logo malayalam
| സമൂഹം |

ചില ബവേറിയന്‍ വര്‍ത്തമാനങ്ങള്‍

പി എന്‍ വേണുഗോപാല്‍, ആര്‍ ശ്രീദേവി
28/04/2012

lenin house
ലെനിന്‍ ഹൗസ്

46, കൈസര്‍ സ്ട്രീറ്റ്, മ്യൂണിക്. ഈ വിലാസത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ രഹസ്യപ്പോലീസില്‍ നിന്ന് രക്ഷപ്പെടുവാന്‍ ലെനിന്‍ ഒളിവില്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്‌. എന്റെ സുഹൃത്തും ഞങ്ങളുടെ ജര്‍മനിയിലെ ആതിഥേയനുമായ ക്ലോസ് ലീബിഗ് കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ വീട്ടിലാണ്‌ താമസം.മി. മെയര്‍ എന്ന വ്യാജപ്പേരിലാണ്‌ ലെനിന്‍ അവിടെ തങ്ങിയിരുന്നത്. അന്ന് അദ്ദേഹം അവിടെ ഉപേക്ഷിച്ചുപോയ പുസ്തകങ്ങളില്‍ ചിലത് ഇന്നും ക്ലോസിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്.

രണ്ടാം ലോകയുദ്ധത്തെ പരാമര്‍ശിക്കാതെ ജര്‍മനിയെക്കുറിച്ച് ഒന്നും എഴുതാനാവില്ല എന്നു പറയാറുണ്ട്. രണ്ടാം ലോകയുദ്ധം തുടങ്ങി ഏഴാം ദിവസം ജനിച്ച ക്ലോസിന്‌ യുദ്ധക്കെടുതികളും വിശേഷിച്ച് കീഴടക്കപ്പെട്ട ജനതയുടെ ദുരിതങ്ങളും അപമാനങ്ങളും സഹിക്കേണ്ടിവന്നു.ഇരുപതു വയസ്സുള്ളപ്പോള്‍ ഒരുപറ്റം ചെറുപ്പക്കാരുടെയൊപ്പം മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു സാഹസികയാത്രയ്ക്കു പോയി. അവരുടെ സാഹസികതകളുടെ റിപ്പോര്‍ട്ടുകള്‍ ജര്‍മന്‍ പത്രങ്ങള്‍ക്കു കൊടുക്കുക എന്നതായിരുന്നു ക്ലോസിന്റെ ജോലി. 1962 ല്‍ ആ സംഘം അമേരിക്കയിലെത്തിയപ്പോള്‍ ക്ലോസ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ച് ടെമ്പിള്‍ടണ്‍ സര്‍‌വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍ ചേര്‍ന്നു. റെസ്ടോറന്റുകളില്‍ പാത്രം കഴുകിയും പിന്നീട് വെയ്റ്ററായി പണിയെടുത്തും പഠിക്കാനും ജീവിക്കാനും വേണ്ട പണം കണ്ടെത്തി. ജര്‍മനിയില്‍ നിന്നെത്തുന്നവര്‍ക്ക് ഗ്രീന്‍‌കാര്‍ഡ് നല്‍കുന്ന സമ്പ്രദായം ഉണ്ടായിരുന്നതുകൊണ്ട് ക്ലോസിനും കിട്ടി ഒന്ന്. അപ്പോഴേയ്ക്കും വിയറ്റ്നാം യുദ്ധം തുടങ്ങിയിരുന്നു. ഗ്രീന്‍‌കാര്‍ഡ് ഉള്ളവരെല്ലാം വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് അശിനിപാതം പോലെ ഒരു കല്പന വന്നു. അവസാന സെമെസ്റ്ററില്‍ എത്തിയിരുന്ന ക്ലോസ്, കോഴ്സ് പൂര്‍ത്തിയാക്കാതെ അമേരിക്കയില്‍നിന്ന് മുങ്ങി. യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നതിന്‌ ഒരു കാലിഫോര്‍ണിയ കോടതി അദ്ദേഹത്തെ മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.(പിന്നീടിതുവരെ ക്ലോസ് അമേരിക്കയില്‍ കാലെടുത്തു കുത്തിയിട്ടില്ല.) ഒരു ഇടതുപക്ഷ ചിന്തകനും അധ്യാപകനും ഒക്കെ ആയിരുന്ന ക്ലോസ് 'ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ഒഫ് ബവേറിയ' യുടെ ഡയറക്ടറായി വിരമിച്ചു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി കേരളത്തിലെ സ്ഥിരം സന്ദര്‍ശകനായ ക്ലോസ്, ഗ്ലോബലൈസേഷന്‍ കേരളത്തെ എങ്ങനെ ബാധിച്ചു എന്ന് അന്വേഷിക്കുന്ന 'ക്ലൗഡ്സ് ഓവര്‍ കേരള' എന്ന ഒരു ഡോക്കുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്.

