logo malayalam

|പരിസ്ഥിതി |

കൊക്കകോളയ്‌ക്ക്‌ ഒരു സി.ഡി.എസ്‌. ഊന്നുവടി

പി.എന്‍. വേണുഗോപാല്‍

24 ഏപ്രില്‍ 2008

പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്‌? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാല്‍ ഏതാണ്ട്‌ തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കര്‍ഷകര്‍ക്കും. അവരില്‍ നല്ലൊരു വിഭാഗം നെല്‍കൃഷിയും പരുത്തിയും നിലക്കടലയും ഉപേക്ഷിച്ച്‌ തെങ്ങുകൃഷി തുടങ്ങി. തെങ്ങിന്‍തൈകള്‍ നനയ്‌ക്കാന്‍ അമിതമായി ജലമുപയോഗിച്ചു. തേങ്ങയ്‌ക്കു വില കുറഞ്ഞപ്പോള്‍ തെങ്ങുകള്‍ ചെത്താന്‍ കൊടുത്തു. കൂടുതല്‍ കള്ളു കിട്ടാന്‍ കൂടുതല്‍ നനച്ചു. അതിനായി കുഴല്‍ക്കിണറുകള്‍ കുഴിച്ചു. ഇതാണ്‌ പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിന്റെ ഒരു മുഖ്യകാരണം. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിന്റെ (സി.ഡി.എസ്‌.) ഡയറക്ടര്‍ ഡോ. കെ. നാരായണന്‍നായര്‍, സി.ഡി.എസ്സിലെ തന്നെ ഡോ. ആന്റണി ടോപാള്‍, പ്രൊഫ. വിനീതമേനോന്‍ എന്നിവര്‍ ചേര്‍ന്നു രചിച്ച 'വാട്ടര്‍ ഇന്‍സെക്യൂരിറ്റി, ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ ആന്‍ഡ്‌ ലൈവ്‌ലിഹുഡ്‌ ഡൈനാമിക്‌സ്‌ - എ സ്റ്റഡി ഇന്‍ പ്ലാച്ചിമട' എന്ന പുസ്‌തകത്തിലാണ്‌ ഈ കണ്ടുപിടിത്തം.

ജലത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള തര്‍ക്കങ്ങളും യുദ്ധങ്ങളും വ്യാപകവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവയുടെ സ്വഭാവവും മൂലകാരണങ്ങളും ഈ യുദ്ധങ്ങള്‍ ഗ്രാമീണ ഉപജീവനമാര്‍ഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ലെന്നും പ്ലാച്ചിമടയില്‍ നടത്തിയ ഈ പഠനം ആ ദിശയിലുള്ള ഒരു ശ്രമമാണെന്നും ഗ്രന്ഥകര്‍ത്താക്കള്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. നാലു വര്‍ഷമോ അതിലേറെയോ നീണ്ട പഠന/നിരീക്ഷണങ്ങളില്‍നിന്ന്‌ ഉരുത്തിരിഞ്ഞുവന്ന നിഗമനങ്ങളാണ്‌ ഈ പുസ്‌തകത്തില്‍. പഞ്ചായത്ത്‌, ഭൂജലവകുപ്പ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌, സംസ്ഥാന സര്‍ക്കാര്‍, കോടതികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങള്‍ പ്ലാച്ചിമടയില്‍ വഹിച്ച പങ്ക്‌ പഠനവിധേയമാക്കുന്നുണ്ട്‌. അന്നത്തെ ഇടതുപക്ഷസര്‍ക്കാര്‍ കൊക്കകോളയെ പ്ലാച്ചിമടയിലേക്കു ക്ഷണിച്ചതു മുതല്‍ കമ്പനി പൂട്ടിയതും കമ്പനിക്ക്‌ അനുകൂലമായി കേരള ഹൈക്കോടതി വിധി വന്നതും അതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ കൊടുത്തതും കൊക്കകോള വിരുദ്ധസമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരവും മാധ്യമങ്ങളുടെ പങ്കും ബി.ബി.സി.യുടെ ആഭിമുഖ്യത്തില്‍ ഖരമാലിന്യങ്ങളില്‍ മാരകവിഷങ്ങളുടെ സാന്നിധ്യം കണ്ടുപിടിച്ചതും 73-74 ഭരണഘടനാഭേദഗതികള്‍ വഴി പഞ്ചായത്തിനു ലഭ്യമായ അധികാരങ്ങളും ഭൂജലത്തിന്റെ ഉടമയാര്‌ എന്ന നിര്‍ണായകചോദ്യവും ഗ്രന്ഥകര്‍ത്താക്കള്‍ വിശകലനം ചെയ്യുന്നുണ്ട്‌.

