logo malayalam

|രാഷ്ടീയം|ഭരണംIആദിവാസിI

നാം നമ്മെത്തന്നെ വേട്ടയാടുമ്പോള്‍

എം. സുചിത്ര

19 ഫെബ്രുവരി 2009

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല. ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 76 സുരക്ഷാഭടന്മാര്‍ ഒന്നിച്ചു കൊല്ലപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് വലിയ കുലുക്കമൊന്നുമില്ല. മാവോവാദികള്‍ക്കെതിരെ സൈനികനടപടി ശക്തിപ്പെടുത്താന്‍തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ ഇച്ഛാശക്തി ഒരു തരിപോലും കുറഞ്ഞിട്ടില്ലെന്നും നക്സല്‍വിരുദ്ധ പോരാട്ടത്തിന് താന്‍ തുടര്‍ന്നും നേതൃത്വം നല്‍കുമെന്നുമാണ് ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്.

ചിദംബരത്തിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭിപ്രായവ്യത്യാസം ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷതീവ്രവാദത്തെ അടിച്ചമര്‍ത്തുകയും മാവോയിസ്റ്റുകളെ തുടച്ചുനീക്കുകയും ചെയ്യുന്ന നടപടിയും ആഭ്യന്തരമന്ത്രിയുടെ ബൌദ്ധികമായ ഔദ്ധത്യത്തെയും വിമര്‍ശിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ്സിങ് ഒരു ദേശീയപത്രത്തില്‍ ലേഖനമെഴുതി.

'ഹരിതവേട്ട' എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന നക്സല്‍വേട്ട ശുദ്ധ അസംബന്ധമാണെന്ന് ഛത്തീസ്ഗഢ് ഗവണ്‍മെന്റിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കെ.പി.എസ് ഗില്‍, ജവാന്മാരുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയ ചാനലുകളില്‍ തുറന്നടിച്ചു. ഇതിനുപുറമെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബുസോറനും (ബിഹാറും ഝാര്‍ഖണ്ഡും ഹരിത വേട്ട നടക്കുന്ന സംസ്ഥാനങ്ങളാണ്. ഒറീസ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍) ചിദംബരത്തിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, വിമര്‍ശങ്ങള്‍ക്കൊന്നും ചിദംബരമോ ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയോ പുല്ലുവിലപോലും കല്‍പിക്കുന്നില്ല.

സാധാരണഗതിയില്‍, സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രതിപക്ഷം ഒരിക്കലും പാഴാക്കാറില്ല. പക്ഷേ, ഇക്കാര്യത്തില്‍ ബി.ജെ.പി ചിദംബരത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ്. ജവാന്മാരുടെ കൂട്ടക്കൊലയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിദംബരം രാജിവെക്കുന്നത് മാവോവാദികള്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കുമെന്ന നിലപാടാണ് ബി.ജെ.പിയുടേത്! ഇടതുപക്ഷതീവ്രവാദത്തെ എങ്ങനെയും അടിച്ചമര്‍ത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണമുന്നണിക്കുള്ളില്‍ ചെറിയ ഒരു ഭിന്നിപ്പുപോലും ഉണ്ടാകരുതെന്നും ബി.ജെ.പി പറയുന്നു (ഛത്തീസ്ഗഢില്‍ നക്സല്‍ വേട്ട നടത്തുന്നത് രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറാണ്; പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയോടെ). നക്സല്‍വേട്ടയുടെ കാര്യത്തില്‍ കൈക്കൊണ്ടുവരുന്ന നയങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുനഃപരിശോധിക്കണമെന്ന് ഒരാള്‍പോലും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടില്ല. പ്രശ്നം ചുവപ്പന്‍ ഭീകരവാദമാണല്ലോ. എല്ലാവരും ഒറ്റക്കെട്ട്. ദന്തേവാഡയില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന മട്ടില്‍, ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കുകയാണ് എല്ലാവരും കൂടി ചെയ്തത്. അക്കാര്യത്തില്‍പോലും സത്യസന്ധത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറോ ഛത്തീസ്ഗഢ് സര്‍ക്കാറോ തയാറായിട്ടില്ല. ദന്തേവാഡ ആക്രമണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയാണ് അതിനു പിന്നിലെന്നുമൊക്കെയുള്ള മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ചുരുങ്ങിയപക്ഷം, ഒരു ആക്രമണം ഉണ്ടായേക്കുമെന്ന് പൊലീസിനെങ്കിലും സംശയമുണ്ടായിരുന്നു.

