logo malayalam

| സാമ്പത്തികം | രാഷ്ടീയം |

സാമ്പത്തിക മാന്ദ്യത്തിന്‌ സി.ഡി.എസ്‌. ചികിത്സ

പി എന്‍ വേണുഗോപാല്‍
15/02/2009

അതിരുകടന്ന ഉപഭോഗതൃഷ്‌ണയും അതിമോഹവും ദുരയും തീവ്ര മുതലാളിത്ത കാഴ്‌ചപ്പാടുകളും അമേരിക്കയേയും മറ്റു പല പടിഞ്ഞാറന്‍ രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിച്ച സാമ്പത്തിക പ്രതിസന്ധി വികസ്വര, അവികസിത രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്‌. ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ എല്ലാ സാധ്യതകളുമുളള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും ആഗിരണം ചെയ്‌തു തുടങ്ങിയിരിക്കുന്നു. ഈ ഗുരുതരമായ പ്രശ്‌നം കേരളത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന്‌ പഠിച്ച്‌ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറ്റര്‍ ഫോര്‍ ഡവലപ്‌മെറ്റ്‌ സ്‌റ്റഡീസ്‌, വിശദമായ ഒരു റിപ്പോര്‍ട്ട്‌ ഡിസംബര്‍ മൂന്നാം വാരത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുയുണ്ടായി.

ഈ പ്രതിസന്ധിയുടെ ബീജാവാപം നടന്നത്‌ അമേരിക്കയിലായിരുന്നു. 'മൂലധനം സര്‍വധനാല്‍ പ്രധാനം' എന്ന്‌ ഉറച്ചു വിശ്വസിച്ചുകൊണ്ട്‌ യാതൊരുവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമില്ലാത്ത ഒരു സമ്പദ്‌വ്യവസ്‌തയിലേക്കെത്താനുളള തത്രപ്പാടിലായിരുന്നു രണ്ടുദശാബ്‌ദത്തിലേറെയായി അമേരിക്ക. ജോര്‍ജ്‌ ബുഷ്‌ രണ്ടാമന്റെ എട്ടുവര്‍ഷക്കാലത്തെ ഭരണത്തിലൂടെ ഏതാണ്ട്‌ ആ അവസ്ഥയിലെത്താന്‍ ആ രാജ്യത്തിനു കഴിയുകയും ചെയ്‌തു. റൊണാള്‍ഡ്‌ റീഗന്റെയും ബുഷ്‌ ഒന്നാമന്റെയും നിയൊ ലിബറിലിസ്‌റ്റ്‌ സിദ്ധാന്തങ്ങളുടെ പരിണാമഗുപ്‌തിയായിരുന്നു കഴിഞ്ഞ വര്‍ഷത്തോടെ അമേരിക്കയില്‍ കണ്ടത്‌. ബാങ്കുളുടെമേലും മറ്റു പണമിടപാട്‌ സ്ഥാപനങ്ങള്‍ക്കുമേലും ഉണ്ടായിരുന്ന നികുതികള്‍ വെട്ടിക്കുറച്ചു, ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന്‌ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങി അതൊക്കെ ഇന്‍ഷ്വറന്‍സ്‌ കമ്പനികളെ ഏല്‍പിച്ചു, ഏതാണ്ടെല്ലാ പൊതു ഇടങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിഷ്‌ക്രമിച്ചു. (കാലിഫോണ്‍ണിയാ തീരങ്ങളില്‍ കറ്ററീനാ ആഞ്ഞുവീശിയപ്പോള്‍ വീടു നഷ്‌ടപ്പെട്ടവരെ മാറ്റിത്താമസിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല). ധനകാര്യസ്ഥാപനങ്ങള്‍, തിരിച്ചടവിനു കഴിവുണ്ടോ എന്നു നോക്കാതെ വീടില്ലാത്ത അസംഖ്യം പേര്‍ക്ക്‌ വീടുവാങ്ങാന്‍ വായ്‌പ നല്‍കി. അന്തിയുറങ്ങാന്‍ ഇടമില്ലാത്ത അവര്‍ കൊളളപ്പലിശയാണ്‌ തങ്ങളില്‍ നിന്ന ്‌ ഈടാക്കുന്നത്‌ എന്നത്‌ അവഗണിച്ചു. തുടര്‍ന്ന്‌ ധനകാര്യസ്ഥാപനങ്ങള്‍ പണം കയ്യിലുളള സേവിംഗ്‌സ്‌ ബാങ്കുകളിലേക്കും സൊസൈറ്റകളിലേക്കും കട ബാധ്യതകള്‍ എറ്റെടുക്കുന്ന സ്ഥാപനങ്ങളിലേക്കും തിരിഞ്ഞു. ഈ വായ്‌പകള്‍ നിങ്ങള്‍ വാങ്ങിക്കൊളൂ, എങ്ങും കിട്ടാത്ത പലിശ നിങ്ങള്‍ക്കു സ്വന്തം. ധനകാര്യസ്ഥാപനങ്ങള്‍ രണ്ടു കൂട്ടരില്‍നിന്നും ഡിസ്‌ക്കൗണ്ടും കമ്മീഷനും മറ്റു ചിലവുകളും ഈടാക്കി ലാഭം വര്‍ദ്ധിപ്പിച്ചു. വായ്‌പയെടുത്തവര്‍ക്ക്‌ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല, കുടിയൊഴിപ്പിച്ച്‌ ലേലത്തില്‍ വച്ചിട്ടോ, പിടിക്കാന്‍ ആളില്ല. ഈ വായ്‌പകള്‍ ഇന്‍ഷ്വര്‍ ചെയ്‌തിരുന്ന കമ്പനികള്‍ കഷ്‌ടത്തിലായി, കൃത്രിമമായി ഉയര്‍ന്നിരുന്ന ഭൂമി-ഭവന വിലകള്‍ കുത്തനെ ഇടിഞ്ഞു. ബാങ്കുകളും ഇന്‍ഷ്വറന്‍സ്‌ കമ്പനികളും പൊളിഞ്ഞു. ഇതിന്റെ അലകള്‍ എല്ലാ മേഖലകളിലേക്കും എത്തി. ലോക സമ്പദ്‌ഘടന അമേരിക്ക കേന്ദ്രീകൃതമായതുകൊണ്ട്‌ പ്രതിസന്ധി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫ്യൂഡല്‍ കാലത്ത്‌ മാടമ്പി ക്ഷയിക്കുമ്പോള്‍ ആശ്രിതരും നട്ടം തിരിയുന്നതുപോലെ.

