logo malayalam

|പരിസ്ഥിതി|

ഒരു കായല്‍ കദന കതൈ

പി എന്‍ വേണുഗോപാല്‍

12 August 2013

ഫോട്ടോ : ജേക്കബ് ലാസര്‍
"ആഗോളതാപനം ഭീഷണമായ മാനങ്ങളിലേയ്ക്ക് കുതിക്കുകയാണ്. പരിസ്ഥിതി സരംക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍ക്കാലികമായ പരിഹാരങ്ങള്‍ ചിലരേയും, ചിലപ്പോള്‍ വളരെയേറെപ്പേരേയും, അല്പകാലത്തേയ്ക്ക് തൃപ്തിപ്പെടുത്തിയേക്കാം. എന്നാല്‍ പരിസ്ഥിതി സം‌രക്ഷണ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ ഒരു കോടതി, ഇന്നു ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല, വരും തലമുറകളുടേയും താല്പര്യങ്ങള്‍ സം‌രക്ഷിക്കാനുള്ള ബാധ്യത പേറുന്നു.....ഈ നിയമങ്ങള്‍ കാലവിളംബമില്ലാതെയും കാര്യക്ഷമതയോടും നടപ്പാക്കുന്നത്, കാലാന്തരത്തില്‍ ഇവയിലെ മൂല്യങ്ങള്‍ ഒരു സ്വഭാവമായി ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ സമൂഹത്തിനും ഭാവി തലമുറകള്‍ക്കും പ്രേരണയാവും." നമുക്കു ലഭിക്കാറുള്ള കോടതിവിധികളില്‍ മാനവികതയോടും മാനുഷിക മൂല്യങ്ങളോടും പ്രകൃതിയോടും പ്രതിബദ്ധത ഉദ്ഘോഷിക്കുന്ന അനേകം പരിച്ഛേദങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ അവയില്‍ പലതും, നീതി നടപ്പാക്കുന്ന ഭാഗം വരുമ്പോള്‍ കേവലം വാചകക്കസര്‍ത്തുകളായി അവശേഷിക്കാറുണ്ട്. എന്നാല്‍ കേരള ഹൈക്കോടതിയിലെ ന്യായാധിപന്മാരായ കെ. എം. ജോസഫ്, ഇ. ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് വേമ്പനാട്ടു കായലിലെ ഒരു ചെറു തുരുത്തായ നെടിയതുരുത്തില്‍ ഉദ്ദേശം 250 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച സപ്ത നക്ഷത്ര റിസോര്‍ട്ട് പൊളിച്ചു മാറ്റണമെന്ന്, നീതി നിര്‍‌വഹണത്തിനായി, വിധി പ്രസ്താവിക്കാന്‍ ഒരു മടിയുമുണ്ടായില്ല. പണി ഏതാണ്ട് പൂര്‍ത്തിയായി ഉല്‍ഘാടനത്തിന് ഒരുങ്ങുമ്പോഴാണ് എല്ലാം പൊളിക്കാന്‍ കോടതി വിധി പ്രസ്താവിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ പാണാവള്ളി പഞ്ചായത്തില്‍ 'വൈക്കം കായല്‍' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കായല്‍ പരപ്പിലാണ് കേവലം ഒമ്പതര ഏക്കര്‍ വിസ്തീര്‍ണമുള്ള നെടിയതുരുത്ത്. വേമ്പനാട്ടു കായലിലുള്ള എഴുനൂറില്‍ പരം തുരുത്തുകളില്‍ ഒന്ന്. ഒരു കാലത്ത് നെല്‍ വയലുകളും ചെമ്മീന്‍ കെട്ടും ഏതാനും കുടുംബങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ തുരുത്തില്‍ 59 വില്ലകളും റെസ്റ്റോറന്റും കണ്‍‌വെന്‍‌ഷന്‍ സെന്ററും 'ഇടതൂര്‍ന്ന്' നില്‍ക്കുന്നു. ഒരു ദിവ്യ, ജൈവ വികസന പ്രതിഭാസമായി, തുരുത്തിന്റെ വിസ്തീര്‍ണം ഇരുപതേക്കറായി വര്‍ദ്ധിച്ചിരിക്കുന്നു! ഇതാണ് ഇടിച്ചു പൊളിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സപ്ത നക്ഷത്ര 'ബനിയാന്‍ ട്രീ കേരള.'

