logo malayalam

| രാഷ്ടീയം | മനുഷ്യാവകാശം | ഭരണം |

മണിപ്പുരി ഒരു നൃത്തമല്ല

എം. സുചിത്ര, വിധു വിന്‍സന്റ്
15/07/2009

manipur

ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലിന്റെ മുറ്റം നിറയെ സ്ത്രീകള്‍. ഏറെയും അമ്മമാര്‍. എഴുപതും എഴുപത്തഞ്ചും വയസ്സായവര്‍. ആഹാരം പോലും കഴിക്കാതെ രാവിലെ മുതല്‍ കാത്തുനില്‍ക്കുകയാണ്. ഗേറ്റിനു പുറത്ത് റൊഡില്‍ നിറയെ തോക്കും പിടിച്ച് കാക്കിക്കുപ്പായക്കാര്‍. ക്യാമറകളുമായി മാധ്യമപ്രവര്‍ത്തകര്‍. എന്താണു സംഭവിക്കുന്നതെന്നറിയാന്‍ സമീപത്തുളള കെട്ടിടത്തിനു മുകളില്‍ നിന്ന് ഉദ്വേഗത്തോടെ താഴേയ്ക്കു നോക്കുന്ന നിര്‍മമാണത്തൊഴിലാളികള്‍.

എത്തിയിട്ട് രണ്ടു മണിക്കൂറേ ആയിരുന്നുളളുവെങ്കില്‍പ്പോലും ഞങ്ങളും അക്ഷമരായിരുന്നു. ഞങ്ങള്‍ എന്നുവച്ചാല്‍ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എഴുപതോളം സ്ത്രീകള്‍. മണി നാലായി. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കര്‍ഫ്യൂ തുടങ്ങും. പുറംനാടുകളില്‍ നിന്നു വന്ന ഞങ്ങളുടെ സുരക്ഷയെ ചൊല്ലി സംഘാടകരായ മണിപ്പൂര്‍ സുഹൃത്തുക്കള്‍ക്ക് ആശങ്കതയുണ്ട്. നാലരയാകുമ്പോഴേയ്ക്കും തിരിച്ചുപോകാന്‍ അവര്‍ തിടുക്കം കൂട്ടുമെന്ന് തീര്‍ച്ച. അങ്ങനെ വന്നാല്‍ പിന്നെ ശര്‍മ്മിളയെ കാണാന്‍ കഴിയില്ല.

ഇംഫാലിലേയ്ക്കു വരുമ്പോള്‍ ഇറോം ശാനു ശര്‍മ്മിളയെ തീര്‍ച്ചയായും കാണണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എട്ടു വര്‍ഷമായി അവര്‍ നിരാഹാരസമരത്തിലാണ്. ജമ്മു-കാശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ സായുധസേനയ്ക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കിക്കൊണ്ട് 1958ല്‍ പാര്‍ലമെന്റ് പാസാക്കിയ കിരാതനിയമം - അഫസ്പാ (Armed Forces Special Powers Act) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് 28 വയസ്സുളളപ്പോള്‍ ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. ഇന്ത്യയുടെ ചരിത്രത്തിലെന്നല്ല, ലോകചരിത്രത്തില്‍ തന്നെ ഇത്രയും നീണ്ട ഒരു നിരാഹാരസമരം ആരും ചെയ്തിട്ടില്ല. ഗാന്ധിജി പോലും.

മണിപ്പൂരില്‍ വലിയൊരു വിഭാഗം ജനങ്ങളുടെ ആരാധനാമൂര്‍ത്തിയായ ശര്‍മ്മിള മരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്ന് എങ്ങനെയെങ്കിലും അവരുടെ ജീവന്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കനത്ത ബന്തവസ്സോടെ ആശുപത്രിയിലെ ജയില്‍മുറിയില്‍ പാര്‍പ്പിച്ച് ഭക്ഷണം ബലാല്‍ക്കാരമായി മൂക്കിലൂടെ കയറ്റുകയാണ്. അവിടെ ചെന്ന് അവരെ കാണാന്‍ രണ്ടാഴ്ച മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ത്തന്നെ അനുവാദം കിട്ടിയെന്നു വരില്ല. അവരെ സന്ദര്‍ശിക്കാനുളള അനുമതി കുടുംബാംഗങ്ങള്‍ക്കു തന്നെ പലപ്പോഴും കിട്ടാറില്ല. സായുധസേനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ക്കെതിരെ പൊരുതുന്ന ശര്‍മ്മിളയുടെ പേരില്‍ ഐപിസി 309 അനുസരിച്ച് ആത്മഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്! ഒരു വര്‍ഷം മാത്രമേ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാനാകൂ. അതു കഴിഞ്ഞാല്‍ വിട്ടയക്കും. ഒരു ദിവസം കഴിഞ്ഞാല്‍ വീണ്ടും ജയിലിലാക്കും. ഇതാണ് പതിവ്.

ഇന്ന് അവരെ വിട്ടയക്കുമെന്ന് അറിഞ്ഞ് എത്തിയതാണ് ഞങ്ങള്‍. കോടതിയില്‍ ഹാജരാക്കലും മറ്റും രാവിലെത്തന്നെ കഴിഞ്ഞിരുന്നു. എന്തായിരിക്കും അവരുടെ അവസ്ഥ? തീര്‍ത്തും തളര്‍ന്നിരിക്കുമോ? അവരുടെ ആന്തരാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്നുവെന്നാണ് കേട്ടത്.

കാത്തുനില്‍ക്കുന്നവരുടെ അക്ഷമ വര്‍ദ്ധിക്കുന്നതിനിടയില്‍ പൊലീസ് പൂട്ടിയിട്ട വാതില്‍ തുറന്നു. ശര്‍മ്മിള പതുക്കെ പുറത്തേയ്ക്കു വന്നു. പച്ച ബ്ലൗസ്. പച്ച റാപ്പ് എറൗണ്ട്. ഇളം വയലറ്റ് ഷാള്‍. ചുവന്നപൂക്കളുളള ഒരു പുതപ്പുകൊണ്ട് പുതച്ചിട്ടുണ്ട്. ഒരുതുളളി രക്തം പോലുമില്ലാതെ വിളറിവെളുത്ത മുഖം. ചീകാതെ ചുരുണ്ടുപോയ കറുത്ത തലമുടി. പുറത്തെ വെളിച്ചത്തിലേയ്ക്ക് നോക്കാനാവാതെ കണ്ണുകള്‍ അടയുന്നു. നിറഞ്ഞുവരുന്ന കണ്ണുകള്‍ അവര്‍ കൂടെക്കൂടെ തുടച്ചു. ക്യാമറകള്‍ അവരെ പൊതിഞ്ഞു. നിലയ്ക്കാത്ത ഫ്‌ളാഷുകള്‍.

manipur

പുറത്തു കാത്തുനില്‍ക്കുന്ന വാഹനത്തില്‍ ശര്‍മ്മിള കയറുമെന്നു കരുതി. അതുണ്ടായില്ല. അവര്‍ പതുക്കെ നടന്നു. സ്വന്തം മകളെയെന്നപോലെ അമ്മമാര്‍ അവരെ താങ്ങിപിടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തുളള സമരപന്തലിലേയ്ക്കു നീങ്ങി. അവരുടെ ഓരോ ചുവടുവെയ്പും ക്യാമറയില്‍ പകര്‍ത്താന്‍ ചാനല്‍ പ്രവര്‍ത്തകര്‍ നിലത്തുപറ്റക്കിടന്നു. കഴിഞ്ഞ 88 ദിവസമായി ഈ അമ്മമാര്‍ ഉള്‍പ്പെടുന്ന മെയ്‌രാപെയ്ബി (പന്തം ഏന്തിയവര്‍ എന്നര്‍ത്ഥം) പ്രവര്‍ത്തകര്‍ അനിശ്ചിതകാലസമരത്തിലാണ്.

സമരപ്പന്തലില്‍ വലിയ തിരക്കായിരുന്നു. അഫസ്പാക്കെതിരെ മനുഷ്യാവകാശസംഘടനകളും സാംസ്ക്കാരിക സംഘടനകളും മെയ്‌രാ പെയ്ബിയും ഉള്‍പ്പെടെ 32 സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച അപുന്‍ബാലൂപ്പിന്റെ പ്രവര്‍ത്തകര്‍ വിവിധജില്ലകളില്‍ നിന്നെത്തിയിട്ടുണ്ട്. തിക്കിനും തിരക്കിനുമിടയില്‍ ഞങ്ങളും തളളിക്കയറി. പൊലീസുകാര്‍ പന്തല്‍ വളഞ്ഞു.

ശര്‍മ്മിള സാവധാനം സംസാരിച്ചു തുടങ്ങി.

“എന്താണ് പറയുന്നത്?”

അടുത്തു നിന്ന പത്രപ്രവര്‍ത്തകന്‍ പ്രസംഗം മൊഴിമാറ്റം ചെയ്തുതന്നു. തളര്‍ച്ച തരിപോലുമില്ലാതെ കവിത്വമുളള വാക്കുകള്‍. “താമരയിലയിലെ ജലകണം പോലെ നേരിയ അടയാളംപോലും അവശേഷിപ്പിക്കാതെ അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവന്‍ കൊടുക്കേണ്ടി വന്നാലും ലക്ഷ്യം നേടാതെ പിന്മാറില്ല. ഇംഫാലിലെ തെരുവുകളിലൂടെ നടക്കാനുളള കരുത്ത് എന്റെ കാലുകള്‍ക്ക് ഇപ്പോഴുമുണ്ട്. എന്നെ അനുഗമിക്കാനുളള കരുത്ത് നിങ്ങള്‍ക്കുണ്ടോ?”

“പുറത്തുനിന്നു വന്ന മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്,” അടുത്തിരുന്ന് മൈക്ക് പിടിച്ചുകൊടുത്ത ഒരമ്മ ശര്‍മ്മിളയെ അറിയിച്ചു. “അവരോടെന്തെങ്കിലും പറയാനുണ്ടോ?”

“എല്ലാവിധ അക്രമങ്ങള്‍ക്കുമെതിരെയുളള സമരമാണിത്. ജനാധിപത്യം പുന:സ്ഥാപിക്കാനുളള സമരം. സര്‍ക്കാര്‍ എന്നെ പേടിക്കുന്നത് എന്തിനാണ്? ഇത്രയേറെ പണം ചെലവാക്കി എന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനു പകരം എന്നെ സ്വതന്ത്രയാക്കാത്തതെന്തുകൊണ്ടാണ്? ഇവിടെ നടക്കുന്നതെന്താണെന്ന് പുറംലോകത്തിന് ശരിക്കറിയില്ല. അത് അറിയിക്കേണ്ടത് നിങ്ങളാണ്...”

*

മൂന്നുദിവസം മുമ്പാണ് ഞങ്ങള്‍ കല്‍ക്കത്തവഴി ഇംഫാലിലെത്തിയത്. വിമാനത്താവളത്തിനു വെളിയില്‍ നിറയെ പട്ടാളവണ്ടികള്‍. മുംബയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നു വന്നവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ അഞ്ജുലിക വരുന്നതും കാത്തുനിന്നു. യോഗം സംഘടിപ്പിക്കാന്‍ ഓടി നടന്നതും ഞങ്ങളുമായി ഇമെയിലില്‍ ബന്ധപ്പെട്ടതുമൊക്കെ ഇംഫാല്‍ ഫ്രീപ്രസില്‍ ജേര്‍ണലിസ്റ്റായ അഞ്ജുലികയാണ്. ഞങ്ങളെ കൂട്ടാന്‍ വിമാനത്താവളത്തില്‍ വരുമെന്നും അവര്‍ ഉറപ്പു പറഞ്ഞിരുന്നു. പക്ഷേ, മാരുതിവാനുമായി വന്നത് ചിത്രയാണ്. സ്വതന്ത്ര പത്രപവര്‍ത്തക. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്തവള്‍.

വാനിനുളളില്‍ ഞങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഇരുകൈകളും മുന്നിലേയ്ക്കു നിവര്‍ത്തി നാടകീയമായി ചിത്ര പറഞ്ഞു : “ഡിയര്‍ ഫ്രണ്ട്‌സ്, വെല്‍കം റ്റു ഇംഫാല്‍. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, മൂന്നു ദിവസം ചില്ലറ ബുദ്ധിമുട്ടുകളൊക്കെ നിങ്ങള്‍ക്കു സഹിക്കേണ്ടിവരും.” സമൂദ്ധമായ ഒരു ചിരിയോടെ ചിത്ര തുടര്‍ന്നു. “ഒമ്പതു മുതല്‍ അഞ്ചുവരെ നമ്മുടെ യോഗം. അതു കഴിഞ്ഞാല്‍ സ്ഥലം കാണാന്‍ പോകാമെന്ന് ആരും കരുതേണ്ട. കൃത്യം അഞ്ചുമണിക്ക് കര്‍ഫ്യൂ തുടങ്ങും. ഇത്ര ദൂരം വന്നതല്ലേ മണിപ്പൂരിന്റെ രുചി ഇത്തിരിയെങ്കിലും അനുഭവിക്കേണ്ടേ?” വീണ്ടും ചിരി.

കര്‍ഫ്യൂ?!

“അതേ, പന്ത്രണ്ടു ദിവസമായി കര്‍ഫ്യുവാണ്. ആദ്യത്തെ മൂന്നു ദിവസം രാവിലെ മുതല്‍ രാത്രിവരെയായിരുന്നു. ഇപ്പോള്‍ റിലാക്‌സ് ചെയ്തിട്ടുണ്ട്. അഞ്ചുമണിക്കേ തുടങ്ങൂ.”

ദേശീയ-പ്രാദേശിക പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യുന്നവരാണ് ഞങ്ങളുടെ സംഘത്തില്‍ മിക്കവരും. വാര്‍ത്തകള്‍ അരിച്ചു പെറുക്കി വിശകലനം ചെയ്യുന്നവരും കോളമെഴുത്തുകാരുമൊക്കെയുണ്ട്. എന്നിട്ടും കര്‍ഫ്യു പ്രശ്‌നം ആരും അറിഞ്ഞിട്ടില്ല! ദേശീയ മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.

“ഇല്ലേ?” ചിത്ര പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. “എന്നാല്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ല. ഞങ്ങള്‍ക്ക് ഈ സംശയം തോന്നിത്തുടങ്ങിയിട്ട് കാലം കുറേയായി.”

പൊട്ടിപ്പൊളിഞ്ഞ്, പൊടി പറക്കുന്ന റോഡിലൂടെ വാന്‍ ഓടിക്കൊണ്ടിരുന്നു. വഴിയോരക്കാഴ്ചകളില്‍ നഗരത്തിന്റേതായ പകിട്ടുകളോ മോടിയോ ഒന്നുമില്ല. കൊച്ചുകടകള്‍. ഒന്നോ രണ്ടോ നിലകള്‍ മാത്രമുളള കെട്ടിടങ്ങള്‍. നിറംമങ്ങി മുഷിഞ്ഞ ചുവരുകള്‍. നിരത്തു വക്കിലിരുന്ന് പച്ചക്കറികളും മീനും വില്‍ക്കുന്ന സ്ത്രീകള്‍. അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന മിലിട്ടറി വണ്ടികള്‍. കണ്ണുകള്‍ മാത്രം പുറത്തുകാണുംവിധം മുഖം മൂടിക്കെട്ടിയ സൈക്കിള്‍ റിക്ഷക്കാര്‍.

manipur

ഇംഫാലിലെ റിക്ഷക്കാരെപ്പറ്റി കല്‍ക്കത്തയിലെ ദൂരദര്‍ശന്‍ ഭവനില്‍ ചെന്നു കണ്ടപ്പോള്‍ ജോഷി ജോസഫ് പറഞ്ഞിരുന്നു. ഇവരെപ്പറ്റി ജോഷി ഒരു ഡോക്യുമെന്ററി യെടുത്തിട്ടുണ്ട്. പൊടികാരണമൊന്നുമല്ല മുഖം മൂടിക്കെട്ടുന്നത്. റിക്ഷക്കാരിലേറെയും ദരിദ്രരായ കോളേജ് വിദ്യാര്‍ത്ഥികളായിരിക്കും. അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍. രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം റിക്ഷയോടിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍. ആരും തിരിച്ചറിയാതിരിക്കാനാണ് റിക്ഷക്കാരായ വിദ്യാര്‍ത്ഥികള്‍ മുഖംമൂടി തുടങ്ങിയത്.

“അഞ്ജുലിക എവിടെ?” ഞങ്ങള്‍ ചിത്രയോട് ചോദിച്ചു.

“അവള്‍ ദു:ഖാചരണത്തിലാണ്. രണ്ടാഴ്ച മുമ്പ് അവളുട സഹോദരനെ യൂജീസ് കൊന്നു,” ചിത്ര പറഞ്ഞു.

യൂജി എന്നത് അണ്ടര്‍ ഗ്രൗണ്ട് എന്നതിന്റെ ഹ്രസ്വരൂപമാണ്. ജനങ്ങളും മാധ്യമങ്ങളുമൊക്കെ ഒരുപോലെ ഉപയോഗിക്കുന്ന ഈ വടക്കുകിഴക്കന്‍ പ്രയോഗം ഞങ്ങള്‍ക്കപ്പോള്‍ പുതിയതായിരുന്നു.

ഐ എ എസുകാരനായ കിഷന് 30 വയസ്സേ ആയിരുന്നുളളൂ മരിക്കുമ്പോള്‍. ഡല്‍ഹിയില്‍ നിന്ന് മണിപ്പൂരില്‍ എത്തിയിട്ട് അധികകാലമായിരുന്നില്ല. നട്ടെല്ലുളള, ആദര്‍ശനിഷ്ഠനായ ഉദ്യോഗസ്ഥന്‍. ഒളിപ്പോരാളികളുടെ ഏതോ ആവശ്യം നിരാകരിച്ചതിനായിരുന്നു കൊന്നത്. കൂട്ടത്തില്‍ കിഷന്റെ ഡ്രൈവറേയും സഹായിയേയും യൂജിസ് വകവരുത്തി. കേടാലികൊണ്ട് പലതവണ വെട്ടിമുറിവേല്‍പ്പിച്ചും പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചുമൊക്കെ വളരെ ക്രൂരമായിട്ടാണ് മൂന്നുപേരെയും കൊന്നത്.

