logo malayalam

| ഭരണം | പരിസ്ഥിതി | ആരോഗ്യം |

മാലിന്യം വളരുന്നു; അതിര്‍ത്തികള്‍ കടന്നും

എം. സുചിത്ര, പി.എന്‍. വേണുഗോപാല്‍
11/02/2007

waste

ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് കൊച്ചിനഗരത്തില്‍ നിന്നു ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ കുത്തിനിറച്ച പത്തൊമ്പത് ലോറികള്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനു സമീപമുളള മൂലഹല്ലാ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിലെത്തി. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെ ദരിദ്രരായ കര്‍ഷകര്‍ താമസിക്കുന്ന ഗുണ്ടുല്‍പേട്ട് ഗ്രാമത്തില്‍ മാലിന്യം നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം.

ദുര്‍ഗന്ധം വമിക്കുന്ന മാലിന്യവും അതില്‍ നിന്നൂറുന്ന മലിനജലവും അവിടവിടെയായി തൂവിക്കൊണ്ട്, കേരളത്തിലെ അഞ്ചു ജില്ലകള്‍ താണ്ടിയാണ് ഈ മാലിന്യവാഹനവ്യൂഹം ഇവിടെയെത്തിയത്. കേരളത്തിലെ ചെക്ക്‌പോസ്റ്റുകളിലൊന്നിലും പ്രശ്‌നമുണ്ടായില്ലെങ്കിലും കര്‍ണാടകയിലെ ചെക്ക്‌പോസ്റ്റില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, മതിയായ രേഖകളും മാലിന്യം നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടു. വടകരക്കാരനായ ഗോപാലന്‍ എന്നൊരു കോണ്‍ട്രാക്ടര്‍ കൊച്ചി നഗരസഭയുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ ഫോട്ടോകോപ്പി മാത്രമാണ് ലോറിക്കാരുടെ കൈവശം ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 1365 രൂപ നിരക്കില്‍ മാലിന്യം നീക്കാമെന്ന കരാര്‍. ബഹളങ്ങള്‍ക്കൊടുവില്‍, പിറ്റേന്ന്(കൈമടക്കിന്റെ സഹായത്തോടെയാവാം) മാലിന്യങ്ങള്‍ എവിടെയോ നിക്ഷേപിച്ചു.

മുനിസിപ്പല്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിനും ഒരിടത്തുനിന്ന് മെറ്റാരിടത്തേക്കു കൊണ്ടുപോകുന്നതിനും കൃത്യമായ നിയമങ്ങള്‍ നിലവിലുണ്ട്. സംഗതി പുറത്തായി. ആകെ നാണക്കേടുമായി. പക്ഷേ, കോര്‍പറേഷന്‍ എന്തു ചെയ്യും? നഗരം വൃത്തിയായിട്ടിരിക്കണമല്ലോ. നഗരവാസികളുടെ ജീവിതം മാലിന്യമൊന്നുമില്ലാതെ ആരോഗ്യകരമായി തുടരുകയും വേണം. അതുകൊണ്ട്, തുടര്‍ന്നുളള ദിവസങ്ങളിലും അരങ്ങേറി മാലിന്യവാഹന യാത്രകള്‍. ഇത്തവണ തമിഴ്‌നാടന്‍ ഗ്രാമങ്ങളിലേക്കാണ് മാലിന്യം കടത്താന്‍ ശ്രമിച്ചതെന്നു മാത്രം. ഗൂഡല്ലൂര്‍, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസും നാട്ടുകാരും ചേര്‍ന്നു ലോറികള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ ഗ്രാമീണര്‍ ലോറിക്കാരെ കൈയേറ്റം ചെയ്തു. ജീവനുംകൊണ്ട് രക്ഷപ്പെട്ട ലോറി ഡ്രൈവര്‍മാര്‍ മാലിന്യം എവിടെ നിക്ഷേപിക്കണമെന്നറിയാതെ ചുറ്റിക്കറങ്ങി. ഇതിനിടയില്‍, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നല്ലേപ്പിളളിയില്‍(കൊച്ചി നഗരത്തില്‍ നിന്നുളളതാണെന്നു കരുതപ്പെടുന്ന)മാലിന്യം നിക്ഷേപിച്ചതിനെതിരേ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ 20 പേര്‍ക്ക് പരുക്കേറ്റു.

ഏറ്റവുമൊടുവില്‍ നഗരമാലിന്യം ഒരു ആഭ്യന്തര കലാപത്തിനു വഴിവച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതുവരെ മാലിന്യങ്ങള്‍ തല്‍ക്കാലം ബ്രഹ്മപുരത്ത് നിക്ഷേപിക്കാന്‍ കേരള ഹൈക്കോടതി നഗരസഭയ്ക്കു നല്‍കിയ നിര്‍ദേശം ജില്ലയ്ക്കുളളില്‍ തന്നെ സംഘര്‍ഷത്തിനു വഴിവച്ചിരിക്കയാണ്.

നഗരത്തിന്റെ പ്രാന്തപ്രദേശത്തുളള വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലാണ് ബ്രഹ്മപുരം പഞ്ചായത്ത്. ഒരു ഖരമാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 1998ല്‍ കോര്‍പറേഷന്‍ ഇവിടെ 37.33 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്ത് മാലിന്യം തളളാനും നാട്ടുകാര്‍ എതിര്‍ക്കുന്ന പക്ഷം പോലീസ് സഹായം തേടാനുമാണ് കോടതിയുടെ നിര്‍ദേശം. നാട്ടുകാരുടെ കുടിവെളളം മുട്ടിക്കരുത് എന്നു കോര്‍പറേഷനെ ഓര്‍മിപ്പിക്കാന്‍ കോടതി മറന്നിട്ടില്ല.

കോടതിയുടെ നിര്‍ദേശവും മാലിന്യം ബ്രഹ്മപുരത്തു തളളാനുളള കോര്‍പറേഷന്‍ കൗണ്‍സിലിന്റെ ഏകകണ്ഠമായ തീരുമാനവും സ്വാഭാവികമായും പഞ്ചായത്ത് നിവാസികളെ രോഷാകുലരാക്കിയിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കണമെങ്കില്‍ ഞങ്ങളെ കൊല്ലേണ്ടിവരും'' എന്നതാണ് നാട്ടുകാരുടെ നിലപാട്.