google earth
ഗൂഗിള്‍ ചിത്രങ്ങള്‍ 2006, 2008, 2012
പല ഉടമസ്ഥരുടെ പക്കല്‍ നിന്ന് സ്ഥലം വാങ്ങി ഈ തുരുത്തു സ്വന്തമാക്കിയ ഈശ്വരപിള്ളയും രത്നാ ഈശ്വരനും 2007 ല്‍ ഇത് കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കുവൈറ്റ് ആസ്ഥാനമായുള്ള ഒരു അന്തര്‍ ദേശീയ കമ്പനിയാണ് കാപ്പിക്കോ. പതിനൊന്നു രാജ്യങ്ങളിലായി 40 സബ്‌സിഡിയറികളും ജോയിന്റ് വെഞ്ചറുകളും ഉണ്ടതിന്. അതിലൊന്നായ കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ മിനി മുത്തൂറ്റ് ഗ്രൂപ്പെന്ന പണമിടപാട് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ റോയ് എം മാത്യു. ഒരു ഡയറക്റ്റര്‍ രത്നാ ഈശ്വരന്‍. മറ്റ് ആറു ഡയറക്റ്റര്‍മാരില്‍ നാലു പേര്‍ സിംഗപ്പൂര്‍ നിവാസികള്‍. റിസോര്‍ട്ട് നിര്‍മ്മിച്ച് നടത്തിപ്പിനായി സിംഗപ്പൂര്‍ ആസ്ഥാനമായ ബനിയാന്‍ ട്രീ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിനു കൈമാറുക എന്നതായിരുന്നു പ്രൊജക്റ്റ്. ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ 19 ഹോട്ടല്‍/ റിസോര്‍ട്ടുകളിലും മറ്റനേകം മേഖലകളിലും വ്യാപാര താല്പര്യങ്ങളുള്ള ബനിയാന്‍ ട്രീയുടെ ചെയര്‍മാന്‍ ഹ്വോ ക്വാന്‍ പിങ്ങും കാപ്പിക്കോ എം ഡി റോയ് എം മാത്യുവും 2007 മേ രണ്ടാം തീയതി സം‌യുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു- ഇതാ കേരളത്തിലേയ്ക്ക് ടൂറിസത്തിന്റെ ഒരു നൂതന തലം ഞങ്ങള്‍ കൊണ്ടുവരുന്നു, പരന്നു കിടക്കുന്ന 20 ഏക്കറില്‍.

ഒമ്പതര ഏക്കര്‍ ഇരുപതേക്കര്‍ ആകുന്ന ജാലവിദ്യയിലാണ് ആദ്യത്തെ കല്ലുകടിച്ചത്. ശക്തമായ നീരൊഴുക്കുള്ള കായലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങാതെ ഒരു ജട്ടി നിര്‍മ്മിച്ചു. നൂറുകണക്കിന് ലോഡ് മണലും ഗ്രാവലും ജങ്കാറില്‍ കയറ്റി കൊണ്ടുവന്ന് പാടം നികത്തി തുരുത്തിന്റെ തറ ഉയര്‍ത്തി. തുരുത്തിനു ചുറ്റും മണലിട്ട് റീട്ടെയ്‌നിങ് മതിലുകള്‍ പണിതു. ഈ പ്രക്രിയക്കിടയില്‍ കായലില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന മത്സ്യത്തൊഴിലാളികളുടെ 13 ഊന്നി വലകള്‍ പറിച്ചു മാറ്റപ്പെട്ടു. ഇങ്ങനെ മൂന്ന് ഊന്നിക്കുറ്റികള്‍ നഷ്ടപ്പെട്ട രതീശന്‍ മുതല്‍ ശൈലന്‍ വരെ പത്തു തൊഴിലാളികള്‍ നല്‍കിയ കേസാണ് കഴിഞ്ഞ ജൂലായ് 25 ന് ഉണ്ടായ വിധിക്ക് വഴിവച്ചത്.

"ഞങ്ങളുടെ അപ്പുപ്പന്റെ കാലം മുതല്‍ പട്ടയം കിട്ടി ഞങ്ങള്‍ തലമുറകളായി കൈകാര്യം ചെയ്തിരുന്ന ഊന്നികളാണ് ഇല്ലാണ്ടായത്," ശൈലന്‍ പറയുന്നു. "ഞങ്ങള്‍ ജീവിച്ചു പോന്നത് അതുകൊണ്ടായിരുന്നു." കേരള സര്‍ക്കാര്‍, പാണാവള്ളി പഞ്ചായത്ത്, സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി,കാപ്പിക്കോ, റോയ് എം മാത്യു തുടങ്ങിയവരായിരുന്നു പ്രതികള്‍. ഈ കേസ് കീഴ് കോടതികളില്‍ നിന്ന് ഹൈക്കോടതി വരെയെത്താന്‍ വര്‍ഷങ്ങളെടുത്തു. 2011 ല്‍ W.P. (C) No. 19564 of 2011 എന്ന കേസ് ഫയല്‍ ചെയ്യുമ്പോഴേയ്ക്കും നെടിയതുരുത്തില്‍ വില്ലകള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. കായല്‍ കയ്യേറ്റത്താല്‍ തങ്ങള്‍ക്കു നഷ്ടമായ ഊന്നിക്കുറ്റികള്‍ പുനസ്ഥാപിച്ചു കിട്ടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും തീരപരിപാലന നിയമങ്ങളെ കാറ്റില്‍ പറത്തി നിര്‍മ്മിച്ച രമ്യ ഹര്‍മ്യങ്ങള്‍ തച്ചുടച്ചു കളയണമെന്നും കായല്‍ കയ്യേറിയത് സര്‍‌വേ നടത്തി തിരിച്ചു പിടിക്കണമെന്നും ആയിരുന്നു ശൈലന്റെയും കൂട്ടരുടേയും ഹര്‍ജി.

