logo malayalam

| സാഹിത്യം | സംസ്‌കാരം |

ഗാന്ധി — വരയിലും തിളക്കം

സുന്ദര്‍, നാന്‍സി

[മാതൃഭൂമി വാരാന്തപ്പതിപ്പിൽ 2005 ഒക്ടോബർ 2 ന് പ്രസിദ്ധീകരിച്ച ലേഖനം]

OV Vijayan's cartoon of Gandhi
ഒ. വി. വിജയന്‍റെ കാര്‍ട്ടൂണ്‍

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ മരണാനന്തരം മഹാത്മാ ഗാന്ധിയോളം എല്ലാ അര്‍ഥങ്ങളിലും കാര്‍ട്ടൂണ്‍ കഥാപാത്രമാവാന്‍ വിധിക്കപ്പെട്ട മറ്റൊരു മനുഷ്യനുണ്ടാവില്ല. നല്ലതുപറയാന്‍ ഇടം തരാത്തൊരു പരിഹാസ്യകലാരൂപത്തില്‍ ഗാന്ധിജി തിളങ്ങുന്ന കഥാപാത്രമാവുന്നത് കാര്‍ട്ടൂണിങ്ങിന്റെ തനതു സവിശേഷത. നാടും നാട്ടാരും രാഷ്ട്രീയക്കാരും ചരിത്രത്തിന്റെ നോക്കുകുത്തി പ്രതിമയാക്കിമാറ്റിയ രാഷ്ട്രപിതാവ്. മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന പോലീസ് സ്റ്റേഷനുകളിലും പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന കോടതികളിലും നക്കിയൊട്ടിക്കാനും ആഞ്ഞു സീലുകുത്താനും സ്റ്റാമ്പുകളിലും കള്ളപ്പണത്തിന്റെയും കൈക്കൂലിയുടെയും കറന്‍സിയായി നോട്ടുകളിലും ഒരേസമയം മൂല്യത്തിന്റെയും അതിലൂടെ മൂല്യചുതിയുടേയും ശാന്തശക്തമായ മറ്റൊരു പ്രതീകം വേറേതൊരു രാജ്യത്തെ ഹാസ്യചിത്രകലാകാരന്മാര്‍ക്ക് സ്വപ്നം കാണാനാവും? അതുകൊണ്ടുതന്നെയാവും, മരണാനന്തര ബഹുമതിപോലെ ആദര്‍ശങ്ങളുടെ നഷ്ടവ്യസനങ്ങളുടെ മൂല്യമൂര്‍ത്തിയായി ഗാന്ധിജി കാര്‍ട്ടൂണുകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നതും വിദേശകാര്‍ട്ടൂണിസ്റ്റുകള്‍ മൂല്യാധിഷ്ടത്തിന്റേയും അക്രമരാഷ്ട്രീയത്തിന്റെയും ചിഹ്നമായി ഗാന്ധിജിയെ കാലാകാലധര്‍മച്യുതികളില്‍ ഓര്‍ക്കുന്നതും.

Sundar
സുന്ദര്‍ — 1953-2016

കാര്‍ട്ടൂണ്‍ ഗവേഷകൻ, ചരിത്രകാരന്‍, കഥാകൃത്ത്, സാഹിത്യ നിരൂപകന്‍, വിവര്‍ത്തകന്‍. ഒ വി വിജയന്‍റെ കാർട്ടൂണുകളും വീക്ഷണങ്ങളും അവതരിപ്പിക്കുന്ന 'ട്രാജിക് ഇഡിയ'ത്തിന്റെ എഡിറ്റർ. കേരളത്തിലെ മാനസികരോഗ ചികിത്സയെക്കുറിച്ചുള്ള 'ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ' എന്ന കൃതിയുടെയും നിരവധി ചെറുകഥകളുടെയും രചയിതാവ്. ഒബ്രി മേനന്റെ 'ഹൃദയത്തിനുള്ളിലെ ഇടം' എന്ന കൃതിയുടെ വിവർത്തകൻ. ചലച്ചിത്ര, സംഗീത, സാഹിത്യ വിമർശകൻ. ഇന്ത്യയിലെയും ലോകത്തിലെതന്നെയും കാർട്ടൂണുകളുടെ ചരിത്രവും ഗതിയും സൂക്ഷ്മമായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്ത കാർട്ടൂൺ ഉപാസകൻ. നാൻസിയുമായി ചേർന്ന് 'Cartooning the Iraq War : No Laughing Matter' എന്ന പ്രബന്ധം International Journal of Comic Art (IJCA) ൽ 2006ൽ പ്രസിദ്ധീകരിച്ചു.
*
ഡോ. നാൻസി ഹഡ്സൺ റോഡ്
ആസ്ത്രേലിയയിലെ എഡിത് കോവൻ യൂണിവേർസിറ്റിയിൽ ഇന്ത്യൻ കാർട്ടൂൺ ചരിത്ര ഗവേഷണത്തിൽ സുന്ദറിന്റെ ഗൈഡ് ആയിരുന്നു. ഇപ്പോൾ ടാസ്മാനിയ യൂണിവേർസിറ്റിയിലെ ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് അസ്സൊസിയേറ്റ്.