കാലത്ത് ആറുമണിയുടെ 14 ഡിഗ്രി കുളിരും തണുത്ത കാറ്റും ആസ്വദിച്ച് മ്യൂണിക് വിമാനത്താവളത്തിനു പുറത്ത് ക്ലോസിനേയും ക്ലോസിന്റെ ഭാര്യ ബാര്‍ബരയേയും കാത്തുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ അബുദാബിയില്‍ വന്നിറങ്ങിയപ്പോള്‍ പൈലറ്റ് നടത്തിയ അനൗണ്‍സ്‌മെന്റ് ഓര്‍ത്തു പോയി. "ലോക്കല്‍ സമയം രാത്രി 12.30 പുറത്തെ താപനില 53 ഡിഗ്രി സെല്‍ഷ്യസ് ! " അതിലും എത്രയോ ഭേദം ഈ തണുപ്പ്!

70 -ആം വയസ്സിലും ചുറുചുറുക്ക് ഒട്ടും നഷ്ടപ്പെടാത്ത ബാര്‍ബരയാണ് കാറോടിച്ചത്. ഗോതമ്പു വയലുകളുടെയും പുല്‍മേടുകളുടേയും മധ്യത്തിലൂടെയുള്ള ഹൈവേ. വിജനമായ റോഡുകള്‍. രാവിലെ ആയതുകൊണ്ടും ഹൈവേയില്‍ പല ഭാഗങ്ങളിലും കാല്‍നട നിരോധിച്ചിരിക്കുന്നതുകൊണ്ടും ആവാം ജനത്തെ കാണാത്തതെന്ന് ആദ്യം കരുതി. അതും ഒരു കാരണമാണെങ്കിലും പ്രധാന കാരണം ജര്‍മനിയില്‍ ജനങ്ങള്‍ കുറവാണ്‌ എന്നതു തന്നെ. ഇന്ത്യയില്‍ ജനസംഖ്യ119 കോടിയെങ്കില്‍ ജര്‍മനിയില്‍ കേവലം 9 കോടി. ജന സാന്ദ്രത ഇന്ത്യയില്‍ ഒരു ച.കി.മീ യ്ക് 363 എങ്കില്‍ ജര്‍മനിയില്‍ വെറും 229.

new townhall
ക്ലോസ് ലീബിഗ്, ബാര്‍ബര

ലെനിന്‍ താമസിച്ചിരുന്ന ക്ലോസിന്റെ വീട്ടിലേയ്ക്കല്ല, ബാര്‍ബരയുടെ വീട്ടിലേയ്ക്കാണ് ഞങ്ങള്‍ പോയത്. (ഭാര്യാ ഭര്‍ത്താക്കന്‍‌മാരെങ്കിലും ഇരുവര്‍ക്കും ഓരോ വസതികളുണ്ട്. പല ദിവസങ്ങളിലും വെവ്വേറെയാണ്‌ താമസവും. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. അവനവന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ടു തന്നെ പങ്കാളികളായി ജീവിച്ചാല്‍ ആദ്യ ദാമ്പത്യങ്ങള്‍ക്കു മങ്ങലേല്പിച്ച ഒന്നും ആവര്‍ത്തിക്കില്ലാ എന്ന ആശയില്‍ നിന്നാണ്‌ ഇങ്ങനെയൊരു തീരുമാനം എന്നാണ്‌ സംഭാഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മനസിലാക്കിയത്). മഹായുദ്ധത്തിന്‌ ഒരുക്കുകൂട്ടിക്കൊണ്ടിരുന്നപ്പോള്‍ ഹിറ്റ്ലര്‍ മ്യൂണിക്കില്‍ വന്‍ പ്ട്ടാളബാരക്കുകള്‍ നിര്‍മ്മിച്ചിരുന്നു. യുദ്ധാവസാനം അവ അമേരിക്കന്‍ അധിനിവേശ സേനയുടെ ബാരക്കുകളായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ സാന്നിദ്ധ്യം നാമമാത്രമായതോടെ ആ ബാരക്കുകള്‍ ഒഴിഞ്ഞു. അവ ക്രമേണ ഹൗസിങ് കോളണികളായി മാറി. സ്ത്രീകളുടെ സഹകരണ സംഘങ്ങളാണ്‌ അവയുടെ ഉടമസ്ഥര്‍. ഇടയ്ക്ക് കൂറ്റന്‍ മതിലുകളില്ലാത്ത ഭവന സമുച്ചയങ്ങള്‍. ഉള്ള വേലികളില്‍ മുന്തിരി വള്ളികള്‍ പടര്‍ത്തിയിരിക്കുന്നു. കൊതിപ്പിക്കുന്ന പഴങ്ങളുമായി പീച്ച്‌ മരങ്ങള്‍.