സി ഡി എസ്‌ ഡയറക്‌ടര്‍ കെ.എന്‍ നായരുടെ നേതൃത്വത്തില്‍ ഏഴു വിദഗ്‌ധരടങ്ങുന്ന സംഘം കേരളത്തിന്‌ പുറം ലോകവുമായി ചരിത്രപരമായിത്തന്നെയുളള ബന്ധത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ ആരംഭിക്കുന്നത്‌. വിദേശത്തുനിന്നുളള പണത്തിന്റെ വരവ്‌, കയറ്റുമതി, ടൂറിസ്‌റ്റുകളുടെ വരവ്‌, ബാങ്കുകളില്‍ നിന്നുളള വായ്‌പാ ലഭ്യത, എണ്ണ, സ്‌റ്റീല്‍, സിമന്റ്‌ തുടങ്ങിയവയുടെ വിലയില്‍ ഉണ്ടാകാവുന്ന മാറ്റം, ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ വില - ഈ ആറു മാര്‍ഗങ്ങളിലൂടെയാവും ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തെ ബാധിക്കുക എന്ന്‌ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു.

റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ വിദേശത്തു തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുളള മലയാളികളില്‍ 56 ശതമാനവും ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌, ആ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം സാരമായി ബാധിച്ചിട്ടില്ല, അല്ലെങ്കില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു. ഡോളറുമായി രൂപക്കു മൂല്യ ശോഷണം സംഭവിച്ചിരിക്കുന്നു. അതകൊണ്ടൊക്കെ കേരളത്തിലേക്കുളള പണം വരവ്‌ കുറയാനുളള സാധ്യതയില്ല. അന്തര്‍ദേശീയ തലത്തിലും ഇന്ത്യയിലും നിലവിലുളള അവസ്ഥ, കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കേരളത്തിലെ ബാങ്കുകളുടെ വായ്‌പാ വിതരണം എന്നിവ വിശകലനം ചെയ്‌തതില്‍നിന്ന്‌ വായ്‌പാലഭ്യത കാര്യമായിത്തന്നെ കുറയും. ഇത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വാഹന വില്‌പന, ഭൂമി വില്‌പന, ചെറുകിട വ്യവസായങ്ങള്‍ തുയങ്ങിയവയെ ബാധിച്ചേക്കാം.

കയര്‍ ഉല്‌പന്നങ്ങളുട കയറ്റുമതിയില്‍ 20 ശതമാനം കുറവുണ്ടാകും. ഇതുമൂലം 32000 പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടമാകും. കശുവണ്ടിയുടെ കയറ്റുമതിയില്‍ 15 ശതമാനം കുറവു പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ 18000 തൊഴിലാളികള്‍ക്ക്‌ ജോലിയില്ലാതാവും. മത്സ്യത്തിന്റെ വിദേശവിപണനവും മന്ദഗതിയിലാവും. കയറ്റുമതി മൂന്നിലൊന്നുകണ്ട്‌ കുറയുകയും ഉദ്ദേശം 20,000 മത്സ്യത്തൊഴിലാളികള്‍ക്ക്‌ പണിയില്ലാതാവുകയും ചെയ്യും. കൈത്തറി ഉല്‌പന്നങ്ങളുടെ കയറ്റുമതിയില്‍ 15-20 ശതമാനം ഇടിവു സംഭവിക്കാം. കുരുമുളകിന്റെ കയറ്റുമതിയില്‍ ഇതിനകം തന്നെ വന്‍ ഇടിവുണ്ടായിക്കഴിഞ്ഞു. ഇടുക്കി, വയനാട്‌ ജില്ലകളിലെ കര്‍ഷകരെ ഇത്‌ വളരെ മോശമായി ബാധിക്കും. റബറിന്റെ വിലയില്‍ 40 ശതമാനം കുറവു വന്നുകഴിഞ്ഞു. വിദേശ ടൂറിസ്‌റ്റുകളുടെ വരവില്‍ വലിയ തോതില്‍ കുറവ്‌ അനുഭവപ്പെടും. ഇത്‌ ഹോട്ടല്‍, ഗതാഗതം, കച്ചവടം തുടങ്ങിയ മേഖലകളെ അവശതയിലാക്കും. എണ്ണ, സിമന്റ്‌, കമ്പി മുതലായവയുടെ വില കുറയുമെങ്കിലും മറ്റു മേഖലകളിലെ മാന്ദ്യം മൂലം ഈ വിലക്കുറവിനെ കാര്യമായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞെന്നുവരില്ല.

