logo malayalam

| ജെന്‍‌ഡര്‍|സമൂഹം|

ഒരു മലയാളി ഹിജഡ പറയുന്നത്...........

എം. സുചിത്ര, ഗിരിജ
23/10/2005

hijda

പുരുഷനായി ജനിച്ച്് വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും പാടുപെടുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തിന്റെപ്രതിനിധിയാണ് ജെറീന. ആണിന്റേയോ പെണ്ണിന്റേയോ ലോകത്ത് ഇടമില്ലാതെ, മൂന്നാമതൊരു ലോകത്ത് മുഖ്യധാരയില്‍ നിന്നു നിന്ദയും പീഡനവും ചൂഷണവും സഹിച്ചു ജീവിക്കുന്ന ഹിജഡകളുടെ പ്രതിനിധി. ബാംഗ്ലൂരിലെ ശിവജിനഗറില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന "സംഗമ'യുടെ ഓഫീസില്‍വച്ചാണ് ഞങ്ങള്‍ മലയാളിയായ ജെറീനയെ പരിചയപ്പെടുന്നത്. ഒരു വര്‍ഷമായി സംഗമയുടെ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രോജക്ടില്‍ ജോലി ചെയ്യുകയാണ് ഇവര്‍.

നാല്‍പത്തേഴു വയസുളള ജെറീന, ഹിജഡകള്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്ന ഒരു ഗുരുവാണ്. ജെറീനക്ക് ഒട്ടേറെ ' ചേലകള്‍(ശിഷ്യര്‍) ഉണ്ട്. "ചേലകള്‍' ഗുരുവിന്റെ നിയന്ത്രണത്തിലാണ്. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് ഗുരുവിന്റെ കടമയാണ്. ചേലകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഗുരുവിന്റെ ആദരണീയത വര്‍ധിക്കും.

ദത്തെടുക്കല്‍ എന്നൊരു ചടങ്ങ് ഹിജഡകള്‍ക്കിടയിലുണ്ട്. പരസ്പരം സമ്മതമാണെങ്കില്‍ ഏതൊരു ഹിജഡയ്ക്കും മറ്റൊരു ഹിജഡയെ പ്രായഭേദമെന്യേ ദത്തെടുക്കാം. ദത്തെടുക്കല്‍ ചടങ്ങില്‍ അമ്മ മകളെ പ്രതീകാത്മകമായി പാലുകുടിപ്പിക്കും. ഈ അമ്മ-മകള്‍ ബന്ധമാണ് ഹിജഡസമൂഹത്തിന്റെ ഘടനയുടെ അടിസ്ഥാനം. സ്ത്രീകളായി ജീവിക്കുന്നതിനുവേണ്ടി നാടും വീടും ഉള്‍പ്പെടെ പലതും ഉപേക്ഷിക്കേണ്ടി വരുമ്പോഴും, പുരുഷശരീരമായതിനാല്‍ ഒരിക്കലും പ്രസവിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ദത്തെടുക്കലിലൂടെ മറികടക്കുകയാവണം ഹിജഡകള്‍. പൊതുസമൂഹം സ്ത്രീകള്‍ക്കു കല്‍പിച്ചിട്ടുളള വ്യവസ്ഥാപിത റോളുകളും വിലക്കുകളും അറിഞ്ഞോ അറിയാതെയോ ഹിജഡകളും സ്വീകരിക്കുന്നുണ്ട്.

ശിവജിനഗറില്‍ നിന്ന് ഏറെ ദൂരെയുളള ഒരു ഹമാമിലേക്കു ജെറീന ഞങ്ങളെ കൊണ്ടുപോയി. ലൈംഗിക തൊഴിലാളികളായ ഹിജഡകള്‍ പുരുഷന്മാരെ സ്വീകരിക്കുന്ന സ്ഥലമാണ് ഹമാം. ""ഞങ്ങള്‍ ബിസിനസ് നടത്തുന്ന സ്ഥലം'' എന്നാണ് ജെറീന ഹമാമിനെ വിശേഷിപ്പിക്കുന്നത്. ഹിജഡകള്‍ക്ക് ഇഷ്ടമുളള ഹമാമില്‍ ജോലി ചെയ്യാം. കിട്ടുന്നതില്‍ പാതി ഹമാമിന്റെ ഉടമയ്ക്കു നല്‍കണം. ഹമാം എന്നുവെച്ചാല്‍ കുളിപ്പുര എന്നാണ് ശരിയായ അര്‍ത്ഥം. കുളിക്കാന്‍ വെളളം ചോദിച്ചാണ് കക്ഷികള്‍ മുമ്പ് ഹമാമില്‍ വന്നിരുന്നത്.

റെയില്‍വേ പാളത്തിനോടു ചേര്‍ന്ന്, ഇരുട്ടുപിടിച്ച രണ്ടു കുടുസു മുറികളുളള ആ ഹമാം ജെറീനയുടെ സഹോദരീസ്ഥാനം(ഗുരുബായി) വഹിക്കുന്ന ശ്രീദേവിയുടെ ഉടമസ്ഥതയിലുളളതാണ്. ഞങ്ങളെത്തുമ്പോള്‍ അവിടെ ഒരു ദത്തെടുക്കല്‍ കര്‍മത്തിനുളള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. സാധാരണഗതിയില്‍ കസ്റ്റമേഴ്‌സിനല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനം അനുവദിക്കാറില്ല. ഒരു ഗുരുവിനോടൊപ്പം ചെന്നതുകൊണ്ടാവണം. ആരും ഞങ്ങളോട് അനിഷ്ടമൊന്നും പ്രകടിപ്പിച്ചില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ പലയിടങ്ങളില്‍ നിന്നായി കുറേ ഹിജഡകള്‍ എത്തിയിരുന്നു. അവരില്‍ ഒരാള്‍ മാത്രമാണ് പാന്റ്‌സും ഷര്‍ട്ടും ധരിച്ചിരുന്നത്. ബാക്കിയെല്ലാവരും സാരിയും ചുരിദാറും വളയും മാലയും കമ്മലുമൊക്കെ ധരിച്ചവരായിരുന്നു. ഉറക്കെയുറക്കെയുളള സംസാരങ്ങളിലൂടെയും ശകാരങ്ങളിലൂടെയും കല്‍പനകളിലൂടെയും ശ്രീദേവി ഹമാമിന്റെ ഉടമസ്ഥാവകാശം തെളിയിച്ചു കൊണ്ടിരുന്നു. അവിടെ കൂടിയിരുന്ന ഹിജഡകളുടെ തമാശകള്‍ക്കും തെറികള്‍ക്കും പരാതികള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമിടയിലിരുന്ന് ജെറീന ഞങ്ങളോട് സംസാരിച്ചു. കുട്ടിക്കാലത്തെപ്പറ്റി, ആണായോ പെണ്ണായോ ജീവിക്കാന്‍ ആവാത്തതിനെപ്പറ്റി, ലിംഗം മുറിച്ചുകളയുന്നതിനെപ്പറ്റി, സെക്‌സിനുവേണ്ടി ഹിജഡകളെ സമീപിക്കുന്നവരുടെ ആവശ്യങ്ങളെപ്പറ്റി, പൊതുസമൂഹത്തിന്റെ സംശയങ്ങളെപ്പറ്റി, കേരളത്തിന്റെ കപട മാന്യതയെപ്പറ്റി, ആണോ, പെണ്ണോ അല്ലാത്തതിനാല്‍ ജോലി ലഭിക്കാത്തതിനെപ്പറ്റി, ശരീരം വിറ്റും ഭിക്ഷയാചിച്ചും ജീവിക്കേണ്ടി വരുന്നതിനെപ്പറ്റി, ഹിജഡകളുടേതായ നിയമങ്ങളെപ്പറ്റി, ആണും പെണ്ണുമല്ലാത്തതിനാല്‍ പൊതുനിയമങ്ങളില്‍ നിന്നു പുറന്തളളപ്പെടുന്നതിനെപ്പറ്റി, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഐ.പി.സി 377-ാം വകുപ്പിനെപ്പറ്റി, ഏഴു പുരുഷന്മാര്‍ ഒരു ഹിജഡയെ ബലാല്‍സംഗം ചെയ്തതിനെപ്പറ്റി.... മുറിയിലെ ബഹളത്തിനിടയില്‍ ജെറീന ഇടയ്ക്കിടെ നിശ്ബദയായി.