കാര്‍ട്ടൂണ്‍ വര സത്യഗ്രഹമാക്കിമാറ്റിയ, ഇന്ത്യന്‍ കാര്‍ട്ടൂണിങ്ങിന് ഒരാരവത്തിലൂടെ മാന്യതനേടിക്കൊടുത്ത ശങ്കര്‍, നാട് സ്വതന്ത്രമായപ്പോള്‍ ഒരു ഗാന്ധി കാര്‍ട്ടൂണ്‍ വരച്ചു. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരു രാഷ്ട്രത്തെ വഴികാട്ടി നയിക്കുന്ന ഒരു ദേശീയ പോസ്റ്റര്‍. പ്രതീക്ഷയുടെ ഒരു ബ്ലൂപ്രിന്റ്. പിന്നീട് ശങ്കേഴ്സ് വീക്ക് ലിയില്‍ 'മാന്‍ ഓഫ് ദ വീക്കിന് ശങ്കര്‍ വരച്ച കാരിക്കേച്ചര്‍ ഒറ്റ രേഖകൊണ്ടു മുഴുമിപ്പിച്ച ഒരു ഗാന്ധി ഔട്ട്‌ലൈന്‍ മാത്രം -ആ ചിത്രത്തിലൂടെ ഗാന്ധിസത്വം തെളിയുമ്പോള്‍ ഇന്നും അത്ഭുതം, അതിലേറെ ഒരു രൂപരേഖകൊണ്ട് മാത്രം ആര്‍ക്കും തിരിച്ചറിയാവുന്ന രൂപഭാവങ്ങള്‍, ഗാന്ധിജിയുടെ ലാളിത്യം കൃത്യമായി ഉള്‍ക്കൊണ്ട് വരച്ച രേഖാചിത്രം.

'ഒക്ടോബര്‍ 2-ആം തിയ്യതി നമുക്കു ചിരിക്കാം' എന്ന് ശങ്കേഴ്സ് വീക്ക്‌ലി നമ്മോടൊരിക്കല്‍ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ ക്രൂരനാളുകളില്‍ ശങ്കേഴ്സ് വീക്ക്‌ലി നിലച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുണ്ടായിരുന്ന ഏക കളരിയും തട്ടകവും ഇല്ലാതായി. എങ്കിലും ഒക്റ്റോബര്‍ രണ്ടിനു വ്യസനത്തില്‍ ചാലിച്ചും സ്വയം പരിഹസിച്ചും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മറന്ന ഒരു ജനതയുടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കള്ള, പൊള്ളത്തരങ്ങള്‍ നോക്കിയും സമകാലീന രാഷ്ട്രീയ നേതാക്കളെ ഗാന്ധിജിയുമായി തുലനം ചെയ്തും ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ചിരി തുടരുന്നു, വ്യസനം മറയ്ക്കുന്നു.

ഗാന്ധിജിയുടെ ചിതാഭസ്മം സിന്ധുനദിയില്‍ നിമജ്ജനം ചെയ്യാന്‍ തനിക്കുവേണമെന്ന് നാഥുറാം ഗോഡ്‌സേയുടെ അനുജന്‍ ഗോപാല്‍ ഗോഡ്‌സേ ആവശ്യപ്പെട്ട നാട്. ഗാന്ധി പ്രതിമ എം ജി ആര്‍ പ്രതിമയ്ക്കു വഴിമാറിയ നാട്. ഇന്ദിരാഗാന്ധിയെ true inheritor of mantle of Gandhi എന്ന് അടിയന്തിരാവസ്ഥയ്ക്കിടയില്‍ പ്രസിഡന്റ് ഫക്രുദ്ദീന്‍ അഹമ്മദ് വിശേഷിപ്പിച്ച നാട്‌. ഡല്‍ഹി വിവാഹപ്പന്തലുകളില്‍ ഗാന്ധിവേഷം കെട്ടിയ എന്റര്‍ടൈനേഴ്സിന്റെ നാട്‌. രാജ്ഘട്ടില്‍ ഗാന്ധിജിയും സഞ്ജയ് ഗാന്ധിയും തമ്മില്‍ ഏറെ ദൂരമില്ലാത്ത നാട്‌. ആശ്ചര്യ ചിഹ്നങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ട നാട്.

