logo malayalam

| ഭരണം | രാഷ്ടീയം |

കേന്ദ്രം കേരളത്തെ ഇല്ലായ്മ ചെയ്യുകയാണോ?

പി എന്‍ വേണുഗോപാല്‍
09/09/2008

Malayalam
വേമ്പനാട്ട് കായല്‍

2008 ജൂലൈ ഏഴാം തീയതി മുതല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഒരു പുതിയ നിയമത്തിന്റെ കരടു രേഖ ലഭ്യമാണ്‌. 1986 ലെ പരിസ്ഥിതി സം‌രക്ഷണ നിയമത്തിന്‍ കീഴില്‍ വെറ്റ്ലാന്‍ഡ്സ് കണ്‍സര്‍‌വേഷന്‍ റൂള്‍സ് 2008 എന്നറിയപ്പെടുന്ന നീര്‍ത്തട സം‌രക്ഷണ നിയമം. ഈ നിയമപ്രകാരം ഇന്ത്യയിലെ 28 തണ്ണീര്‍ത്തടങ്ങളുടെ ഭരണപരമായ അധികാരം കേന്ദ്രത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. ആ 28 ല്‍ ‍ വേമ്പനാട്ടുകായല്‍, അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട ശുദ്ധജലതടാകം, എന്നിവയും അനുബന്ധമായി തൃശ്ശൂരിലെ കോള്‍ നിലങ്ങള്‍, അതിര്‍ത്തികളിലുള്ള വൃഷ്ടി പ്രദേശങ്ങള്‍, നദികള്‍ ഒഴികെയുള്ള ജലാശയങ്ങള്‍, എന്നിവയും‍ പെടും. അതിര്‍ത്തി പ്രദേശത്തെ പ്രകൃത്യാ ഉള്ളതോ മനുഷ്യനിര്‍മ്മിതമായതോ ആയ തണ്ണീര്‍‌ത്തടങ്ങള്‍ക്കും ഈ നിയമം ബാധകമാകയാല്‍ പാലക്കാട്ടെ കൃഷിയിടങ്ങളും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളും ഈ വിഭാഗത്തില്‍ പെടും. ഇവയുടെയൊക്കെ ഭരണ/വികസന/വിനിയോഗ അധികാരം ഈ നിയമം വഴി പിടിച്ചടക്കുകയാണ്‌, കേന്ദ്ര സര്‍ക്കാര്‍. ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ ഒരു അസാധാരണ ഗസറ്റ് പുറപ്പെടുവിക്കേണ്ട താമസമേയുള്ളു. പിന്നെ എന്നുവേണമെങ്കിലും 'വേമ്പനാടുകായല്‍-ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം' എന്ന ഒരു ബോര്‍ഡ് സ്ഥാപിക്കാം.

കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ക്രമാനുഗതമായി മാറ്റിമറിക്കുന്ന നയമാണ്‌ കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുമെങ്കിലും ഭൂമിശാസ്ത്രപരമായും സാമൂഹികമായും രാഷ്ട്രീയപരമായും കേരളത്തിനുള്ള പ്രത്യേകതകള്‍ മൂലം കേന്ദ്രത്തിന്റെ 'കേന്ദ്രീകരണ' പ്രവണത എറ്റവും ആഘാതമുണ്ടാക്കുന്നത് കേരളത്തിന്മേലാണ്‌.

ഏതാണ്ട് എക്കാലവും കേരളം കേന്ദ്രത്തിന്റെ തട്ടിക്കളിക്കു വിധേയമായിരുന്നു.സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനയുടെ 356 വകുപ്പുപയോഗിച്ച് നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ പിരി‍ച്ചുവിട്ട ആദ്യത്തെ അനുഭവം കേരളത്തിന്റേതാണ്‌. 1959 ല്‍ ഈ എം എസ് മന്ത്രിസഭ. അക്കാലത്തും അതിനുശേഷം വളരെക്കാലവും 'പോലീസ് വേരിഫിക്കേഷനി'ലൂടെ കമ്യൂണിസ്റ്റ് അനുഭാവം ആരോപിച്ച് കേന്ദ്രസര്‍ക്കാരില്‍ ജോലി നിഷേധിക്കപ്പെട്ടവര്‍ നിരവധിയാണ്‌.