അധികം വൈകാതെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ്, മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI) യുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട വേമ്പനാട് കായല്‍ സരക്ഷണ സമിതി എന്നിവയും കേസില്‍ കക്ഷി ചേര്‍ന്നു. മത്സ്യത്തൊഴിലാളി ഐക്യവേദി (TUCI) പ്രക്ഷോഭവും ആരംഭിച്ചു.

ഫോട്ടോ : ജേക്കബ് ലാസര്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതി പാണാവള്ളി പഞ്ചായത്തില്‍ നിന്ന് ഇതിനിടയില്‍ കാപ്പിക്കോ സമ്പാദിച്ചിരുന്നു. 10-10-2007 ല്‍ സമര്‍പ്പിച്ച അപേക്ഷ സൈറ്റ് ഇന്‍സ്പക്ഷന്‍ പോലും നടത്താതെ അന്നു തന്നെ സാങ്ക്ഷന്‍ ചെയ്യുകയായിരുന്നു എന്ന് കോടതി നിരീക്ഷിക്കുന്നു. വേമ്പനാട്ടു കായലും തീര പ്രദേശങ്ങളും തീര ദേശ പരിപാലന (CRZ) പരിധിയില്‍ വരുമെന്നതിനാല്‍ എങ്ങനെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിട സമുച്ചയങ്ങള്‍ക്കും അനുമതി നല്‍കിയെന്നും കോടതി ചോദിക്കുന്നു. തീര ദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി കോടതിയില്‍ സമ്മതിച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ അതു നിര്‍ത്തി വയ്പിക്കാനോ ഒരു ഘട്ടത്തിലും അവര്‍ തുനിഞ്ഞില്ല. തീരത്തു നിന്ന് 50 മീറ്റര്‍ ദൂരത്ത്, ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് 20 മീറ്റര്‍ അകലം, പരമാവധി ഉയരം 9 മീറ്റര്‍ മുതലായ നിബന്ധനകളും ലംഘിക്കപ്പെട്ടിരിക്കുന്നു. അഞ്ചു കോടിയില്‍ കൂടുതല്‍ മുതല്‍ മുടക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി വന മന്ത്രാലയത്തിന്റെ മുന്‍‌കൂര്‍ അനുമതി വാങ്ങേണ്ടതാണെന്ന ചട്ടവും ലംഘിച്ചിരിക്കുന്നു. കൂടാതെ 'കേരളം നെല്‍‌വയല്‍ നീര്‍ത്തട സം‌രക്ഷണ നിയമം 2008', നീര്‍ത്തട സം‌രക്ഷണ നിയമം 2010,' 'പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് 2006,' മുതലായവയും ലംഘിച്ചിരിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് മൂന്നു മാസത്തിനകം നെടിയതുരുത്തിലെ എല്ലാ നിര്‍മ്മിതികളും പൊളിക്കണമെന്ന വിധിയുണ്ടായത്.

മറ്റൊരു വൈചിത്ര്യവും കോടതി ചൂണ്ടിക്കാട്ടുന്നു. 2-8 1996 ല്‍ രത്നാ ഈശ്വരന്റെ പേരില്‍ പഞ്ചായത്ത് ഒരു എന്‍ ഒ സി ഇഷ്യൂ ചെയ്തതായി കാണുന്നു. നെടിയതുരുത്തില്‍ ഉണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിന്റെ പുനര്‍ നിര്‍മാണത്തിനു വേണ്ടിയായിരുന്നു അത്. ആ എന്‍ ഒ സി പുതിയ ഉടമയായ കാപ്പിക്കോയുടെ പേരിലേയ്ക്ക് മാറ്റിയാണ് 10 10 2007 ല്‍ പെര്‍മിറ്റ് നല്‍കുന്നത്. കേരളത്തില്‍ മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ് ബാധകമാവുന്നത് 6 6 2007 മാത്രമാണെന്നിരിക്കെ ആ റൂള്‍സ് പ്രകാരം 2-8 1996 ല്‍ എന്‍ ഒ സി എങ്ങനെ ഇഷ്യൂ ചെയ്തു എന്ന് കോടതി ചോദിക്കുന്നു. ('വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പ് വിളിക്കാം' എന്നതാവും ന്യായം.) എന്നിരുന്നാല്‍തന്നെയും 2007 ല്‍ ക്രമ വിരുദ്ധമായി ഇഷ്യൂ ചെയ്ത പെര്‍മിട്ടില്‍ പോലും 1991ലെ CRZ ചട്ടങ്ങള്‍ ബാധകമാണ് എന്ന് നിഷ്ക്കര്‍ശിച്ചിരുന്നു എന്ന് വിധിയില്‍ എടുത്തുപറയുന്നു.