നാലു പഞ്ചായത്തുകള്‍ കുടിവെളളത്തിനുവേണ്ടി ആശ്രയിക്കുന്ന കടമ്പ്രയാറിനോട് ചേര്‍ന്നാണ് ചിത്രപ്പുഴയും മനയ്ക്കടവുതോടും സംയോജിക്കുന്ന സ്ഥലം. വെളളം കെട്ടിനില്‍ക്കുന്ന ഒരു ചതുപ്പുനിലം. ഈ ചതുപ്പില്‍ മാലിന്യം തളളിയാല്‍ അതോടെ കടമ്പ്രയാര്‍ മലിനീകരിക്കപ്പെടും. മാത്രല്ല, ചുറ്റുവട്ടത്തെ പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറോളം കുടുംബങ്ങള്‍ കടമ്പ്രയാറില്‍ നിന്നും മീന്‍പിടിച്ചു ജീവിക്കുന്നുണ്ട്. അവരുടെ ഉപജീവനമാര്‍ഗവും മുട്ടും.

അല്ലെങ്കില്‍തന്നെ, ഈ പഞ്ചായത്തിലെ ജനങ്ങള്‍ വര്‍ഷങ്ങളായി പരിസര മലിനീകരണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണ്. പൊതുമേഖലാ സ്ഥാപനമായ ഫാക്ട് പുറന്തളളുന്ന ജിപ്‌സം ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ ഒരു കുന്നായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ഈ കുന്നില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മലിനജലം കാരണം വര്‍ഷങ്ങള്‍ക്കു മുമ്പേ നാട്ടുകാരുടെ നെല്‍കൃഷി പാടെ നശിച്ചിരുന്നു. ഇതിനു പുറമെ, ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക് കമ്പനിയുടെ നിരന്തരമായ അന്തരീക്ഷമലിനീകരണവും. ഇനിയിപ്പോള്‍ മുനിസിപ്പല്‍ മാലിന്യം കൂടി ഏറ്റുവാങ്ങാന്‍ ഒരു കാരണവശാലും തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് ഇവിടത്തുകാര്‍. സ്ഥലം എം.എല്‍.എ അഡ്വക്കേറ്റ് എം.എം. മോനായിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഒരു തവണ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ പിന്നീടൊരിക്കലും രക്ഷയുണ്ടാവില്ല എന്നവര്‍ക്കറിയാം. ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെയല്ല, മറിച്ചു തുറന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നു. മാലിന്യവുമായി ഏതുനിമിഷം വേണമെങ്കിലും വന്നെത്തിയേക്കാവുന്ന ലോറികള്‍ തടയാന്‍ നാട്ടുകാര്‍ രാവും പകലും ഊഴമെടുത്ത് കാവല്‍ നില്‍ക്കുകയാണ്. ജോലിക്കു പോകുന്നതുപോലും തല്‍ക്കാലം വേണ്ടെന്നുവെച്ചുകൊണ്ട്.

"ഈ മാലിന്യങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയതൊന്നുമല്ലല്ലോ. ഞങ്ങള്‍ പാവങ്ങളായതുകൊണ്ടാണോ മാലിന്യം ഇവിടെ തളളാന്‍ തീരുമാനിക്കുന്നത്? പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ നേരിടാന്‍ ഞങ്ങളെന്താ തീവ്രവാദികളാണോ? നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ചീഞ്ഞളിഞ്ഞ മാലിന്യം കൊണ്ടുതളളിയാല്‍ അതു നിങ്ങള്‍ സഹിക്കുമോ?'' എന്തൊക്കെ കേട്ടില്ലെന്നു നടിക്കാനാവാത്ത ചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കോര്‍പറേഷനായിരിക്കും എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. മാലിന്യം കൊണ്ടുവന്നു തളളുന്നപക്ഷം, ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പറേഷനു നല്‍കിയ എന്‍.ഒ.സി പിന്‍വലിക്കാന്‍ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ കോര്‍പറേഷന്‍വക സ്ഥലം മാലിന്യം നിക്ഷേപിക്കാന്‍ അനുയോജ്യമാണോ എന്നു പഠിച്ചു റിര്‍പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷണര്‍ പി.ബി. സഹസ്രനാമന്‍ സ്ഥലവാസികളെ ഞെട്ടിപ്പിച്ചുകൊണ്ട് ഈ സ്ഥലം മാലിന്യം നിക്ഷേപിക്കാന്‍ പറ്റിയതാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കോര്‍പറേഷനു നിര്‍ദേശം നല്‍കിയത്. "" അഡ്വക്കേറ്റ് കമ്മിഷണര്‍ ഞങ്ങളെയാരേയും കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല.'' വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോണി പറയുന്നു. ""ഖരമാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കുന്നതിനു മുമ്പ് ഒരു കാരണവശാലും മാലിന്യം ഇവിടേക്കു കൊണ്ടുവരില്ല എന്ന് കോര്‍പറേഷന്‍ ഉറപ്പുനല്‍കിയതാണ്''. കോടതി വിധിയുടെ മറവില്‍, പഞ്ചായത്തിനു നല്‍കിയ ഉറപ്പ് ലംഘിക്കാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്.