ആശ്വാസ നടപടികള്‍

വായ്‌പകള്‍ ലഭ്യമാക്കുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേര്‍സ്‌ കമ്മറ്റിയുമായി തുടര്‍ബന്ധം സ്ഥാപിക്കേണ്ടതാണ്‌. പരമ്പരാഗത വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റു ചെറുകിട വ്യവസായങ്ങള്‍ക്കും വായ്‌പാവിതരണത്തിനായി സഹകരണമേഖലയെ ഉപയോഗപ്പെടുത്താവുന്നതാണ്‌.

ഭൂവിപണന-നിര്‍മാണ രംഗത്തെ പരിപോഷിപ്പിച്ചു നിര്‍ത്താന്‍ വേണ്ട നടപടികള്‍ കൈക്കൊളളണം. സ്‌റ്റാമ്പ്‌ ഡ്യൂട്ടി യുക്തിസഹമാക്കുകയും നിലവിലുളള നികുതിഭാരം കുറയ്‌ക്കുകയും വേണം.

കയര്‍, കശിവണ്ടി, മത്സ്യം, നാണ്യവിളകള്‍ എന്നിവയ്‌ക്ക്‌ വിദേശവിപണിയില്‍ ആവശ്യം വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കാരിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഇതുമൂലം കഷ്‌ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ ആത്മഹത്യപോലുളള കടുത്ത പ്രതികരണങ്ങളിലേയ്‌ക്കു വഴുതിപ്പോകാതെ നോക്കേണ്ടതാണ്‌. വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യുക, പുതിയ വിളകളിലേയ്‌ക്കു മാറുക, ആടുമാടുകളെ വളര്‍ത്തുക മുതലായ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്‌. ഈ മേഖലകളില്‍ നിന്ന്‌ അനേകം പേര്‍ തൊഴിലില്ലാപ്പയിലെ പുതിയ അംഗങ്ങളാകുനെന്നതുകൊണ്ട്‌ അവര്‍ക്കു വേണ്ട സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതാണ്‌. വയനാട്ടിലും കാസര്‍കോട്ടും ഇന്നുളള തൊഴിലുറപ്പുപദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയ്‌ക്കും വ്യാപിപ്പിക്കേണ്ടതാണ്‌.

ടൂറിസം മേഖലയെ ഉദ്ദേശിച്ചുകൊണ്ടുളള ഹോട്ടലുകളുടേയും ബാര്‍/ബീര്‍ പാര്‍ലര്‍ എന്നിവയുടേയും ലൈസന്‍സ്‌ ഫീസ്‌ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യയ്‌ക്കു പുറത്തുമുളള ടൂറിസ്‌റ്റു കേന്ദ്രങ്ങളുടേതിനു തുല്യമായി കുറയ്‌ക്കേണ്ടതാണ്‌.

റേഷന്‍ കടകള്‍ വഴിയുളള പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തേണ്ടതാണ്‌. ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്‌തത കൈവരിക്കുക സാധ്യമല്ലെങ്കിലും തരിശായി ഇട്ടിരിക്കുന്ന ഭൂമിയില്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്‌. ഇതിനായി പാട്ട വ്യവസ്ഥയില്‍ നിലവിലുളള നിയമ തയസ്സങ്ങള്‍ മാറ്റേണ്ടതാണ്‌.

സെസ്സ് പദവി

സംസ്ഥാനത്ത്‌ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ നിലവിലുളള എല്ലാ തടസ്സങ്ങളും - സ്വകാര്യ നിക്ഷേപത്തോടുളള സാമൂഹ്യ കാഴ്‌ചപ്പാടുമുതല്‍ ഭരണപരമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ - ഇല്ലാതാക്കേണ്ടതാണ്‌. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക്‌ സ്‌പെഷ്യല്‍ ഇകണോമിക്‌സ്‌ സോണ്‍ (സെസ്‌) പദവി നല്‍കാന്‍ പാടില്ല എന്ന്‌ കേന്ദ്രം നയം മാറ്റിയതുകൊണ്ട്‌ നിലവിലുളള പാര്‍ക്കുകള്‍ക്ക്‌ സെസ്‌ പദവി നല്‍കുകയേ നിവര്‍ത്തിയുളളു. ഉല്‌പാദനരംഗത്ത്‌ കേരളത്തിനു ശോഭിക്കാന്‍ കഴിയാത്തുതുകൊണ്ട്‌ ഇങ്ങനെ ഉയര്‍ന്നു വരുന്ന പാര്‍ക്കുകളിലെ ഏറിയ പങ്കു സ്ഥലവും ഭവന, വാണിജ്യ, വിനോദ, സേവന രംഗങ്ങള്‍ക്കായി ഉപയോഗിക്കേണ്ടി വരും. ഇതിനെതിരെയുളള മനോഭാവവും നിയമങ്ങളും മാറ്റേണ്ടതാണ്‌.