മറച്ചുവെക്കാന്‍ ജെറീന ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമാണ്. നാട്ടിലെ മേല്‍വിലാസം. കേരളത്തിലുളളവര്‍ക്ക് പൊതുവെ മനുഷ്യത്വം കുറവാണെന്നാണ് അവരുടെ അഭിപ്രായം. കേരളത്തില്‍ ആയിരക്കണക്കിന് ഹിജഡകളുണ്ടെങ്കിലും തങ്ങളുടെ ലൈംഗിക അസ്തിത്വം വെളിപ്പെടുത്താന്‍ ഭയന്ന് അവര്‍ പുരുഷവേഷങ്ങള്‍ക്കുളളില്‍ അഭയം തേടുകയാണെന്നും ജെറീന പറയുന്നു.

എന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ നിങ്ങളോട് തുറന്നു പറയാം. ഞാന്‍ പറയുന്നതൊക്കെ നിങ്ങള്‍ എഴുതുകയും ചെയ്‌തോ. പക്ഷേ അത് ഞങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിക്കാനാവരുത്. ഞങ്ങള്‍, ഹിജഡകളുടെ പ്രശ്‌നങ്ങള്‍ സമൂഹം അറിയട്ടെ എന്നു കരുതിയാണ് പറയുന്നത്.

ഇരുപത്തേഴു വര്‍ഷം മുമ്പാണ് ഞാന്‍ ബാംഗ്ലൂരിലെത്തിയത്. ഒരു സാധാരണ, ഇടത്തരം ഹിന്ദുകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛന് റെയില്‍വേയിലായിരുന്നു ജോലി. ഇപ്പോഴത്തെ റെയില്‍വേയല്ല. പഴയ റെയില്‍വേ. പത്ത് മക്കളില്‍ ആറാമത്തെയാളാണ് ഞാന്‍. ചെറിയ കുട്ടിയായിരിക്കമ്പോഴേ പെണ്‍കുട്ടിയാവാനായിരുന്നു എനിക്കിഷ്ടം. പെണ്‍കുട്ടികളുടെ ഡ്രസിടാനും പൊട്ടുതൊടാനും കണ്ണെഴുതാനും മാലയും വളയുമൊക്കെ ഇട്ടുനോക്കാനും വലിയ മോഹമായിരുന്നു. അന്നൊക്കെ കൊല്ലത്തില്‍ മൂന്നുതവണ മാത്രമാണ് പുതിയ കുപ്പായം വാങ്ങുന്നത്. സ്കൂള്‍ തുറക്കുമ്പോഴും പിന്നെ, ഓണത്തിനും വിഷുവിനും. ആരും കാണാതെ ചേച്ചിമാരുടെ യൂണിഫോമിട്ട് ഞാന്‍ കണ്ണാടിയില്‍ എന്നെത്തന്നെ നോക്കി രസിക്കാറുണ്ടായിരുന്നു. ചേച്ചിമാരോ ചേട്ടന്മാരോ കണ്ടാല്‍ വഴക്കു പറയും. പെണ്‍കുട്ടികളെപ്പോലെയായിരുന്നു എന്റെ നടത്തം. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പുസ്തകങ്ങള്‍ ആണ്‍കുട്ടികളെപ്പോലെ തോളത്തുപിടിക്കും. റോഡിലെത്തിക്കഴിഞ്ഞാല്‍ പെണ്‍കുട്ടികളെപ്പോലെ നെഞ്ചത്തു ചേര്‍ത്തുപിടിക്കും. ചേട്ടന്മാരും ചേച്ചിമാരും നല്ല വഴക്കു പറയുന്നതുകൊണ്ട് ഒന്നുകില്‍ അവരുടെ മുന്നില്‍ അല്ലെങ്കില്‍ അവരുടെ പിന്നില്‍ അങ്ങനെയായിരുന്നു സ്കൂളിലേക്കു പോയിരുന്നത്. സ്കൂളില്‍ ചെന്നാലും പെണ്‍കുട്ടികളോടായിരുന്നു കൂട്ട്. ഫ്രണ്ട്‌സായിട്ട് കുറച്ച് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. എന്നാലും ആണ്‍കുട്ടികളോട് അധികമൊന്നും സംസാരിക്കാന്‍ ഉണ്ടാവില്ല. പെണ്‍കുട്ടികളോട് ചറുപിറുന്നനെ സംസാരിക്കും. അവര്‍ എങ്ങനെത്തെ പാവാടയാണ്, ബ്ലൗസാണ് ഇട്ടിരിക്കുന്നത്, ഏതുതരം മാലയാണ് വളയാണ് എന്നൊക്കെ നോക്കും. പുസ്തകത്തിനുളളില്‍ പൗഡര്‍ കുടഞ്ഞിട്ട് കൊണ്ടുപോകും. ഇന്റര്‍വെല്‍ സമയത്ത് ആരും കാണാതെ പൗഡറിടും. ആണ്‍കുട്ടികള്‍ എന്നെ എപ്പോഴും കളിയാക്കും.

നാലാം ക്ലാസുവരെയുളള സ്കൂളായിരുന്നു അത്. സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ചെറുപ്പക്കാരനായിരുന്നു. എനിക്കു വല്യ ഇഷ്ടമായിരുന്നു. ഹെഡ്മാസ്റ്റര്‍ക്കും എന്നെ കാര്യമായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്നെ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കും. മടിയിലിരുത്തും. ലാളിക്കും. സ്കൂളടയ്ക്കുന്നതിന്റെ തലേന്ന് ക്ലാസ് റൂമില്‍ ബെഞ്ചും ഡസ്ക്കും പിടിച്ചിടാന്‍ വേണ്ടി വൈകിട്ട് വീട്ടില്‍ പോയതിനുശേഷം തിരിച്ചുവരണമെന്ന് ഒരു ദിവസം പറഞ്ഞു. ഞാന്‍ വന്നപ്പോള്‍ ഹെഡ്മാസ്റ്റര്‍ പ്യൂണിനെ പറഞ്ഞുവിട്ടു. പിന്നെ സെക്‌സ് നടത്തി. അതിനുശേഷം ഇടയ്ക്കിടയ്ക്ക് അങ്ങനെയൊക്കെയുണ്ടായി. ഒഴിവുകാലമായപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു. ഇടയ്ക്ക് ഹെഡ്മാസ്റ്റര്‍ സ്കൂളില്‍ വരുമ്പോള്‍ എന്നോടും വരാന്‍ പറയുമായിരുന്നു. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞില്ല.