ക്ഷേമരാഷ്ട്ര സങ്കല്പത്തില്‍ അധിഷ്ടിതമായ പല കേന്ദ്രനയങ്ങളും ദീര്‍ഘകാലത്തില്‍ കേരളത്തിന് വിനയായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യ ഒരൊറ്റ ജനത, നാനാത്വത്തില്‍ ഏകത്വം...ഈ പ്രദേശം കൃഷിക്കനുയോജ്യം, ഇവിടം വ്യവസായത്തിനു പറ്റിയത്. പഞ്ചാബില്‍ ഗോതമ്പു വിളയട്ടെ, ആന്ധ്രയില്‍ നെല്ലും. കേരളമോ നാണ്യത്തിന്റെ വിളഭൂമിയാവട്ടെ. കൃഷിയില്‍ ഊന്നല്‍ നല്‍കിയ ഒന്നാം പഞ്ചവത്സര പദ്ധതിമുതല്‍ തന്നെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പാരമ്പര്യ കൃഷിയായ നെല്ലില്‍നിന്ന് നാണ്യവിളകളിലേയ്ക്കു മാറാന്‍ പ്രോത്സാഹനവും സമ്മര്‍ദ്ദവും തുടങ്ങിയിരുന്നു. രാഷ്ട്രത്തിന്റെ വ്യവസായവല്‍ക്കരണത്തിന്‌ റബ്ബര്‍ അത്യന്താപേക്ഷിതമാണ്‌, വിദേശനാണ്യമോ ഒഴിച്ചുകൂടാനാവാത്തതും. നിങ്ങള്‍ക്കു വേണ്ട അരി പകരം തരാം, അതും കുറഞ്ഞനിരക്കില്‍ റേഷന്‍ കടകള്‍ വഴി. ഇങ്ങനെ പോയി, പ്രലോഭനങ്ങള്‍. സംഭവിച്ചതോ, ഒരു കാലത്ത് 8.75 ലക്ഷം ഹെക്ടറില്‍ ചെയ്തിരുന്ന നെല്‍‌കൃഷി കേവലം 2.5 ലക്ഷം ഹെക്ടറിലേയ്ക്ക് ചുരുങ്ങി.(ഒട്ടേറെ മറ്റുകാരണങ്ങളും ഇതിനു പിന്നിലുണ്ടെങ്കിലും ചുവടുമാറിച്ചവിട്ടാനുള്ള ആദ്യ പ്രചോദനം നാണ്യവിളകള്‍ക്കു ലഭിച്ച ഇളവുകളും പ്രോത്സാഹനങ്ങളുമായിരുന്നു. വനനശീകരണം വന്‍ തോതില്‍ തുടങ്ങിയതും കേന്ദ്രത്തിന്റെ 'ഗ്രോ മോര്‍ ഫുഡ്' പദ്ധതി പ്രകാരം വനഭൂമി പതിച്ചുകൊടുക്കല്‍ ആരംഭിച്ചതോടെ ആയിരുന്നു. ('ഫുഡ്' ആയിരുന്നില്ല അവിടെ ഉല്പാദിപ്പിച്ചത് എന്നത് മറ്റൊരു കാര്യം).

1964 ല്‍ കേരളത്തില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേന്ദ്രം കേരളത്തിനു നല്‍കിയിരുന്ന ഉറപ്പു പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അരിയും ഗോതമ്പും നല്‍കാമെന്നേറ്റു. 1965 മുതല്‍ കേരളത്തില്‍ സ്റ്റാച്യൂട്ട്റി റേഷനിങ് ആരംഭിച്ചു.98 ശതമാനം കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള കേരളത്തിന്റെ തനതായ ഒരു പൊതുവിതരണ സം‌വിധാനമായിരുന്നു അത്. ആവശ്യമുള്ള അരിയുടെ മൂന്നില്‍ രണ്ടുഭാഗമെങ്കിലും സാധാരണക്കാര്‍ക്ക് റേഷന്‍ കടകളില്‍നിന്നു ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ നിലവില്‍ വന്നു.എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃക എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്ന സം‌വിധാനം കേന്ദ്രത്തിന്റെ നയം മാറ്റത്തോടെ ആകെ തകിടം മറിഞ്ഞു. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ആയിരുന്നെങ്കിലും രാജ്യത്തെ പൊതുവിതരണ സം‌വിധാനത്തിന്റെ ഗുണഫലങ്ങള്‍ പാവപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ചും ഗ്രാമീണര്‍ക്ക് ലഭിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന യൂണിവേഴ്സല്‍ റേഷനിങ് സം‌വിധാനം മാറ്റി പകരം ടാര്‍‌ഗറ്റ്ഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ടി.പി.ഡി.എസ്) കൊണ്ടുവന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇത് ഒരു പരിധി വരെ ശരിയായിരുന്നെങ്കിലും കേരള‍ത്തിലെ സവിശേഷ സാഹചര്യങ്ങളില്‍ ഇത് തികച്ചും തെറ്റായ ഒരു നിഗമനമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ജനങ്ങളെ ഏ.പി.എല്‍, ബി.പി.എല്‍ എന്നു രണ്ടായി തരം തിരിക്കുകയും കേരളത്തിനു ലഭിച്ചിരുന്ന 1,13,427 ടണ്‍ അരിയില്‍ രണ്ടു ഘട്ടങ്ങളായി 86 ശതമാനം കുറവു വരുത്തുകയും ചെയ്തത്.

