logo malayalam

| രാഷ്ടീയം| സമൂഹം | മനുഷ്യാവകാശം| അഭിമുഖം|

ജീവിച്ചിരിക്കുക എന്ന സമരം

ഡോ. ഇലീന സെന്‍/എം. സുചിത്ര
18/1/2011

ilina

രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ഡോക്ടര്‍ ബിനായക് സെന്നിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ 2009 ജൂണില്‍ വെല്ലൂരിലെ ആസ്പത്രിമുറിയില്‍ ചെന്നപ്പോള്‍, അവിടെ അദ്ദേഹത്തോടൊപ്പം ഭാര്യ ഇലീനാ സെന്നും മൂത്ത മകള്‍ പ്രാണ്‍ഹിതയുമുണ്ടായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു വേണ്ടിയെത്തിയ ബിനായക് ക്ഷീണിതനായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചതും ചിലപ്പോഴൊക്കെ ബിനായക് പകുതിയില്‍ നിര്‍ത്തിയ ഉത്തരങ്ങള്‍ പൂര്‍ത്തിയാക്കിയതും ഇലീനയാണ്. വ്യക്തിപരമായി നേരിടേണ്ടിവന്ന ദുരിതങ്ങളെപ്പറ്റിയോ മാനസികവും ശാരീരികവുമായി അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങളെപ്പറ്റിയോ രണ്ടുപേരും ഒന്നും പറഞ്ഞിരുന്നില്ല. ആത്മധൈര്യവും മനഃസ്ഥൈര്യവുമുള്ള സാന്നിധ്യമായിട്ടാണ് ഇലീന അനുഭവപ്പെട്ടത്. മടങ്ങുമ്പോള്‍ സൗഹൃദത്തിന്റെ ഊഷ്മളതയോടെ അവര്‍ ചേര്‍ത്തുപിടിച്ചു.

  ബിനായക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം കഠിനതടവിനു വിധിച്ചുവെന്ന സത്യം ഇലീനയ്ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. കോടതിയില്‍നിന്നു നേരിടേണ്ടിവന്ന നീതിരാഹിത്യവും അപമാനങ്ങളും അവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, ഉറച്ച ശബ്ദത്തോടെത്തന്നെയാണ് അവര്‍ സംസാരിക്കുന്നത്.

  എഴുത്തുകാരി, ഫെമിനിസ്റ്റ് സ്‌കോളര്‍, വാര്‍ധയിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ വിമന്‍സ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി എന്ന നിലയിലൊക്കെ അറിയപ്പെടുന്ന ഡോക്ടര്‍ ഇലീനാ സെന്‍ സംസാരിക്കുന്നു:

എം. സുചിത്ര: കോടതിവിധി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നോ? അതോ ഇങ്ങനെ സംഭവിച്ചേക്കാമെന്ന് വിചാരണയുടെ ഏതെങ്കിലും ഘട്ടത്തില്‍ തോന്നിയിരുന്നോ?

ഡോ. ഇലീനാ സെന്‍: ഇല്ല. ഇങ്ങനെയൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിനായക്കിനെതിരെ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് പൊലീസ് പറയുന്നതായി ഞങ്ങള്‍ അറിഞ്ഞിരുന്നു. പക്ഷേ, ഉണ്ടെന്നു പറഞ്ഞ തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. 2009-ലാണെന്നു തോന്നുന്നു, എന്റ കമ്പ്യൂട്ടറില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ പ്രിന്റൗട്ടുകള്‍ ബൈന്‍ഡ് ചെയ്ത് നിര്‍ണായകമായ തെളിവുകള്‍ എന്ന ഭാവത്തില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഞങ്ങള്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം. ഐ.എസ്.ഐ.യുമായി ഞാന്‍ എഴുത്തുകുത്തുകള്‍ നടത്തുന്നു എന്നു തെളിയിക്കാന്‍ ഹാജരാക്കിയത് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ഞാനയച്ച മെയിലുകള്‍, പിന്നെ ഒരു "പ്രതിരോധ' സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അപൂര്‍വാനന്ദ് അയച്ച ഇന്‍വിറ്റേഷന്‍, വൈറ്റ്ഹൗസില്‍ ഒരു ചിമ്പാന്‍സിയുണ്ട് എന്നുപറഞ്ഞ് ഒരു സുഹൃത്തയച്ച തമാശ മെയില്‍ - ഇതൊക്കെയാണ് ഹാജരാക്കിയത്. ചിമ്പാന്‍സിയുണ്ട് എന്നത് ഒരു രഹസ്യ കോഡാണെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. വളരെ പരിഹാസ്യമായിട്ടാണ് ഞങ്ങള്‍ക്ക് അതൊക്കെ തോന്നിയത്. ഞങ്ങള്‍ക്കെതിരെ ഒരു തെളിവും കിട്ടാത്തതുകൊണ്ടാണ് ഇതൊക്കെ ഹാജരാക്കുന്നത് എന്നാണ് കരുതിയത്. ഈ വിചാരണ ഛത്തീസ്ഗഢ് സര്‍ക്കാരിന് നാണക്കേടായി മാറിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ചെറിയ ഒരു ശിക്ഷ, ഛത്തീസ്ഗഢ് സ്‌പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ടിനു കീഴില്‍ രണ്ടുവര്‍ഷം തടവ് വിധിച്ചേക്കുമെന്നാണ് കരുതിയത്. ജാമ്യം കിട്ടുന്നതിനു മുന്‍പ് ബിനായക് രണ്ടുവര്‍ഷം തടവ് അനുഭവിച്ചതുമാണല്ലോ. ബിനായക്കിനുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നോ അദ്ദേഹത്തെ ജീവപര്യന്തം കഠിനതടവിനു വിധിക്കുമെന്നോ ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