"വളരെ കൃത്യമായ ഒരു വിധിയാണ്," കേരളത്തിലെ മുന്‍ ബയോ ഡൈവേസിറ്റി ചെയര്‍മാന്‍ ഡോ:വി എസ് വിജയന്‍ പറയുന്നു. "എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തിയാണ് അവിടെ റിസോര്‍ട്ട് നിര്‍മ്മിച്ചത്. ബുള്‍ഡോസ് ചെയ്തു കളയുകതന്നെ വേണം." കോടിക്കണക്കിനു രൂപയുടെ വിഭവങ്ങള്‍ നശിപ്പിക്കുന്നതില്‍ വിഷമമുണ്ടെങ്കിലും അല്പം പോലും ദാക്ഷിണ്യം കാട്ടിയാല്‍ 'ഏതായാലും ഇത്രയൊക്കെ ആയില്ലേ, ഇനി അതവിടെ നില്‍ക്കട്ടെ' എന്നൊരു നിലപാട് നമ്മുടെ സര്‍ക്കാരുകള്‍ തന്നെ എടുത്തെന്നിരിക്കും. ഭാവിയില്‍ അതൊരു കീഴ്‌നടപ്പായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യും.

പണത്തിനു മേല്‍ പരുന്തെന്നല്ല, ഒന്നും തന്നെ പറക്കില്ല എന്ന അടിയുറച്ച വിശ്വാസം അല്ലെങ്കില്‍ ധാര്‍ഷ്ട്യമാവാം ഇതിന്റെ പ്രായോജകരെ ഇത്തരത്തിലൊരു സംരംഭത്തിന് പ്രേരിപ്പിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് കാപ്പിക്കോ ഏതാണ്ട് ഇങ്ങനെ വാദിച്ചത്: കേരളത്തില്‍ വ്യവസായങ്ങളില്ല, തൊഴിലവസരങ്ങള്‍ നല്‍കുന്നത് ടൂറിസമാണ്. ലോകോത്തര സൗകര്യങ്ങളുള്ള ഈ പദ്ധതി അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കമ്പനി പരിസ്ഥിതി സൗഹൃദമാണ്. എന്തെങ്കിലും വിപരീതമായ കാര്യങ്ങള്‍ കോടതി നിരീക്ഷിച്ചാലും അവയ്ക്കുള്ള പരിഹാരങ്ങള്‍ കോടതി നിര്‍ദ്ദേശപ്രകാരം ചെയ്തുകൊള്ളാം...

എന്നാല്‍ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കില്ല എന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. പരിസ്ഥിതി സം‌രക്ഷണ നിയമങ്ങള്‍ പരിസ്ഥിതിയെ സം‌രക്ഷിക്കാനും സുസ്ഥിരതയുള്ള വികസനം ഉറപ്പു വരുത്താനുമുള്ളതാണ്. അവ അനുസരിക്കാനും നടപ്പില്‍ വരുത്താനുമുള്ളതാണ്. സുപ്രീം കോടതി ഉയര്‍ത്തിക്കാട്ടിയപോലെ, തീരദേശ പരിപാലന നിയമങ്ങളെ അതിലംഘിച്ചു കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ലഘുവായി കാണാന്‍ കഴിയില്ല. ആ നിയമങ്ങളെ ലംഘിക്കുന്നവര്‍ സ്വന്തം നാശം മുന്നില്‍ കണ്ടു വേണം അങ്ങനെ ചെയ്യാന്‍...

പി കെ ഇബ്രാഹിം
അഡ്വക്കേറ്റ്
ഈ കേസില്‍ ശൈലന്റെയും കൂട്ടരുടേയും വക്കീലായിരുന്ന പി.കെ ഇബ്രാഹിമിന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന കഠിനാധ്വാനമാണ് ഇത്തരം ഒരു വിധി ലഭിക്കാന്‍ പ്രധാന കാരണമായത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ ചൂണ്ടിക്കാണിക്കുന്നു

തീരദേശ പരിപാലന നിയമത്തെ ഇത്ര കൂലങ്കഷമായി വിശകലനം ചെയ്യുന്ന മറ്റൊരു വിധി ഉണ്ടാവാന്‍ ഇടയില്ല. 1991ല്‍ പ്രാബല്യത്തില്‍ വന്ന നിയമം മുതല്‍ 2011 ല്‍ പ്രാബല്യത്തില്‍ വന്നതു വരെയുള്ള ചട്ടങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ വിധി ന്യായത്തിലെ ഒരു സുപ്രധാന നിരീക്ഷണം 'ഗുരുതര വ്യതിയാന സാദ്ധ്യതയുള്ള തീരപ്രദേശങ്ങളെ' (Critically Vulnerable Coastal Area -സി.വി. സി.ഏ) പറ്റിയുള്ളതാണ്. തീരദേശ പരിപാലന നിയമമനുസരിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ഥലങ്ങളാണ് സി. വി. സി. ഏ യില്‍ പെടുത്തേണ്ടത്. സുന്ദര്‍ ബന്‍ പ്രദേശങ്ങളും വേമ്പനാടു കായലും സി.വി. സി.ഏ യില്‍ 2011 ല്‍ നോട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിലും വേമ്പനാടിനെ സി വി സി ഏ ആയി ഔപചാരികമായി പ്രഖ്യാപിക്കണമെങ്കില്‍ അവിടെ ജീവിക്കുന്ന, അവിടെ ലഭ്യമാവുന്ന വിഭവങ്ങളില്‍നിന്ന് നിത്യവൃത്തി കണ്ടെത്തുന്ന ജനതയുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ ഇത് ചെയ്തിട്ടില്ല. ഇതിനു വേണ്ട മാര്‍ഗരേഖകള്‍ പരിസ്ഥിതി വന മന്ത്രാലയം ഇനിയും പുറപ്പെടുവിച്ചിട്ടുമില്ല.