കേരളത്തിന്റെ പ്രത്യേകതകളെ കണക്കിലെടുക്കാതെ 'ദാരിദ്ര്യ രേഖ' വരയ്ക്കുന്നതും മറ്റൊരു വിനയാണ്. മനുഷ്യര്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ചില സൗകര്യങ്ങള്‍, ഉദാഹരണത്തിന് കക്കൂസ് , ഏതാനും ജോഡി വസ്ത്രങ്ങള്‍ തുടങ്ങിയവ ഉണ്ടായിപ്പോയി എന്നതു കൊണ്ടു മാത്രം പല കുടുംബങ്ങളും രേഖയുടെ മറു വശത്തു വീഴുന്ന അവസ്ഥ കേന്ദ്രം കേരളത്തിനുമേല്‍ അടിച്ചേല്‍‌പിച്ചിരിക്കുകയാണ്‌. അതുകൊണ്ടെന്തുണ്ടായി? സംസ്ഥാനത്തിന്റെ കണക്കില്‍ ഇവിടെ 42 ശതമാനം ദാരിദ്ര്യ രേഖയ്ക്കു കീഴിലാണെങ്കില്‍ കേന്ദ്രക്കണക്കില്‍ 21 ശതമാനം ദരിദ്രരേയുള്ളു എന്ന വിചിത്രമായ സ്ഥിതിവിശേഷം! കേരളത്തിനു ന്യായമായും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇതുമൂലം നഷ്ടമാവുന്നു എന്നതാണ്‌ പരിണിതഫലം.

കേന്ദ്രവും സംസ്ഥാനങ്ങളും

ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സം‌വിധാനത്തില്‍ പാലിക്കപ്പെടേണ്ട മര്യാദകള്‍, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും ചുമതലകള്‍, ബാധ്യതകള്‍ തുടങ്ങിയവ പാലിക്കാനും ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനും വേണ്ടിയായിരുന്നു ഇടതുപക്ഷമുള്‍പ്പടെയുള്ളവരുടെ നീണ്ടുനിന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി, 1983 ല്‍ സര്‍ക്കാരിയാ കമ്മീഷന്‍ നിയമിക്കപ്പെട്ടത്. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടു ദശകങ്ങളിലേറെയായെങ്കിലും അതിലെ ഒരു നിര്‍ദ്ദേശവും ഇതുവരെയും നടപ്പാക്കിയിട്ടില്ല. മാത്രമല്ല, കേന്ദ്രം അതിന്റെ ഉരുക്കുമുഷ്ടി മുറുക്കുകയുമാണ്‌. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 356 വകുപ്പ് ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. നിയമസമാധാനപാലനത്തിനായി, 355 വകുപ്പു പ്രകാരം കേന്ദ്രസേനയെ ആവശ്യപ്പെട്ടാല്‍ സമയത്തിന്‌ അയച്ചുകൊടുക്കാതിരിക്കുക, അല്ലെങ്കില്‍ ആവശ്യപ്പെടാതെ തന്നെ കേന്ദ്രസേനയെ അയച്ച് സംസ്ഥാന ഭരണകൂടത്തിന്‌ അവമതി ഉണ്ടാക്കുക തുടങ്ങിയ രാഷ്ട്രീയ പ്രേരിതമായ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്ന മൂന്നുപേരില്‍ ഒരാളെ ഗവര്‍‌ണറായി നിയമിക്കണമെന്ന സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശവും നടപ്പിലാക്കിയിട്ടില്ല. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ നിര്‍ബന്ധിത പെന്‍ഷന്‍ അനുവദിച്ച മഹാരഥന്‍മാരെത്തന്നെ ഗവര്‍‌ണര്‍മാര്‍ ആക്കുന്ന പതിവു തുടരുന്നു.

