logo malayalam

| ഭരണം | പരിസ്ഥിതി |

കൊക്കകോളയും ജനാധിപത്യവും

സി. സുരേന്ദ്രനാഥ്
29/08/2003

"ആരാണീ ജനം? ജനം എന്നാല്‍ പാലക്കാട്ടുകാര്‍ മാത്രമല്ല'' തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുല്ല

"കേള്വോ'', (ബീഡിതെരപ്പുകാരന്‍, പല്ലശനക്കാരന്‍) പൊന്നന്‍ ശാന്തനായി പറഞ്ഞു. ""ആരാണ്ടാ ഈ സൊജനം. അയ്യ മഞ്ഞപ്പട്ടും പൊതച്ച്ങ്ങാണ്ട് ഒരു സ്വാമി വന്ന്‌ലേ? അതല്ല നമ്മണ്ടെ സൊജനം. ബീഡി തെരയ്ക്കണ്‌വന്‍റിയും കന്നുപൂട്ട്ണവന്‍റിയും കാല് തല്ലിപ്പൊട്ടിച്ച അയ്യ പോലീസ് ഇസ്‌പേട്ടരും നാന്ം സൊജനവല്ല. നിയ്യ്ം നാനുവാണ് സൊജനം. പഷ്ണി കെടക്കണവനും പഷ്ണി കെടക്കണവനുവാണ് സൊജനം''. ഒ.വി. വിജയന്‍, (ഒരു യുദ്ധത്തിന്റെ ആരംഭം)
-----------------------------------------------------------------------------------------------------------
ഒരു വര്‍ഷം മുമ്പ് ആദിവാസി നേതാവ് സി.കെ. ജാനു ഉദ്ഘാടനം ചെയ്ത പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം ദീര്‍ഘകാലം വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപറ്റിയത് സമരരംഗത്ത് മുഖാമുഖം നില്‍ക്കുന്ന കക്ഷികളുടെ അജഗജാന്തരത്തിന്റെ പേരിലാണ്. ഒരുവശത്ത് അപരിഷ്കൃതര്‍, അജ്ഞര്‍, അവികസിതര്‍, ദരിദ്രര്‍, കറുത്തവര്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ആദിവാസികള്‍. അധികാരഘടനയുടെ ഏറ്റവുമടിയില്‍, അധഃകൃതരില്‍ അധഃകൃതരായി നാലു സെന്റ് കോളനികളില്‍ കഴിയുന്ന ആദിവാസി സ്ത്രീകള്‍. മറുവശത്ത് പരിഷ്കാരത്തിന്റെയും ഉപഭോഗ വര്‍ധനവിന്റെയും സമ്പത്തിന്റെയും ആധുനിക ജീവിതത്തിന്റെയുമൊക്കെ പ്രതീകമായ, ലോകത്തിലെ ഒന്നാം നമ്പര്‍ കോര്‍പറേറ്റ് ഭീമന്‍ കൊക്കകോള കമ്പനി. മുതലാളിത്തത്തിന്റെ തല്‍സ്വരൂപം.

