logo malayalam

| ഭരണം | രാഷ്ടീയം |

ദണ്ഡകാരണ്യം ചുവക്കുന്നത് ആര്‍ക്കുവേണ്ടി?

എം. സുചിത്ര
16/05/2010

രണ്ടുവര്‍ഷം മുന്‍പാണ് ഞാന്‍ ബസ്തറിനെപ്പറ്റി ഗൗരവമായി ആലോചിച്ചുതുടങ്ങിയത്. ജയില്‍മോചിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടര്‍ ബിനായക് സെന്നിനെ വെല്ലൂരിലെ ആസ്പത്രിയില്‍ ചെന്നുകണ്ടതുമുതല്‍. ക്ഷീണിതനായിരുന്നുവെങ്കിലും അദ്ദേഹം മണിക്കൂറുകളോളം സംസാരിച്ചു. മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട സാഹചര്യത്തെപ്പറ്റി, ഛത്തീസ്ഗഢിലെ ബി.ജെ.പി. സര്‍ക്കാറിന്‍െറ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി, ചിതറിത്തെറിക്കുന്ന ആദിവാസി ജീവിതങ്ങളെപ്പറ്റി. ഒരു ഘട്ടത്തിലും അദ്ദേഹം മാവോയിസ്റ്റുകളുടെ ആക്രമണങ്ങളെ ന്യായീകരിച്ചില്ല. "മധ്യേന്ത്യയില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാണ്. സമാധാനശ്രമങ്ങള്‍ ഇനിയും വൈകിയാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് വീഴും''. അദ്ദേഹം വ്യാകുലതയോടെ പറഞ്ഞു. ബിനായക് സെന്‍ എന്ന വ്യക്തിയില്‍ ഫോക്കസ് ചെയ്യാതെ പ്രശ്‌നങ്ങളെപ്പറ്റിയാണ് എഴുതേണ്ടത് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

Malayalam
ബിനായക് സെന്‍
അദ്ദേഹം പറഞ്ഞത് പോലെത്തന്നെയായി കാര്യങ്ങള്‍. ബസ്തറിനിപ്പോള്‍ ചോരയുടെ നിറമാണ്. രാജ്യത്തിന്‍െറ സുരക്ഷാഭൂപടത്തില്‍ കടുംചുവപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ള അപകടമേഖല. കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും സായുധസേനകള്‍ ദണ്ഡകാരണ്യം അരിച്ചുപെറുക്കുകയാണ് മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്കുവേണ്ടി. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്- ഹരിതവേട്ട. ചുവപ്പുസൈന്യവും ആഞ്ഞടിക്കുന്നു. യുദ്ധം മുറുകുകയാണ്.

തെക്കന്‍ ബസ്തറിലെ ചിന്തല്‍നാല്‍ വനത്തിനുള്ളില്‍ ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ എഴുപത്തിയാറ് സുരക്ഷാഭടന്മാര്‍ ഒന്നിച്ചു കൊല്ലപ്പെട്ടു. അതിന്‍െറ പത്തുദിവസം മുന്‍പാണ് ഞങ്ങള്‍ യാത്രതിരിച്ചത്. ഞാനും എന്നെപ്പോലെത്തന്നെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ ഫ്രെനി മനേക്ഷായും. ഫ്രെനി മുംബൈയില്‍നിന്നാണ്. ഇത്തവണത്തെ യാത്ര ദന്തേവാഡ, ബിജാപുര്‍ ജില്ലകളില്‍മതി എന്നു ഞങ്ങള്‍ തീരുമാനിച്ചു. ഈ രണ്ടുജില്ലകളാണ് ദണ്ഡകാരണ്യത്തില്‍ മാവോയിസ്റ്റുകളുടെ ആസ്ഥാനകേന്ദ്രം. യാത്ര തുടങ്ങുന്നത് ആന്ധ്രാപ്രദേശിലെ ഖമ്മംജില്ലയില്‍ നിന്നാകാമെന്നും തീരുമാനിച്ചു. ഛത്തീസ്ഗഢില്‍നിന്ന് ജീവനുംകൊണ്ടോടിയ ആയിരക്കണക്കിന് ആദിവാസികള്‍ ഖമ്മംജില്ലയില്‍ പലയിടങ്ങളിലായി ചിതറിജീവിക്കുന്നുണ്ട്. അതിര്‍ത്തിപ്പട്ടണമായ ഭദ്രാചലത്തില്‍ താമസിക്കാം, അവരെ കാണാം. വിവരങ്ങള്‍ ശേഖരിക്കാം. അവര്‍ വന്ന വഴിയിലൂടെ അവരുടെ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാം.

അവര്‍ വന്ന വഴിയിലൂടെ യാത്രചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് പിന്നീടാണ് മനസ്സിലായത്. നിരന്തരമായ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും സഹനത്തിന്‍െറയും സായുധപ്രതിരോധത്തിന്‍െറയും പലായനത്തിന്‍െറയും വഴിയാണത്.

*

പത്തുവര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 നവംബര്‍ ഒന്നിന് ആദിവാസികളുടെ വികസനം മുന്‍നിര്‍ത്തി ഛത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപംകൊള്ളുന്നതിന് മുന്‍പ് ബസ്തര്‍ മധ്യപ്രദേശിന്‍െറ ഭാഗമായിരുന്നു. (സത്യത്തില്‍ ഇന്ത്യ എന്ന രാജ്യം രൂപംകൊള്ളുന്നതിന് മുന്‍പും ബസ്തര്‍ ഉണ്ട്. ഒരു നാട്ടുരാജ്യം. സ്വാതന്ത്ര്യത്തിനുശേഷം മറ്റുപല നാട്ടുരാജ്യങ്ങളെയുംപോലെ ബസ്തറും ഇന്ത്യയില്‍ ചേരുകയായിരുന്നു.) ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല. കേരള സംസ്ഥാനത്തെക്കാള്‍ ഇസ്രായേല്‍ എന്ന രാജ്യത്തെക്കാള്‍ വലിയ ഒരു ജില്ല. കനത്ത കാടുകള്‍. ഇരുമ്പയിരു കൊണ്ട് സമ്പുഷ്ടമായ കറുത്ത മലനിരകള്‍. 1998-ല്‍ ബസ്തറിനെ മൂന്ന് ജില്ലകളാക്കി. 2007-ല്‍ വീണ്ടും വിഭജിച്ചു. ഇപ്പോള്‍ അഞ്ച് ജില്ലകളാണ് ബസ്തര്‍ മേഖലയിലുള്ളത്. ബസ്തര്‍ ഉള്‍പ്പെടുന്ന ദണ്ഡകാരണ്യം ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായി തൊണ്ണൂറായിരം ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വലിയ വനമേഖലയാണ്. ആയിരക്കണക്കിന് ഗ്രാമങ്ങളും അനേകലക്ഷം ആദിവാസികളും ജീവിക്കുന്ന ഒരു മേഖല.

ഞങ്ങള്‍ യാത്രപുറപ്പെടുന്നതിന്‍െറ തലേദിവസം, മാവോയിസ്റ്റുകള്‍ ബന്ദ് പ്രഖ്യാപിച്ചു. ആറ് സംസ്ഥാനങ്ങളില്‍.

"ബന്ദ് കഴിയുന്നതുവരെ ഇങ്ങോട്ട് പോരണ്ട. യാത്ര ചെയ്യുന്നത് അപകടമാണ്. ഭദ്രാചലത്തുതന്നെ നിന്നാല്‍ മതി'' ദന്തേവാഡയില്‍ നിന്ന് പിള്ളച്ചേട്ടന്‍ ഫോണില്‍ വിളിച്ചു. പിള്ളച്ചേട്ടന്‍ എന്നുവെച്ചാല്‍ എന്‍.ആര്‍.കെ. പിള്ള. ഛത്തീസ്ഗഡ് ജേണലിസ്റ്റ് യൂണിയന്‍െറ വൈസ് പ്രസിഡന്‍റ്. ബസ്തറിലെ ജേണലിസ്റ്റുകളുടെ, സി.പി.ഐ.ക്കാരുടെയും കാരണവര്‍. രണ്ടുമൂന്നു തവണ ഫോണില്‍ വിളിച്ചതല്ലാതെ നേരിട്ട് പരിചയമൊന്നുമില്ല. ബസ്തറിലേക്ക് വരുന്നു എന്നുപറഞ്ഞപ്പോള്‍ സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞു.

നിരോധിക്കപ്പെട്ട സംഘടനയാണെങ്കിലും സി.പി.ഐ. (മാവോയിസ്റ്റിന്‍െറ) ബന്ദ് പ്രശ്‌നം തന്നെയാണ്. ബസ്തറില്‍ യാത്രചെയ്യുമ്പോള്‍ പിന്നീട് പലയിടത്തും റോഡില്‍ കുറുകെ വെട്ടിയ വലിയ കുഴികള്‍ കണ്ടിരുന്നു. കാട്ടില്‍ വിജനമായ സ്ഥലത്തെവിടെയെങ്കിലും കുടുങ്ങിയാല്‍ ബുദ്ധിമുട്ടാണ്. മാവോയിസ്റ്റുകളെ ഭീകരവാദികളായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷമാണ് സംഘടനയെ നിരോധിച്ചത്. ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുമെന്നും പുതിയ ജനാധിപത്യം സ്ഥാപിക്കുമെന്നും മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