സംസ്ഥാന നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ ഗവര്‍‌ണരുടെ/രാഷ്ട്രപതിയുടെ ഒപ്പ് ഇത്ര ദിവസത്തിനകം ലഭ്യമാക്കണമെന്നതിന്‌ ഭരണഘടനാ ഭേദഗതി വരുത്തണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കിയിട്ടില്ല. കൊളോണിയല്‍ ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം പല സംസ്ഥാനനിയമങ്ങളും കേന്ദ്രത്തിന്റെ അനുമതികാത്ത് പഴഞ്ചനാവുന്നു. എ ഡി ബി, ഐ എം എഫ്, ലോകവ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുമായി സുതാര്യമല്ലാത്ത ധാരണകളിലെത്തിയതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആ നിബന്ധനകള്‍ അനുസരിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കുന്ന പ്രവണത അടുത്തകാലത്ത് പ്രബലമായിട്ടുണ്ട്. ഡിസംബറില്‍ നിലവില്‍‌വരുന്ന ആസിയന്‍ (ASEAN) കരാര്‍ കേരളത്തിലെ കാര്‍ഷികമേഖലയെ വളരെ മോശമായി ബാധിക്കുന്നതാണെങ്കിലും കേരളവുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താതെയാണ്‌ നടപ്പില്‍ വരുത്തുന്നത്.

സാമ്പത്തിക ബന്ധങ്ങളിലാണ്‌ കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യം ഏറെ പ്രകടമാവുന്നത്. ഭരണഘടനാപ്രകാരം വികസനപ്രവര്‍ത്തനങ്ങ‌ളുടേയും ഭരണച്ചെലവുകളുടേയും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെങ്കിലും വരുമാനസ്രോതസ്സുകള്‍ ഏറിയപങ്കും കേന്ദ്രത്തിന്റെ പിടിയിലാണ്‌. കേന്ദ്രനികുതികളുടെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വീതിക്കണമെന്ന നീണ്ടകാലത്തെ മുറവിളികള്‍ക്ക് യാതൊരു ഫലവുമുണ്ടായിട്ടില്ല. ഇപ്പോള്‍ അതു കേവലം 30.5 ശതമാനമാണ്. കേരളത്തിന്റെ കാര്യമെടുത്താല്‍ 96-97 ല്‍ കേരളത്തിന്റെ സ്വന്തം വരുമാനം 4412 കോടിയും കേന്ദ്രവിഹിതമായി ലഭിച്ചത് 1732 കോടിയും ആയിരുന്നെങ്കില്‍ 2006-07 ല്‍ സ്വന്തം വരുമാനം 14923 കോടിയായി വര്‍ദ്ധിച്ചപ്പോള്‍ കേന്ദ്രവിഹിതം കേവലം 5307 കോടി മാത്രമായിരുന്നു. ഇതില്‍ത്തന്നെ 426 കോടി വാറ്റ് നടപ്പാക്കിയതുകൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ ലഭിച്ചതാണ്‌. ഒരു താരതമ്യ പഠനവും ലഭ്യമാണ്‌. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‍കേന്ദ്രനികുതി വിഹിതവും പദ്ധതി വിഹിതവും ഏറ്റവും കുറവു ലഭിക്കുന്നത് കേരളത്തിനാണ്‌. 2006-07 ല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 100 രൂപ വീതിച്ചുകൊടുത്തെങ്കില്‍ കേരളത്തിന്‌ വെറും 3.04 രൂപ മാത്രം ലഭിച്ചപ്പോള്‍ ആന്ധ്രാ പ്രദേശിന്‌ 7.36 രൂപയും കര്‍ണാടകത്തിന്‌ 4.41 രൂപയും ലഭിച്ചു.