വിജനമായ സ്ഥലത്തു കണ്ടെത്തിയ വികൃതമാക്കപ്പെട്ട ശരീരങ്ങള്‍ തിരിച്ചറിയാന്‍പോലും പ്രയാസമായിരുന്നു. ജനരോഷം ആളിക്കത്തി. കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇംഫാല്‍ പ്രക്ഷുബ്ധമായി. തൊട്ടടുത്ത ദിവസങ്ങളില്‍ ബീഹാറില്‍ നിന്നെത്തിയ ആറ് കുടിയേറ്റത്തൊഴിലാളികളെ യൂജികള്‍ തീവച്ചു കൊന്ന സംഭവവുമുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. കര്‍ഫ്യൂ തുടങ്ങി. ഒരു സംസ്ഥാന ത്തിന്റെ തലസ്ഥാനം ദിവസങ്ങളോളം അശാന്തമായിട്ടും ദേശീയമാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായില്ല!

“പക്ഷേ, അഞ്ജുലിക നാളെമുതല്‍ മുഴുവന്‍ സമയവും ഉണ്ടാകും,” ചിത്ര പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ഞങ്ങളുടെ യോഗം നടക്കാതെ പോകരുതെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

മന്ത്രിപുക്രിയിലെത്തിയപ്പോള്‍ വണ്ടി വലത്തോട്ടു തിരിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്ന് 10 കിലോമീറ്ററുണ്ട് മന്ത്രിപുക്രിയിലേയ്ക്ക്. ചെറിയകുറേ കടകളും രണ്ടുമൂന്നു ഫോണ്‍ബൂത്തുകളുമുളള ഒരു ചെറിയ അങ്ങാടി. ഇവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ ഉളളില്‍ വലിയൊരു മലയുടെ താഴ്‌വാരത്തിലുളള കാത്തലിക് റിട്രീറ്റ് സെന്ററിലാണ് ഞങ്ങള്‍ക്കു താമസം ഏര്‍പ്പാടാക്കിയിരുന്നത്. മണിപ്പൂരിനെക്കുറിച്ചുളള ആലോചനകളിലെല്ലാം കടുംപച്ച നിറഞ്ഞുനിന്നിരുന്നു. പക്ഷേ, ആകെ വരണ്ട അന്തരീക്ഷം. വേനലായതുകൊണ്ടാകാം. പക്ഷേ, നട്ടുച്ചയ്ക്കുപോലും നേരിയ തണുപ്പ്.

“കറന്റില്ല, സോളാര്‍ലാമ്പ് ഉപയോഗിക്കാം,” മുറി തുറന്നു തന്ന, പതിഞ്ഞ മൂക്കും ഇടുങ്ങിയ കണ്ണുകളുമുളള വെളുത്ത പെണ്‍കുട്ടി ഉപചാരപൂര്‍വം പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

വൈദ്യുതി തല്ക്കാലം പോയതാണ്. കുറച്ചു കഴിഞ്ഞാല്‍ വരും എന്നാണ് കരുതിയത്. റിട്രീറ്റ് സെന്ററിലെ മൂന്നു ദിവസത്തെ താമസത്തിനിടയ്ക്ക് കാര്യം മനസ്സിലായി. 20 മണിക്കൂര്‍ പവര്‍കട്ട്! കേരളത്തിലെ അരമണിക്കൂര്‍ നേരത്തെ കുഞ്ഞു പവര്‍കട്ടിനോട് വാത്സല്യം തോന്നിത്തുടങ്ങിയത് അപ്പോഴാണ്. മണിപ്പൂരില്‍ വൈദ്യുതിയുല്പാദനം ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഭീകരമായ കെടുകാര്യസ്ഥത. പ്രസരണനഷ്ടം 70 ശതമാനം! ഏതോ ഒരു കരാറിന്റെ പേരില്‍ നാഗാലാന്റിനു വൈദ്യുതി വില്‍ക്കുന്നുണ്ടെന്നും കേട്ടു. ദീര്‍ഘമായ പവര്‍കട്ടില്‍ നിന്ന് രക്ഷപ്പെടുന്നത് വിഐപികളും ആശുപത്രികളും മാധ്യമസ്ഥാപനങ്ങളും മാത്രം. പിന്നെ വൈദ്യുതി മോഷ്ടാക്കളും കാശുകൊടുത്ത് വിഐപിമാരാകുന്നവരും. മടുത്തിട്ടാവണം, ജനങ്ങള്‍ വൈദ്യുതിബില്ലൊന്നും അടയ്ക്കാറില്ലത്രെ. ഈ ഇനത്തില്‍ സര്‍ക്കാരിനു എട്ടോ പത്തോ കോടിരൂപ കിട്ടാനുണ്ടെന്നാണ് കേട്ടത്.

ഏതായാലും മൂന്നുദിവസത്തോളം മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലുമാവാതെ ഞങ്ങള്‍ കഷ്ടപ്പെട്ടു. മണിപ്പുരി സുഹൃത്തുക്കള്‍ക്ക് അത് വലിയ ഒരു വിഷയമായി തോന്നിയില്ല.

“ഞങ്ങള്‍ മൊബൈലും ലാപ്‌ടോപ്പും ക്യാമറയുമൊക്കെ ചാര്‍ജ് ചെയ്യുന്നതും ഇസ്തിരിയിടുന്നതും ചൂടുവെളളത്തില്‍ കുളിക്കുന്നതുമൊക്കെ ആ നാലുമണിക്കൂറിലാണ്,” ചിത്രയ്ക്ക് പൊട്ടിച്ചിരിക്കാന്‍ ഒരവസരം കൂടി.

ഞങ്ങളുടെ ആദ്യദിവസത്തെ മീറ്റിങ് കാംഗ്‌ല ഫോര്‍ട്ടില്‍ വച്ചായിരുന്നു. മണിപ്പൂരിലെ മഹാരാജാക്കന്മാരുടെ പഴയ രാജധാനി. 1891ല്‍ മണിപ്പൂര്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലായതിനു ശേഷം ഇതായിരുന്നു അസം റൈഫിള്‍സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. 2004 ജൂലായില്‍ മനോരമാദേവി എന്ന മുപ്പത്താറുകാരി അസം റൈഫിള്‍സിന്റെ കസ്റ്റഡിയിലിരിക്കേ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കാംഗ്‌ലാഫോര്‍ട്ടിനു മുമ്പില്‍ മാസങ്ങളോളം പ്രക്ഷോഭം നടന്നു. “ഇന്ത്യന്‍ ആര്‍മി റേപ് അസ്” എന്നെഴുതിയ ബാനറേന്തി പന്തേണ്ട് അമ്മമാര്‍ പൂര്‍ണനഗ്‌നരായി കോട്ടയ്ക്കു മുമ്പില്‍ പ്രക്ഷോഭം നടത്തിയത് രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

manipur

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും അപ്പോഴത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനും ഇംഫാല്‍ സന്ദര്‍ശിക്കാതെ ഗത്യന്തരമില്ലെന്നായി. ഇംഫാല്‍ മുന്‍സിപ്പല്‍ ഏരിയയെ അഫസ്പായില്‍ നിന്ന് ഒഴിവാക്കി അസം റൈഫിള്‍സിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മന്ത്രിപുക്രിയിലേക്കു മാറ്റി. ഒടുവില്‍ ആ വര്‍ഷം കോട്ട പൊതുജനങ്ങള്‍ക്കു വിട്ടുകൊടുത്തു. കോട്ട എന്നു പറയാനൊന്നുമില്ല. അതു പണ്ടേ ഭൂകമ്പത്തില്‍ തകര്‍ന്നു. ഇപ്പോള്‍ പുനര്‍നിര്‍മ്മാണത്തിലാണ്. പട്ടാളബാരക്കുകളുടെ ബാക്കിയും തുരുമ്പെടുത്ത ദ്രവിച്ച പട്ടാള വണ്ടികളുമൊക്കെ ഇപ്പോഴും അവിടെയുണ്ട്.

വെളള ബ്ലൗസ്സും പിങ്ക് റാപ്പ് എറൗണ്ടും ധരിച്ചാണ് അഞ്ജുലിക വന്നത്. കുടുംബത്തിലാരെങ്കിലും മരിച്ചാല്‍ ശ്രാദ്ധം കഴിയുന്നതുവരെ സ്ത്രീകള്‍ പരമ്പരാഗതമായ ഈ വേഷം ധരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വേഷം ധരിച്ച എത്രയോ സ്ത്രീകളെ പിന്നീടുളള ദിവസങ്ങളില്‍ ഇംഫാലിന്റെ തെരുവുകളില്‍ ഞങ്ങള്‍ക്കു കണ്ടുമുട്ടേണ്ടി വന്നു. കേരളത്തെക്കാള്‍ ചെറിയ സംസ്ഥാനം. ആകെയുളളത് 23 ലക്ഷം ആളുകള്‍. പക്ഷേ, അസം റൈഫിള്‍സും സി ആര്‍ പി എഫുമൊക്കെയായി 55000 സായുധഭടന്മാര്‍. മറുഭാഗത്ത് 12000 ഒളിപ്പോരാളികള്‍. ദിവസവും രണ്ടോ മൂന്നോ പേര്‍ വെടിയേറ്റു മരിക്കുന്നുണ്ട്. ഒന്നുകില്‍ സായുധസേനയുടെ. അതല്ലെങ്കില്‍ ഒളിപ്പോരാളികളുടെ.

മീറ്റിങിന്റെ മൂന്നാം ദിവസം ഞങ്ങളോടു സംസാരിക്കാന്‍ വന്ന കിഷന്റെ ഭാര്യ ഒങ്ബി റോമിതയും അഞ്ജുലികയെപ്പോലെ ദു:ഖാചരണവേഷത്തിലായിരുന്നു. സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അഭിമുഖമായി അവര്‍ നിന്നു. പക്ഷേ, കിഷന്‍ എന്ന ഒരു വാക്കിനപ്പുറം ഒന്നും പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. തൊണ്ട ഇടറി. പറയാനുളളതത്രയും കണ്ണീരായി. നിശ്ശബ്ദയായി നിന്ന അവരെ അഞ്ജുലിക നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

manipur

വെളളയും പിങ്കും ധരിച്ച വേറെയും സ്ത്രീകള്‍ സദസ്സിലുണ്ടായിരുന്നു. അന്ധയായ ഒരു സ്ത്രീ ഉള്‍പ്പെടെ. ആരും ഒന്നും പറഞ്ഞില്ല. അവര്‍ക്കു പറയാനുളളതെല്ലാം അഞ്ജുലികയുടെ ഡോക്യുമെന്ററി ചിത്രം പറയുന്നുണ്ട്. കൊന്നത് എന്തിനെന്നോ കൊന്നത് ആരെന്നോ അറിയാത്ത എത്രയോ മരണങ്ങള്‍. ജനുവരിയില്‍ മാത്രം 35 പേര്‍ മരിച്ചു. മണിപ്പൂരിന്റെ തോതനുസരിച്ച് അത് കുറവാണത്രേ. “ഇന്നുവരെയുളള കണക്കെടുത്താല്‍ ഈ വര്‍ഷം 90 പേര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു ദശകത്തിനുളളില്‍ 5000 സ്ത്രീകള്‍ ഉള്‍പ്പെടെ 25000 പേര്‍ മരിച്ചു,” അഞ്ജുലിക കണക്കുകള്‍ നിരത്തുന്നു.

ഓരോ ദിവസവും പുതിയ കൊലകള്‍ ഉണ്ടാകുന്നതിനാല്‍ പഴയത് വേണ്ടവിധം ഫോളോ അപ് ചെയ്യാന്‍ പറ്റാറില്ല. കാര്യമായ അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാറുമില്ല.” സായുധസേനയുടെയോ അല്ലെങ്കില്‍ ഒളിപ്പോരാളികളുടെയോ വെടിയേറ്റ് മരിച്ചവരുടെ ഭാര്യമാര്‍ ചേര്‍ന്ന് ഒരു അസോസിയേഷന്‍ വരെ രൂപീകരിച്ചിട്ടുണ്ട് ഇംഫാലില്‍.

അന്നത്തെ ദിവസം ഞങ്ങളോട് സംസാരിച്ചവര്‍ മുഴുവന്‍ സംഘര്‍ഷങ്ങളെപ്പറ്റിയാണ് സംസാരിച്ചത്. കലാപം തുടങ്ങിയതിനെപ്പറ്റി, വളര്‍ന്നതിനെപ്പറ്റി, സായുധസേനയുടെ വരവിനെപ്പറ്റി, സേനയുടെ അതിക്രമങ്ങലെപ്പറ്റി, അഫസ്പാ എന്ന ഡ്രാക്കോണിയന്‍ നിയമത്തെപ്പറ്റി. പ്രസംഗങ്ങള്‍, പവര്‍പോയിന്റ് പ്രസന്റേഷനുകള്‍. മണിപ്പൂരിന്റെ ഭൂതകാലത്തിന്റേയും വര്‍ത്തമാനകാലത്തിന്റേയും സാമൂഹ്യ-രാഷ്ട്രീയ ചിത്രങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവന്നു.

ബ്രിട്ടീഷുകാര്‍ പോയി രണ്ടു വര്‍ഷത്തിനു ശേഷം 1949ലാണ് മണിപ്പൂര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല ആ തീരുമാനം. മറ്റു പല നാട്ടുരാജ്യങ്ങളേയും പോലെ സമ്മര്‍ദ്ദത്തിനു വഴങ്ങിത്തന്നെയായിരുന്നു മണിപ്പൂരും ഇന്ത്യയുടെ ഭാഗമായത്. മണിപ്പൂര്‍ മഹാരാജാവിനെ ഷില്ലോങിലേയ്ക്കു വിളിപ്പിച്ച് കരാറില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെടുന്നു. രാജാവ് വിസമ്മതിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന ഉരുക്കുമനുഷ്യന്‍ വിവരമറിയുന്നു. ഉടന്‍ വരുന്നു ഡല്‍ഹിയില്‍ നിന്ന് അദ്ദേഹത്തിന്റെ കമ്പിസന്ദേശം. “നോ ബ്രിഗേഡിയര്‍ ദേര്‍?” അതായത്, തോക്കു ചൂണ്ടിയിട്ടാണെങ്കിലും കരാറില്‍ ഒപ്പുവെയ്പിക്കുക എന്ന്. തുടക്കത്തില്‍ മണിപ്പൂരിനു സംസ്ഥാനപദവി നല്‍കിയില്ല. അസമിലെ നാഗാകലാപകാരികളെ പ്രീണിപ്പിക്കാന്‍ 1962ല്‍ നാഗാലാന്റ് രൂപീകരിച്ചപ്പോഴും മണിപ്പൂര്‍ കേന്ദ്രഭരണ പ്രദേശമായി തുടര്‍ന്നു. 1972ലാണ് മണിപ്പൂര്‍ ഒരു സംസ്ഥാനമായി മാറിയത്.

പക്ഷേ, അപ്പോഴേയ്ക്കും കലാപത്തിന്റെ വിത്തുകള്‍ മുളപൊട്ടിക്കഴിഞ്ഞിരുന്നു. അമ്പതുകളുടെ തുടക്കത്തില്‍ അസമില്‍ ആരംഭിച്ച ഫെഡറല്‍ ഗവണ്‍മെന്റ് ഓഫ് നാഗാലാന്റ് (എഫ്.ജി.എന്‍.) എന്ന സംഘടനയുടെ പ്രവര്‍ത്തനം മണിപ്പൂരിലേയ്ക്കും വ്യാപിച്ചു. സംസ്ഥാനത്തിന്റെ ഒമ്പതു ജില്ലകളില്‍ അഞ്ചും നിബിഡവനങ്ങള്‍ നിറഞ്ഞ മലകളാണ്. കോട്ടപോലെ നില്‍ക്കുന്ന മലകള്‍ക്കു നടുവിലുളള ചെറിയ താഴ്‌വരയാണ് ഇംഫാല്‍ ഉള്‍പ്പെടെയുളള മറ്റു നാലു ജില്ലകള്‍. ഇംഫാലില്‍ തന്നെയുണ്ട് മലകള്‍. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശവും കാടാണ്. ഒളിപ്പോരാളികള്‍ക്കു ഒളിച്ചിരിക്കാന്‍ പറ്റിയ ഇടം. മലകളില്‍ താമസിക്കുന്നത് ക്രിസ്ത്യാനികളാക്കപ്പെട്ട നാഗാ-കുക്കി വിഭാഗങ്ങള്‍. താഴ്‌വരയില്‍ വലിയൊരു ഭാഗം ഹിന്ദുക്കളും ചെറിയൊരു ഭാഗം മുസ്ലീങ്ങളും ഉള്‍പ്പെടുന്ന മെയ്‌തെയ് വിഭാഗം. ജനസംഖ്യയുടെ 60 ശതമാനം മെയ്‌തെയ് വിഭാഗമാണ്. നാഗന്മാരും കുക്കികളും പണ്ടുമുതലേ വിദ്വേഷത്തിലാണ്. ഈ ഗോത്ര വിദ്വേഷം ആദ്യം മെയ്‌തെയ് രാജാക്കന്മാരും പിന്നീട് ബ്രിട്ടീഷുകാരും പരമാവധി മുതലെടുക്കുകയും വളര്‍ത്തുകയും ചെയ്തു. കലാപകാരികളെ ഒതുക്കാന്‍ ഇപ്പോള്‍ സായുധസേനയും ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. നാഗന്മാരും കുക്കികളും തമ്മിലുളള സംഘര്‍ഷം പതിവു സംഭവമായിരുന്നു.