*എന്തായിരുന്നു ബിനായക്കിന്റെ പ്രതികരണം? ഇലീന എങ്ങനെയാണ് വിധിയെ നേരിട്ടത്?

  ഞങ്ങള്‍ക്കെല്ലാവര്‍ക്കും വല്ലാത്ത ഷോക്കായിരുന്നു. ബിനായക്കിന്റെ മുഖം കണ്ടാലറിയാമായിരുന്നു അദ്ദേഹത്തിനുണ്ടായ നടുക്കം. ഞാന്‍ വളരെ പാടുപെട്ട് പുറത്തേക്ക് അക്ഷോഭ്യത ഭാവിച്ചു. കുട്ടികളെ ഓര്‍ക്കണ്ടേ? മാത്രമല്ല, മുന്നോട്ടു പോകണ്ടേ? തളരാതെ നിന്നല്ലേ പറ്റൂ?

*ബിനായക്കിനെ ജയിലില്‍ ചെന്നു കണ്ടിരുന്നോ? എന്താണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിതി?

  ഒറ്റ പ്രാവശ്യമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഡിസംബര്‍ 27-ന്. അദ്ദേഹം ശിക്ഷിക്കപ്പെട്ട തടവുകാരനല്ലേ? വിചാരണത്തടവുകാര്‍ക്കുള്ള അവകാശങ്ങളൊന്നുമുണ്ടാവില്ല. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ കാണാനുള്ള അനുവാദമുള്ളൂ. മാക്‌സിമം സെക്യൂരിറ്റി സെല്ലിലാണിപ്പോള്‍ എന്നാണ് എന്നോട് പറഞ്ഞത്. ജയിലിനുള്ളില്‍ ചെറിയ ഒരു മുറ്റത്ത് അഞ്ച് സെല്ലുകള്‍. സെല്ല് എന്നുവെച്ചാല്‍ മൃഗശാലകളില്‍ കാണുന്നതുപോലത്തെ കൂടാണ്. ഇരുമ്പിന്റെ ഗ്രില്ലുകളുള്ള കൂട്. ബിനായക്, പീയൂഷ്, സന്യാല്‍ എന്നിവര്‍ക്കു പുറമെ മൂന്നുപേര്‍ കൂടിയുണ്ട് ഇവിടെ. 24 മണിക്കൂറില്‍ ആറു മണിക്കൂര്‍ കൂടുതുറന്ന് മുറ്റത്തേക്കിറക്കും. ചുറ്റും തോക്കുപിടിച്ച് സെക്യൂരിറ്റി ഗാര്‍ഡുകളുണ്ടാകും. തടവുകാര്‍ക്ക് അന്യോന്യം നോക്കിയിരിക്കാം. ഗാര്‍ഡുകളെയും കാണാം. മറ്റാര്‍ക്കും അവിടേക്ക് പ്രവേശനമില്ല. സന്യാലിന് ഒരു പത്രം കിട്ടുന്നുണ്ട്. "സെന്‍സിറ്റീവ്' ആയ വാര്‍ത്തകള്‍ കറുപ്പിച്ചതിനുശേഷം. ബിനായക്കിനു പത്രം പോലും കൊടുക്കുന്നില്ല. എനിക്കിതിന്റെയൊന്നും നിയമവശമറിയില്ല. പക്ഷേ, ഒരുകാര്യമറിയാം. ഇങ്ങനെ അധികകാലം കഴിയേണ്ടിവന്നാല്‍ മനുഷ്യന് ഭ്രാന്ത് പിടിക്കും. ജയിലിനുള്ളിലെ സ്ഥിതിയെപ്പറ്റി ചോദിച്ചെങ്കിലും ജയിലധികൃതര്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. രാജ്യത്തിന്റെ ശത്രുക്കളെ എങ്ങനെ പാര്‍പ്പിക്കണമെന്ന് ആലോചിക്കാന്‍ ഒരു യോഗം കൂടുന്നുണ്ട് എന്നായിരുന്നു ഉത്തരം.