നാലാംക്ലാസു കഴിഞ്ഞപ്പോള്‍ എന്നെ ഒരു കോണ്‍വെന്റ് സ്കൂളിലാക്കി. അവിടെ ഏഴാം ക്ലാസുവരെ ആണ്‍കുട്ടികള്‍ക്കു പ്രവേശനമുണ്ടായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു നാടകത്തില്‍ അഭിനയിച്ചു. നാരായണിക്കുട്ടിയമ്മ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. എല്ലാവരും പിന്നെ എന്നെ ആ പേരുപറഞ്ഞ് കളിയാക്കാന്‍ തുടങ്ങി. എന്റെ നടത്തത്തിനു ചേര്‍ന്ന റോള്‍ എന്ന് എല്ലാവരും പറഞ്ഞു. എനിക്കു ഡാന്‍സ് പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. അല്ലെങ്കിലേ പെണ്‍കുട്ടികളെപ്പോലെയാണ് നടത്തം ഡാന്‍സുകൂടി പഠിച്ചാല്‍ പൂര്‍ത്തിയായി എന്നു അച്ഛന്‍ വഴക്കുപറഞ്ഞു. എനിക്ക് എന്റെ പ്രശ്‌നങ്ങള്‍ ആരോടും പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നെപ്പോലെ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാവാന്‍ ഇഷ്ടപ്പെടുന്ന മറ്റാരെങ്കിലും ഉണ്ടോ എന്ന് വിഷമംതോന്നും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കളിയാക്കും. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് എന്റെ ചെറിയമ്മയുടെ മകനും ഇതുപോലെയാണെന്ന് അറിഞ്ഞത്. അവന്‍ എന്നെക്കാള്‍ ആറുവയസ് താഴെയാണ്. അവന്‍ ഇപ്പോള്‍ ഡാന്‍സ് മാഷാണ്. എന്നെപ്പോലെ സാരിയൊന്നും ഉടുക്കുന്നില്ല. ഷര്‍ട്ടും പാന്റുമൊക്കെ തന്നെയാണ് ഇടുന്നത്.

പത്താംക്ലാസില്‍ എനിക്കു മാര്‍ക്കു കുറവായിരുന്നു. മദ്രാസില്‍ അമ്മയുടെ ഒരു ബന്ധു, ഹോട്ടല്‍ നടത്തുന്നുണ്ടായിരുന്നു. മാമന് ഒരു സഹായം എന്ന നിലയില്‍ എന്നെ അങ്ങോട്ടു പറഞ്ഞയയ്ക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഞാന്‍ ഹോട്ടലില്‍ ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുക്കും. എന്നും രാവിലെ പാല്‍ വാങ്ങി കൊണ്ടുവരേണ്ടത് എന്റെ ജോലിയായിരുന്നു. ക്യൂവില്‍ കുറച്ചുനേരം നില്‍ക്കണം. വേറെ ഒരു പയ്യനും എന്നും വരാറുണ്ടായിരുന്നു. അവന്‍ ഒരു വീട്ടില്‍ വേലയ്ക്കു നില്‍ക്കുകയായിരുന്നു. അവന്‍ എന്നെ നോക്കും ഞാന്‍ അവനെയും നോക്കും. ഒരു ദിവസം ഞങ്ങള്‍ പരിചയപ്പെട്ടു. മുത്തുസ്വാമി എന്നായിരുന്നു അവന്റെ പേര്. ഞങ്ങള്‍ നല്ല അടുപ്പത്തിലായി. അവനോട് ഞാന്‍ എന്റെ വിഷമം തുറന്നു പറഞ്ഞു. ബാംഗ്ലൂരിലെ അള്‍സൂറില്‍ സാരി ഉടുത്തുനടക്കുന്ന ആണുങ്ങള്‍ ഉണ്ടെന്ന് അവനാണ് എനിക്കു പറഞ്ഞുതന്നത്.

ഒരു ദിവസം നാട്ടിലെക്കാണെന്നു പറഞ്ഞ് മാമന്റെ കയ്യില്‍ നിന്ന് 200 രൂപ വാങ്ങി ഞാന്‍ ബാംഗ്ലൂരിലേക്കു വണ്ടി കയറി. പലരോടും ചോദിച്ചു ഒടുവില്‍ അള്‍സൂരിലെത്തി. അവിടെവെച്ച് മുഹമ്മദലി എന്ന മലയാളി ഹിജഡയെ പരിചയപ്പെട്ടു. സാരിയാണ് മുഹമ്മദലി ഉടുത്തിരുന്നത്. ആഭരണങ്ങളും ധരിച്ചിരുന്നു. മുഹമ്മദലി എന്നെ ഹമാമിലേക്കു കൂട്ടിക്കൊണ്ടുപോയി. ഞാനും അവരോടൊപ്പം ചേര്‍ന്നു. ഇപ്പോഴും ഞാന്‍ അതേ ഹമാമിലാണ് കഴിയുന്നത്. ഞാനാണ് ഇപ്പോള്‍ അതിന്റെ ഉടമ. ഈ ഹമാമിനെക്കാള്‍ വളരെ പഴയതാണ് അത്. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു വീഴാം. എനിക്ക് വേറെ ഒരു ഹമാം കൂടിയുണ്ട്.

ഹിജഡകളോടൊപ്പം ചേര്‍ന്നതിനുശേഷം ഒരു വര്‍ഷത്തോളം ഞാന്‍ നാട്ടിലേക്കു പോയതേയില്ല. പേടിയായിരുന്നു. എന്റെ മുടിയൊക്കെ നന്നായി വളര്‍ന്നിരുന്നു. നാട്ടില്‍ പോകണമെങ്കില്‍ മുടി വെട്ടണ്ടേ? അതു മാത്രമല്ല, മുഹമ്മദലിക്ക് ഒരു ചീത്ത അനുഭവം ഉണ്ടായി. ഒരു തവണ, അമ്മയ്ക്കു സുഖമില്ല, ഹോസ്പിറ്റലിലാണ് എന്ന ടെലഗ്രാം കിട്ടിയതിനെ തുടര്‍ന്ന് മുഹമ്മദലി നാട്ടിലേക്കു പോയി. അവനെന്തു ചെയ്തൂന്ന് വെച്ചാല്‍, സാരിയുടുത്ത്, കുപ്പിവളയൊക്കെയിട്ട് ഐലന്റ് എക്‌സ്പ്രസിലാണ് പോയത്. കോയമ്പത്തൂര്‍ കഴിഞ്ഞപ്പോ പോലീസ് പിടിച്ചു. അവന് ഓപ്പറേഷനൊന്നും(ലിംഗം ഛേദിക്കുക) കഴിഞ്ഞിരുന്നില്ല. പെണ്‍വേഷം കെട്ടിവന്ന തിരുടനാണെന്നു പറഞ്ഞ്, ആറുമാസം അവനെ ജയിലിലിട്ടു. അതോടെ എനിക്കു പേടിയായി. ഞാന്‍ നാട്ടിലേക്കു ലെറ്റര്‍ അയച്ചു. ആരെങ്കിലും അന്വേഷിച്ചുവന്നാലോ എന്നു കരുതി എനിക്കാറിയുന്ന ഒരു ടെയ്‌ലര്‍ കടയുടെ അഡ്രസാണ് കൊടുത്തിരുന്നത്. അച്ഛന് തീരെ സുഖമില്ല. നാട്ടിലേക്കു വന്നില്ലെങ്കില്‍ അന്വേഷിച്ചുവരും എന്നു മറുപടി വന്നു. അതാകെ പ്രശ്‌നം. മുടി മടക്കിക്കെട്ടി, തൊപ്പി വെച്ച്, പാന്റും ഷര്‍ട്ടുമിട്ട് ഞാന്‍ പോയി, ഒരു വര്‍ഷത്തിനു ശേഷമല്ലേ ഞാന്‍ ചെല്ലുന്നത്. അടുത്ത വീട്ടുകാരൊക്കെ കാണാന്‍ വന്നു. എന്താ മുടി വളര്‍ത്തുന്നത് എന്നായിരുന്നു എല്ലാവര്‍ക്കും സംശയം.