വേമ്പനാടു കായലിനെ സി വി സി ഏ ആയി പ്രഖ്യാപിച്ചിരുന്നെങ്കില്‍ നെടിയത്തുരുത്തു പോലെയുള്ള അത്യാഹിതങ്ങള്‍ക്ക് സാദ്ധ്യതയേ ഉണ്ടാവില്ലായിരുന്നെന്ന് മുന്‍ ഫിഷറീസ് ഡയറക്റ്റര്‍ ഡോ സഞ്ജീവ് ഘോഷ് പറയുന്നു. "വേമ്പനാട് കായല്‍ രാംസര്‍ സൈറ്റാണ് എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല," സഞ്ജീവ് ഘോഷ് കൂട്ടിച്ചേര്‍ക്കുന്നു. "രാംസര്‍ സൈറ്റ് ആക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ നമുക്കു വ്യഗ്രതയുള്ളു, അതോടൊപ്പമുള്ള ഉത്തരവാദിത്തം, അവയെ കയ്യേറ്റങ്ങളില്‍നിന്നും മലിനീകരണത്തില്‍നിന്നും സം‌രക്ഷിക്കുക എന്നത്, നാം മറന്നേ പോവുന്നു." 1986-87 കാലങ്ങളില്‍ വേമ്പനാടിനെ പറ്റി പഠിക്കാന്‍ ഏകാംഗ കമ്മീഷനായി നിയമിതനായിരുന്ന ഡോ:ഘോഷ് വേമ്പനാടിന്റെ മൂന്നില്‍ ഒന്ന് ഭാഗം ഇല്ലാതായി എന്ന് അന്നു കണ്ടെത്തിയിരുന്നു.

"അന്ന് മൂന്നില്‍ ഒന്ന്‌ ഇല്ലാതായെങ്കില്‍ ഇന്നിനി മൂന്നില്‍ ഒന്നേ അവശേഷിക്കുന്നുള്ളു," മത്സ്യ തൊഴിലാളി ഐക്യ വേദി (TUCI) യുടെ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറയുന്നു. "42000 ഹെക്റ്റര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ കേവലം 12000 ഹെക്റ്റര്‍ വിസ്തീര്‍ണമേയുള്ളു വേമ്പനാടിന്. സര്‍ക്കാരും കൊച്ചി തുറമുഖം പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഏറ്റവും അധികം കയ്യേറ്റങ്ങള്‍ നടത്തുന്നത്. ഇത് മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാവുന്നു. വിപുലമായ ഒരു കായല്‍ സംരക്ഷണ സന്നാഹം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു."

എന്നാല്‍ ഇത് അത്രതന്നെ എളുപ്പമുള്ള ഒന്നായി തോന്നുന്നില്ല. "കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് കേവലം ഒരു മണിക്കൂര്‍ അകലെ, മരതകപ്പച്ച വിരിച്ച കായലിന്റെ മാസ്മര സൗന്ദര്യത്തില്‍ നെടിയതുരുത്തെന്ന സ്വകാര്യ ദ്വീപില്‍ ആഡംബര സമൃദ്ധവും സുഖം വഴിഞ്ഞൊഴുകുന്നതുമായ ബനിയാന്‍ റിസോര്‍ട്ടിലേയ്ക്കു നിങ്ങള്‍ക്കു സ്വാഗതം" എന്ന് ഉദ്ഘോഷിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഇനിയും കേരളത്തില്‍ അപാര സധ്യതകളാണ്. ഏതാണ്ട് 700 ചെറു തുരുത്തുകളാണ് പ്രതിരോധമേതുമില്ലാതെ വേമ്പനാട്ടു കായലിലെ മരതകപ്പച്ചയില്‍ ഒഴുകി നില്‍ക്കുന്നത്. നെടിയതുരുത്തിന് സമീപമുള്ള മറ്റൊരു തുരുത്താണ് 'വെറ്റിലത്തുരുത്ത്'. അവിടെയും തീര പരിപാലന നിയമങ്ങളെ ലംഘിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു, അവിടെയുള്ള ഏതാനും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും ഇതേ വിധി ന്യായത്തില്‍ത്തന്നെ ഉത്തരവായിട്ടുണ്ട്. ഇനിയും എത്രയെത്ര വെറ്റിലത്തുരുത്തുകള്‍!