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വനമല്ലാത്ത ഭൂമി സ്വകാര്യ നിക്ഷേപകര്‍ക്ക്‌ നല്‍കാവുന്നതാണ്‌. നഗരങ്ങളിലെ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാവുന്നതാണ്‌. ഷോപ്പിങ്‌ മാളുകള്‍ക്കും പാര്‍ക്കിങ്‌ സൗകര്യങ്ങള്‍ക്കും മാത്രമല്ല, ഇത്തരം ഭൂമിയില്‍ വീടുകളും നിര്‍മിക്കാവുന്നതാണ്‌. സര്‍ക്കാരിനു ചെലവില്ലാതെ സ്വകാര്യ നിക്ഷേപകര്‍ വഴി ഇതു ചെയ്യാവുന്നതാണ്‌.

റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍ പാളങ്ങള്‍ മുതലായവയുടെ നിര്‍മാണച്ചെലവു കുറയുമെന്നതിനാല്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു നല്ല അവസരമാണിത്‌. എന്നാല്‍ ഇതിനു വേണ്ട പണം കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയാത്തതുകൊണ്ട്‌ സ്വകാര്യ സംരംഭകരേക്കൂടി പങ്കെടുപ്പിക്കേണ്ടതാണ്‌. ഇതിനെതിരേയുളള രാഷ്‌ട്രീയ, ഭരണ പരിമിതികളെ മറികടക്കേണ്ടതാണ്‌.

അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, ജലം വൈദ്യുതി വിതരണത്തിലും സ്വകാര്യ നിക്ഷേപം ആവശ്യമാണ്‌. ഇത്തരം സേവനങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താന്‍ അവയ്‌ക്കു ശരിയായ വിലയും നിശ്ചയിക്കേണ്ടതുണ്ട്‌. മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക്‌ അനുവദിക്കുന്ന സബ്‌സിഡിയെ ബാലന്‍സുചെയ്യാന്‍ വ്യവസായങ്ങളെ ചൂഷണം ചെയ്യുന്ന കേരളത്തിലെ വൈദ്യുതി മേഖല ഒരുദാഹരണമാണ്‌. വൈദ്യുതി ബോര്‍ഡിന്‌ ഉണ്ടാവുന്ന ചെലവിനെ അടിസ്ഥാനമാക്കിയാണ്‌ വ്യാവസായിക യൂണിറ്റുകള്‍ക്ക്‌ വൈദ്യുതി നിരക്ക്‌ നിശ്ചയിക്കേണ്ടത്‌, മറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ കൊടുക്കുന്ന സബ്‌സിഡിയിലൂടെ ഉണ്ടാവുന്ന നഷ്‌ടംകൂടി പരിഹരിക്കുന്ന തോതിലല്ല.

ഇതു വിശ്വസനീയമോ?

കടുത്ത ആശങ്കയുളവാക്കുന്ന ഒരു ചിത്രമാണ്‌ സിഡിഎസിലെ വിദഗ്‌ധര്‍ അവതരിപ്പിക്കുന്നത്‌. കേരളത്തിലെ തൊഴിലില്ലാപ്പടയിലേക്ക്‌ അനേകായിരങ്ങള്‍കൂടി അംഗത്വമെടുക്കാന്‍ പോവുന്നു. പരമ്പരാഗത തൊഴില്‍മേഖല നാശത്തിന്റെ വക്കത്ത്‌. പക്ഷേ ഇവര്‍ പറയുന്ന കണക്കുകള്‍ വിശ്വസിക്കാമോ എന്ന്‌ സംശയം ജനിക്കുന്നു. സാമ്പത്തിക വിദഗ്‌ധര്‍ തങ്ങളുടെ അനുമാനങ്ങളിലെത്തുന്നത്‌ അടിസ്ഥാന വിവരങ്ങള്‍ (ഡേറ്റ) ഉപയോഗിച്ചാണ്‌, മത്സ്യത്തൊഴിലാളികളുടെ കുടികളും കയര്‍ത്തൊഴിലാളികളുടെ തറികളും തോട്ടംതൊഴിലാളികളുടെ തകരഷെഡുകളും സന്ദര്‍ശിച്ചും അവരോട്‌ സംവദിച്ചുമല്ല. ഡേറ്റായുടെ അടിസ്ഥാനത്തിലാണ്‌ ഭാവിയില്‍ എന്തൊക്കെ സംഭവിക്കാം എന്ന്‌ ഗണിക്കുന്നത്‌. അതുകൊണ്ട്‌ ഏറ്റവും പ്രധാനം അടിസ്ഥാനമായ എണ്ണങ്ങളാണ്‌. അതിന്റെ വിശ്വസനീയതയിലാണ്‌ അതിന്‍മേല്‍ പടുത്തുയര്‍ത്തുന്ന എന്തിന്റെയും വിശ്വസനീയത. കയര്‍ മേഖലയില്‍ 32,000 പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുമെന്നു പറയുന്നു. ഇപ്പോള്‍ എത്ര തൊഴിലാളികള്‍ ഉണ്ടെന്നറിഞ്ഞാലല്ലേ എത്രപേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടും എന്ന്‌ ഊഹിക്കാനെങ്കിലുമാവൂ? പക്ഷേ സിഡിഎസ്സിലെ വിദഗ്‌ധര്‍ക്ക്‌ അതറിയില്ല. അവര്‍ക്ക്‌ അറിയാവുന്നത്‌ 1997-ലെ കണക്കുകള്‍ മാത്രമാണ്‌. അന്നു നടന്ന സര്‍വെ പ്രകാരം കയര്‍ മേഖലയില്‍ 350000 തൊഴിലാളികള്‍ ഉണ്ടായിരുന്നുവത്രേ. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം ആ മേഖലയില്‍ എന്തുസംഭവിച്ചുവെന്ന്‌ അവര്‍ക്കറിയില്ല. കേരളസമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനം സംഭവിച്ച ഒരു കാലഘട്ടമാണതെന്ന്‌ ഓര്‍ക്കണം. മരിച്ചു മണ്ണടിഞ്ഞ തൊഴിലാളികള്‍ക്കുപകരം ചെറുപ്പക്കാര്‍ വന്നോ? (പുതിയ തലമുറ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കാറില്ല എന്നാണറിവ്‌). ആ കാലയളവില്‍ വ്യാപകമായിരുന്ന യന്ത്രവത്‌ക്കരണത്തിലൂടെ എത്ര തൊഴിലാളികളെ ആവശ്യമില്ലാതായി? (യന്ത്രത്തറിയുണ്ടെങ്കില്‍ 25നു പകരം 5 തൊഴിലാളികള്‍ മതി).