ഒരു ഡ്രാമാ കമ്പിനില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. നാട്ടില്‍ ഹിജഡ എന്നൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ആണുപെണ്ണ്, ശിഖണ്ഡി എന്നൊക്കെയാണ് പറയുന്നത്. എന്നെ കണ്ടിട്ട് ചേട്ടന്മാര്‍ക്ക് ഭയങ്കര ദേഷ്യം വന്നു. അച്ഛനാണ് എന്നെ കൊഞ്ചിച്ചു വഷളാക്കുന്നത് എന്നൊക്കെ അവര്‍ അച്ഛനെയും വഴക്കു പറഞ്ഞു. നിങ്ങളെപ്പോലെ എന്റെ ഒരു മകനല്ലേ അവനും, എനിക്കവനെ കൊന്നുകളായാന്‍ കഴിയുമോ എന്ന് അച്ഛന്‍. എനിക്കാണെങ്കില്‍ ആണുങ്ങളുടെ വേഷത്തില്‍ ശ്വാസംമുട്ടാന്‍ തുടങ്ങിയിരുന്നു. എല്ലാവരെയും കണ്ടു കഴിഞ്ഞില്ലേ ഇനി ഞാന്‍ തിരിച്ചുപോട്ടെ എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. കല്യാണമൊക്കെവരുന്ന സമയമാണ്, നീ ഇങ്ങനെ നടന്നാല്‍ അവരെ ആരെങ്കിലും കെട്ടിക്കൊണ്ടുപോകുമോ എന്ന് അച്ഛന്‍ സങ്കടപ്പെട്ടു. എനിക്കും വിഷമമായി. മുടിയൊക്കെ വെട്ടി, ശരിക്കു പിന്നെവരാം എന്നു പറഞ്ഞ് ഞാന്‍ പിറ്റേന്നു രാവിലെത്തന്നെ മടങ്ങി. റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിരുന്നു. വൈകുന്നേരമാണ് എന്റെ വണ്ടി. എന്തോക്കെയോ ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഒരാള്‍ എന്റെ അടുത്തുവന്ന്, എന്താ, മോനെ, ഇങ്ങനെ ഫീലിംഗിസില്‍ ഇരിക്കുന്നത് എന്നു ചോദിച്ചു. സിനിമയ്ക്കു കഥയെഴുതുന്ന ആളാണെന്നും വൈകുന്നേരത്തെ വണ്ടിക്ക് മദ്രാസിലേക്കു പോകുമെന്നും ഒരു റൂമെടുത്തിട്ടുണ്ടെന്നും പറഞ്ഞു. എന്നോടും വൈകുന്നേരം വരെ മുറിയില്‍ നിന്നോളാന്‍ പറഞ്ഞു. അയാള്‍ എനിക്കു ഭക്ഷണമൊക്കെ വാങ്ങിത്തന്നു റൂമിലേക്കു കൊണ്ടുപോയി. ഞാനുമായി ലൈംഗികവേഴ്ച നടത്തി. വൈകുന്നേരം സ്‌റ്റേഷനില്‍ കൊണ്ടുവിട്ടു. അയാളുടെ നോട്ടം കണ്ടപ്പോഴേ എനിക്കു മനസിലായിരുന്നു.

ബാംഗ്ലൂരില്‍ തിരിച്ചെത്തിയപ്പോള്‍ ഹമാമിലുളളവര്‍ എന്നെ ബോംബെയ്ക്കു കൊണ്ടുപോയി. കാമാട്ടിപുരത്താണ് താമസിച്ചത്. സുനിത എന്നൊരാളായിരുന്നു എന്റെ ഗുരു. കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു ബാംഗ്ലൂരിലേക്കു തന്നെ വന്നു. ഇടയ്ക്ക് നാട്ടില്‍ പോയപ്പോള്‍ ചേട്ടന്മാര്‍ നിര്‍ബന്ധിച്ചു മുടിവെട്ടി. പിന്നെ മുടി വളരുന്നതുവരെ, ആറുമാസം ഞാന്‍ ബാംഗ്ലൂരിലേക്കു വന്നതേയില്ല. തിരിച്ചെത്തിക്കഴിഞ്ഞ് ഒരു വര്‍ഷത്തോളം ഞാന്‍ നാട്ടിലേക്കു പോയില്ല. അതിനിടയില്‍ എന്റെ മാമന്‍ മേല്‍വിലാസവുമായി ടെയ്‌ലര്‍ കടയില്‍ വന്നു തിരക്കി. കുട്ടി ഹമാമിലുണ്ട് എന്ന് അവര്‍ പറഞ്ഞുകൊടുത്തു. മാമന്‍ ഹമാമിലെത്തി. ഒരാഴ്ച കഴിഞ്ഞ് തിരിച്ചുകൊണ്ടുവരാം എന്നു പറഞ്ഞ് എന്നെ പിടിച്ചുകൊണ്ടുപോയി കുറേ അടിച്ചു. ബലംപ്രയോഗിച്ചു മുടിവെട്ടി. എന്റെ ചേട്ടന്റെ കല്യാണമായിരുന്നു. കടയൊക്കെവെച്ചുതരാം, നാട്ടില്‍ത്തന്നെ നിന്നാല്‍ മതി എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ നാട്ടില്‍ ആണായിട്ടുവേണ്ടേ നില്‍ക്കാന്‍? എന്റെ പെണ്‍വേഷത്തിലുളള ഒരു ഫോട്ടോ ഞാന്‍ വീട്ടില്‍ തൂക്കിയിരുന്നു. പെങ്ങന്മാരെ കാണാന്‍ വരുന്നവര്‍ ഇതാരാണെന്ന് ചോദിക്കും എന്നു പറഞ്ഞ് അതുകൂടി എടുത്തു മാറ്റിയിരുന്നു. പിന്നെ ഞാനെങ്ങനെ അവിടെ ജീവിക്കും? കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം ഞാന്‍ ഓടിപ്പോന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഇടയ്ക്ക് നാട്ടില്‍ പോകാറുണ്ട്. അച്ഛന്‍ മരിച്ചു. അമ്മ കിടപ്പിലാണ്. ഇടയ്ക്കിടെ അമ്മയെ കാണണമെന്നു തോന്നും. പോകുമ്പോഴൊക്കെ ആണായിട്ടാണ് പോകുന്നത്. ഓണത്തിനു പോയിരുന്നു. ഇന്നലെയാണ് വന്നത്. ഞാന്‍ ഇവിടെ പെണ്ണായിട്ടാണ് ജീവിക്കുന്നതെന്ന് വീട്ടുകാര്‍ക്കറിയാം. പക്ഷേ ഞാന്‍ എന്തു ജോലിയാണ് ഇവിടെ ചെയ്യുന്നത് എന്ന് അവര്‍ക്കറിയുമോ എന്ന് എനിക്കറിയില്ല.

