logo malayalam

|ദളിത്|ആദിവാസി|

ചെങ്ങറക്കാര്‍ അട്ടപ്പാടിയിലെത്തുമ്പോള്‍

എം. സുചിത്ര
21/09/2010

സര്‍ക്കാര്‍ നല്‍കിയ പട്ടയവുമായി ചെങ്ങറയിലെ സമരഭൂമിയില്‍നിന്ന് അട്ടപ്പാടിയിലെ അധ്വാനപ്പെട്ടിയിലെത്തിയ ദളിത് കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഭൂമി അളന്നുനല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയാതെവന്ന സംഭവം ആദിവാസി, ദളിത്‌വിഭാഗങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയുടെ ഏറ്റവും പുതിയ തെളിവാണ്.

അല്ലെങ്കിലേ സങ്കീര്‍ണമാണ് അട്ടപ്പാടിയിലെ ഭൂമിപ്രശ്‌നം. ആദ്യം കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമായിരുന്നു. ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കൈയേറ്റങ്ങള്‍. ആദിവാസിഭൂമി അന്യാധീനപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാറ്റാടിക്കമ്പനി, നിയമലംഘനങ്ങള്‍, വ്യാജപട്ടയങ്ങള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍, കേസുകള്‍..... രംഗം കൂടുതല്‍ കൊഴുപ്പിക്കാനാകണം സര്‍ക്കാര്‍ ചെങ്ങറക്കാരെക്കൂടി അട്ടപ്പാടിയിലെത്തിച്ചത്.

കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് സര്‍ക്കാര്‍ ചെങ്ങറ 'ഒത്തുതീര്‍പ്പാ'ക്കിയത്. സര്‍ക്കാറിനുവേണ്ടി അന്നൊരു പാക്കേജ് പ്രഖ്യാപിച്ചു. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടുവെക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിവിഭാഗത്തിന് 50 സെന്റ് സ്ഥലവും 75,000 രൂപയും ഇതരവിഭാഗങ്ങള്‍ക്ക് 25 സെന്റ് സ്ഥലവും 75,000 രൂപയും എന്നതായിരുന്നു പാക്കേജ്. നല്‍കുന്ന ഭൂമി കൃഷിചെയ്യാന്‍ കഴിയുന്ന ഭൂമിയാവണം എന്നതായിരുന്നു സമരക്കാരുടെ ഡിമാന്റ്.

ഈ പാക്കേജിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ചെങ്ങറയിലെ 55 കുടുംബങ്ങള്‍ക്ക് അധ്വാനപ്പെട്ടിയിലെ ഭൂമിയുടെ പട്ടയം നല്‍കിയത്. ഇവരില്‍ അഞ്ച് കുടുംബങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപരിചിതമായ കാലാവസ്ഥ, ചീറിയടിക്കുന്ന കാറ്റ്, കൃഷിയില്ലാതെ കിടക്കുന്ന മലമ്പ്രദേശം, പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ കുടില്‍, കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ കല്ലും മറ്റും കയറ്റിവെച്ചിരിക്കുകയാണ്. ആനയിറങ്ങുന്ന സ്ഥലമായതിനാല്‍ പേടിച്ചാണ് അവര്‍ കഴിയുന്നത്. അരിയും ഭക്ഷണവും നല്‍കിയ ആദ്യത്തെ രണ്ടാഴ്ച അവരെ സഹായിച്ചത് ആദിവാസികളാണ്.

ചെങ്ങറക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ഭൂമി കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1891-ല്‍പ്പെടുന്ന സ്ഥലമാണ്. കാറ്റാടിക്കമ്പനിയുമായി ബന്ധപ്പെട്ട് വിവാദമായ സര്‍വേ നമ്പര്‍ 1275-നോട് തൊട്ടുകിടക്കുന്ന ഭൂമി. 960 ഹെക്ടര്‍ ഭൂമിയില്‍ 702 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിഭൂമി ആദിവാസികള്‍ കൈവശം വെച്ചിരുന്നതും മിച്ചഭൂമിയായി ഏറ്റെടുത്ത് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയിരുന്നതുമാണ്. തങ്ങളുടെ ഭൂമിയില്‍ സര്‍ക്കാര്‍ നടത്തിയ മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ആദിവാസികളുടെ െൈകയിലുണ്ട്. 1978-ല്‍ 150 ആദിവാസി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇവിടെ ഭൂമി വിതരണം ചെയ്തിരുന്നത്.