ഗൂഗിള്‍ ചിത്രം 2013
പൊളിച്ചു മാറ്റിയാലും നമുക്കെന്ത്, എന്ന തോന്നലും നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഒരു കാരണമാവാം. ബനിയാന്‍ റിസോര്‍ട്ടു തന്നെ ഉദാഹരണമായി എടുക്കാം. കാപ്പിക്കോ കമ്പനിക്ക് 165 കോടിയാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ ദേശീയ ബാങ്കുകള്‍ വായ്പ നല്‍കിയിരിക്കുന്നത്. അപ്പോള്‍ പൊളിച്ചു കളഞ്ഞാല്‍ ആര്‍ക്കു പോയി? ഇങ്ങനെയുള്ള വായ്പകളില്‍ അതാതു വസ്തുവിന്റെ മോര്‍ട്ട്ഗേജ് ആണ് സെക്യൂരിറ്റിയായി ബാങ്കിനു ലഭിക്കുക. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയ, കൃഷിക്കും ചെമ്മീന്‍ കെട്ടിനും മാത്രം ഉപയുക്തമായ തുരുത്തിന് ബാങ്കുകള്‍ക്ക് എന്തു വില ലഭിക്കാന്‍! ഡയറ്കറ്റര്‍മാരുടെ ബാദ്ധ്യത 'ലിമിറ്റഡ്'ആണ്, അവരുടെ ഓഹരി മൂല്യത്തിന് അനുപാതത്തില്‍ മാത്രം. വേമ്പനാട്ടു കായലിന്റെ മരതകപ്പച്ച മായുന്നതു കാണുന്നില്ലേ!

എന്നാല്‍ കഥ ഇവിടെ തീരുന്നുവെന്നു കരുതുന്നതും മൗഢ്യമാണ്. പരമോന്നത കോടതി ഇനിയും ബാക്കിയുണ്ട്. കാപ്പിക്കോ സ്റ്റേയ്ക്കു പോകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഡല്‍ഹിയില്‍ കേസ് നടത്താന്‍ പണമെവിടെനിന്ന്, എന്ന അങ്കലാപ്പിലാണ് ഇപ്പോള്‍ത്തന്നെ ചാള്‍സ് ജോര്‍ജും കൂട്ടരും.

വെറ്റിലത്തുരുത്ത്

ആലപ്പുഴ ജില്ലയില്‍ വേമ്പനാട്ടു കായലിലെ മറ്റൊരു ചെറു ദ്വീപാണ് വെറ്റിലത്തുരുത്ത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരത്തില്‍ പാണാവള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തുരുത്തിന് ഏഴ് ഏക്കര്‍ വിസ്തീര്‍ണമേ ഉള്ളു. 1998 ല്‍ ക്ലൗസ് ഷ്‌ളൂസ്‌നര്‍ എന്ന ജെര്‍മന്‍‌കാരന്‍ വാങ്ങിയ ഈ തുരുത്ത് ഇപ്പോള്‍ റഹേജാ ഗ്രൂപ്പിന്റെ പക്കലാണ്. 2007 മുതല്‍ ഒരു റിസോര്‍ട്ടായി വര്‍ത്തിക്കുന്നു. തുടര്‍ന്ന് ഈ ദ്വീപിന്റെ പേര് 'വാമികാ അയ്‌ലന്‍ഡ്' എന്നാക്കി മാറ്റി. ഇപ്പോള്‍ അതറിയപ്പെടുന്നത് 'വാമികാ അയ്‌ലന്‍ഡ് ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട്' എന്നാണ്. ഈ റിസോര്‍ട്ടിനെ പറ്റി വിധി ന്യായത്തില്‍ പറയുന്ന പ്രസക്ത ഭാഗങ്ങള്‍:

വെറ്റിലത്തുരുത്ത് ദ്വീപിനെ സംബന്ധിച്ചിടത്തോളം മൂന്നു വ്യ്ത്യസ്ത രീതിയിലാണ് പ്രശ്നത്തെ നോക്കിക്കാണേണ്ടത്. 1991 ലെ CRZ നോട്ടിഫിക്കേഷന്റെ കാലയളവില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ആ നോട്ടിഫിക്കേഷന്റെ പരിധിയില്‍ വരുന്നതുകൊണ്ട് അവ പൊളിച്ചുമാറ്റാന്‍ നടപടികളെടുക്കണം. രണ്ടാമതായി, 2011 ലെ നോട്ടിഫിക്കേഷന്റെ കാലാവധിയില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി രണ്ടു കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചു. മറ്റൊന്ന് നിര്‍മ്മാണത്തിലിരിക്കുന്നു. 2011 ലെ CRZ നോട്ടിഫിക്കേഷനു വിരുദ്ധമായാണ് ആ നിര്‍മാണങ്ങള്‍ എന്നു കാണാം. അവയുടെ നിര്‍മാണത്തിന് തീരദേശ പരിപാലന അതോറിട്ടിയുടെ അനുവാദം ആവശ്യമായിരുന്നു. എന്നാല്‍ അങ്ങനെയൊരു അനുമതിക്കു വേണ്ടി അപേക്സിക്കുക പോലും ചെയ്തിട്ടില്ല. അവയും പൊളിച്ചു മാറ്റേണ്ടി വരും.