waste
്പ്ലാച്ചിമടയിലെ സമരത്തിന്റെ ആരംഭഘട്ടത്തില്‍ ആ ഗ്രാമത്തിലെ രണ്ടായിരത്തോളം വരുന്ന ആദിവാസികളും ദലിതരും തദ്ദേശീയരായ വിരലിലെണ്ണാവുന്ന സന്നദ്ധ പ്രവര്‍ത്തകരും മാത്രമേ ഉണ്ടായിരുന്നുളളൂ കൊക്കകോള കമ്പനിയുടെ അമിത ജലചൂഷണത്തിനെതിരേ ശബ്ദമുയര്‍ത്താന്‍. സ്വന്തമായ ഒരുതുണ്ട് കൃഷിഭൂമിയെക്കുറിച്ചുളള സ്വപ്നം പോലുമില്ലാത്ത ഏതാനും കര്‍ഷകത്തൊഴിലാളികളും, പഞ്ചായത്ത് ഓഫീസന്റെ പടിചവുട്ടുകപോലും ചെയ്യാത്ത സാമൂഹിക പ്രവര്‍ത്തകരും. അന്നേവരെ പാലക്കാടിന്റെ രാഷ്ട്രീയ ഭൂമിക്ക് ജീവന്‍ നല്‍കിയ കര്‍ഷകത്തൊഴിലാളികളോ അവരുടെ സഖാവ് നേതാക്കളോ കോണ്‍ഗ്രസുകാരോ, ജനതാ സോഷ്യലിസ്റ്റുകളോ തുടക്കത്തില്‍ പ്ലാച്ചിമടയിലെ സമരത്തോടൊപ്പമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല വര്‍ഗസമരസിദ്ധാന്തം പ്രചരിപ്പിച്ചവരുള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരും സമരത്തിന്റെ എതിര്‍പക്ഷത്തായിരുന്നു താനും. രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അണികളും നേതൃത്വവും ജില്ലാ- സംസ്ഥാന ഭരണസ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തു പോലും കൊക്കകോള കമ്പനി കൊണ്ടുവന്ന മൂലധനത്തിന്റെയും തൊഴിലവസരങ്ങളുടെയും വികസന പ്രത്യയശാസ്ത്രത്തിന്റെയും സംരക്ഷകരും പ്രചാരകരുമായ നിലനിന്നു. ഉല്‍പാദന ശക്തികള്‍ക്കനുസൃതമായി ജനതയെ ആയുധംകൊണ്ടും ആശയംകൊണ്ടും നിയന്ത്രിച്ചു നിറുത്തുന്ന ഭരണകൂടത്തിന്റെ പിണിയാളായാണ് കേരളത്തിന്റെ രാഷ്ട്രീയ സമൂഹം ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. കൊക്കകോള കമ്പനിക്ക് തൊഴിലാളികളെ ഏര്‍പ്പാടാക്കി കൊടുക്കുന്ന കോണ്‍ട്രാക്ടര്‍മാരായും കമ്പനിക്ക് വെളളം വിറ്റു കാശുണ്ടാക്കുന്നവരായും വളമെന്നപേരില്‍ വിഷവസ്തുക്കള്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരായുമൊക്കെ രാഷ്ട്രീയ സമൂഹത്തിലെ പലരും നേട്ടങ്ങളുണ്ടാക്കി. രാഷ്ട്രീയ നേതൃത്വത്തോട് വിധേയത്വം പുലര്‍ത്തി നിന്നവരില്‍ ചിലര്‍ക്ക് ഫാക്ടറിയില്‍ തൊഴില്‍ കിട്ടി. മലിനീകരണ ബോര്‍ഡും ആരോഗ്യവകുപ്പും ഭൂഗര്‍ഭജല വകുപ്പുമുള്‍പ്പെടെ ഭരണസ്ഥാപനങ്ങളൊക്കെ കൈയുംകെട്ടി നോക്കിനിന്നു.

ഇത്തരമൊരവസ്ഥയില്‍ കൊക്കകോള ഫാക്ടറിക്കെതിരെയെന്നതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിനും സര്‍ക്കാരിനുമെതിരായതു കൂടിയായിരുന്നു പൗരസമൂഹം(സിവില്‍ സൊസൈറ്റി) പ്ലാച്ചിമടയില്‍ നടത്തിയ സമരം.( കേരള സമൂഹത്തിന്റെ രൂപവല്‍കരണത്തില്‍ പൊതുജനപ്രക്ഷോഭങ്ങള്‍ക്കും പൊതുജന സംഘാടനത്തിനുമുളള പങ്ക് വലുതാണ്. ഇവയിലൂടെയൊക്കെ രൂപംകൊണ്ട ശക്തമായ ഒരു പൊതുസമൂഹമാണ് കേരളത്തിലേതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, നീണ്ടകാലത്തെ സമൂഹ സംഘാടനം ചെന്നെത്തിയത് രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും ശാക്തീകരണത്തിലും പൊതുസമൂഹത്തിന്റെ വിഭജനത്തിലും ശക്തിക്ഷയത്തിലുമാണ്. പാര്‍ട്ടികളിലൂടെയുളള സമൂഹ സംഘാടനം ലക്ഷ്യത്തിലേക്കുളള മാര്‍ഗമെന്നതിലുപരി ലക്ഷ്യംതന്നെയായി മാറി. ഇത്തരത്തില്‍ കേരളസമൂഹത്തെ ആഴത്തില്‍ വിഭജിച്ചെടുത്ത പ്രക്രിയയില്‍ പുറന്തളളപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, സ്ത്രീകള്‍- അവരുടെ പ്രശ്‌നങ്ങളെയും ഉള്‍ക്കൊളളാനും സ്ഥായിയായ വികസനസങ്കല്‍പ്പം വികസിപ്പിക്കാനും ശ്രമിച്ച പൗരസമൂഹം പ്രസ്ഥാനങ്ങളാണ് പ്ലാച്ചിമടയിലെ സമരത്തിനു പിന്തുണ നല്‍കിയത്.