നഗരസഭയുടെ അനാസ്ഥ

മാലിന്യ നിര്‍മാര്‍ജനത്തിനു ശാശ്വതമായ പരിഹാരം അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കോടതിവിധി വന്നതെന്നും, കോടതിയെ ധിക്കരിച്ചാല്‍ അത് കോടതിയലക്ഷ്യമാകുമെന്നുമൊക്കെയാണ് കോര്‍പറേഷന്‍ പറയുന്നത്. എന്നാല്‍ കോര്‍പറേഷന്റെ ഈ(കപട) നിസഹയാവസ്ഥ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. മാലിന്യത്തിന്റെ കാര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ ഇതുവരെ കാണിച്ച അനാസ്ഥകൊണ്ടുമാത്രമാണ് കാര്യങ്ങള്‍ ഇത്രയും വഷളായത്. നോക്കിയിരിക്കേ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം. ഏഴുലക്ഷം ജനങ്ങള്‍. ഒരു ലക്ഷത്തോളം വരുന്ന ഫ്‌ളോട്ടിംഗ് പോപ്പുലേഷന്‍. പുതിയ പുതിയ ഫ്‌ളാറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, നിരവധി ആശുപത്രികള്‍.... ശരാശരി 380 ടണ്‍ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരം പുറന്തളളുന്നത്. ഇന്ത്യയില്‍ത്തന്നെ പ്രതിശീര്‍ഷ മാലിന്യ ഉല്‍പാദനം വളരെ കൂടുതലുളള നഗരങ്ങളില്‍ ഒന്ന്. എന്നിട്ടും നഗരത്തിന്റെ വികസനം ആസൂത്രണം ചെയ്യപ്പെടുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനം എന്ന വിഷയം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചുകാണാറില്ല. ആവിഷ്കരിക്കപ്പെടുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാറുമില്ല.

ഇക്കാലമത്രയും മുനിസിപ്പല്‍ മാലിന്യം കായലില്‍ തളളുന്നതുള്‍പ്പെടെയുളള അശാസ്ത്രീയവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളാണ് കോര്‍പറേഷന്‍ അവലംബിച്ചു പോന്നിരുന്നത്. കൊച്ചിയെപ്പോലെ സമുദ്രനിരപ്പില്‍ കിടക്കുന്ന ഒരു പ്രദേശത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ മാലിന്യം ഉപയോഗിച്ച് ലാന്‍ഡ് ഫില്ലിംഗ് നടത്തുക എന്നതായിരുന്നു ഒരു പ്രധാന മാര്‍ഗം. ഖരമാലിന്യത്തിന്റെ വലിയൊരു ഭാഗം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് നിക്ഷേപിച്ചിരുന്നത്. മാലിന്യം നിക്ഷേപിച്ചാല്‍ അപ്പോള്‍ തന്നെ അതിനുമേല്‍ ആറിഞ്ചു കനത്തില്‍ മണ്ണിട്ട് നിരപ്പാക്കണമെന്നാണ് നിബന്ധന. പക്ഷേ, ഇതൊരിക്കലും പാലിക്കപ്പെടാറില്ല. നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട ഈ പ്രക്രിയ മിക്കപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങി. അതേസമയം കരാര്‍ തുക കോര്‍പറേഷന്റെ കരാറുകാര്‍ക്ക് മുറയ്ക്ക് ലഭിക്കുകയും ചെയ്തു. കൃത്രിമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വെട്ടുമേനിയും.

കായല്‍ ചതുപ്പ് നികത്തിക്കിട്ടുന്നതില്‍ സ്ഥാപിത താല്‍പര്യമുളള തുറമുഖ ട്രസ്റ്റ് ഇതെല്ലാം കണ്ടില്ലെന്നു നടിച്ചു. പക്ഷേ, തൊട്ടടുത്തുളള ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തിന് മൗനം ദീക്ഷിക്കാന്‍ കഴിഞ്ഞില്ല. മാലിന്യം കൊത്തിപ്പെറുക്കാന്‍ എത്തുന്ന പക്ഷിക്കൂട്ടങ്ങള്‍ നാവികസേനാ വിമാനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നേവിയുടെ എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി പലതവണ നഗരസഭയ്ക്കു മുന്നറിയിപ്പു നല്‍കി. ഒരുതവണ ഇങ്ങനെയൊരപകടം ഉണ്ടാവുകയും ചെയ്തു. കോര്‍പറേഷന്റെ മാലിന്യങ്ങള്‍ക്കുവേണ്ടി വിമാനങ്ങളും വൈമാനികരുടെ ജീവനും ബലികഴിക്കാന്‍ നാവികസേന തയാറായിരുന്നില്ല. നേവി നല്‍കിയ അവധികളെല്ലാം നഗരസഭ തീര്‍ത്തും അവഗണിച്ചു.

മാലിന്യം നിക്ഷേപിക്കാനുളള കാലാവധി ഇക്കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ചപ്പോഴാണ് നഗരസഭ ഒന്നുണര്‍ന്നത്. വീണ്ടും നേവിയുടെ കാല്‍ക്കല്‍ വീണ് ഒരുമാസത്തെ സമയംകൂടി നേടിയെടുത്തു. ആയിടെ മാത്രം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ എ.കെ. ആന്റണിയെ കൊച്ചി മേയറും കൂട്ടരും ചെന്നുകണ്ടു. അങ്ങനെ ഒരു മാസത്തെ അവധി കൂടി കിട്ടി.

ആ അവധിയും അവസാനിച്ചതോടെ അറബിക്കടലിന്റെ റാണി മാലിന്യങ്ങളുടെ നടുക്കടലിലുമായി. കോര്‍പറേഷന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ മാലിന്യനിക്ഷേപ സ്ഥലങ്ങള്‍ നിറഞ്ഞുകവിഞ്ഞു. നഗരവീഥികള്‍ക്കിരുവശത്തും മാലിന്യക്കൂമ്പാരങ്ങള്‍ ഉയര്‍ന്നുവന്നു. കാനകളിലും തോടുകളിലും അറവുശാലകളിലെയും കോഴിക്കടകളിലെയും(നഗരത്തിലെ ലൈസന്‍സ് ഉളളതും ഇല്ലാത്തതുമായ കടകളില്‍ ഒരുദിവസം ഒരു ലക്ഷത്തോളം കോഴികളെ കൊല്ലുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്) അവശിഷ്ടങ്ങള്‍ നിറഞ്ഞു. എറണാകുളം ജില്ലയുടെ ആസ്ഥാനമായ കാക്കനാട് ഉള്‍പ്പെടെ നഗരത്തിന്റെ പലഭാഗത്തും പ്ലാസ്റ്റിക് നിരന്തരമായി കത്തി. പ്രക്ഷോഭങ്ങള്‍; പരാതികള്‍. പ്രശ്‌നം ഗുരുതരമായപ്പോഴാണ് സമ്പന്ന രാജ്യങ്ങളെപ്പോലെ മാലിന്യം രഹസ്യമായി അന്യദേശത്തേക്ക് കടത്തുക എന്ന എളുപ്പവഴി നമ്മുടെ വാണിജ്യതലസ്ഥാനം തെരഞ്ഞെടുത്തത്. കേരളത്തിലെ മലഞ്ചരക്കിനും മത്സ്യത്തിനും മനുഷ്യര്‍ക്കും മാത്രമല്ല മാലിന്യത്തിനും നല്ല മാര്‍ക്കറ്റുണ്ടാവും പുറംനാടുകളിലെന്ന് ധരിച്ചിട്ടുണ്ടാവും കൊച്ചി നഗരസഭയുടെ ഭരണകര്‍ത്താക്കള്‍.