എണ്‍പതുകളുടെ തുടക്കത്തിലാണ് ആന്ധ്രാപ്രദേശില്‍നിന്ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്‍െറ ഏഴുസംഘങ്ങള്‍ ഗോദാവരി കടന്ന് ബസ്തറിലേക്ക് വന്നത്. സ്വാതന്ത്ര്യം കിട്ടിയിട്ട് മുപ്പതുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും ബസ്തറിലേക്ക് വികസനം എത്തിനോക്കിയിരുന്നില്ല. 1968-ല്‍ നാഷണല്‍ മിനറല്‍ കോര്‍പറേഷന്‍ (എന്‍.എം.ഡി.സി) ഇരുമ്പയിര് ഖനനം ആരംഭിച്ചിട്ടും ആദിവാസികളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല. വെള്ളമില്ല, വെളിച്ചമില്ല, കൃഷിചെയ്യാന്‍ സൗകര്യമില്ല, സ്കൂളില്ല, ആസ്പത്രിയില്ല, ഉള്ളത് പട്ടിണിയും വിശപ്പും മലേറിയയും ക്ഷയവുമൊക്കെ. (ആഫ്രിക്കയില്‍ കൊടിയ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളെക്കാള്‍ മുന്നിലാണ് പോഷകാഹാരക്കുറവിന്‍െറ കാര്യത്തില്‍ ബസ്തറിലെ ഗ്രാമങ്ങള്‍ ഇപ്പോഴുമെന്ന് ഡോക്ടര്‍ ബിനായക് സെന്‍ പറയുന്നുണ്ട്). കാട്ടില്‍നിന്ന് പുളിയും തെന്തുപത്തയും (ബീഡിയില) ശേഖരിച്ചുവിറ്റാണ് അവര്‍ ജീവിച്ചിരുന്നത്. ഫോറസ്റ്റുദ്യോഗസ്ഥരും പൊലീസും അവരെ നിരന്തരമായി പീഡിപ്പിച്ചു. വിറകുശേഖരിച്ചാല്‍ മര്‍ദനം. നിലമുഴുതാല്‍ ചാട്ടവാര്‍ കൊണ്ടടിക്കും. കൃഷിചെയ്താല്‍ ആനയെ ഇറക്കി വിളനശിപ്പിക്കും. മണ്ണിന്‍െറ വളക്കൂറില്ലാതാക്കാന്‍ ഫോറസ്റ്റുദ്യോഗസ്ഥര്‍ കാട്ടിനുള്ളില്‍ ബാബുല്‍ എന്ന പാഴ്മരത്തിന്‍െറ വിത്തുകള്‍ പാകി. ഇതിനുപുറമേ കോണ്‍ട്രാക്ടര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ജന്മിമാരുടെയും കൊടിയ ചൂഷണം. ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തിന് തഴച്ചുവളരാന്‍ പറ്റിയ മണ്ണായിരുന്നു അത്. നക്‌സലൈറ്റുകള്‍ ആദിവാസികളെ സംഘടിപ്പിച്ചു. ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘടനയുണ്ടാക്കി. പട്ടയപ്രശ്‌നവും കാട്ടില്‍ കൃഷിചെയ്യാനുള്ള അവകാശത്തിന്‍െറ പ്രശ്‌നവും ഉയര്‍ത്തിക്കൊണ്ടുവന്നു. ചെക്ക്ഡാമുകള്‍ നിര്‍മിച്ചു. ആദിവാസികളെ ക്രൂരമായി ഉപദ്രവിച്ചിരുന്നവരെ ജനകീയ വിചാരണകള്‍ക്ക് വിധേയരാക്കി. ചൂഷകരില്‍ പലരേയും നിഷ്ഠുരമായിത്തന്നെ കൊന്നു. 1986-നും 2000-നുമിടയ്ക്ക് 3,00,000 ഏക്കര്‍ ഭൂമി നക്‌സലൈറ്റുകള്‍ പുനര്‍വിതരണം ചെയ്തു.

ബസ്തറില്‍ ബീഡിയില വലിയൊരു ബിസിനസ്സാണ്. ലക്ഷങ്ങള്‍ മറിയുന്ന കച്ചവടം. സീസണാകുമ്പോള്‍ ആന്ധ്രയില്‍നിന്ന് കോണ്‍ട്രാക്ടര്‍മാര്‍ കൂട്ടത്തോടെയെത്തും. അന്‍പത് ഇലകളുള്ള ഒരു കെട്ടിന് മൂന്നുപൈസയാണ് അവര്‍ ആദിവാസികള്‍ക്ക് നല്‍കിയിരുന്നത്. നക്‌സലൈറ്റുകളുടെ നിരന്തരമായ ഇടപെടല്‍കൊണ്ടാണ് വില കുറച്ചെങ്കിലും ഉയര്‍ന്നത്. ഇപ്പോള്‍ കെട്ടിന് ഒരു രൂപയാണ് കോണ്‍ട്രാക്ടര്‍മാര്‍ ആദിവാസികള്‍ക്ക് നല്‍കുന്നത്. ഓരോ സീസണിലും അന്‍പതുലക്ഷം രൂപ ലാഭമുണ്ടാക്കുന്ന ധാരാളം കോണ്‍ട്രാക്ടര്‍മാരുണ്ട്.

Malayalam
യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന പല ഉത്തരവാദിത്വങ്ങളും നക്‌സലൈറ്റുകളാണ് നിര്‍വഹിച്ചത്. സംസ്ഥാനത്ത് ഇങ്ങനെയൊരു ജില്ലയുണ്ടെന്ന ഭാവം പോലും മധ്യപ്രദേശിലെ മാറിമാറി വന്ന സര്‍ക്കാറുകള്‍ കാണിച്ചില്ല. ഛത്തീസ്ഗഢ് രൂപം കൊണ്ടതിനുശേഷവും ബസ്തര്‍ അവഗണിക്കപ്പെട്ടു. ആദിവാസി വികസനത്തിന് വന്നുചേര്‍ന്ന കോടികള്‍ ഉദ്യോഗസ്ഥരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശയിലായി. നിരക്ഷരരായ ആദിവാസികള്‍ കബളിപ്പിക്കപ്പെട്ടു. (ഇപ്പോള്‍ ദന്തേവാഡയിലെ സാക്ഷരത 30 ശതമാനമാണ്. അത് ഔദ്യോഗിക കണക്കാണ്. യഥാര്‍ഥസ്ഥിതി ഇതിലും മോശമാണ്).

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അടിത്തറ ശക്തമാക്കിയതോടൊപ്പം വാര്‍ഗ്രൂപ്പ് സ്വന്തമായ സേന രൂപപ്പെടുത്താനും തുടങ്ങിയിരുന്നു. ഫോറസ്റ്റുദ്യോഗസ്ഥരുടെയും പൊലീസിന്‍െറയും അതിക്രമങ്ങള്‍ സഹിച്ചുമടുത്ത ആദിവാസി ചെറുപ്പക്കാര്‍ ചുവപ്പുസേനയില്‍ ചേര്‍ന്നു. ഛത്തീസ്ഗഢ് രൂപം കൊണ്ട അതേ വര്‍ഷം പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയും (പി.എല്‍.ജി.എ) ഔപചാരികമായി നിലവില്‍വന്നു. 2004-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററും സി.പി.ഐ. (എം.എല്‍) ന്‍െറ ചില വിഭാഗങ്ങളും ചേര്‍ന്നാണ് സി.പി.ഐ. (മാവോയിസ്റ്റ്) ആയത്. കര്‍ണാടകയില്‍ തുടങ്ങി പശ്ചിമബംഗാള്‍വരെ നീളുന്ന റെഡ് കോറിഡോര്‍ രൂപംകൊണ്ടു. ബിഹാറിന്‍െറയും യു.പിയുടെയും ചില ഭാഗങ്ങളിലൂടെ ഇത് വളഞ്ഞ് ഒരു ചുവന്ന അരിവാളായി നേപ്പാളില്‍ ചെന്നുചേരും. ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റുകള്‍ ഏറെക്കുറെ എല്ലാവരും ആദിവാസികളാണ്. ഇപ്പോള്‍ നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്നവരും ഇവരോടൊപ്പമുണ്ടെന്ന് പറയപ്പെടുന്നു.

*

ഭദ്രാചലത്തില്‍ തീക്കാറ്റായിരുന്നു. ആന്ധ്രയിലെ വരണ്ട കാറ്റ്. നട്ടുച്ചയ്ക്ക് ഓട്ടോറിക്ഷയിലാണ് യാത്ര. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ഞാന്‍ ദുപ്പട്ടകൊണ്ട് മുഖംമൂടി. ഓട്ടോ ചിലപ്പോള്‍ റോഡിലൂടെയും ചിലപ്പോള്‍ കാട്ടുവഴികളിലൂടെയും ഓടി.

"ചത്തീസ്ഗഢില്‍ നിന്ന് എത്രപേര്‍ ആന്ധ്രാപ്രദേശിലുണ്ട് എന്നതിന് കൃത്യമായ കണക്കില്ല. കുറേപ്പേര്‍ ഒറീസയിലുമുണ്ട്.

ഖമ്മം ജില്ലയില്‍ കുടിയേറിയിരിക്കുന്നവരില്‍ ഭൂരിഭാഗവും കോയ (മുരിയ) വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ്. അവരോട് ആശയവിനിമയം പ്രയാസമാണ്. അവരുടെ ഭാഷ ഗോണ്ടിയാണ്. അങ്ങനെ ഒരു ഭാഷയുണ്ടെന്നുതന്നെ ഞങ്ങള്‍ അപ്പോഴാണറിയുന്നത്. ഞങ്ങള്‍ക്ക് ഹിന്ദിയറിയാം. അവര്‍ക്ക് അത് വിദേശഭാഷയാണ്. വഴികാണിക്കാന്‍ വന്ന വ്യക്തിക്ക് (പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു) രണ്ടും അറിയാവുന്നതുകൊണ്ട് വലിയ പ്രശ്‌നമുണ്ടായില്ല.

നൂറോളംപേര്‍ കുടിയേറിയിട്ടുള്ള ഒരു കോളനിയിലാണ് ഞങ്ങള്‍ ചെന്നത്. ചുവന്ന മുളക് പറിച്ചെടുത്ത് ഉണക്കുന്ന സീസണായതിനാല്‍ മിക്കവരും പണിയിലായിരുന്നു. ഞങ്ങളെത്തിയതറിഞ്ഞ് ഓരോരുത്തരായി വന്നു. പിന്നെ ഞങ്ങള്‍ക്കുമുന്നില്‍ ചെറിയൊരു ഗ്രാമസഭ തന്നെയായി. മുന്നില്‍ പുരുഷന്മാരും ആണ്‍കുട്ടികളും. പിന്നില്‍ പെണ്‍കുട്ടികള്‍. സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്തുകൊണ്ട് മാറിയിരുന്നു.

എന്തിനാണ് ഗ്രാമംവിട്ട് ഓടിപ്പോന്നതെന്ന് ചോദിക്കുമ്പോള്‍ ആദ്യം ഒരു ചെറിയ വാചകമാണ് എല്ലാവരുടെയും ഉത്തരം.

"ജുദും വന്നു.''

ജുദും എന്നാല്‍ സാല്‍വജുദും. നക്‌സല്‍വിരുദ്ധസേന. ഓരോ ചോദ്യത്തിനും ഓരോ ചെറിയ ഉത്തരം. ആദിവാസികള്‍ പൊതുവെ പീഡനത്തിന്‍െറയും സഹനത്തിന്‍െറയും കഥകള്‍ അന്യരോട് വിസ്തരിക്കാറില്ല. പലരായിത്തന്ന ചിത്രങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ തെളിയുന്നത് കൊടുംക്രൂരതയുടെ ചിത്രമാണ്. "പുഴയില്‍ മീന്‍പിടിക്കുമ്പോഴാണ് എന്‍െറ അനിയനെയും മൂന്നുചങ്ങാതിമാരെയും ജുദുമിന്‍െറ ആളുകള്‍ വെടിവെച്ചുകൊന്നത്''. "കൂട്ടത്തോടെ വന്നാണ് വീടുകള്‍ കത്തിച്ചത്''. "ഞങ്ങളെയൊക്കെ കെട്ടിയിട്ടാണ് അടിച്ചത്''. "നാലഞ്ചുപേര്‍ ഒന്നിച്ചാണ് വീട്ടിലെ സ്ത്രീകളോട് മോശമായി പെരുമാറിയത്''. "അവര്‍ കന്നുകാലികളെ മുഴുവന്‍ കൊണ്ടുപോയി. നൂറോളം വീടുകള്‍ കത്തിച്ചു. കളിക്കുന്ന കുട്ടികള്‍ക്കുനേരെ വെടിവെച്ചു... അവരൊക്കെ ഞങ്ങളുടെ ആളുകള്‍ തന്നെയാണ്''.