പ്ലാച്ചിമടയിലെ സമരം ഇന്നൊരു വഴിത്തിരിവിലാണ്. "ആരാണ് ജനം'', എന്താണ് ജനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും'', "അധികാരം ജനങ്ങള്‍ക്ക്'' എന്ന പാടിപ്പതിഞ്ഞ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതെങ്ങനെ, ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമസഭയുടെയും ധര്‍മവും ശേഷിയുമെന്ത് എന്നിങ്ങനെയുളള ചില ചോദ്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്ന ഒന്നായി പ്ലാച്ചിമടയിലെ സമരം മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ മാറ്റത്തിനു കാരണമായത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്: ഒന്ന്, കൊക്കകോള കമ്പനിക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി പുതുക്കേണ്ടതില്ലെന്ന് ഫാക്ടറി സ്ഥിതി ചെയ്യുന്ന പെരുമാട്ടി ഗ്രാമത്തിന്റെ പ്രാദേശിക ഭരണകൂട സ്ഥാപനമായ പെരുമാട്ടി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത്. ""പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി ഈ പ്രദേശത്തെ ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നതുമൂലം പെരുമാട്ടി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു വരുന്നതിനാല്‍ പൊതുതാല്‍പര്യം മുന്‍നിറുത്തി മേപ്പടി കമ്പനിയുടെ ലൈസന്‍സ് പുതുക്കി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു''( പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ 07-04-2003ലെ രണ്ടാം നമ്പര്‍ തീരുമാനം). രണ്ട്, ബി.ബി.സിയുടെയും ഡല്‍ഹിയിലെ സി.എസ്.ഇയുടെയും അന്വേഷണങ്ങളുടെ ഫലമായി കൊക്കകോള കമ്പനിയുടെ ഉല്‍പാദനാവശിഷ്ടങ്ങളിലും ഉല്‍പന്നങ്ങളില്‍ തന്നെയും മാരകമായ മാലിന്യങ്ങളും കീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന് ഈയിടെ കണ്ടെത്തിയത്.

കൊക്കകോള ഫാക്ടറി കൊണ്ടുളള വിപത്ത് പ്ലാച്ചിമടയിലെ ഏതാനും ആദിവാസികളുടെ കുടിവെളളം മുട്ടിക്കുന്നുവെങ്കിലത് വികസനത്തിനു നല്‍കേണ്ട വിലയായി കണക്കാക്കി അവഗണിക്കാമെന്ന് കരുതിയിരുന്നവരുടെ കണക്കുകൂട്ടലുകള്‍ പാളി. ആദിവാസികളെ മാത്രമല്ല, ഫാക്ടറി തൊഴിലാളികളെയും "കര്‍ഷകര്‍ ഉള്‍പ്പെടെയുളള ബഹുജനങ്ങളെയും' ചെര്‍ക്കളം അബ്ദുല്ല "ജന'മായി അംഗീകരിക്കുന്ന കൊക്കകോളയുടെ ഉപഭോക്താക്കളെയും ഇക്കണ്ട ജനങ്ങളെയൊക്കെ ഭരിച്ചു തളര്‍ന്ന് കോള കുടിക്കാന്‍ നിര്‍ബന്ധിതരായ നിയമസഭാ സാമാജികരെപ്പോലും പ്ലാച്ചിമടയിലെ വിപത്ത് ബാധിക്കാമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിച്ചത്.