waste

തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാനുളള അവധി അവസാനിക്കുന്നതോടെ ഗുരുതരമായ സ്ഥിതിവിശേഷം സംജാതമാവുമെന്ന് ഒന്നരക്കൊല്ലം മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്കരണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ജനങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കവേയാണ് ഓംബുഡ്‌സ്മാന്‍ നഗരസഭയെ താക്കീത് ചെയ്തത്. മാലിന്യസംസ്കരണശാല പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്നും അതുകൊണ്ട് "അല്‍പ്പംപോലും സമയം പാഴാക്കാതെ, മാലിന്യനിര്‍മാര്‍ജനത്തിനായി കാര്യക്ഷമമായ പരിഹാരമാര്‍ഗങ്ങള്‍ നഗരസഭ അടിയന്തരമായി കണ്ടെത്തേണ്ടതാണ്'' എന്ന് അദ്ദേഹം വളരെ കൃത്യമായിത്തന്നെ പറയുന്നുണ്ട്. പുതിയ മാര്‍ഗങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കണ്ടെത്താത്തപക്ഷം സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാവുമെന്നും ജസ്റ്റിസ് ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ""തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ കോര്‍പറേഷന് ഇപ്പോള്‍ ലഭിച്ചിട്ടുളള അനുമതി താല്‍ക്കാലികമാണ്. ഈ കാലാവധി കഴിയുന്നതോടെ വീണ്ടും ഇതൊരു പ്രശ്‌നമായി ഉയര്‍ന്നുവരും. അപ്പോള്‍ നിസഹായത പ്രകടിപ്പിക്കാന്‍ നഗരസഭയെ ഒരു കാരണവശാലും അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സുഖസുഷുപ്തി വിട്ടുണരാന്‍ ഞാന്‍ നഗരസഭയോട് ആവശ്യപ്പെടുന്നു''.

എന്നാല്‍ അപ്പോഴും നഗരസഭ ഉണര്‍ന്നില്ല. എങ്ങനെ ഉണരാന്‍! ദശകങ്ങളായി കൊച്ചി നഗരസഭയുടെ ഭരണം നിയന്ത്രിക്കുന്നത് കോണ്‍ട്രാക്ടര്‍മാരുടെയും അഴിമതിക്കാരായ കുറേ ഉദ്യോഗസ്ഥരുടേയും അതാതുകാലത്ത് മുളച്ചുപൊന്തുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ലോബിയാണ്. മാലിന്യം നീക്കാന്‍ വര്‍ഷങ്ങളായി കരാര്‍ ലഭിക്കുന്നത് വിരലിണ്ണൊവുന്ന സ്ഥിരം ചില വ്യക്തികള്‍ക്കോ അവരുടെ ബിനാമികള്‍ക്കോ ആണ്. ഈ കരാറുകാര്‍ തന്നെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ മറ്റു പലരുടെയും പേരില്‍ ടെന്‍ഡര്‍ നല്‍കിയതെന്ന് പറയപ്പെടുന്നു. ഏഴും എട്ടും ലക്ഷം രൂപ കൈക്കൂലി നല്‍കി കൊച്ചി നഗരസഭയിലെ ചില തസ്തികകള്‍ നേടിയെടുക്കാന്‍ അന്യ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ പോലും മത്സരിക്കുന്ന ഒരവസ്ഥ അടുത്തകാലം വരെയും ഉണ്ടായിരുന്നെന്ന് കോര്‍പറേഷനുളളിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മാലിന്യ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കരാറുകാരുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും ലോബി നഗരസഭയെ ഒരുകാലത്തും സമ്മതിക്കയില്ലെന്ന് ഉളളുകളളികള്‍ അറിയുന്നവര്‍ പറയുന്നു.

കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും അതുകാര്യക്ഷമമായി നീക്കം ചെയ്യാനാവാത്തതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കൊച്ചിയുടെ മാത്രം തലവേദനയല്ല. പ്രാദേശിക വ്യത്യാസമില്ലാതെ കേരളത്തിലെ വലുതും ചെറുതുമായ എല്ലാ നഗരങ്ങളില്‍ നിന്നും മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമായ ഞെളിയന്‍പറമ്പിന്റെ സ്ഥിതി പരിതാപകരമാണ്. ഇവിടെ ഒരു മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംഭരണശേഷി കുറവായതിനാല്‍ സംസ്കരണം കാര്യക്ഷമമായി നടക്കുന്നില്ല. നാലരലക്ഷം ജനങ്ങള്‍ ജീവിക്കുന്ന ഈ നഗരം ഓരോ ദിവസവും 214 ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. നഗരത്തിലെ മാലിന്യം വയനാട്ടിലെ ഒരു ഗ്രാമത്തില്‍ നിക്ഷേപിക്കാന്‍ നടത്തിയ നീക്കം ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങളെത്രയും കാലാകാലമായി ഏറ്റുവാങ്ങുന്നത് ലാലൂര്‍ എന്ന ഗ്രാമമാണ്. ലാലൂരില്‍ രണ്ടേകാല്‍ കോടി രൂപ മുടക്കി നഗരസഭ നിര്‍മിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റ് ഏതാണ്ട് പ്രവര്‍ത്തനരഹിതമാണ്. മാലിന്യങ്ങള്‍ സംസ്കരിക്കാതെ കുഴിച്ചുമൂടുന്ന സ്ഥിതിയാണ് ഇവിടെയും. കൊല്ലത്തിന്റെ സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. കുരീപ്പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടു ജനങ്ങള്‍ നിരന്തര സമരത്തിലാണ്. ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാനുളള സകലസാധ്യതകളും ഇവിടെയുണ്ട്. തിരുവനന്തപുരത്ത് സ്ഥിതി അല്‍പം ഭേദമാണെന്നു വേണമെങ്കില്‍ പറയാം. നഗരം ചീഞ്ഞുനാറുന്നില്ല. മാലിന്യങ്ങളത്രയും വിളപ്പില്‍ശാലയിലെ സംസ്കരണകേന്ദ്രത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ജൈവവളമാക്കി മാറ്റാന്‍ കഴിയാതെ പുറന്തളളപ്പെടുന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും സംസ്കരണശാലയ്ക്കു വെളിയില്‍ കുന്നുകൂടി കിടക്കുകയാണ്. മഴക്കാലത്ത് ആയിരക്കണക്കിന് ടണ്‍ വരുന്ന ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നു മലിനജലം സമീപത്തുളള തോടുവഴി കിളളിയാറിലെത്തുന്ന അവസ്ഥയാണ് ഇപ്പോഴുളളത്.

അവഗണിക്കപ്പെടുന്ന നിയമം

ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നത് രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രശ്‌നം പഠിക്കാന്‍ 1999ല്‍ സുപ്രീംകോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പഠനം നടത്തിയ കമ്മിറ്റി അതേവര്‍ഷം തന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നഗരമാലിന്യം സംബന്ധിച്ച സമഗ്രമായ ഒരു നിയമം 2000ല്‍ നിലവില്‍ വരികയും ചെയ്തു. ഈ നിയമപ്രകാരം മുനിസിപ്പല്‍ ഖരമാലിന്യം കൈകാര്യം ചെയ്യേണ്ട പൂര്‍ണ ഉത്തരവാദിത്വം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്. മാലിന്യം എങ്ങനെ ശേഖരിക്കണം, എങ്ങനെ വേര്‍തിരിക്കണം, എങ്ങനെ കൊണ്ടുപോകണം, ഏതു രീതിയില്‍ സംഭരിക്കണം, സംസ്കരിക്കണം, അവശിഷ്ടങ്ങള്‍ എവിടെ നിക്ഷേപിക്കാം, എവിടെ നിക്ഷേപിക്കരുത് എന്നെല്ലാം കൃത്യം കൃത്യമായി പറയുന്ന ഒരു നിയമമാണിത്. നഗരമാലിന്യങ്ങള്‍ ഒരു കാരണവശാലും ജനവാസകേന്ദ്രങ്ങള്‍ക്കടുത്തോ ജലസ്രോതസുകള്‍ക്ക് സമീപമോ ചതുപ്പുനിലങ്ങളിലോ നിക്ഷേപിക്കരുത് എന്നു വ്യക്തമായി പറയുന്നുണ്ട് ഈ നിയമത്തില്‍. നിലവിലുളള മാലിന്യ നിക്ഷേപകേന്ദ്രങ്ങള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ മെച്ചപ്പെടുത്താനും ഭാവിയില്‍ മാലിന്യനിക്ഷേപം നടത്താന്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി അവ വേണ്ടവിധം ഒരുക്കിയെടുക്കാനും മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും, പ്രശ്‌നത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, മൂന്നു വര്‍ഷത്തെ സമയപരിധി ഈ നിയമപ്രകാരം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നു.

"എന്നാല്‍ പ്രസ്തുത നിയമം അനുശാസിക്കുന്ന രീതിയില്‍ സമഗ്രമായ മാലിന്യശേഖരണ-സംഭരണ-സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ കേരളത്തിലെ ഒരു തദ്ദേശസ്ഥാപനത്തിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ല'', വികേന്ദ്രീകൃതമായ മാലിന്യസംസ്കരണത്തില്‍ വിജയകരമായ പരീക്ഷണങ്ങള്‍ നടത്തുന്ന തൃക്കാക്കര പഞ്ചായത്തിലെ വേസ്റ്റ് മാനേജ്‌മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റ് എം.എം. അബാസ് പറയുന്നു. ഈ നിയമം വേണ്ടവിധം അനുശാസിച്ചിരുന്നുവെങ്കില്‍ 70 ശതമാനം പ്രശ്‌നമെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കേന്ദ്രീകൃതമായ മാലിന്യ സംസ്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നത് എന്നൊരു പോരായ്മ ഈ നിയമനത്തിനുണ്ട്. എന്നിട്ടു പോലും ഇതിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിക്കൊണ്ട് വലിയൊരു പരിധി വരെ ഖരമാലിന്യവിമുക്തമാകാന്‍ ഹൈദരാബാദ്, നാസിക് തുടങ്ങിയ നഗരങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയെക്കാള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു ഈ രണ്ടു നഗരങ്ങളും.

