറിയപ്പെടുന്ന വാറ്റുരാജാവിനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാജു എന്ന ഇന്‍സ്‌പെക്ടറെ കളളക്കേസില്‍ കുടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പതിനെട്ടടവും പയറ്റിയിരുന്നു. മാമണയില്‍ എക്‌സൈസുകാരുടെ പിടിയിലായ ചൂടന്‍ ബാബുവിനെ മനോരോഗിയാണെന്ന കളള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടുതന്നെയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.ഐയുമൊക്കെ ഒരു പോലെ തന്നെയാണ്.

1975ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അട്ടപ്പാടിയെ കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായി പ്രഖ്യാപിക്കുകയും പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിനുവേണ്ടി സംയോജിത ആദിവാസി(ഐ.ടി.ഡി.പി) പദ്ധതിക്കു കീഴില്‍ കൊണ്ടുവരുകയും ചെയ്തതിനുശേഷം ഒന്നിനുപിറകെ ഒന്നൊന്നായി നിരവധി വികസനപദ്ധതികള്‍ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതികളെല്ലാം ഒരര്‍ത്ഥത്തില്‍ ആദിവാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അവയുടെ രൂപകല്‍പ്പന വേളയില്‍ ആദിവാസികളെ ഒരിക്കലും വിശ്വാസത്തിലെടുത്തിട്ടില്ല. ഏറ്റവുമൊടുവില്‍ അട്ടപ്പാടി ഹില്‍സ് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി(അഹാഡ്‌സ്) വഴി നടപ്പാക്കിവരുന്ന 219 കോടി രൂപയുടെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ കാര്യത്തില്‍പോലും ഇതുതന്നെയാണ് സംഭവിച്ചത്. ഇത്രയും വലിയ തുക അട്ടപ്പാടിക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ഒരുപക്ഷേ, പദ്ധതികളുടെ രൂപകല്‍പനവേളയില്‍ ആദിവാസികളെ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍പ്പോലും സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നോ എന്നതും സംശയമാണ്. അഴിമതിക്കാരായ ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, ഇടനിലക്കാര്‍ എന്നിങ്ങനെ ചൂഷകരുടെ വലിയൊരു കൂട്ടത്തിനിടയില്‍ ജീവിതകാലം മുഴുവന്‍ കഴിയേണ്ട, സകലവിധ പ്രതിരോധശേഷികളും എന്തിന്, ആത്മാഭിമാനം പോലും നഷ്ടപ്പെട്ടവരാണ് ഇവിടത്തെ ആദിവാസികള്‍. ഇത്രയും ദുര്‍ബലമായ ഒരുവിഭാഗത്തിനുമേല്‍ ഒരു സുപ്രഭാതത്തില്‍ മദ്യനിരോധനം പോലെ എന്തെങ്കിലുമൊരു തീരുമാനം അടിച്ചേല്‍പിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് ചെറിയ ഒരു ധാരണയെങ്കിലും തീരുമാനങ്ങളും പദ്ധതികളുമൊക്കെ ആവിഷ്കരിക്കുന്നവര്‍ക്കു വേണ്ടതാണ്. അതിനേക്കാള്‍ കഷ്ടം, നിരോധനം പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഈ തീരുമാനത്തിന്റെ പരിമിതികളോ അതല്ലെങ്കില്‍ എന്തുകൊണ്ട് നിരോധം നടപ്പാക്കപ്പെടുന്നില്ല എന്നതോ സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തപ്പെട്ടിട്ടില്ല. മദ്യനിരോധം കാര്യക്ഷമമാക്കാന്‍ എസ്.സി/എസ്.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി(അഹാഡ്‌സ് ചെയര്‍മാന്‍) കണ്‍വീനറും എക്‌സൈസ് കമ്മീഷണര്‍, അഡീഷനല്‍ ഡി.ജി.പി എന്നിവര്‍ അംഗങ്ങളുമായിട്ടുളള ഒരു ഉന്നതാധികാര കമ്മിറ്റി 2004ല്‍ രൂപവല്‍കരിച്ചിരുന്നു. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ ഒരേയൊരു തവണ മാത്രമാണ് ഈ കമ്മിറ്റി കൂടിയത്. അതുപോലെ, ജില്ലാ കലക്ടര്‍ കണ്‍വീനറും അഹാഡ്‌സിന്റെ പ്രോജക്ട് ഡയറക്ടര്‍, എസ്.പി, ഡി.എഫ്.ഒ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളുമായി രൂപവല്‍ക്കിരിച്ചിരുന്നു. ഈ സമിതി പലതവണ കൂടിയിട്ടുണ്ടെങ്കിലും പ്രസക്തമായ എന്തെങ്കിലും തീരുമാനം ഇതുവരെ എടുത്തതായി അറിയില്ല.