അതിനുശേഷം, നായനാര്‍ മുഖ്യമന്ത്രിയും കെ.ഇ. ഇസ്മയില്‍ റവന്യൂമന്ത്രിയുമായിരിക്കെ, 1999-ല്‍ അട്ടപ്പാടിയില്‍ ഒരു പട്ടയ മഹാമേള നടത്തുകയുണ്ടായി. 1975 ആദിവാസി ഭൂനിയമം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്തതിനു തൊട്ടുപിറകെയായിരുന്നു ഈ പട്ടയമേള. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുപകരം ഭൂമി നല്‍കാനെന്ന മട്ടിലാണ് മേള സംഘടിപ്പിച്ചത്. മുന്‍കരുതലെന്നനിലയില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മേളയില്‍ 500 ആദിവാസികള്‍ക്ക് പട്ടയം നല്‍കി. അതില്‍ 114 പേര്‍ക്ക് ഭൂമി നല്‍കിയത് സര്‍വേ നമ്പര്‍ 1819-ല്‍ തന്നെയാണ്.

ചെങ്ങറക്കാര്‍ക്കുവേണ്ടി ഭൂമി അളക്കാന്‍ സപ്തംബര്‍ 13-ന് മണ്ണാര്‍ക്കാട് തഹസില്‍ദാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും അധ്വാനപ്പെട്ടിയില്‍ എത്തിയപ്പോള്‍ 1978-ല്‍ പട്ടയം ലഭിച്ചവരും 1999-ല്‍ പട്ടയം ലഭിച്ചവരുമായ ഒരുകൂട്ടം ആദിവാസികള്‍ അവിടെ എത്തിയിരുന്നു. ഇവര്‍ക്കുപുറമെ, ഇതേ ഭൂമിയില്‍ പത്തും പതിനഞ്ചും ഏക്കര്‍ ഭൂമിക്ക് പട്ടയമുള്ള തൊട്ടപ്പുറത്ത് തമിഴ്‌നാട്ടില്‍ ജീവിക്കുന്ന ചില കൗണ്ടര്‍മാരും എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം വരെ നികുതിയടച്ചതിന്റെ രസീത് അവരുടെ കൈയിലുണ്ട്. ഇവര്‍ക്കുപുറമെ ഇതേ സര്‍വേ നമ്പറില്‍ മലപ്പുറത്തുനിന്നും എറണാകുളത്തുനിന്നുമുള്ള സ്വകാര്യ വ്യക്തികള്‍ ഭൂമി വാങ്ങിയിട്ടുണ്ട്! ആദിവാസിഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നതൊന്നും ഇവിടെ ഒരു പ്രശ്‌നമേയല്ല.

സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിയമലംഘനത്തേക്കാള്‍ വലിയ വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 1978-ല്‍ പട്ടയം കിട്ടിയ 150 പേരില്‍ 149 പേരുടെയും പട്ടയങ്ങള്‍ റദ്ദുചെയ്ത് ആ ഭൂമിയാണ് 1999-ല്‍ വിതരണം ചെയ്തത്! 32 വര്‍ഷമായി തങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പട്ടയം (അവരതിന് നികുതിയും അടയ്ക്കുന്നുണ്ടായിരുന്നു) പതിനൊന്നുവര്‍ഷം മുമ്പ് റദ്ദാക്കപ്പെട്ടവിവരം ആദിവാസികള്‍ അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. പട്ടയ മഹാമേള നടന്നത് ജൂലായ് ഒമ്പതിനാണ്. അതിന് രണ്ടുമാസം മുമ്പ് മേയിലാണ് 149 പട്ടയങ്ങള്‍ റദ്ദാക്കിയത്.