എന്നാല്‍ നിഗമനങ്ങളിലേക്കും ശുപാര്‍ശകളിലേക്കും എത്തുമ്പോഴാണ്‌ ശരികേടുകള്‍ പൊങ്ങിവരുന്നത്‌. പ്ലാച്ചിമടയിലെ ജലശോഷണത്തിന്‌ ഒന്നിലേറെ കാരണങ്ങളുണ്ടെന്ന്‌ ഈ പഠനം പറയുന്നു. ''പഠന വിധേയമാക്കിയ പ്രദേശത്ത്‌ തുടര്‍ച്ചയായുള്ള വര്‍ഷങ്ങളില്‍ മഴയുടെ ലഭ്യതയ്‌ക്കുണ്ടായ കുറവ്‌, പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ പരാജയം, കുഴല്‍ക്കിണറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും അവയുടെ ആഴം കൂട്ടലും, കുളങ്ങള്‍വഴി പരമ്പരാഗതമായി നിലനിന്നിരുന്ന ജലസേചനത്തിന്റെ അപചയം എന്നിവയാണ്‌ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഈ പ്രശ്‌നങ്ങളുടെയൊപ്പം കൊക്കകോള കമ്പനി ദിവസവും അഞ്ചു ലക്ഷം ലിറ്റര്‍ ഭൂജലം എടുക്കുകകൂടി ചെയ്‌തത്‌ ജലക്ഷാമത്തെ രൂക്ഷമാക്കി.''

പെരുമാട്ടി പഞ്ചായത്ത്‌ സ്ഥിതിചെയ്യുന്ന ചിറ്റൂര്‍ ബ്ലോക്കില്‍ കാലാകാലങ്ങളായിത്തന്നെ കേരളത്തില്‍ ആകെ ലഭിക്കുന്ന ശരാശരി മഴയില്‍നിന്ന്‌ വളരെക്കുറവു മഴയേ ലഭിക്കാറുള്ളൂ. കേരളത്തില്‍ ആകെ മഴ കുറയുന്ന വര്‍ഷങ്ങളില്‍ ചിറ്റൂരിലും പെരുമാട്ടിയിലും ആനുപാതികമായി മഴ കുറയുക എന്നത്‌ സ്വാഭാവികം മാത്രം. തുടര്‍ച്ചയായി മൂന്നുവര്‍ഷംപെരുമാട്ടിയില്‍ മഴ കുറവായതാണ്‌ ജലശോഷണത്തിന്‌ കാരണമെന്ന്‌ 2005-ല്‍തന്നെ കൊക്കകോള അവരുടെ വെബ്‌സൈറ്റില്‍ കൊട്ടിഗ്‌ഘോഷിച്ചിരുന്നു. ഈ നിഗമനത്തില്‍ എത്താന്‍ഇത്തരമൊരു ഗവേഷണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരുടെ നിഗമനംകിറുകൃത്യമാണ്‌ എന്ന്‌ സാക്ഷ്യപത്രം നല്‌കലായിരുന്നോ ഗവേഷണലക്ഷ്യം?

