logo malayalam

|കാര്‍ഷികം|

മുങ്ങിപ്പോയോ നമ്മുടെ നെല്‍വയല്‍ബില്ല് ?

എം. സുചിത്ര

28 February 2008

നെല്‍വയലുകള്‍ ഒരു നിയന്ത്രണവുമില്ലാതെ നികത്തിക്കൊണ്ടിരിക്കുന്നതു തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കേരള നെല്‍വയല്‍‌‌- നീര്‍ത്തട സംരക്ഷണ ബില്‍ എന്ന പേരില്‍ ഒരു കരടുനിയമത്തിനു രൂപം നല്‍കിയിരുന്നു. പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വത്തെയും ജലലഭ്യതയെയും പരിസ്ഥിതിയെയും തീര്‍ത്തും അപകടത്തിലാക്കിക്കഴിഞ്ഞുവെന്ന് വളരെ വൈകിയാണെങ്കിലും ബോധ്യമായതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. തുടര്‍ന്ന്, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചര്‍ച്ചകളും അഭിപ്രായസ്വരൂപണവും നടന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക് ട് കമ്മിറ്റി ഫൈനല്‍ഡ്രാഫ് റ്റ് തയ്യാറാക്കുകയും ചെയ്‌തു. എന്നാല്‍, അടിയന്തിരപ്രാധാന്യമുള്ള ആ ബില്ല്‌ ഇനിയും നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കിയിട്ടില്ല.

ഭക്ഷ്യക്കമ്മിസംസ്ഥാനമായ കേരളം എത്തിനില്‍ക്കുന്ന അതീവഗുരുതരമായ അവസ്ഥയെപ്പറ്റിയും നെല്‍വയലുകള്‍ നികത്തുന്നതു തടയാന്‍ സംസ്ഥാനത്ത് നിലവില്‍ ഒരു നിയമം പോലുമില്ലാത്തതിന്റെ അപകടത്തെപ്പറ്റിയും ബില്ലിന്റെ ഉദ്ദേശ്യകാരണങ്ങളില്‍ തന്നെ വിവരിക്കുന്നുണ്ട്. എഴുപതുകളില്‍ എട്ടുലക്ഷം സ്ഥലത്ത് നെല്‍കൃഷി നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ടുലക്ഷം ഹെക് ട്റായി കുറഞ്ഞിരിക്കുന്നു.സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 80 ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയും ധാന്യോല്പാദനത്തിന്റെ കുറവും പൊതുവിപണിയിലെ വിലക്കയറ്റവുമൊക്കെ കാരണം സംസ്ഥാനം അല്ലെങ്കിലേ പട്ടിണിയുടെ വക്കത്തെത്തി നില്‍ക്കുകയാണ്. കെട്ടിടനിര്‍മ്മാണത്തിനും നാണ്യവിളകള്‍ക്കും വേണ്ടി വയലുക‍ള്‍ നികത്തിക്കൊണ്ടിരിക്കുന്നത് കടുത്ത ഭക്ഷ്യക്ഷാമത്തിനും ജലക്ഷാമത്തിനും അതിപ്രധാനമായ ആവാസവ്യവസ്ഥകളുടെ തകര്‍ച്ചയ്ക്കും ഇടവയ്ക്കുമെന്നും ബില്ലില്‍ത്തന്നെ പറയുന്നുണ്ട്.

ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തേ നിയമസഭയില്‍ അവതരിപ്പിച്ചു പാസ്സാക്കേണ്ട ബില്ല് വെച്ചു താമസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പറഞ്ഞേക്കാവുന്ന ഒരു കാരണം ബില്ലിലെ ചില വ്യവസ്ഥകളോട് കര്‍ഷകര്‍ക്കുള്ള എതിര്‍പ്പാ‍ണ് . ആ എതിര്‍പ്പ് സ്വാഭാവികം മാത്രമാണ് . വയല്‍ സംരക്ഷണത്തെപ്പറ്റിയല്ലാതെ കര്‍ഷകരെ സംരക്ഷിക്കുന്നതിനെപ്പറ്റിയോ അവര്‍ക്കു ലഭിക്കേണ്ട സാമൂഹ്യസുരക്ഷയെപ്പറ്റിയോ ബില്ലില്‍ ഒരക്ഷരം പോലുമില്ല. യഥാര്‍ത്ഥത്തില്‍, നെല്‍കൃഷി പാടെ നശിക്കാനും സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ിയിലാകാനുമുള്ള പ്രധാന കാരണം അധികാരത്തില്‍ മാറിമാറി വന്ന ഇടതു-വലത് സര്‍ക്കാരുകളുടെ അനാസ്ഥയും നിരുത്തരവാദിത്തവുമാണ്. നെല്‍കൃഷി സംരക്ഷിക്കാന്‍ കഴിഞ്ഞ 55 വര്‍ഷത്തി‍നുള്ളില്‍ 12 സമിതികള്‍ ശുപാര്‍ശകള്‍ വച്ചിരുന്നു. അവയൊന്നും പരിശോധിക്കപ്പെടുകയോ പരിഗണിക്കപ്പെടുകയോ ഉണ്ടായില്ല. സംസ്ഥനത്തെ എല്ലാ ജലസേചനപദ്ധതിയും നെല്‍കൃഷിയുടെ പേരിലാണ്‌ തുടങ്ങിയത്‌. ഈ പദ്ധതികള്‍ കൊണ്ട്‌ നെല്‍കൃഷിക്ക്‌ എത്ര ഗുണമുണ്ടായിട്ടൂണ്ട്‌?

എന്തുകൊണ്ട് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു, എന്തുകൊണ്ട് നെല്‍വയലുകള്‍ തരിശ്ശായി കിടക്കുന്നു എന്നതൊന്നും ചിന്തിക്കാതെ, നിങ്ങള്‍ നിങ്ങളുടെ പാടത്ത് നെല്‍കൃഷി ചെയ്തോളണം, തരിശ്ശിടാനോ നികത്താനോ പാടില്ല, അങ്ങനെ ചെയ്താല്‍ മൂന്നുവര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും എന്നൊക്കെ പറ്ഞ്ഞാല്‍ ആരാണ് എതിര്‍ക്കാതിരിക്കുക? അരി ജനങ്ങളുടെ ആവശ്യമാണെങ്കില്‍, കുടിവെള്ളം ജനങ്ങളുടെ ആവശ്യമാണെങ്കില്‍, നീര്‍ത്തടങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെങ്കില്‍ അതിനു വേണ്ട ന്യായമായ സഹായമാണ്‌ കര്‍ഷകര്‍ ചോദിക്കുന്നത്‌. നഷ് ടവും അവഗണനയും ദുരിതങ്ങളും സഹിച്ച് അവരെന്തിന് സമൂഹത്തെ തീറ്റിപ്പോറ്റണം? സര്‍ക്കാര്‍ നെല്‍കൃഷിക്കു നല്‍കുന്നതിനെക്കാള്‍ പത്തിരട്ടി സബ്‌സിഡി റബ്ബറിനു നല്‍കുമ്പോള്‍ , ഞങ്ങള്‍ ഞങ്ങളുടെ വയല്‍ നികത്തുകയോ വില്‍ക്കുകയോ ഒക്കെ ചെയ്യും എന്ന് കര്‍ഷകര്‍ പറഞ്ഞാല്‍ അവരെ ജയിലിലിടാന്‍ പറ്റുമോ? കുട്ടനാട്ടില്‍ പതിനായിര‍ത്തോളം ഹെക് ടര്‍ പാടശേഖരം തരിശ്ശായത് സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയുമൊക്കെ അശാസ്ത്രീയമായ വികസനപ്രവര്‍തനങ്ങള്‍ കാരണമാണ് . അത്‌ കൃഷിഭൂമിയാക്കി മാറ്റേണ്ടത്‌ കര്‍ഷകരുടെ ചുമതലയാവുന്നത് എങ്ങനെയാണ്‌? തരിശ്ശായി കിടക്കുന്ന നെല്‍വയലുകള്‍ പിടിച്ചെടുത്ത് പാട്ടത്തിനു കൃഷി ചെയ്യാന്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കും എന്നൊക്കെ പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? പത്തും ഇരുപതും വര്‍ഷം തരിശ്ശായിക്കിടക്കുന്ന പാടങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ കൃഷിഭൂമിയാക്കി മാറ്റാന്‍ കുടുംബസ്ത്രീകള്‍ക്ക്‌ മായാജാലം അറിയുമോ?

കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനു പുറമേ, അങ്ങേയറ്റം അപകടകരമായ ചില പഴുതുകളും ബില്ലിലുണ്ട്. ആവശ്യമെന്നു ബോദ്ധ്യപ്പെട്ടാല്‍ നെല്‍ വയല്‍ നികത്താനോ പരിവര്‍തനം ചെയ്യാനോ അനുവാദം നല്‍കാനുള്ള അധികാരം സര്‍ക്കരിനു നല്‍കുന്ന ഒരു വകുപ്പ് . ഇത് സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തില്ലെന്ന്‌ എന്താണുറപ്പ് ? കേരളത്തിലെ നെല്‍കൃഷിയുടെ കഴിഞ്ഞ അമ്പതു വര്‍ഷത്തെ ചരിത്രമെടുത്താല്‍, സര്‍ക്കാരിന്റെ സ്ഥാനം പ്രതിക്കൂട്ടിലാണ്‌. പലയിടത്തും നെല്‍വയലുകള്‍ നികത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ വഴിയൊരുക്കിയിട്ടുണ്ട്. പ്രത്യേക സമ്പത്തികമേഖലകള്‍ക്കും ഐ ടി പാര്‍ക്കുകള്‍ക്കുമൊക്കെ വേണ്ടി സര്‍ക്കാര്‍ ഇനിയും പാടങ്ങള്‍ നികത്തില്ലേ?

പക്ഷേ, കര്‍ഷകരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും വിയോജിപ്പുകള്‍, ബില്ല്‌ നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാനുള്ള ന്യായീകരണമാകുന്നത്‌ ശരിയല്ല. ബില്ലിന്റെ പരിമിതികള്‍ കഴിഞ്ഞവര്‍ഷം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്, വേണ്ടതായ മാറ്റങ്ങള്‍ വരുത്തി, ബില്ല്‌ എത്രയും വേഗം നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്‌. വിഷയം ഭൂവിനിയോഗമായതിനാല്‍, ബില്ല് മുന്നോട്ടുനീക്കേണ്ടത് റവന്യൂവകുപ്പാണ്. പക്ഷേ, റവന്യൂവകുപ്പ്‌ ഇക്കാര്യത്തില്‍ ഒരു മെല്ലെപ്പോക്കുനയം സ്വീകരിച്ചിരിക്കയാണ്. ഇങ്ങയൊരു നിയമം നിലവില്‍ വരുന്നതില്‍ സിപി എമ്മിനും താല്പര്യമുണ്ടാവാന്‍ വഴിയില്ല. എരയാംകുടിയില്‍ നടന്ന നെല്‍വയല്‍സംരക്ഷണസമരത്തെ പാര്‍ട്ടി നേരിട്ടവിധം ഓര്‍മ്മിക്കുക.