കശുവണ്ടി മേഖലയില്‍ 4,00000 തൊഴിലാളികള്‍ ഉണ്ടെന്നാണ്‌ 2007ല്‍ ഡോ. മൃദുല ഈപ്പന്‍ അവതരിപ്പിച്ച ഏതോ പ്രബന്ധത്തെ പരാമര്‍ശിച്ചുകൊണ്ട്‌ ഈ പഠനം പറയുന്നത്‌. എന്നാല്‍ പഠനത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന റഫറന്‍സുകളുടെ കൂട്ടത്തില്‍ മറ്റെല്ലാമുണ്ടെങ്കിലും ഇങ്ങനെയൊരു പ്രബന്ധമില്ല. അതിന്റെ ആധാരത്തില്‍ പടുത്തുയര്‍ത്തുന്ന വാദഗതികള്‍ വിശ്വസനീയമോ?

മത്സ്യ മേഖലയിലേക്കെത്തുമ്പോള്‍ എവിടെനിന്ന്‌ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചുവെന്ന്‌ വെളിപ്പെടുത്തുന്നുപോലുമില്ല. 12,0000 ജനങ്ങള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന ഒരു പ്രസ്‌താവന മാത്രം. മുഖവിലയ്‌ക്കെടുക്കാന്‍ സൗകര്യപ്പെടുന്നവര്‍മാത്രം എടുത്താല്‍ മതി എന്നാണോ?

പരസ്‌പരം ഉദ്ധരിക്കുക ഒരു സ്ഥിരം സിഡിഎസ്സ്‌ പരിപാടിയാണ്‌. പരിമിതമായതും ആധികാരികത കുറഞ്ഞതുമായ ഡേറ്റാവെച്ച്‌ പ്രബന്ധം തയ്യാറാക്കുക - പിന്നീടു വരുന്ന ഗവേഷകര്‍ക്കെല്ലാം ആ പ്രബന്ധത്തിലെ ഓരോ വളളിയും പുളളിയും അക്കവും ദൈവവാക്യമായി ഉദ്ധരിക്കാം.

അനാവശ്യമായി വിമര്‍ശിക്കുന്നു എന്ന തോന്നലുണ്ടാകുന്നോ? എങ്കില്‍ ഇതു കേള്‍ക്കു: സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 14.8 ശതമാനം പ്രദാനം ചെയ്യുന്നത്‌ കയറ്റുമതിയാണത്രേ. പക്ഷേ ഈ കണക്ക്‌ 17 വര്‍ഷം മുമ്പ്‌ 1992ല്‍ ഇന്നത്തെ ധനകാര്യ മന്ത്രി തോമസ്‌ ഐസക്‌, സിഡിഎസ്സിനു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നാണെന്നുമാത്രം. അന്നദ്ദേഹം നടത്തിയ പഠനമോ 1980-81ലെ വിദേശ വ്യപാരത്തെക്കുറിച്ചും. അതായത്‌ ഇന്നത്തേക്ക്‌ 28 വര്‍ഷം പഴയ കണക്ക്‌. ഇതു കാലഹരണപ്പെട്ടതെന്ന്‌ ഡോക്‌ടര്‍ കെ.എന്‍. നായരുടെ നേതൃത്വത്തിലുളള സംഘം സമ്മതിക്കുന്നുണ്ടെന്നത്‌ ശരിതന്നെ. പക്ഷേ കാലഹരണപ്പെട്ട കണക്കിനുമേലുളള കളികള്‍ ആര്‍ക്കുവേണ്ടി? ഈസ്‌റ്റിന്ത്യ കമ്പനിയുടെ കാലത്തെ കണക്കുകള്‍ ഉദ്ധരിക്കാതിരുന്നത്‌ ഭാഗ്യം!