ജവാന്മാര്‍ കൊല്ലപ്പെടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് ദന്തേവാഡ പൊലീസ്സൂപ്രണ്ട് അമരേശ് മിശ്രയെ ഞങ്ങള്‍ (ഞാനും മുംബൈയില്‍നിന്നുള്ള ജേണലിസ്റ്റ് ഫ്രെനി മനേക്ഷയും) അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്നുകണ്ടിരുന്നു. ഛത്തീസ്ഗഢില്‍നിന്ന് ജീവനുംകൊണ്ടോടി രക്ഷപ്പെട്ട ആയിരക്കണക്കിന് ആദിവാസികള്‍ അഭയം തേടിയിട്ടുള്ള ആന്ധ്രപ്രദേശിലെ ഖമ്മംജില്ലയിലെ ഭദ്രാചലത്തില്‍നിന്ന് പുറപ്പെട്ട്, മാവോവാദികളുടെ ശക്തികേന്ദ്രങ്ങളായ കോണ്ട, സുക്മ (ഈ മേഖലയിലെ വനപ്രദേശത്താണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്) എന്നിവിടങ്ങളിലൂടെ യാത്രചെയ്താണ് ഞങ്ങള്‍ ദന്തേവാഡയിലെത്തിയത്. ക്രമസമാധാനനിലയെപ്പറ്റി വിശദമായ ഒരു പൊലീസ്ഭാഷ്യം ഞങ്ങള്‍ക്ക് നല്‍കിയതിനുശേഷം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: 'സ്ഥിതിഗതികള്‍ ഇപ്പോള്‍ അല്‍പം ശാന്തമാണ്. പക്ഷേ, ഒരു കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാകാം ഇത്. അതാണ് മാവോയിസ്റ്റുകളുടെ രീതി.'

സത്യത്തില്‍, ഇടതുപക്ഷ തീവ്രവാദം ശക്തിപ്പെട്ട മറ്റു സ്ഥലങ്ങളിലെന്നപോലെ, ദന്തേവാഡ ഉള്‍പ്പെടുന്ന ബസ്തര്‍മേഖലയിലും വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച അവഗണനയാണ് നക്സലിസം ശക്തിപ്പെടാന്‍ കാരണമായത്. 2000 നവംബര്‍ ഒന്നിന് ആദിവാസി വികസനം മുന്‍നിറുത്തി ഛത്തീസ്ഗഢ് രൂപപ്പെടുന്നതിനുമുമ്പ് ബസ്തര്‍ മധ്യപ്രദേശിന്റെ ഭാഗമായിരുന്നു. കേരളത്തേക്കാള്‍ വലിയ ഒരു ജില്ല. പുറത്തുനിന്ന് വന്ന ഉദ്യോഗസ്ഥരെ മാറ്റിനിറുത്തിയാല്‍ ബാക്കി മുഴുവന്‍ നിരക്ഷരരായ ആദിവാസികള്‍. വികസനം എത്തിനോക്കിയിട്ടില്ലാത്ത കാട്ടുപ്രദേശം. വെള്ളമില്ല, വെളിച്ചമില്ല, സ്കൂളില്ല, ആശുപത്രിയില്ല. ഇരുമ്പയിര്‍ കൊണ്ട് മലനിരകള്‍ നിറഞ്ഞ ബസ്തറില്‍ 1968ല്‍ നാഷനല്‍ മിനറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഖനനം ആരംഭിച്ചുവെങ്കില്‍ ആദിവാസികളുടെ ജീവിതത്തില്‍ ഒരു മാറ്റവും വന്നില്ല. പൊലീസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നിരന്തരപീഡനം, കോണ്‍ട്രാക്ടര്‍മാരുടെ കൊടിയ ചൂഷണം (ഇവിടത്തെ ആദിവാസികളുടെ പ്രധാന വരുമാനമാര്‍ഗം ബീഡിയിലയാണ്. കാട്ടില്‍നിന്ന് ശേഖരിക്കുന്ന ബീഡിയിലകള്‍ കോണ്‍ട്രാക്ടര്‍മാര്‍ വാങ്ങും. നൂറ് ഇലകളുള്ള കെട്ടിന് ഒന്നോ രണ്ടോ പൈസയാണ് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കിയിരുന്നത്). ആദിവാസിവികസനത്തിന്റെ പേരില്‍വന്ന ഫണ്ടുകളത്രയും ഉദ്യോഗസ്ഥരുടെ കീശയിലായി. റേഷനരിപോലും വഴിമാറി. ദുരിതജീവിതം നയിക്കുന്ന ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ നക്സല്‍ ഗ്രൂപ്പുകള്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പ് അടക്കമുള്ള ഇടതുതീവ്രവാദ വിഭാഗങ്ങള്‍ ബസ്തറില്‍ വേരുറപ്പിച്ചു. ആദിവാസികള്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒരു പരിധിവരെ അറുതിയുണ്ടാക്കിയത് നക്സലൈറ്റുകളാണ്. (ഇപ്പോള്‍ ബീഡിയിലക്ക് കെട്ടിന് 90 പൈസ വിലയുണ്ട്. കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് മാവോവാദികള്‍ പണം വസൂലാക്കുന്നുമുണ്ട്.) ആദിവാസി വികസനത്തിനുവേണ്ടി പുതിയ സംസ്ഥാനം രൂപംകൊണ്ടതിനു ശേഷവും ബസ്തര്‍ അവഗണിക്കപ്പെട്ടു. ഇവിടെ ഒരു പരിധിവരെ സ്വാധീനമുണ്ടായിരുന്ന സി.പി.ഐയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന് മാവോയിസ്റ്റുകളെ പരമാവധി പരിപോഷിപ്പക്കുകയും ചെയ്തിരുന്നു.