ഇതിനിടയില്‍,ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ ഒരു പരിധി വരെയെങ്കിലും സ്വയം പര്യാപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ കൃഷിവകുപ്പ് ഒരു മാസ്‌റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. അരിയുടെ വാര്‍ഷികോല്പാദനം ഇപ്പോഴത്തെ ആറര ലക്ഷം ടണ്ണില്‍ നിന്ന് അടുത്ത വര്‍ഷമാകുമ്പോഴേയ്ക്കും 13 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഴയ സാക്ഷരതായജ്ഞം പോലെ എല്ലാ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തുന്ന ഒരു നെല്‍കൃഷിയജ്ഞം. പക്ഷേ, ഈ മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഒരു തുണ്ട് നെല്‍വയലെങ്കിലും അവശേഷിക്കുമോ നമ്മുടെ സംസ്ഥനത്ത് ? ബില്ല്‌ നിയമമാകുന്നതിനു മുമ്പ്‌ നെല്‍വയലുകള്‍ ആകാവുന്നിടത്തോളം നികത്താനുള്ള മല്‍സരത്തിലാണ്‌ റിയല്‍ എസ്‌റ്റേറ്റുകാര്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോള്‍ കര്‍ഷകര്‍ തന്നെ വേണ്ടിവരും പ്രക്ക്ഷോഭത്തിനിറങ്ങാന്‍. പ്രതിപക്ഷത്തില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. റിയല്‍ എസ്റ്ററ്റുകാരെ മുഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കഴിയുന്നില്ലെങ്കില്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്കും കൂട്ടാളികള്‍ക്കുമാണോ കഴിയുന്നത്! മാത്രമല്ല, മതമില്ലാത്ത ജീവന്‍, ജീവനില്ലാത്ത മതം അങ്ങനെ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അവര്‍ക്ക് പ്രതിഷേധിക്കാനും നിയമസഭാസമ്മേളനം സ്തംഭിപ്പിക്കാനുമൊക്കെ!

ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ രണ്ടാം അദ്ധ്യായത്തെചൊല്ലി തെരുവുയുദ്ധത്തിനിറങ്ങിയവര്‍ക്ക് അതിലെ ഒന്നാം അദ്ധ്യായം ഒന്നു വായിച്ചു നോക്കാമായിരുന്നു. അതിലുള്ളത് ഇങ്ങനെയൊക്കെയാണ്. " അരിവില ഇനിയും കൂടും, ആവശ്യത്തിനു കിട്ടിയെന്നു വരില്ല, എല്ലാ കാലത്തും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റും എന്നു വിചാരിക്കുന്നുണ്ടോ? വയലായ വയലൊക്കെ മണ്ണിട്ടുനികത്തുന്നതിന് ഇവിടെ മല്‍സരമല്ലേ? കോണ്‍ക്രീറ്റ് സൗധങ്ങളും തോട്ടങ്ങളും പാടത്തുതന്നെ വേണമെന്നു നിര്‍ബന്ധം പിടിക്കണോ?.." എന്നെല്ലാം പറഞ്ഞുപോകുന്ന പാഠത്തിനൊടുവില്‍ കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന സെമിനാര്‍ ക്ലാസില്‍ സംഘടിപ്പിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്!

നല്ല കാര്യം ! സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെപ്പറ്റി അവരെങ്കിലും തലപുണ്ണാക്കട്ടെ!

Post your comments.

Name:

Email:
(optional):

Please enter
your comments:

ഭക്ഷ്യക്കമ്മിസംസ്ഥാനമായ കേരളം എത്തിനില്‍ക്കുന്ന അതീവഗുരുതരമായ അവസ്ഥയെപ്പറ്റിയും നെല്‍വയലുകള്‍ നികത്തുന്നതു തടയാന്‍ സംസ്ഥാനത്ത് നിലവില്‍ ഒരു നിയമം പോലുമില്ലാത്തതിന്റെ അപകടത്തെപ്പറ്റിയും ബില്ലിന്റെ ഉദ്ദേശ്യകാരണങ്ങളില്‍ തന്നെ വിവരിക്കുന്നുണ്ട്. എഴുപതുകളില്‍ എട്ടുലക്ഷം സ്ഥലത്ത് നെല്‍കൃഷി നടന്നിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ടുലക്ഷം ഹെക് ട്റായി കുറഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 80 ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org