എന്നാല്‍, കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍, ഈ നിയമം അക്ഷരംപ്രതി അനുസരിച്ചാല്‍പ്പോലും പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കും. ഉയര്‍ന്ന ജനസാന്ദ്രതയും വര്‍ധിച്ചുവരുന്ന ഉപഭോഗവും കേരളത്തെ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ മാലിന്യം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളത്തിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സ്വഭാവം തമ്മിലുളള അന്തരം കുറവാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും നഗരങ്ങളുടേതായ സ്വഭാവവിശേഷമാണ് പ്രകടിപ്പിക്കുന്നത്. ഉല്‍പാദനത്തില്‍ അധിഷ്ഠിതമല്ലാത്തതും കമ്പോളത്തെ അമിതമായി ആശ്രയിക്കുന്നതുമായ ഒരു ജീവിതരീതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതിവേഗത്തിലുളള നഗരവല്‍ക്കരണവും ജീവിതരീതികളില്‍ വന്ന മാറ്റവും മാലിന്യത്തിന്റെ അളവിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. "എന്റെ മുറ്റം മലിനമാകരുത് ' എന്ന മനോഭാവത്തോടെ, അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ എങ്ങനെയെങ്കിലും അന്യരുടെ പറമ്പിലോ പൊതുസ്ഥലത്തോ വലിച്ചെറിയാനുളള പ്രവണതയും വര്‍ധിച്ചു വരികയാണ്.(ഈ മനോഭാവമാണ് കൊച്ചിയിലെ മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെത്താന്‍ കാരണമായത്)

സംസ്ഥാനത്തിനകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ മാത്രമല്ല, സമ്പന്ന രാഷ്ട്രങ്ങള്‍ ഇന്ത്യയെപ്പോലുളള മൂന്നാം ലോക രാഷ്ട്രങ്ങളിലേക്കു രഹസ്യമായി കയറ്റി അയയ്ക്കുന്ന അപകടകരമായ മാലിന്യങ്ങളുടെ ഒരു പങ്കും മറ്റു സംസ്ഥാനങ്ങളെപ്പോലെ, കേരളത്തിന് കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. അന്യരാജ്യങ്ങളില്‍ നിന്നെത്തുന്ന മാലിന്യത്തിന്റെ തോത് ചെറുതൊന്നുമല്ല. കോട്ടയം ജില്ലയിലെ വെളളൂരില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയില്‍ ഓരോ ദിവസവും ഏകദേശം ഒരു ടണ്‍ പൊട്ടിയതും പൊട്ടാത്തതുമായ കമ്പ്യൂട്ടര്‍ സി.ഡികളും പ്ലാസ്റ്റിക്കും വന്നെത്തുന്നുണ്ട്. ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ഡി ഇന്‍കിംഗ് പ്ലാന്റിന് ആവശ്യമായ തോതില്‍ ദിനപ്പത്രങ്ങള്‍ ഇവിടെനിന്ന് ലഭിക്കാത്തതിനാല്‍ അത് വിദേശങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ പത്രങ്ങളോടൊപ്പമാണ് മറ്റു രാജ്യങ്ങള്‍ ഇ-വേസ്റ്റ് കടത്തുന്നത്. നൂറുകണക്കിനു ചാക്കുകളില്‍ അപകടകരമായ ഈ മാലിന്യം കെട്ടിക്കിടക്കുന്നത് ഫാക്ടറിയില്‍ നിന്നു പ്ലാസ്റ്റിക് സി.ഡികളും വേര്‍തിരിക്കാന്‍ ഫാക്ടറി സബ്‌കോണ്‍ട്രാക്ട് കൊടുക്കുന്നു. കരാറുകാര്‍ ഇവ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നോ എന്തു ചെയ്യുന്നുവെന്നോ അധികൃതര്‍ക്കറിയില്ല.

സംസ്ഥാനത്തെ നഗരങ്ങളെ മാലിന്യ വിമുക്തമാക്കുന്നതിനു വേണ്ടിയും ഖരമാലിന്യ സംസ്കരണത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കു സാങ്കേതികവും, ഒരുപരിധി വരെ സാമ്പത്തികവുമായ സഹായം നല്‍കുന്നതിനു അഞ്ചുവര്‍ഷം മുമ്പ് ഒരു "ക്ലീന്‍ കേരളാ മിഷന്‍' പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഈ പദ്ധതി കാര്യക്ഷമമായി നടത്തുന്നതിന് 2004 ജനുവരിയില്‍ മുഖ്യമന്ത്രി ചെയര്‍മാനും തദ്ദേശഭരണമന്ത്രി വൈസ് ചെയര്‍മാനുമായി ഒരു മന്ത്രിസഭാ ഉപസമിതി രൂപവല്‍കരിച്ചിരുന്നു. ഇതിനു പുറമേ, ചീഫ് സെക്രട്ടറി ചെയര്‍മാനും തദ്ദേശഭരണ സെക്രട്ടറി കണ്‍വീനറുമായ ഒരു ഉന്നതാധികാര സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍, ഈ പദ്ധതി എവിടെയുമെത്തിയില്ല. പ്രകടമായ എന്തെങ്കിലും മാറ്റം വരുത്തുന്നതില്‍ ഈ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്. ക്ലീന്‍ കേരളാ മിഷന്റെ ഭാഗമായി 2003ല്‍ ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനം പോലും ഫലവത്തായില്ല. പ്ലാസ്റ്റിക്കിന്റെ,

പ്രത്യേകിച്ചും പ്ലാസ്റ്റിക് കാരിബാഗുകളുടെ വ്യാപകമായ ഉപയോഗം മാലിന്യങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിയിരിക്കുകയാണ്. മാലിന്യത്തിന്റെ കാര്യത്തില്‍ നമ്മുടെ നഗരങ്ങള്‍ എത്തിനില്‍ക്കുന്ന സ്‌ഫോടനാത്മകമായ പരിഹാരം വേണമെങ്കില്‍ കേന്ദ്രീകൃതമായ മാലിന്യ സംഭരണ, സംസ്കരണ രീതികളില്‍ നിന്ന് വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണത്തിലേക്കു തിരിയുക മാത്രമേ മാര്‍ഗമുളളുവെന്ന് വിദഗ്ധര്‍ പറയുന്നു. സ്ഥല ദൗര്‍ലഭ്യവും, മാലിന്യങ്ങളുടെ സങ്കീര്‍ണ സ്വഭാവവും, ഉയര്‍ന്ന ഭൂഗര്‍ഭ ജലവിതാനവും നീണ്ട മഴക്കാലവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ലാന്‍ഡ് ഫില്ലിംഗ് കേരളത്തിനു പറ്റിയതല്ല. സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന വൈദ്യുത ചുളകളോ(ഇന്‍സിനറേറ്റര്‍) ഖരമാലിന്യ സംസ്കരണ പ്ലാന്റുകളോ വന്‍തുകകള്‍ മുടക്കി സ്ഥാപിക്കുന്നതും മാലിന്യ പ്രശ്‌നത്തിനു പരിഹാരമാകുന്നില്ല എന്നു നമ്മുടെതന്നെ നഗരങ്ങളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നിട്ടും സംഘര്‍ഷത്തിന് ഇടനല്‍കുന്ന അതേവഴി തന്നെ എന്തിനാണ് നഗരസഭകള്‍ തെരഞ്ഞെടുക്കുന്നത്?