ലൈംഗിക തൊഴിലാളികളായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. പിന്നെ ഭിക്ഷ യാചിക്കും. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി(ബതായ് വാങ്ങുക) ഞങ്ങള്‍ ഹിന്ദുവീടുകളില്‍ ചെന്ന് പാട്ടുപാടുകയും ആട്ടമാടുകയും ചെയ്യും. മറ്റെന്തെങ്കിലും ജോലി ചെയ്തു കൂടെ എന്നു ചോദിച്ചാല്‍ ആണുംപെണ്ണുമല്ലാത്ത ഞങ്ങള്‍ക്ക് ആരാണ് ജോലി തരുന്നത്? ഏത് അപേക്ഷാഫോമിലും ആണോ പെണ്ണോ എന്ന് എഴുതണ്ടേ? ഇതു രണ്ടുമല്ല. തേഡ് ജെന്‍ഡറാണെന്നൊക്കെ പറഞ്ഞാല്‍ ജോലി കിട്ടുമോ? അല്ലെങ്കിലേ എല്ലാവര്‍ക്കും ഞങ്ങളെ സംശയമാണ്. പണിയെടുക്കാന്‍ മടിച്ചു വെറുതെ ഞങ്ങള്‍ പെണ്‍വേഷം കെട്ടി നടക്കുകയാണ് എന്നാണ് പലരുടെയും ധാരണ. ഞങ്ങള്‍ അനുഭവിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ. ഇത് ഞങ്ങളുടെ ജന്മനാ ഉളള പ്രശ്‌നമാണ്. ആണായിട്ടാണ് ജനിക്കുന്നതെങ്കിലും ഞങ്ങള്‍ക്ക് പെണ്ണുങ്ങളുടെ മനസും വികാരവുമാണ്. ആരെയെങ്കിലും പറ്റിക്കാനല്ല ഞങ്ങള്‍ സാരിയുടുക്കുന്നത്.

ഞാന്‍ വന്നകാലത്ത് ഹമാമില്‍ വച്ചു സെക്‌സ്‌വര്‍ക്ക് ചെയ്താല്‍ അഞ്ചുരൂപയാണ് കിട്ടിയിരുന്നത്. അതിന്റെ പകുതി ഹമാമിന്റെ ഉടമയ്ക്കു കൊടുക്കണം. ആരെങ്കിലും വല്ലപ്പോഴും 10 രൂപയൊക്കെ തരും. അപ്പോള്‍ സ്വര്‍ഗം കിട്ടിയപോലെയാണ്. ഇപ്പോള്‍ ഹമാമില്‍വച്ചാണെങ്കില്‍ ഞങ്ങള്‍ക്ക് 100 രൂപ വരെ കിട്ടും. പുറത്തുപോയാല്‍ അഞ്ഞൂറോ ആയിരമോ ഒക്കെ കിട്ടും. ഇപ്പോള്‍ ഞാന്‍ അധികമൊന്നും സെക്‌സ്‌വര്‍ക്ക് ചെയ്യുന്നില്ല. സംഗമയില്‍ ചേര്‍ന്നതിനുശേഷവും വായിച്ചുമൊക്കെ എയ്ഡ്‌സിനെക്കുറിച്ചു ബോധം വന്നിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ എയ്ഡസ് ബോധവല്‍കരണം നടക്കുന്നുണ്ട്. ഞാന്‍ തന്നെ വേണം എന്ന് നിര്‍ബന്ധമുളള, ചില സ്ഥിരം കക്ഷികളുമായി മാത്രമേ ഇടപെടാറുളളൂ. കോണ്ടം ധരിക്കണമെന്ന് ഇപ്പോള്‍ ഞങ്ങളും നിര്‍ബന്ധം പിടിക്കുന്നുണ്ട്. മുമ്പൊന്നും ഇത് അറിയില്ലായിരുന്നല്ലോ. ഹമാമില്‍ വരുന്നവരെയൊക്കെ ഞങ്ങള്‍ സ്വീകരിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ പലര്‍ക്കും എയ്ഡ്‌സ് വന്നിട്ടുണ്ട്. എന്റെ അഞ്ചാറ് ഫ്രണ്ട്‌സ് തന്നെ എയ്ഡ്‌സ് വന്നു മരിച്ചുപോയിട്ടുണ്ട്.

ഞാന്‍(ലിംഗം ഛേദിക്കുന്ന) ഓപ്പറേഷന്‍ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ക്കിടയില്‍ നിര്‍ബന്ധമൊന്നുമില്ല. ഇഷ്ടമുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി. പക്ഷേ ചെയ്താല്‍ നല്ലതാണ്. കാരണം മുഖത്തെ മുടിയൊക്കെ താനെ കൊഴിഞ്ഞുപോകും. ശരീരം സ്ത്രീകളുടേത് പോലെ സോഫ്റ്റ് ആകും. ഞാന്‍ രണ്ടുതവണ പോയതാണ് ഡോക്ടറുടെ അടുത്ത്. രണ്ടുതവണയും ഡോക്ടര്‍ എന്നെ തിരിച്ചയച്ചു. എനിക്ക് അപസ്മാരത്തിന്റെ അസുഖം വന്നിരുന്നു. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ഫിറ്റ്‌സോ മറ്റോ വന്നാല്‍ ഞാന്‍ ഔട്ടായി പോകും എന്ന് ഡോക്ടര്‍ പറഞ്ഞു. എട്ടുകൊല്ലം മരുന്നു കഴിച്ചു. പിന്നെയും ഡോക്ടറുടെ അടുത്തുപോയി. അപ്പോഴും തിരിച്ചയച്ചു. ഓപ്പറേഷന്‍ ചെയ്തവരോടൊപ്പം നില്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. കണ്ടില്ലേ, അവള്‍ എത്ര നന്നായിരിക്കുന്നു. ശരിക്കും പെണ്ണിനെപ്പോലെ, ഓപറേഷന്‍ ചെയ്തിരുന്നെങ്കില്‍ എനിക്കും ഇങ്ങനെയൊക്കെ ആകാമായിരുന്നല്ലോ എന്നു തോന്നും.