മൂല്യ വര്‍ദ്ധിത നികുതിയും (VAT) അതു നടപ്പാക്കിയ രീതിയും ഫെഡറല്‍ ധാരണകള്‍ക്കു യോജിച്ചതായിരുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് സ്വയം തീരുമാനിക്കവുന്ന ചുരുക്കം ചില നികുതികളില്‍ ഒന്നായിരുന്നു സെയില്‍സ് ടാക്സ്. (റോഡ് ടാക്സ്, വിനോദ നികുതി, മദ്യത്തിന്‍‌മേല്‍ തീരുവ, എന്നിവ മാത്രമാണ്‌ സംസ്ഥാനത്തിന്‌ സ്വയം തീരുമാനിക്കാവുന്ന മറ്റു നികുതികള്‍). അതില്‍ സംസ്ഥാനങ്ങള്‍ക്കാണ് പരമാധികാരമെന്ന് ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. എന്നാല്‍ വാറ്റ് അങ്ങനെയല്ല. ഐ എം എഫ് ന്റെയും ലോകബാങ്കിന്റെയും സന്താനമാണത്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'സാമ്പത്തിക പരിഷ്കാരങ്ങളുടെ' ഭാഗവും ഇന്ത്യയിലെ വ്യാവസായിക വ്യാപര കുത്തകകളുടെ ആഗ്രഹവുമാണ്‌ വാറ്റ്. ഉല്പാദന ഘട്ടത്തില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എക്സൈസ് ഡ്യൂട്ടി മാത്രം ബാധകമാണെന്നതുപോലെ വിതരണ ഘട്ടത്തിലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ഒരീ നിരക്കിലുള്ള വില്പനനികുതി. ഇത് പ്രാദേശിക സാഹചര്യങ്ങളേയും അസന്തുലിതാവസ്തയേയും അവഗണിക്കുന്നുവെന്നു മാത്രമല്ല, സംസ്ഥാനങ്ങള്‍‌ക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ശാസ്ത്രീയവുമല്ല. വിപണിയില്‍നിന്ന് വായ്പയെടുക്കാനുള്ള അധികാരം കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തമാണ്‌. അതിന്‌ പലിശ നല്‍കുകയും വേണം. ഇങ്ങനെയെടുക്കുന്ന വായ്പകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍‌ക്കാണ്‌ ഏറിയകൂറും സംസ്ഥാനങ്ങള്‍ ഉപയോഗിക്കുക എന്നും അതില്‍ നിന്ന് സംസ്ഥാനങ്ങള്‍ ലാഭമുണ്ടാക്കുന്നില്ലാ എന്നും കേന്ദ്ര സര്‍ക്കാരിന്‌ അറിയാമെങ്കിലും പലിശ വേണ്ടെന്നുവയ്കുന്നില്ല. ഇങ്ങനെയൊക്കെ ആയിട്ടും വിപണി-വായ്പയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വിഹിതം വെട്ടിക്കുറക്കുകയാണ്‌. 80 കളില്‍ 50 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍ ഇന്നത് കേവലം 15 ശതമാനമായി കുറഞ്ഞിരിക്കുന്നു.

ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ കേന്ദ്രം നടപ്പാക്കുന്ന പല 'സ്പെഷ്യല്‍' സ്കീമുകളും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കൈകടത്തലാണ്‌.കേന്ദ്ര സംസ്ഥാന ബന്ധങ്ങളേപ്പറ്റി പഠിക്കാന്‍ സര്‍കാരിയ കമ്മീഷന്റെ മാതൃകയില്‍ മറ്റൊരു കമ്മീഷനെ കേന്ദ്രം നിയമിച്ചിട്ടുണ്ട്. പുഞ്ചി കമ്മീഷന്‍. പുഞ്ചി കമ്മീഷനോട് പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള പലതില്‍ ഒന്ന് കേന്ദ്ര മേല്‍നോട്ടത്തില്‍ , ജില്ലാ തലത്തില്‍ 'സ്വതന്ത്രമായ' ആസൂത്രണത്തിന്റെയും ബഡ്ജെറ്റിങ്ങിന്റെയും സാധ്യതകളാണ്‌. ഇതെങ്ങാന്‍ നടപ്പില്‍ വന്നാല്‍ സംസ്ഥാന ധനകാര്യവകുപ്പ് അടച്ചുപൂട്ടാം.അധികാരവികേന്ദ്രീകരണത്തിന്റെ പേരു പറഞ്ഞ് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്ന തികച്ചും വിരോധാഭാസകരമായ പ്രക്രിയയാണ്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

തീരക്കടലും കേന്ദ്രത്തിന്റെ സ്വന്തം?