ഇതിനിടയിലാണ് അസമില്‍ നിന്ന് നാഗാമൂവ്‌മെന്റ് മണിപ്പൂരിലേക്കു വ്യാപിച്ചത്. ഭൂപ്രദേശത്തിന്റെ മുഴുവന്‍ കാടും മലയുമായ സേനാപതി, ഉക്രൂല്‍, തമങ്‌ലോങ് ജില്ലകളില്‍ നാഗന്മാര്‍ക്കാണ് മേധാവിത്വം. ഇവ അമ്പതുകളില്‍ എഫ് ജി എന്‍ന്റേയും പിന്നീട് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്റെയും (എന്‍ എസ് സി എന്‍) ഒളിത്താവളങ്ങളായി മാറി. ഇതിനിടയില്‍, മണിപ്പൂര്‍ ഇന്ത്യയില്‍ ചേര്‍ന്നതിനെച്ചൊല്ലി താഴ്‌വരയിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പാന്‍ മംഗ്ലോയ്ഡ് മൂവ്‌മെന്റും പിന്നെ മണിപ്പൂര്‍ റെവല്യൂഷണറി പാര്‍ട്ടിയും ശക്തമായി. ഇവയുടെ തുടര്‍ച്ചയെന്നോണം യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രന്റും (യു എന്‍ എല്‍ എഫ്) രൂപീകരിക്കപ്പെട്ടു. മണിപ്പൂര്‍ ഇന്ത്യയില്‍ നിന്ന് വിട്ടുപോരണമെന്നും സ്വതന്ത്ര റിപ്പബ്ലിക്കാകണമെന്നും ആവശ്യപ്പെട്ടാണ് ഈ സംഘടനകള്‍ കലാപം ആരംഭിച്ചത്.

വിഘടനവാദികളെ ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാസേനയെ പ്രത്യേകാധികാരങ്ങള്‍ നല്‍കി മണിപ്പൂര്‍ ഉള്‍പ്പെടെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചത്. സായുധസേനയ്ക്ക് സംശയം തോന്നുന്ന പക്ഷം ആരെ വേണമെങ്കലും എപ്പോള്‍വേണമെങ്കിലും വെടിവെച്ചു കൊല്ലാം, വാറന്റില്ലാതെ വീടുകള്‍ പരിശോധിക്കാം, വീടുകള്‍ നശിപ്പിക്കാം, ജനങ്ങളെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം. അതേസമയം, സേനയുടെ ഭാഗത്തു നിന്ന് അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല. മണിപ്പൂരില്‍ തുടക്കത്തില്‍ മലമ്പ്രദേശങ്ങളില്‍ മാത്രം ബാധകമായിരുന്ന ഈ നിയമം 1980ല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയായിരുന്നു. സേനയുടെ സാന്നിദ്ധ്യം വളരെ ശക്തമാണ്. നൂറു ആളുകള്‍ക്ക് മുപ്പത്തഞ്ച് സൈനികര്‍. പട്ടാള ഭരണം നില്‍ക്കുന്ന മ്യാന്‍മറിനേക്കാള്‍ കൂടുതല്‍. മ്യാന്‍മറില്‍ നൂറുപേര്‍ക്ക്‌ െഒരു സൈനികന്‍ എന്നതാണ് തോത്.

കലാപങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ വന്നെത്തിയ സേനയുടെ വ്യാപകമായ സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. കലാപകാരികള്‍ക്കെതിരെ സായുധസേന നടത്തുന്ന വെടിവയ്പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 1984ല്‍ ഹെയ്‌റങൊയ്‌തോങില്‍ ആക്രമം നടത്തിയ കലാപകാരികള്‍ക്കെതിരെ സി ആര്‍ പി എഫ് നടത്തിയ വെടിവെയ്പ്പില്‍ വോളിബോള്‍ മാച്ച് കണ്ടുകൊണ്ടിരുന്ന 14 പേര്‍ കൊല്ലപ്പെട്ടു. 1987ല്‍ ഒയ്‌നം ഗ്രാമത്തില്‍ അസം റൈഫിള്‍സിന്റെ പോസ്റ്റില്‍ ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സായുധസേന ഓപ്പറേഷന്‍ ബ്ലൂബേര്‍ഡ് ആരംഭിച്ചു. 30 ഗ്രാമങ്ങളില്‍ മൂന്നുമാസക്കാലം സേന നടത്തിയ നരവേട്ടയില്‍ നിരവധി ഗ്രാമീണര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു സ്ത്രീ തുറന്നസ്ഥലത്തു തുണയ്ക്കാരുമില്ലാതെ കിടന്നു പ്രസവിക്കാന്‍ നിര്‍ബന്ധിതയായി. ജവാന്മാര്‍ ചുറ്റും കൂടിനിന്ന് ആര്‍ത്തു ചിരിക്കുകയും കൂവിവിളിക്കുകയും ചെയ്തു. പിന്നെയും എത്രയോ സംഭവങ്ങള്‍. രണ്ടായിരത്തില്‍ മാലം എന്ന സ്ഥലത്തുവച്ച് കലാപകാരികള്‍ നടത്തിയ ഒളിയാക്രമണത്തില്‍ ക്ഷുഭിതരായ അസം റൈഫിള്‍സിന്റെ ജവാന്മാര്‍ ബസ്‌സ്‌റ്റോപ്പില്‍ നിന്നവര്‍ക്കു നേരെ വെടിവയ്ക്കുകയും 65 വയസ്സായ ഒരു സ്ത്രീയടക്കം 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്നാണ് ശര്‍മ്മിള നിരാഹാരസമരം ആരംഭിച്ചത്. പിന്നീടാണ് മനോരമാദേവിയുടെ മരണം.

manipur
മനോരമ

രാത്രി ഏറെ വൈകിയതിനുശേഷം മനോരമയെ വീട്ടിനുളളില്‍ നിന്ന് പിടിച്ചുകൊണ്ടു പോവുകയായിരുന്നു. രാവിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവരുടെ ജഡം കിട്ടി. ശരീരം നിറയെ ആഴത്തിലുളള മുറിവുകളും വെടിയുണ്ട തുളച്ചു കയറിയ പാടുകളുമായിരുന്നു. മനോരമയുടെ വികൃതമാക്കപ്പെട്ട ശരീരം ദിവസങ്ങളോളം തന്റെ ഉറക്കത്തെ വേട്ടയാടിയിരുന്നുവെന്നും ജീവിതത്തില്‍ ഇനിയൊരിക്കലും അത്തരമൊരു ശരീരം കാണാനിടവരരുത് എന്നു മാത്രമാണ് പ്രാര്‍ത്ഥനയെന്നും ഗദ്ഗദത്തോടെ പറഞ്ഞു കൊണ്ടാണ് മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപിക വിജയലക്ഷ്മി പ്രസംഗം നിര്‍ത്തിയത്.

വേദിയില്‍ സംസാരിച്ച ഓരോരുത്തരും ഏറ്റവുമൊടുവില്‍ ഞങ്ങളോട് ചോദിച്ചത് ഒരേ ചോദ്യങ്ങളാണ്.

“ബ്രിട്ടീഷുകാര്‍ പോയി ആറു ദശകം കഴിഞ്ഞിട്ടും സ്വാതന്ത്ര്യം എന്താണെന്നറിയാന്‍ ഞങ്ങള്‍ക്ക് അവസരം തരാത്തത് എന്തുകൊണ്ടാണ്? ഞങ്ങള്‍ രണ്ടാംകിട പൗരന്മാരാണോ? വടക്കുകിഴക്കന്‍ ഇന്ത്യയെ മെയ്ന്‍സ്ട്രീം ഇന്ത്യ എന്തുകൊണ്ട് അവഗണിക്കുന്നു? ഇവിടെ നടക്കുന്ന ജനാധിപത്യധ്വംസനത്തെപ്പറ്റി ദേശീയ മാധ്യമങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല?”

ഞങ്ങളെന്തു പറയാന്‍! ശര്‍മ്മിളയുടെ റിലീസ് റിപ്പോര്‍ട്ട് ചെയ്യട്ടെ എന്ന് ഒരു ദേശീയ ചാനലിന്റെ കറസ്‌പോണ്ടന്റ് ദല്‍ഹിയില്‍ ഡസ്ക്കിലേക്ക് വിളിച്ചു ചോദിച്ചിരുന്നു. ചാനലിന് ഒരു ചെലവുമില്ലാതെ ദൃശ്യങ്ങളും വാര്‍ത്തയും എത്തിക്കാമെന്നും പറഞ്ഞു. പക്ഷേ, റിലീസ് എല്ലാ വര്‍ഷവും നടക്കുന്നതല്ലേ, അതിലെന്താണ് വാര്‍ത്ത എന്നായിരുന്നു ഡെസ്ക്കിന്റെ പ്രതികരണം. മിസ് ഇന്ത്യാ മത്സരം പോലെ എല്ലാവര്‍ഷവും നടക്കുന്ന പലതും ആഘോഷപൂര്‍വം റിപ്പോര്‍ട്ട് ചെയ്യാറില്ലേ നമ്മുടെ മാധ്യമങ്ങള്‍? എന്നിട്ടും ഇത്തരം രാഷ്ട്രീയസംഭവങ്ങള്‍ അവഗണിക്കപ്പെടുന്നു. ഒരു ബോംബു സ്‌ഫോടനം ഇണ്ടാകുകയോ കുറേപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ വേണം എന്തെങ്കിലുമൊന്നു വാര്‍ത്തയാകാന്‍.

മനോരമയുടെ മരണത്തിന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്നത് ശരിതന്നേ. പക്ഷേ, അതിനു കാരണം അമ്മമാര്‍ നഗ്നരായി പ്രക്ഷോഭം നടത്തിയതാണ്. അത് ശരിക്കും ഒരു ഷോക്കായിരുന്നു.

വടക്കുകിഴക്കന്‍ മേഖലയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാത്തതിന് മറ്റൊരു കാരണം വാര്‍ത്തകള്‍ ലോക്കലൈസ്ഡ് ആകുന്നതാണ്. ഓരോ പ്രദേശത്തേയും വാര്‍ത്തകള്‍ അതാതു എഡിഷനുകളില്‍ മാത്രം. അത് വടക്ക കിഴക്കന്‍ മേഖലയുടെ മാത്രം പ്രശ്‌നമല്ല എന്നു പറയാന്‍ ഞങ്ങള്‍ ശ്രമിച്ചു.

*

മൂന്നുദിവസത്തെ യോഗം അവസാനിച്ചു. ഇനി റിട്രീറ്റ് സെന്ററില്‍ തുടരാനാവില്ല. ബാഗുകളുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോള്‍ ചെറിയൊരു ടെന്‍ഷന്‍ അനുഭവപ്പെടാതിരുന്നില്ല. എല്ലാവരും തിരിച്ചു പോയ്ക്കഴിഞ്ഞു. ഇനി ഢങ്ങള്‍ ഒറ്റയ്ക്കാണ്. താമസസൗകര്യം ഏര്‍പ്പാടാക്കിയിട്ടില്ല. ഗാന്ധി അവന്യുവില്‍ ഒരു മലയാളി ഹോട്ടലുണ്ടെന്നും വലിയ സൗകര്യങ്ങളൊന്നും വേണ്ടെങ്കില്‍ അവിടെ താമസിക്കാവുന്നതാണെന്നും ജോഷി പറഞ്ഞിരുന്നു.

കുറച്ചു ബുദ്ധിമുട്ടി ഹോട്ടല്‍ കണ്ടുപിടിക്കാന്‍. ഇടുക്കി ജില്ലക്കാരനായ സദാശിവനാണ് ഹോട്ടല്‍ നടത്തുന്നത്. ഇരുപതി വര്‍ഷമായി സദാശിവന്‍ മണിപ്പൂരിലെത്തിയിട്ട്. വിവാഹം ചെയ്തതും ഒരു മണിപ്പൂരി സ്ത്രീയെത്തന്നെ. കോട്ടയും ജില്ലക്കാരനായ ശ്രീകുമാറാണ് ഹോട്ടലിന്റെ മാനേജര്‍. ശ്രീകുമാറും അയാളുടെ ഭാര്യ ഷൈലയും ഹോട്ടലില്‍ തന്നെയാണ് താമസം.

ഹോട്ടല്‍ ഷംഗിയില്‍ താമസിച്ചുകൊണ്ടു നടത്തിയ യാത്രകള്‍ക്കിടയിലാണ് ഇംഫാലിന്റെയും മണിപ്പൂരിന്റെയും ശരിക്കുളള നിറവും ഗന്ധവും ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ടൂറിസ്റ്റു കേന്ദ്രങ്ങളിലേയ്ക്ക് പോകേണ്ട എന്നും പകരം കഴിയുന്നിടത്തോളം ആളുകളോട് സംസാരിക്കാമെന്നും ആദ്യമേ നിശ്ചയിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ ഇംഫാലിലെ തെരുവുകളിലൂടെ ഞങ്ങള്‍ വെറുതേ അലഞ്ഞു നടന്നു. യുദ്ധത്തില്‍ തകര്‍ന്ന ഒരു പട്ടണം പോലെ തോന്നിച്ചു ഇംഫാല്‍ മിക്കപ്പോഴും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജാണ്. മുഴുവന്‍ ഫണ്ടും കേന്ദ്രത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ വിവിധ വികസന പദ്ധതികളുടെ പേരില്‍ പ്രവഹിക്കുന്ന ഫണ്ടുകളുടെ നേരിയ അടയാളം പോലും എവിടെയും കാണാനാവില്ല. എങ്ങനെ കാണാന്‍! ദല്‍ഹിയില്‍ നിന്നു വരുന്ന ഫണ്ട് നിലംതൊടുന്നതേയില്ല. മുഴുവനും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഒളിപ്പോരാളികളും കൊളളയടി ക്കുകയാണ്.

രണ്ടായിരം വര്‍ഷത്തെ ചരിത്രവും സമ്പന്നമായ സംസ്കാരവുമുളള ഒരു നാട് എത്രമാത്രം തകര്‍ന്നു കഴിഞ്ഞു! തകര്‍ച്ചയുടെ കാരണമന്വെഷിച്ച് ഏതു വഴിയിലൂടെ പോയാലും ഒടുവില്‍ ചെന്നെത്തുന്നത് ദില്ലിയില്‍ തന്നെ. ഡല്‍ഹി ഭരിച്ചവരുടെ അവസരവാദപരവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നയങ്ങളുടെ ദുരന്തഫലങ്ങളാണ് മണിപ്പൂര്‍ ഇന്നു പേറുന്നത്. ജീവനോടെയിരിക്കുന്നു എന്നതുതന്നെ ഭാഗ്യമായി കരുതുന്ന ഒരു ജനതയെ അഴിമതിയില്‍ ആറാടുന്ന രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും അവര്‍ക്കൊപ്പം ഭീഷണിപ്പെടുത്തി പണം കവരുന്ന യൂജീസും കൊല്ലാക്കൊല ചെയ്യുകയാണ്. കടലിനും ചെകുത്താനും പിന്നെ കത്തിപ്പടരുന്ന അഗ്നിയും. അതാണ് ഈ കൊച്ചു സംസ്ഥാനത്തിന്റെ അവസ്ഥ.

1972ലാണ് മണിപ്പൂരിനു സംസ്ഥാന പദവി ലഭിച്ചത് എന്ന് പറഞ്ഞുവല്ലോ. അതിനുശേഷം ഡല്‍ഹിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണിപ്പൂരിലെത്തിയ ബ്യൂറോക്രാറ്റുകള്‍ക്ക് ഈ സംസ്ഥാനത്തോട് ഒരു മമതയുമുണ്ടായിരുന്നില്ല. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ അവര്‍ക്കു കഴിഞ്ഞതുമില്ല. പൊതുജനങ്ങളെ പ്രീണിപ്പിക്കാനും അപ്പോഴേയ്ക്കും ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരുന്ന കവാപകാരികളെ ഒതുക്കാനും വന്‍തോതില്‍ പണമൊഴുക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. വിവിധ വികസന പദ്ധതികളുടെ പേരില്‍ ഫണ്ടുകള്‍ പ്രവഹിച്ചു. അതോടെ സംസ്ഥാനം അഴിമതിയില്‍ മുങ്ങി. വികസനത്തില്‍ ജനങ്ങള്‍ക്കു പങ്കില്ലാതായി. ഡല്‍ഹിയില്‍ ഭരണം കയ്യാളിയവരുടെ തണലില്‍ കോണ്‍ട്രാക്ടര്‍മാരുടെ ഒരു ഉപജാപകസംഘം മണിപ്പൂരില്‍ ഉദയം ചെയ്തു. പദ്ധതികളുടെ കരാറുകള്‍ ഇവര്‍ കൈക്കലാക്കി. അങ്ങനെ ഡല്‍ഹിയില്‍ നിന്നു വന്ന ഫണ്ടുകള്‍ ഇവരിലൂടെ ഡല്‍ഹിയില്‍തന്നെ തിരിച്ചെത്തി. സംസ്ഥാനത്ത് നിരവധി റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. പക്ഷേ, എല്ലാം കടലാസിലായിരു ന്നുവെന്നു മാത്രം. അവയുടെ മരാമത്തു പണികളും കടലാസില്‍തന്നെ നടന്നു. പൊതുവിതരണത്തിനുളള ധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തി. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഡല്‍ഹി ഡര്‍ബാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ബ്യൂറോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നു. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന് വാരിക്കൂട്ടി. ഉളളവര്‍ അതീവസമ്പന്നരും ഇല്ലാത്തവര്‍ പരമദരിദ്രരുമായി മാറിക്കൊണ്ടിരുന്നു.