ഈ നാട്ടില്‍ ഗാന്ധി കാര്‍ട്ടൂണുകളെക്കുറിച്ചെഴുതവേ, ഗാന്ധിജിയെ വരയ്ക്കവേ, അനിതരസാധാരണമായ സിദ്ധികാട്ടിയ രംഗയെ തുടക്കത്തിലേ ഓര്‍ക്കാതിരിക്കാനാവില്ല. കുറച്ചുവരകളാല്‍, സ്വന്തം കയ്യൊപ്പിന്റെ സ്വാതന്ത്യത്തോടെ ഗാന്ധി കാരിക്കേച്ചറുകള്‍ വരച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റില്ല. രംഗയുടെ ചിത്രീകരണങ്ങളില്‍ ഗാന്ധിജി ദേശീയ പതാകയാവുന്നു, ചര്‍ക്കയില്‍നിന്ന് ഗാന്ധിജി ഉരുത്തിരിഞ്ഞ് ഉയര്‍ത്തെഴുനേല്‍ക്കുന്നു. അല്പം വരകളില്‍ ഗാന്ധിജി സമാധാനപ്രാവാകുന്നു. G എന്ന ഇംഗ്ലീഷ് അക്ഷരം മഹാത്മാവായി മാറുന്നു.

അബു കണ്ട ഗാന്ധിജി

Abu's cartoon of Gandhi
അബുവിന്‍റെ കാര്‍ട്ടൂണ്‍

അബുവിന്റെ തെളിഞ്ഞ നേരിയ വരകളിലും കാച്ചിക്കുറുക്കിയ പ്രയോഗങ്ങളിലും വിദ്വേഷരഹിതമായൊരു സ്വകാര്യകാഴ്ച്ചപ്പാടുകാണാം. ഒരിക്കല്‍ ഒ വി വിജയന്‍ കുറിച്ചിട്ടപോലെ സാക്ഷരകാര്‍ട്ടൂണിന് ഇന്ത്യയില്‍ ഇടമുണ്ടാക്കിയ അബുവിന്റെ ഗാന്ധി കാര്‍ട്ടൂണ്‍ ഫോളിയോ വളരെ ശക്തമാണ്. ഒരുപാടുകാര്യങ്ങളില്‍, ഉള്ളിന്റെയുള്ളിലും എഴുത്തിലും ഗാന്ധിജിയുമായി നിരന്തരം കലഹിച്ചിരുന്ന അബുവിന്റെ കാര്‍ട്ടൂണുകളില്‍ ഗാന്ധിജിയോടുള്ള സ്നേഹാദരങ്ങള്‍ തെളിഞ്ഞുകാണാം.

ശങ്കറുള്‍പ്പടെ പല കാര്‍ട്ടൂണിസ്റ്റുകളും ഗാന്ധിജിയെ ആനയായി ചിത്രീകരിച്ചിരുന്നെങ്കിലും ഒരു പഴങ്കഥയുടെ പുനരാവര്‍ത്തനമെന്നോണം അഞ്ചു കുരുടന്മാര്‍ ഗാന്ധിസത്തെ കാണുന്ന അബു കാര്‍ട്ടൂണ്‍ ഒരു ചിരകാല മാസ്റ്റര്‍പീസാണ്.

ഇതിന്റെ തുടര്‍ച്ചപോലെ മറ്റൊരു കാര്‍ട്ടൂണില്‍ ധാര്‍മ്മികഗാന്ധിക്ക്, സോഷ്യലിസ്റ്റ് ഗാന്ധിക്ക്, അഹിംസാഗാന്ധിക്ക്, മതേതരഗാന്ധിക്ക്, ജനാധിപത്യഗാന്ധിക്ക് ജയ് വിളിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ വിപ്ലവകാരിയായ ഗാന്ധിയെ മറന്നതോര്‍പ്പിക്കുന്നു അബു.

1969 ഒക്ടോബര്‍ ഒന്നാം തീയതി 'അതിര്‍ത്തി ഗാന്ധി' അബ്ദുള്‍ ഗാഫര്‍ ഖാന്‍ ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ അബു വരച്ചത് ഗാന്ധിജിയുടെ സ്ഥാനത്ത് സ്വയം അവരോധിച്ച അഴിമതിക്കാരനായ കോണ്‍ഗ്രസ്സുകാരന്റെ പ്രതിമകണ്ട് പകച്ചുനില്‍ക്കുന്ന അതിര്‍ത്തിഗാന്ധിയെ - കാലം മാറി എന്ന കൊച്ച് അടിക്കുറുപ്പോടെ.

അടുത്തനാള്‍ 'വെളിച്ചമേ നയിച്ചാലും' എന്ന് അടിക്കുറുപ്പിട്ട ഗാന്ധിജയന്തി കാര്‍ട്ടൂണില്‍, ഇരുട്ടില്‍ പത്രവാര്‍ത്തകൊണ്ടൊരു കൊളാഷിന്റെ നടുക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന ഗാന്ധി. നമ്മെ നേരിടുന്ന പത്രവാര്‍ത്തക്കീറുകളില്‍ കൊലപാതകങ്ങള്‍, വെടിവെപ്പുകള്‍, കലാപങ്ങള്‍, ഹരിജനമര്‍ദ്ദനങ്ങള്‍. നേരിയ അബുരേഖകള്‍ക്കു പകരം കടുത്ത സ്ട്രോക്സ്. ഒഴിഞ്ഞ ഇടമേ ഇല്ലാത്ത, പിന്നീട് പലരും കടം കൊണ്ട, വളരെ വ്യത്യസ്തമായ അബു കാര്‍ട്ടൂണ്‍.

