logo malayalam

|സാഹിത്യം/സംസ്കാരം|

പരിവ്രാജകന്റെ ക്യാമറ

മണിലാല്‍ പടവൂര്‍

31/03/ 2011

mankada

രവിയേട്ടനുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് അദ്ദേഹം സ‌വിധാനം ചെയ്ത 'കുഞ്ഞിക്കൂനന്‍ ' എന്ന കുട്ടികളുടെ സിനിമയോടെയാണ്‌. അത് 1987 ല്‍ ആയിരുന്നു. ആര്‍ട്ട് ഡയറക്റ്റര്‍ കലാധരന്റെ സഹായിയായി കുഞ്ഞിക്കൂനന്റെ സെറ്റില്‍ എത്തിയതായിരുന്നു ഞാന്‍. നല്ല സിനിമകള്‍ കാണുക എന്നതിനപ്പുറം സിനിമയെക്കുറിച്ച് ഒരിക്കല്‍ പോലും ആലോചിക്കാതിരുന്ന ഞാന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ വച്ചേ ആര്‍ട്ട് അസിസ്റ്റന്റ് എന്നതിനപ്പുറം രവിയേട്ടന്റെ സഹായി ആയി മാറി.

കുട്ടിയായിരുന്നപ്പോള്‍ ക്യാമറയുടെ പിന്നില്‍ നില്‍ക്കുന്ന ഒരാളിന്റെ ചിത്രം ചുവരില്‍ ഒട്ടിച്ചുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. അത് രവിയേട്ടന്റെ ചിത്രമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.കുഞ്ഞിക്കൂനനുശേഷം ഒരു ഡോക്യുമെന്ററി ചെയ്യുമ്പോള്‍ വീണ്ടും വിളിച്ചു. സെറ്റില്‍ എത്തിയ എന്റെ കയ്യില്‍ ഒരു ലൈറ്റ്മീറ്റര്‍ എടുത്തുതന്നിട്ട് അദ്ദേഹം പറഞ്ഞു: 'നമുക്കിനി വഴി അല്പം മാറി നടക്കാം, എന്താ? ' എന്നിട്ട് രവിയേട്ടന്‍ ഒരു ഫ്രെയിം ഫിക്സ് ചെയ്ത് വ്യൂ ഫൈന്‍ഡറിലൂടെ എന്നെ കാണിച്ചുതന്നു.അതായിരുന്നു എന്റെ ആദ്യത്തെ മൂവി ക്യാമറ കാഴ്ച. അന്നുമുതല്‍ പ്രൊഫഷണല്‍ ജീവിതത്തിനപ്പുറം വ്യക്തി ജീവിതത്തിലും ഞാന്‍ രവിയേട്ടന്റെ ഒര്യ് സഹായിയായി മാറി എന്നു പറയാം.

പണവും ഗ്ലാമറും നിറഞ്ഞ സിനിമയുടെ ഭൗതിക ലോകത്ത് ഒരത്ഭുതമായിരുന്നു രവിയേട്ടന്‍. ഒരു സന്യാസിയുടെ നിര്‍മമത ആയിരുന്നു അദ്ദേഹത്തിന്‌ സിനിമയുടെ ഭൗതിക ആകര്‍ഷണങ്ങളോട് ഉണ്ടായിരുന്നത്. നല്ല സിനിമ ചെയ്യുക എന്ന ഒറ്റ ആഗ്രഹമാണ്‌ രവിയേട്ടനെ സിനിമാലോകത്ത് പിടിച്ചുനിര്‍ത്തിയത്.അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ 'പൈസ ഉണ്ടാക്കണമെന്ന് ഇല്ലായിരുന്നു. സിനിമ തീയേറ്ററില്‍ ഓടണമെന്നും ഇല്ലായിരുന്നു.' ഡോക്യുമെന്ററിയുടെ വര്‍ക്കിനുശേഷം രവിയേട്ടന്‍ എന്നോട് മദ്രാസിലേക്ക് ചെല്ലാന്‍ പറഞ്ഞു. ടിക്കറ്റിനായി 500 രൂപയും തന്നു.അതിനുശേഷം രവിയേട്ടന്റെ ടി. നഗറിലെ വസതി എന്റെ ഒരു താവളം ആയി മാറി.