ഇവരുടെ അഴിമതികള്‍ക്കും അതിക്രമങ്ങള്‍ക്കും മറുപടി എന്ന നിലയിലാണ് എഴുപതുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ), പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓപ് കാംഗ്‌ലെയ്പക് (പ്രിപാക്) തുടങ്ങിയ സംഘടനകള്‍ ഉടലെടുത്തത്. തുടക്കത്തില്‍ ഇടതുപ്രത്യയശാസ്ത്രത്തില്‍ ഊന്നിക്കൊണ്ട് പ്രവര്‍ത്തിച്ച ഈ വിപ്ലവസംഘടനകളെ വിദ്യാഭ്യാസമുളള ചെറുപ്പക്കാരും സാംസ്കാരികപ്രവര്‍ത്തകരും ബുദ്ധിജീവികളുമൊക്കെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉന്നതപഠനം ഉപേക്ഷിച്ച് ഒട്ടേറെ പേര്‍ വിപ്ലവത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. എഴുപതുകളുടെ അവസാനം ഈ സംഘടനകളുടെ നേതൃത്വത്തില്‍ പലയിടത്തും ഒളിയാക്രമണങ്ങള്‍ നടന്നു. സായുധസേനയുടെയും പൊലിസിന്റെയും കയ്യില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുക്കുകയും വെളിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ പണം സ്വരൂപിക്കുകയുമായിരുന്നു ലക്ഷ്യം.

manipur
പിഎല്‍എ
ഈ ഘട്ടത്തിലാണ് അഫസ്പാ മണിപ്പൂരിലാകമാനം ബാധകമാക്കിയത്. മാര്‍വാഡികളും മറ്റു ബിസിനസുകാരും കേന്ദ്രീകരിച്ചുളള പവോന, തെങ്കല്‍ ബസാറുകളില്‍ പലതവണ ആക്രമങ്ങളുണ്ടായി. പൊതുജനങ്ങളെ വഞ്ചിച്ച് ആവശ്യസാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തിയിരുന്നവരില്‍ നിന്ന് പണം പിടിച്ചെടുത്ത് സായുധവിപ്ലവത്തിനുവേണ്ടി തയ്യാറെടുക്കുക എന്നതായിരുന്നി ഈ അക്രമണങ്ങളുടെ ലക്ഷ്യം. അഴിമതിയിലൂടെ സമ്പന്നരായി മാറിയ കോണ്‍ട്രാക്ടര്‍മാരെയും രാഷ്ട്രീയക്കാരേയും ബ്യൂറോക്രാറ്റുകളെയും ഈ സംഘടനകള്‍ വെറുതേ വിട്ടില്ല. അങ്ങനെ ഫണ്ട് വെട്ടിപ്പില്‍ വിപ്ലവസംഘങ്ങളും പങ്കാളികളായി. വികസനഫണ്ടുകളുടെ വലിയൊരുഭാഗം തോക്കിന്‍കുഴലിലൂടെ ഒളിപോരാളികളുടെ കൈകളിലെത്തി. ക്രമേണ റെവല്യീഷണറി സംഘങ്ങള്‍ വെറും പണം പിടുങ്ങല്‍ സംഘങ്ങളായി അധ:പതിച്ചു. തുടക്കത്തില്‍ സാധാരണജനങ്ങളില്‍ നിന്ന് സംഭാവനകള്‍ മാത്രം സ്വീകരിക്കുക എന്നതായിരുന്നു വിപ്ലവസംഘടനകളുടെ നയം. പക്ഷേ, തൊണ്ണൂറുകളുടെ മധ്യത്തോടെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ഏര്‍പ്പാട് സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. പ്രത്യയശാസ്ത്രം കാറ്റില്‍ പറന്നു. യൂജി സംഘങ്ങള്‍ അനുദിനം പെരുകി. ഓരോ സംഘടനയും പല തവണ പിളര്‍ന്നു. ഇപ്പോള്‍ എത്ര അണ്ടര്‍ഗ്രൗണ്ട് സംഘടനകള്‍ മണിപ്പൂരിലുണ്ട് എന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. നാല്പതോളം സംഘങ്ങളുണ്ട് എന്നാണ് ഒരേകദേശ കണക്ക്. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം പണിചെയ്യാതെ പണമുണ്ടാക്കാനുളള പണിയായി വിപ്ലവം മാറിക്കഴിഞ്ഞു. ഇനി മറ്റെന്തെങ്കിലും പണിചെയ്യാമെന്നു വിചാരിച്ചാല്‍ തന്നെ ഏതു ജോലി കിട്ടാനും വന്‍തുക കോഴകൊടുക്കണം. സബ്-ഇന്‍സ്‌പെക്ടറുടെ പോസ്റ്റിന് 12 ലക്ഷം രൂപയാണ് ഇപ്പോഴത്തെ നിരക്ക്. യൂജി ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ അപ്പോള്‍ തന്നെ 500 രൂപ ഇങ്ങോട്ടു കിട്ടും. ലക്ഷങ്ങള്‍ കോഴ കൊടുക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരായ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം കുഴിയന്മാരായി (യൂജിസിനെ മണിപ്പൂരിലെ മലയാളികള്‍ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്) മാറുന്നതില്‍ എന്താണ് അത്ഭുതം. കേരളത്തെപ്പോലെ വൈറ്റ് കോളര്‍ മനോഭാവം മണിപ്പൂരിലും ശക്തമാണ്. കൂലിപ്പണി കുടിയേറ്റ തൊഴിലാളികളാണ് ചെയ്യുന്നത്.

യു എന്‍ എല്‍ എഫിനും പി എല്‍ എയ്ക്കുമൊക്കെ ഇംഫാലില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫൈനാന്‍സ് വിംഗുകളുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏതൊക്കെ ഇനത്തില്‍ എത്ര വികസനഫണ്ട് സംസ്ഥാനത്ത് എത്തുന്നുണ്ട്, ഉദ്യോഗസ്ഥരുമായും ബിസിനസുകാരുടെയുമൊക്കെ ബാങ്ക് അക്കൗണ്ടുകളില്‍ എത്ര പണമുണ്ട് തുടങ്ങി സകലവിവരങ്ങളും അവരുടെ കമ്പ്യൂട്ടറിലുണ്ടത്രേ. അതനുസരിച്ചായിരിക്കും ഡിമാന്റ്. യൂജികളുടെ വിഹിതം വെട്ടിക്കുറച്ചതിനു ശേഷമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടുന്നത്. ഏതു സര്‍ക്കാര്‍ ഓഫീസിലും എപ്പോള്‍വേണമെങ്കിലും യൂജീസ് ചെന്നുകയറാം. ചീഫ് എഞ്ചിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി, സര്‍ക്കാര്‍ പദ്ധതികളുടെ കോണ്‍ട്രാക്ടുകള്‍. യൂജീസ് സ്വന്തം അണികള്‍ക്കു നേടിക്കൊടുക്കുന്നത് സാധാരണ സംഭവമാണ്. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും “നികുതി” ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണെണ്ണയും പെട്രോളും പൊതുവിതരണത്തിനുളള അരിയും ഡീസലുമൊക്കെ ഡീലര്‍മാരില്‍ നിന്ന് യൂജികളുടെ ഒളിത്താവള ങ്ങളിലേയ്ക്ക് വഴിമാറും. 500 രൂപ കൊടുത്താണ് ഗ്യാസ് സിലിണ്ടര്‍ വാങ്ങുന്നതെന്ന് മന്ത്രിപുക്രിയില്‍ ചായക്കട നടത്തുന്ന മണിപൂര്‍ക്കാരി പ്രഭ ഞങ്ങളോടു പറഞ്ഞു. റേഷന്‍ കാര്‍ഡുവഴി മാസം അഞ്ചു ലിറ്റര്‍ മണ്ണെണ്ണ കിട്ടേണ്ടതാണ്. ഒന്നോരണ്ടോ ലിറ്റര്‍ കിട്ടിയാല്‍ ഭാഗ്യം. ഇത് തലസ്ഥാനത്തെ കാര്യം. ഉള്‍നാടുകളില്‍ പൊതുവിതരണസംവിധാനം പാടെ സ്തംഭിച്ചിരിക്കുകയാണ്. അതേസമയം ഒളിത്താവള ങ്ങള്‍ക്കു സമീപമുളള ഗ്രാമങ്ങളില്‍ അരിയും മണ്ണെണ്ണയും വില വളരെ കുറച്ച് വിറ്റുകൊണ്ട് ഒരു റോബിന്‍ ഹുഡ് ഇമേജ് ഉണ്ടാക്കാനും ഗ്രാമീണരുടെ വിശ്വാസം ആര്‍ജ്ജിക്കാനുമുളള ശ്രമങ്ങള്‍ യൂജീസ് നടത്താറുണ്ട്.

മണിപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലാണ്. അവയേയും യൂജീസ് വെറുതേ വിടാറില്ല. രണ്ടു വര്‍ഷം മുമ്പ് കത്തോലിക്കാ സഭയുടെ കീഴിലുളള അഞ്ചു സ്കൂളുകളില്‍ നിന്നായി 25 ലക്ഷം രൂപ യൂജീസിനു കൊടുക്കേണ്ടി വന്നുവെന്നാണ് റിട്രീറ്റ് സെന്ററിലെ പോളച്ചന്‍ പറഞ്ഞത്. അവര്‍ ആവശ്യപ്പെട്ടത് കോടികളായിരുന്നത്രേ. വിലപേശലിനൊടുവില്‍ തുക കുറയ്ക്കാന്‍ അവര്‍ സമ്മതിച്ചു. പണം കൊടുത്തെങ്കിലും എത്തിക്കാനുണ്ടായ കാലതാമസത്തിനിടെ, ഒരു മലയാളിയടക്കം അഞ്ചു വൈദികരെ യൂജീസ് വെടിവെച്ചു കൊന്നു. ഹോട്ടല്‍ ഷംഗിയുടെ പഴയ ഉടമയായ ഒരു പഞ്ചാബി കൊല്ലപ്പെട്ടതും ഇങ്ങനെതന്നെ.

സമാനമായ എത്രയോ കഥകള്‍ പലരില്‍ നിന്നായി ഞങ്ങള്‍ കേട്ടു. പേരോ വകപ്പോ എഴുതരുത് എന്ന അഭ്യര്‍ത്ഥനയോടെയാണ് മിക്കവരും സംസാരിച്ചത്. മണിപ്പൂരിലെ സ്ത്രീകളെ കുറിച്ചും ആചാരങ്ങ ളെക്കുറിച്ചുമൊക്കെ ഏറെനേരം സംസാരിച്ച മലയാളി ടീച്ചര്‍ സംഭാഷണം യൂജീകളിലെത്തിയതോടെ തീര്‍ത്തും അസ്വസ്ഥയായി. “രണ്ടു ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ പോകും. പിന്നെ ഞങ്ങളല്ലേ ഇവിടെ ജീവിക്കേണ്ടത്.” എന്ന് ചിരിച്ചുകൊണ്ട് വേഗം യാത്ര പറഞ്ഞു സ്ഥലം വിട്ടു!

ഇംഫാലിലെ താമസത്തിനിടയ്ക്ക് കീശ വേഗം കാലിയാകുന്നത് ഞങ്ങളും അറിഞ്ഞു. പരോക്ഷമായി ട്ടാണെങ്കിലും ഞങ്ങളും യൂജീസിനു പണം കൊടുക്കുന്നുണ്ട് എന്ന് മനസ്സിലായത് പിന്നീടാണ്. ഓരോ സാധനം വാങ്ങുമ്പോഴും ചെറിയൊരു വിഹിതം യുജീകള്‍ക്ക് കൊടുക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പോലും.

ഭീഷണിപ്പെടുത്തി പണം കവരുന്ന യൂജികളെപ്പോലെത്തന്നെ വലിയൊരു ഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും. ഭരണം എന്ന വച്ചാല്‍ അഴിമതി മാത്രം എന്നതാണ് അവസ്ഥ. യൂജീകള്‍ക്കു കൊടുക്കേണ്ട പണം ഉദ്യോഗസ്ഥര്‍ എങ്ങനെയെങ്കിലും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കും. രാഷ്ട്രീയക്കാര്‍ യൂജീകളെയും യൂജീകള്‍ രാഷ്ട്രീയക്കാരെയും നിലനിര്‍ത്തുകയാണ്. വിവിധ യൂജിഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പാക്കിയതിനു ശേഷം മാത്രമാണ് രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ പോലും സമര്‍പ്പിക്കുന്നത്. ഇടക്കാലത്ത് ചില യൂജിഗ്രൂപ്പുകാര്‍ പിളര്‍ന്നപ്പോള്‍ അവയില്‍ ചിലത് അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനം മതിയാക്കി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ചേര്‍ന്നു. ചില യൂജി നേതാക്കള്‍ പിന്നീട് മന്ത്രിമാരായി. തെരഞ്ഞെടുപ്പു സമയത്ത് യൂജീസിനെ ഉപയോഗിച്ചാണ് രാഷ്ട്രീയക്കാര്‍ ബൂത്തുകള്‍ പിടിക്കുന്നതും അതിക്രമങ്ങള്‍ കാണിക്കുന്നതും. മണിപ്പൂരില്‍ 2000, 2002, 2004 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പലയിടങ്ങളിലും യൂജീകള്‍ വെടിവയ്പു നടത്തിയിരുന്നു. സായുധസേനയ്ക്കു നല്‍കിയിരുന്ന പ്രത്യേകാധികാരങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടാറുളളത്. പക്ഷേ, അധികാരത്തിലെത്തുന്നതോടെ മറ്റു വാഗ്ദാനങ്ങളെപ്പോലെ ഇതും അവര്‍ മറക്കും. ഒരേസമയം സായുധസേനയേയു് ഒളിപ്പോരാളികളേയും പ്രീണിപ്പിക്കുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊളളാറുളളത്. ചിലപ്പോള്‍ മന്ത്രിമാരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ വസതിയില്‍ വച്ചാണ് യൂജി നേതാക്കളുമായി മാധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്താറുളളത്! ഇതിലിത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു, കേരളത്തിലും ഗുണ്ടാസംഘങ്ങളെയും തീവ്രവാദസംഘടനകളെയും വളര്‍ത്തുന്നത് രാഷ്ട്രീയക്കാരുമൊക്കെ ത്തന്നെയല്ലേ എന്ന ഒരു മറുചോദ്യം ഢങ്ങള്‍ക്കു നേരിടേണ്ടി വന്നു. സംസ്ഥാനത്ത് വന്‍തോതില്‍ ഫണ്ട് വാങ്ങുന്ന പല സന്നദ്ധസംഘടനകളുടെയും പിന്നില്‍ രാഷ്ട്രീയ നേതാക്കളോ അവരുടെ ബന്ധുക്കളോ ആയിരിക്കും.

ഭരണയന്ത്രം തീര്‍ത്തും നിശ്ചലമാണെന്നിരിക്കെ പൗരധര്‍മ്മം നിറവേറ്റാനൊന്നും ജനങ്ങള്‍ മെക്കെടാറില്ല. വൈദ്യുതിബില്ലിന്റെ കാര്യം നേരത്തെ പറഞ്ഞുവല്ലോ. അതുപോലെ, ടെലിഫോണ്‍ കുടിശ്ശിക 30000 രൂപയോ 40000 രൂപയോ ഒക്കെ ആകുമ്പോഴാണ് ലൈന്‍ കട്ടു ചെയ്യുക. പത്തോ അമ്പതോ രൂപ കൊടുത്താല്‍ പിറ്റേ ദിവസം തന്നെ ലൈന്‍ പുന:സ്ഥാപിച്ചു കിട്ടും. വാഹനങ്ങളുടെ കാര്യത്തിലും പരിശോധനയൊന്നുമില്ല. ഭീകരമായ മലിനീകരണം ഉണ്ടാക്കുന്ന പഴകി, ദ്രവിച്ച ഓട്ടോറിക്ഷകളാണ് ഇംഫാലിലെ തെരുവുകളില്‍ ഭൂരിഭാഗവും. ഫണ്ടുകളുടെ കുത്തൊഴുക്കും അഴിമതിയും ജനതയുടെ ആത്മാഭിമാനത്തെയും ചുമതലാബോധത്തേയും എങ്ങനെ തകര്‍ക്കും എന്നതിന് ഉദാഹരണം കൂടിയാണ് മണിപ്പീര്‍. എന്താണ് നികുതിയടക്കാത്തത് എന്ന ചോദ്യത്തിന് എന്തിനു നികുതിയടക്കണം എന്ന മറുചോദ്യമാണ് ഉത്തരമായി കിട്ടുക. സംസ്ഥാനത്തിന്റെ വികസനത്തില്‍ ജനങ്ങള്‍ക്കു പങ്കാളിത്ത് വേണ്ടേ എന്നതുപോലെയുളള ചേദ്യങ്ങളൊന്നും ഒരുപക്ഷേ അവര്‍ക്കു മനസ്സിലായെന്നുപോലും വരില്ല.

manipur

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, എന്നെന്നേയ്ക്കുമായി നാടുവിടുക എന്ന അവസാനത്തെ വഴി തെരഞ്ഞെടുക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇംഫാലില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ ദൂരെ പള്ളേലിലുളള നാഗാഗ്രാമത്തിലേയ്ക്ക് പോകുന്ന വഴി ബസ്സില്‍ വച്ചു പരിചയപ്പെട്ട ഡോക്ടര്‍ വരാബ് സോതിങ് അങ്ങനെയാണ് പറഞ്ഞത്. തൊട്ടുമുന്നിലെ സീറ്റിലായിരുന്നു ഡോക്ടര്‍. പിന്നില്‍ നിന്ന് മലയാളത്തിലുളള സംസാരം കേട്ടാണ് തിരിഞ്ഞുനോക്കിയത്. ഡോക്ടര്‍ക്കു നന്നായി തമിഴറിയാം. പഠിച്ചതും കുറേ വര്‍ഷം ജോലി ചെയ്തതും നാഗര്‍കോവിലിലാണ്. കോട്ടയത്തും തിരുവനന്തപുരത്തും സുഹൃത്തുക്കളുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് മണിപ്പൂരിലേക്കു വന്നത്. ഉക്രുല്‍ ജില്ലയിലാണ് വീട്. വിവാഹം ചെയ്ത് ഒരു കടുംബമൊക്കെയായാലോ എന്നു ചിന്തിക്കുന്നതിനിടയിലാണ് കഴിഞ്ഞമാസം ഡോക്ടറുടെ വീട് യൂജികള്‍ കത്തിച്ചത്. അവര്‍ 55000 രൂപ ചോദിച്ചു. പെട്ടെന്ന് അത്രയും കൊടുക്കാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞില്ല. ഒരു പിന്നാക്ക പ്രദേശത്താണ് പ്രാക്ടീസ് ചെയ്യുന്നത്. ദിവസം പത്തോ ഇരുപതോ രോഗികളെ നോക്കും. ഇപ്പോള്‍ത്തന്നെ നൂറുരൂപ കണ്‍സള്‍ട്ടേഷന്‍ ഫീ വാങ്ങുന്നുണ്ട്. പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കി യൂജീസിനു കൊടുക്കാനാകുമോ എന്നാണ് ഡോക്ടറുടെ ചോദ്യം. ഒന്നല്ല പല ഗ്രൂപ്പുകളും ഇതേ ആവശ്യവുമായി വരാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പിടിയിലായിട്ടില്ല. ആകുമെന്ന് ഡോക്ടര്‍ക്കു പ്രതീക്ഷയുമില്ല. പൊലീസിന് എന്തു ചെയ്യാന്‍ പറ്റും? അവര്‍ക്കും ആവശ്യമായ സുരക്ഷിതത്വമൊന്നും ലഭിക്കുന്നില്ലല്ലോ. ഐജിയടക്കമുളളവര്‍ യൂജീസിനു പണം കൊടുക്കാന്‍ നിര്‍ബന്ധിതരാണ്. കേസ് ചാര്‍ജ് ചെയ്താല്‍ പിറ്റേന്ന് അവര്‍ ജിവനോടെ ഉണ്ടാകുമെന്ന് എന്താണുറപ്പ്? കോടതിയിലൊന്നും പോയിട്ട് കാര്യമില്ല. യൂജീസിനെതിരെ വിധി പറയാന്‍ ജീവനില്‍ കൊതിയുളള ഒരു ജഡ്ജിയും തയ്യാറാവില്ല. മന്ത്രിമാര്‍ക്കു കിട്ടുന്ന സുരക്ഷാസംവിധാനമൊന്നും ജഡ്ജിമാര്‍ക്കു കിട്ടുന്നില്ലല്ലോ... ഇനി കൂടുതല്‍ ഭാഗ്യപരീക്ഷണത്തിനൊന്നും നില്ക്കാതെ നാഗര്‍ കോവിലിലേയ്ക്കു തിരിച്ചു പോകാനാണ് തീരുമാനം. കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി അവരെ വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാനാണ് മിക്ക മാതാപിതാക്കള്‍ക്കും താല്‍പര്യം. വിദ്യാഭ്യാസത്തിന്റെ പേരില്‍ മാസം ഒരു കോടിരൂപയെങ്കിലും സംസ്ഥാനത്തിനു പുറത്തേക്കു പോകുന്നു ണ്ടാകും. പള്ളേലിനു തൊട്ടു മുമ്പത്തെ സ്‌റ്റോപ്പില്‍ ഇറങ്ങുന്നതുവരെ പിന്നോട്ട് തലതിരിച്ചുകൊണ്ട് ഡോക്ടര്‍ സംസാരിച്ചു. ഒടുവില്‍ ഇങ്ങനെയും പറഞ്ഞു:

“ഞങ്ങളുടെ ഏകപ്രതീക്ഷ മാധ്യമങ്ങളിലാണ്. മാധ്യമങ്ങള്‍ക്കു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.”