കേരളത്തിലെ വലിയ നഗരങ്ങളില്‍ പ്രതിദിനം ഒരാള്‍ ശരാശരി 200-400 ഗ്രാം മാലിന്യവും ഗ്രാമങ്ങളില്‍ 8-10 ഗ്രാം മാലിന്യവും ഉല്‍പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇത്രയും മാലിന്യം അത് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ വെച്ചുതന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞാല്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. സംസ്ഥാനത്തെ മുനിസിപ്പല്‍ മാലിന്യത്തിന്റെ 70 ശതമാനവും ജൈവമാലിന്യമാണ്. വികേന്ദ്രീകൃതമായ ഒരു സംവിധാനത്തില്‍ ജൈവമാലിന്യം ശരിയായ രീതിയില്‍ വേര്‍തിരിച്ചു അതാതു വാര്‍ഡുകളില്‍ തന്നെ സംസ്കരിക്കാനും വളമാക്കി മാറ്റാനും കഴിയും. ബാക്കി വരുന്നത് പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ ബാറ്ററികള്‍, ട്യൂബ് ലൈറ്റ്, കമ്പ്യൂട്ടര്‍ സിഡികള്‍ തുടങ്ങിയ ജൈവേതര മാലിന്യങ്ങളാണ്. മുനിസിപ്പല്‍ മാലിന്യത്തിന്റെ മുപ്പതുശതമാനം മാത്രംവരുന്ന ഈ ജൈവേതര മാലിന്യങ്ങള്‍ക്കു മാത്രമാണ് കേന്ദ്രീകൃതമായ സംസ്കരണത്തിന്റെ ആവശ്യമുളളത്. കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയ ബാറ്ററികളും മറ്റും അതിന്റെ നിര്‍മാതാക്കളോടു തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് അപ്രായോഗികമാണെന്നു തോന്നേണ്ട കാര്യമില്ല. പല ഐ.ടി കമ്പനികളും ഇ-വേസ്റ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഈ ദിശയില്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനുളളില്‍ വിറ്റഴിച്ച കമ്പ്യൂട്ടറുകള്‍ അടുത്ത മൂന്നുവര്‍ഷത്തിനുളളില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുന്നതായി ബഹുരാഷ്ട്ര കമ്പനിയായ ഡെല്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.

ഇങ്ങനെയൊക്കെയായിട്ടും ഒരാവശ്യവുമില്ലാതെ മാലിന്യപ്രശ്‌നം വെറുതെ സങ്കീര്‍ണമാക്കുകയാണ് നമ്മുടെ നഗരസഭകള്‍. ""കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനു വികേന്ദ്രീകൃത മാലിന്യ സംസ്കരത്തെയപേക്ഷിച്ച് എത്രയോ കൂടുതല്‍ മുടക്കുമുതല്‍ വേണ്ടിവരുന്നുണ്ട്''. പരിസ്ഥിതി മാലിന്യ സംസ്കരണരംഗത്ത് നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വരുന്ന തിരുവനന്തപുരത്തെ "തണല്‍' എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജയകുമാര്‍ പറയുന്നു: ""മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാവുന്ന പൊതുഫണ്ട് ഇങ്ങനെ വ്യയം ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല''.

വികേന്ദ്രീകൃതവും കാര്യക്ഷമവുമായ മാലിന്യ സംസ്കരണത്തിന് ഒരു നല്ല ഉദാഹരണമായി ജയകുമാര്‍ ചൂണ്ടിക്കാട്ടുന്നത് മുംബൈയിലെ സ്ത്രീമുക്തി സംഘടനയുടെ പ്രവര്‍ത്തനമാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഈ സ്വാശ്രയ സംഘങ്ങള്‍ ആദ്യം കോര്‍പറേഷനുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നു. പിന്നീട് വിവിധ ടൗണ്‍ഷിപ്പുകളുടെയും റസിഡന്‍ഷ്യല്‍ ഏരിയകളുടെയും കാമ്പസുകളുടെയും ചുമതല ഏറ്റെടുക്കുന്നു. ഒരു ദിവസം അഞ്ചുടണ്‍ വരെ ജൈവമാലിന്യം സംസ്കരിക്കാനുളള സാങ്കേതിക വിദ്യ ഈ യൂണിറ്റുകള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇതിനുവേണ്ട സംവിധാനം സ്ഥാപിക്കാന്‍ ഏകദേശം 30 ലക്ഷം രൂപ ചെലവുണ്ട്. കോര്‍പറേഷനും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ചേര്‍ന്നാണ് അതു നിര്‍വഹിക്കുന്നത്. തങ്ങള്‍ ഏറ്റെടുക്കുന്ന പ്രദേശങ്ങള്‍ പൂര്‍ണമായ രീതിയില്‍ മാലിന്യമുക്തമാക്കേണ്ട ഉത്തരവാദിത്തം ഈ യൂണിറ്റുകള്‍ക്കാണ്. കേരളത്തിലെ മാലിന്യസംസ്കരണ പ്രക്രിയയിലെ ഒരു പ്രധാന കണ്ണിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കും പുതിയ സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കാവുന്നതാണെന്ന് ജയകുമാര്‍ അഭിപ്രായപ്പെടുന്നു. ""തുച്ഛമായ കൂലിക്ക് മാലിന്യം ശേഖരിക്കുന്നവരായി മാത്രമാണ് ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നതിന്റെ പകുതി പണംപോലും വേണ്ട കുടുംബശ്രീ യൂണിറ്റുകളെ പുതിയ സംരംഭത്തിലേക്കു കൊണ്ടുവരാന്‍. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമന്വേഷിച്ചു തല പുകയ്‌ക്കേണ്ട ഗതികേടും നഗരസഭകള്‍ക്കുണ്ടാവില്ല''. കേരളത്തില്‍ തന്നെ പല ഗ്രാമപഞ്ചായത്തുകളും ചെറിയ സംവിധാനങ്ങളിലൂടെ നല്ല രീതിയില്‍ വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണം നടത്തിവരുന്നുണ്ട്. പക്ഷേ, മാലിന്യ സംസ്കരണമേഖലയില്‍ സ്വന്തം വാര്‍ഡ് കമ്മിറ്റികളെ സജീവമാക്കാന്‍ നഗരസഭകള്‍ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് മാലിന്യസംസ്കരണ മേഖലയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കു കഴിയുന്നത്.