ഒരു പ്രഖ്യാപനം നടത്തിക്കഴിഞ്ഞാല്‍ അത് നടപ്പാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ വേണ്ടവിധം സജ്ജമാക്കുക എന്ന മിനിമം കാര്യംപോലും ചെയ്യാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല. അട്ടപ്പാടിയുടെ ഭൂപ്രകൃതി വെച്ചുനോക്കുമ്പോള്‍ ഇവിടെ നിയമിതരാകുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല. എക്‌സൈസുകാര്‍ തങ്ങളുടെ കൈവശമുളള ഒരേയൊരു വണ്ടിയുമെടുത്ത്, റെയ്ഡ് നടത്താന്‍ റോഡുവഴി വന്നെത്തുമ്പോഴേക്കും പ്രദേശത്തിന്റെ മുക്കും മൂലയും നന്നായറിയുന്ന വാറ്റുകാര്‍ മല കയറിയിറങ്ങി മറ്റെങ്ങോട്ടേങ്കെിലും രക്ഷപ്പെടും. പോലീസിന്റെ കാര്യവും കഷ്ടംതന്നെ. കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ആളുകളില്ല. അഗളി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഷോളയൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാരെ കടമെടുത്തുകൊണ്ടാണ് സി.ഐയുടെയും സ്‌പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പിയുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കടമെടുപ്പ് അഗളി-ഷോളയൂര്‍ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ഒരു പരിധിവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, ചാരായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേസെടുക്കേണ്ടത് എക്‌സൈസ് വകുപ്പാണെന്ന് പറഞ്ഞു പോലീസും അതല്ല, പോലീസാണെന്നു പറഞ്ഞ് എക്‌സൈസുകാരും തലയൂരാന്‍ ശ്രമിക്കാറുണ്ട്.

അങ്ങനെ പ്രശ്‌നങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമായപ്പോഴാണ് അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ തായ്കുല സംഘം രൂപവല്‍കരിച്ചത്. പിന്നീട് അഹാഡ്‌സിന്റെ സ്ത്രീവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകാനും പ്രവര്‍ത്തനങ്ങള്‍ നൂറിലേറെ ഊരുകളിലേക്ക് വ്യാപിപ്പിക്കാനും തായ്കുല സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഭീഷണിയും മര്‍ദനവും നേരിട്ടു കൊണ്ടാണെങ്കില്‍പ്പോലും ഒരുവിധം നന്നായി പ്രവര്‍ത്തിക്കാന്‍ തായ്കുല സംഘങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.(ഇവിടെ ഒരു വൈരുധ്യമുണ്ട്. തായ്കുല സംഘങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് ചാരായത്തിനെതിരേ പ്രചാരണം നടത്തുമ്പോഴും പരോക്ഷമായിട്ടാണെങ്കില്‍പ്പോലും ചാരായപ്രശ്‌നത്തിന് ആക്കം കൂട്ടുന്നതില്‍ അഹാഡ്‌സ് കാരണമായിട്ടുണ്ട്. 2000ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അഹാഡ്‌സിന് ആദിവാസികളെ ഒരു പരിധിവരെ ഇടനിലക്കാരുടെ ചൂക്ഷണങ്ങളില്‍ നിന്നു രക്ഷിക്കാനും അവര്‍ക്ക് തൊഴില്‍സ്ഥിരതയും ഭേദപ്പെട്ട കൂലിയും ഉറപ്പുവരുത്താനും കഴിയുന്നുണ്ട്. അതേസമയം, കൂലിയിനത്തില്‍ പുരുഷന്മാര്‍ക്ക് നല്‍കിയ ലക്ഷങ്ങളത്രയും ചാരായലോബിയുടെ കീശയിലാണെത്തിയതെന്ന് അഹാഡ്‌സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. കൂലി ഉറപ്പായതിനാല്‍ പറ്റെഴുതി ചാരായം കുടിക്കാം, ശനിയാഴ്ച കൂലി ലഭിക്കുമ്പോള്‍ പണം കൊടുത്താല്‍ മതി. തൊഴിലുറപ്പു പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ ഇങ്ങനെയൊരു അപകടം മുന്‍കൂട്ടി കാണാന്‍ പദ്ധതി വിഭാവനം ചെയ്തവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് മുക്തരായപ്പോഴും ആദിവാസികളുടെ ജീവിതം അല്‍പംപോലും മെച്ചപ്പെട്ടില്ല. ഹൈകോസ്റ്റ് പ്രോജക്ടായതിനാല്‍, ഒരുവര്‍ഷം ഇത്രകോടി രൂപ ചെലവാക്കിയിരിക്കണം എന്ന ലക്ഷ്യം കൈവരിക്കേണ്ട ബാധ്യതയുളളതിനാല്‍ അഹാഡ്‌സിന് മനുഷ്യവികസനത്തിനു പകരം വനവല്‍കരണം, ചെക്ക്ഡാമുകള്‍, വീടുകള്‍, പാലം തുടങ്ങിയവയുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നുണ്ട്. ചാരായം പോലെ ആദിവാസികളുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായ പരിഹാര പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അഹാഡ്‌സിന് കഴിയാതെ പോകുന്നുണ്ട്).