സാമ്പത്തികതലത്തിലും, ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും മാത്രമല്ല, കേന്ദ്രത്തിന്റെ അവഗണനയും കടന്നുകയറ്റവും. നമ്മുടെ പ്രകൃതിയും ജൈവവൈവിധ്യവും ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കയാണ്‌. പുതുക്കിയ തീരദേശമേഖലാ പരിപാലന നിയമം വരുന്നു. നിലവിലുണ്ടായിരുന്ന നിയമത്തിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് ഒരു സമഗ്രമായ നിയമം എന്ന പേരിലാണ്‌ കരടു ബില്ലിന്റെ രണ്ടാം വരവ്. തീരദേശവാസികളുടേയും മത്സ്യബന്ധനത്തില്‍ ര്‍പ്പെട്ടിരിക്കുന്നവരുടേയും ഏറെ പ്രതിഷേധങ്ങള്‍ ഇതിനകം തന്നെ വിളിച്ചുവരുത്തിയ ഈ ബില്ലില്‍ കേരളത്തിന്റെ തനിമയെത്തന്നെ അപകടത്തിലാക്കുന്ന ഒരു വകുപ്പുണ്ട്. തീരത്തോടു ചേര്‍ന്ന 12 നോട്ടിക്കല്‍ മൈല്‍ (22 കി. മീ) ദൂരം വരെയുള്ള കടല്‍ അതാതു സംസ്ഥാനത്തിന്റെ അധികാരപരിധിയിലായിരുന്നു ഇതുവരെയും. ദിനം പ്രതി കുറഞ്ഞുവരികയാണെങ്കിലും ഇന്നും ഇന്ത്യയുടെ തീരങ്ങളില്‍ മത്സ്യസമ്പത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു, 31,144 ച.കി.മീ വിസ്തൃതിയുള്ള കേരളത്തിന്റെ തീരക്കടല്‍. 126 മത്സ്യ ഇനങ്ങളുടേയും വൈവിധ്യമാര്‍ന്ന ജലസസ്യങ്ങളുടേയും ആവാസകേന്ദ്രം.കരിമണലുള്‍പ്പടെയുള്ള ധാതുക്കള്‍ കൊണ്ടും സമ്പന്നം. പുതിയ ബില്ലനുസരിച്ച് ഈ ജലവ്യാപ്തിയുടെ യഥാര്‍ഥ നിയന്ത്രണം (മാനേജ്‌മെന്റ് എന്നാണ്‌ ബില്ലിലെ പ്രയോഗം) കേന്ദ്രത്തിലേയ്ക്കു മാറും. ധാതുഖനനവും വന്‍ ടൂറിസംപദ്ധതികളും അനുവദിക്കാന്‍ സംസ്ഥാനത്തിന്റെ അഭിപ്രായം ആരായേണ്ട ആവശ്യം തന്നെ വരില്ല.

വന്‍ ഘോഷത്തോടെ അരങ്ങേറിയ ഹരിത വിപ്ലവവും കേരളത്തിനു ബാക്കിവച്ചത് രാസമാലിന്യങ്ങല്‍ നിറഞ്ഞ പാടശേഖരങ്ങളും നീര്‍ത്തടങളും നദികളും മാത്രമായിരുന്നു. പക്ഷേ ഹരിതവിപ്ലവം കേന്ദ്രം കേരളത്തിനുമേല്‍ അടിച്ചേല്പിച്ചു എന്നു പറയാനാവില്ല. വേണമെന്നുണ്ടെങ്കില്‍ വിട്ടുനില്‍ക്കാ‍മായിരുന്നു, കാരണം കൃഷി പൂര്‍ണമായും ഒരു സംസ്ഥാന വിഷയമാണ്‌. എന്നാല്‍ ഇനി അങ്ങനെയൊരു ഒഴിഞ്ഞു നില്‍ക്കല്‍ സാധ്യമായെന്നു വരില്ല. ദേശീയ ജനിതക സാങ്കേതിക നിയന്ത്രണ ബില്‍ 2008 അത്തരത്തിലൊരു ഭീകരനാണ്‌. ജനിതക മാറ്റം വരുത്തിയ വിളകളുടെ പ്രവേശനം തടയാനുള്ള സംസ്ഥാനങ്ങളുടെ അവകാശം എടുത്തുകളയുകയാണ്‌ ആ നിയമം പ്രധാനമായും ചെയ്യുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ പരീക്ഷണാടിസ്ഥാനത്തില്‍‌പ്പോലും വേണ്ട എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച കേരളത്തിന്‌ പഞ്ചപുച്ഛമടക്കി കേന്ദ്രകല്പനപ്രകാരം ആഗോള ജി. എം ഭീമന്‍‌മാര്‍ക്ക് വാതില്‍ തുറന്നുകൊടുക്കേണ്ടി വരുക ദയനീയമായിരിക്കും.

