logo malayalam

|സാഹിത്യം/സംസ്കാരം|

"ഞങ്ങള്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകം മൗനം പാലിച്ചു"

ഇ. സന്തോഷ് കുമാര്‍
25/09/2009

half
മഞ്ഞസൂര്യന്റെ പാതി: നോവല്‍
ചിമമാന്‍ഡ ന്‍'ഗോസി അഡിച്ചി
ഹാര്‍പര്‍ ആന്‍ഡ് കോളിന്‍സ്
പ്രസാധനം 2007

ഉണക്കിയ വലിയ ചുരയ്ക്കാത്തോടില്‍ ഒരു കുഞ്ഞിന്റെ മുറിച്ചുവച്ച ശിരസുമായി തീവണ്ടിയുടെ നിലത്തിരുന്നു യാത്ര ചെയ്യുന്ന ഒരു സ്ത്രീയുടെ ദൃശ്യമുണ്ട് ഈ നോവലിലൊരിടത്ത്. അതിന്റെ ഭയജനകമായ നിസംഗത വായനക്കാരുടെ മനസിനെ ഒരിക്കലും വിട്ടൊഴിയുകയില്ല. നൈജര്‍നദി കടക്കുകയായിരുന്നു തീവണ്ടി. രക്തമിറ്റുന്ന കുഞ്ഞുശിരസുമായി യാത്ര ചെയ്യുന്ന സ്ത്രീയുടെ നിര്‍വികാരത നോവലുകളില്‍ നാം കാണാറുളള മാജിക്കല്‍ റിയലിസം പോലുളള സാങ്കേതികതകളുടെ ആലങ്കാരികമായ പ്രയോഗമായിരിക്കുമോ? അതോ, കോളനിവല്‍ക്കരിക്കപ്പെട്ട, നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുന്ന ആഫ്രിക്കയുടെ വല്ലാതെ ഇരുണ്ട അനുഭവങ്ങളിലൊന്നോ? അതെന്തായാലും, നോവലിനുളളില്‍ത്തന്നെ മറ്റൊരു കഥയെഴുതുന്ന ഒരു കഥാപാത്രം തന്റെ രചനയ്ക്ക് നാന്ദി കുറിക്കുന്നത് ഈ ഭീതിദമായ ദൃശ്യത്തിന്റെ വിവരണത്തോടെയാണ്.

ഇഗ്‌ബോ എന്ന ഗോത്രസമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവന്ന് ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന ഉഗ്വു എന്ന വെറുമൊരു സാധാരണ ബാലനാണ് നോവലിനുളളില്‍ തന്നെ കഥയെഴുതുന്ന ഈ കഥാപാത്രം. അയാള്‍ നല്ലവനായ തന്റെ യജമാനന്റെ സഹായത്തോടു കൂടി പഠിക്കുകയും പിന്നീട് ചുറ്റുപാടും സംഭവിക്കുന്ന അതിദാരുണമായ കാഴ്ചകളെക്കുറിച്ച് നിശബ്ദനായി എഴുതുകയും ചെയ്യുന്നു. അയാള്‍ എഴുതുന്നത് "ഞങ്ങള്‍ മരിച്ചപ്പോള്‍ ലോകം മൗനം പാലിച്ചു'' (The World Was Silent When We Died) എന്ന ഒരേസമയം വേദനിപ്പിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ ശീര്‍ഷകത്തിനു കീഴിലാണ്.