binayak

*കഴിഞ്ഞ മൂന്ന് വര്‍ഷം ശാരീരികവും മാനസികവുമായി വല്ലാത്ത സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു, അല്ലേ?

  ആലോചിക്കാന്‍കൂടി വയ്യ. ബിനായക്കിനെ അറസ്റ്റ് ചെയ്ത അന്നുമുതല്‍ തുടങ്ങിയതാണ് ഞങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍. അത് ഇനിയും അവസാനിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങള്‍ പൊലീസിന്റെ ചട്ടുകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെപ്പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഒരുപക്ഷേ, ഇതൊക്കെ പെയ്ഡ് ന്യൂസായിരിക്കാം. അതല്ലെങ്കില്‍ പിന്നാക്ക വിഭാഗീയ ചിന്താഗതിയാകാം. ഈ അപമാനങ്ങളും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളും എന്നെ വളരെയാഴത്തില്‍ ബാധിക്കുന്നുണ്ട്. എനിക്ക് വല്ലാത്ത ഉത്കണ്ഠയുണ്ട്. കാരണം, ബിനായക്കിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പും ഇതുപോലെയുള്ള ദുഷ്പ്രചാരണങ്ങള്‍ മാധ്യമങ്ങളിലൂടെ നടന്നിരുന്നു.

  ബിനായക്കിനു ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. രക്തസമ്മര്‍ദം വളരെ കൂടിയ നിലയിലാണ്. ബിനായക് ജാമ്യത്തിലിറങ്ങിയ സമയത്താണ് എനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടെന്ന് ഡയഗ്‌നോസ് ചെയ്തത്. ഒരുപക്ഷേ, ശാരീരികവും മാനസികവുമായി സഹിക്കേണ്ടിവന്ന സംഘര്‍ഷങ്ങളും കാന്‍സറിന് കാരണമായിട്ടുണ്ടാകാം. കീമോതെറാപ്പിയുടെ അഞ്ച് കോഴ്‌സുകള്‍ എടുക്കേണ്ടിവന്നു. ഇപ്പോള്‍ കുഴപ്പമില്ല. സത്യം പറഞ്ഞാല്‍, വളരെ ആഴത്തിലുള്ള അരക്ഷിതബോധം തോന്നുന്നുണ്ട് എനിക്ക്. വേറെ വഴിയില്ലെങ്കില്‍ കുറേക്കൂടി ലിബറല്‍ ആയ മറ്റേതെങ്കിലും ജനാധിപത്യരാഷ്ട്രത്തില്‍ അഭയം തേടുമെന്ന് പറഞ്ഞതിന്റെ പേരില്‍ തീവ്ര ദേശസ്‌നേഹികള്‍ എന്റെ കഴുത്തറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയല്ലാതെ പിന്നെ എന്താണ് പറയുക?

*ബിനായക് ജയിലിലായിരുന്നപ്പോള്‍ ഇലീനയോടും മക്കളോടുമുള്ള സമൂഹത്തിന്റെ മനോഭാവം എന്തായിരുന്നു? വിധിക്കുശേഷം ചുറ്റുമുള്ളവരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടോ?