പക്ഷേ, യുദ്ധം ചെയ്തു ചെയ്ത് തായ്കുല സംഘങ്ങള്‍ തളര്‍ന്നിരിക്കുന്നു. ജീവിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതിനിടയില്‍ ചാരായ റെയ്ഡുകള്‍ കൂടി അവര്‍ നടത്തണമെന്നു വന്നാലേ? അതും എക്‌സൈസ്-പോലീസ് വകുപ്പുകളുടെ സഹായമില്ലാതെ, തികച്ചും കാരുണ്യശൂന്യമായ ഒരു സംവിധാനത്തിനുളളില്‍ നിന്നുകൊണ്ട്? നക്കുപ്പതിപ്പിരിവു പോലെ വിരലിലെണ്ണാവുന്ന ഊരുകളില്‍ മാത്രമാണിപ്പോള്‍ തായ്കുല സംഘങ്ങള്‍ സജീവമായിട്ടുളളത്. അവിടെ കാടമ്മയെപ്പോലെ ആരെയും കൂസാത്തവരുണ്ട്. ഊരുകാരാരെങ്കിലും കുടിച്ചു വന്നാല്‍, ഒരു സംശയവും വേണ്ട, അവരെ രണ്ടും മൂന്നും ദിവസം പുറത്തിറങ്ങാനനുവദിക്കാതെ വീട്ടില്‍ പൂട്ടിയിടുമെന്നു പറഞ്ഞ് അറുപതു കഴിഞ്ഞ കാടമ്മ ചിരിക്കുന്നു. അവര്‍ക്ക് ഊരിന്റെ മുഴുവന്‍ പിന്തുണയുമുണ്ട്. എന്നാല്‍, മറ്റു ഊരുകളില്‍ അതല്ല സ്ഥിതി. മൂപ്പന്മാര്‍ വരെ ചാരായത്തിനടിമകളാകുമ്പോള്‍ തായ്കുല സംഘക്കാര്‍ ഊരില്‍ ഒറ്റപ്പെടുന്നു. റെയ്ഡിനെത്തുന്ന എക്‌സൈസുകാര്‍ വിവരം തന്നത് ആരാണെന്ന് വെളിപ്പെടുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വാറ്റുകാരുടെ അടിയും മര്‍ദനവും സഹിക്കാന്‍ തായ്കുല സംഘം പ്രവര്‍ത്തകര്‍ക്ക് മടിയില്ല. പക്ഷേ, സ്വന്തം ഊരില്‍ സാമൂഹികമായി ബഹിഷ്കരിക്കപ്പെടുന്നത് സഹിക്കാന്‍ ഒരാദിവാസിക്കും കഴിയില്ല. അധികാരികളുടെ സഹായവും പിന്തുണയുമുണ്ടെങ്കില്‍ ഇനിയും സജീവമാകാനാകുമെന്ന് കരുവാര ഊരിലെ ഭഗവതിയെ പോലെ പ്രതീക്ഷ കൈവിടാത്തവര്‍ പറയുന്നുണ്ട്.