പഞ്ചായത്തിന്റെ ഇടപെടല്‍

പ്രാദേശിക അധികാര രാഷ്ട്രീയത്തിലെ സൂക്ഷ്മമായ പടലപ്പിണക്കങ്ങള്‍ തന്നെയാണ് പെരുമാട്ടി ഗ്രാമപഞ്ചായത്തിനെക്കൊണ്ടും പഞ്ചായത്ത് ഭരിക്കുന്ന ജനതാദള്‍ പാര്‍ട്ടിയെക്കൊണ്ടും കൊക്കകോള കമ്പനിക്കെതിരേ നിലപാടെടുപ്പിച്ചത് എന്നാണ് പാലക്കാട്ടെ കക്ഷിരാഷ്ട്രീയത്തിന്റെ ഉളളുകളളികള്‍ അറിയുന്നവര്‍ കരുതുന്നത്. കൊക്കകോള കമ്പനി കോടതിയില്‍ ഉന്നയിച്ച വാദവും ലൈസന്‍സ് പുതുക്കാതിരുന്നതിനു പിറകില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്നതാണ്. ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അലയടിച്ച അമേരിക്കാവിരുദ്ധ വികാരം കണക്കിലെടുത്താണ് തങ്ങള്‍ കൊക്കകോളക്കെതിരേ താല്‍ക്കാലിക സമരത്തിനിറങ്ങിയതെന്ന് ഇടക്കാലത്ത് വി.എസ്. അച്യുതാനന്ദനും പറഞ്ഞിരുന്നു. എന്നാല്‍, ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍ ഇത്തരം കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനു പുറത്തുളള ചില മാനങ്ങള്‍ പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരത്തിന് നല്‍കി കഴിഞ്ഞിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിലെ കിടമത്സരത്തിന്റെ ഫലമായിട്ടെങ്കില്‍പോലും കൊക്കകോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ഇതിലൂടെ കേരളസര്‍ക്കാരിന്റെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ നയങ്ങള്‍ക്കെതിരേ നിലയുറപ്പിക്കുകയും വഴി പ്ലാച്ചിമടയിലെ പൗരസമൂഹത്തിന്റെ സമരത്തിന് പിന്തുണയും പുതിയ ദിശയും നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം വഴിവെച്ചിരിക്കുന്നു. ""സര്‍ക്കാര്‍ ഒരു കുടുക്കില്‍പ്പെട്ടിരിക്കുന്നു. ഇതില്‍ നിന്ന് തലയൂരാന്‍ നിയമഭേദഗതി തന്നെ വേണ്ടിവരും'' എന്ന് പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ "ഡി-ഫാക്‌ടോ' നേതാവും മുന്‍ ജനതാദള്‍ എം.എല്‍.എയുമായ കൃഷ്ണന്‍കുട്ടി പറയുന്നു.

ഭരണഘടനയനുസരിച്ച്, തത്വത്തില്‍, ഏതൊരു പഞ്ചായത്തും സ്വയംഭരണ സ്ഥാപനമാണ്. അതിനനുസൃതമായ അധികാരങ്ങള്‍ പഞ്ചായത്തിനു കൈമാറാന്‍ ഭരണഘടനാതത്ത്വപ്രകാരം ഓരോ സംസ്ഥാനവും ബാധ്യസ്ഥവുമാണ്. ""ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിക്കാനും അവക്ക് സ്വയംഭരണ ഘടകങ്ങളായി പ്രവര്‍ത്തിക്കാന്‍ കെല്‍പു നല്‍കുന്നതിനാവശ്യമായ അധികാരങ്ങളും അവകാശങ്ങളും നടപടിയെടുക്കേണ്ടതാണ്,'' എന്നത് ഭരണഘടനയുടെ നിര്‍ദേശകത്ത്വങ്ങളില്‍പ്പെടുന്നു. ഈ തത്ത്വത്തിനെതിരായൊരു നടപടി കൈക്കൊളളാന്‍ കേരളസര്‍ക്കാര്‍ തയാറാകുമോ എന്നാണ് കൃഷ്ണന്‍കുട്ടിയുടെ ചോദ്യം.