  ഞങ്ങള്‍ താമസിക്കുന്നത് റായ്പുരിലെ ഒരു മിഡില്‍ക്ലാസ് കോളനിയിലാണ്. അയല്‍ക്കാര്‍ പലരും ഇപ്പോള്‍ മുഖം തിരിച്ചുതുടങ്ങിയിട്ടുണ്ട്. പരിചയക്കാരായ എത്രയോ പേര്‍ ഇപ്പോള്‍ കണ്ടാല്‍ കാണാത്തതുപോലെ കടന്നുപോകും. പക്ഷേ, ഞങ്ങളെ നന്നായി അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. കൂടാതെ ബിനായക് ചികിത്സിച്ചിട്ടുള്ള തൊഴിലാളികളും ആദിവാസികളും ഞങ്ങളോടൊപ്പമുണ്ട്.

*ഇലീനയ്ക്കും കുട്ടികള്‍ക്കും പൊലീസിന്റെ ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ടോ?

  നിരന്തരം. ഞങ്ങളെ ഒരിക്കലും വെറുതെ വിട്ടിട്ടില്ല. ബിനായക്കിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെക്കൂടി തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും പൊലീസും. ബിനായക് ആദ്യതവണ ജയിലിലായിരുന്നപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ അടുത്തേക്ക് ചെന്നു. ""നിങ്ങളെയും വല്ല നക്‌സല്‍ കേസ്സിലും കുടുക്കി ഉള്ളിലാക്കും'' എന്നാണ് പൊലീസ് ഗാര്‍ഡുമാരിലൊരാള്‍ ഭീഷണിപ്പെടുത്തിയത്. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തുന്നത് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറുടെ മുന്‍പില്‍വെച്ചാണ്.

*വിചാരണദിവസങ്ങളിലെല്ലാം കോടതിയില്‍ പോയിരുന്നോ? വിചാരണ ന്യായമായയാണോ നടന്നത്?

  വിചാരണ നടക്കുമ്പോള്‍ മിക്ക സമയത്തും ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്നു. അങ്ങേയറ്റം അന്യായമായ പ്രോസിക്യൂഷനായിരുന്നു. വിചാരണയുടെ തുടക്കം മുതല്‍ ഒടുക്കംവരെ എന്നെക്കുറിച്ച് പേരെടുത്തു പറഞ്ഞുതന്നെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഞാന്‍ പ്രതിയല്ല, വിചാരണ നേരിടുന്ന വ്യക്തിയുമല്ല. എന്നിട്ടും കോടതി മുന്‍പാകെ എന്നെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നിരുന്നു.

*നിങ്ങളുടെ അഭിഭാഷകരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ?

  ഞങ്ങളുടെ അഡ്വക്കേറ്റ്‌സിനെ സ്വാധീനിക്കാനൊന്നും കഴിയില്ല. അത്രയ്ക്കും അര്‍പ്പണബോധത്തോടെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവര്‍. കേസ് തോറ്റത് ഞങ്ങളുടെ അഭിഭാഷകര്‍ മോശമായതുകൊണ്ടല്ല. പൊലീസിന്റെ ഭാഗത്തുനിന്ന് ജുഡീഷ്യറിക്കുമേല്‍ അതിശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു.

*ഈ വിധി ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നുണ്ടോ?

  ഇക്കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. ഞാന്‍ അങ്ങനെത്തന്നെ വിശ്വസിക്കുന്നു.

*ജനാധിപത്യത്തെ മാനിക്കുന്നവര്‍ ജനാധിപത്യത്തിന്റെ പ്രക്രിയകളെക്കൂടി മാനിക്കണം എന്ന് ചിദംബരം പറഞ്ഞതിനെപ്പറ്റി എന്തു തോന്നുന്നു?

  നിയമവ്യവസ്ഥയില്‍ വിശ്വസിക്കാന്‍തന്നെയാണ് എനിക്കുമിഷ്ടം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ഈ വിചാരണയിലൂടെ കടന്നുപോയത്. പക്ഷേ, അതൊരു കങ്കാരുക്കോടതിയായി മാറി എന്നതു വേറെ കാര്യം. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നിയമവ്യവസ്ഥയിലും ബിനായക്കിന്റെ നിരപരാധിത്വത്തിലും വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍ 2009-ല്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് ബിനായക്കിന് എത്രയോ എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു. അതേസമയം ജനാധിപത്യത്തില്‍, ജുഡീഷ്യറിയെ വിമര്‍ശനാത്മകമായി നിരീക്ഷിക്കാനും നീതിരഹിതമായ വിധിപ്രസ്താവങ്ങളെ വിമര്‍ശിക്കാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ വന്ന വിധിപ്രസ്താവങ്ങളെ ബഹുമാനിക്കേണ്ട ഒരു കാര്യവുമില്ല.