"പരാതിപ്പെട്ടില്ലേ?''

"ആരോട്?'' സിങ്കഡിര ഗ്രാമത്തില്‍ നിന്നുവന്ന മാഡ്‌വി ദേവ ചോദിച്ചു. സര്‍ക്കാറല്ലേ ചെയ്യിച്ചത്?

"പരാതിപ്പെട്ടാല്‍ ഞങ്ങളെ കൊല്ലും. അല്ലെങ്കില്‍ ജയിലിലിടും.'' വെല്‍പോച്ച ഗ്രാമത്തിലെ മുച്ചത്രിദേസ പറഞ്ഞു. "ഞങ്ങളുടെ കൂട്ടക്കാര്‍ കുറേപ്പേരെ ജയിലിലിട്ടു. എന്തിനാണ് പിടിച്ചുകൊണ്ടുപോയതെന്ന് ഞങ്ങള്‍ക്കറിയില്ല.''

സാല്‍വജുദും സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടോടിയവരാണ് ഏറെയും. "നിങ്ങളോട് കാണിച്ചതൊക്കെ ഇവരോട് പറയൂ'', എന്ന് കൂടെ വന്നയാള്‍ സ്ത്രീകളെ നിര്‍ബന്ധിച്ചെങ്കിലും അവര്‍ നിശ്ശബ്ദരായി ഇരുന്നു. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. "അവര്‍ വരാറുണ്ട്, പോകാറുണ്ട്'' എന്നല്ലാതെ. മടങ്ങുന്നവഴി അഭയാര്‍ഥിക്കുട്ടികള്‍ താമസിച്ചുപഠിക്കുന്ന ഒരു ചെറിയ സ്കൂളിലും ഞങ്ങള്‍ പോയി.

2005 ജൂണിലാണ് സാല്‍വജുദും എന്ന പേരില്‍ ഒരു മാവോയിസ്റ്റ് വിരുദ്ധസേന ബസ്തറില്‍ രൂപംകൊണ്ടത്. (സാല്‍വജുദും എന്നുവെച്ചാല്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രതിരോധം എന്നാണര്‍ഥം) ആദിവാസികള്‍ക്കിടയില്‍ സ്വമേധയാ രൂപം കൊണ്ട മുന്നേറ്റമായിട്ടാണ് പൊലീസും സര്‍ക്കാരും ഇതിനെ ചിത്രീകരിക്കുന്നത്. പക്ഷേ, സത്യം അതല്ല.

മാവോയിസ്റ്റുകളോട് ഗ്രാമങ്ങളിലെ മറ്റ് ആദിവാസികള്‍ക്ക് ചെറിയതോതില്‍ അമര്‍ഷം തോന്നിത്തുടങ്ങിയിരുന്നു എന്നത് സത്യംതന്നെയാണ്. മാവോയിസ്റ്റുകളുടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആദിവാസികളുടെ സാമൂഹിക ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കോണ്‍ട്രാക്ടര്‍മാരോട് കൂട്ടുകൂടിയ പല ആദിവാസി മൂപ്പന്മാരും പരസ്യവിചാരണയ്ക്ക് വിധേയരായി ശിക്ഷിക്കപ്പെട്ടു. പൊലീസുകാരുടെ ഒറ്റുകാരാണെന്ന സംശയത്തില്‍ ഗറില്ലാ ആര്‍മി പലപ്പോഴായി പലരേയും വെടിവെച്ചുകൊന്നു. ഗറില്ലാ സോണുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ സര്‍ക്കാറിന്‍െറ തൊഴില്‍പദ്ധതികളില്‍ ഗ്രാമീണര്‍ പങ്കെടുക്കുന്നത് മാവോയിസ്റ്റുകള്‍ തടഞ്ഞു. ബീഡിയിലയുടെ വില്‍പനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പലപ്പോഴും ഗ്രാമീണര്‍ക്ക് പ്രശ്‌നമായി തോന്നി. സത്യത്തില്‍ ഗ്രാമീണരുടെ ഗുണത്തിനുവേണ്ടിത്തന്നെയായിരുന്നു ഇവ വിലകുറച്ചു വില്‍ക്കുന്നത് മാവോയിസ്റ്റുകള്‍ തടഞ്ഞത്. പക്ഷേ, ചിലപ്പോള്‍ പട്ടിണിക്കിടയിലും ഇലക്കെട്ടുകള്‍ വില്‍ക്കാനാവാതെ ഗ്രാമീണര്‍ വിഷമിച്ചു. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍ പണം നല്‍കുന്നുണ്ടെന്ന ആരോപണവും പ്രചരിച്ചു. (കച്ചവടക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും തടികടത്തുന്നവര്‍ക്കും ചാരായ വില്‍പനക്കാര്‍ക്കുമൊക്കെ മാവോയിസ്റ്റുകള്‍ "നികുതി' ഏര്‍പ്പെടുത്താറുണ്ട്.)

ദന്തേവാഡ ജില്ലയിലെ ഭൈരാംഗഢിലുള്ള (ഇപ്പോള്‍ ഈ പ്രദേശം ബിജാപുര്‍ ജില്ലയിലാണ്) ആദിവാസികള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ചെറിയതോതില്‍ സംഘടിച്ചു. പക്ഷേ, അവരുടെ അതൃപ്തി അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. മഹേന്ദ്രകര്‍മയാണ്. (കോണ്‍ഗ്രസ്സിലേക്ക് വരുന്നതിന് മുന്‍പ് കര്‍മ സി.പി.ഐയിലായിരുന്നു. സി.പി.ഐ. ജന്‍ജാഗരണ്‍ അഭിയാനെന്നപേരില്‍ ഒരു നക്‌സല്‍വിരുദ്ധ മുന്നേറ്റം 1991-92-ല്‍ നടത്തിയിരുന്നു. നക്‌സലൈറ്റുകള്‍ പാര്‍ട്ടിയുടെ 12 നേതാക്കളെ കൊന്നതോടെ ആ മുന്നേറ്റം അവസാനിച്ചു). കര്‍മയോടൊപ്പം കോണ്‍ട്രാക്ടര്‍മാരും കച്ചവടക്കാരും കൂടി. പഴയ ചില നക്‌സല്‍ നേതാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയും സഹായവും ഈ മുന്നേറ്റത്തിന് ലഭിച്ചു.

പിന്നീട് നടന്നതുമുഴുവന്‍ കൊടും ക്രൂരതയാണ്. സാല്‍വ ജുദുമില്‍ ചേര്‍ന്ന ഗ്രാമീണര്‍ക്ക് തോക്കും മറ്റ് ആയുധങ്ങളും പണവും നല്‍കി. സഹായത്തിന് നാഗാ ബറ്റാലിയനും പൊലീസിന്‍െറ സായുധസേനയും. മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്താനെന്ന പേരില്‍ ആദിവാസികളെ കൂട്ടത്തോടെ കാട്ടിനുപുറത്തേക്ക് ഓടിച്ചു. പുറത്തുവന്നവരെ ആട്ടിന്‍പറ്റങ്ങളെപ്പോലെ റോഡരുകിലെ സാല്‍വ ജുദും ക്യാമ്പുകളിലേക്ക് ആട്ടിത്തെളിച്ചു. പുറത്തുവരാന്‍ കൂട്ടാക്കാത്തവരെ വെടിവെച്ചുകൊന്നു. വീടുകള്‍ തീവെച്ചു. കൊള്ളയും കൂട്ടബലാത്സംഗങ്ങളും നടത്തി. സര്‍ക്കാര്‍ ഈ അക്രമത്തെ സായുധസേനയെ സഹായത്തിനു വിട്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പുറത്തേക്കുവന്ന ആദിവാസികളില്‍ നിന്ന് മൂവായിരംപേരെ (നിയമവിരുദ്ധമായി) സെ്പഷല്‍ പൊലീസ് ഓഫീസര്‍മാരായി നിയമിച്ചു. 1500 രൂപ ശമ്പളവും തോക്കും യൂണിഫോമും നല്‍കി. പ്രായപരിധിപോലും നോക്കാതെയായിരുന്നു നിയമനം. കുട്ടികള്‍പോലും എസ്.പി.ഒ. മാരായി (ഏഷ്യന്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന 2006-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്‍െറ കവറില്‍ മുഖ്യമന്ത്രി രമണ്‍സിങ് തോക്കുപിടിച്ചുനില്‍ക്കുന്ന കുട്ടിപ്പൊലീസുകാരോട് കുശലാന്വേഷണം നടത്തുന്ന ചിത്രമുണ്ട്).

സ്വാഭാവികമായും മാവോയിസ്റ്റുകളും തിരിച്ചടിച്ചു. അവര്‍ സാല്‍വ ജുദും ക്യാമ്പുകളും പൊലീസ് സ്റ്റേഷനുകളും അക്രമിച്ചു. സാല്‍വജുദുമിന്‍െറ റാലിയിലും യോഗങ്ങളിലും സേ്ഫാടനങ്ങള്‍ നടത്തി. പല സെ്പഷല്‍ പൊലീസ് ഓഫീസര്‍മാരെയും വെടിവെച്ചുകൊന്നു. കാട്ടില്‍നിന്ന് പുറത്തേക്കുപോയവരെ മാവോയിസ്റ്റുകളും കാട്ടില്‍ത്തന്നെ നിന്നവരെ സാല്‍വ ജുദുമും വെടിവെച്ചുകൊന്നു. "കാട്ടില്‍നില്‍ക്കുന്നവര്‍ അവരോടൊപ്പവും പുറത്തേക്കുവരുന്നവര്‍ സര്‍ക്കാറിനൊപ്പവും'' എന്ന് മുഖ്യമന്ത്രി പരസ്യമായി പ്രസ്താവിച്ചു. ഭയംകൊണ്ടാണ് ഭൂരിഭാഗംപേരും "സ്വമേധയാ' ക്യാമ്പുകളിലേക്ക് മാറിയത്. 640 ഗ്രാമങ്ങളില്‍ നിന്ന് ആദിവാസികളെ സാല്‍വ ജുദും ഒഴിപ്പിച്ചു. അറുപതിനായിരത്തോളം ആദിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. മൂന്നരലക്ഷത്തോളം ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു.