കൊച്ചി നഗരസഭയ്ക്കും വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിനുമിടയില്‍ മാലിന്യത്തെച്ചൊല്ലി ഇപ്പോള്‍ ഉണ്ടായിട്ടുളള പ്രതിസന്ധി ഒരു പക്ഷേ രാഷ്ട്രീയതലത്തില്‍ പരിഹരിക്കപ്പെട്ടേയ്ക്കാം. കാരണം ഈ രണ്ടു തദ്ദേശഭരണസ്ഥാപനങ്ങളും ഭരിക്കുന്നത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷമാണ്. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പാര്‍ട്ടിതലത്തില്‍ നീക്കങ്ങള്‍ നടക്കും. കൊച്ചി നഗരസഭ ഒരിക്കല്‍ക്കൂടി നേവിയുടെ കാല്‍ക്കല്‍ ചെന്നു വിണേക്കും. അതല്ലെങ്കില്‍ ഗോശ്രീ പാലങ്ങളോടു ചേര്‍ന്ന നികത്തുഭൂമിയില്‍(നിയമവിരുദ്ധമായി) മാലിന്യം നിക്ഷേപിച്ചു തല്‍ക്കാലം പ്രശ്‌നത്തില്‍ നിന്നു തലയൂരും. സ്ഥിരം കോണ്‍ട്രാക്ടര്‍മാരുടെ പുതിയ ബിനാമികള്‍ രംഗത്തു വരും. ഇതിനിടയില്‍, എട്ടുവര്‍ഷം മുമ്പ് ബ്രഹ്മപുരത്ത് ഏറ്റെടുത്ത ഭൂമിക്കു ചുറ്റും മതില്‍ കെട്ടുന്ന പണി തുടങ്ങിക്കൊണ്ട് മാലിന്യം പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം കാണുന്നതില്‍ തങ്ങള്‍ക്കു പ്രതിബദ്ധത കോര്‍പറേഷനു തെളിയിക്കുകയും ചെയ്യാം.

പക്ഷേ, അവസരവാദപരമായ സമീപനങ്ങളിലൂടെയും ചൊട്ടുവിദ്യകളിലൂടെയും മാലിന്യ പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം കണ്ടെത്താനാവില്ല. കാരണം, മാലിന്യം വളരുകയാണ്, സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നു ദരിദ്ര രാഷ്ട്രങ്ങളിലേക്ക്; നഗരങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്ക്. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് മാലിന്യം വളരുകയാണ്. ഈ സാഹചര്യത്തില്‍, സൃഷ്ടിക്കപ്പെടുന്ന മാലിന്യം എങ്ങനെ നീക്കം ചെയ്യാമെന്നതിനൊപ്പം മാലിന്യം എങ്ങനെ സൃഷ്ടിക്കാതിരിക്കാം എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. കുമിഞ്ഞു കൂടുന്ന മാലിന്യം നഗരസഭയുടെ മാത്രം തലവേദനയാകുന്നതെങ്ങനെയാണ്? അത് സൃഷ്ടിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമൊന്നുമില്ലേ? മാലിന്യപ്രശ്‌നം സങ്കീര്‍ണമാക്കുന്നതില്‍ തന്റെ പങ്ക് ഓരോ വ്യക്തിയും സ്ഥാപനവും തിരിച്ചറിയേണ്ടതുണ്ട്. സുസ്ഥിരമായ നഗരവികസനത്തിനു വേണ്ടത് ക്രിയാത്മകമായ നയങ്ങളും ദീര്‍ഘവീക്ഷണത്തോടെയുളള ആസൂത്രണവും ആവിഷ്കരിക്കപ്പെടുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുളള രാഷ്ട്രീയേച്ഛയും യഥാര്‍ത്ഥ പൗരബോധവുമാണ്. അല്ലാതെ എ.ഡി.ബി വായ്പയല്ല.

Post your comments.

Name:

Email:
(optional):

Please enter
your comments:

പ്ലാസ്റ്റിക് കാരിബാഗുകളുടെ വ്യാപകമായ ഉപയോഗം മാലിന്യങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിയിരിക്കുകയാണ്. മാലിന്യത്തിന്റെ കാര്യത്തില്‍ നമ്മുടെ നഗരങ്ങള്‍ എത്തിനില്‍ക്കുന്ന സ്‌ഫോടനാത്മകമായ പരിഹാരം വേണമെങ്കില്‍ കേന്ദ്രീകൃതമായ മാലിന്യ സംഭരണ, സംസ്കരണ രീതികളില്‍ നിന്ന് വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണത്തിലേക്കു തിരിയുക മാത്രമേ മാര്‍ഗമുളളുവെന്ന് വിദഗ്ധര്‍ പറയുന്നു. സ്ഥല ദൗര്‍ലഭ്യവും, മാലിന്യങ്ങളുടെ സങ്കീര്‍ണ സ്വഭാവവും, ഉയര്‍ന്ന ഭൂഗര്‍ഭ ജലവിതാനവും നീണ്ട മഴക്കാലവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ലാന്‍ഡ് ഫില്ലിംഗ് കേരളത്തിനു പറ്റിയതല്ല.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org