ക്യാമറമാന്‍ എന്നതിനേക്കാള്‍ ഒരു നല്ല മനുഷ്യനാവാനാണ്‌ ഞാന്‍ രവിയേട്ടനില്‍നിന്ന് പഠിച്ചത് എന്നു തോന്നുന്നു. നിശബ്ദതയിലൂടെ സ്നേഹം പ്രവഹിപ്പിക്കാന്‍ കഴിയുന്ന ഒരു അപൂര്‍‌വവ്യക്തിത്വം ആയിരുന്നു രവിയേട്ടന്റേത്.രവിയേട്ടന്‍ എന്ന വ്യക്തി പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തും. കാരണം ഇത്രയ്ക്ക് മനുഷ്യത്വം ഒരു മനുഷ്യനില്‍ കാണുക അപൂര്‍‌വമാണ്‌.സിനിമയില്‍ ആയാലും വ്യക്തി ജീവിതത്തിലായാലും രവിയേട്ടന്‌ സബോര്‍‌ഡിനേറ്റ്സ് ഉണ്ടായിരുന്നില്ല.എല്ലാവരും അദ്ദേഹത്തിന്‌ സഹപ്രവര്‍‌ത്തകര്‍ ആയിരുന്നു.കുറെയധികം ഡോക്യുമെന്ററികളിലും വിധേയന്‍,കഥാപുരുഷന്‍, നിഴല്‍ക്കുത്ത് തുടങ്ങിയ സിനിമകളിലും ഞാന്‍ രവിയേട്ടന്റെ സഹായിയായി പ്രവര്‍ത്തിച്ചു.പക്ഷേ രവിയേട്ടന്‍ മന:പൂര്‍‌വം ഒന്നും പഠിപ്പിക്കുമായിരുന്നില്ല.ടി.നഗറില്‍ വച്ച് എന്നും സായാഹ്നസവാരിക്ക് പോകുന്ന ഒരു പതിവുണ്ടായിരുന്നു.അത്തരം സമയങ്ങളില്‍ രവിയേട്ടന്‍ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ ധാരാളം സംസാരിക്കും.രവിയേട്ടന്റെ സുഹൃത്ത് രമണിയും ഒപ്പം ഉണ്ടാകും.

mankada

ആദ്യമൊക്കെ മദ്രാസില്‍നിന്ന് തിരിച്ചു പോരുമ്പോള്‍ രവിയേട്ടന്‍ തിരക്കുള്ള ബസ്സിലൊക്കെ കയറി റയില്‍‌വേ സ്റ്റേഷനില്‍ യാത്ര അയയ്കാന്‍ വരുമായിരുന്നു.പിന്നീട് രവിയേട്ടനെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഞാന്‍ അതിരാവിലെ പുറപ്പെടും. 'സ്റ്റെപ്സ് റ്റു ഡിവിനിറ്റി' ചെയ്യുമ്പോള്‍ ഞരളത്തിനെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യം കൂടി രവിയേട്ടനുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഞരളത്ത് സ്വാഭാവികമായി എന്തൊക്കെയാണോ ചെയ്യുന്നത് അതൊക്കെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. ക്യാമറ കൈകാര്യം ചെയ്തത് രവിയേട്ടന്റെ മരുമകനും എന്റെ അടുത്ത് സുഹൃത്തുമായ വിനോദ് രാജാ ആയിരുന്നു. ഞരളത്ത് എന്നും രാവിലെ ഭസ്മക്കൂടയില്‍നിന്ന്‌ ഭസ്മം എടുത്ത് നെറ്റിയില്‍ തൊടും. തീരെ വെളിച്ചം വീഴാത്ത ഒരിടത്തായിരുന്നു ഈ ഭസ്മക്കൂട ഇരുന്നത്.ഷൂട്ടിങ്ങിനുമുമ്പ് ഞാനും വിനോദും കൂടി അതെടുത്ത് നന്നായി വെളിച്ചം വീഴുന്നോരിടത്തു തൂക്കി. അങ്ങനെ ചെയ്യരുതെന്ന് രവിയേട്ടന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ അത് കാര്യമായി എടുത്തില്ല.നല്ലൊരു ഷോട്ടുറപ്പിച്ച് ഞങ്ങള്‍ ഞരളത്തിനെ കാത്തിരുന്നു.പക്ഷെ അദ്ദേഹം ഭസ്മക്കൂട പതിവു സ്ഥാനത്തു തന്നെയാണ്‌ പോയി തപ്പി നോക്കിയത്!

രവിയേട്ടനോടൊപ്പം ഞാന്‍ അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്. വാര്‍ധാ ആശ്രമം സന്ദര്‍ശിച്ചത് വലിഅയ ഒരു അനുഭവം ആയിരുന്നു. ഉത്തരകേരളത്തിലെ സകല ക്ഷേത്രങ്ങളും ചരിത്രപ്രധാനമഅയ സ്ഥലങ്ങളും കാണാനായി ഞങ്ങള്‍ ഒരു നീണ്ട യാത്രതന്നെ നടത്തഅധിഷ്ഠിതമാണ്‌ി. തീര്‍‌ത്ഥാടനം എന്നു തന്നെ പറയാം.