Malayalam
മാവോവാദികള്‍ എത്രപേരെ കൊന്നു എന്നതിന്‍െറ കൃത്യമായ കണക്ക് സര്‍ക്കാറിന്‍െറ കൈയിലുണ്ട്. പക്ഷേ, സാല്‍വ ജുദും കൊന്നവരുടെ എണ്ണം ആരുടെയും കൈയിലില്ല. സാല്‍വ ജുദും നടത്തിയ കൊലകള്‍ സി.ബിഐ. അന്വേഷിക്കണമെന്ന് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടി (പി.യു.സി.എല്‍) ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്‍റായ ബിനായക് സെന്‍ അറസ്റ്റുചെയ്യപ്പെട്ടത്.

സാല്‍വ ജുദുമിന്‍െറ അക്രമത്തില്‍ ഭയന്നോടുമ്പോള്‍ ഒരു കുടുംബത്തില്‍ത്തന്നെയുള്ളവര്‍ ഒരേ ദിശയിലേക്കല്ല ഓടിയത്. ചിലര്‍ പുറത്തേക്ക്. ചിലര്‍ ഉള്‍ക്കാടുകളിലേക്ക്. പുറത്തേക്കുപോയവരില്‍ പലരും സെ്പഷല്‍ പൊലീസ് ഓഫീസര്‍മാരായി. അകത്തേക്ക് ഓടിയവര്‍ മാവോയിസ്റ്റ് സൈന്യത്തില്‍ ചേര്‍ന്നു. സാല്‍വ ജുദുമിന് ശേഷം മാവോയിസ്റ്റ് സൈന്യത്തിന്‍െറ അംഗബലം കുത്തനെ കൂടിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്.പി.ഒ.മാരെ മുന്നില്‍നിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാറിന്‍െറ സായുധസേന ഓപ്പറേഷനുകള്‍ നടത്താറുള്ളത്.

കൊല്ലുന്നതും മരിക്കുന്നതും പലായനം ചെയ്യുന്നതുമൊക്കെ ആദിവാസികള്‍.

*

ഭദ്രാചലംവഴി ഛത്തീസ്ഗഢിലേക്ക് കടക്കുമ്പോള്‍ ചട്ടി എന്ന സ്ഥലത്ത് ആന്ധ്ര അവസാനിക്കും. പൊലീസ് ചെക്ക്‌പോസ്റ്റിനപ്പുറം കോണ്ട. ദന്തേവാഡ ജില്ലയുടെ തുടക്കം. ഛത്തീസ്ഗഢിന്‍െറയും ഒറീസയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയാണ് കോണ്ട. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം.

അഞ്ചാറുകടകളുള്ള ചെറിയ ഒരു അങ്ങാടിയും ഫോറസ്റ്റ് ഓഫീസും പൊലീസ്‌സ്റ്റേഷനും പിന്നെ ഒന്നുരണ്ട് സര്‍ക്കാര്‍ ഓഫീസുകളും കഴിഞ്ഞാല്‍പിന്നെ വിശാലമായി കിടക്കുന്ന കാട്. ഗ്രാമങ്ങള്‍. ഹോട്ടലുകളൊന്നുമില്ല. പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസിലാണ് ഞങ്ങള്‍ താമസിച്ചത്. പ്രാദേശിക പത്രക്കാര്‍ സഹായിച്ചതുകൊണ്ടുമാത്രമാണ് മുറി കിട്ടിയത്. മുറിയുടെ താക്കോല്‍ റെസ്റ്റ്ഹൗസിന്‍െറ സൂക്ഷിപ്പുകാരന്‍ തന്നെ കൈയില്‍വെച്ചു. വെളിയില്‍നിന്ന് വരുന്നവരെ സംശയമാണ്.

റെസ്റ്റ്ഹൗസിനടുത്ത് ഒരു പുഴയുണ്ട്. ശബരി. സ്വച്ഛമായ വെള്ളം. മണല്‍ത്തിട്ടകള്‍. നദിക്കപ്പുറം ഒറീസയാണ്. ഒരു പാലക്കാടന്‍ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന പരിസരം. പുഴയുടെ തീരത്ത് പാറക്കെട്ടില്‍ ആകാശം നോക്കിക്കിടന്നപ്പോള്‍ ഇത് ഒരു യുദ്ധഭൂമിയാണോ എന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. തെക്കന്‍ ബസ്തര്‍ മുഴുവന്‍ ഇങ്ങനെയാണ്. ചീറിപ്പായുന്ന സൈനിക വാഹനങ്ങളോ നിരന്നുനില്‍ക്കുന്ന പൊലീസുകാരെയോ ഒന്നും കാണാനാവില്ല. പുറമേക്ക് എല്ലാം ശാന്തമാണ്. പക്ഷേ, ഉള്‍ക്കാടുകള്‍ തീര്‍ത്തും കലുഷമാണ്.

രാത്രി റെസ്റ്റ്ഹൗസില്‍ പൊലീസ് വന്നു. മഫ്ടിയിലാണ്. (ബസ്തറില്‍ പൊലീസുകാര്‍ പൊതുവെ മഫ്ടിയിലാണ്. പൊലീസ് സൂപ്രണ്ടുപോലും മഫ്ടിയിലാണെന്ന് പിന്നീട് മനസ്സിലായി). ഞങ്ങളെ ചോദ്യംചെയ്തു. എന്തിനുവന്നു, ഇനി എവിടേക്കാണ് പോകുന്നത്, എപ്പോഴാണ് പോകുന്നത്? ഐഡന്‍റിറ്റി കാര്‍ഡ് വിശദമായി പരിശോധിച്ചു.

രാവിലെ അടുത്തുള്ള സാല്‍വ ജുദും ബേസ് ക്യാമ്പ് കാണാന്‍ കൊണ്ടുപോകാമെന്ന് പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സമ്മതിച്ചു. ക്യാമ്പുകള്‍ കാണാന്‍ കളക്ടറുടെ അനുവാദം വേണം. അനുവാദത്തിന് ഫോണ്‍ വിളിച്ചിട്ട് കാര്യമില്ല. ദന്തേവാഡയാണ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഞങ്ങള്‍ അവിടേക്ക് പോകാനിരിക്കുന്നതേയുള്ളൂ. "അതൊന്നും കുഴപ്പമില്ല''. പത്രക്കാരന്‍ പറഞ്ഞു. Malayalam
രാവിലെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനുശേഷമാണ് ക്യാമ്പിലെത്തിയത്. തൊട്ടുതൊട്ട്, നിരനിരയായി കുടിലുകള്‍. അധികമാരെയും കാണുന്നില്ല. ക്യാമ്പിന്‍െറ പുറത്ത് കൊല്ലപ്പെട്ട രണ്ട് എസ്.പി.ഒ.മാരുടെ രക്തസാക്ഷിമണ്ഡപം. പടങ്ങള്‍ എടുക്കുമ്പോഴേക്കും പൊലീസെത്തി. ടൗണ്‍ ഇന്‍സെ്പക്ടറും (ടി.ഐ) തോക്കുപിടിച്ച മൂന്ന് എസ്.പി.ഒ.മാരും. നാലുപേരുടെയും മുഖത്ത് കര്‍ക്കശഭാവം. അനുവാദമില്ലാതെ ക്യാമ്പിലുള്ളവരോട് സംസാരിക്കുകയോ പടമെടുക്കുകയോ ചെയ്യരുത്. ടി.ഐ. തറപ്പിച്ചുപറഞ്ഞു.

"ശരി''

"ഇനി എവിടേക്കാണ്?''

"ദന്തേവാഡയിലേക്ക്.''

"നേരെ പോകാന്‍പറ്റില്ല. നിങ്ങള്‍ വിശാഖപട്ടണത്തേക്ക് പോയി അവിടെനിന്ന് ട്രെയിനില്‍ ജഗദല്‍പുരിലേക്ക് പോകണം. അവിടെനിന്ന് ദന്തേവാഡയിലേക്ക് പോകാം.'' വിശാഖപട്ടണം 300 കിലോമീറ്റര്‍ ദൂരെയാണ്. പിന്നെ വണ്ടിയില്‍ വീണ്ടും 300 കിലോമീറ്റര്‍. നേരെ പോയാല്‍ ബസ്സില്‍ 170 കിലോമീറ്ററേയുള്ളൂ.

"നേരെ പോയാലെന്താ?''

"അപകടമാണ്. മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായേക്കും. നിങ്ങള്‍ പുറത്തുനിന്നുള്ളവരെ ബസ്സില്‍നിന്ന് പുറത്തേക്കിറക്കി ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്.'' വെറുതെ പേടിപ്പിക്കുന്നു!

ഞങ്ങളുടെ കൈയില്‍ ഡി.ഐ.ജി.യുടെ നമ്പറുണ്ടായിരുന്നു. ഭദ്രാചലത്തിലുള്ള ഒരു മാധ്യമസുഹൃത്ത് ഞങ്ങള്‍ വരുന്ന വിവരം പറയുകയും ചെയ്തിരുന്നു. എന്തു പ്രശ്‌നമുണ്ടായാലും ഡി.ഐ.ജി.യെ വിളിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ടി.ഐ.യോട് സംസാരിച്ചു. പ്രശ്‌നം തീര്‍ന്നു. പക്ഷേ, കോണ്ടയില്‍ ഇനി എങ്ങോട്ടും പോകാ നാവില്ല. പ്രത്യേകിച്ചും കാട്ടിനുള്ളിലേക്ക്.

"നിങ്ങളെ ഞങ്ങള്‍ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയാല്‍ പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കും.'' സ്ഥലത്തെ പത്രക്കാരന്‍ പറഞ്ഞു. ബസ്തറിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ സ്വതന്ത്രമായി എഴുതാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കില്ല. പത്രസമ്മേളനത്തില്‍ പൊലീസ് എന്തു പറയുന്നുവോ അതെഴുതുക അത്രതന്നെ. മറിച്ച് വല്ലതും എഴുതുന്നവര്‍ക്ക് ജയിലിലേക്കു പോകാം (പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും എഴുതിയതിന്‍െറ പേരില്‍ രണ്ടുവര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന ഒരു പത്രപ്രവര്‍ത്തകനെ പിന്നീട് അയാളുടെ വീട്ടില്‍ ചെന്നു കണ്ടിട്ടുപോലും അയാള്‍ സംസാരിച്ചില്ല. ഞങ്ങളെ പതുക്കെ ഒഴിവാക്കി).