ദൈവമേ! ലെജിസ്‌ലേറ്റീവും എക്‌സ്ക്യൂട്ടീവും ജുഡീഷ്യറിയും തീര്‍ത്തും നിഷ്ക്രിയമാകുമ്പോള്‍ മാധ്യമങ്ങള്‍ക്കു മാത്രം എന്താണു ചെയ്യാന്‍ കഴിയുക!

*

രത്തന്‍ ലുവാങ്ച പൊട്ടിച്ചിരിക്കുന്നു.

“ശരിയാണ്... ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍. പക്ഷേ, ഞങ്ങളും ചെകുത്താനും കടലിനുമിടയില്‍ തന്നെയാണ്. ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങളൊക്കെ ജോലി ചെയ്യുന്നത്.”

ഹുയാന്‍ലാന്‍പോ എന്ന പത്രത്തിന്റെ എഡിറ്ററാണ് നാല്‍പത്തിമൂന്നുകാരനായ രത്തന്‍. മണിപ്പൂരിനെപ്പറ്റി എന്തും പറഞ്ഞുതരാന്‍ കഴിയുന്ന ആളാണെന്നും തീര്‍ച്ചയായും പരിചയപ്പെടണമെന്നും ജോഷി പറഞ്ഞിരുന്നു.

ഇംഫാലിലെത്തിയ ദിവസം തന്നെ ഞങ്ങള്‍ രത്തനെ വിളിച്ചു. “നിങ്ങളുടെ മീറ്റിങ് കാംഗ്‌ലാ ഫോര്‍ട്ടിലല്ലേ, ഞാന്‍ അവിടെയുണ്ടാകും,” രത്തന്‍ പറഞ്ഞു. പിറ്റേന്ന് ഒരു ക്യാമറാമാന്റെ റോളില്‍ പത്രത്തിനു വേണ്ടി പടങ്ങള്‍ എടുത്തുകൊണ്ടും സംഘാടകരെ സഹായിച്ചുകൊണ്ടും രാവിലെ മുതല്‍ വൈകുന്നേരം വരെ രത്തനുണ്ടായിരുന്നു അവിടെ. ക്യാമറയ്ക്കു പകരം തോക്കാണെങ്കിലും രത്തനു ചേരും. കണ്ടാല്‍ ഒരു കമാന്‍ഡോ ലുക് ഉണ്ട്. വേഷവും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ. ശര്‍മ്മിളയെ റിലീസ് ചെയ്യുന്ന ദിവസവും രാവിലെ മുതല്‍ ആശുപത്രിക്കു മുന്നില്‍ രത്തനുണ്ടായിരുന്നു. അതിനിടയില്‍, മുപ്പതു കിലോമീറ്റര്‍ ദൂരെ വെടിവെയ്പ് നടന്നിട്ടുണ്ടെന്നറിഞ്ഞ് അങ്ങോട്ട് കുതിച്ചിരുന്നു. ഇപ്പോള്‍ ഓഫീസില്‍ എഡിറ്ററുടെ കസേരയിലാണ്. പുതിയ ചുമതല ഏറ്റെടുത്തിട്ട് അധികമായിട്ടില്ല. പഴയ പത്രത്തില്‍ ബ്യൂറോചീഫായിരുന്നു. എഡിറ്ററാണെങ്കിലും സദാസമയവും രത്തന്‍ ഫീല്‍ഡിലും ഉണ്ട്.

“എല്ലാ ദിവസവും ഒന്നാം പേജില്‍ സംഘര്‍ഷത്തിന്റെ ഒരു വാര്‍ത്തയെങ്കിലുമുണ്ടാകും” രത്തന്‍ പറഞ്ഞു. “ഒരു ഭാഗത്ത് അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകള്‍. മറുഭാഗത്ത് സായുധസേനയും സര്‍ക്കാരും. രണ്ടുകൂട്ടരും പത്രസ്വാതന്ത്ര്യത്തില്‍ വല്ലാതെ ഇടപെടുന്നുണ്ട്. വലിയ യുദ്ധങ്ങള്‍ക്കിടയില്‍പോലും ജേര്‍ണലിസ്റ്റുകള്‍ക്ക് ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. പക്ഷേ, ഇവിടെയതല്ല സ്ഥിതി. ഏതു നിമിഷം വേണമെങ്കിലും വെടികൊണ്ടു മരിക്കാം.”

രണ്ടുവര്‍ഷം മുമ്പ് അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളിലൊന്ന് രത്തനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. വീടിന്റെ ഗേറ്റില്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ ബൈക്കില്‍ വന്ന് തുടരെത്തുടരെ വെടിവച്ചു. അന്ന് മണിപ്പൂര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു രത്തന്‍. ദിവസങ്ങളോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകള്‍ പുറത്തെടുത്തു. കഷ്ടിച്ചാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്.

“എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചത്?”

“യൂജികള്‍ മാധ്യമപ്രവര്‍ത്തകരെ നിരന്തരം ഭീഷണിപ്പെടുത്തും. അവര്‍ പുറത്തിറക്കുന്ന പ്രസ്താവനകളൊക്കെ അതുവോലെ പബ്ലിഷ് ചെയ്യണമെന്ന് ശഠിക്കും. ഒരു ഗ്രൂപ്പിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചാല്‍ മറ്റേ ഗ്രൂപ്പിന്റെ ഭീഷണി. ചിലപ്പോള്‍ ഒരേഗ്രൂപ്പില്‍ നിന്നുതന്നെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ വരും. പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും ഭീഷണി. അവസാനം സഹികെട്ട് യൂണിയന്‍ ചില തീരുമാനങ്ങളെടുത്തു. ഫോണിലൂടെ വാര്‍ത്ത സ്വീകരിക്കില്ല, പ്രസ്താവനകള്‍ സംഘടനകളുടെ ലെറ്റര്‍ഹെഡില്‍ തന്നെ വേണം. ഭാരവാഹികളുടെ പേരും ഒപ്പും സീലും ഉണ്ടായിരിക്കണം, മറ്റൊരു ഗ്രൂപ്പിനെ കരിവാരിത്തേയ്ക്കുന്നതും അക്രമങ്ങള്‍ക്കു വഴിവയ്ക്കുന്നതുമായ പ്രസ്താവനകള്‍ പബ്ലിഷ് ചെയ്യില്ല എന്നു തുടങ്ങി കുറേ തീരുമാനങ്ങള്‍. ഞാനായിരുന്നു യൂണിയന്റെ സെക്രട്ടറി. അതുകൊണ്ട് എന്നെ തട്ടിക്കളയാമെന്നു കരുതി. അത്രതന്നെ.” രത്തന്‍ ചിരിക്കുന്നു. ഇടയ്ക്കിടെയുളള ഈ പൊട്ടിച്ചിരി ശീലമാണെന്നു തോന്നുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുളളില്‍ യൂജികളുടെയോ അല്ലെങ്കില്‍ അജ്ഞാതരുടെയോ വെടിയേറ്റ് ആറ് ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാംഗ്‌ല ലാന്‍പുങിന്റെ എഡിറ്റര്‍ ആര്‍.കെ. സനതോംപ, ഷാന്‍ എന്ന പത്രത്തിന്റെ എഡിറ്റര്‍ എ. ലാല്‍റോഹ്‌ലു ഹമര്‍, ലെന്‍ലായി മാഗസിന്റെ എഡിറ്റര്‍ ഖുപ്‌ഖൊലിയന്‍ സിംതെ, മണിപ്പൂര്‍ ന്യൂസിന്റെ എഡിറ്ററും മണിപ്പൂര്‍ സ്‌റ്റേറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന ബ്രജമണി, നോര്‍ത്ത ഈസ്റ്റ് വിഷന്‍ ടിവിയുടെ ഇംഫാല്‍ കറസ്‌പോണ്ടന്റ് യംബെം മേഘ, ഏറ്റവുമൊടുവില്‍ ഇംഫാല്‍ ഫ്രീ പ്രസില്‍ ജൂനിയര്‍ സബ് എഢിറ്ററായിരുന്ന റിഷികാന്ത. വെടിവച്ചു കൊല്ലുന്നതിനു പുറമെ എഡിറ്റര്‍മാരെ ബന്ദികളാക്കുക, തട്ടികൊണ്ടുപോകുക, രണ്ടും മൂന്നും മാസത്തേയ്ക്ക് പത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക തുടങ്ങിയ സമ്മര്‍ദ്ദതന്ത്രങ്ങളും യൂജീസ് പ്രയോഗിക്കുന്നുണ്ട്. യൂജികളുടെ ഇടപെടലില്‍ പ്രതിഷേധിച്ച് പത്രങ്ങള്‍ ദിവസങ്ങളോളം പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാറുണ്ട്.

സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനു പകരം പത്രസ്വാതന്ത്ര്യത്തില്‍ ഇടപെടാനാണ് സര്‍ക്കാരും ശ്രമിക്കുന്നത് എന്ന് രത്തന്‍ കുറ്റപ്പെടുത്തുന്നു. 1970-80 കാലഘട്ടത്തില്‍ റെവല്യൂഷണറി ഗ്രൂപ്പുകളുടെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. ഇപ്പോഴും ഇതേ നിലപാടുതന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്. നിരോധിക്കപ്പെട്ട ഗ്രൂപ്പുകളുമായി ബന്ധമുളള ഏതുരേഖകളും സര്‍ക്കാരിനെ കാണിച്ചിരിക്കണം എന്നാണ്. യൂജികളുടെ പേരുപറഞ്ഞ് പത്രങ്ങള്‍ക്കുമേല്‍ പലതരം നിരോധനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004ല്‍ മനോരമാദേവിയുടെ മരണത്തെത്തുടര്‍ന്ന് മാസങ്ങളോളം തെരുവുകള്‍ അശാന്തമായ ഘട്ടത്തില്‍ മാധ്യപ്രവര്‍ത്തകര്‍ക്കും പൊലീസിന്റെയും സായുധസേനയുടെയും മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നിരുന്നു. അഫസ്പാ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ഇംഫാലിലെ തെരുവുകളില്‍ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിന് ഐഎസ് ടിവി എന്ന ന്യൂസ് കേബിള്‍ നെറ്റ്‌വര്‍ക്ക് സര്‍ക്കാര്‍ നിരോധിച്ചു. റിഷികാന്തയുടെ മരണത്തില്‍ സംസ്ഥാനപൊലീസിനും പങ്കുണ്ട് എന്ന് ആരോപിച്ചുകൊണ്ട് ജേര്‍ണലിസ്റ്റ് യൂണിയന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അനങ്ങിയില്ല. മാധ്യമപ്രവര്‍ത്തകര്‍ രണ്ടാഴ്ച ധര്‍ണയിരുന്നു. മനുഷ്യാവകാശ സംഘടനകളും ജനകീയ സംഘടനകളും മാധ്യമ പ്രവര്‍ര്‍ക്കൊപ്പം ചേര്‍ന്ന് വമ്പിച്ച ഒരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴും സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നു. റാലി നടന്നുകൊണ്ടിരിക്കെ ഐഎസ് ടിവി അത് ലൈവായി സംപ്രേഷണം ചെയ്തു. റാലിക്കു ശേഷം നടന്ന പൊതുസമേളനത്തില്‍ റിഷികാന്തയുടെ മരണത്തെപ്പറ്റിയും സര്‍ക്കാരിന്റെ നിലപാടിനെപ്പറ്റിയും വേദിയിലെ ആദ്യത്തെ വ്യക്തി സംസാരിച്ചു തുടങ്ങിയ നിമിഷം സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ചാനല്‍ നിര്‍ബന്ധിതമായി. ദേശീയസുരക്ഷാ നിയമത്തിന്റെ ബലത്തിലാണ് സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ഒതുക്കുന്നത്.

“രത്തനെ കൊല്ലാന്‍ ശ്രമിച്ച സംഭവം കേസായില്ലേ?”

“പൊലീസ് കേസുണ്ട്. പക്ഷേ, ഈ നിമിഷംവരെ ആരും എന്റെ മൊഴി എടുത്തിട്ടില്ല.”

എഡിറ്ററാണെങ്കിലും രത്തന് വലിയ ശമ്പളമൊന്നുമില്ല. മണിപ്പൂരിലെ മാധ്യപ്രവര്‍ത്തകരൊക്കെയും തുച്ഛമായ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. എന്നിട്ടും അവര്‍ ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നു!

“ഇത്ര കുറഞ്ഞ ശമ്പളത്തിന് എന്തിനാണ് ജോലി ചെയ്യുന്നത്? രത്തന് പുറത്തേതെങ്കിലും പത്രത്തിലേയ്ക്ക് പൊയ്ക്കൂടെ?”

“പോകാം. പക്ഷേ, അതൊരു ട്രെന്‍ഡായി മാറും പിന്നെ. വേറെയും കുറേപേര്‍ പോകും ജേര്‍ണലിസ്റ്റുകളും സംസ്ഥാനം വിട്ടാല്‍ പിന്നെ ഇവിടത്തെ കാര്യങ്ങള്‍ ആരെഴുതും?” രത്തന്‍ വീണ്ടും പൊട്ടിച്ചിരിക്കുന്നു.

എഡിറ്ററാണെങ്കിലും ഇപ്പോഴും രത്തന്റെ ആയുധവും ആവേശവും ജീവിതവും ക്യാമറയാണ്. ക്യാമറ സുരക്ഷിതമായി കൊണ്ടുനടക്കാനാണ് കാറു വാങ്ങിയത്. കാറിനേക്കാള്‍ വിലയുണ്ട് ക്യാമറയ്ക്ക്.

പതുക്കെ കസേര തിരിച്ച് രത്തന്‍ ഡെസ്ക്‌ടോപ്പിലെ മൈ പിക്‌ച്ചേഴ്‌സില്‍ ഡബ്ള്‍ ക്ലിക് ചെയ്യുന്നു. ആദ്യത്തെ ഫോള്‍ഡറില്‍ സായുധസേനയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. പരിശീലന വെടിവെയ്പി ന്റെ ദൃശ്യങ്ങള്‍, പതിയിരിക്കുന്ന ജവാന്മാര്‍, മരിച്ചു കിടക്കുന്ന സിവിലിയന്മാര്‍, മുറിവേറ്റു ചോരവാര്‍ ന്നൊഴുകുന്ന ശരീരങ്ങള്‍, “ഏറ്റുമുട്ടലില്‍” കൊല്ലപ്പെട്ടവര്‍, ഗ്വാണ്ടനാമോയിലെ പീഡനങ്ങള്‍ അനുസ്മരി പ്പിക്കുന്ന പടങ്ങള്‍.

“സായുധസേനയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഒരു പരിശീലനകളരിയാണ്,” രത്തന്‍ വിശദീകരിക്കുന്നു. “വെടിവച്ചു കൊല്ലുന്നത് പഠിക്കാനുളള സ്ഥലം. പരിശീലനാര്‍ത്ഥം വെടിവയ്ക്കുമ്പോള്‍ സമയവും സ്ഥലവും ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്നാണ്. പക്ഷേ അതുപോലും സായുധസേന ചിലപ്പോള്‍ ലംഘിക്കാറുണ്ട്...”

manipur
ഒരു ഒളിപ്പോരാളി
രണ്ടാമത്തെ ഫോള്‍ഡറില്‍ ഒളിപ്പോരാളികളുടെ ചിത്രങ്ങളാണ്. കാട്ടിനുളളിലെ ക്യാമ്പുകള്‍, ആയുധപരിശീലനം, കൃഷി... “സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഓരോ മേഖലയിലും പ്രകടമാണ്. പുതിയ തലമുറ അങ്ങേയറ്റത്തെ അരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. അവര്‍ മയക്കുമരുന്നില്‍ അഭയം തേടുന്നു. ഇഞ്ചക്ഷന്‍ വഴി എയ്ഡ്‌സ് പടരുന്നു. മണിപ്പൂരിലെ ഒമ്പതുജില്ലകളും ഹൈറിസ്ക് പ്രദേശങ്ങളാണ്. എങ്ങനെ എളുപ്പം പണമുണ്ടാക്കാം എന്നാണ് എല്ലാവരുടെയും ചിന്ത...”