കേരളത്തിലേക്ക്‌ വര്‍ഷാവര്‍ഷം എത്ര കോടി രൂപ എത്തുന്നു എന്നുപോലും ഗവേഷകര്‍ക്കു കൃത്യമായി പിടിയില്ല. കണക്കുകള്‍ ലഭ്യമല്ലപോലും. കുഴല്‍വഴി വരുന്നതു പോട്ടെ, നിയമാനുസൃതമായി ബാങ്കിങ്‌ ചാനല്‍ വഴി വരുന്നതെങ്കിലും ശേഖരിച്ചുകൂടെ? കേരളത്തിലെ എല്ലാ ബാങ്കു ശാഖകളും എല്ലാ വിദേശനാണയ വിനിമയ സ്ഥാപനങ്ങളും രണ്ടാഴ്‌ച കൂടുമ്പോള്‍ എന്‍ ആര്‍ ഇ, എഫ്‌ സി എന്‍ ആര്‍, സാധാരണ എസ്‌ ബി എന്നീ അക്കൗണ്ടുകളിലേക്ക്‌ എത്തുന്ന വിദേശപണത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ റിസര്‍വ്‌ ബാങ്കിനു നല്‍കുന്നുണ്ട്‌. സി ഡി എസ്സിനെ സാമ്പത്തികമായി താങ്ങുന്ന പല ഏജന്‍സികളില്‍ സംസ്ഥാന സര്‍ക്കാരും റിസര്‍വ്‌ ബാങ്കും പെടും. എന്നിട്ടും സി ഡി എസ്സ്‌ വിചാരിച്ചാല്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാകില്ലേ? 1971ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്‌ സിഡിഎസ്സ്‌. നിര്‍ണ്ണായകമായ, അവരുടെ ജോലിക്ക്‌ അത്യാവശ്യമായ കണക്കുകള്‍ സ്വാഭാവികമായിത്തന്നെ തങ്ങളുടെ അടുത്തേക്ക്‌ എത്തുന്നു എന്ന്‌ ഉറപ്പുവരുത്താന്‍ ഈ 37 വര്‍ഷംകൊണ്ട്‌ ആ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടില്ല.

തോമസ്‌ ഐസകിന്റെ പ്രബന്ധത്തില്‍ നിന്ന്‌ കയറ്റുമതിയുമായി ബന്ധപ്പെട്ട കണക്ക്‌ എടുത്തതുപോലെ പരസ്‌പരം ഉദ്ധരിക്കുക ഒരു സ്ഥിരം സിഡിഎസ്സ്‌ പരിപാടിയാണ്‌. പരിമിതമായതും ആധികാരികത കുറഞ്ഞതുമായ ഡേറ്റാവെച്ച്‌ പ്രബന്ധം തയ്യാറാക്കുക - പിന്നീടു വരുന്ന ഗവേഷകര്‍ക്കെല്ലാം ആ പ്രബന്ധത്തിലെ ഓരോ വളളിയും പുളളിയും അക്കവും ദൈവവാക്യമായി ഉദ്ധരിക്കാം.

വേണ്ടത്ര അന്വേഷിക്കാതെയും പഠിക്കാതെയുമാണ്‌ പല ശുപാര്‍ശകളുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ തൊഴിലുറപ്പു പദ്ധതിയെ (എന്‍ ആര്‍ ഇ ജി എ) കുറിച്ചുളള പരാമര്‍ശങ്ങള്‍.

വേണ്ടത്ര അന്വേഷിക്കാതെയും പഠിക്കാതെയുമാണ്‌ പല ശുപാര്‍ശകളുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ തൊഴിലുറപ്പു പദ്ധതിയെ (എന്‍ ആര്‍ ഇ ജി എ) കുറിച്ചുളള പരാമര്‍ശങ്ങള്‍. പരമ്പരാഗത മേഖലയില്‍ ആയിരങ്ങള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടും. അവര്‍ പട്ടിണിയിലേക്ക്‌ വഴുതിവീഴാതിരിക്കാന്‍ കാസര്‍കോട്‌, വയനാട്‌ ജില്ലകളിലെപ്പോലെ തൊഴിലുറപ്പു പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കണമെന്ന്‌ റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു. ആ രണ്ടു ജില്ലകളിലും പദ്ധതി നടപ്പില്‍ വരുത്തിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണം ഇതു സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ എന്നും ആവശ്യപ്പെടുന്നു. എന്നാല്‍ വസ്‌തുതകള്‍ എന്താണ്‌? മൂന്നുവര്‍ഷം മുമ്പ്‌ പാലക്കാട്‌, വയനാട്‌ ജില്ലകളിലാണ്‌ ആദ്യമായി തൊഴുലുറപ്പു ദ്ധതി നടപ്പാക്കിയത്‌. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട്‌ ഇടുക്കി ജില്ലകളിലും 2008-09ല്‍ അവശേഷിച്ച 10 ജില്ലകളിലും ഈ പദ്ധതി നടപ്പില്‍ വന്നുകഴിഞ്ഞു! അപ്പോഴാണ്‌ സിഡിഎസ്സ്‌ പാവങ്ങളെ രക്ഷിക്കാന്‍ ഒറ്റമൂലിയുമായി വരുന്നത്‌, വേഗം തൊഴിലുറപ്പു പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കൂ! പദ്ധതി എവിടെയൊക്കെ ഉണ്ടെന്നുപോലുമറിയാത്തവര്‍ക്ക്‌ 'വൈകല്യങ്ങള്‍ പരിഹരിച്ചുവേണം പദ്ധതി നടപ്പാക്കാന്‍' എന്നു പറയാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം. ഇന്റര്‍നെറ്റില്‍ 'എന്‍ആര്‍ഇജിഎ' എന്നൊരു സേര്‍ച്ച്‌ കൊടുത്താല്‍ 14 ജില്ലകളിലേയും പദ്ധതി നടത്തിപ്പിന്റെ എല്ലാ വിവരങ്ങളും ലഭ്യമാണെന്നിരിക്കെയാണ്‌ 'ആധികാരികമായി' വിഢിത്തം വിളമ്പുന്നത്‌.