ഇരുപത്തിയെട്ട് ഹിന്ദി പത്രങ്ങള്‍ ഛത്തീസ്ഗഢില്‍ പുറത്തിറങ്ങുന്നുണ്ട്. മിക്കതും സര്‍ക്കാരിനെ പിന്തുണക്കുന്നവ. ബാക്കിയുള്ളവയുടെ മുതലാളിമാര്‍ കോണ്‍ട്രാക്ടര്‍മാരോ ബിസിനസ്സുകാരോ ഒക്കെയായിരിക്കും. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്ന യുദ്ധത്തിന്‍െറ കാര്യത്തില്‍ ഒരു പത്രവും സര്‍ക്കാരിനെ വിമര്‍ശിക്കില്ല. തുടക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കൈയടി വാങ്ങിയ ചില പത്രങ്ങള്‍ വളരെ പെട്ടെന്നുതന്നെ സര്‍ക്കാര്‍പക്ഷത്തേക്ക് മാറിയതായും പത്രം തുടങ്ങിയവര്‍ക്ക് കോടികള്‍ ലഭിച്ചതായും പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പറയുന്നു (വെറും 30 ശതമാനം സാക്ഷരതയുള്ള ഒരു ജില്ലയില്‍നിന്ന് പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്).

പുറത്തുനിന്നു വരുന്ന മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ തുറന്നെഴുതുന്നത് എന്നതുകൊണ്ടുതന്നെ അവരുടെയും വസ്തുതാപഠന സംഘങ്ങളുടെയുമൊക്കെ പ്രവര്‍ത്തനങ്ങളും യാത്രകളും പൊലീസ് പലപ്പോഴും തടസ്സപ്പെടുത്താറുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമല്ല മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. ജന്‍ സുരക്ഷാ കാനൂന്‍ എന്ന കരിനിയമം നിലവിലുള്ള സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് എല്ലാവരും സംസാരിക്കുന്നത്. പേടിയുടെയും സംശയത്തിന്‍െറയും ആവരണം അന്തരീക്ഷത്തെ എപ്പോഴും വലയംചെയ്തുനില്ക്കുന്നതുപോലെ.

ഛത്തീസ്ഗഢിലേക്കു കടന്ന ആദ്യദിവസംതന്നെ സ്വാതന്ത്ര്യക്കുറവിന്‍െറ ശ്വാസംമുട്ടല്‍ ഞങ്ങള്‍ അനുഭവിക്കാന്‍തുടങ്ങി.

*

റോഡിനപ്പുറവും ഇപ്പുറവും കാട് മാത്രം. കാട് വേനലില്‍ ശുഷ്കിച്ചിരിക്കുന്നു. മരങ്ങളെല്ലാം ഇലപൊഴിച്ചുനില്ക്കുകയാണ്. ഇടയ്ക്ക് ഒരു പൊട്ടിച്ചിരിപോലെ പച്ചത്തളിരുകള്‍. കാടിന് മഹുവയുടെ ഗന്ധമുണ്ടെന്ന് എനിക്കു തോന്നി. മഹുവപ്പൂക്കള്‍ വാറ്റിയുണ്ടാക്കുന്ന വീര്യംകൂടിയ മദ്യത്തിന്‍െറ ഗന്ധം.

മൂന്നുമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷമാണ് സുക്മയില്‍നിന്ന് ബസ് കിട്ടിയത്. കോണ്ടയ്ക്കും ദന്തേവാഡയ്ക്കും ഇടയിലുള്ള സ്ഥലമാണ് സുക്മ. നാലുമണിക്ക് വരേണ്ട ബസ്സാണ് ഏഴുമണിക്കു വന്നത്. വന്നല്ലോ. അതുതന്നെ ഭാഗ്യം! ദന്തേവാഡയിലെത്തുമ്പോള്‍ പത്തുമണിയെങ്കിലുമാകും. എവിടെയാണ് താമസം ഏര്‍പ്പാടാക്കിയതെന്ന് പിള്ളച്ചേട്ടന്‍ പറഞ്ഞിട്ടില്ല. രാത്രി ചെന്നിറങ്ങുമ്പോള്‍ പിള്ളച്ചേട്ടന്‍െറ മൊബൈല്‍ ഓഫാണെങ്കിലോ? കോണ്ട പൊലീസ് ചെറിയൊരു പേടി മനസ്സിലുണ്ടാക്കിയിട്ടുണ്ട്.

കാട്ടിനുള്ളിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു. ഓടിക്കൊണ്ടിരുന്നു എന്നു പറയുന്നതിനെക്കാള്‍ ഇഴഞ്ഞുനീങ്ങി എന്നു പറയുന്നതാവും ശരി. ബസ്സു നിറയെ ആദിവാസികളാണ്. കുട്ടകള്‍, കോഴി, ചാക്ക്, കൈയില്‍ മുളകൊണ്ടുണ്ടാക്കിയ ഭംഗിയുള്ള വാട്ടര്‍ ബോട്ടിലുകള്‍. മഹുവയുടെ ഗന്ധം കാട്ടില്‍നിന്നല്ല മുളങ്കുപ്പിയില്‍നിന്നാണെന്നു തോന്നുന്നു വരുന്നത്. ഇടയ്ക്കിടെ ബസ്സിന്‍െറ മുകളില്‍നിന്ന് ഒരു കുട്ട താഴേക്കു വീഴും. വീണ്ടും അതൊക്കെ തിരിച്ചുവെച്ച്, പതുക്കെ പതുക്കെ പോവുകയാണ്. ചന്തദിവസമായതുകൊണ്ടാവണം ഇത്രയും സാധനങ്ങള്‍. പുറത്ത് നിലാവ്.

ഏതോ സ്റ്റോപ്പിലെത്തിയപ്പോള്‍ ബസ് ഒഴിഞ്ഞു. ജനലിലൂടെ നോക്കിയപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ പുറത്തുണ്ട്. പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍, കുട്ടകള്‍, കോഴികള്‍...

നിലാവില്‍ കറുത്ത കുറെ രൂപങ്ങള്‍.

ബസ് മുന്നോട്ടു നീങ്ങി.

ദന്തേവാഡയിലെത്തുമ്പോള്‍ രാത്രി പത്തര.

പിള്ളച്ചേട്ടന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു.

*

ദന്തേവാഡയിലെ കളക്ടറേറ്റില്‍ ഗാന്ധിയെ കാണുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഗാന്ധിയനായ ഹിമാംശു കുമാറിന്‍െറ വനവാസി ചേതന ആശ്രമം, സര്‍ക്കാരിന്‍െറ സായുധസേനയാണ് അടിച്ചുതകര്‍ത്തത്.

അതുകൊണ്ടാവാം, കയറിച്ചെന്നപ്പോള്‍ നേരെ മുന്നിലെ ചുമരില്‍ ഗാന്ധിയുടെ വലിയ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നത്. ഫോട്ടോയ്ക്കു മുന്നില്‍ ചങ്ങലകൊണ്ട് വേലികെട്ടിയ കൊച്ചു മണ്ഡപത്തില്‍ കത്തുന്ന നിലവിളക്ക്. ഇടതുവശത്തെയും വലതുവശത്തെയും ചുമരിന്മേലും മുന്നില്‍ ഇടനാഴിയുടെ ഇരുഭാഗങ്ങളിലുമൊക്കെ ഗാന്ധിയുടെ പടങ്ങളും സൂക്തങ്ങളുമാണ്. മുന്നിലെ ഫോട്ടോയ്ക്കു സമീപം താന്‍ വിഭാവനംചെയ്യുന്ന ഇന്ത്യയെക്കുറിച്ച് ഗാന്ധി പറഞ്ഞ വാക്കുകള്‍ വലുതാക്കി എഴുതിവെച്ചിരിക്കുന്നു:

"ഉച്ചനീചത്വങ്ങളില്ലാത്ത ജാതി-മത-വര്‍ഗ-ലിംഗഭേദങ്ങളില്ലാത്ത, ഓരോ മനുഷ്യനും അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു രാജ്യം, അതാണ് എന്‍െറ സ്വപ്നത്തിലെ ഇന്ത്യ.'' പാവം ഗാന്ധി!

പത്തുമണിക്ക് തൊട്ടുമുന്‍പ് ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്‌മെന്‍റ് "പ്രാര്‍ഥനാസമയം എല്ലാ ജീവനക്കാരും പങ്കെടുക്കണം'' തുടര്‍ന്ന് ഗാന്ധിക്കിഷ്ടമുള്ള വൈഷ്ണവജനതോ എന്നു തുടങ്ങുന്ന ഭജന്‍. പിന്നെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ "രഘുപതി രാഘവ'യുടെ ഈണം.

ഒരുമണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷം കളക്ടര്‍ വന്നു. നീണ്ടുമെലിഞ്ഞു വെളുത്ത ചെറുപ്പക്കാരി. കൂടെ വലിയ തോക്കുമായി ഉയരം കുറഞ്ഞ ഗണ്‍മാന്‍. ജനസേവകര്‍ എങ്ങനെയിരിക്കണമെന്ന ഗാന്ധിസൂക്തം ചുമരില്‍നിന്ന് എന്നെ നോക്കി ചിരിച്ചു.

മനഃപാഠമാക്കിയ ഉത്തരങ്ങള്‍ കൃത്യമായി പറയുന്നതുപോലെയാണ് കളക്ടര്‍ റിനാ കാംഗ്‌ലെ സംസാരിച്ചത്.

"കാട്ടില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കുകയല്ലാതെ ജില്ലാഭരണകൂടത്തിന് മറ്റു വഴിയൊന്നുമില്ലായിരുന്നു. ഗ്രാമീണര്‍ വല്ലാത്ത ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഞങ്ങള്‍ തുടക്കത്തില്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ രണ്ടുരൂപയ്ക്ക് ഒരുകിലോ അരി കൊടുക്കുന്നുണ്ട്. സ്കൂളുകള്‍ നടത്തുന്നുണ്ട്. തൊഴിലുറപ്പുപദ്ധതിയില്‍ പെടുത്തി തൊഴിലും കൊടുക്കുന്നുണ്ട്. സാല്‍വ ജുദും ക്യാമ്പുകള്‍ക്കു സമീപം സി.ആര്‍.പി.എഫിന്‍െറ ക്യാമ്പുകള്‍ ഉള്ളതുകൊണ്ട് ഗ്രാമീണര്‍ക്ക് സുരക്ഷിതത്വം ഉണ്ട്.'' എന്നിട്ടും പല ക്യാമ്പുകളില്‍നിന്നും ആദിവാസികള്‍ കാട്ടിനുള്ളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ടെന്ന് കളക്ടര്‍തന്നെ പറഞ്ഞു. അവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി പൊലീസ് അത് തടയുന്നുണ്ടെന്നും സൂചിപ്പിച്ചു. ദന്തേവാഡ ജില്ലയിലെ മൂന്നിലൊന്ന് ഗ്രാമങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍െറ കൈകള്‍ക്കപ്പുറത്താണെന്നും അവര്‍ പറഞ്ഞു. അതായത്, പൂര്‍ണമായും മാവോയിസ്റ്റുകളുടെ പിടിയിലാണെന്നര്‍ഥം. അങ്ങനെയുള്ള ഗ്രാമങ്ങള്‍ മാവോയിസ്റ്റുകളുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് പക്ഷേ, കളക്ടര്‍ പറഞ്ഞില്ല.