അന്തമില്ലാത്ത ദൈന്യത

അന്തസ്സില്ലാത്ത ഈ ദൈന്യതയായിരിക്കുകയാണ്‌ ഇന്നു കേരളത്തിന്റെ മുഖമുദ്ര.നമ്മുടെ നാവിന്റെ സ്വാദുതന്നെ മാറ്റി കേന്ദ്രം പമോയിലിന്റെ ഇറക്കുമതിച്ചുങ്കം പടിപടിയായി കുറയ്ക്കുമ്പോള്‍ നാം വിലപിക്കുന്നു, റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുമ്പോള്‍ നാം വിലപിക്കുന്നു, വെള്ളപ്പൊക്ക ദുരിതാശ്വാസം നിഷേധിക്കപ്പെടുമ്പോഴും റയില്‍‌വേ ബജറ്റ് അവതരിപ്പിക്കുമ്പോഴും വൈദ്യുതി വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴും, ഗള്‍ഫിലേയ്ക്കുള്ള വിമാനക്കൂലി നെറിയില്ലാതെ വര്‍ദ്ധിപ്പിക്കുമ്പോഴും നാം വിലപിക്കുന്നു. അനേകലക്ഷം രൂപയ്ക്കു തുല്യമായ വിദേശനാണ്യം വര്‍ഷം പ്രതി കേന്ദ്രത്തിനു സമര്‍പ്പിക്കുമ്പോഴും അതു മുന്‍‌നിര്‍ത്തി ഒന്നു വിലപേശാന്‍ പോലും കഴിയുന്നില്ല. (നാണ്യവിളകളുടെയും സമുദ്രോല്പന്നങ്ങളുടെയും കയറ്റുമതിയിലൂടെ ലഭിക്കുന്നതു മാറ്റി നിര്‍ത്തിയാലും പ്രവാസി മലയാളികള്‍ 2007 ല്‍ മാത്രം 24,525 കോടി രൂപയ്ക്കു തുല്യമായ വിദേശ നാണയം അയച്ചിരുന്നു. ഇതില്‍ ഒരു ഡോളറില്‍‌പോലും കേരള സര്‍ക്കാരിനു തൊടാന്‍ കഴിയില്ല. എന്നാല്‍, ഏറെ കോളിളക്കം സൃഷ്ടിച്ച ഏ ഡി ബി വായ്പ 1500 കോടി രൂപയ്കടുത്തു മാത്രമായിരുന്നു എന്നോര്‍ക്കുക. ആ വായ്പയോ അതുപോലുള്ള മറ്റു വായ്പകളോ തിരിച്ചടക്കാനുതകുന്ന ഒരു ഫണ്ട് സംസ്ഥാനം ശേഖരിക്കുന്ന വിദേശനാണ്യത്തില്‍നിന്ന് ഉണ്ടാക്കാനുള്ള അവകാശമെങ്കിലും കേരളത്തിനില്ലേ?) പല കേന്ദ്ര നയ സമീപനങ്ങളുടേയും പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ അതാതുകാലത്തെ സര്‍ക്കാരുകള്‍ കാണുന്നില്ല. ജൂലൈ ഏഴാം തീയതി മുതല്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റിലുള്ള നീര്‍ത്തട സം‌രക്ഷണ നിയമത്തിന്റെ കരട് വളരെ വൈകിയാണ്‌ നമ്മുടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്നതു തന്നെ.ആ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സെപ്റ്റംബര്‍ ഒന്‍പതാം തീയതിക്കകം സമര്‍പ്പിക്കേണ്ടതായിരുന്നെകിലും ആറാ തീയതി അന്വേഷിച്ചപ്പോളും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ്‌ കിട്ടിയത്. അതിലും ആശങ്കയുണര്‍ത്തുന്നത്, "ഇതു കേവലം ഒരു റഗുലേറ്ററി നിയമമാണ്‌, സംസ്ഥാനത്തിന്റെ താല്പര്യങ്ങളെ ഹനിക്കുന്ന ഒന്നും ഇതിലില്ല" എന്ന പ്രതികരണമാണ്‌.