വളരെ പൊളിറ്റിക്കല്‍ ആയ ഒരാളാണ്‌ രവിയേട്ടന്‍.മനുഷ്യത്വത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയം. നല്ലതു സംഭവിക്കുമ്പോള്‍ സന്തോഷിക്കുന്നു. പക്ഷേ, 'നാശോന്മുഖമായ വികസനം കാണുമ്പോള്‍ വിഷമം തോന്നും."-രവിയേട്ടന്‍ ഒരിക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുതന്നെയാണ്‌ അടിയന്തിരാവസ്ഥക്കാലത്ത് കിട്ടിയ അവാര്‍ഡ് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.കരുണാകരനായിരുന്നു അന്നത്തെ പോലീസ് മന്ത്രി. ആ സംഭവത്തെ പറ്റി രവിയേട്ടന്‍ പറഞ്ഞത് ഇങ്ങനെയാണ്‌: "വീട്ടില്‍‌വച്ച് അമ്മ വളരെ സാധാരണ രീതിയില്‍ പറഞ്ഞു. എത്ര പേരെ ദ്രോഹിച്ച ആളാണ്‌. അയാളുടെ കൈയില്‍ നിന്നാണോ നീ അവാര്‍‌ഡ് വാങ്ങാന്‍ പോകുന്നത്? അതെന്നെ വല്ലാതെ സ്ട്രൈക് ചെയ്തു. അമ്മ വലിയ രാഷ്ട്രീയബോധമുള്ള ആളല്ല. പക്ഷേ, അതിലെ ശരികേട് അവര്‍ക്കുകൂടി മനസ്സിലായി."

കഴിഞ്ഞ തവണ മടങ്ങുമ്പോള്‍ ഞാന്‍ രവിയേട്ടന്റെ കാലില്‍തൊട്ടു തൊഴുതു. അദ്ദേഹം പറഞ്ഞു: ഒരിക്കലും അങ്ങനെ ചെയ്യരുത്. നമ്മള്‍ സുഹൃത്തുക്കളാണ്‌."

രവിയേട്ടനും അടൂര്‍ സാറുമുള്ള സെറ്റുകളുടെ എടുത്തുപറയേണ്ട സവിശേഷത, ഒരു പ്രത്യേകതരം ലാഘവത്വവും ലാളിത്യവും ആണ്‌.സാധാരണ സിനിമ സെറ്റുകളിലെ ബഹളങ്ങളോ ആക്രോശങ്ങളോ അവിടെ കേള്‍ക്കില്ല. ഇത്രയും ഗൗരവതരമായ സിനിമകളാണ്‌ അവിടെ നടക്കുന്നതെങ്കില്‍‌പോലും അന്തരീക്ഷം തികച്ചും സമാധാനപരം ആയിരിക്കും. മമ്മുട്ടി ഉള്‍പ്പടെയുള്ള നടന്മാര്‍ ആ ഒരു അന്തരീക്ഷവുമായി അത്ര എളുപ്പത്തില്‍ ഇഴുകിച്ചേരുന്നു എന്നത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്‌.

mankada

ഇപ്പോള്‍ നമ്മള്‍ സിനിമകളില്‍ കാണുന്ന ഗ്ലാമറൈസ് ചെയ്ത നിറക്കാഴ്ച്ചകളോടു കൂടിയ രാത്രികള്‍ കാണുമ്പോള്‍ രവിയേട്ടന്‍ പകര്‍‌ത്തിത്തന്ന 'രാത്രിയുടെ നിഗൂഢത' എന്ന ആ ഒരു അംശം നഷ്ടപ്പെട്ടല്ലോ എന്ന വിഷമം തോന്നാറുണ്ട്. കളറില്‍ ആയാലും ബ്ലാക് ആന്റ് വൈറ്റ് ആയാലും രവിയേട്ടന്റെ ക്യാമറ കാണിച്ചുതന്നത് ഇരുട്ടിന്റെ നിഗൂഢതകളാണ്‌,വെളിച്ചത്തിന്റെ, നിറങ്ങളുടെ, യഥാതഥമായ കാഴ്ചകളാണ്‌. അവിടെ കെട്ടുകാഴ്ചകള്‍ക്ക് സ്ഥാനമില്ലായിരുന്നു. രവിയേട്ടന്റെ ജീവിതം പോലെ തന്നെ. ‍

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
email: info@questfeatures.org