*

രണ്ട് സി.ആര്‍.പി.എഫ്. ക്യാമ്പുകള്‍ക്കിടയ്ക്കാണ് സാല്‍വ ജുദുമിന്‍െറ ചെര്‍പാല്‍ ബേസ് ക്യാമ്പ്. ഇത് ബിജാപുര്‍ ജില്ലയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ കാട്ടുപാതയിലൂടെ അവിടെയെത്തുമ്പോഴേക്കും വൈകുന്നേരമായിരുന്നു. സാല്‍വ ജുദുമിന്‍െറ ക്യാമ്പുകളെ ഇപ്പോള്‍ വില്ലേജ് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഇങ്ങനെയുള്ള ഓരോ വില്ലേജിലും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമമുഖ്യരുണ്ടെന്നും ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് പോള്‍ മേനോന്‍ പറഞ്ഞു. ചെര്‍പാലിലേക്ക് പോകുമ്പോള്‍ ഇടതുവശത്ത് യുണിസെഫിന്‍െറയും വലതുവശത്ത് "ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സന്നദ്ധസംഘടനയുടെയും ചെറിയ കെട്ടിടങ്ങള്‍.

ക്യാമ്പില്‍ പലരോടും ഞങ്ങള്‍ സംസാരിച്ചു. സ്വന്തം ഗ്രാമത്തിലേക്കുതന്നെ തിരിച്ചുപോകാന്‍തന്നെയാണ് ആഗ്രഹമെന്നാണ് അവരൊക്കെ പറഞ്ഞത്. "സത്യമാണ്. ഞങ്ങള്‍ ഭയന്ന് ഓടിവന്നതുതന്നെയാണ്'', ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു (പേര് ഒഴിവാക്കുന്നു). "മാവോയിസ്റ്റുകള്‍ നിങ്ങളെ വന്ന് ആക്രമിക്കുമെന്ന് സാല്‍വ ജുദും വന്നുപറഞ്ഞു. അതു കേട്ടാല്‍പിന്നെ പേടിക്കില്ലേ? അതുകൊണ്ട് ഞങ്ങളൊക്കെ ഓടിപ്പോന്നു. പക്ഷേ, ഇങ്ങനെ എത്രകാലം കഴിയും?'' മിക്കവര്‍ക്കും തൊഴിലില്ല. പലരും രാവിലെ ക്യാമ്പില്‍നിന്ന് സ്വന്തം ഗ്രാമത്തില്‍പോയി ജോലിചെയ്ത് ക്യാമ്പിലേക്കുതന്നെ മടങ്ങിവരുകയാണ്. ക്യാമ്പില്‍ താമസിച്ചുകൊണ്ട് പഴയതുപോലെ കാട്ടില്‍പോയി തെന്തുപത്തയും മറ്റും ശേഖരിക്കാന്‍ അവര്‍ക്ക് പേടിയുണ്ട്. ക്യാമ്പിലുള്ളവരോട് മാവോയിസ്റ്റുകള്‍ ഇപ്പോള്‍ കുറെക്കൂടി സൗഹൃദത്തോടെ പെരുമാറുന്നുണ്ട്. പല കുടുംബങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളും കാട്ടിലേക്ക് പോയ്ക്കഴിഞ്ഞു. പുരുഷന്മാരെ തിരിച്ചുപോകാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ചിലര്‍ പരാതിപറഞ്ഞു. പല വീടുകളിലും അടുപ്പ് പുകയുന്നില്ല എന്നും എന്നോട് സംസാരിച്ച ചെറുപ്പക്കാരന്‍ പറഞ്ഞു. മലേറിയയും ക്ഷയവും മറ്റു പകര്‍ച്ചവ്യാധികളും കൂടിയിട്ടുണ്ട്. മേലാസകലം വ്രണംബാധിച്ച ഒന്നരവയസ്സുള്ള ഒരു കുഞ്ഞിനെയും ജ്വരം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ നാലുവയസ്സുള്ള ഒരു കുട്ടിയെയും ഞങ്ങള്‍ക്ക് ഞങ്ങളുടെ വണ്ടിയില്‍ സന്നദ്ധസംഘടനയുടെ ആസ്പത്രിയിലാക്കേണ്ടിവന്നു. വണ്ടിയുടെ പിന്നിലെ സീറ്റില്‍ കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരുടെ അമ്മമാര്‍ വഴി മുഴുവന്‍ കരഞ്ഞു. തിരിച്ചുള്ള യാത്രയില്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.

*

"ഹരിതവേട്ടയെന്നപേരില്‍ ഇവിടെ ഒന്നും നടക്കുന്നില്ല.'' ദന്തേവാഡ പൊലീസ് എസ്.പി. അമരേശ് മിശ്ര ഉറപ്പിച്ചുപറയുന്നു. ദന്തേവാഡയില്‍നിന്നു മടങ്ങുന്ന ദിവസമാണ് ഞങ്ങള്‍ അദ്ദേഹത്തെ ഓഫീസില്‍ ചെന്നുകണ്ടത്. ചെറുപ്പക്കാരന്‍. ഫുള്‍ സ്ലീവ് ഷര്‍ട്ട്.

"ഹരിതവേട്ട മാധ്യമങ്ങളുടെ സൃഷ്ടിയാണ്.'' അദ്ദേഹം തുടര്‍ന്നു. സര്‍ക്കാരിന്‍െറയോ പൊലീസിന്‍െറയോ രേഖകളില്‍ ഇങ്ങനെയൊരു പേരില്ല (അതുതന്നെയാണ് ആഭ്യന്തരമന്ത്രി പി. ചിദംബരവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്).

സത്യമായിരിക്കാം. ഹരിതവേട്ടയെന്നോ അരുണവേട്ടയെന്നോ ഒന്നും രേഖയില്‍ ഉണ്ടാകണമെന്നില്ല. പക്ഷേ, കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് ശക്തമായ സായുധമുന്നേറ്റം നടത്തുന്നുണ്ടെന്നത് സത്യംതന്നെയാണ്. സി.ആര്‍.പി.എഫ്., ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്‍ഡോ-ടിബറ്റന്‍ സേന, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഛത്തീസ്ഗഢിലെ സായുധപൊലീസ് ഇവയൊക്കെ രംഗത്തുണ്ട്. സാല്‍വ ജുദുമിലെ സെ്പഷല്‍ പൊലീസ് ഓഫീസര്‍മാരുടെ പേര് കോയ കമാന്‍ഡോ എന്നാക്കിമാറ്റിയിട്ടുമുണ്ട്.

കഴിഞ്ഞ ആഗസ്തില്‍ സംയുക്ത സൈനിക നടപടി ആരംഭിച്ചതുമുതല്‍ ദണ്ഡകാരണ്യത്തില്‍ 115 ആദിവാസികളെ സര്‍ക്കാരിന്‍െറ സായുധസേന കൊന്നിട്ടുണ്ടെന്ന് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു. "കാട്ടിനുള്ളില്‍ ആവശ്യമില്ലാത്തിടത്ത് ആവശ്യമില്ലാത്തവരെ കണ്ടാല്‍ അവര്‍ മാവോയിസ്റ്റുകളോ മാവോയിസ്റ്റുകളുടെ അനുഭാവികളോ അതുമല്ലെങ്കില്‍ അവരുടെ സന്ദേശവാഹകരോ ആണെന്ന് ഞങ്ങള്‍ ഉറപ്പിക്കും'' എന്ന് സായുധസേനയുടെ നിലപാട് എസ്.പി. തന്നെ വ്യക്തമാക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരെ ആറുസംസ്ഥാനങ്ങള്‍ ഒരേസമയം സംയുക്ത സൈനികനടപടി നടത്തുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറയുന്നു.

നക്‌സലൈറ്റുകള്‍ ഏതു രീതിയിലാണ് വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിസ്തരിച്ചുപറഞ്ഞു: അവര്‍ റോഡുകള്‍ തകര്‍ക്കുന്നു, സ്കൂളുകള്‍ തകര്‍ക്കുന്നു, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമമുഖ്യരെ കൊല്ലുന്നു, അധ്യാപകരെയും ഡോക്ടര്‍മാരെയും പേടിപ്പിക്കുന്നു, അങ്കണവാടികള്‍ സ്തംഭിപ്പിക്കുന്നു, സെന്‍സസ് നടത്താന്‍ അനുവദിക്കുന്നില്ല...

മാവോയിസ്റ്റുകളെ നേരിടാന്‍ ഇപ്പോഴുള്ള സേനകള്‍ മതിയെന്നും പക്ഷേ, വികസനത്തിന് ഇനിയും ഇനിയും സേനകള്‍ വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

എന്‍െറ മനസ്സില്‍ മണിപ്പൂരിന്‍െറ ചിത്രം തെളിഞ്ഞു. സായുധവിപ്ലവങ്ങളെ അടിച്ചമര്‍ത്താന്‍ പ്രത്യേകാധികാരങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ അയച്ച അര്‍ധസൈനിക വിഭാഗങ്ങള്‍ മണിപ്പൂരില്‍ നില്പുറപ്പിച്ചിട്ട് 60 വര്‍ഷമായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈനികസാന്ദ്രതയുള്ള സ്ഥലം. അവിടെ വികസനത്തിന്‍െറ ഒരു നേരിയ ലക്ഷണംപോലുമില്ല. മാത്രമല്ല, ഓരോ ദിവസവും ഒളിപ്പോരാളികളുടെ പുതിയ സംഘങ്ങള്‍ മുളച്ചുപൊന്തുന്നുമുണ്ട്. അതുതന്നെയല്ലേ ഇവിടെയും സംഭവിക്കുക.

*

ദന്തേവാഡയില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരത്താണ് കിരന്ദുല്‍. കിരന്ദുലിനു സമീപമുള്ള ബൈലാഡില്ല മലനിരകള്‍ മുഴുവന്‍ ഇരുമ്പയിരാണ്. പതിന്നാല് വന്‍ശേഖരങ്ങള്‍. 13435 ലക്ഷം ടണ്‍. ലോകത്തില്‍വെച്ചേറ്റവും സമ്പുഷ്ടമായ ഇരുമ്പയിരുശേഖരങ്ങളിലൊന്നാണിത്. നാഷണല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍െറ വലിയ രണ്ട് ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ജപ്പാന്‍െറ സഹായത്തോടെയാണ് ഫാക്ടറി നിര്‍മിച്ചത്. നാല്പതുവര്‍ഷമായി രാവും പകലും ഖനനമാണ്. മലമുകളില്‍നിന്ന് കൂറ്റന്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ അയിര് താഴേക്ക് കൊണ്ടുവരും. പിന്നീട് അത് റെയില്‍വേ ബോഗികളില്‍ വിശാഖപട്ടണത്തേക്ക് കൊണ്ടുപോകും (കിരന്ദുലിനും വിശാഖപട്ടണത്തിനുമിടയില്‍ ഒരു പാസഞ്ചര്‍ ട്രെയിനുമുണ്ട്. കാട്ടിനുള്ളിലൂടെ ഒരു തീവണ്ടി). കരാര്‍ അനുസരിച്ച് ആദ്യത്തെ 20 വര്‍ഷം അയിരു മുഴുവന്‍ ജപ്പാനിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു (ഇപ്പോള്‍ കുഴിച്ചെടുക്കുന്നതിന്‍െറ പതിനഞ്ചുശതമാനമാണ് കയറ്റുമതി).