ശരിയായ രീതിയിലല്ല സിഡിഎസ്സിന്റെ അന്വേഷണമെന്ന്‌ കേരളത്തിലെ ബാങ്കിങ്‌ മേഖലയുടെ വിശകലനം സൂചിപ്പിക്കുന്നു. പ്രതിസന്ധി ഉണ്ടാവാനുളള സാധ്യതകളുണ്ട്‌ എന്ന നിഗമനത്തിലേ റിപ്പോര്‍ട്ട്‌ എത്തിച്ചേരുന്നുളളൂ എന്നതു ശരിതന്നെ. എന്നാല്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന പല കണക്കുകളും വളരെ ദുര്‍ബലമാണ്‌. ആസ്‌തി-ബാധ്യത അസന്തുലിതാവസ്ഥയുളള ഇന്ത്യയിലെ പത്തു ബാങ്കുകളില്‍ രണ്ടെണ്ണം, ഫെഡറല്‍ ബാങ്കും സൗത്ത്‌ ഇന്ത്യന്‍ ബാങ്കും കേരളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ എടുത്തുപറഞ്ഞ്‌ വിശകലനം ചെയ്യുമ്പോള്‍ കേരളത്തില്‍ വായ്‌പാവിതരണത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, കനറ ബാങ്ക്‌ ഇവ പരിശോധനാ വിഷയം ആവുന്നതേയില്ല. 2008 ഏപ്രില്‍-ജൂണ്‍ കാലത്തെ വായ്‌പാ കണക്കുകള്‍ നിരത്തി വായ്‌പയുടെ തോത്‌ വളരെ കുറഞ്ഞുവെന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മാര്‍ച്ചില്‍ വര്‍ഷാവസാന കണക്കെടുപ്പു കഴിഞ്ഞാല്‍ അടുത്ത എതാനും മാസങ്ങളില്‍ വായ്‌പ വിതരണത്തില്‍ ഇടിവുണ്ടാവുക എല്ലാ വര്‍ഷങ്ങളിലും സാധാരണമാണ്‌. അതിനെ താരതമ്യം ചെയ്യേണ്ടത്‌ മാര്‍ച്ച്‌ മാസത്തെ വായ്‌പാ തുകയുമായല്ല, മുന്‍വര്‍ഷങ്ങളിലെ അതേ കാലത്തെ വായ്‌പ-വളര്‍ച്ചാ നിരക്കുമായാണ്‌.