ഉഗ്വു എഴുതുന്നത് ബിയാഫ്രന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ചായിരുന്നു. 1967 മുതല്‍ 70 വരെയുളള മൂന്നു വര്‍ഷക്കാലം നൈജീരിയയിലെ ക്രിസ്തീയ സമുദായത്തിന് ആധിപത്യമുളള ബിയാഫ്ര എന്ന തെക്കന്‍ ഇഗ്‌ബോ പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്കന്‍ പ്രവിശ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ശ്രമിച്ചതാണ് ഈ യുദ്ധത്തിന്റെ കാരണം. ആഭ്യന്തരയുദ്ധം കുറേവഴിയെങ്കിലും വിജയിച്ചിരുന്നു. പല പട്ടണങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ കലാപകാരികള്‍ക്കു കഴിഞ്ഞു. അവര്‍ സ്വന്തമായ കറന്‍സിയുണ്ടാക്കി. താല്‍ക്കാലികസര്‍ക്കാര്‍ രൂപീകരിച്ചു. മഞ്ഞസൂര്യന്റെ പാതിവരച്ച ചിത്രമുളള സ്വന്തം കൊടിയുണ്ടാക്കി. എന്നാലും ആ മുന്നേറ്റങ്ങള്‍ അധികകാലം നിന്നില്ല. ദുരിതങ്ങള്‍ അവരെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ലോകമാവട്ടെ, വരള്‍ച്ചയും ക്ഷാമവും പട്ടിണിയുംകൊണ്ടു പൊറുതിമുട്ടിയ പേക്കോലങ്ങളെപ്പോലുളള മനുഷ്യരുടെ ചിത്രങ്ങള്‍ മാത്രമായി ആ കലാപത്തെ നോക്കിക്കണ്ടു. ദുരിതങ്ങളില്‍ ആ ജനതയെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എണ്ണയുടെ വലിയ നിക്ഷേപങ്ങള്‍ നൈജീരിയക്കുണ്ടായിരുന്നതു കൊണ്ട് സ്വന്തം കമ്പോളം സംരക്ഷിക്കാനുതകുംവിധം വന്‍ശക്തികള്‍ അവരുടേതായ കളികളിലേര്‍പ്പെട്ടു. ബ്രിട്ടനും അമേരിക്കയും റഷ്യയുമെല്ലാം മിക്കവാറും ഒരേപക്ഷത്തായിരുന്നു. ഒരുപക്ഷേ, ചൈന മാത്രമാണ് ബിയാഫ്രയ്‌ക്കൊപ്പം നിന്നത്. യുദ്ധം അടിച്ചമര്‍ത്തപ്പെട്ടു. ആളുകള്‍ പാറ്റകളെപ്പോലെ പിടഞ്ഞുമരിക്കുമ്പോള്‍ പുറംലോകം ഊമയെപ്പോലെ നിലകൊണ്ടു. ആരുമാരും ശ്രദ്ധിക്കാനില്ലാതെ, ലോകത്തിന്റെ ക്ഷണികമായ ഓര്‍മകളില്‍ നിന്നുപോലും അതു തുടച്ചുനീക്കപ്പെട്ടു.

യുദ്ധം, ഏതൊരു യുദ്ധവും, ജനതയെ കൊലപ്പെടുത്തുക മാത്രമല്ല, മരണത്തില്‍ നിന്നു രക്ഷപ്പെടുന്ന മനുഷ്യരെ അപമാനിക്കുകയും അപമാനവീകരിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ കാലത്തെ രാക്ഷസീയമായ യുദ്ധങ്ങള്‍ അതിനു വലിയ ദൃഷ്ടാന്തങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഇനിയുമൊടുങ്ങാത്ത ആഭ്യന്തരയുദ്ധം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തുടങ്ങിയ സമീപകാലദുരന്തങ്ങള്‍ കൊന്നുകൂട്ടിയ മനുഷ്യരേക്കാള്‍ എണ്ണത്തില്‍ ഒട്ടും കുറവല്ലാത്ത ജീവിച്ചിരിക്കുന്ന ശവങ്ങളെക്കൂടി സൃഷ്ടിച്ചിട്ടുണ്ടല്ലോ. ബിയാഫ്രയും ഇവയില്‍ നിന്നൊന്നും ഭിന്നമല്ല. ഉപരിവര്‍ഗമെന്നോ മധ്യവര്‍ഗമെന്നോ പറയാവുന്ന വിദ്യാസമ്പന്നരായ, പുരോഗമനേച്ഛുക്കളായ കുറച്ചു മനുഷ്യരുടെ ജീവിതങ്ങളിലൂടെ യുദ്ധത്തിന്റെ വ്യത്യസ്തമായൊരു ചിത്രം വരച്ചെടുക്കുകയാണ് നോവലിസ്റ്റ്. കഥ പറയുന്നതിലെ അസാധാരണമായ കയ്യടക്കം യുദ്ധത്തെ മാനുഷികമായ ഒരു വന്‍ദുരന്തമായി അവതരിപ്പിക്കുന്നതില്‍ അവരെ സഹായിച്ചിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ച കുറെ മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും അതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അനേകം സാഹിത്യരചനകളില്‍ നിന്നുമൊക്കെയാണ് ചിമമാന്‍ഡ താന്‍ ജനിക്കുന്നതിനു മുമ്പു സംഭവിച്ച ഈ ദുരന്തത്തെ പുനര്‍നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഓര്‍മ്മയാണ് ഈ നോവലിന്റെ കാതല്‍. ലോകം എപ്പോഴോ മായ്ച്ചുകളഞ്ഞ വേദനകളെ ഓര്‍മ്മയിലൂടെ ഒരു സമൂഹം തിരിച്ചു പിടിക്കുകയാണ്.