എന്‍.എം.ഡി.സി.യുടെ ഫാക്ടറിയില്‍നിന്ന് അധികം ദൂരത്തല്ലാതെ എസ്സാറിന്‍െറ ഒരു ഫാക്ടറിയുമുണ്ട്. ഇരുമ്പയിരിന്‍െറ ശുദ്ധീകരണപ്രക്രിയയ്ക്കിടയിലുണ്ടാകുന്ന ഇരുമ്പുപൊടി എന്‍.എം.ഡി.സി. എസ്സാറിനാണ് വില്ക്കുന്നത്. 267 കിലോമീറ്റര്‍ നീളമുള്ള പൈപ്പിലൂടെ എസ്സാര്‍ ഇത് വിശാഖപട്ടണത്തേക്ക് കൊണ്ടുപോകും. ഈ ബിസിനസ്സില്‍ പ്രതിദിനം മൂന്നുകോടിരൂപയാണ് എസ്സാറിന്‍െറ ലാഭം (ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എസ്സാറിന്‍െറ പൈപ്പ് മാവോയിസ്റ്റുകള്‍ തകര്‍ത്തു. ഒളിപ്പോരാളികള്‍ക്ക് എസ്സാര്‍ അഞ്ചുകോടി രൂപ വാഗ്ദാനംചെയ്തിരുന്നുവെന്നും പക്ഷേ, അവര്‍ക്ക് കിട്ടിയത് നാലുകോടി രൂപയാണെന്നും ഒരുകോടി ഇടനിലക്കാര്‍ കീശയിലാക്കിയെന്നുമാണ് പറയപ്പെടുന്നത്. പൈപ്പ് തകര്‍ക്കാന്‍ കാരണം അതാണത്രെ. സത്യമാണോ എന്നറിയില്ല).

Malayalam
എസ്സാര്‍
ബൈലാഡില്ലയില്‍ ഖനനം നടത്താന്‍ 7000 കോടി രൂപയുടെ ഒരു പദ്ധതിക്കുവേണ്ടി സര്‍ക്കാരും എസ്സാറും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പക്ഷേ, ഗ്രാമീണരുടെ എതിര്‍പ്പുമൂലം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ ജഗദല്‍പുരിനു സമീപം ലോഹന്ദിഗുഡയില്‍ 10,000 കോടി രൂപയുടെ മറ്റൊരു ഖനനപദ്ധതിക്ക് ടാറ്റാ സ്റ്റീലും സര്‍ക്കാരും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെയുമുണ്ട് ജനകീയ പ്രതിരോധം.

യഥാര്‍ഥത്തില്‍ റെഡ് കോറിഡോര്‍ എന്ന് സര്‍ക്കാരും പൊലീസും വിശേഷിപ്പിക്കുന്ന വനമേഖല, മിനറല്‍ കോറിഡോര്‍ കൂടിയാണ്. രാജ്യത്ത്, ധാതുലവണങ്ങളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ മേഖല. ഇരുമ്പയിരിനു പുറമെ ബോകൈ്‌സറ്റ്, ഡോളമൈറ്റ് തുടങ്ങിയവയുടെ വന്‍ശേഖരങ്ങളാണ് ഇവിടെയുള്ളത്. ഏതുവിധേനയും ഈ മേഖല പിടിച്ചെടുത്ത് അവിടെ ആധിപത്യംസ്ഥാപിക്കാന്‍ വന്‍കിട കമ്പനികള്‍ ക്യൂ നില്ക്കുകയാണ്. ജിന്ദാല്‍, ടാറ്റ, എസ്സാര്‍, പോസ്‌കോ, വേദാന്ത എന്നിങ്ങനെ നീളുന്ന ഒരു നീണ്ട ലിസ്റ്റാണത് (വേദാന്ത ഗ്രൂപ്പിന്‍െറ ഡയറക്ടര്‍ബോര്‍ഡംഗമായിരുന്നു ആഭ്യന്തരമന്ത്രി പി. ചിദംബരം. 2004-ല്‍ യു.പി.എ. സര്‍ക്കാറിന്‍െറ ധനമന്ത്രിയായി ചാര്‍ജെടുത്ത ദിവസമാണ് അദ്ദേഹം ആ പദവി രാജിവെച്ചത്). കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ 105 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അതില്‍ നൂറെണ്ണം ഖനനവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അനൗദ്യോഗികമായ ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ബൈലാഡില്ലയില്‍ മാത്രം 96 ധാരണാപത്രങ്ങള്‍. പല ധാരണാപത്രങ്ങളും സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.

ധാതുമേഖലയുടെ അധിനിവേശത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തടസ്സംനില്ക്കുന്നത് പ്രാദേശികജനതയും മാവോയിസ്റ്റുകളുമാണ്. സായുധരായ ഒളിപ്പോരാളികളുടെ സാന്നിധ്യംകൊണ്ടു മാത്രമല്ല ധാതുമേഖല റെഡ്‌കോറിഡോറാകുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുവേണ്ടി പൊലീസ് നടത്തുന്ന വെടിവെപ്പില്‍ നിരായുധരായ ആദിവാസികളുടെ രക്തം ഇവിടെ വീഴുന്നുണ്ട്.

ഛത്തീസ്ഗഢ് ഗവണ്‍മെന്‍റുമായി ടാറ്റയും എസ്സാറും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനു തൊട്ടുപിറകെയാണ് സാല്‍വ ജുദും തുടങ്ങിയത് എന്നത് യാദൃച്ഛികമല്ല. തുടക്കത്തില്‍ നക്‌സല്‍വിരുദ്ധ അക്രമസേനയ്ക്ക് പണംനല്കി പ്രോത്സാഹിപ്പിച്ചത് ഈ രണ്ട് കമ്പനികളുമായിരുന്നുവെന്നും ആദിവാസികളെ ഗ്രാമങ്ങളില്‍നിന്ന് കൂട്ടത്തോടെ ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെന്നും ഗ്രാമീണ വികസന മന്ത്രാലയം 2008-ല്‍ തയ്യാറാക്കിയ "കാര്‍ഷിക ബന്ധങ്ങളും പൂര്‍ത്തിയാകാത്ത ഭൂമിവിതരണവും' എന്നപേരിലുള്ള റിപ്പോര്‍ട്ടിന്‍െറ ആദ്യ ഡ്രാഫ്റ്റില്‍ വ്യക്തമായി പറഞ്ഞിരുന്നു. പക്ഷേ, കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെയുള്ള പരാമര്‍ശം അന്തിമ റിപ്പോര്‍ട്ടില്‍നിന്ന് നീക്കംചെയ്തിരുന്നു. സാല്‍വ ജുദും തുടങ്ങിയതും പ്രോത്സാഹിപ്പിച്ചതും സംസ്ഥാനസര്‍ക്കാരാണെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് സായുധ സഹായം നല്കിയെന്നും മാത്രമേ അന്തിമ റിപ്പോര്‍ട്ടിലൂള്ളൂ.

എന്‍.എം.ഡി.സി.യുടെയും എസ്സാറിന്‍െറയും സമീപത്തുള്ള ഗ്രാമങ്ങള്‍ ഇപ്പോഴും ദരിദ്രം. ഖനനംകൊണ്ട് അവര്‍ക്ക് മെച്ചമൊന്നുമില്ല. ഇടയെ്ക്കപ്പോഴെങ്കിലും ഇടനിലക്കാര്‍ മുഖേന കിട്ടുന്ന കൂലിപ്പണിയൊഴികെ.എന്‍.എം.ഡി.സി.യിലെ ഓഫീസര്‍ തസ്തികയില്‍ ആദിവാസികള്‍ വെറും നാലുശതമാനം മാത്രമാണ്. മാവോയിസ്റ്റുകളില്‍നിന്ന് ഗ്രാമീണര്‍ക്ക് സംരക്ഷണം നല്കാനെന്നപേരില്‍ സി.ആര്‍.പി.എഫ്. ജവാന്മാര്‍ ഗ്രാമങ്ങളില്‍ നിരന്തരം പട്രോളിങ് നടത്തുന്നുണ്ട്. ഭാഷപോലും അറിയാത്ത പുറംനാട്ടുകാരാണവര്‍. അവര്‍ക്ക് "ശത്രു'ക്കളെയും "മിത്ര'ങ്ങളെയും തിരിച്ചറിയാന്‍ പ്രയാസമാണ്. രണ്ടുവര്‍ഷം മുന്‍പ് തീര്‍ത്തും പട്ടിണിയിലായപ്പോള്‍ സമല്‍വാര്‍ ഗ്രാമത്തില്‍നിന്ന് നാലു ചെറുപ്പക്കാര്‍ ഇരുമ്പിന്‍െറ പാഴ്ക്കഷണങ്ങള്‍ പെറുക്കാന്‍ എസ്സാറിന്‍െറ കോമ്പൗണ്ടിലേക്ക് വന്നു. നാലുപേരെയും ജവാന്മാര്‍ വെടിവെച്ചു. രണ്ടുപേര്‍ അപ്പോള്‍തന്നെ മരിച്ചു. കാലിനു വെടിയേറ്റ് ഓടിയ മറ്റു രണ്ടുപേരെ നഷ്ടപരിഹാരം നല്കാനെന്നു പറഞ്ഞ് പിറ്റേന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാവോയിസ്റ്റുകളാക്കി കേസ് ഫയല്‍ചെയ്തു. രണ്ടുപേരും ഇപ്പോള്‍ റായ്പുരിലെ സെന്‍ട്രല്‍ ജയിലില്‍ ജാമ്യംകിട്ടാതെ കിടക്കുകയാണ്.

ഈ സംഭവം വിവരിക്കാന്‍ ഒരുകൂട്ടം ഗ്രാമീണര്‍ ഞങ്ങള്‍ക്കു ചുറ്റും കൂടി. പക്ഷേ, കാട്ടില്‍പോയ പശുക്കളെ തിരിച്ചുകൊണ്ടുവരാന്‍പോയപ്പോള്‍ വെടിയേറ്റു എന്നാണ് അവര്‍ പറയുന്നത്. പട്ടിണിയാണെങ്കിലും മോഷ്ടിക്കാന്‍പോയി എന്നു പറയാന്‍ അവര്‍ക്ക് നാണക്കേടുണ്ട്. ഞങ്ങളോടൊപ്പം വന്ന ഒരു പ്രാദേശിക ലേഖകനാണ് കാര്യങ്ങള്‍ വിവരിച്ചുതന്നത്.