മുമ്പൊക്കെ ഞങ്ങളുടെ ആളുകള്‍ തന്നെയാണ് ഇതു ചെയ്തു കൊടുത്തിരുന്നത്. അങ്ങനെ ചെയ്തു കൊടുക്കുന്നവരെ ദായമ്മ എന്നാണ് വിളിക്കുക. ലിംഗം കളയണമെന്നുണ്ടെങ്കില്‍ ഗുരുവിനോട് പറയണം. ഞങ്ങളുടെ ദൈവത്തിന്റെ പടത്തിനു മുമ്പില്‍ വിളക്കു കൊളുത്തി നാളികേരം ഉടയ്ക്കും. നാളികേരം കറക്ട് രണ്ടുപീസായി ഉടഞ്ഞാല്‍ ഓപ്പറേഷന്‍ ചെയ്യാമെന്നാണ് അര്‍ത്ഥം. പല കഷണങ്ങളായാല്‍ സമയം ശരിയല്ലെന്നും. രാത്രിയാണ് ഓപ്പറേഷന്‍ ചെയ്തിരുന്നത്. കടല്‍ക്കരയിലോ റെയില്‍പ്പാളത്തിന്റെ അടുത്തുവെച്ചോ ഒക്കെയാണ് ഇതു ചെയ്തിരുന്നത്. ഓപ്പറേഷനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാലോ? നമുക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നു ചോദിക്കും. സിനിമ കാണാനോ ഇറച്ചി തിന്നാനോ ഒക്കെ. എന്ത് ആഗ്രഹവും സാധിച്ചുതരും. പാലില്‍ നനച്ചുവെച്ച കത്തികൊണ്ടാണ് ചെയ്യുന്നത്. സ്വാമിയുടെ ഫോട്ടോവെച്ചു പൂജ ചെയ്യും. ആ സമയത്ത് ഒരു വിറയല്‍ പോലെ തോന്നും. സ്വാമി ദേഹത്തു കൂടുന്നതാണ്. വിറയല്‍ വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്നു പിടിക്കും. ദായമ്മ ഓപറേഷന്‍ ചെയ്യും. സ്വാമി മേല്‍കൂടിയ സമയമായതുകൊണ്ട് വേദനയറിയില്ല. പക്ഷേ, പിന്നെ ഭയങ്കര വേദനയായിരിക്കും. അതൊക്കെ പണ്ട്. ഇന്നിപ്പോള്‍ ആരും അങ്ങനെ ചെയ്യുന്നില്ല. ഡോക്ടര്‍മാരുണ്ടല്ലോ. ആറായിരമോ ഏഴായിരമോ കൊടുത്താല്‍ ഏതു ഡോക്ടറും ചെയ്തു തരും. ഒരാഴ്ച ഹോസ്പിറ്റലില്‍ കിടക്കേണ്ടിവരും. എല്ലാം കൂടി 25000 രൂപയോളമാകും. ഇത് നിയമവിരുദ്ധമല്ലേ എന്നു ചോദിച്ചാല്‍ ആണ്. ഇവിടത്തെ നിയമങ്ങള്‍ മുഴുവന്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഉളളതല്ലേ? ഹിജഡകള്‍ക്കു വേണ്ടി എന്തെങ്കിലും നിയമമുണ്ടോ? തേഡ് ജെന്‍ഡറല്ലേ ഞങ്ങള്. അതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതൊക്കെ നിയമവിരുദ്ധമാണ്. സംസാരിച്ചു വരുമ്പോള്‍ ഞങ്ങളെ ആളുകള്‍ ആണുങ്ങളായിട്ടാണ് കാണുന്നത്. ആണും ആണും ബന്ധപ്പെടുന്നത് തെറ്റായ രൂപത്തിലാണ് ആളുകള്‍ എടുക്കുന്നത്. ഞങ്ങള്‍ ആണുങ്ങളെയാണല്ലോ കസ്റ്റമേഴ്‌സ് ആക്കുന്നത്. അത് ഹോമോ സെക്ഷല്‍സ് എന്ന നിലയില്‍ തെറ്റായിട്ടാണ് കാണുന്നത്. ഞങ്ങളെപ്പോലുളളവര്‍ക്കുവേണ്ടി എന്തു നിയമമാണുളളത്? ഞങ്ങള്‍ക്കും ജീവിക്കേണ്ട? ഇപ്പോള്‍ 15 വയസു മുതല്‍ 20 വയസുവരെയുളള കുട്ടികളും ധാരാളമായി വരുന്നുണ്ട്. മുന്‍പൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. സ്റ്റുഡന്റസിനെയൊക്കെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് പേടിയാണ്. ഞങ്ങള്‍ അവരെ ചീത്തയാക്കുന്നു എന്ന പഴി കേള്‍ക്കും. ശുഭകാര്യങ്ങള്‍ക്ക് പോകുന്നതിനു മുന്‍പ് ചിലര്‍ ഞങ്ങളുടെ അടുത്ത് വരും. പത്തോ പതിനഞ്ചോ രൂപ തന്നു ഞങ്ങളുടെ കൈയില്‍ നിന്ന് ഒരുരൂപ നാണയം ചോദിച്ചുവാങ്ങും. ഞാന്‍ ഇന്ന കാര്യത്തിനു പോകുകയാണ്, മനസില്‍ ഒന്ന് ഓര്‍ത്തോളണം എന്നു പറയും.

എനിക്ക് ജീവിതത്തില്‍ ഇന്നുവരെ ഒരു പുരുഷന്റെ ഫീലിംഗ് ഉണ്ടായിട്ടില്ല. അതാണ് പറയുന്നത്, ഇത് ജന്മനാ ഉളള പ്രശ്‌നമാണെന്ന്. അത് ആരും മനസിലാക്കുന്നില്ല. ബസില്‍ സ്ത്രീകളുടെ അടുത്തിരുന്നാല്‍, ഞങ്ങളുടെ മുഖത്തേക്ക് നോക്കി, ചിലര്‍ പേടിച്ചു മാറിയിരിക്കും. ഞങ്ങളെന്താ മനുഷ്യരല്ലേ? പബ്ലിക് ടോയ്‌ലറ്റുകളിലാണെങ്കില്‍ മെന്‍, വിമന്‍ എന്നു എഴുതിയിട്ടുണ്ടാകും. ഹിജഡകള്‍ ഏതിലാണ് പോകേണ്ടത്? പക്ഷേ തേഡ് ജന്‍ഡറിനുവേണ്ടി വേറെ ടോയ്‌ലറ്റ് വേണം എന്നൊന്നും എനിക്ക് അഭിപ്രായമില്ല. സാരിയുടുത്ത ഹിജഡകള്‍ക്ക് പെണ്ണുങ്ങളുടേതിലും അല്ലാത്തവര്‍ക്ക് ആണുങ്ങളുടേതിലും പോകാം.

സ്ത്രീകള്‍ അനുഭവിക്കുന്ന പല ദുരിതങ്ങളും ഞങ്ങളും അനുഭവിക്കുന്നുണ്ട്. ഈയിടെ ഒരു ഹിജഡയെ ഏഴ് ആണുങ്ങള്‍ ചേര്‍ന്നു ബലാല്‍സംഗം ചെയ്തു. ഏഴുപേരെ കണ്ടപ്പോള്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടമായില്ല. വലിച്ചിഴച്ചു കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ഞങ്ങള്‍ക്ക് സഹായത്തിന് ഒരു നിയമവുമില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രം ഉളളതാണ്. ഐ.പി.സി 377 മാറ്റണം എന്നാണ് എന്റെ അഭിപ്രായം. അത് ഞങ്ങളെപ്പോലെയും ലെസ്ബിയന്‍സിനെയും ഗേ ആയിട്ടുളളവരയുമൊക്കെ നിയമവിരുദ്ധരാക്കുകയാണ്. ഞങ്ങളെ അംഗീകരിച്ചാല്‍ എന്താണ്?