*മാവോയിസ്റ്റ് പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ ദന്തേവാഡയില്‍ യാത്ര ചെയ്തിരുന്നു. എല്ലാവര്‍ക്കും പേടിയുണ്ടെന്ന് തോന്നി. പത്രക്കാര്‍ക്കും സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമൊക്കെ. ബിനായക്കിന്റെ വിധിയോടെ ഈ ഭീതി കൂടിയിട്ടുണ്ടാകും അല്ലേ?

  ഛത്തീസ്ഗഢില്‍ ഇപ്പോഴുള്ളത് പൊലീസ്‌രാജാണ്. വല്ലാത്ത പേടിയും അവിശ്വാസവും എല്ലാവര്‍ക്കുമുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ക്കോ മറ്റിടങ്ങളില്‍നിന്നുള്ളവര്‍ക്കോ അത് പറഞ്ഞാല്‍പ്പോലും മനസ്സിലാവില്ല. നേരിട്ടുവന്ന് അനുഭവിച്ചാലേ മനസ്സിലാകൂ.

*ആദിവാസി വികസനത്തിനെന്ന പേരില്‍ ഛത്തീസ്ഗഢ് രൂപം കൊണ്ടിട്ട് 10 വര്‍ഷമായി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

  മുന്‍പ് ജനകേന്ദ്രീകൃതമായ പല വികസനമാതൃകകളും പഴയ ഛത്തീസ്ഗഢ് മേഖലയില്‍ സജീവമായിരുന്നു. ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് പോലുള്ള സംഘടനകളുടെയും ചില സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ഈ സംരംഭങ്ങള്‍ നടന്നിരുന്നത്. എന്നാല്‍, പുതിയ സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ ഇത്തരം മാതൃകകളെല്ലാം അവഗണിക്കപ്പെട്ടു. മെഗാ വികസനപദ്ധതികളിലാണ് സര്‍ക്കാരിന് താത്പര്യം. ഖനനത്തിനും മറ്റു വ്യവസായപദ്ധതികള്‍ക്കുമാണ് ഊന്നല്‍. ഇതിന്റെ പേരില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിന് വിധേയരാകുന്നുണ്ട്. അവരുടെയെല്ലാം ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്നുണ്ട്. ആദിവാസികളെക്കൊണ്ട് റിപ്പബ്ലിക് ഡേ ആഘോഷങ്ങളില്‍ നൃത്തം ചെയ്യിക്കുന്നതുകൊണ്ടൊന്നും അവരുടെ ജീവിതരീതികള്‍ സംരക്ഷിക്കാനാവില്ല.

*കഴിഞ്ഞവര്‍ഷം അരുന്ധതിറോയ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്സെടുത്തിട്ടുണ്ട്. രാജ്യദ്രോഹ നിയമത്തെപ്പറ്റി എന്തുതോന്നുന്നു?

  നിലവിലുള്ള നിയമം കൊളോണിയല്‍ ഭരണത്തിന്റെ സൃഷ്ടിയാണ്. ആ നിയമം ബ്രിട്ടീഷുകാര്‍ എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു! പക്ഷേ, ഇവിടെ ഇപ്പോഴും അതുതന്നെയാണ് പിന്തുടരുന്നത്. സമൂഹത്തിലെ അസമമായ വളര്‍ച്ചയെപ്പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയും പറയുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് അങ്ങേയറ്റം സങ്കടകരമാണ്.

*തീവ്രവാദത്തെയും ഭീകരവാദത്തെയും തടയാനെന്ന പേരില്‍ കഴിഞ്ഞ കുറച്ചുകാലത്തിനുള്ളില്‍ പുതിയ നിയമങ്ങള്‍ വരികയും പഴയ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളൊക്കെ ആവശ്യമുള്ളതാണോ?

  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനത്തിനും വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുകയും ജനാധിപത്യപരമായ വിയോജിപ്പുകള്‍ക്ക് കൂടുതല്‍ ഇടം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ ഈ നിയമങ്ങളുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല.

*മധ്യ-പൂര്‍വേന്ത്യയില്‍ ജനാധിപത്യം മെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നുണ്ടോ?