2005ല്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മഹേന്ദ്രകര്‍മയുടെ നേതൃത്വത്തില്‍ സാല്‍വജുദും എന്ന പേരില്‍ ആദിവാസികള്‍ക്കിടയില്‍ ഒരു നക്സല്‍വിരുദ്ധ സേന രൂപംകൊണ്ടതോടെയാണ് മാവോവാദികള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. നക്സലൈറ്റുകള്‍ക്കെതിരെ ആദിവാസികള്‍ക്കിടയില്‍ സ്വയം രൂപംകൊണ്ട മുന്നേറ്റമായാണ് സര്‍ക്കാറും പൊലീസും ഇതിനെ ചിത്രീകരിക്കുന്നത്. കാട്ടിനുള്ളില്‍നിന്ന് പുറത്തേക്ക് വന്ന ആദിവാസികളെ സര്‍ക്കാര്‍ തോക്കും യൂനിഫോമും 2,000 രൂപ ശമ്പളവും നല്‍കി സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെന്ന പേരില്‍ നിയമിച്ചു. സാല്‍വാജുദുമിന്റെയും എസ്.പി.ഒമാരുടെയും നേതൃത്വത്തില്‍ കാട്ടിനുള്ളിലെ ഗ്രാമങ്ങളില്‍നിന്ന് ആദിവാസികളെ കൂട്ടത്തോടെ ഒഴിപ്പിച്ച് റോഡരികിലെ ക്യാമ്പുകളിലേക്ക് മാറ്റി. വരാന്‍ കൂട്ടാക്കാത്തവരെ നക്സല്‍ അനുഭാവികളായി ചിത്രീകരിച്ച് വെടിവെച്ചുകൊന്നു. ഒട്ടേറെ ഗ്രാമങ്ങള്‍ തീവെച്ചുനശിപ്പിച്ചു. അനവധി ആദിവാസികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. മാവോയിസ്റ്റുകളും വെറുതെയിരുന്നില്ല. അവര്‍ ക്യാമ്പുകള്‍ ആക്രമിച്ച് തീവെച്ചു നശിപ്പിച്ചു. പൊലീസിന് വിവരം നല്‍കുന്നവരെന്ന പേരില്‍ പലരെയും വെടിവെച്ചുകൊന്നു. കാട്ടില്‍ നിന്നാല്‍ പൊലീസും പുറത്തേക്ക് പോയാല്‍ മാവോവാദികളും വെടിവെച്ചുകൊല്ലുമെന്ന സ്ഥിതി. കൊല്ലുന്നതും മരിക്കുന്നതും ആദിവാസികള്‍. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. ഒന്നിനു പിറകെ ഒന്നൊന്നായി കേന്ദ്രസേനകള്‍ രംഗപ്രവേശനം ചെയ്തു.