ഇന്ത്യയുടെ പൊതുധാരയില്‍നിന്ന് പലരീതികളിലും വ്യത്യസ്തമാണ്‌ കേരളം എന്നതുകൊണ്ടാണ്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാവുന്ന കേന്ദ്ര നിയമ നിര്‍‌മാണങ്ങള്‍ കേരളത്തെ രൂക്ഷമായി ബാധിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങള്‍ നീര്‍ത്തടങ്ങളായി മാറുന്നത് കേരളത്തില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ്‌. തീരദേശത്തെ അസാധാരണമായ ജനസാന്ദ്രതയും മറ്റെങ്ങുമില്ലാത്ത 'ചാകര' എന്ന കടലിന്റെ വരദാനവും കരിമണലുമാണ്‌ തീരദേശ പരിപാലന നിയമം ആശങ്കയുളവാക്കാന്‍ കാരണമാവുന്നത്. വളരെ അടുത്തടുത്തും വളരെ ചെറുതുമായ കൃഷിയിടങ്ങളാണ്‌ കേരളത്തില്‍ എന്നതുകൊണ്ടാണ്‌ ജനിതക മാറ്റം വരുത്തിയ വിളകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോലും കൃഷി ചെയ്യുന്നത് പ്രത്യേകിച്ചും മാരകമാവുന്നത്. ഏതോ ഒരു കാലത്തെങ്കിലും പുതിയ ആശയങ്ങള്‍ക്കു നേരെ ജാലകങ്ങള്‍ തുറന്നിട്ടതുകൊണ്ടാണ്‌ ഒരു പരിധിവരെയെങ്കിലും സാമൂഹ്യ പുരോഗതി കൈവരിച്ചത്, മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നത്. വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാതെ അവയെ ഉള്‍ക്കൊള്ളാന്‍ ഉള്ള കഴിവാണ്‌ ഫെഡറല്‍ സം‌വിധാനത്തിന്റെ അടിസ്ഥാനം. ആ ആര്‍ജവം നഷ്ടപ്പെടുമ്പോളാണ്‍്‌ കാഷ്മീരും സ്വതന്ത്ര ആസ്സമും ബോഡോ ലാന്‍ഡും ഗൂര്‍ഖാ ലാന്‍ഡും ഉടലെടുക്കുന്നത്.

സ്പെഷ്യല്‍ ഇകൊണോമിക് സോണുകള്‍ക്കെതിരെ ആഞ്ഞടിച്ച് അവ തങ്ങള്‍ക്കു വേണ്ട എന്ന് ഗോവയിലെ പൊതുസമൂഹം ഒറ്റക്കെട്ടായി ഗര്‍ജ്ജിച്ചപ്പോള്‍ അതിനുമുമ്പില്‍ കീഴടങ്ങേണ്ടി വന്ന കേന്ദ്രസര്‍ക്കാരിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ചെവിയില്‍ മൊബൈല്‍ ഫോണ്‍ ചേര്‍ത്തുപിടിച്ച് , കൊച്ചുവര്‍ത്തമാനത്തിലെ ഏകാഗ്രതമൂലം ഒന്നും കാണാതെ 'മുന്നോട്ടു' കുതിക്കുന്ന കേരളസമൂഹത്തിന്‌ ഇതിലൊക്കെ എന്തു കാര്യം?

Post your comments.

Name:

Email:
(optional):

Please enter
your comments:

ഏതാണ്ട് എക്കാലവും കേരളം കേന്ദ്രത്തിന്റെ തട്ടിക്കളിക്കു വിധേയമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനയുടെ 356 വകുപ്പുപയോഗിച്ച് നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭയെ പിരി‍ച്ചുവിട്ട ആദ്യത്തെ അനുഭവം കേരളത്തിന്റേതാണ്‌. 1959 ല്‍ ഈ എം എസ് മന്ത്രിസഭ. അക്കാലത്തും അതിനുശേഷം വളരെക്കാലവും 'പോലീസ് വേരിഫിക്കേഷനി'ലൂടെ കമ്യൂണിസ്റ്റ് അനുഭാവം ആരോപിച്ച് കേന്ദ്രസര്‍ക്കാരില്‍ ജോലി നിഷേധിക്കപ്പെട്ടവര്‍ നിരവധിയാണ്‌.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org