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍നിന്ന്‌ ഉടമ്പടിപ്രകാരം തമിഴ്‌നാട്ടില്‍നിന്നു ജലം ലഭിക്കാത്തത്‌ പാലക്കാട്‌ ജില്ലയിലെ അനേകം പഞ്ചായത്തുകളെ ബാധിക്കുന്ന കാര്യമാണ്‌. തലക്കുളങ്ങളില്‍നിന്നുള്ള ജലസേചനം പഴങ്കഥയായതും പെരുമാട്ടിയില്‍ മാത്രമല്ല. ഇനിയുള്ളത്‌ കുഴല്‍ക്കിണറുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്‌. വളരെ ശാസ്ര്‌തീയമായി പഠനം നടത്തുന്ന സി.ഡി.എസ്സുകാര്‍ക്ക്‌ പക്ഷേ, അവര്‍ പഠനവിധേയമാക്കിയ പഞ്ചായത്തിലെ എട്ടും ഒന്‍പതും വാര്‍ഡുകളില്‍ എത്ര കുഴല്‍ക്കിണറുകള്‍ ഉണ്ടായിരുന്നു എന്നറിയില്ല. ഇപ്പോള്‍, അല്ലെങ്കില്‍ അവര്‍ സാമ്പിള്‍ ശേഖരിച്ച 2004-ല്‍ എത്ര കുഴല്‍ക്കിണറുകള്‍ ഉണ്ടെന്ന്‌ അറിയില്ല. അതു 'ലഭ്യമല്ല' എന്ന്‌ യാതൊരു സങ്കോചവുമില്ലാതെ പറയുന്ന അവര്‍ക്ക്‌ കുഴല്‍ക്കിണറുകളുടെ എണ്ണവും ആഴവും വര്‍ധിച്ചു എന്നു തറപ്പിച്ചുപറയാന്‍ യാതൊരു മടിയുമില്ല. (കൊക്കകോള കമ്പനിക്ക്‌ പക്ഷേ, ഇതു തിട്ടമുണ്ട്‌. 150 എന്ന്‌ അവര്‍ വെബ്‌സൈറ്റില്‍ പറയുന്നു. തങ്ങള്‍ക്ക്‌ കേവലം ആറേ ഉള്ളൂവെന്നും കര്‍ഷകരുടെ കുഴല്‍ക്കിണറുകളാണ്‌ തങ്ങളുടേതല്ല ജലശോഷണത്തിനു കാരണമെന്നും അവരും തറപ്പിച്ചു പറയുന്നു.)

കുഴല്‍ക്കിണറുകള്‍ എണ്ണാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്‌. കര്‍ഷകര്‍ ഉപയോഗിക്കുന്ന ഭൂജലത്തിന്റെ അളവില്‍ വര്‍ധനയുണ്ടായി എന്ന്‌ ഉറപ്പുവരുത്താന്‍ ഗവേഷണ സംഘത്തിനു മറ്റൊരു മാര്‍ഗം ലഭ്യമായി. അവിടെയാണ്‌ പാവം തെങ്ങുകള്‍ കൂട്ടത്തോടെ രംഗപ്രവേശം ചെയ്യുന്നത്‌. രണ്ടു വാര്‍ഡുകളിലായി (ഉദ്ദേശം അഞ്ചു ചതുരശ്ര കിലോമീറ്റര്‍) മുമ്പുണ്ടായിരുന്നതില്‍നിന്ന്‌ 67.5 ശതമാനം തെങ്ങുകൃഷി വര്‍ധിച്ചിരിക്കുന്നു. തെങ്ങൊന്നിന്‌ 1200-1600 ലിറ്റര്‍ വെള്ളം വീതം 9 മുതല്‍ 12 വരെ ദിവസങ്ങള്‍ ഇടവിട്ടു നല്‌കണം. (ഈ കണക്കിന്‌ ആധാരം മറ്റൊരു സി.ഡി.എസ്‌. പഠനമാണ്‌.) ചെത്താന്‍ കൊടുക്കുന്ന തെങ്ങുകള്‍ക്ക്‌ ഇതിന്റെ ഇരട്ടി ജലം വേണം. തെങ്ങുകള്‍ക്കു വേണ്ട ജലത്തെപ്പറ്റിയുള്ള തര്‍ക്കം മാറ്റിവെച്ചുകൊണ്ട്‌ പരിശോധിച്ചാല്‍ ഒരു വര്‍ഷത്തില്‍ ആറോ ഏഴോ മാസത്തിലേറെ ഒരു കര്‍ഷകനും കേരളത്തില്‍ തെങ്ങിനു നനയ്‌ക്കാറില്ല. അതായത്‌ ഒരു കൊല്ലത്തില്‍ 20 പ്രാവശ്യം തെങ്ങിനു നനയ്‌ക്കുന്നതുമൂലം പഠനപ്രദേശത്തെ ഭൂജലം ക്ഷയിക്കുന്നു!