ഇപ്പോള്‍ രത്തന്‍ ചിരിക്കുന്നില്ല. പേന തിരുപ്പിടിച്ച് തലതാഴ്ത്തി ഇരിക്കുകയാണ്.

മൂന്നു മണിക്കൂറായി വന്നിട്ട്. ഞങ്ങള്‍ എഴുന്നേറ്റു.

*

മണിപ്പൂരിന്റെ തെക്കുകിഴക്കുളള വലിയ ജില്ലയാണ് ചന്ദേല്‍. ചന്ദേലിന്റെ കിഴക്കേ അറ്റത്തുളള അതിര്‍ത്തി ഗ്രാമമാണ് മോറേ. ഇവിടെ ഇന്ത്യ അവസാനിക്കുന്നു. പിന്നെ മ്യാന്‍മറാണ്. മ്യാന്‍മറിലേക്കു കടന്നാലുടന്‍ വലിയൊരു മാര്‍ക്കറ്റുണ്ട്. സകല സാധനങ്ങളും കിട്ടുന്ന ചന്ത. കുറഞ്ഞ വിലയ്ക്ക് സാധനങ്ങല്‍ ഹോള്‍സെയിലില്‍ വാങ്ങുന്നതിനുവേണ്ടിയാണ് മിക്കവരും മോറേയിലേക്കു പോകുന്നത്. അവ ഇംഫാലില്‍ കൊണ്ടവന്ന് വിലകൂട്ടി വില്‍ക്കും. കളളക്കടത്തിന്റെ വലിയൊരു കേന്ദ്രം.

ഇംഫാലില്‍ നിന്ന് 110 കിലോമീറ്ററുണ്ട് മോറേയിലേക്ക്. ബസ്സില്ല. പക്ഷേ, യാത്ര ഒരു പ്രശ്‌നമല്ല. കാലത്ത് ടാറ്റ സുമോകളും, മാരുതി ഓമ്‌നികളും പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാകും. മൂന്നു മണിക്കൂര്‍ യാത്ര. ഉച്ചകഴിഞ്ഞാല്‍ സാധനങ്ങള്‍ കുത്തിനിറച്ച് വണ്ടികള്‍ മടങ്ങും. അങ്ങോട്ടുളളതിനേക്കാള്‍ 100 രൂപയെങ്കിലും അധികം കൊടുക്കണം മടക്കയാത്രയ്ക്ക്.

ഞങ്ങള്‍ക്ക് സാധനങ്ങളൊന്നും വാങ്ങാനില്ല. വാങ്ങണമെന്നു തോന്നിയാല്‍ തന്നെ കഴിയുകയുമില്ല. രണ്ടുദിവസം മുമ്പ് കയ്യിലെ കാശു മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ തന്നെയായിരുന്നു ഞങ്ങളപ്പോഴും. നാട്ടിലേയ്ക്ക് സുഹൃത്തുക്കളെവിളിച്ച് സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കയാണ്. തല്‍ക്കാലം ഹോട്ടല്‍ ബില്ലടക്കാന്‍ പോലും കാശില്ല. 1200 രൂപയാണിപ്പോള്‍ കയ്യിലുളളത്. അങ്ങോട്ടുമിങ്ങോട്ടും ടാക്‌സിക്കുളള പണം കഴിഞ്ഞാല്‍ പിന്നെ നൂറോ ഇരുന്നൂരോ രൂപ ബാക്കിയായാല്‍ ഭാഗ്യം.

ഹോളിയുടെ രണ്ടാം ദിവസമാണ് ഞങ്ങള്‍ യാത്ര പുറപ്പെട്ടത്. തലേന്നു പോകാനായിരുന്നു തീരുമാനം. പക്ഷേ, വണ്ടികളൊന്നും വരാന്‍ കൂട്ടാക്കിയില്ല. വന്നാല്‍ ശരിയാവില്ല, കീശയിലെ കാശുമുഴുവന്‍ കുട്ടികള്‍ പിടുങ്ങും എന്നാണ് ടാക്‌സിക്കാരില്‍ നിന്നു കിട്ടിയ മറുപടി. ഇവര്‍ കുട്ടികളെ പേടിക്കുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായില്ല. ഏതായാലും യാത്ര പിറ്റേന്നേയ്ക്കു മാറ്റി.

അതിരാവിലെത്തന്നെ യാത്ര തുടങ്ങി. നാല്‍പത് വയസുതോന്നിച്ച ഒരു സ്ത്രീയും അവരുടെ പ്രായമായ അമ്മയുമാണ് സഹയാത്രികര്‍. വണ്ടി ഓടിത്തുടങ്ങിയതോടെ അമ്മ പുകവലി ആരംഭിച്ചു. ചെയ്ന്‍ സ്‌മോക്കിംഗ്. നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാറിന്റെ ജനലുകള്‍ അടച്ചിരുന്നു. കുറെനേരം പരോക്ഷമായി ഞങ്ങളും പുകവലിച്ചു. ഒടുവില്‍ മകള്‍ക്കു മനസ്സിലായെന്നു തോന്നുന്നു ഞങ്ങളുടെ ബുദ്ധിമുട്ട്. അവര്‍ പിറകിലേക്ക് തിരിഞ്ഞ് അമ്മയോട് കയര്‍ത്തു. ഒരു ഭാവഭേദവുമില്ലാതെ അമ്മ സിഗററ്റിന്റെ കത്തുന്ന ഭാഗം ചുണ്ടില്‍ കുത്തിക്കെടുത്തി. പിന്നെ ബാഗില്‍ നിന്ന് പുഴുങ്ങിയ മുട്ടയെടുത്ത് തിന്നാന്‍ തുടങ്ങി.

യാത്ര തുടങ്ങി അധികം വൈകാതെ തന്നെ വണ്ടിക്കാര്‍ കുട്ടികളെ പേടിച്ചതെന്തിനെന്ന് പിടികിട്ടി. അന്നും കുട്ടിസംഘങ്ങള്‍ സജീവമായിരുന്നു. രണ്ടും മൂന്നും വയസ്സുളള കിളുന്തു കുട്ടികള്‍ മുതല്‍ പതിനാറും പതിനേഴും വയസ്സുളള കൗമാരപ്രായക്കാര്‍ വരെയുണ്ടാകും സംഘത്തില്‍. അവര്‍ റോഡിനു കുറുകെ കയര്‍ പിടിച്ച് വഴിതടയു് അതല്ലെങ്കില്‍ കൈകോര്‍ത്തു പിടിച്ചു നില്‍ക്കും. അതുമല്ലെങ്കില്‍ ബഞ്ചുകള്‍ നിരത്തിയിട്ട് അതിലിരിക്കും. പണം കൊടുത്താലെ പോകാന്‍ അനുവദിക്കു. അഞ്ചോ പത്തോ രൂപ കൊടുത്താല്‍ മതി. പക്ഷേ, വഴിയിലുടനീളം ഇത്തരത്തിലുളള സംഘങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടാകും. ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പോകും ഡ്രൈവറുടെ കീശയില്‍ നിന്ന്. ഹോളിയുടെ രണ്ടുദിവസം ഈ പണം പിടുങ്ങല്‍ കുട്ടികളുടെ അവകാശമാണ്. മുതിര്‍ന്നവര്‍ ഇടപെടില്ല. പെണ്‍കുട്ടികളാണ് വഴിതടയല്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍. ആണ്‍കുട്ടികള്‍ പ്ലാസ്റ്റിക്കിന്റെ കളിത്തോക്കും പിടിച്ച് രംഗനിരീക്ഷണം നടത്തുന്നുണ്ടാകും. ദ്വേഷ്യപ്പെട്ടാലൊന്നും കാര്യമില്ല. അതിനേക്കാള്‍ ഉച്ചത്തില്‍ കുട്ടികള്‍ തിരിച്ചു പറയും. വിഷുക്കൈനീട്ടം പോലെ ഒരു പരിപാടിയാണെങ്കില്‍ പോലും അടിസ്ഥാനം ഭീഷണി തന്നെ. കൊളളാം, ചെറുപ്പത്തിലേ നല്ല പരിശീലനം! കുട്ടികള്‍ക്കു കൊടുക്കേണ്ടി വന്ന കാശുകൂടി ഡ്രൈവര്‍ പിന്നീട് ഞങ്ങളുടെ കയ്യില്‍ നിന്ന് വസൂലാക്കി.

നാഷണല്‍ ഹൈവേ 39ലൂടെയാണ് യാത്ര. തൗബാല്‍ ജില്ല കഴിഞ്ഞ് ചന്ദേല്‍ തുടങ്ങുന്നതുവരെ വലിയ പ്രശ്‌നമില്ല. പിന്നീടങ്ങോട്ട് മലയും കാടുമാണ്. ഇടയ്ക്ക് ചെറിയൊരു ഗ്രാമം. വീണ്ടും ഏറെ ദൂരത്തോളം വിജനത. കയറ്റങ്ങളും ഇറക്കങ്ങളും. മലമ്പാതയിലൂടെ കുലുങ്ങി കുലുങ്ങിയുളള യാത്ര. ശരിക്കും വയ്യാതാകും. മോറേയിലെത്തുന്നതു വരെ വഴിയിലുടനീളം അസം റൈഫിള്‍സിന്റെയും മണിപ്പൂര്‍ പൊലീസിന്റെയും നിരവധി പോസ്റ്റുകളുണ്ട്. കര്‍ശനമായ പരിശോധന. ചോദ്യം ചെയ്യല്‍. എവിടെനിന്നു വരുന്നു. എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി ഉത്തരം പറയേണ്ടതുണ്ട്. മടക്കയാത്രയില്‍ പരിശോധനയുടെ കാര്‍ക്കശ്യം കൂടും. വാഹനത്തിന്റെ ഓരോ ഇഞ്ചും അവര്‍ പരതും. ഹാന്‍ഡ്ഹാഗും ക്യാമറ കെയ്‌സും വരെ തുറന്നു കാണിക്കണം.

പരിശോധന ഇത്രയും കര്‍ശനമാകുന്നതിന് കാരണമുണ്ട്. ഒളിപ്പോരാളികളുടെ താവളങ്ങള്‍ ഏറ്റവും കൂടുതലുളള ജില്ലകളാണ് ചന്ദേലും ചുരാചാന്ദ്പൂരും. ഈ രണ്ടു ജില്ലകളും പിന്നെ ഉക്രൂല്‍ ജില്ലയും കൂടി മ്യാന്‍മറുമായി 350 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ദക്ഷിണേഷ്യയില്‍ രഹസ്യമായി നടക്കുന്ന ആയുധക്കടത്തിന്റെ പ്രധാന റൂട്ടാണ് ചന്ദേല്‍. വന്‍തോതില്‍ മയക്കുമരുന്നും ഇതുവഴി കടത്തുന്നുണ്ട്. അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും പറയത്തക്ക ആയുധങ്ങളൊന്നും ഒളിപ്പോരാളികളുടെ കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ 1979ല്‍ കംബോഡിയയില്‍ ഖമറൂഷ് ഭരണം തകരുകയും മ്യാന്‍മര്‍ ഷാന്‍ സ്‌റ്റേറ്റുമായി സമാധാന കരാര്‍ ഉണ്ടാക്കുകയും ചെയ്തതോടെ ദക്ഷിണേഷ്യന്‍ വിപണിയിലേക്ക് ആയുധങ്ങള്‍ പ്രവഹിച്ചു. റഷ്യ, ചൈന, അമേരിക്ക, ബ്രിട്ടന്‍, തായ്‌ലന്റ് ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ വിപണിയിലെത്തി. ഒളിപ്പോരാളികള്‍ക്ക് പുതിയ പല ആയുധങ്ങളും ലഭിച്ചു. ഇപ്പോള്‍ ലൈറ്റ് മെഷീന്‍ ഗണ്ണും റോക്കറ്റ് ലോഞ്ചറും ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങള്‍ ഇവരുടെ കയ്യിലുണ്ട്. മ്യാന്‍മറില്‍ മാത്രം ഒളിപ്പോരാളികള്‍ക്ക് ഇരുപതിലേറെ പരിശീലന ക്യാമ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. രഹസ്യമായി നടക്കുന്ന സകല ഇടപാടുകളുടെയും പ്രധാന കണ്ണിയാണ് മോറേ. പതിനൊന്നു മണിയായപ്പോഴേക്കും ഞങ്ങള്‍ മോറേയിലെത്തി.

“ഏതു ഗേറ്റിലാ ഇറങ്ങേണ്ടത്?” ടാക്‌സി ഡ്രൈവര്‍ ചോദിച്ചു. “ഒന്നിലോ രണ്ടിലോ?” രണ്ടായാലും ഞങ്ങള്‍ക്ക് ഒരുപോലെ. “ഒന്നാമത്തെ ഗേറ്റില്‍.” ഡ്രൈവര്‍ ഞങ്ങളെ അവിടെ വിട്ടു.

ത്രിവര്‍ണപതാക പാറുന്ന ഇന്ത്യനതിര്‍ത്തി. നിറയെ കടകള്‍. ലോഡ്ജുകള്‍ കൊച്ചു ഹോട്ടലുകള്‍ ഫോണ്‍ബൂത്തുകള്‍. തമിഴരുടെ കടകള്‍ നിരവധി. ഇപ്പുറത്തു മണിപ്പൂര്‍ പൊലീസ്. മറുപുറത്ത് മ്യാന്‍മര്‍ പൊലീസ്. “നോ എന്‍ട്രി” എന്ന് എഴുതിവച്ചിരിക്കുന്ന ചെക്ക്‌പോസ്റ്റില്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവരുടെ തിരക്ക്. ക്യാമറയും മൊബൈല്‍ഫോണും അതിര്‍ത്തിക്കപ്പുറത്തേക്കു കൊണ്ടുപോകാന്‍ അനുവാദമില്ല. അവ ഇന്ത്യന്‍ അതിര്‍ത്തിയിലുളള പബ്ലിക് ടെലിഫോണ്‍ബൂത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതിനു ശേഷം ഞങ്ങള്‍ മ്യാന്‍മറിലേക്കു കടന്നു. കുറച്ചുനേരം ബസാറില്‍ ചുറ്റിക്കറങ്ങി. പിന്നെ പുറത്തുകടന്ന് റോഡിലൂടെ ഒന്നര കിലോമീറ്ററോളം നടന്നു. തെങ്ങും വാഴകളുമൊക്കെയായി കേരളത്തിലെ ഏതോ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം. ഞങ്ങള്‍ ബസാറിലേക്കു തന്നെ തിരിച്ചു പോന്നു.

മടക്കയാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ടാക്‌സി പങ്കിട്ടത് ഇംഫാലിലെ ഒരു ബിസിനസുകാരനും കറുത്തു ശോഷിച്ച ഒരു സ്ത്രീിയുമായിരുന്നു. “ഭാഭി” എന്നാണ് ഡ്രൈവര്‍ അവരെ വിളിക്കുന്നത്. ഈ ഭാഭിക്കുവേണ്ടി ഒന്നര മണിക്കൂര്‍ നേരമാണ് ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നത്. അപരിചിതയായ ഏതോ ഒരു യാത്രക്കാരിക്കു വേണ്ടിയുളള നീണ്ട കാത്തുനില്‍പ്പില്‍ ഞങ്ങള്‍ക്ക് അസഹ്യത തോന്നി. പക്ഷേ, ബിസിനസുകാരന്‍ തീര്‍ത്തും അക്ഷോഭ്യന്‍. ഭാഭി വരാതെ പോകുന്ന പ്രശ്‌നമേയില്ലെന്ന് ഡ്രൈവര്‍. ഒടുവില്‍ ഞങ്ങളെ മൂന്നു പേരെയും പിറകിലിരുത്തി ടാക്‌സി നേര ഭാഭിയുടെ വീട്ടിലേക്കു വിട്ടു. തമിഴ് സംസാരിക്കുന്ന ആ സ്ത്രീ ഡ്രൈവര്‍ക്കൊപ്പം മുന്നിലിരുന്നു.

സായുധസേനയുടെയും പൊലീസിന്റെയും മാറിമാറിയുളള പരിശോധനകള്‍ക്കു ശേഷം പകുതി വഴി എത്തിയപ്പോള്‍ ടാക്‌സി വീണ്ടും നിര്‍ത്തി. അടുത്ത ചെക്കിംഗ്. ഹാന്‍ഡ്ബാഗുകളുടെ ഓരോ അറയും പരിശോധിച്ചതിനു ശേഷം പൊലീസുകാരന്‍ ഭാഭിയോട് താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ഭാഭിയെ പൊലീസുകാര്‍ക്കൊക്കെ നല്ല പരിചയം ഉളളതുപോലെ. ഈ വഴി സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടാകാം.

“എന്താ പൊലീസ് പറയുന്നത്?” ജിജ്ഞാസ അടക്കാനാവാതെ ഞങ്ങള്‍ ബിസിനസുകാരനോടു ചോദിച്ചു.

“ഇത്രയധികം പണം കയ്യില്‍ വയ്ക്കരുതെന്ന്.”

“എത്ര പണം ഉണ്ട് അവരുടെ കയ്യില്‍?”

“ഒരു ലക്ഷം രൂപ.”

ഒരു ലക്ഷം രൂപ! എപ്പോള്‍ വേണമെങ്കിലും കൊളളയും കവര്‍ച്ചയും നടക്കാവുന്ന വഴി. നിരന്തരമായ പരിശേധനകള്‍. എന്നിട്ടും ഇത്രയധികം പണം കയ്യിലെടുത്തു വരാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു!

ഭാഭിക്ക് ഒരു കുലുക്കവുമില്ല.

വണ്ടി മുന്നോട്ടു നീങ്ങി.

“നിങ്ങളുടെ കൈവശം എത്ര പണമുണ്ട്?” അവര്‍ പിറകോട്ട് തിരിഞ്ഞുകൊണ്ട് തമിഴില്‍ ഞങ്ങളോടു ചോദിച്ചു.

“750 രൂപ.”

“എന്റെ കുറച്ചു പണം നിങ്ങളുടെ ശരീരത്തിലെവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കാമോ?” ഭാഭിയുടെ വളച്ചുകെട്ടില്ലാത്ത ചോദ്യം.

കാശുപോയതറിഞ്ഞപ്പോള്‍ ഞെട്ടിയതു പോലെ ഞങ്ങള്‍ വീണ്ടും ഞെട്ടി.