ഇന്ത്യ സ്വതന്ത്രമായ നാള്‍ ശങ്കര്‍ വരച്ച ഗാന്ധി കാര്‍ട്ടൂണില്‍ വെളിച്ചത്തിലേയ്ക്കു നയിക്കപ്പെടുന്നതിന്റെ പ്രത്യാശ. സ്വാതന്ത്ര്യാനന്തര യാഥാര്‍ത്ഥ്യങ്ങള്‍ ഇരുളുനിറച്ചു എന്ന് അബു.

സാമൂഹ്യമാറ്റത്തിനു തടസ്സം ഇന്ത്യന്‍ ഗാന്ധിയന്‍ പൗരോഹിത്യമാണെന്നും ഖാദി വസ്ത്രങ്ങളിലൂടെയും, വെജിറ്റേറിയനിസത്തിലൂടെയും, കപട ശാന്തഭാവത്തിലൂടെയും 'പാവപ്പെട്ടവന്റെ ട്രസ്റ്റികള്‍ തലമുറകളായി ചൂഷണം ചെയ്യുന്നുവെന്നും അബു ഒരിക്കലെഴുതി, മറ്റൊരിക്കല്‍ ഈ ആശയം കാര്‍ട്ടൂണാക്കി.

ഗാന്ധിയന്‍ മൂല്യങ്ങളുടെ തകര്‍ച്ച

Lary Backer's cartoon of Gandhi

ന്യൂക്ലിയര്‍ ഗാന്ധി, ഗാന്ധിസത്തിനോടും അഹിംസയോടും എവിടെയെങ്കിലും അല്പമെങ്കിലും ചായ്‌വുള്ള ഒരാള്‍ക്ക് ഗാന്ധിജിയെ ന്യൂക്ലിയര്‍ ആയുധങ്ങളുമായി ബന്ധപ്പെടുത്തുന്നതിലെ അസാംഗത്യം കിട്ടാന്‍ അല്പനേരം പോലും വേണ്ട. ഗാന്ധി വിഭാവനം ചെയ്ത ഭാരതം ഒരു ന്യൂക്ലിയര്‍ ശക്തിയായി മാറുന്നതിനോട് പൊരുത്തപ്പെടാനാവില്ല.

ഈ പൊരുത്തക്കേടിന്റെ ദൃശ്യാവിഷ്കാരമാണ് ലാറി ബേക്കറിന്റെയും അബുവിന്റെയും ഓരോ ന്യൂക്ലിയര്‍ ഗാന്ധി കാര്‍ട്ടൂണുകള്‍. നേരിയ മഷി ചാലിച്ച ബേക്കര്‍ കാര്‍ട്ടൂണ്‍ കാട്ടിത്തരുന്ന അസംബന്ധങ്ങള്‍ ന്യൂക്ലിയര്‍ മിസ്സൈല്‍ തോളിലേന്തിയ രാഷ്ട്രപിതാവിന്റെ ചോട്ടിലെ ഫലകത്തില്‍ 'രാഷ്ട്രപിതാവിന്റെ സ്മരണയ്ക്ക് സ്നേഹസ്‌മൃതികളോടെ' എന്ന അനായാസ പ്രയോഗം. ഗാന്ധിജി അണുബോംബിനെതിരായിരുന്നുവെന്നും അഹിംസാമന്ത്രമുരുവിട്ടുനടന്ന ഗാന്ധിജിയ്ക്ക് കാര്‍ട്ടൂണ്‍ ആയുധമല്ല ഒരായുധവും ഏന്താനാവില്ലെന്നും പിതാവിനെ തള്ളിപ്പറയുന്ന ഒരു രാഷ്ട്രമാണെന്നും ബേക്കര്‍ കാട്ടിത്തരുന്നു. നമ്മള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഭൂമി പൊളിച്ചുതള്ളി, ദര്‍ശനം മറന്ന്, പേടിപ്പെടുത്തുന്ന, അപകടം നിറഞ്ഞ ന്യൂക്ലിയര്‍ ശക്തിയായി മാറുന്ന കാഴ്ച. ആണവ നിലയങ്ങളുടെ വിപത്തും അപകടങ്ങളും ഇന്ത്യന്‍ ആണവ ദൈവങ്ങളുടെ പ്രസ്താവനകളുടെ പൊള്ളത്തരവും കാര്‍ട്ടൂണുകളിലൂടെ വെളിവാക്കിയ ബേക്കറിന്റെ ഗാന്ധിയന്‍ കാഴ്ച്ചപ്പാടിന്റെ ചിത്രത്തെളിവാണീ കാര്‍ട്ടൂണ്‍.