കേരള പഞ്ചായത്ത്‌രാജ് നിയമത്തിന്റെ പിന്‍ബലത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളിലെ ""ആപല്‍കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ലൈസന്‍സ് നല്‍കല്‍'' സംബന്ധിച്ച 232-ാം വകുപ്പുപ്രകാരമാണ് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പനിക്ക് നല്‍കിയിരുന്ന ലൈസന്‍സ്് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ വകുപ്പുപ്രകാരം ആപല്‍കരവും അസഹ്യവുമായ വ്യാപാരങ്ങളായി നിര്‍വചിച്ചിട്ടുളളവയില്‍ ശീതളപാനീയങ്ങളുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. ഇത്തരം വ്യവസായങ്ങള്‍ക്ക് "പൊതുജനഹിതം മുന്‍നിറുത്തി' ലൈസന്‍സ് നിഷേധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് അധികാരമുണ്ട്. ഒരു ഭക്ഷ്യോല്‍പന്നം എന്നനിലയില്‍ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് മാത്രമേ ഞങ്ങള്‍ക്ക് ബാധകമാകൂ എന്നാണ് കൊക്കകോള കമ്പനിയുടെ വാദം. എന്നാല്‍ പഞ്ചായത്ത്‌രാജ് നിയമത്തിന്റെ 232-ാം വകുപ്പിന്റെ ഭാഗമായ അഞ്ചാംപട്ടികയില്‍ പറയുന്ന "ക്ലിയറന്‍സ് ആവശ്യമായ വ്യവസായങ്ങളുടെ ലിസ്റ്റില്‍' ഭക്ഷ്യോല്‍പന്നങ്ങളുടെ നിര്‍മാണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌രാജ് സംവിധാനം വിപുലമായ അധികാരങ്ങള്‍ ഗ്രാമപഞ്ചായത്തിനു നല്‍കിയിട്ടുണ്ടെന്നാണ് വാസ്തവം.

പഞ്ചായത്ത്‌രാജ് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കാന്‍ പോലും മടിക്കില്ലെന്നാണ് കൃഷ്ണന്‍കുട്ടിയും പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണനും പ്രസ്താവിച്ചിട്ടുളളത്. സമാനമായ ചില വ്യവഹാരങ്ങളില്‍(മഞ്ഞപ്ര പഞ്ചായത്തിനെതിരേ ബെന്നി ഏബ്രഹാം നല്‍കിയ കേസില്‍ ഹൈക്കോടതി ജസ്റ്റിസ് ഉഷ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുടെ വിധി) പഞ്ചായത്ത് പ്രസിഡന്റിന് സ്വേച്ഛാപരമായ തീരുമാനങ്ങളെടുക്കാനാവില്ല എന്ന് ഉത്തരവിടുമ്പോള്‍പോലും പഞ്ചായത്തിനകത്ത് ഏതുതരം വ്യവസായങ്ങള്‍ ആകാമെന്ന നയപരമായ തീരുമാനം കൈക്കൊളളാന്‍ ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കേസില്‍(പൂവത്തോട് ആക്ഷന്‍ കൗണ്‍സിലിന്റേത്) പഞ്ചായത്ത് അതിര്‍ത്തിയില്‍ ഒരു കരിങ്കല്‍ ക്വാറി സ്ഥാപിക്കുന്നതിന് ലൈസന്‍സ് നിഷേധിച്ചുകൊണ്ട് പൂവത്തോട് ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട തീരുമാനം സുപ്രീംകോടതി തന്നെ ശരിവച്ചിട്ടുമുണ്ട്.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസ്ഥാപനമായ ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കേള്‍ക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമായ തദ്ദേശ സ്വയംഭരണ വകുപ്പുസെക്രട്ടറിയെ നിയോഗിക്കുന്നത് ഭരണഘടനാതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പെരുമാട്ടി ഗ്രാമപഞ്ചായത്ത് വാദിക്കുന്നു. ഇതുകൂടി കണക്കിലെടുത്താവാം, കൊക്കകോളയുടെ അപ്പീലിന്മേല്‍ സ്വയം തീരുമാനമെടുക്കുന്നതിനുപകരം പ്രശന്ം സംബന്ധിച്ചു കൂടുതല്‍ പഠനം നടത്തണമെന്ന നിര്‍ദേശത്തോടെ വകുപ്പുസെക്രട്ടറി പരാതി വകുപ്പുമന്ത്രിക്ക് തന്നെ കൈമാറി സ്വന്തം കൈകഴുകിയത്. ഇനി തീരുമാനമെടുക്കേണ്ടത് കാബിനറ്റും മുഖ്യമന്ത്രിയുമാണെന്ന് വകുപ്പുമന്ത്രിയും പറയുന്നു.