മൂന്നാമത്, ഈ ദ്വീപ് വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് 2011 ലെ CRZ നോട്ടിഫിക്കേഷന്‍ പ്രകാരം പരമ്പരാഗതമായി അവിടെ വസിക്കുന്നവര്‍ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത ഡിസ്പെന്‍സറി, സ്കൂളുകള്‍ പാലങ്ങള്‍ റോഡുകള്‍ തുടങ്ങിയവ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു. അങ്ങനെ നോക്കുമ്പോഴും ആ ദ്വീപില്‍ നടത്തിയിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

സ്ഥലത്തിന്റെ ഉടമ, നേരത്തേ തന്നെ അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളില്‍ റിസോര്‍ട്ട് തുടങ്ങുകയായിരുന്നു എന്ന് വാദമുണ്ട്. നിലവിലുള്ള കെട്ടിടത്തില്‍ ആയാലും പരിസ്ഥിതിക്ക് ആഘാതമുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ. 1991ലെയും 2111ലെയും നോട്ടിഫിക്കേഷനുകളിലെ മാര്‍ഗരേഖകള്‍ മത്സ്യ പ്രജനനം നടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ബീച്ച് റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

സുപ്രീം കോടതി ശരിവച്ചു

ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ റിസോര്‍ട്ടുടമ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്‌ണന്‍, ഏ.കെ സിക്രി എന്നിവര്‍ ഗ്രീന്‍ ലഗൂണിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ചു. വെറ്റിലത്തുരുത്ത് CRZ-1ല്‍ പെടുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ തുരുത്ത് ചെമ്മീന്‍ കെട്ടാണെന്ന് തീരദേശ പരിപാലന അതോറിറ്റിയും സ്ഥാപിച്ചുട്ടള്ളതാണ്. മത്സ്യ പ്രജനനമേഖലയാണിത്. CRZ-1ല്‍ പെടുന്ന പ്രദേശ്ങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും CRZ-3, CRZ-4 മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടില്ലെന്നതും സുപ്രീം കോടതി അംഗീകരിച്ചു. പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ആറു നദികള്‍ : അച്ചങ്കോവില്‍, പമ്പ, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പെരിയാര്‍ ഇവയാണ് വേമ്പനാട്ടു കായലിനെ ജലസമൃദ്ധമാക്കുന്നത്. വിവിധ തരം മത്സ്യങ്ങളുടെ നഴ്സറിയാണ് വേമ്പനാട്. എന്നാല്‍ ഇന്ന് വേമ്പനാട് ടൂറിസത്തിന്റെയും കയ്യേറ്റത്തിന്റെയും മലിനീകരണത്തിന്റെയും ഭീഷണി നേരിടുന്നു. മനുഷ്യന്റെ എല്ലാവിധത്തിലുമുള്ള ഇടപെടലുകളും മൂലം പാരിസ്ഥിതികമായ അധ:പതനം അഭിമുഖീകരിക്കുന്ന വേമ്പനാടിന് ശക്തമായ നിയമസം‌രക്ഷണം ആവശ്യമാണ്, സുപ്രീം കോടതി വിധി വ്യക്തമാക്കുന്നു.

ശൈലനും കൂട്ടര്‍ക്കും വീണ്ടും കോടതി കയറണം

തങ്ങളുടെ ഊന്നിക്കുറ്റികള്‍ നശിപ്പിച്ചെന്നും അതോടെ ജീവിതമാര്‍ഗം അടഞ്ഞെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പത്ത് മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിമേലാണല്ലോ ഈ കേസ് ആരംഭിച്ചത്. കായല്‍ കയ്യേറ്റം മൂലം ഊന്നിക്കുറ്റികള്‍ നശിപ്പിക്കപ്പെട്ടെന്ന് ഭംഗ്യന്തരേണ സമ്മതിക്കുന്നെങ്കിലെങ്കിലും അതിനു നഷ്ടപരിഹാരം നല്‍കല്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ ഇതിനകം തന്നെ വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ നിയമ യുദ്ധം സിവില്‍ കോടതിയില്‍ അവര്‍ക്കു വീണ്ടും തുടരേണ്ടി വരും. വിധിയുടെ ചില പ്രസക്ത ഭാഗങ്ങള്‍