ന്യൂക്ലിയര്‍ പ്ലാക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച ഗാന്ധി കാര്‍ട്ടൂണുകളിലൂടെ അബുവും അതേ വൈരുദ്ധ്യത്തിന്റെ ഹാസ്യം കാണുന്നു. ലണ്ടനില്‍നിന്ന് ഇന്ത്യയിലെത്തിച്ചേര്‍ന്ന ബേക്കറും ലണ്ടനില്‍നിന്നു മടങ്ങിയ അബുവും ഈ കാര്‍ട്ടൂണുകളിലൂടെ പ്രത്യക്ഷത്തില്‍ വെളിവാകുന്ന അപചയങ്ങള്‍ക്കും പൊരുത്തക്കേടുകള്‍ക്കുമപ്പുറത്ത്, ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കു സംഭവിച്ച ദുര്യോഗം വെളിവാക്കുന്നു.

മാര്‍ച്ചുചെയ്താല്‍ ജീവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഉപ്പിനുമാത്രമല്ല, പഞ്ചസാരയ്ക്കും സോപ്പിനും ഉള്ളിക്കും വേണ്ടി യാത്ര നടത്തിയേനെ എന്നു പ്രഖ്യാപിക്കുന്ന ഗാന്ധിജിയെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ അവസ്ഥയും അവരില്‍ പതിക്കുന്ന കരതീരുവകളും ഗാന്ധിയ പ്രാഥമിക നിലപാടുകളും മറന്നതു കാട്ടിത്തരുന്നു മിക്കി പട്ടേല്‍.

ഗാന്ധിജിയുടെ ചര്‍ക്ക ഏന്തുന്ന കൈയ്ക്ക് കോണ്‍ഗ്രസ്സ്‌ ചരിത്രത്തിലൂടെയുണ്ടായ രൂപാന്തരം കാട്ടിത്തരുന്നു ഉണ്ണി. കാട്ടിപ്പറഞ്ഞ് പരിഹസിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും സുഖമാണ് കാര്‍ട്ടൂണിങ് എന്നും ദൃശ്യപദ ചേരുവയിലൂടെയാണ് കാര്‍ട്ടൂണിങ് കരുത്താര്‍ജ്ജിക്കുന്നതെന്നും ഉണ്ണിക്കറിയാം. ഫലിതം ഇല്ലസ്ട്രേറ്റ് ചെയ്യുകയല്ല ഉണ്ണി.

സ്വര്‍ഗ്ഗത്തിലിരുന്ന് കാതു രണ്ടും പൊത്തി, ഗോഡ്സേയ്ക്ക് (ഇംഗ്ലീഷില്‍ ഗോഡ് എന്ന വാക്കും ഗോഡ്‌സേ എന്ന പേരും തമ്മിലുള്ള വിചിത്ര സ്വരബന്ധം സമര്‍ത്ഥമായി ഉപയോഗിക്കുന്നു ഉണ്ണി) നന്ദി പറയുന്ന ഒരു രക്തസാക്ഷിദിന ഉണ്ണി കാര്‍ട്ടൂണ്‍, അഷീഷ് നന്ദിയുടെ 'ഗാന്ധിക്ക്‌ ശേഷമുള്ള ഗാന്ധിയെക്കുറിച്ചുള്ള അവലോകനത്തിന്റെ സുഖം തരുന്നു. ഗാന്ധിജിയെ ദിവ്യപീഠത്തില്‍ പ്രതിഷ്ഠിച്ച്, ഒരു രാഷ്ട്രീയ സാമീപ്യമാകുന്നത്‌ തടഞ്ഞ ഇടം‌വലം രാഷ്ട്രീയക്കാര്‍, ഗാന്ധിജിയ്ക്ക് ഒരു അകാല രക്തസാക്ഷിത്വം നല്‍കിയ ഗോഡ്‌സേയ്ക്ക് നന്ദി പറഞ്ഞിട്ടില്ലെന്ന് അഷീഷ് നന്ദി ഒരിക്കലെഴുതി. മറുപടിയെന്നോണം പില്‍ക്കാല രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തില്‍ ഒരു ജനവരി മുപ്പതിന് ഗാന്ധിജി ഗോഡ്‌സേയ്ക്ക് നന്ദി പറയുന്നൂ ഉണ്ണിയുടെ കാര്‍ട്ടൂണിലൂടെ.

ശിലയായ്‌, ചുമര്‍ ചിത്രമായ് മാറിയ ഗാന്ധിജി

Abu's cartoon of Gandhi
ഇ.പി.ഉണ്ണിയുടെ കാര്‍ട്ടൂണ്‍

സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനോടുള്ള ഗാന്ധിജിയുടെ വിയോജിപ്പോര്‍ക്കാം. അന്നത്തെ പത്തുലക്ഷം രൂപ ചെലവാക്കി 1947 ല്‍ ബോംബെയില്‍ തന്റെ പ്രതിമ സ്ഥാപിക്കുന്നതിനു പകരം അടുക്കിയിട്ടിരിക്കുന്ന മത്തിപോലെ ജീവിച്ചിരുന്ന ബോംബേ നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ അവരുടെ പട്ടിണി മാറ്റാനുതകുന്ന കാര്‍ഷികോത്പാദനത്തിനോ ആ തുക ചെലവാക്കണമെന്ന് 'ഹരിജനില്‍' ഗാന്ധിജി എഴുതി.