ഇക്കാര്യത്തില്‍ ഇനി ആരോടാണ് പരാതി പറയേണ്ടതെന്ന് ആദിവാസി സ്ത്രീകള്‍ക്കറിയില്ല. പട്ടികവര്‍ഗത്തിന്റെ ക്ഷേമം അന്വേഷിക്കുന്ന നിയമസഭാ സമിതിയും വനിതാ കമ്മിഷനും ജനകീയാന്വേഷണ കമ്മിഷനുകളും അട്ടപ്പാടിയില്‍ സിറ്റിംഗ് നടത്തിയപ്പോഴോക്കെ അവര്‍ ഈ പ്രശ്‌നം അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് ചെന്ന് കലക്ടറെയും തിരുവനന്തപുരത്ത് ചെന്ന് മന്ത്രിയെയും കണ്ടിട്ടുണ്ട്. നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. കാമറക്കു മുന്നിലും പറഞ്ഞിട്ടുണ്ട് സങ്കടങ്ങള്‍ പലതവണ. പക്ഷേ, പ്രയോജനമുണ്ടായിട്ടില്ല. ഷോളയൂരിലെ അറുപത്തഞ്ചുകാരി മരുതി പറയുന്നതു പോലെ പട്ടയെട്ത്ത മരക നന്ത് പോക പോലെ എമ്ത്ത് വാഴ്‌കെമ് നന്ത് കൊണ്ട് പോക്ത്(തൊലിയുരിക്കപ്പെട്ട മരങ്ങള്‍ കരിഞ്ഞുണങ്ങുന്നതുപോലെ ഞങ്ങളുടെ ജീവിതങ്ങളും ഉണങ്ങി പോകുകയാണ്). അവര്‍ക്കിപ്പോള്‍ വേവലാതി അവരുടെ ജീവിതത്തെക്കുറിച്ചല്ല. പത്തു വയസാകുമ്പോള്‍ ലഹരിക്കടിമകളാകുന്ന, ഊരിലെ ബഹളങ്ങള്‍ക്കിടയില്‍ പഠിക്കാനാവാതെ രക്ഷപ്പെടാന്‍ വിദൂരമായ ഹോസ്റ്റലുകളെ അഭയം പ്രാപിക്കുകയും പിന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ്. പുതിയ തലമുറയെങ്കിലും രക്ഷിക്കാനാകുമോ എന്നവര്‍ ചോദിക്കുന്നു.

ഈ റിപ്പോര്‍ട്ട് ഇവിടെ നിറുത്താവുന്നതാണ്. പക്ഷേ, അത് ആദിവാസി പുരുഷന്മാരോട് ചെയ്യുന്ന അനീതിയായിരിക്കും. കഥയിലെ വില്ലന്മാര്‍ യഥാര്‍ത്ഥത്തില്‍ അവരല്ലല്ലോ. മാത്രമല്ല, ഏതോ തരത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ മാനസിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് അവരെന്നും തോന്നുന്നു. വന്തവാസികളുടെ മേധാവിത്വവും അധീശത്വവും ഒരുപേക്ഷ, ആദിവാസി പുരുഷന്മാരുടെ ആത്മാഭിമാനത്തെയായിരിക്കുമോ കൂടുതല്‍ ബാധിച്ചിട്ടുണ്ടാകുക? അവരുടെ അടിസ്ഥാന വികാരം തന്നെ ഇപ്പോള്‍ ഭയമാണ്. ഒരളവുവരെ അപകര്‍ഷതാബോധവും. മലയാളത്തില്‍ ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ പോലും അവര്‍ സ്ത്രീകളുടെ പിറകിലാണ്. ജോലി ചെയ്ത് കുടുംബം പോറ്റുന്നത് സ്ത്രീകളായതിനാല്‍ അവര്‍ക്കാണ് കൂടുതല്‍ കാര്യപ്രാപ്തി എന്ന ഒരു ധാരണ പൊതുവേ ഉണ്ടായിട്ടുണ്ട്. ആസൂത്രണത്തില്‍ സ്ത്രീശാക്തീകരണമെന്നതാണ് നയം. ആദിവാസി പുരുഷന്മാര്‍ക്ക് ആ ആനുകൂല്യവുമില്ല. പിന്നെ സ്വന്തം പുരുഷന്മാരുടെ നിരന്തരമായ മദ്യപാനവും നിരുത്തരവാദിത്തവും കാരണം ആദിവാസി സ്ത്രീകള്‍ക്ക് അവരോട് മനംമടുക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. പുറത്തുനിന്നെത്തുന്നവര്‍ ഈ ഒരവസ്ഥ പരമാധി മുതലെടുക്കുന്നുമുണ്ട്. അട്ടപ്പാടിയിലിപ്പോള്‍ ആയിരത്തി എഴുന്നൂറോളം വഞ്ചിതരായ അമ്മമാരുണ്ട്.