ഈ നിയമപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സമീപനം എന്തായിരിക്കാമെന്ന് സൂചന നല്‍കുന്നവയാണ് വ്യവസായശാലകള്‍ക്ക് ലൈസന്‍സുകള്‍ എളുപ്പം ലഭ്യമാക്കുന്നതിനുവേണ്ടി കൊണ്ടുവന്ന "ഗ്രീന്‍ചാനല്‍' സംവിധാനവും "ഏകജാലക ക്ലിയറന്‍സ് ബോര്‍ഡു'കളും. ചിലതരം വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് ആരോഗ്യവകുപ്പിന്റെ അഭിപ്രായം ആരായേണ്ടതില്ലെന്നും ആരോഗ്യ പരിഗണന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപത്രത്തില്‍ അന്തര്‍ലീനമാണെന്നുമാണ് "ഗ്രീന്‍ചാനല്‍' സംവിധാനത്തിന്റെ നിര്‍ദേശങ്ങളിലൊന്ന്. ഗ്രാമപഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ക്കെതിരേ അപ്പീല്‍ നല്‍കാന്‍ ജില്ലാ സംസ്ഥാനതലങ്ങളില്‍ ബോര്‍ഡുകള്‍ ഉണ്ടാക്കുകവഴി അധികാരം കൂടുതല്‍ കേന്ദ്രീകൃതമാക്കുകയാണ് ഈ സംവിധാനങ്ങള്‍ ലക്ഷ്യംവക്കുന്നത്. കൃഷിഭൂമികള്‍ വ്യാവസായികാവശ്യത്തിനും പാര്‍പ്പിടങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതിനു പ്രത്യേക അനുമതി വേണ്ടെന്ന് "ഗ്രീന്‍ചാനല്‍' സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് 1994ല്‍ തന്നെ ഉത്തരവിട്ടിരുന്നുവെന്നത് ഈ സംവിധാനം എത്രമാത്രം "ഗ്രീന്‍' ആണെന്ന് വ്യക്തമാക്കുന്നു.

പഞ്ചായത്തിന്റെ ഇടപെടലിന്റെ പരിമിതി

പെരുമാട്ടി ഗ്രാമപഞ്ചായത്ത് കൊക്കകോള ഫാക്ടറിക്കെതിരേ ആരംഭിച്ച നിയമയുദ്ധവും അത് സര്‍ക്കാരിന് ഒരു വെല്ലുവിളിയായതും കേരള സമൂഹത്തിന്റെ ജനാധിപത്യവല്‍കരണം എന്ന ബൃഹത്തായ ലക്ഷ്യത്തിന്റെ വ്യാപ്തിയുമായി തട്ടിച്ചുനോക്കുമ്പോള്‍ പരിമിതമായ സാധ്യതകള്‍ മാത്രം ഉള്‍ക്കൊളളുന്നതാണ്. എങ്കിലും അത് സ്വാഗതാര്‍ഹമാണ്- രാഷ്ട്രീയ സമൂഹത്തിനകത്തെ ഈ കലഹം സമൂഹത്തിന്റെ ജനാധിപത്യവല്‍കരണത്തിനുവേണ്ടിയുളള പൗരസമൂഹത്തിന്റെ നിരന്തര പ്രക്ഷോഭത്തിന് അല്‍പമെങ്കിലും ആവേശം പകരുന്നു എന്നതുകൊണ്ട്.

കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ തുടക്കക്കാലത്ത് ഈ പുതിയ വികസനപാതയുടെ സാധ്യതകളും അനിവാര്യതകളും സൂചിപ്പിച്ചു കൊണ്ട് ഇ.എം.എസ് ഇങ്ങനെയെഴുതി: ""കഴിഞ്ഞ നാല്‍പതു വര്‍ഷക്കാലമായി കേരളത്തില്‍ നിലവിലുളള അധികാര രാഷ്ട്രീയത്തിനുപകരം ഉല്‍പാദന വര്‍ധനയിലൂടെ നാട്ടിന്‍പുറങ്ങളെയും പട്ടണപ്രദേശങ്ങളെയും വികസിപ്പിക്കുന്നതില്‍ കേന്ദ്രീകൃതമായ ഒരു പുത്തന്‍ വികസന രാഷ്ട്രീയം വളര്‍ത്തിയെടുക്കണം. അധികാരത്തിലിരിക്കുന്നവര്‍ അവിടെത്തന്നെ അളളിപ്പിടിച്ചിരിക്കുകയും വെളിയിലുളളവര്‍ അധികാരത്തിലെത്താന്‍ ശ്രമിക്കുകയും മാത്രം ചെയ്യുന്ന അധികാര രാഷ്ട്രീയത്തിനുപകരം ഉല്‍പാദനവര്‍ധനയില്‍ കേന്ദ്രീകരിച്ചുകൊണ്ടുളള വികസനത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തണം''.

അധികാരമത്സരത്തിനുപകരം പരസ്പര സഹകരണത്തിന്റെയും മുകളില്‍ നിന്നുളള ആസൂത്രണത്തിനു പകരം ജനങ്ങളെക്കൂടി പങ്കാളികളാക്കയിരുത്തിയുളള വികസനാസൂത്രണത്തിന്റെയും സന്ദേശം കേരളത്തില്‍ ആഴത്തില്‍ വേരോടിയിട്ടില്ലെന്നതിന് ഒരുദാഹരണം കൊക്കകോള ഫാക്ടറി നില്‍ക്കുന്ന പെരുമാട്ടി പഞ്ചായത്ത് തന്നെയാണ്. ജനകീയാസൂത്രണ പ്രസ്ഥാനം അല്‍പം ചിലയിടത്ത് പച്ചക്കറി കൃഷിയും കറിമസാലക്കൂട്ട് വ്യവസായ സംരംഭങ്ങളും വഴി ഉല്‍പാദന വര്‍ധവുണ്ടാക്കിയതല്ലാതെ വികസന സങ്കല്‍പത്തെയും അതിന്റെ ചട്ടക്കൂടിനെയും മാറ്റിത്തീര്‍ക്കാന്‍ പര്യാപ്തമായിട്ടില്ലെന്നതിനും തെളിവു ഇവിടെ കൊക്കകോള ഫാക്ടറിക്ക് "പച്ചപ്പരവതാനി' വിരിച്ച സ്വീകരണം കിട്ടിയതുതന്നെ.