ഇഗ്‌ബോ ഉപരിവര്‍ഗ കുടുംബത്തില്‍പ്പെട്ട ഒലന്ന, കൈനീന്‍ എന്നീ ഇരട്ട സഹോദരിമാരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇരട്ടകളാണെങ്കിലും രൂപത്തിലും സ്വഭാവത്തിലും ജീവിത സമീപനത്തിലുമെല്ലാം തികച്ചും വ്യത്യസ്തരാണ് ഇവര്‍. ഒലന്ന ഒഡെനിഗ്‌ബോ എന്ന ഉല്‍പതിഷ്ണുവായ യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ജീവിതത്തിലേക്കു വരുമ്പോള്‍ കൈനീന്‍ ആഫ്രിക്കന്‍ജീവിതത്തോട് പ്രണയം സ്ഥാപിക്കുന്ന റിച്ചാര്‍ഡ് ചര്‍ച്ചില്‍ എന്ന ലജ്ജാലുവായ വെളളക്കാരനോടൊപ്പം ജീവിക്കുന്നു. ഈ നാലുപേരുടെ ജീവിതം പരസ്പരം ബന്ധപ്പെട്ടും അല്ലാതെയും മുന്നോട്ടു നീങ്ങുന്നു. ഒഡെനിഗ്‌ബോയുടെ വീട്ടില്‍ ജോലിക്കെത്തുന്ന പാവപ്പെട്ട ബാലനാണ് ഉഗ്വു. സായാഹ്നങ്ങളിലെ സല്‍ക്കാരങ്ങളും സദിരുകളുമൊക്കയാണ് ബിയാഫ്രന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുളള ഇവരുടെ പ്രവര്‍ത്തനം. ഉപരിവര്‍ഗത്തിന്റെ ചര്‍ച്ചകളും സൈദ്ധാന്തിക വാചകക്കസര്‍ത്തുകള്‍ക്കുമപ്പുറം അതു നീങ്ങുന്നില്ലെന്നും നമുക്കു കാണാം. ഏറെക്കുറെ സുരക്ഷിതവും സമ്പന്നവുമായ ഈ ജീവിതമാണ് ആഭ്യന്തരയുദ്ധത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്.