“പറ്റില്ല.”

അവര്‍ പിന്നീടൊന്നും പറഞ്ഞില്ല.

ഗാന്ധി അവന്യുവില്‍ തിരികെയെത്തിയപ്പോള്‍ ഞങ്ങളും ബിസിനസുകാരനും ഇറങ്ങി. ഭാഭിയെയും കൊണ്ട് കാര്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. മോറേയിലും ബര്‍മ്മ ബസാറിലും ജോലിചെയ്യുന്നവരില്‍ പലരും ഭാഭിയെപ്പോലെ പലതിന്റെയും വാഹകരാണ്. ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ മാഫിയാസംഘങ്ങളുടെ പിടിയില്‍ നിന്ന് ഊരിപ്പോരാന്‍ പ്രയാസമാണ്. ഈ ഏര്‍പ്പാടില്‍ പൊലീസുകാര്‍ക്കും അതിര്‍ത്തിസേനയിലുളളവര്‍ക്കും കൃത്യമായ വിഹിതം കിട്ടും. ഇത്തരം കമ്മീഷനുകളിലൂടെ അതിര്‍ത്തിസേനയിലുളള പലരും നന്നായി പണം സമ്പാദിക്കുന്നു ണ്ടെന്നാണ് കേട്ടത്. ഒരു ലക്ഷം രൂപകൊണ്ടു വന്നതിന് ഡ്രൈവര്‍ക്ക് ആയിരം രൂപ കമ്മീഷന്‍ കിട്ടും. വെറുതെയല്ല അയാള്‍ ഭാഭി വരാതെ പോകില്ല എന്നു ശഠിച്ചത്.

മന്ത്രിപുക്രിയിലുളള അസം റൈഫിള്‍സിന്റെ ആസ്ഥാനത്ത് ഞങ്ങളെത്തുമ്പോള്‍ സന്ധ്യയായിരുന്നു. ക്യാമ്പിന്റെ അസിസ്റ്റന്റ് കമാന്‍ഡര്‍ മലയാളിയാണ്. എന്‍.എ. മാത്യു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സായുധസേനയുടെ അതിക്രമങ്ങളെപ്പറ്റി മാത്രമാണ് ഞങ്ങള്‍ കേട്ടത്. അവര്‍ക്കു പറയാനുളളതു കൂടി കേള്‍ക്കേണ്ട ചുമതല മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ഞങ്ങള്‍ക്കുണ്ടല്ലോ. ഞങ്ങള്‍ അദ്ദേഹത്തെ രണ്ടുമൂന്നു തവണ ഫോണില്‍ വിളിച്ചിരുന്നു.

“കാണണമെങ്കില്‍ ഇപ്പോള്‍ വരൂ,” മാത്യു പറഞ്ഞു. “നാളെ തിരക്കാണ്.”

സമയം ആറ്. ഹോളിയായതുകൊണ്ട് കര്‍ഫ്യു 7 മണിക്കേ തുടങ്ങൂ. മോറേയാത്രയുടെ ക്ഷീണം തല്‍ക്കാലം മാറ്റിവെച്ച് ഞങ്ങള്‍ തിടുക്കത്തില്‍ ഓട്ടോയില്‍ കയറി. ഒന്നാമത്തെ ഗേറ്റ് വിഐപി ഗേറ്റാണ്. പുറത്തു നിന്നുളള വാഹനങ്ങള്‍ക്ക് ഉളളിലേക്ക് കടക്കാനുളള അനുവാദമില്ല. ഓട്ടോറിക്ഷ ഗേറ്റിനു പുറത്തു നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി നടന്നു.

“വേഗം വരില്ലേ?” സായുധസേനയുടെ ആസ്ഥാനത്തിനു മുന്നില്‍ ഏറെനേരം ഒറ്റയ്ക്കു നില്‍ക്കാന്‍ ഓട്ടോറിക്ഷക്കാരനു പേടിയുണ്ട്.

“വെറും അരമണിക്കൂര്‍.”

ഞങ്ങള്‍ക്കു വഴി തെറ്റാതിരിക്കാന്‍ മാത്യു പുറത്തിറങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഔപചാരികതയില്ലാതെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.

കുശാലാന്വേഷണങ്ങള്‍ക്കും ചായക്കും ശേഷം സായുധസേനയെപ്പറ്റി കേട്ട പരാതികളെല്ലാം ഞങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ നിരത്തി.

“നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കണം. സായുധസേനയെ ഒരു പ്രദേശത്തേക്കു കൊണ്ടു വരുന്നത് അക്രമങ്ങളും കലാപങ്ങളും അമര്‍ച്ച ചെയ്യാനാണ്. അല്ലാതെ പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയമായ പരിഹാരം കാണാനല്ല. അതു ചെയ്യേണ്ടത് സര്‍ക്കാരാണ്,”“മാത്യു സൗഹാര്‍ദ്ദഭാവത്തോടെ വിശദീകരിച്ചു. ഞങ്ങളെ ഏല്‍പിക്കുന്ന ദൗത്യം പരമാവധി ഭംഗിയായി നിര്‍വഹിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മണിപ്പൂരിനെ പ്പോലെ ആഭ്യന്തര കലാപങ്ങള്‍ ഇത്രയേറെ മൂര്‍ച്ഛിച്ചിട്ടുളള ഒരു മേഖലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രത്യേകാധികാരങ്ങള്‍ കൂടിയേ തീരൂ.”

നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെപ്പറ്റി ഞങ്ങള്‍ ചോദിച്ചു.

“ഏറ്റുമുട്ടലുകളില്‍ ചിലപ്പോള്‍ നിരപരാധികള്‍ കൊല്ലപ്പെട്ടെന്നിരിക്കും. അതു മന:പ്പൂര്‍വമല്ല പക്ഷേ, അപ്പോഴേക്കും മനുഷ്യാവകാശ ലംഘനമെന്നെല്ലാം മുറവിളികൂട്ടിയാല്‍ പിന്നെ ഞങ്ങളെങ്ങനെ പ്രവര്‍ത്തിക്കും. നിങ്ങള്‍ പറയുന്ന ഓരോ സംഭവത്തിലും സിവിലിയ•ാര്‍ മാത്രമാണഓ മരിച്ചത്? എത്ര ജവാ•ാര്‍ മരിച്ചു. അവരുടെ ജീവനു വിലയില്ലേ?”

ഉണ്ട്. ഗാന്ധി അവന്യൂവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ബാങ്കുകള്‍ക്കും കാവല്‍ നില്‍ക്കുന്ന കുറെ ജവാ•ാരെ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. നാട്ടില്‍ നിന്ന് എത്രയോ അകലെ കുടുംബം വിട്ടു താമസിക്കുന്നവര്‍. കാശ്മീരില്‍ സ്ഥിതി എത്രയോ ഭേദമാണ് എന്ന് അവരില്‍ ചിലരൊക്കെ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് മണിപ്പൂരില്‍ എത്തിയ ദിവസം തന്നെ സിആര്‍പിഎഫ് ബറ്റാലിയനു നേരെ ഒളിപ്പോരാളികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചെറുപ്പക്കാരനായ മലയാളി ജവാന്‍ വിവരിച്ചിരുന്നു. മരിച്ചവരുടെയും തകര്‍ന്ന വാഹനത്തിന്റെയും പടങ്ങള്‍ മൊബൈലില്‍ കാണിച്ചു തന്നു. ഗ്രനേഡാക്രമണത്തെപ്പറ്റി ചെറിയൊരു ക്ലാസുമെടുത്തു. അതേ, ജീവന്‍ ആരുടേതായാലും വിലപ്പെട്ടതുതന്നെയാണ്.

“സായുധസേന ഒരു സുപ്രഭാത്തില്‍ പിന്‍വാങ്ങിയാല്‍ പിന്നെ എന്താകും ഇവിടത്തെ സ്ഥിതി എന്നറിയുമോ?” മാത്യു ചോദിച്ചു. പിന്നെയും പറഞ്ഞു കുറേ കാര്യങ്ങള്‍. അസം റൈഫിള്‍സിന്റെ ബറ്റാലിയനുകളെപ്പറ്റി, പ്രവര്‍ത്തന രീതികളെപ്പറ്റി, ഒളിപ്പോരാളികളുടെ ക്യാമ്പുകളെപ്പറ്റി. ഏറ്റവുമൊടുവില്‍, “ഇന്ത്യന്‍ സായുസേനയ്‌ക്കെതിരെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകള്‍ എന്തെഴുതാനാണ്” എന്ന് ചിരിക്കുകയും ചെയ്തു.

ഗേറ്റില്‍ തിരിച്ചെത്തിയപ്പോള്‍ ഓട്ടോറിക്ഷാക്കാരന്‍ ആകെ വിരണ്ടു നില്‍ക്കുകയാണ്. “അഞ്ചു മിനിറ്റേയുളളൂ കര്‍ഫ്യൂ തുടങ്ങാന്‍,” സെക്യൂരിറ്റിക്കാരന്‍ ഓര്‍മ്മിപ്പിച്ചു. “പേടിക്കേണ്ട. നിങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തുന്നതുവരെ ഞാന്‍ ഇവിടെനിന്ന് മോണിറ്റര്‍ ചെയ്യാം,” മാത്യു പറഞ്ഞു. പുറത്തു നഗരം നിശ്ചലമായിക്കഴിഞ്ഞിരുന്നു. റോഡില്‍ ഒരൊറ്റവാഹനം പോലുമില്ല. ഓട്ടോക്കാരന്‍ റിക്ഷ പറത്തിവിട്ടു. എത്രവേഗത്തില്‍ പോയാലും അഞ്ചുമിനിറ്റു കൊണ്ടു ഹോട്ടലില്‍ എത്തില്ല.

ഹോട്ടലിനു താഴെ ശ്രീകുമാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകുന്നതില്‍ പരിഭ്രമിച്ച്. കൂടെ സിആര്‍പിഎഫിന്റെ നാലഞ്ചു ജവാ•ാരും.

“ഒരു പ്രശ്‌നവുമുണ്ടായില്ല,” ഞങ്ങള്‍ പറഞ്ഞു.

“പ്രശ്‌നം നിങ്ങള്‍ക്കല്ല ഉണ്ടാവുക. ഓട്ടോറിക്ഷക്കാരനാണ്. അയാള്‍ ഇവിടുത്തുകാരനല്ലേ. ഒറ്റയ്ക്കു തിരിച്ചു പോകുമ്പോള്‍ പൊലീസ് പൊക്കിയാലോ. പാവം!” ശ്രീകുമാറിന്റെ ഉത്ക്കണ്ഠ ഓട്ടോക്കാരനെപ്പറ്റിയാണ്!

നിശ്ചയിച്ചതിനേക്കാള്‍ അധികം കാശുവാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഓട്ടോക്കാരന്റെ മുഖത്ത് ശരിക്കും പേടിയുണ്ടായിരുന്നു.

ഞങ്ങള്‍ക്കു കുറ്റബോധം തോന്നി.

ശരിയാണ്. ഒരു സുപ്രഭാതത്തില്‍ ഇനി സായുധസേനയെ പിന്‍വലിക്കാനാവില്ല. അത്രയേറെ വഷളായിക്കഴിഞ്ഞു കാര്യങ്ങള്‍. പക്ഷേ, എത്രകാലം ഇങ്ങനെ തുടരും? എത്ര കഷ്ടപ്പെടേണ്ടി വന്നാലും തോക്കിന്റെ നിഴലില്‍ അനിശ്ചിതകാലം ജീവിക്കാന്‍ മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. പറയാവുന്ന വേദികളിലെല്ലാം ഇക്കാര്യം അവര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. മനോരമാദേവിയുടെ മരണത്തെ തുടര്‍ന്ന് സായുധസേനയ്‌ക്കെതിരെ ജനരോഷം ആളിക്കത്തിയപ്പോള്‍ അഫസ്പാ പിന്‍വലിക്കണമോ എന്നു പരിശോധിക്കാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് ബി.പി. ജീവന്‍റെഡി അദ്ധ്യക്ഷനായിക്കൊണ്ടുളള അഞ്ചംഗ കമ്മീഷന്‍ അസം, മണിപ്പൂര, ഷില്ലോങ്, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പലതവണ സിറ്റിങ് നടത്തി ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും, അഭിഭാഷകരും ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനകീയ സംഘടനകളുമൊക്കെ സിറ്റിങില്‍ സജീവമായി പങ്കെടുത്തു. സായുധസേനയുടെയും പൊലീസിന്റെയും പിന്നെ ചില കോര്‍പറേറ്റ് കമ്പനികളുടെയും പ്രതിനിധികളൊഴികെ മറ്റെല്ലാവരും നിയമം പിന്‍വലിക്കണ മെന്നാണ് ആവശ്യപ്പെട്ടത്. നിലവിലുളള നിയമം പിന്‍വലിച്ച് പകരം കുറെക്കൂടി മനുഷ്യത്വപരമായ മറ്റൊരു നിയമം നടപ്പിലാക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ, ഈ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി. പാര്‍ലമെന്റ് മുമ്പാകെ വച്ചില്ല. ചര്‍ച്ച ചെയ്തതുമില്ല. റിപ്പോര്‍ട്ടിന്റെ ഉളളടക്കം പിന്നീട് പത്രങ്ങളാണ് ചോര്‍ത്തിയത്.

1975ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും ജീവിക്കാനുളള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21, 22 വകുപ്പുകള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നില്ല. മാത്രമല്ല, അടിയന്തിരാവസ്ഥ അനിശ്ചിതമായി നീട്ടിക്കൊണ്ടുപാകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അഫസ്പായുടെ കാര്യം അങ്ങനെയല്ല. ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വെടിവച്ചുകൊല്ലാന്‍ അധികാരം നല്‍കുന്ന ഈ നിയമം എത്രവരെ വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാം. ഇതിനെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്.

“അക്രമങ്ങള്‍ അവസാനിപ്പിക്കാനെന്ന പേരില്‍ അരനൂറ്റാണ്ടായില്ലേ സായുധസേന ഇവിടെ നില്‍ക്കുന്നു. എന്നിട്ടം കലാപങ്ങളും അക്രമങ്ങളും ദിനംപ്രതി കൂടുകയല്ലേ ചെയ്യുന്നത്?” മനുഷ്യാവകാശ പ്രവര്‍ത്തകനായ ബബ്‌ലൂ ലൊയ്‌തോങ്ബം പറയുന്നു. “സായുധസേനയുടെ കാര്യത്തില്‍ സമയപരിധി നിശ്ചയിക്കണം. രണ്ടുകൊല്ലം. അതല്ലെങ്കില്‍ അഞ്ചുകൊല്ലം. എന്നിട്ടും കാര്യങ്ങള്‍ ശരിയാകുന്നില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സായുധസേനയല്ല എന്ന സത്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.”

ന്യായമായ ആവശ്യമല്ലേ ഇത്? ഒരു വിഭാഗം ജനങ്ങള്‍ എന്തുകൊണ്ട് ആയുധങ്ങളിലേക്കു തിരിയുന്നു എന്ന് വിലയിരുത്തേണ്ടത് ആവശ്യമല്ലേ? കലാപങ്ങളുടെ മൂലകാരണങ്ങള്‍ പരിഹരിക്കാതെ അത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പതിവുതന്ത്രം സര്‍ക്കാര്‍ എത്രകാലം തുടരും? ഇന്ത്യയില്‍ നിന്ന് വിട്ടുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണല്ലോ അണ്ടര്‍ഗ്രൗണ്ട് സംഘനകളില്‍ പലതും ഇപ്പോഴും സായുധപോരാട്ടം നടത്തുന്നത്. ഇക്കാര്യത്തില്‍ ഇനി ഒരു ജനഹിത പരിശോധനക്ക് പ്രസക്തിയുണ്ടോ?

“ഹിതപരിശോധന നടത്തേണ്ടിയിരുന്നത് ബ്രിട്ടീഷുകാര്‍ പോയ സമയത്താണ്. അന്നത് ചെയ്തില്ല. അറുപതു കൊല്ലമായി മണിപ്പൂര്‍ ഇന്ത്യയില്‍ തന്നെയല്ലേ? കേന്ദ്രത്തിലും സംസ്ഥാനത്തും മാറിമാറിവന്ന സര്‍ക്കാരുകളുടെ നയങ്ങളാണ് മണിപ്പൂരിനെ തകര്‍ത്തത്. ഇനി ഒരു സ്വതന്ത്ര റിപ്പബ്ലിക് ആകാന്‍ ആഗ്രഹിക്കു ന്നുവോ എന്ന ചോദ്യത്തിന് എന്തര്‍ത്ഥം?” മണിപ്പൂരിനോടും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടും കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുയാണ് വേണ്ടത്.

ജനസംഖ്യ വളരെ കുറവുളള ഈ കൊച്ചുസംസ്ഥാനത്തെ വേണമെന്നുണ്ടെങ്കില്‍ ഇനിയും രക്ഷിക്കാന്‍ കഴിയും എന്നു തന്നെയാണ് ബബ്‌ലൂവിനെ പോലുളളവര്‍ പറയുന്നത്, പക്ഷേ, അതിന് രാഷ്ട്രീയമായ ഇച്ഛയും ദീര്‍ഘവീക്ഷണമുളള നയങ്ങളും ആവശ്യമുണ്ട്. മണിപ്പൂര്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യമെന്ന് ഒന്ന് ഇരുന്നു ചിന്തിക്കാന്‍ ഡല്‍ഹിയിലുളളവര്‍ക്കു സമയമില്ല. ആഗ്രഹവുമില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കണക്കുകള്‍ക്കും കളികള്‍ക്കും അധികാര വടംവലികള്‍ക്കുമപ്പുറം ജനങ്ങളുടെ ന•യില്‍ ആര്‍ക്കാണു താല്‍പര്യം. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരുന്നത് യുപിഎ സര്‍ക്കാരായാലും എന്‍ഡിഎ സര്‍ക്കാരായാലും മണിപ്പൂരിനെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഈ മേഖലയുടെ വികസനത്തിനു വേണ്ടിയെന്ന പേരില്‍ ഇപ്പോള്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്ന വിഷന്‍ 2020 പോലുളള പദ്ധതികള്‍ ദുരന്തമായി മാറുമെന്ന് രാഷ്ട്രീയ സാമൂഹ്യ സ്ഥതിഗതികള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. വന്‍കിട അണകെട്ടുകളും വിമാനത്താവള വികസനവും റെയില്‍വേ വികസനവുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുളള ഈ പദ്ധതി നടപ്പിലാക്കാന്‍ ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടി വരും.