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ ആദിവാസികളെ കാട്ടില്‍നിന്ന് കൂട്ടത്തോടെ വെളിയിലേക്ക് കൊണ്ടുവന്നതിനു പിന്നില്‍ വന്‍കിട കമ്പനികള്‍ക്ക് ഭൂമി നല്‍കുക എന്ന ഗൂഢോദ്ദേശ്യം കൂടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 115 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവയില്‍ 114 എണ്ണവും കാട്ടിനുള്ളിലെ ഖനനത്തിനുള്ളതാണ്. ജിന്‍ഡാല്‍, എസ്സാര്‍, ടാറ്റ, വേദാന്ത... അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. റെഡ് കോറിഡോര്‍ എന്ന് സര്‍ക്കാറും പൊലീസും വിശേഷിപ്പിക്കുന്ന മേഖല ബിസിനസ് കോറിഡോര്‍ കൂടിയാണ്. ധാതുസമ്പുഷ്ടമായ മേഖല. ഇവിടെനിന്ന് ആദിവാസികളെയും നക്സലൈറ്റുകളെയും തുരത്തിയാല്‍ മാത്രമേ ഈ കോറിഡോര്‍ വന്‍കിടകമ്പനികള്‍ക്ക് കൊടുക്കാന്‍ കഴിയുകയുള്ളൂ.

2004ല്‍ യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയാകുന്നതിനു മുമ്പ് ചിദംബരം വേദാന്ത ഗ്രൂപ്പ് കമ്പനികളിലൊന്നായ സ്റ്റെര്‍ലൈറ്റ് ഒപ്റ്റിക്കല്‍ ടെക്നോളജിസ്റ്റ്സ് ലിമിറ്റഡി (എസ്.ഒ.ടി.എല്‍)ന്റെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായിരുന്നു എന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്. ധനമന്ത്രിയായി ചാര്‍ജെടുത്ത ദിവസമാണ് ബോര്‍ഡ് അംഗത്വം ചിദംബരം രാജിവെച്ചത്. 2003ല്‍ ബോംബെ ഹൈകോടതിയില്‍ മേല്‍ കമ്പനിക്കുവേണ്ടി ചിദംബരം വക്കീലിന്റെ റോളിലും ഹാജരായിരുന്നു. ഇങ്ങനെ ചിതറിക്കിടക്കുന്ന കഷണങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ സുഖകരമായ ചിത്രമല്ല തെളിയുന്നത്.

ഏതായാലും ആറു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍^മാവോയിസ്റ്റ് പോരാട്ടം ഒരു ആഭ്യന്തരയുദ്ധത്തിന്റെ തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 2004 മുതല്‍ 2009 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ മാത്രം 4246 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗികകണക്ക്. യഥാര്‍ഥചിത്രം ഇതിലും ഭീകരമായിരിക്കും. ഛത്തീസ്ഗഢില്‍ മാത്രം 2500 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഭൂരിഭാഗവും നിരപരാധികളായ ആദിവാസികള്‍. കൊല്ലപ്പെടുന്ന ആദിവാസികളുടെ എണ്ണം ഔദ്യോഗികകണക്കിനേക്കാള്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്നാണ് ദന്തേവാഡ പൊലീസ്സൂപ്രണ്ട് തന്നെ പറയുന്നത്. 1965ലെ ഇന്ത്യ^പാക്യുദ്ധത്തില്‍ 3000 പേരാണ് കൊല്ലപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തില്‍ 522 പേര്‍. മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ഒരു മുഴുവന്‍ യുദ്ധമായി മാറിക്കഴിഞ്ഞു എന്നര്‍ഥം.