ഒരുപക്ഷേ, ജീവിതത്തില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ലാത്തവിധം തകര്‍ന്നു കഴിഞ്ഞിരിക്കുമോ ആദിവാസി പുരുഷന്മാര്‍?

നിശ്ബദമായിട്ടാണെങ്കിലും അവരും സഹായത്തിനുവേണ്ടി കെഞ്ചുന്നുണ്ടെന്ന ഒരു തോന്നലാണ് "കിംഗ്' എന്ന് സ്വയം പരിചയപ്പെടുത്തിയ ആദിവാസി യുവാവിനോട് സംസാരിച്ചപ്പോഴുണ്ടായത്. രാത്രി ഭഗവതിയുടെ വീട്ടിലിരിക്കുമ്പോഴാണ് "രാജാവി'ന്റെ വരവ്. നിലത്തുറക്കാത്ത കാലുകളോടെ വേച്ചുവേച്ച് അയാള്‍ വാതിക്കല്‍ വന്നുനിന്നു. മെലിഞ്ഞു ക്ഷീണിച്ച രൂപം.

""അയാം കിംഗ്'', രജനീകാന്ത് സ്‌റ്റൈലില്‍ പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റെടുത്ത് അയാള്‍ കത്തിച്ചു, പിന്നെ, സീയു, ഒ.കെ, ബെബൈ എന്ന മട്ടില്‍ ഇംഗ്ലീഷ്. കിംഗിന്റെ ശരിയായ പേര് പഴനിയെന്നാണ്. അഞ്ചുവരെയോ പഠിച്ചിട്ടുളളൂ ഭഗവതിയുടെ കൂട്ടരും ചെറുതായൊന്ന് വിരട്ടിയപ്പോഴേക്കും രാജാവ് വെറുമൊരു പ്രജയായി. നിരന്തരമായ കുടിയെപ്പറ്റി പറഞ്ഞ് അവര്‍ ശകാരിച്ചപ്പോള്‍ അയാള്‍ തലതാഴ്ത്തി നിന്നു. പഴനിയെന്തിനാണ് ഇങ്ങനെ കുടിക്കുന്നതെന്ന് അടുത്തിരുന്ന് ചോദിച്ചപ്പോള്‍ എനിക്കാരുമില്ല എന്നായിരുന്നു അയാളുടെ ഉത്തരം. കുടിച്ചു മരിച്ചുപോയ അച്ഛനെപ്പറ്റി, കാഞ്ഞ വയറുമായി ആടു മേച്ചുമേച്ച് ഒടുവില്‍ ഏതോ ഒരു മലഞ്ചരിവില്‍ വീണു മരിച്ച അമ്മയെപ്പറ്റി, കൊല്ലപ്പെട്ട സഹോദരിയെപ്പറ്റിയൊക്കെ അയാള്‍ സംസാരിച്ചു. പഴനിയുടെ സഹോദരിയെ കൊന്നത് ഒരു ആദിവാസി തന്നെയാണ്- എന്തോ ഒരു നിസാര കാര്യത്തിന്. യാത്ര പറഞ്ഞെഴുന്നേറ്റപ്പോള്‍ അയാള്‍ പെട്ടെന്ന് എന്റെ കൈ മുറുകെ പിടിച്ചു. നിസഹായരായ ഒരുകൂട്ടം ആളുകളുടെ നിശബ്ദമായ നിലവിളി ഞാന്‍ അപ്പോള്‍ കേട്ടു.

Post your comments.

Name:

Email:
(optional):

Please enter
your comments:

അട്ടപ്പാടിയിലെ മാഹി എന്നറിയപ്പെടുന്ന ഒരു സ്ഥലം പോലുമുണ്ട് ഈ പാതയോരത്ത്; മേലെ കോട്ടത്തറ. ചാവടിയൂരിനു സമീപം ഭവാനിക്കു കുറുകെ, പുതിയ പാലത്തിന്റെ പണി നടക്കുന്നിടത്ത്, വെറുതെ ഒന്നു കറങ്ങിയാല്‍ ഇടയ്ക്ക് പണിനിറുത്തി പുഴയോരത്തേക്ക് കയറി പോകുന്നവരെ കാണാം. പായിടുക്കില്‍ ഒളിച്ചുവെച്ചിരിക്കുന്ന രണ്ടു ലിറ്ററിന്റെ ചാരായക്കുപ്പിയില്‍ നിന്നു കൊച്ചു സ്റ്റീല്‍ ടംബ്ലറിലേക്ക് ചാരായം പകര്‍ന്നുകൊടുക്കുന്നവരെ കാണാം.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org