ഇംഫാല്‍ വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടി 900 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പൊതു താല്‍പര്യ ഹര്ജി ഫയല്‍ചെയ്യാന്‍ പോകുന്നതിനിടെ കാറില്‍ വച്ചാണ് ബബ്‌ലു വിഷന്‍ 2020 പദ്ധതിയെ കുറിച്ച് സംസാരിച്ചത്. കുടിയൊഴിയാന്‍ വിസമ്മതിച്ച് ആയിരക്കണക്കിനാളുകളാണ് സമരരംഗത്തുളളത്. സായുധസേനയേയു് പൊലീസിനെയും വിട്ട് ജനങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യുകയാണ സര്‍ക്കാര്‍. സംസ്ഥാനത്ത് തൊഴിലില്ലായ്മ അല്ലെങ്കിലേ രൂക്ഷം. പകുതിയിലേറെപ്പേരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൂടി നഷ്ടപ്പെട്ട് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നാല്‍ അഭയംതേടി അവര്‍ ഒടുവില്‍ ചെന്നെത്തുക കലാപകാരികളുടെ ഒളിത്താവളങ്ങളിലായിരിക്കും. തീവ്രവാദികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും.

ശര്‍മ്മിളയെ വീണ്ടും അറസ്റ്റുചെയ്യുന്ന ദിവസം അവരെ കാണാന്‍ ഞങ്ങള്‍ ഒരിക്കല്‍കൂടി പോയി. സമരപ്പന്തലില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. നിലത്തു വിരിച്ച വിരിയില്‍ ശര്‍മ്മിള കിടക്കുന്നു. കഴുത്തുവരെ പുതച്ചിട്ടുണ്ട്. വല്ലാതെ തളര്‍ന്നിട്ടുണ്ട്. നാലഞ്ചു സ്ത്രീകള്‍ ചുറ്റുമിരുന്നു വീശുന്നു. മ്ലാനമായ മുഖങ്ങള്‍. ഒരു മരണവീടിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം. പൊലീസ് എപ്പോള്‍ വേണമെങ്കിലും വരാം. manipur

ഞങ്ങള്‍ ശര്‍മ്മിളയുടെ അടുത്തിരുന്നു. എന്താണു പറയുക! കണ്ണുകള്‍ പതുക്കെ തുറന്ന് അവര്‍ ചെറുതായി പുഞ്ചിരിച്ചു. പിന്നെ ഞങ്ങളുടെ കൈകള്‍ മുറുകെ പിടിച്ചു. പൊളളുന്ന സ്പര്‍ശം. പനിക്കുന്നുണ്ടാകുമോ? “അവര്‍ ക്ഷീണിച്ചിരിക്കുന്നു. മിനിഞ്ഞാന്നുമുതല്‍ മൂക്കിലൂടെയുളള ഫീഡിങും ഇല്ലല്ലോ,” ശര്‍മ്മിളയുടെ മുഖം മൃദുവായി തുടച്ചുകൊണ്ട് ഒരു സ്ത്രീ മുറിഹിന്ദിയില്‍ പറഞ്ഞു “No, I'm still strong" ഉടന്‍ വന്നു ക്ഷീണിച്ചതെങ്കിലും ഉറച്ച മറുപടി

ശര്‍മ്മിള അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുളളൂ. കാരണം, മണിപ്പൂരിലെ സ്ത്രീകള്‍ അങ്ങനെയാണ്. അന്യായങ്ങള്‍ക്കെതിരെയുളള യുദ്ധം സ്വന്തം ധര്‍മ്മമായി കാണുന്നവര്‍. ജീവന്‍ പോയാലും ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുകയില്ല എന്നുറപ്പാണ്. സമരം അവസാനിപ്പിക്കണമെന്ന് അവരോട് ഒരു സ്ത്രീപോലും ആവശ്യപ്പെടുകയുമില്ല. ശര്‍മ്മിളയുടെ അമ്മപോലും.

മകള്‍ സമരം തുടങ്ങിയെന്നറിഞ്ഞപ്പോള്‍, രോഗബാധിതയായ അമ്മ മകളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. “ലക്ഷ്യം നേടാതെ എന്നെ കാണാന്‍ വരരുത്.“ അത്യാസന്നനിലയില്‍ അമ്മയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊടുത്തവാക്കു ലംഘിക്കേണ്ടി വന്നു. “അമ്മയെ കാണണോ വേണ്ടേ എന്നു തീരുമാനിക്കാനാവാതെ മൂന്നു മണിക്കൂര്‍ ഞാന്‍ ആശുപത്രിയുടെ ഇടനാഴിയിലൂടെ അങ്ങോട്ടുമങ്ങോട്ടും നടന്നു,“ ശര്‍മ്മിള ഓര്‍ക്കുന്നു. “ഒടുവില്‍ മുറിയില്‍ ചെന്നപ്പോള്‍ സത്യം ലംഘിച്ചതിന് അമ്മ ക്ഷുഭിതയായി.”

അങ്ങനെയാണ് മണിപ്പൂരിലെ സ്ത്രീകള്‍. ഒരുകാര്യം തീരമാനിച്ചാല്‍ തീരുമാനിച്ചതാണ്. പുരുഷ•ാരുടെ വാലായി നിന്നുകൊണ്ടുളള സമരങ്ങളല്ല അവരുടേത്. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയ ങ്ങളുമായുളള കാര്യങ്ങളെ ചൊല്ലിയുളള പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് സ്ത്രീകളായിരിക്കും. അത് വലിയൊരു മൂവ്‌മെന്റ് ആയി മാറുമ്പോഴാണ് പുരുഷ•ാര്‍ ഒപ്പം ചേരുന്നത്.

ആണുങ്ങളില്‍ വലിയൊരുഭാഗം അണ്ടര്‍ഗ്രൗണ്ടില്‍ ആണെന്നിരിക്കെ, വീടു മാത്രമല്ല നാടും സംരക്ഷി ക്കേണ്ട ഉത്തരവാദിത്തം സ്ത്രീകള്‍ക്കാണ്. കൃത്യമായി പറഞ്ഞാല്‍, മെയ്‌രാ പെയ്ബി പ്രവര്‍ത്തകര്‍ക്ക്. ഓരോ ലൊക്കാലിറ്റിയിലും ഇവരുടെ സംഘങ്ങളുണ്ട്. എല്ലാവീടുകളില്‍ നിന്നും സംഘത്തില്‍ അംഗങ്ങളുണ്ടാകും. ഒരു പ്രശ്‌നമുണ്ടായാല്‍ ഏതുരാത്രിയാണെങ്കിലും പന്തം കൊളുത്തി അവര്‍ പുറത്തിറങ്ങിയിരിക്കും. manipur

രാത്രികാലങ്ങളില്‍ തെരുവുകളില്‍ റോന്തുചുറ്റും. ചോദ്യം ചെയ്യാനെന്നപേരില്‍ ആണുങ്ങളെ പിടിച്ചുകൊണ്ടുപോകാന്‍ സായുധസേനക്കാരെത്തിയാല്‍ അവരെ കൈകാര്യം ചെയ്യുന്നതും സ്ത്രീകളാണ്. പുരുഷ•ാര്‍ മദ്യത്തിന് അടിപ്പെടുന്നതിനെതിരെ എഴുപതുകളില്‍ ആരംഭിച്ച മെയ്‌രാ പെയ്ബി വലിയൊരു പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ സംഘങ്ങളുടെ പതിനാറുവര്‍ഷത്തെ പ്രക്ഷോഭത്തിനൊടുവിലാണ് 1991ല്‍ മണിപ്പൂരില്‍ മദ്യം നിരോധിച്ചത്.

നാലുവര്‍ഷം മുമ്പ് അസം റൈഫിള്‍സിന്റെ ആസ്ഥാനത്തിനു മുമ്പില്‍ നഗ്നരായി പ്രക്ഷോഭം നടത്തിയ ഇമാ തരുണിയും ഇമാ ഗ്യാനേശ്വരിയുമൊക്കെ (ഇമാ എന്നുവച്ചാല്‍ അമ്മ) ശര്‍മ്മിളയെ റിലീസ് ചെയ്യുന്ന ദിവസം ആശുപത്രിക്കു മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരോട് ഏറെനേരം സംസാരിക്കാന്‍ അവസരം കിട്ടി. സൗമ്യഭാഷികളായ അമ്മമാര്‍. അവര്‍ സിദ്ധാന്തങ്ങളൊന്നും പറയുന്നില്ല. ജീവിതത്തെ മുഖാമുഖം നേരിടുകയാണ്. സാധാരണ കാര്യങ്ങളാണ് അവര്‍ പറയുന്നത്. വീട്ടില്‍ അച്ഛനും മകനും ലഹള കൂടുമ്പോള്‍ നമ്മള്‍ നടുക്കു നില്‍ക്കാറില്ലേ, അതുപോലെ ഒളിപ്പോരാളികളും സായുധസേനയും യുദ്ധം ചെയ്യുമ്പോള്‍ നാടിനേയും മക്കളേയും നമ്മള്‍ വേണ്ടേ രക്ഷിക്കാന്‍ എന്നൊക്കെ.

അന്നത്തെ പ്രക്ഷോഭത്തില്‍ തോക്കേന്തിയ സായുധസേനയ്‌ക്കെതിരെ നഗ്നശരീരങ്ങള്‍ കൊണ്ടു പൊരുതാന്‍ അമ്പതോളം അമ്മമാര്‍ തയ്യാറായിരുന്നു. സ്ത്രീകള്‍ കാര്യമായി എന്തിനോ ഒരുങ്ങുന്നു എന്ന് മണത്തറിഞ്ഞ സര്‍ക്കാര്‍ പെട്ടെന്ന് കര്‍ഫു പ്രഖ്യാപിച്ചു.

“കാംഗ്‌ലാഫോര്‍ട്ടിനു മുന്നില്‍ ഞങ്ങള്‍ പന്ത്രണ്ടു പേരെ എത്തിയിരുന്നുളളൂ,” 75 വയസ്സുളള ഇമാ തരുണി ഓര്‍ക്കുന്നു. “കര്‍ഫ്യു തുടങ്ങിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ ആവില്ലല്ലോ. അതുകൊണ്ടു മറ്റുളളവരെ കാത്തുനില്‍ക്കാതെ തീരുമാനിച്ച സമരമുറ ഞങ്ങള്‍ നടപ്പിലാക്കി. അത്രതന്നെ.” ഇങ്ങനെയെല്ലാം പോരാടിയിട്ടും അഫസ്പാ പിന്‍വലിക്കാത്തതിലും സായുധസേന പിന്‍വാങ്ങാത്തതിലും അമ്മമാര്‍ക്ക് നിരാശ ഇല്ലാതില്ല.

പക്ഷേ, സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് അവരെ തളര്‍ത്തിയിട്ടൊന്നുമില്ല. മൂന്നാമതൊരു യുദ്ധം വേണ്ടി വന്നാല്‍ അതു ഞങ്ങള്‍ ചെയ്തിരിക്കും എന്ന് സംശയലേശമേന്യ പറയുന്നുണ്ട് ഈ അമ്മമാര്‍. യുദ്ധം എന്നതുകൊണ്ട് അവരുദ്ദേശിക്കുന്നത് യഥാര്‍ത്ഥ യുദ്ധം തന്നെയാണ്. പ്രതീകാത്മക സമരങ്ങളൊന്നും അവര്‍ക്കറിയില്ല. നേടേണ്ടതു നേടുന്നതുവരെയുളള ശരിയായ യുദ്ധത്തെപറ്റിയാണ് അവര്‍ പറയുന്നത്.

മണിപ്പൂരിന്റെ ചരിത്രത്തില്‍ സ്ത്രീകളുടേതായ രണ്ടു യുദ്ധങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1939ല്‍, രണ്ടാംലോക മഹായുദ്ധകാലത്ത് നാട്ടില്‍ കൊടിയ ക്ഷാമം നിലനില്‍ക്കുമ്പോഴും ഷില്ലോങിലെ ബ്രിട്ടീഷ് പട്ടാള കേന്ദ്രത്തിലേക്ക് അരി കയറ്റുമതി ചെയ്യാനുളള മഹാരാജാവിന്റെ വ്യാപാരനയത്തിനെതിരെയായിരുന്നു ആദ്യയുദ്ധം. രാജാവിന്റെ ദര്‍ബാറിലെ ബ്രിട്ടീഷ് പ്രതിനിധിയെ പിടിച്ചുകെട്ടി കൊണ്ടുപെകുകവരെ ചെയ്തു സ്ത്രീകള്‍. വിവരമറിഞ്ഞ് ബ്രിട്ടീഷ് പട്ടാളം പാഞ്ഞെത്തി. തോക്കേന്തിയ പട്ടാളക്കാരെ നേരിടാന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. പട്ടാളത്തിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ സധൈര്യം നേരിട്ടു. ഒടുവില്‍ ജയിച്ചത് സ്ത്രീകള്‍ തന്നെ. നൂപി ലാല്‍ (സ്ത്രീകളുടെ യുദ്ധം) നടന്ന ഡിസംബര്‍ 12 മണിപ്പൂരില്‍ പൊതു അവധിയാണ്. രണ്ടാമത്തെ യുദ്ധവും ഭക്ഷ്യക്ഷാമത്തിനെതിരെ തന്നെ. 1965ല്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇംഫാലിലെ രാജ്ഭവനിലേയ്ക്ക് കൈകുഞ്ഞുങ്ങളേയുമേന്തി ഇരച്ചുകയറിയ സ്ത്രീകള്‍ക്കു നേരെ പൊലീസ് വെടിവച്ചു. നാലു സ്ത്രീകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ അവസാനം സര്‍ക്കാരിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ രണ്ടു യുദ്ധങ്ങളെ പറ്റിയും അഭിമാനത്തോടെയാണ് അമ്മമാര്‍ പറയുന്നത്. മൂന്നാമതൊരു യുദ്ധത്തിനിറങ്ങാന്‍ അവര്‍ക്കൊരു മടിയും കാണില്ല. അവര്‍ തങ്ങളെ പോരാളികളായിട്ടാണ് കാണുന്നത്.

ശര്‍മ്മിളയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സമരത്തില്‍ പുരുഷ•ാര്‍ ഇല്ലാത്തത് എന്തുകൊണ്ട് എന്ന ഞങ്ങളുടെ ചോദ്യം രത്തന് മനസ്സിലാകാതെ പോയതിന്റെ കാരണം ഇപ്പോഴാണ് ഞങ്ങള്‍ക്കു മനസ്സിലാകുന്നത്. “ഞങ്ങള്‍ക്കു ഞങ്ങളുടെ സ്ത്രീകളോട് അങ്ങേയറ്റത്തെ ആദരവുണ്ട്” എന്നായിരുന്നു രത്തന്റെ മറുപടി. സായുധസേനയെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയില്ല. ഒളിപ്പോരാളികള്‍പോലും. താവളവും ഭക്ഷണവും നല്‍കാന്‍ ചിലപ്പോള്‍ നിര്‍ബന്ധിച്ചുവെന്നു വരും. സ്ത്രീകളുടെ സഹായമില്ലാതെ ഒരിഞ്ചപോലും മുന്നോട്ടു പോകാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഞങ്ങള്‍ തിരിച്ചു പോരുമ്പോള്‍ സമരപന്തലിലുളളവര്‍ പോസ്റ്ററുകള്‍ തയ്യാറാക്കുകയാണ്. തളര്‍ന്നുളള ആ കിടപ്പിനിടയിലും പോസ്റ്ററുകള്‍ വായിച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട് ശര്‍മ്മിള. ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏറെനേരം കഴിഞ്ഞിട്ടും ശര്‍മ്മിളയുടെ സ്പര്‍ശത്തിന്റെ ചൂടും ഗന്ധവും ഞങ്ങളുടെ കൈകളില്‍ തങ്ങിനിന്നു.

മണിപ്പൂരില്‍ നിന്ന് സദാശിവന്‍ വിളിക്കുന്നു. ഞങ്ങള്‍ സുരക്ഷിതരായി തിരിച്ചെത്തിയോ എന്നറിയാനാണ്.

“നാട്ടിലെന്തൊക്കെയുണ്ട് വിശേഷം?”

“തിരഞ്ഞെടുപ്പിന്റെ ബഹളം. മുന്നണിത്തര്‍ക്കങ്ങള്‍. ചാനല്‍ചര്‍ച്ചകള്‍.”

“ഓ... അതല്ലാതെ അവിടെ എന്തുണ്ടാകാനാ?” അപ്പുറത്തു സദാശിവന്‍ ചിരിക്കുന്നു. സത്യം! മണിപ്പൂരിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കും പലപ്പോഴും തോന്നിയിരുന്നു. എന്തൊരു സുഖജീവിതമാണ് കേരളത്തില്‍.

“അവിടെ എന്തൊക്കെയുണ്ട്?”

“കര്‍ഫ്യൂ റിലാക്‌സ ചെയ്തു. പക്ഷേ, രണ്ടുദിവസം ബന്ദായിരുന്നു.”

“ബന്ദോ? എന്തിന്?”

“കിഷന്റെ കൊലപാതകം. രണ്ടുമാസമായില്ലേ. ഇതുവരെ ആരെയും പിടിച്ചിട്ടില്ലല്ലോ...”

Post your comments.

Name:

Email:
(optional):

Please enter
your comments:

മനോരമാദേവിയുടെ മരണത്തെത്തുടര്‍ന്ന് മാസങ്ങളോളം തെരുവുകള്‍ അശാന്തമായ ഘട്ടത്തില്‍ മാധ്യപ്രവര്‍ത്തകര്‍ക്കും പൊലീസിന്റെയും സായുധസേനയുടെയും മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നിരുന്നു. അഫസ്പാ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ഇംഫാലിലെ തെരുവുകളില്‍ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിന് ഐഎസ് ടിവി എന്ന ന്യൂസ് കേബിള്‍ നെറ്റ്‌വര്‍ക്ക് സര്‍ക്കാര്‍ നിരോധിച്ചു.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org