  അതുതന്നെയാണ് സംഭവിക്കുന്നത്. പക്ഷേ, അത് മധ്യ-പൂര്‍വേന്ത്യയില്‍ മാത്രമല്ല.

*ഛത്തീസ്ഗഢില്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളും വന്‍കിട കമ്പനികളുടെ പിടിയിലായിക്കഴിഞ്ഞുവോ?

  അതാണിപ്പോഴത്തെ സ്ഥിതി. വന്‍കിട കമ്പനികളുടെയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയും ജനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെയും പൊലീസിന്റെയുമൊക്കെ പിടിയിലാണ് സംസ്ഥാനം.

*എന്നിട്ടും എങ്ങനെയാണ് ഛത്തീസ്ഗഢില്‍ രമണ്‍സിങ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്?

ilina

  മധ്യവര്‍ഗത്തില്‍ വലിയൊരു വിഭാഗം കണ്‍സ്യൂമറിസത്തില്‍ മുങ്ങിക്കിടക്കുകയാണ്. അവര്‍ അവരവരെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. സമൂഹത്തില്‍ എന്തു സംഭവിച്ചാലും അവര്‍ക്കൊരു പ്രശ്‌നമല്ല. പിന്നെ, ആദിവാസി മേഖലകളില്‍ തിരഞ്ഞെടുപ്പ് ഒരു പ്രഹസനം മാത്രമാണ്. വ്യാജമായ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കൃത്രിമങ്ങളുമൊക്കെ ഇഷ്ടംപോലെ നടക്കാറുണ്ട്. പി.യു.സി.എല്ലിന്റേതുള്‍പ്പെടെ പല റിപ്പോര്‍ട്ടുകളും ഇതേപ്പറ്റി പുറത്തുവന്നിട്ടുണ്ട്.

*താങ്കള്‍ ഒരു ഇന്റര്‍നാഷണല്‍ ടെററിസ്റ്റാണെന്ന് കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടതിനെതിരെ കേസ് കൊടുക്കുമോ?

  ഇപ്പോള്‍ ബിനായകിന്റെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ഇപ്പോഴത്തെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞുവല്ലോ. അല്പം നീതിയെങ്കിലും ഇന്ത്യയില്‍ ബാക്കിനില്‍ക്കുന്നുവെങ്കില്‍ കീഴ്‌ക്കോടതിയുടെ വിധിയും എന്നെക്കുറിച്ച് കോടതി നടത്തിയ വൃത്തികെട്ട പരാമര്‍ശങ്ങളുമൊക്കെ തിരുത്തപ്പെടും.

*മറ്റേതെങ്കിലും രാജ്യത്ത് രാഷ്ട്രീയമായി അഭയം തേടുക മാത്രമാണ് മുന്നിലുള്ള വഴിയെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞുവല്ലോ?

  ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ എനിക്ക് ഒരാളുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യ വിടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആകാറില്ല. പക്ഷേ, മറ്റൊരു രക്തസാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വീരനായികയായി മാറ്റപ്പെടാനും എനിക്കാഗ്രഹമില്ല. നിലനില്പിനുവേണ്ടി, ജീവനുവേണ്ടി, ഇന്ത്യ വിടേണ്ടിവന്നാല്‍ ഞാനതു ചെയ്യും.

*എന്തൊക്കെയാണ് ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

  ബിനായകിനുവേണ്ടി നിയമയുദ്ധം നടത്തുക, ജീവനോടെയിരിക്കാന്‍ ശ്രമിക്കുക, എന്റെ ജീവിതകാലത്ത് ബിനായകിനോടൊപ്പം ഇനിയും ജീവിക്കാന്‍ കഴിയുമെന്ന പ്രത്യാശ കൈവിടാതിരിക്കാന്‍ ശ്രമിക്കുക. ****

Post your comments.

Name:

Email:
(optional):

Please enter
your comments:

ഇപ്പോള്‍ ബിനായകിന്റെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ഇപ്പോഴത്തെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞുവല്ലോ. അല്പം നീതിയെങ്കിലും ഇന്ത്യയില്‍ ബാക്കിനില്‍ക്കുന്നുവെങ്കില്‍ കീഴ്‌ക്കോടതിയുടെ വിധിയും എന്നെക്കുറിച്ച് കോടതി നടത്തിയ വൃത്തികെട്ട പരാമര്‍ശങ്ങളുമൊക്കെ തിരുത്തപ്പെടും.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org