*

മെലിഞ്ഞു വിളര്‍ത്ത് തലമുടി ചെറുതാക്കി വെട്ടിയ ഈ ചെറുപ്പക്കാരനെ നമുക്ക് കൗശിക് എന്നു വിളിക്കാം. സി.ആര്‍.പി.എഫിലെ കോബ്ര ഫോഴ്‌സിലെ ജവാനാണ് (പേരും നാടും വെളിപ്പെടുത്തുന്നത് ശരിയല്ല). പ്ലസ്ടു വിദ്യാര്‍ഥിയെപ്പോലെ തോന്നിക്കുന്ന കൗശിക്കിനെ യാദൃച്ഛികമായി പരിചയപ്പെട്ടതാണ്. "എങ്ങനെയുണ്ട് ഇവിടത്തെ ജീവിതം?'' ഞാന്‍ കുശലംചോദിച്ചു.

"പുറത്തു നടക്കാന്‍ പേടിയാണ്. തലമുടി ചെറുതാക്കി വെട്ടിയതുകൊണ്ട് ഞങ്ങളെ വേഗം തിരിച്ച റിയാം.''

"എത്രകാലമുണ്ടാകും ഇവിടെ?''

"ഊപ്പര്‍വാലയ്ക്കു മാത്രമറിയാം,'' കൗശിക് കൈമലര്‍ത്തി ചിരിച്ചു. "എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെടാനാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. എപ്പോഴാണ് എന്താണ് സംഭവിക്കുക എന്ന് പറയാന്‍പറ്റില്ലല്ലോ. ആരുടെയൊക്കെ കാലുപിടിച്ചിട്ടാണെങ്കിലും പോസ്റ്റിങ് മാറ്റാന്‍ ശ്രമിച്ചുനോക്കും.''

ഹരിതവേട്ടയുടെ ദുരിതങ്ങള്‍ കൗശിക്ക് വിവരിച്ചു: കാട്ടില്‍ യുദ്ധംചെയ്യാനുള്ള പരിശീലനമൊന്നും മിക്കവര്‍ക്കും കിട്ടിയിട്ടില്ല. പക്ഷേ, "അവര്‍ക്ക്' കാടിന്‍െറ മുക്കും മൂലയുമറിയാം. ഗോണ്ടി ഭാഷ അറിയാത്തതുകൊണ്ട് ഗ്രാമീണരുമായി സൗഹൃദം സ്ഥാപിക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ കഴിയുന്നില്ല. "അവരാക്കെ' ഇവിടെത്തന്നെയുള്ളവരായതുകൊണ്ട് ഭാഷ പ്രശ്‌നമല്ല. ശരിയായ ടെന്‍റുകളില്ല. ചൂടത്തും ടിന്‍ ഷീറ്റാണ് ഉപയോഗിക്കുന്നത്. വേണ്ടത്ര വെള്ളമൊന്നും കിട്ടാറില്ല. പല ക്യാമ്പുകളും ആദിവാസിക്കുട്ടികള്‍ക്കുവേണ്ടിയുള്ള സ്കൂള്‍ ഹോസ്റ്റലുകളിലാണ്. കാട്ടുപ്രദേശമല്ലേ. പലര്‍ക്കും മലേറിയയുണ്ട്. മുകളിലുള്ളവര്‍ക്ക് കല്പിച്ചാല്‍പോരേ? ഒരുദിവസമെങ്കിലും അവര്‍ കാട്ടില്‍വന്നൊന്ന് താമസിക്കട്ടെ. അപ്പോള്‍ മനസ്സിലാകും. മതിയാക്കിപ്പോകാന്‍ തോന്നും.''. കൗശിക് ഒരുനിമിഷം നിര്‍ത്തി. പിന്നെ പറഞ്ഞു: "പക്ഷേ, കുടുംബം പുലര്‍ത്തണ്ടേ? രണ്ടു കുട്ടികളും സ്കൂളില്‍ പഠിക്കുകയാണ്.''

"നിരപരാധികളായവരെ വെടിവെച്ചുകൊല്ലുന്ന സംഭവങ്ങളുണ്ടാകാറുണ്ടോ?''

"പക്ഷേ, മനഃപൂര്‍വമല്ല. ഞങ്ങള്‍ ചോദിക്കുന്നത് അവര്‍ക്കും അവര്‍ പറയുന്നത് ഞങ്ങള്‍ക്കും മനസ്സിലാവാറില്ല. പിന്നെ, ഞങ്ങളെ കാണുമ്പോള്‍ ഓടിയാല്‍ ഞങ്ങള്‍ വെടിവെക്കും.''

"നിങ്ങള്‍ എന്താണ് ചെയ്യുന്നത്?'' അയാള്‍ തിരിച്ചുചോദിച്ചു.

"ജേണലിസ്റ്റാണ്.''

ധീരജവാന്‍ ചാടിയെണീറ്റു. അയാളുടെ പേടികണ്ട് ഞാനും പേടിച്ചു.

"എന്‍െറ പേര് കൗശിക് എന്നല്ല.''

"എന്‍െറ പേര് സുചിത്ര എന്നുമല്ല'' ഞാന്‍ ചിരിച്ചു.

"ഞാന്‍ പറഞ്ഞതൊന്നും എഴുതരുതേ...''

"അതിന് രാജ്യത്തിന്‍െറ സുരക്ഷയെ ബാധിക്കുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ കൗശിക്.'' ഞാന്‍ സമാധാനിപ്പിച്ചു. അയാള്‍ പരിഭ്രമത്തോടെ സ്ഥലംവിട്ടു.

*

ചുവപ്പുഭീകരതയ്ക്കുള്ള പ്രതിവിധി വെളുപ്പുഭീകരതയല്ല എന്ന് ചരിത്രം തെളിയിച്ചതാണ്. തെലുങ്കാനമുതല്‍ ഇങ്ങോട്ട് ഇടതുപക്ഷ തീവ്രവാദശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദം ശക്തമായിട്ടുള്ള പ്രദേശങ്ങളില്‍ വികസനം നേരിടുന്ന വെല്ലുവിളികള്‍ പഠിക്കാന്‍ ആസൂത്രണ കമ്മീഷന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി 2008-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: "നക്‌സലൈറ്റ് പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയപ്രസ്ഥാനമായി വേണം കരുതാന്‍. ദരിദ്രരായ ആദിവാസികള്‍ക്കിടയിലും കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലും ശക്തമായ അടിത്തറയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമാണിത്. അതിന്‍െറ ഭാഗമായിട്ടുള്ളവരുടെ അനുഭവങ്ങളും സാമൂഹികമായ അവസ്ഥയും കണക്കിലെടുത്തുവേണം നയങ്ങള്‍ രൂപവത്കരിക്കാന്‍. അധികാരം ബലമായി പിടിച്ചെടുക്കുകയെന്നത് ദീര്‍ഘകാല ലക്ഷ്യമായി മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സാമൂഹികനീതിക്കും തുല്യതയ്ക്കും സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമുള്ള അവകാശമാണ്...''

പക്ഷേ, ചരിത്രം നല്കുന്ന പാഠങ്ങളോ സര്‍ക്കാരിന്‍െറതന്നെ ഇത്തരം റിപ്പോര്‍ട്ടുകളോ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ ശ്രദ്ധിക്കുന്നില്ല. രാഷ്ട്രത്തിന്‍െറ ആഭ്യന്തര സുരക്ഷയ്ക്കു നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണെന്ന് പ്രധാനമന്ത്രി വീണ്ടും വീണ്ടും പറയുന്നു. രാഷ്ട്രത്തിന്‍െറ സുരക്ഷയ്ക്കുവേണ്ടി സൈനിക നടപടികള്‍ ശക്തമാക്കി മാവോയിസ്റ്റുകളെ തുരത്തുമെന്ന് ആഭ്യന്തരമന്ത്രി തീര്‍ത്തുപറയുന്നു. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്ക്കുന്നു. ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ച നിക്ഷേപാന്തരീക്ഷത്തെ ബാധിക്കുമെന്ന് 2009 ജൂണ്‍ 18-ന് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത് മാധ്യമങ്ങള്‍പോലും മറക്കുന്നു.

യുദ്ധത്തിന്‍െറ യഥാര്‍ഥ ലക്ഷ്യം രാഷ്ട്രത്തിന്‍െറ സുരക്ഷയായാലും കോര്‍പ്പറേറ്റ് കമ്പനികളുടെ താത്പര്യങ്ങളായാലും മരിക്കുന്നത് പാവപ്പെട്ടവര്‍ മാത്രമാണ്. സൈനികനടപടികള്‍ ശക്തമാക്കുമെന്നു പറയുമ്പോള്‍ കൂടുതല്‍ ജവാന്മാര്‍, കൂടുതല്‍ ജനങ്ങള്‍, കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുമെന്നുതന്നെയാണ് അര്‍ഥം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം 4500-ഓളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യ-പാക് യുദ്ധത്തില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍. ഛത്തീസ്ഗഢില്‍ മാത്രം രണ്ടായിരത്തഞ്ഞൂറോളം പേര്‍. ഇത് ഔദ്യോഗികമായ കണക്ക്. യഥാര്‍ഥ ചിത്രം എന്തായിരിക്കും? പാവപ്പെട്ടവരെക്കൊണ്ട് പാവപ്പെട്ടവരെ കൊല്ലിക്കുന്ന ഈ യുദ്ധത്തിന്‍െറ ലക്ഷ്യം രാഷ്ട്രത്തിന്‍െറ സുരക്ഷയാകുന്നതെങ്ങനെയാണ്? മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഒരുഘട്ടത്തില്‍ പറഞ്ഞിരുന്നു. ആ വഴി സര്‍ക്കാര്‍ പരിഗണിക്കാത്തത് എന്താണാവോ!

*

കാട്ടിലൂടെ ബസ് ഓടിക്കൊണ്ടിരിക്കുന്നു. വളരെ വേഗത്തില്‍. ഞങ്ങള്‍ സ്വരം താഴ്ത്തിയാണ് സംസാരിക്കുന്നത്. ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട്. യാത്ര തുടങ്ങുമ്പോള്‍ ഇങ്ങനെയായിരുന്നില്ല. ഒരാഴ്ചകൊണ്ട് ഞങ്ങളുടെ സ്വഭാവം ഛത്തീസ്ഗഢിന്‍െറതായിരിക്കുന്നു! പുറത്ത് നല്ല നിലാവുണ്ട്. നിലാവില്‍ കറുത്ത മരങ്ങള്‍ കൈകള്‍ ഉയര്‍ത്തിനില്ക്കുന്നു. ഒരു പ്രാര്‍ഥനപോലെ.

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org