ഇന്ത്യയിലെത്ര ഗാന്ധി പ്രതിമകളുണ്ടാവുമെന്നതിനും പട്ടിണികൊണ്ടും മാല്‍ന്യൂട്രിഷന്‍‌കൊണ്ടും മരിക്കുന്നവരുടേയും കണക്കറിയില്ലെങ്കിലും രണ്ടായിരത്തിയൊന്നിലെ സെന്‍സസ് പ്രകാരം 63.6 ശതമാനം, അഥവാ 12, 20, 78, 136 വീടുകള്‍ക്ക് കക്കൂസില്ല. നാട്ടിന്‍ പുറങ്ങളിലെ 78.81 ശതമാനം വീടുകള്‍ക്ക് കക്കൂസില്ല.

എല്ലാ ഗാന്ധി ശിലകളും ഇവിടെ ഹാസ്യമായി മാറുന്നത് കാണുന്നില്ലേ?

ന്യൂക്ലിയര്‍ ഗാന്ധിയുടെ ശില ബേക്കര്‍ വരച്ചെങ്കില്‍ കണ്ണും കാതും വായും പൊത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടാത്ത ഗാന്ധിശില്പം വരച്ചു ഉണ്ണി. ഗാന്ധി പ്രതിമയ്ക്കൊരിടം കണ്ടെത്തി ഇനി സൈനിക പരേഡിന് കാണാതിരിക്കാന്‍ പ്രതിമയുടെ കണ്ണുരണ്ടും പൊതിയില്‍ മതിയെന്ന അബു കാര്‍ട്ടൂണിസ്റ്റ്, ഉണ്ണിപോലും നിനച്ചിരിക്കാത്ത മറുപടിപോലെ.

നായ്‌ഡു ഇഫക്‍റ്റ് കാരണം ലാപ്ടോപ്പേന്തിയ ഗാന്ധിജിയുടെ ചുമര്‍ ചിത്രം, ലാപ്‌‌ടോപ്പുകളും മൊബൈല്‍ ഫോണുമായി ചിരിക്കുന്ന ഗാന്ധി ശില്പം. ഗാന്ധിജി ഇന്ത്യയില്‍ വീണ്ടും വീണ്ടും കണ്ടെത്തപ്പെടുന്നത് മാര്‍ക്സിന്റെ അസൂയനിറഞ്ഞ കാഴ്ചപ്പാടിലൂടെയാണ്.

മറ്റൊരു കാര്‍ട്ടൂണില്‍ ഗാന്ധിപ്രതിമയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന മന്ത്രിമാരെ പൊതിഞ്ഞുനില്‍ക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകളെ വരച്ചുകാട്ടുമ്പോള്‍ ഉണ്ണിക്ക്, ഗാന്ധിജിക്കുണ്ടാകിനിടയുള്ള അതേ പകപ്പ്.

ആരുടെ ചിത്രമെന്നറിയാന്‍ ഗാന്ധി ചിത്രത്തിന്റെ ചുവട്ടിലെ കുറിപ്പിലേയ്ക്കു നോക്കുന്ന കോണ്‍ഗ്രസ്സ് മന്ത്രിയെ ആര്‍ കെ ലക്ഷ്മണ്‍‌ന്റെ 'കോമണ്‍ മാന്‍'. മച്ചിലെവിടെയോ ഉപേക്ഷിച്ചുമറന്ന ഗാന്ധിച്ചിത്രം ഗാന്ധിജയന്തിക്കായി തപ്പിയെടുക്കുന്നതിനും ദൃക് സാക്ഷി 'കോമണ്‍ മാന്‍'. കോണ്‍‌ഗ്രസ് പാര്‍ട്ടിയിലെ ഉള്‍‌പ്പോരിനും അഴിമതിക്കും മന്ത്രിമാരുടെ ധൂര്‍ത്തിനും കാപട്യങ്ങള്‍ക്കും മനസാക്ഷിയായി നിരവധി ലക്ഷ്മണ്‍‌ കാര്‍ട്ടൂണുകളില്‍ ചുമരില്‍ ഗാന്ധിജിയെന്ന 'കോമണ്‍ മാന്‍'.

പതിനായിരം രൂപാ ഗാന്ധിചിത്രത്തിന്റെ ഫ്രെയ്‌മിനുമാത്രം ചെലവാക്കിയ കേശവ്, കാര്‍ട്ടൂണിലെ കോണ്‍ഗ്രസ്സുകാരന്‍, നമുക്ക് അപരിചിതനാവാന്‍ ഇടയില്ല.