half
ചിമമാന്‍ഡ

യുദ്ധത്തിന്റെ കഥ മാത്രമായി അഡിച്ചിയുടെ നോവല്‍ ചുരുങ്ങുന്നില്ല. യുദ്ധത്തിനപ്പുറം, ജീവിതത്തിന്റെ വൈയക്തികമായ ദുരന്തങ്ങളേയും അതു സ്പര്‍ശിക്കുന്നു. രതിയേയും പരസ്പരവിശ്വാസത്തെയും വിശ്വാസലംഘനത്തെയുമെല്ലാം വളരെ സൂക്ഷ്മമായി അതു പിടിച്ചെടുക്കുന്നു. ഒലന്നയുടെയും കൈനീന്റെയും പാത്രചിത്രീകരണം ഇതിനുതകുന്ന തരത്തിലാണ് നിര്‍വഹിക്കപ്പെട്ടിട്ടുളളത്. ഈ സഹോദരിമാര്‍ ഉപരിവര്‍ഗത്തില്‍ ജനിച്ചവരെങ്കിലും സ്വന്തം വര്‍ഗത്തിന്റെ ഉപരിപ്ലവ രീതികളോട് കലഹിക്കാന്‍ സാധിച്ചിട്ടുളളവരാണ്. എന്നാലും ഇവര്‍ക്കു പരസ്പരമുളള ബന്ധത്തിന് വലിയ പൊരുത്തക്കേടുകളുണ്ട്. പലപ്പോഴും അവര്‍ക്കിടയിലുളള ബന്ധം മുറിയുന്നു, വിശ്വാസം തകരുന്നു. അതോടൊപ്പംതന്നെ ആഫ്രിക്കയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഭീതികളെയും അവയില്‍ നിന്നെല്ലാം കുതറിമാറാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം മനുഷ്യരെയും നാം ഈ രചനയില്‍ കണ്ടുമുട്ടുന്നുണ്ട്.

കഥാപാത്രങ്ങളെ സഹജമായ പരാജയങ്ങളും പതനങ്ങളുമുളള മനുഷ്യരാക്കി നിലനിര്‍ത്തിയിരിക്കുന്നു എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്. ജീവിതം വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങുന്നില്ലല്ലോ. ഒഡനിഗ്‌ബോയോ ഒലന്നയോ നന്മയുടെ മാത്രം പ്രതീകങ്ങളല്ല. അവരും മനുഷ്യസഹജമായ തെറ്റുകളിലേക്കും ആസക്തികളിലേക്കും കടന്നുപോകുന്നുണ്ട്. ഉഗ്വുവിനേപ്പോലുളള ഒരു നിഷ്കളങ്കനായ ബാലന്‍ പോലും ഒരു ഘട്ടത്തില്‍ വലിയൊരു തിന്മയുടെ ഭാഗമായി മാറുന്നുണ്ട്. പട്ടാളത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ടു ചേര്‍ത്ത കാലയളവില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉഗ്വുവിനെ നാം കാണുന്നു. ഒരുപക്ഷേ, അതു യുദ്ധത്തിന്റെ തിന്മയായിരിക്കാം. യുദ്ധം ആക്രമിക്കുന്നവനേയും ഇരയാക്കപ്പെടുന്നവനേയും ഒരേപോലെ മനുഷ്യത്വരഹിതമായ ചെയ്തികള്‍ക്കു പ്രേരിപ്പിക്കുന്നുവെന്നതിന്റെ ഒരുപാടു ചിത്രങ്ങള്‍ "മഞ്ഞസൂര്യന്റെ പാതി"യില്‍ നാം വായിക്കുന്നു. അതെന്തായാലും ശരീരത്തെയും ആസക്തിയെയും കുറിച്ചെഴുതുമ്പോള്‍ അഡിച്ചിയില്‍ കൃതഹസ്തയായ ഒരെഴുത്തുകാരി തിളങ്ങി നില്‍ക്കുന്നുണ്ട്.