പല തരത്തിലുള്ള ബ്രെഡ്ഡുകള്‍, വെണ്ണ, ചീസ്, സോസെജസ്, വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം. കാപ്പികുടി കഴിഞ്ഞപ്പോള്‍ ബാര്‍ബര സ്റ്റോറില്‍നിന്ന് ഒരു ഇഡ്ഡലി കുക്കര്‍ എടുത്തുകൊണ്ടു വന്നു.കുറേനാള്‍ ഡല്‍ഹിയില്‍ കഴിഞ്ഞിട്ടുള്ള മരുമകള്‍ ബാര്‍ബരയ്ക്ക് സമ്മാനിച്ചതാണത്.ഞങ്ങള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പു തന്നെ ബാര്‍ബര ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു, ഇഡ്ഡലി ഉണ്ടാക്കാന്‍ പഠിപ്പിക്കണമെന്ന്.മ്യൂണിക്കില്‍ ഏഷ്യാ ഷോപ് എന്നൊരു സൂപ്പര്‍ മാര്‍ക്കറ്റുണ്ട്.ഏഷ്യന്‍ വംശജര്‍ക്കു വേണ്ടതെല്ലാം അവിടെയുണ്ട്. പലതരം അരികള്‍,ഉഴുന്ന്, തുവര, കടല, ചീര, മല്ലിയില, ഇഞ്ചി, കപ്പ, പലതരം മസാലകള്‍. ബാര്‍ബര ഞങ്ങളെ അവിടേയ്ക്കു കൊണ്ടുപോയി. ഒരു പായ്കറ്റ് അരിയും അര കിലോ ഉഴുന്നു പരിപ്പും വാങ്ങി. സാംബാര്‍ ഉണ്ടാക്കാന്‍ ഒരു മുള്ളങ്കിയും കുറച്ചു മല്ലിയിലയും.

തിരിച്ച് വീട്ടിലെത്തിയപ്പോഴല്ലെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാകുന്നത്! ബാര്‍ബരയ്ക്ക് മിക്സര്‍, ഗ്രൈന്‍ഡര്‍ എന്നിവ ഒന്നുമില്ല. കണ്ടിട്ടു പോലുമില്ല. അവരുടെ ജീവിതത്തില്‍ അരകല്ലിന്റെയോ ആട്ടുകല്ലിന്റെയോ അവയുടെ ആധുനിക രൂപങ്ങള്‍ക്കോ ഒരു സ്ഥാനവും ഉണ്ടായിരുന്നിട്ടില്ല. സൂപ്പുണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ഉടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഒരു ബ്ലന്‍ഡര്‍ കൊണ്ടുവന്ന് ബാര്‍ബര ചോദിച്ചു, "ഇതു പോരേ?" അപ്പോഴേയ്ക്കും ക്ലോസ് എന്റെ രക്ഷയ്ക്കെത്തി. ഗ്രാമത്തിലുള്ള അവരുടെ ഫാം ഹൗസില്‍ പശുവിനുള്ള തീറ്റ തയാറാക്കാന്‍ പണ്ടെന്നോ ഉപയോഗിച്ചിരുന്ന ഒരു തിരികല്ലുണ്ട്. അവിടെ പോകുമ്പോള്‍ ഇഡ്ഡലിയുണ്ടാക്കാം. അങ്ങിനെയാകട്ടെ എന്നു ബാര്‍ബരയും സമ്മതിച്ചു.


>>> Page 2

 


The Quest Features and Footage

Vasudha, Vikas Nagar, Kochi-682019
email: info@questfeatures.org