ജലസേചനത്തിനു വിനിയോഗിക്കുന്ന വെള്ളത്തിന്റെ 30 ശതമാനമെങ്കിലും തിരിച്ചൊഴുകി ഭൂജലത്തെ പരിപോഷിപ്പിക്കുന്നു എന്നാണ്‌ കണക്ക്‌. തെങ്ങുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. തെങ്ങിന്‍തടങ്ങള്‍ മഴക്കുഴികളായാണ്‌ കണക്കാക്കപ്പെടുന്നത്‌. ഓലകളുടെ തണലുള്ളതുകൊണ്ട്‌ ബാഷ്‌പീകരണത്തിന്റെ തോതു കുറയുന്നു. ജലം അസംസ്‌കൃതവസ്‌തുവായ ഒരു വ്യവസായത്തിലും ഈ തിരിച്ചൊഴുക്ക്‌ സംഭവിക്കുന്നില്ല. ഉണ്ടായാല്‍ അത്‌ അപകടവുമാണ്‌. കാരണം ആ തിരിച്ചൊഴുകുന്നത്‌ ജലമല്ല, മലിനജലമാണ്‌. വസ്‌തുതകള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ജീവസന്ധാരണത്തിനുവേണ്ടി തെങ്ങുകൃഷി ചെയ്യുന്ന കര്‍ഷകരുടെയും ലാഭം മാത്രം ലക്ഷ്യമായുള്ള കോര്‍പ്പറേറ്റിന്റെയും ജലവിനിയോഗത്തെ എത്ര ലാഘവത്തോടെ തുലനം ചെയ്യുന്നു ഗവേഷകര്‍!

തെങ്ങുകൃഷിമൂലം ഭൂജലശോഷണമുണ്ടാവുമായിരുന്നെങ്കില്‍ കേരളം എന്നേ മരുഭൂമിയാവുമായിരുന്നു.

ജലശോഷണത്തിനു കാരണമായി പുസ്‌തകത്തില്‍ എടുത്തുകാട്ടുന്ന നാലു കാരണങ്ങളും വാദത്തിനുവേണ്ടി ശരിയെന്നു സമ്മതിച്ചുകൊടുത്താല്‍പ്പോലും ഇവയെല്ലാംതന്നെ കേരളത്തിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ചും പാലക്കാട്‌ ജില്ലയില്‍ ഏറിയും കുറഞ്ഞും ബാധകമാണ്‌. എന്നാല്‍ അവിടെയെങ്ങും പെരുമാട്ടി പഞ്ചായത്തില്‍ ഉണ്ടായത്ര രൂക്ഷമായ ജലക്ഷാമം ഉണ്ടായില്ല. ഇതില്‍നിന്നുതന്നെ അഞ്ചാമത്തെ കാരണം മാത്രമായി ഈ പുസ്‌തകം ചൂണ്ടിക്കാട്ടുന്ന കൊക്കകോള കമ്പനിതന്നെയാണ്‌ യഥാര്‍ഥ കാരണമെന്നു വ്യക്തമാകുന്നു.

ജലമലിനീകരണത്തിന്റെ കാര്യത്തില്‍ പുസ്‌തകരചയിതാക്കളും പൊതുധാരണയോട്‌ യോജിക്കുന്നു. കൊക്കകോള കമ്പനിതന്നെ ഉത്തരവാദി. അപ്പോള്‍പിന്നെ യുക്തിസഹമായ അടുത്തപടിയെന്ത്‌? മലിനീകരണം നടത്തി പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചവര്‍ അതിനു നഷ്ടപരിഹാരവും നല്‌കണം (പൊള്യൂട്ടര്‍ പേയ്‌സ്‌). എന്നാല്‍ പുസ്‌തകത്തിന്റെ അവസാനഭാഗത്തുള്ള ശുപാര്‍ശകളില്‍ അങ്ങനെയൊരു വാചകമേയില്ല. കൊക്കകോള കമ്പനി പരാമര്‍ശിക്കപ്പെടുകപോലും ചെയ്യുന്നില്ല. പകരം യന്ത്രവത്‌കരണംമൂലവും ജലശോഷണംമൂലവും തൊഴില്‍ നഷ്ടപ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി കാര്‍ഷികേതര തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കണമെന്നും കേന്ദ്രവും സംസ്ഥാനവും ഈ ജില്ലയ്‌ക്കുവേണ്ടി ഒരുക്കുന്ന ആശ്വാസപദ്ധതികള്‍ ഇതില്‍ ശ്രദ്ധചെലുത്തണമെന്നും ഉപദേശം. കൊക്കകോള കമ്പനിക്ക്‌ ഒരിളനീര്‍ കുടിച്ച ആശ്വാസം!