ഈ പുസ്തകം പരാജയപ്പെടുന്ന യുദ്ധങ്ങളെക്കുറിച്ചുളള ആലോചനകള്‍ നമ്മിലുണര്‍ത്തുന്നുണ്ട്. ലോകത്തിലെവിടെയും പോലെ ഇന്ത്യയിലും അത്തരം അനേകം കലാപങ്ങളുണ്ടായിട്ടുണ്ടല്ലോ. ഇപ്പോഴുമുണ്ട്. തോറ്റ ജനതയുടെ ഓര്‍മ്മകളില്‍ ഭൂതകാലത്തിന് എന്തു നിറമായിരിക്കും? കലാപത്തിന്റെ നേതാക്കളെയും പോരാളികളെയും അവരിപ്പോഴും നിശബ്ദമായി ആരാധിക്കുന്നുണ്ടാവുമോ? ഏതെങ്കിലുമൊരു ഭാവികാലത്ത് സ്വന്തം പ്രതീക്ഷകള്‍ക്കു ഫലപ്രാപ്തിയുണ്ടാകുമെന്ന് അവര്‍ ഇനിയും വിശ്വസിക്കുന്നുണ്ടോ? സ്വന്തം അച്ഛനും സഹോദരനും കൊല ചെയ്യപ്പെടുന്നതും അമ്മപെങ്ങന്മാര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നതും തൊട്ടുമുന്നില്‍വച്ചു ചങ്ങാതിമാര്‍ പന്തംപോലെ എരിഞ്ഞടങ്ങുന്നതുമെല്ലാം ചരിത്രപുസ്തകങ്ങളിലെ വലിയ നിശബ്ദതകളായി മാറിയേക്കാമെങ്കിലും തോറ്റ മനുഷ്യരുടെ തോല്‍ക്കാനിടയില്ലാത്ത ഓര്‍മ്മയില്‍ മങ്ങലേല്‍ക്കാതെ അവശേഷിക്കുമെന്നത് തീര്‍ച്ചയാണ്. ന്‍'ഗുഗി വാ തിഓംഗോവിനെപ്പോലുളള എഴുത്തുകാര്‍ എണ്‍പതുകളില്‍ അവതരിപ്പിച്ച മനസിന്റെ അപകോളനീകരണത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ മറ്റൊരര്‍ത്ഥത്തില്‍ അഡിച്ചിയും ഈ നോവലില്‍ ഉന്നയിക്കുന്നുണ്ട്. കെനിയന്‍ നോവലിസ്റ്റും നാടകൃത്തുമായ തിഓംഗോ ഒരു ഘട്ടത്തില്‍ ഇംഗ്ലീഷില്‍ എഴുതുന്നതു നിര്‍ത്തി സ്വന്തം ഗോത്രഭാഷയായ ഗുഗുയിയിലേക്കു തിരിച്ചു പോകുന്നുണ്ട്. അഡിച്ചി ഇംഗ്ലീഷില്‍ തന്നെയാണ് എഴുതുന്നത്. പക്ഷേ, തിഓംഗോ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ സ്വന്തം കഥാപാത്രങ്ങളെക്കൊണ്ട് അവതരിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ അവരുടെ ഭാഗത്തു നിന്നും കാണാം. ഒഡനിഗ്‌ബോ പലപ്പോഴും ആഫ്രിക്കയുടെ ഗോത്രപരമായ അസ്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ബുദ്ധിജീവിയാണ്. അദ്ദേഹം റിച്ചാര്‍ഡുമായി നടത്തുന്ന ഈ ചര്‍ച്ച നോക്കുക:

'' വെളളക്കാരന്റെ ആഫ്രിക്കയിലെ ദൗത്യം വിജയിച്ചത് എന്തുകൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്?'' ഒഡനിഗ്‌ബോ ചോദിച്ചു.

''ജയിച്ചതോ? " ഒരുപാടു നേരത്തെ മൗനത്തിനുശേഷം പൊടുന്നനെയുളള ഇത്തരം ചോദ്യങ്ങള്‍ റിച്ചാര്‍ഡിനെ അസ്വസ്ഥനാക്കിയിരുന്നു.

''അതേ, വിജയിച്ചതു തന്നെ. കാരണം ഞാന്‍ ഇംഗ്ലീഷില്‍ ചിന്തിക്കുന്നു. ' ഒഡനിഗ്‌ബോ പറഞ്ഞു.

''വെള്ളക്കാരുടെ വരവിനെ തടുക്കാനുളള കറുത്തവരുടെ കഴിവുകുറവിനെക്കുറിച്ച് ആദ്യം പറയണം' കൈനീന്‍ പറഞ്ഞു.

''ആരാണ് ലോകത്തിലേക്ക് വര്‍ഗവിദ്വേഷം കൊണ്ടുവന്നത്? ' ഒഗനിഗ്‌ബോ ചോദിച്ചു.

'' നിങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കു പിടികിട്ടുന്നില്ല. ' കൈനീന്‍ പറഞ്ഞു.