ബ്രിട്ടീഷുകാര്‍ ഗാന്ധിയെ ഇരുമ്പഴിക്കുള്ളില്‍ തടവിലിട്ടിട്ടും, സ്വതന്ത്ര ഇന്ത്യ ഗാന്ധിജിയെ പീഠത്തില്‍ അധിഷ്ഠിച്ചും ചുമര്‍ചിത്രത്തിലാക്കിയും ജനങ്ങളില്‍നിന്നും അകറ്റിയ കഥ അറിയാന്‍ സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള ഇന്ത്യന്‍ കാര്‍ട്ടൂണുകള്‍ ഒരുമിച്ചു കാണേണ്ടിയിരിക്കുന്നു.

വിജയന്റെ ഗാന്ധിദര്‍ശനം

Abu's cartoon of Gandhi
ശങ്കറിന്‍റെ കാര്‍ട്ടൂണ്‍

സ്വാതന്ത്ര്യാനന്തര മോഹഭംഗത്തിന്റെ ദുരന്തത്തില്‍ ഒ.വി വിജയന്റെ ഗാന്ധി കാര്‍ട്ടൂണുകള്‍ വിനയപൂര്‍‌ണമായ ഉള്‍ക്കാഴ്ചകളും ശാന്തമായ പുനര്‍‌വിചാരണകളും ചരിത്രപരമായ സൂചനകളുംകൊണ്ട് സമൃദ്ധമാണ്.

നമ്മള്‍ അതിര്‍ത്തിയെക്കുറിച്ച് ചിന്തിക്കുന്തോറും, ഗാന്ധിയെക്കുറിച്ചുള്ള ചിന്ത കുറഞ്ഞുവരുന്നു എന്ന് പീരങ്കിമേല്‍ സവാരിചെയ്യുന്ന ഇന്ദിരാഗാന്ധി. വിജയനൊരിക്കല്‍, അതിര്‍ത്തികളില്ലാത്ത ഗാന്ധിജിയെന്നും മറ്റൊരിക്കല്‍ അതിര്‍ത്തികളെ അതിജീവിച്ച ഗാന്ധിയെന്നും വിശേഷിപ്പിച്ച ജാഫര്‍‌ഖാനോടു പറയുന്നതു നോക്കുക. എത്ര ശരി.

ഗാന്ധിജി തിരഞ്ഞുപിടിച്ചത് നെഹ്‌റു, പട്ടേല്‍, രാജാജി, പന്ത്, ആസാദ്, ബി കെ റോയ്, കൃപലാനി എന്നീ നേതാക്കളും ഇന്ദിര തിരഞ്ഞുപിടിച്ചത് ആന്തുലേ, ഗുണ്ടുറാവു, ഭജന്‍ലാല്‍, ബെന്‍സിലാല്‍, ജഗന്നാഥ് മിശ്ര, ബോസ്‌ലേ എന്നീ നേതാക്കളും. കാല്‍നൂറ്റാണ്ടിനുമുമ്പ് വിജയന്‍ വരച്ച ഒരു ഗാന്ധി ജയന്തി കാര്‍ട്ടൂണില്‍ മഹാത്മാ ഗാന്ധിയില്‍ നിന്നും ഇന്ദിരാഗാന്ധിയിലേയ്ക്കുള്ള ദൂരം. എത്രയോ വാക്കുകള്‍ക്കു തുല്യമായൊരു വിഷ്വല്‍ എഡിറ്റോറിയലെഴുതുകയാണ് വിജയന്‍.

1988 ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദണ്ഡിയാത്രയുടെ പ്രഹസന പുനരാവിഷ്കരണത്തിന്റെ നേരത്ത് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന പഞ്ചാബ് ബില്‍ ഉടലെടുത്തപ്പോള്‍ വിജയന്‍ കാര്‍ട്ടൂണില്‍ ഗാന്ധിവേഷം കെട്ടി പ്രത്യക്ഷപ്പെട്ട രാജീവ് പറയുന്നു - ഞങ്ങളിപ്പോഴും ബ്രിട്ടീഷ് നിയമങ്ങള്‍ ലംഘിക്കുകയാണ്. ഉദാഹരണത്തിന് മനുഷ്യാവകാശങ്ങള്‍..

പിന്നീട് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ലോക ആയുധക്കമ്പോളത്തില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് അതിയായ താല്പര്യമുണ്ടെന്ന് പവാര്‍ പറഞ്ഞതിനോട് വിജയന്‍ കാര്‍ട്ടൂണ്‍ പ്രതികരിച്ചത് ഗാന്ധിജിയുടെ മൂല്യശോഷണത്തിനുശേഷം കമ്പോളം വിപുലമായി എന്ന് വേദനയോടെ പരിഹസിച്ചിട്ടാണ്.

വിജയനൊരിക്കല്‍ എഴുതിയതുപോലെ സ്വന്തം പ്രജകള്‍ക്ക് കുടിനീരും കഞ്ഞിയും കൊടുക്കാന്‍ മിനക്കെട്ടിട്ടില്ലാത്ത ഭാരതത്തിന്റെ ഭരണവര്‍ഗ്ഗം ദേശീയ സമ്പത്തിന്റെ സിംഹഭാഗം ആയുധക്കമ്പോളത്തില്‍ ചെലവിടുന്നു, ഓരോ കോളിലും വിഹിതം തട്ടിയെടുക്കുന്നു.

ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍, ഇതിന്റെ തുടര്‍ച്ചയെന്നോണം ശ്രീലങ്കയിലെ കാലാകാലങ്ങളിലൂടെ മാറിവന്ന ഇന്ത്യന്‍ പ്രതിച്ഛായ വിജയന്‍ കാട്ടിത്തരുന്നത് സസൂക്ഷ്മമൊരുക്കിയ കോമ്പസിഷനിലൂടെ‌ - സംഘമിത്രയ്ക്കും ഗാന്ധിജിക്കും ശേഷം രാജീവ് ഗാന്ധി പ്രതിനിധീകരിച്ച പീരങ്കി. മിനിമലിസത്തിന്റെ അപാരതയില്‍, മലിനമാക്കപ്പെട്ട ഒരു അയല്‍ ബന്ധത്തിന്റെ ചരിത്ര രേഖ.

നേരമ്പോക്കില്‍ നിന്ന് ദര്‍ശനത്തിലെത്താനും ആഴം കളയാതെ, സത്ത ചോരാതെ, പരപ്പ് നിലനിര്‍ത്താനും വിഡ്ഡിച്ചിരിയല്ല കാര്‍ട്ടൂണിങ് എന്ന്‌ ഉത്തമവിശ്വാസമുള്ളൊരു പ്രതിഭയ്ക്കേ കഴിയൂ.

ക്രിസ്‌മസ്സിന് സാന്റാക്ലോസും പുതുവര്‍ഷത്തിന് സമയമേന്തിയ കിഴവനും അമേരിക്കന്‍ ദേശീയതയുടെയും ഒപ്പം അധിനിവേശത്തിന്റെയും പ്രതീകമായി അങ്കിള്‍ സാമും കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുമ്പോലെ ഈ അര്‍ദ്ധനഗ്നനായ ഫക്കീറിനെ, ഗാന്ധിജയന്തിക്കും രക്തസാക്ഷിദിനത്തിലും മാത്രമോര്‍ക്കവേ ഒരു ഉപരിപ്ലവമായ കപട ആദരാഞ്ജലി ക്ലീഷേയ്ക്ക് മറുക്ലീഷേയാവാതിരിക്കുക എന്ന കടമ്പയാണ് കാര്‍ട്ടൂണിസ്റ്റുകള്‍ നേരിടുന്നത്. പ്രത്യേകിച്ചും ഗാന്ധിജിക്കു പകരം സോണിയാഗാന്ധിയെ രാജിന്ദര്‍ പുരിയുടെ കാര്‍ട്ടൂണിലെന്ന്പോലെ പൂജിക്കുന്ന ഇക്കാലത്ത്.

[സുന്ദറിന്റെ ചില എഴുത്തുകൾ വായിക്കുവാൻ 'സായാഹ്ന'യുടെ ഈ താൾ സന്ദർശിക്കുക :] സായാഹ്ന

സ്വാതന്ത്ര്യാനന്തര മോഹഭംഗത്തിന്റെ ദുരന്തത്തില്‍ ഒ.വി വിജയന്റെ ഗാന്ധി കാര്‍ട്ടൂണുകള്‍ വിനയപൂര്‍‌ണമായ ഉള്‍ക്കാഴ്ചകളും ശാന്തമായ പുനര്‍‌വിചാരണകളും ചരിത്രപരമായ സൂചനകളുംകൊണ്ട് സമൃദ്ധമാണ്. ഗാന്ധിജി തിരഞ്ഞുപിടിച്ചത് നെഹ്‌റു, പട്ടേല്‍, രാജാജി, പന്ത്, ആസാദ്, ബി കെ റോയ്, കൃപലാനി എന്നീ നേതാക്കളും ഇന്ദിര തിരഞ്ഞുപിടിച്ചത് ആന്തുലേ, ഗുണ്ടുറാവു, ഭജന്‍ലാല്‍, ബെന്‍സിലാല്‍, ജഗന്നാഥ് മിശ്ര, ബോസ്‌ലേ എന്നീ നേതാക്കളും. കാല്‍നൂറ്റാണ്ടിനുമുമ്പ് വിജയന്‍ വരച്ച ഒരു ഗാന്ധി ജയന്തി കാര്‍ട്ടൂണില്‍ മഹാത്മാ ഗാന്ധിയില്‍ നിന്നും ഇന്ദിരാഗാന്ധിയിലേയ്ക്കുള്ള ദൂരം. എത്രയോ വാക്കുകള്‍ക്കു തുല്യമായൊരു വിഷ്വല്‍ എഡിറ്റോറിയലെഴുതുകയാണ് വിജയന്‍.


Print this article


The Quest Features and Footage
Kochi 682020, Kerala, India
email: mailthequest@gmail.com