കാരണം ഈ പ്രബന്ധം കേരളത്തിലെ നിലവാരം തകര്‍ന്നുപോയ സര്‍വകലാശാലകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗവേഷണത്തിന്റെ സൃഷ്ടിയല്ല. ഇന്ത്യയിലെതന്നെ പ്രമുഖ ഗവേഷണസ്ഥാപനമായ സി.ഡി.എസ്സിന്റെ ഡയറക്ടറും കൂട്ടരുമാണ്‌ ഇതിന്റെ പിന്നില്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്‌ സര്‍വകലാശാലയില്‍നിന്നുള്ള സഹായധനത്തോടെയാണ്‌ ഈ ഗവേഷണം നടന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

ഈ പുസ്‌തകം സാധിച്ചെടുക്കുന്നതെന്താണ്‌? പ്ലാച്ചിമടയില്‍ ആറുവര്‍ഷമായി നടന്നുപോരുന്ന സമരത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ തെറ്റായിരുന്നോ എന്ന്‌ ചിലരിലെങ്കിലും ആശങ്ക ജനിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍തന്നെ കോര്‍പ്പറേറ്റ്‌ സ്വേച്ഛാധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമായി പ്ലാച്ചിമട മാറിയിരുന്നു. അതില്‍ വിശ്വസിച്ചിരുന്ന അനേകരില്‍ സംശയം ജനിപ്പിക്കാനും ഈ പുസ്‌തകത്തിനു കഴിഞ്ഞേക്കും. കൊക്കകോളയ്‌ക്ക്‌ ഇത്രയും കാലം കഴിയാതിരുന്ന ഒന്ന്‌.

എന്തായാലും അധികം വൈകാതെതന്നെ ഈ പുസ്‌തകത്തില്‍നിന്നുള്ള ഉദ്ധരണികള്‍ നമുക്ക്‌ കൊക്കകോളയുടെ വെബ്‌സൈറ്റില്‍ പ്രതീക്ഷിക്കാം.

പ്ലാച്ചിമട പഠനസമിതിയുടെയും റിവര്‍ റിസര്‍ച്ച്‌ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ 18-ാം തീയതി തൃശ്ശൂരില്‍വെച്ച്‌ ഈ പുസ്‌തകം ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. അതിനോടനുബന്ധിച്ച്‌ പുറത്തിറക്കിയ നോട്ടീസില്‍ ഇങ്ങനെ പറയുന്നു: ''കമ്പനിമൂലമുള്ള ജലമാലിന്യംകൊണ്ടും ഖരമാലിന്യംകൊണ്ടും അമിതജലചൂഷണംകൊണ്ടും തൊഴില്‍, ആരോഗ്യം, കൃഷി, മനുഷ്യാന്തസ്സ്‌ തുടങ്ങിയവയ്‌ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക്‌ എതിരായ സമരത്തെ അക്കാദമികപഠനത്തിലൂടെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം ഈ പുസ്‌തകത്തില്‍ നടത്തുന്നു.'' വസ്‌തുതാവിരുദ്ധമായ ഈ പ്രസ്‌താവന ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരിലും അശ്രദ്ധ കടന്നുകൂടിയാലുണ്ടാവുന്ന അപകടം വ്യക്തമാക്കുന്നു. അതിലേറെ ഞെട്ടിപ്പിക്കുന്നതായിരുന്നു പുസ്‌തകത്തെ അവലോകനം ചെയ്‌തു സംസാരിച്ച നാലുപേരില്‍ മൂന്നുപേരും ഈ പുസ്‌തകത്തിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ കാണാതെപോയത്‌. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരാണ്‌ അവര്‍ എന്നത്‌ ആശങ്ക വര്‍ധിപ്പിക്കുന്നു.

Post your comments.

Name:

Email:
(optional):

Please enter
your comments:

ഈ പുസ്‌തകം സാധിച്ചെടുക്കുന്നതെന്താണ്‌? പ്ലാച്ചിമടയില്‍ ആറുവര്‍ഷമായി നടന്നുപോരുന്ന സമരത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ തെറ്റായിരുന്നോ എന്ന്‌ ചിലരിലെങ്കിലും ആശങ്ക ജനിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍തന്നെ കോര്‍പ്പറേറ്റ്‌ സ്വേച്ഛാധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമായി പ്ലാച്ചിമട മാറിയിരുന്നു. അതില്‍ വിശ്വസിച്ചിരുന്ന അനേകരില്‍ സംശയം ജനിപ്പിക്കാനും ഈ പുസ്‌തകത്തിനു കഴിഞ്ഞേക്കും. കൊക്കകോളയ്‌ക്ക്‌ ഇത്രയും കാലം കഴിയാതിരുന്ന ഒന്ന്‌.Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org