hijda

ഞങ്ങള്‍ക്ക് ചിലപ്പോള്‍ പ്രേമമൊക്കെ ഉണ്ടാവാറുണ്ട്. ചിലര്‍ക്ക് ഭര്‍ത്താക്കന്മാരുമുണ്ട്. എനിക്ക് ആറുകൊല്ലം ഒരു ഭര്‍ത്താവുണ്ടായിരുന്നു. സുരേന്ദ്രന്‍ എന്നായിരുന്നു പേര്. ഇടയ്ക്ക ഞാന്‍ വാടകയ്ക്ക് ഒരു സ്ഥലത്ത് താമസിച്ചിരുന്നു. എതിര്‍വീട്ടില്‍ വാടകക്കാരനായി വന്നതായിരുന്നു സുരേന്ദ്രന്‍. മലയാളിയാണ്. സൂപ്പര്‍വൈസര്‍ ജോലിയായിരുന്നു. ഞങ്ങള്‍ പരിചയത്തിലായി. പിന്നെ അടുപ്പത്തിലായി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ വീട്ടിലേക്ക് താമസം മാറ്റി. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ആറുകൊല്ലം ജീവിച്ചു. അപ്പോഴും ഞാന്‍ സെക്‌സ്‌വര്‍ക്കിന് പോകുമായിരുന്നു. അതില്‍ സുരേന്ദ്രനു പരാതിയൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച സുരേന്ദ്രനു ഓഫീസില്ലാത്തതിനാല്‍ ഞാനും വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. രാവിലെ എണീക്കുമ്പോള്‍ ചായയുണ്ടാക്കിക്കൊടുക്കും. ചോറും കറിയും വെച്ചുകൊടുക്കും. തുണിയൊക്കെ അലക്കിക്കൊടുക്കും. ഓഫീസില്‍ പറഞ്ഞയയ്ക്കും. ശരിക്കും ഒരു ഭാര്യയെപ്പോലെ. ഞങ്ങള്‍ക്ക് നല്ല ഇഷ്ടമായിരുന്നു. എനിക്കുവേണ്ടി മാസം നാലായിരം രൂപയോളം ചെലവാക്കുമായിരുന്നു. അതിനിടയില്‍ കല്യാണക്കാര്യം പറഞ്ഞുകൊണ്ട് നാട്ടില്‍നിന്ന് അമ്മയുടെ കത്തുകള്‍ വന്നു തുടങ്ങി. എന്നോട് ഇക്കാര്യം പറയാന്‍ വിഷമമായതുകൊണ്ട് സുരേന്ദ്രന്‍ ഒരുദിവസം അമ്മയുടെ കത്തുകള്‍ മേശപ്പുറത്തുവച്ചു പോയി. അമ്മ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്തിനാ അവരെയൊക്കെ വിഷമിപ്പിച്ചിട്ട് . കല്യാണം കഴിഞ്ഞ എന്റെയടുത്ത് വന്നാല്‍ ഞാന്‍ ചായയും ചോറുമൊക്കെ തരും, പക്ഷേ മറ്റൊന്നും ഉണ്ടാവരുത് എന്നൊക്കെ ഞാന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ് സുരേന്ദ്രന്‍ നാട്ടില്‍ നിന്നു ഭാര്യയെയും കൂട്ടി വന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സുരേന്ദ്രന്റെ ഭാര്യക്ക് വിഷമമായി. അവര്‍ തമ്മില്‍ പ്രശ്‌നമൊന്നുമുണ്ടാവാതിരിക്കാന്‍ ഞാന്‍ അള്‍സൂറിലെ ഹമാമിലേക്കുതന്നെ തിരിച്ചുപോയി. സുരേന്ദ്രന്‍ ഇടയ്ക്ക് എന്നെ കാണാന്‍ ഹമാമില്‍ വരാറുണ്ടായിരുന്നു. രണ്ടുമൂന്ന് മണിക്കൂറൊക്കെ എന്റെ അടുത്തിരിക്കും. കല്യാണം കഴിച്ചതിന്റെ പേരില്‍ സുരേന്ദ്രനോട് എനിക്കൊരിക്കലും ദേഷ്യം തോന്നിയിട്ടില്ല. പിന്നീട് ഒരിക്കലും എനിക്ക് ഒരു ഭര്‍ത്താവുണ്ടായിട്ടില്ല.(ആറുവര്‍ഷം മുന്‍പ് സുരേന്ദ്രന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു. ജെറീന ഇപ്പോഴും പേഴ്‌സിനുളളില്‍ സുരേന്ദ്രന്റെ ഫോട്ടോ കൊണ്ടുനടക്കുന്നു). ഈ ശ്രീദേവിക്ക് ഒരു ഭര്‍ത്താവുണ്ട്. അയാള്‍ തമിഴ്‌നാട്ടിലാണ്. ഇടയ്ക്കിടെ വരും. ശ്രീദേവിയെ നന്നായി നോക്കും. എല്ലാ വര്‍ഷവും തമിഴ്‌നാട്ടിലെ വിഴുപുരുത്ത് ഹിജഡകളുടെ സംഗമം നടക്കാറുണ്ട്. അതില്‍ പങ്കെടുക്കാന്‍ ശ്രീദേവി പോയപ്പോഴാണ് അയാള്‍ കണ്ടത്. അങ്ങനെയൊക്കെയാവുമ്പോഴും ഞങ്ങള്‍ സെക്‌സ്‌വര്‍ക്ക് ചെയ്യുന്നതില്‍ അവര്‍ക്ക് പരാതിയൊന്നുമില്ല. ഞാനും ഇടയ്‌ക്കൊക്കെ ഹിജഡകളുടെ സംഗമത്തിന് പോകാറുണ്ട്. പക്ഷേ ഇത് ഏപ്രിലിലാണ് നടക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ അതേസമയത്ത്. ചിലവര്‍ഷം ഞാന്‍ പൂരത്തിനാണ് പോകുന്നത്.

ചിലപ്പോള്‍ വല്ലാതെ വിഷമം തോന്നും. എന്തുതരം ജീവിതമാണ് ഇത്? ആണിന്റേയോ പെണ്ണിന്റേയോ ജീവിതം തങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലേല്ലാ. ഏതെങ്കിലും ഒരു ജീവിതമെങ്കിലും പൂര്‍ണമായി അനുഭവിക്കാന്‍ പറ്റിയിരുന്നെങ്കിലും എന്നൊക്കെ തോന്നും. രണ്ടുമല്ലാതെ ഇങ്ങനെ........ പക്ഷേ വിഷമിച്ചിട്ട് എന്താണ് കാര്യം? അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നു. ഒരുതരത്തില്‍ നോക്കിയാല്‍ ഞങ്ങള്‍ക്ക് നല്ല ഒത്തൊരുമയുണ്ട്. പുറത്തുനിന്നാരെങ്കിലും ഞങ്ങള്‍ക്കെതിരേ തിരിഞ്ഞാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടാകും. ഇവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ജാതിയും മതവും ഒന്നുമില്ല. എല്ലാവരും ഹിജഡകളാണ്. ഞങ്ങള്‍ പൊതുവായി ആഘോഷിക്കുന്നത് ബക്രീദും റംസാനുമൊക്കെയാണ്. ദക്ഷിണേന്ത്യയിലെ ഹിജഡകള്‍ ഹൈദരാബാദ് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടാണ് ഞങ്ങളിതൊക്കെ ആഘോഷിക്കുന്നത്. അതേസമയം ഞങ്ങള്‍ക്കിടയിലേക്ക് ഏറ്റവും കുറവ് ആളുകള്‍ വരുന്നത് മുസ്ലിം സമുദായത്തില്‍ നിന്നാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ് കൂടുതല്‍. എസ്.സി വിഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വരുന്നത്. വലിയ കുടുംബങ്ങളില്‍ ജനിച്ചവര്‍ കുടുംബത്തിന്റെ അന്തസിനുവേണ്ടി ഇതൊക്കെ ഒളിപ്പിച്ചു ജീവിക്കും.

ഞങ്ങള്‍ സാരിയുടുത്ത ഹിജടകള്‍ക്ക് ഞങ്ങളുടേതായ നിയമങ്ങളൊക്കെയുണ്ട്. ഷേവ് ചെയ്യാന്‍ പാടില്ല, മുടിവെട്ടാന്‍ പാടില്ല, വാഹനം ഓടിക്കാന്‍ പാടില്ല എന്നൊക്കെ. ഞങ്ങള്‍ ഷേവ് ചെയ്യുന്നതിനുപകരം പ്ലക്കര്‍ ഉപയോഗിച്ച് രോമം പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്താല്‍ മതി. ഷേവ് ചെയ്താല്‍ ഞങ്ങളുടെ ജുമാഅത്ത്(മീറ്റിംഗ്) കൂടുമ്പോള്‍ ദണ്ഡ്(പിഴ) കൊടുക്കേണ്ടിവരും. ഇപ്പോള്‍ ആരും ഈ നിയമങ്ങളൊന്നും കര്‍ശനമായി പാലിക്കാറില്ല. എല്ലാം ഫാഷനല്ലേ? ബ്രെസ്‌റ്റൊക്കെ സ്ത്രീകളുടേതുപോലെ വലുതാക്കാന്‍ ഞങ്ങള്‍ സിലിക്കണ്‍ വയ്ക്കുന്ന ഓപ്പറേഷന്‍ നടത്താറുണ്ട്. ഒക്കെ ചെലവുളള പരിപാടികളാണ്. ഞങ്ങള്‍ക്കിടയിലുമുണ്ട് അസൂയയും വിദ്വേഷവുമൊക്കെ. ഒരാള്‍ നന്നാകുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടമാകില്ല. കണ്ടോ, ഈ വഴക്കും ബഹളുവുമൊക്കെ? മടുക്കും ചിലപ്പോള്‍. ഞങ്ങള്‍ക്ക് അന്നന്നത്തെ ജീവിതമേയുളളൂ. ഭാവിയെക്കുറിച്ചൊന്നും ആലോചിക്കാറില്ല. ഞങ്ങളൊക്കെ നന്നായി കുടിക്കും. പക്ഷേ സാരിയുടുത്തവര്‍ ഷാപ്പില്‍ ചെന്നിരുന്നത് കുടിക്കരുത് എന്നു ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