ചുവപ്പന്‍ ഭീകരതക്കുള്ള പ്രതിവിധി വെള്ള ഭീകരതയല്ല എന്ന് ചരിത്രം തെളിയിച്ചതാണ്. തെലുങ്കാന മുതല്‍ ഇങ്ങോട്ട് ഇടതുപക്ഷ സായുധ വിപ്ലവശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അവ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട് എന്നത് ചരിത്രം മാത്രമാണ്. മാവോയിസ്റ്റുകള്‍ സമാധാനചര്‍ച്ചക്ക് തയാറായിട്ടും ആ ദിശയില്‍ ചിന്തിക്കാതെ സൈനിക മുന്നേറ്റത്തിന് ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. മാവോയിസ്റ്റുകള്‍ സൈനികമായി മാത്രമല്ല, രാഷ്ട്രീയമായും യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ, സര്‍ക്കാര്‍ സൈനികമായി മാത്രമാണ് യുദ്ധംചെയ്യുന്നത്. ആറ് സംസ്ഥാനങ്ങളിലെയും കാടുകളില്‍ ഇപ്പോള്‍ സര്‍ക്കാറിനെതിരെ സായുധപോരാട്ടം നടത്തുന്നവര്‍ ആദര്‍ശനിഷ്ഠരായ വിപ്ലവകാരികളാണെന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കുമില്ല. പക്ഷേ, അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അവഗണിക്കാനാവുന്നതല്ല.

സൈനികനടപടി ശക്തമാക്കും എന്നു പറയുമ്പോള്‍ കൂടുതല്‍ ജവാന്മാര്‍, കൂടുതല്‍ ജനങ്ങള്‍, കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടും എന്നുതന്നെയാണര്‍ഥം. ഒന്നുമില്ലെങ്കിലും സ്വന്തം പോരാളികളെപ്പറ്റിയെങ്കിലും സര്‍ക്കാര്‍ ചിന്തിക്കേണ്ടേ? അവര്‍ സുരക്ഷാഭടന്മാരായത് രാഷ്ട്രസ്നേഹംകൊണ്ടൊന്നുമല്ല, കുടുംബംപുലര്‍ത്താനാണ്. അവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും. അവരെ ആശ്രയിച്ചുകഴിയുന്ന എത്രയോ കുടുംബങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ ത്രിവര്‍ണ പതാക പുതപ്പിച്ച് ധീരജവാന്മാരാക്കുന്നതോടെ രാഷ്ട്രം അവരെ മറക്കും. പാവപ്പെട്ടവരെക്കൊണ്ട് പാവപ്പെട്ടവരെ കൊല്ലിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പക്ഷേ, ജവാന്മാരുടെ കുടുംബാംഗങ്ങളുടെ സ്ഥിതി അതല്ല.

ഏറ്റവുമൊടുവില്‍, നക്സല്‍വേട്ടക്ക് ഉള്‍ക്കാടുകളില്‍ തമ്പടിച്ചിരിക്കുന്ന ജവാന്മാരുടെ സ്ഥിതി എന്താണെന്നെങ്കിലും ഒന്നിച്ചുനില്‍ക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും വിലയിരുത്തേണ്ടതുണ്ട്. കൊടുംചൂടില്‍ ടിന്‍ഷീറ്റിന്റെ മേല്‍ക്കൂരകള്‍ക്കു കീഴില്‍ ആവശ്യത്തിന് വെള്ളവും റേഷനുമില്ലാതെ, നാട്ടില്‍നിന്ന് അകലെ, കുടുംബവുമായി ഫോണില്‍പോലും ബന്ധപ്പെടാനാവാതെയാണ് അവര്‍ സര്‍ക്കാറിനുവേണ്ടി വേട്ട നടത്തുന്നത്. കാട്ടില്‍ യുദ്ധം ചെയ്യാനുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടില്ല. ആദിവാസികളുടെ ഭാഷ അവര്‍ക്കറിയില്ല. മാവോയിസ്റ്റുകളുടെ സ്ഥിതി അതല്ല. ഭൂരിഭാഗവും ആദിവാസികളാണ്. അവിടെത്തന്നെ ജനിച്ചുവളര്‍ന്നവര്‍. ഗ്രാമീണര്‍ക്കിടയില്‍ പിന്തുണയുള്ളവര്‍. കാടിന്റെ മുക്കുംമൂലയും ഇരുട്ടത്തുപോലും അറിയുന്നവര്‍. ന്യൂദല്‍ഹിയിലും റായ്പൂരിലുമൊക്കെയിരുന്ന് തീരുമാനങ്ങളെടുക്കുന്നവര്‍ക്ക് ഇതൊക്കെയൊന്ന് ചിന്തിക്കാവുന്നതാണ്.

Post your comments.

Name:

Email:
(optional):

Please enter
your comments:


Print this article


The Quest Features and Footage
email: info@questfeatures.org