ജനകീയാസൂത്രണ പ്രസ്ഥാനം വികസനത്തിന്റെ സാങ്കേതികവിദ്യകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കാണിക്കുന്നവയാണ് പെരുമാട്ടി പഞ്ചായത്തിലെങ്ങും വ്യാപകമായിട്ടുളള കുഴല്‍ക്കിണറുകള്‍. ജലക്ഷാമംകൊണ്ട് ജനത പൊറുതിമുട്ടിയിട്ടും കൂടുതല്‍ കൂടുതല്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനും കുഴിച്ച കിണറുകള്‍ മത്സരബുദ്ധിയോടെ ആഴം കൂട്ടുന്നതിനും കര്‍ഷകര്‍ക്ക് ധനസഹായവും പ്രോത്സാഹനവും നല്‍കുകയാണ് ജനാധിപത്യ ഭരണകൂടത്തിന്റെ കടമയായി പെരുമാട്ടി പഞ്ചായത്ത് കണ്ടത്. ജനതയുടെ പൊതുസ്വത്തായ ഭൂഗര്‍ഭജലത്തെ സ്വകാര്യ സ്വത്താക്കി മാറ്റുന്നതിനുളള കുഴല്‍ക്കിണറുകളുടെ ജനാധിപത്യവിരുദ്ധത ചോദ്യം ചെയ്യപ്പെടാത്തതുകൊണ്ടു കൂടിയാണ് കൊക്കകോള ഫാക്ടറിക്ക് ഒരു മണിക്കൂറില്‍ ഒരു ലക്ഷം ലിറ്ററെങ്കിലും വീതം ഭൂഗര്‍ഭജലം വലിച്ചെടുക്കാന്‍ കഴിവുളള 6 പമ്പുകള്‍ 16 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു ഉല്‍പാദനം നടത്താന്‍ അനുമതി ലഭിച്ചത്.

ജനകീയാസൂത്രണത്തിനുപയോഗിച്ച അടിസ്ഥാന ഉപകരണങ്ങളിലൊന്നായ വിഭവഭൂപട നിര്‍മാണം എന്തുമാത്രം അപകടകരമാകാമെന്നതിനുമുദാഹരണം പെരുമാട്ടിയില്‍ കാണാം. ജലസ്രോതസുകള്‍ മാത്രം രേഖപ്പെടുത്തുകയുംഈ സ്രോതസുകളില്‍ നിന്നുളള ജലം ജീവനോപാധിയായും കാര്‍ഷികോപാധിയായും കാണുന്ന ജനതയെയും അവരുടെ കൂട്ടായ പരമ്പരാഗത അവകാശങ്ങളെയും മായ്ച്ചുകളയുകയും ചെയ്ത ഭൂപടങ്ങള്‍ തന്നെയാണ് കൊക്കകോള കമ്പനിക്ക് ഉപയുക്തമായത്. പ്രാദേശിക വിഭവങ്ങള്‍ക്കു മുകളില്‍ ജനതയുടെ കൂട്ടായ അധികാരവും അതിന്റെ സംരക്ഷണത്തിനുളള ഉത്തരവാദിത്തവും സ്ഥാപിച്ചെടുക്കാന്‍ പര്യാപ്തമല്ലാത്ത വിഭവഭൂപട നിര്‍മാണം കൊളോണിയല്‍ ചൂഷണായുധം മാത്രമാണ്.

ജനാധിപത്യത്തിന്റെ കാതല്‍ ഗ്രാമങ്ങളുടെ-മുഴുവന്‍ ഗ്രാമീണജനതയുടെയും-ശാക്തീകരണമാണ്. ഗ്രാമത്തിലെ മുഴുവന്‍ ജനതയുമാണ് യഥാര്‍ത്ഥ പഞ്ചായത്ത്. സമ്പൂര്‍ണ ജനാധിപത്യത്തിന്റെ, പങ്കാളിത്ത ജനാധിപത്യത്തിന്റെ ആണിക്കല്ല് ഗ്രാമപഞ്ചായത്തല്ല, ഗ്രാമസഭയാണ്. ജനത ഒറ്റക്കെട്ടായി നിന്ന് സമവായത്തിലൂടെ സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കുന്ന വേദിയാണ് ഗ്രാമസഭ. എന്നാല്‍, ഇത്തരമൊരു ഐക്യം ഗ്രാമതലത്തില്‍ പുനഃസൃഷ്ടിക്കാനും സ്വന്തം വിഭവങ്ങള്‍ക്കുമേല്‍ ജനങ്ങള്‍ക്കുളള അവകാശാധികാരങ്ങള്‍ സ്ഥാപിച്ചെടുക്കുകയെന്ന ജനാധിപത്യപ്രക്രിയ പൂര്‍ത്തിയാക്കാനും നിയമയുദ്ധം മാത്രം പോരെന്നും പൊതുസമൂഹത്തിന്റെ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും പ്ലാച്ചിമടയുടെ അനുഭവം വ്യക്തമാക്കുന്നു.

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org