എത്ര ദുരിതമുണ്ടെങ്കിലും ഞങ്ങളുടെ ഇടയില്‍ നിന്ന് ഈ ജീവിതം വിട്ടു ആരും സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുപോകാറില്ല. പോയാല്‍ത്തന്നെ ഞങ്ങളെ സ്ത്രീകളെപ്പോലെ ജീവിക്കാന്‍ നാട്ടുകാരും വീട്ടുകാരും സമ്മതിക്കുകയുമില്ല. ചിലരെയൊക്കെ വീട്ടുകാര്‍ നിര്‍ബന്ധിച്ച്, മുടിയൊക്കെ വെട്ടിച്ച്, നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയി കല്യാണം കഴിപ്പിക്കും. അവരൊക്കെ തിരിച്ച് ഇവിടെത്തന്നെ എത്തും. കല്യാണം കഴിഞ്ഞതിനുശേഷം, വീടുവിട്ട് ഓടിപ്പോന്ന് ഞങ്ങളുടെ കൂടെ ചേരുന്നവരുണ്ട്. പക്ഷേ, ഞങ്ങളുടെ ഇടയില്‍ നിന്ന് ഓടിപ്പോയി, നാട്ടില്‍ സുഖമായി ജീവിക്കുന്ന ഒരാളും എന്റെ അറിവിലില്ല.

ഞങ്ങള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം വീട്ടിലും നാട്ടിലുമൊക്കെത്തന്നെ ജീവിക്കാനാണ് ഇഷ്ടം. പക്ഷേ ആണായിട്ട് പറ്റില്ല. പെണ്ണായിത്തന്നെ ജീവിക്കണം. അതിനു സമൂഹം സമ്മതിക്കുമോ? ഞങ്ങളോടൊപ്പമുളള കാവേരിയെ കുടുംബത്തില്‍ നിന്ന് അടിച്ചോടിക്കുകയായിരുന്നു. വീട്ടുകാരെ കാണാന്‍ പോലും ഒന്നു പോകാന്‍ അവളെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇങ്ങനെയൊരാള്‍ കുടുംബത്തിലില്ല എന്നു പറഞ്ഞ് എഴുതിത്തളുകയായിരുന്നു. അവളെ എന്തുമാത്രം പീഡിപ്പിച്ചു. അവള്‍ എത്രവേദന അനുഭവിച്ചു. ഒടുവില്‍ ഈയിടെയാണ് കാവേരിക്ക് വീട്ടില്‍ പോകാന്‍ കഴിഞ്ഞത്. അച്ഛനെയും അമ്മയെയും നോക്കാന്‍ കാവേരിയുടെ സഹോദരങ്ങള്‍ തയാറായില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് നീയെയുളളൂ എന്നൊക്കെ പറഞ്ഞ് അവളെ വിളിച്ചു. ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കാവേരി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് അടുത്തുതന്നെ പ്രസിദ്ധീകരിക്കും.

കേരളത്തില്‍ എനിക്കു സ്ത്രീയായി ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ബാംഗ്ലൂരിലേക്കു വന്ന് ഇങ്ങനെയൊരു ജീവിതം നയിക്കുമായിരുന്നില്ല. ഓരോ തവണ നാട്ടില്‍ വരുമ്പോഴും ദിവസങ്ങളെടുക്കും ഹമാമിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍. നാട്ടിലെ വീട് നല്ല സൗകര്യമുളള വലിയ വീടാണ്. നാട്ടില്‍ നിന്നു ഹമാമിലെത്തിയാല്‍ കുറച്ചു ദിവസത്തേക്ക് ഭക്ഷണം പോലും ഇറങ്ങില്ല. പക്ഷേ എന്തു ചെയ്യാനാ, സാക്ഷരതയും വിദ്യാഭ്യാസവുമൊക്കെയുണ്ട്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ട് എന്താകാര്യം? കേരള ഹിജഡകളെ അംഗീകരിക്കുമോ? നിങ്ങള്‍ക്കറിയുമോ, ആയിരക്കണക്കിന് ഹിജഡകളുണ്ട് കേരളത്തില്‍. ആരെയെങ്കിലും പുറത്തുകാണാറുണ്ടോ? എല്ലാവര്‍ക്കും പേടിയാണ്. വല്ലാതെ ഒറ്റപ്പെടുത്തും. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ആരും അന്വേഷിക്കില്ല. സത്യം പറയട്ടെ, കേരളത്തില്‍ മനുഷ്യത്വം കുറവാണ്. ഞങ്ങളെപ്പോലുളളവരെ അംഗീകരിക്കാന്‍ കേരളം ഇനിയും തയാറായിട്ടില്ല. പാര്‍ക്കിലൊക്കെ ഇരിക്കുന്നതു കണ്ടാല്‍ പിടിക്കും, അഞ്ചാറടിയടിക്കും. അത്രതന്നെ. ഇവിടെ ഒന്നുമില്ലെങ്കിലും ഞങ്ങളോട് നാട്ടുകാര്‍ കുറെക്കൂടി മനുഷ്യത്വത്തോടെ പെരുമാറും.

ഞാനോ, മറ്റാരെങ്കിലുമോ ഇതൊന്നും ഒറ്റയ്ക്ക് പറഞ്ഞിട്ടു കാര്യമില്ല. പത്തു മുപ്പതു പേരെങ്കിലും മുന്നോട്ടുവരട്ടെ. തങ്ങളുടെ അവസ്ഥ തുറന്നുപറയാന്‍ തയാറാവട്ടെ. അങ്ങനെയായാല്‍ മാത്രമേ ഞങ്ങള്‍ അനുഭവിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നമാണെന്ന് സമൂഹം അംഗീകരിക്കുകയുളളൂ. ഇപ്പോള്‍ ചാന്ത്‌പൊട്ട് എന്നൊരു സിനിമ കളിക്കുന്നുണ്ട് കേരളത്തില്‍. രാധാകൃഷ്ണന്‍ എന്നൊരാളെ രാധേ രാധേ എന്നു വിളിക്കുന്ന ഒരു സിനിമ. അതിലെ നായകന്‍ പെണ്ണിനെപ്പോലെ നടക്കുന്നുണ്ടെങ്കിലും അയാള്‍ ആണു തന്നെയാണ്. ഞങ്ങളുടെ പ്രശ്‌നം അതല്ല.

Post your comments.

Name:

Email:
(optional):

Please enter
your comments:

മറച്ചുവെക്കാന്‍ ജെറീന ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമാണ്. നാട്ടിലെ മേല്‍വിലാസം. കേരളത്തിലുളളവര്‍ക്ക് പൊതുവെ മനുഷ്യത്വം കുറവാണെന്നാണ് അവരുടെ അഭിപ്രായം. കേരളത്തില്‍ ആയിരക്കണക്കിന് ഹിജഡകളുണ്ടെങ്കിലും തങ്ങളുടെ ലൈംഗിക അസ്തിത്വം വെളിപ്പെടുത്താന്‍ ഭയന്ന് അവര്‍ പുരുഷവേഷങ്ങള്‍ക്കുളളില്‍ അഭയം തേടുകയാണെന്നും ജെറീന പറയുന്നു.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org