''വെള്ളക്കാരാണ്‌ ലോകത്തിലേക്ക് വര്‍ഗവിദ്വേഷം കൊണ്ടുവന്നത്. കീഴടക്കലിനുളള അടിസ്ഥാനമായി അതാണ് അയാളുപയോഗിച്ചത്. മനുഷ്യപ്പറ്റുളള ഒരു ജനതയെ കീഴടക്കാന്‍ എപ്പോഴും എളുപ്പമുണ്ട്.'

'' അപ്പോള്‍ നൈജീരിയക്കാരെ കീഴടക്കുമ്പോള്‍ നമ്മള്‍ മനുഷ്യപ്പറ്റു കുറഞ്ഞവരാണെന്നു വരുമോ?' കൈനീന്‍ ചോദിച്ചു.

(പേജ് 401)

ആഫ്രിക്ക ഇപ്പോഴും ലോകത്തിന് ഒരു ഇരുണ്ട ഭൂഖണ്ഡം തന്നെയായി തുടരുന്നു. അധികാരത്തിന്റെ നൃശംസതയില്‍ അഭിരമിക്കുന്ന ഭരണവര്‍ഗം, അകത്തു നിന്നും പുറത്തുനിന്നും ആക്രമിക്കപ്പെട്ടു തോറ്റുപോയ ജനത, കൊളളയടിക്കപ്പെടുന്ന വിഭവങ്ങള്‍, ക്ഷാമം, വരള്‍ച്ചയും പട്ടിണിയും, എയ്ഡ്‌സ് പോലുളള മാരക രോഗങ്ങള്‍, മയക്കുമരുന്നും കളളക്കടത്തും: പലപ്പോഴും ഭീതിജനകമായ വിവരണങ്ങളാണ് ആഫ്രിക്കന്‍ ജീവിതത്തേക്കുറിച്ചു ലോകത്തിനു ലഭിക്കുന്നത്.(ഓര്‍ക്കുക, സക്കറിയയുടെ പ്രശസ്തമായ യാത്രാവിവരണം വായിക്കുമ്പോള്‍ ഏതോതരത്തിലുളള ഭീതിയുമായി യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയാണ് നമുക്കു ലഭിക്കുന്ന ചിത്രം. ഏതു നിമിഷവും അയാള്‍ കൊളളയടിക്കപ്പെടാം, ആക്രമിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യാം.) പോയകാലത്തെ, ലോകം മറന്നുപോയ ഒരു യുദ്ധത്തേക്കുറിച്ചെഴുതുമ്പോഴും സമകാലികമായ ജീവിതത്തിന്റെ പരിച്‌ഛേദമായി ഒരു നോവല്‍ പരിണമിക്കുന്നത്, ആഫ്രിക്കന്‍ അവസ്ഥകള്‍ ഇന്നും അത്രയേറെയൊന്നും മാറിയിട്ടില്ല എന്നതുകൊണ്ടാവാം.

വോളെ സോയങ്ക, ചിന്വ അചബേ, നദിന്‍ ഗോഡിമന്‍, കെന്‍ സാരോ വീവ, ബെന്‍ ഓക്രി, ഒസമാന്‍ സെബേന്‍, ക്രിസ്റ്റഫര്‍ ഓക്കിബോ : ആഫ്രിക്കന്‍ എഴുത്തിലെ ഈ വലിയ പേരുകള്‍ക്കൊപ്പം അനുവാചകസമൂഹം എടുത്തുപറയുന്ന ഏറ്റവും പുതിയ പേരാണ് ചിമമാന്‍ഡയുടേത്. 1977ല്‍ നൈജീരിയയില്‍ ജനിച്ച ചിമമാന്‍ഡ യുടെ ആദ്യപുസ്തകം ''ദി പര്‍പ്പിള്‍ ഹിബിസ്ക്കസ് 'വനിതാഎഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള ഓറഞ്ച് പ്രൈസിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ''മഞ്ഞ സൂര്യന്റെ പാതി''ക്ക് ഓറഞ്ച് പ്രൈസ് ലഭിച്ചു. വായനക്കാരില്‍ നിന്ന് അത്ഭുതപൂര്‍വമായ പ്രതികരണമാണ് ഈ കൃതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

*

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org