പട്ടയം ലഭിച്ച ഭൂമിയില്‍ താമസിക്കുകയോ കൃഷിചെയ്യുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് ബോധിപ്പിക്കാന്‍ ഒരു ഹിയറിങ് വിളിച്ചിരുന്നെന്നും ആദിവാസികള്‍ ഹാജരായില്ലെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയൊരു കാര്യം തങ്ങള്‍ അറിഞ്ഞിട്ടേയില്ല എന്നാണ് ആദിവാസികള്‍ പറയുന്നത്. മാത്രമല്ല, പട്ടയം കിട്ടിയ ഭൂമിയില്‍ താമസിക്കണമെങ്കില്‍ അത് അളന്ന് തിരിച്ചുകൊടുക്കണമല്ലോ. അത് ഉണ്ടായിട്ടില്ല. '78-ലെ പട്ടയക്കാര്‍ക്കു മാത്രമല്ല, 1999-ല്‍ പട്ടയം കിട്ടിയവര്‍ക്കും ഇതുവരെ ഭൂമി അളന്നുതിരിച്ചുകൊടുത്തിട്ടില്ല. കൃഷിചെയ്യാനുള്ള സൗകര്യവും ഉണ്ടാക്കിക്കൊടുത്തിരുന്നില്ല. ഭൂമിയില്‍ അതിക്രമിച്ചുകയറി വേലിക്കെട്ടിത്താമസിക്കുന്ന രീതി അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇനിയും അറിയില്ല. അവര്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

ചെങ്ങറക്കാരെ അട്ടപ്പാടിയിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് അട്ടപ്പാടിയില്‍ത്തന്നെയുള്ള ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി സംബന്ധിച്ച് ഐ.ടി.ഡി.പി. ഓഫീസ് വിശദമായ ഒരു പഠനം നടത്തി, രണ്ടു വാള്യങ്ങളുള്ള 961 പേജ് വരുന്ന വലിയ റിപ്പോര്‍ട്ട് 1982 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 10,696 ഏക്കര്‍ ഭൂമി 1982 വരെ അന്യാധീനപ്പെട്ടിട്ടുണ്ട്. 1986-നുശേഷം അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 30 കേസുകളേയുള്ളൂ. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 100 ഏക്കര്‍ ഭൂമിയാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഈ ഭൂമി ഏറ്റെടുത്ത് തിരിച്ചുകൊടുക്കാന്‍ സുപ്രീംകോടതി നല്‍കിയ കാലാവധി ഇക്കഴിഞ്ഞ ജൂലായ് 31-ന് അവസാനിച്ചു. കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് കോടതിയലക്ഷ്യം ഉണ്ടാകാതിരിക്കാന്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി ആരംഭിച്ചുവെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.

അട്ടപ്പാടിയില്‍നിന്ന് ചെങ്ങറയിലെത്തിയാലും കഥ വഞ്ചനയുടേതുതന്നെയാണ്. പാക്കേജ് പ്രഖ്യാപിച്ച് ഒരുകൊല്ലം കഴിഞ്ഞിട്ടും മലപ്പുറം, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലൊഴികെ മറ്റെവിടെയും കൃഷിയോഗ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ചെങ്ങറ സമരത്തിന്റെ മൂന്നാംവാര്‍ഷികത്തിന്റെ തലേദിവസം, ആഗസ്ത് മൂന്നിന്, മുഖ്യമന്ത്രി പത്തനംതിട്ടയില്‍ നടത്തിയ പട്ടയമേള സമരക്കാര്‍ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അന്ന് 1495 പട്ടയങ്ങള്‍ തയ്യാറായിരുന്നുവെങ്കിലും 111 പേര്‍ മാത്രമാണ് പട്ടയം സ്വീകരിച്ചത്. അവരില്‍ത്തന്നെ പലരും ഇപ്പോഴും സമരഭൂമിയില്‍ത്തന്നെയാണ്. 1650 കുടുംബങ്ങള്‍ ഇപ്പോഴും സമരഭൂമിയിലുണ്ട്.