പരിസ്ഥിതിയെ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട സംഗതിയാണിത്. പരിസ്ഥിതി നിയമങ്ങളുടെ അതിലംഘനം ലഘുവായിക്കാണാന്‍ കാഴിയില്ല. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി സരക്ഷണ നിയമത്തിലോ നോട്ടിഫിക്കേഷനിലൊ നിയമാനുസൃതമല്ലാത്ത നിര്‍മാണങ്ങളെ നിയമാനുസൃതമാക്കാന്‍ വകുപ്പില്ല. നിയമത്തിന്റെയും നോട്ടിഫിക്കേഷന്റെയും ലക്ഷ്യം ലോലമായ ഇത്തരം പ്രദേശങ്ങളെ അങ്ങനെതന്നെ നിലനിര്‍ത്തുക എന്നതായതിനാല്‍ നിര്‍മ്മിച്ചതെല്ലാം പൊളിച്ചുകളയാന്‍ നിയോഗിക്കുക അനിവര്യമാവുന്നു. പൊളിക്കുക എന്ന വിധിതീര്‍പ്പ് നിയമത്തിന്റെ ലക്ഷ്യങ്ങളെ മുന്നോട്ടു നയിക്കുകയേയുള്ളു. ഈ തുരുത്ത് CRZ-1ല്‍ ആണു പെടുന്നതെങ്കില്‍ കമ്പനി കെട്ടി ഉയര്‍ത്തിയ സൗധങ്ങള്‍ തീര്‍ത്തും നിരോധിച്ചിരിക്കുകയാണ്. ഇനി ഈ തുരുത്ത് CRZ-3 ല്‍ ആണു പെടുന്നതെങ്കിലും അത്തരം നിര്‍മാണങ്ങള്‍ അവിടെയും സാധ്യമല്ല. അതുകൊണ്ട് എങ്ങനെ നോക്കിയാലും ആ കെട്ടിടങ്ങള്‍ അവിടെ നില്‍ക്കാന്‍ അനുവദിക്കുക നിയമവാഴ്ചയോടുള്ള അവഹേളനമാവും, നിയമലംഘനത്തെ പരിഹരിക്കാതെ വിടുകയാകും. -------------------------------------------------------------------------

നീതിനിര്‍‌വഹണത്തിന്റെ ഉത്തമതാല്പര്യങ്ങള്‍ ഉറപ്പു വരുത്താന്‍ വേണ്ടി മറ്റു ചില നിരീക്ഷണങ്ങള്‍ കൂടി നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അധികാര സ്ഥാനങ്ങളിലുള്ളവരുടെ, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തികഞ്ഞ അനാസ്ഥയുടേയും കെടുകാര്യസ്ഥതയുടേയും ഉദാഹരണങ്ങളാണ് ഈ വിധിയിലൂടെ ഞങ്ങള്‍ തീരുമാനിച്ച രണ്ടു കേസുകള്‍. പൊതുവായി പരിസ്ഥിതിയേയും, പ്രത്യേകിച്ച് തീരങ്ങളേയും സം‌രക്ഷിക്കാനും മത്സ്യ ബന്ധനം ജീവവൃത്തിയാക്കിയവരുടേയും മറ്റു പ്രദേശിക സമൂഹങ്ങളുടേയും സുസ്ഥിരമായ വികസനവുമാണ് നോട്ടിഫിക്കേഷനുകളുടെ ലക്ഷ്യം. ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചുട്ടള്ളവയാണ് അവ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കുലര്‍കളും ലഭ്യമാക്കാറുണ്ട്. എന്നാല്‍ ഇവയെ എല്ലാം അവഗണിക്കുകയാണ് സാധാരണ പതിവ്. ഹൃദയശൂന്യമായ ഈ അനാസ്ഥയുടേയും അതുമൂലമുണ്ടാവുന്ന നിഷേധങ്ങ‌ളിലൂടെയും ഇന്നത്തേയും ഭാവിതലമുറകളേയും പ്രതികൂലമായി ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാന്‍ ഉദ്ദേശിച്ചുള്ള നിയമങ്ങള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനം ജാഗരൂകമായിരുന്നെങ്കില്‍, നിയമാനുസൃതം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കക്ഷികള്‍ എത്തിച്ചേര്‍ന്നിട്ടുള്ള ശോചനീയാവസ്ഥ ഒഴിവാകുമായിരുന്നു.....സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വിചിന്തനം ചെയ്ത്, നിയമങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തതയോടെ പ്രചാരണം ചെയ്യുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടതു ചെയ്യുമെന്നും ഞങ്ങള്‍ ആശിക്കുന്നു.

Post your comments.

Name:

Email:
(optional):

Please enter
your comments:

ആലപ്പുഴ ജില്ലയില്‍ പാണാവള്ളി പഞ്ചായത്തില്‍ 'വൈക്കം കായല്‍' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കായല്‍ പരപ്പിലാണ് കേവലം ഒമ്പതര ഏക്കര്‍ വിസ്തീര്‍ണമുള്ള നെടിയതുരുത്ത്. വേമ്പനാട്ടു കായലിലുള്ള എഴുനൂറില്‍ പരം തുരുത്തുകളില്‍ ഒന്ന്. ഒരു കാലത്ത് നെല്‍ വയലുകളും ചെമ്മീന്‍ കെട്ടും ഏതാനും കുടുംബങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ തുരുത്തില്‍ 59 വില്ലകളും റെസ്റ്റോറന്റും കണ്‍‌വെന്‍‌ഷന്‍ സെന്ററും 'ഇടതൂര്‍ന്ന്' നില്‍ക്കുന്നു. ഒരു ദിവ്യ, ജൈവ വികസന പ്രതിഭാസമായി, തുരുത്തിന്റെ വിസ്തീര്‍ണം ഇരുപതേക്കറായി വര്‍ദ്ധിച്ചിരിക്കുന്നു! ഇതാണ് ഇടിച്ചു പൊളിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സപ്ത നക്ഷത്ര 'ബനിയാന്‍ ട്രീ കേരള.'


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org