അവസാനത്തെ കുടുംബത്തിനും കൃഷിഭൂമി കിട്ടുന്നതുവരെ സമരം ശക്തമായി തുടരാനുള്ള സമരസമിതിയുടെ തീരുമാനത്തെ മറികടന്നുവന്നരാണ് ഇപ്പോള്‍ അട്ടപ്പാടിയിലെത്തിയ കുടുംബങ്ങള്‍. സമരം പൊളിക്കാന്‍ സി.പി.എം. കള്ളും കാശും കൊടുത്ത് പാട്ടിലാക്കുകയായിരുന്നു ഇവരെ എന്നാണ് സമരക്കാര്‍ പറയുന്നത്. സമരഭൂമിയിലേക്ക് മടങ്ങിവന്നാലും അവരെ ഇനി സ്വീകരിക്കില്ല എന്നതാണ് ചെങ്ങറക്കാരുടെ നിലപാട്. ചെങ്ങറയില്‍നിന്നെത്തിയവര്‍ക്ക് അട്ടപ്പാടിയില്‍ ഭൂമി കിട്ടിയാല്‍ത്തന്നെ അവരവിടെ താമസിക്കുമോ എന്നു കണ്ടുതന്നെയറിയണം. റാന്നിയില്‍നിന്നും പത്തനംതിട്ടയില്‍നിന്നും കൊല്ലത്തുനിന്നുമൊക്കെയുള്ളവരാണ് അവര്‍. നാട്ടില്‍ത്തന്നെ ജീവിക്കാനാണ് താത്പര്യം എന്ന് അവരൊക്കെ പറയുന്നുണ്ട്. അധ്വാനപ്പെട്ടിയിലെ പരുക്കന്‍ പ്രകൃതിയോട് യുദ്ധം ചെയ്ത് ജീവിക്കേണ്ട കാര്യമൊന്നും അവര്‍ക്കില്ല. കാറ്റാടിയുടെ രണ്ടാംഘട്ടം തുടങ്ങിക്കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റുകാര്‍ കാത്തുനില്‍ക്കുന്നുണ്ട്. ഭൂമി വിറ്റാല്‍ ലക്ഷങ്ങളുടെ ലാഭം അവര്‍ക്ക് കിട്ടും.

അപ്പോഴും നഷ്ടം അട്ടപ്പാടിയിലെ ആദിവാസികള്‍ക്കുതന്നെ.

Post your comments.

Name:

Email:
(optional):

Please enter
your comments:

സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിയമലംഘനത്തേക്കാള്‍ വലിയ വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 1978-ല്‍ പട്ടയം കിട്ടിയ 150 പേരില്‍ 149 പേരുടെയും പട്ടയങ്ങള്‍ റദ്ദുചെയ്ത് ആ ഭൂമിയാണ് 1999-ല്‍ വിതരണം ചെയ്തത്! 32 വര്‍ഷമായി തങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പട്ടയം (അവരതിന് നികുതിയും അടയ്ക്കുന്നുണ്ടായിരുന്നു) പതിനൊന്നുവര്‍ഷം മുമ്പ് റദ്ദാക്കപ്പെട്ടവിവരം ആദിവാസികള്‍ അറിയുന്നത് ഇപ്പോള്‍ മാത്രമാണ്. പട്ടയ മഹാമേള നടന്നത് ജൂലായ് ഒമ്പതിനാണ്. അതിന് രണ്ടുമാസം മുമ്പ് മേയിലാണ് 149 പട്ടയങ്ങള്‍ റദ്ദാക്കിയത്.


അട്ടപ്പാടിയില്‍നിന്ന് ചെങ്ങറയിലെത്തിയാലും കഥ വഞ്ചനയുടേതുതന്നെയാണ്. പാക്കേജ് പ്രഖ്യാപിച്ച് ഒരുകൊല്ലം കഴിഞ്ഞിട്ടും മലപ്പുറം, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലൊഴികെ മറ്റെവിടെയും കൃഷിയോഗ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.


The Quest Features and Footage
Kochi , Kerala, India
email: info@questfeatures.org