സൃഷ്‌ടിപരമായി ഏറെയൊന്നും ഇല്ല സിഡിഎസ്സിന്റെ പരിഹാരനിര്‍ദ്ദേശങ്ങളില്‍. കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ വിദേശവിപണി വര്‍ദ്ധിപ്പിക്കാന്‍ കേരളസര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്ല എന്നു ്‌ കൈകഴുകുകയാണ്‌ റിപ്പോര്‍ട്ട്‌. വിദേശത്ത്‌ ഡിമാന്റ്‌ വര്‍ധിപ്പിക്കാന്‍ കഴിയില്ല, ശരി. ആഭ്യന്തര വിപണിയിലോ? എത്രയെത്ര വിദേശ രാജ്യങ്ങളെക്കാളും വലിയ വിപണിയാണ്‌ ഇന്ത്യ. (അതുകൊണ്ടല്ലേ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ മുതല്‍ പത്രമാധ്യമങ്ങള്‍ വരെ ഇന്ത്യയിലേക്ക്‌ ഇടിച്ചു കയറാന്‍ വെമ്പല്‍ കൊളളുന്നത്‌). കയറുല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ തന്നെ വിപണി വര്‍ധിപ്പിക്കാന്‍ എന്തുകൊണ്ട്‌ ശ്രമം നടത്തിക്കൂട? കയറുല്‍പ്പന്നങ്ങളുടെ, സാധാരണക്കാരനു താങ്ങാന്‍ പറ്റാത്ത വിലയാണ്‌ പ്രധാന പ്രതിബന്ധം. ഉയര്‍ന്ന വിലയുടെ മുഖ്യകാരണം കയറിന്റെ അസംസ്‌കൃത വസ്‌തുവായ ചകിരിനാരിന്റെ വിലയാണ്‌. കേരത്തിന്റെ നാട്ടില്‍ ചകിരി ലഭ്യമല്ല. തമിഴ്‌നാട്ടില്‍ നിന്നും എന്തിന്‌, ശ്രീലങ്കയില്‍ നിന്നുപോലുമാണ്‌ ചകിരി എത്തുന്നത്‌. തൊണ്ടു സംഭരണത്തിന്‌ ഒരു സംവിധാനവും പച്ചത്തൊണ്ട്‌ ചകിരിയാക്കി മാറ്റുന്ന യന്ത്രങ്ങളും (വിലപിടിപ്പുളളതാണവ) സ്ഥാപിച്ചാല്‍ കയറുല്‍പ്പന്നങ്ങള്‍ ഇന്നത്തേതിന്റെ പകുതി വിലയ്‌ക്ക്‌ വില്‍ക്കാന്‍ കഴിയും. കയര്‍ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ഫാക്‌ടറികളിലോ വലിയ സ്ഥാപനങ്ങളിലോ അല്ല പണിയെടുക്കുന്നത്‌. കുടികളിലും കൊച്ചു സൊസൈറ്റികളിലുമാണ്‌. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കമുണ്ടായാല്‍ വിദേശ വിപണി തളര്‍ന്നാലും ഇവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന്‌ ഈ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പറയുന്നു.

ടൂറിസം മേഖലയില്‍ ആകെയുളള ശുപാര്‍ശ ബാര്‍/ബീര്‍ പാര്‍ലറുകളുടെ ലൈസന്‍സ്‌ ഫീസ്‌ കുറയ്‌ക്കണമെന്നാണ്‌. മദ്യത്തിന്റെ വില അമിതമായതിനാല്‍ ടൂറിസ്‌റ്റുകള്‍ കേരളത്തെ ബഹിഷ്‌കരിക്കുന്നു എന്ന്‌ ഇതുവരെ കേട്ടിട്ടില്ല.

ഒഴുക്കന്‍ മട്ടിലുളള ഇത്തരം ചില നിര്‍ദ്ദേശങ്ങള്‍ക്കു ശേഷമാണ്‌ റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം - സ്വകാര്യ നിക്ഷേപവും സെസ്‌്‌ പദവിയും. വിദേശനാണ്യം സമ്പാദിക്കാനായിരുന്നു സെസ്‌്‌ എന്ന പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടത്‌. ഇപ്പോള്‍ ഇതാ സ്വകാര്യ നിക്ഷേപം വേണമെങ്കിലും സെസിനു നല്‍കുന്ന എല്ലാ സൗകര്യങ്ങളും നികുതി/തീരുവ ഇളവുകളും നല്‍കണമത്രേ. സെസിനുളളിലെ ഭൂമിയില്‍ 70 ശതമാനം ഉല്‍പാദനത്തിന്‌, 30 ശതമാനം മറ്റുരീതിയില്‍ വിനിയോഗിക്കാന്‍, അങ്ങനെയല്ല 50-50 അനുപാതം വേണം തുടങ്ങിയ ചര്‍ച്ചകള്‍ ഏതാണ്ട്‌ ഒതുങ്ങിയതുകൊണ്ടാവും വളരെ സ്വാഭാവികമായ ഒരു കാര്യം എന്നപോലെ, ഈ പുതിയ സെസുകളിലെ ഏറിയ പങ്കു സ്ഥലവും വിനോദ/വാസ/വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കട്ടെ എന്ന്‌ ശുപാര്‍ശ ചെയ്യുന്നത്‌. വീഗാലാന്റിലും മലബാര്‍ പ്ലഷര്‍ പാര്‍ക്കിലും ചെറിയ വ്യവസായങ്ങള്‍ ആരംഭിച്ചാല്‍ അവയ്‌ക്കും സെസ്‌ പദവി നല്‍കാമല്ലോ എന്ന്‌ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. അതുപോലെ തന്നെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സര്‍ക്കാര്‍ ഭൂമി സ്വകാര്യ സംരംഭകര്‍ക്ക്‌ കൈമാറണമത്രെ. വില്‍പ്പനയാവില്ല ലീസ്‌ ആയിരിക്കും ഉദ്ദേശിക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാട്ടത്തിനു കൊടുത്ത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനോ ലീസ്‌ കുടിശിക പിരിച്ചെടുക്കാനോ കഴിയാതെ നട്ടം തിരിയുകയാണ്‌ ഇന്ന്‌ കേരള സര്‍ക്കാര്‍. ഹാരിസണ്‍ മലയാളം മുതല്‍ തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്‌ വരെയും നൂറായിരം കേസുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. അപ്പോഴാണ്‌ സാമ്പത്തിക മാന്ദ്യത്തിന്റെ പേരും പറഞ്ഞ്‌ പഴയ കഷായം പുതിയ കുപ്പിയിലാക്കി ഈ സിഡിഎസ്‌ ചികിത്സ!

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും സ്വകാര്യ പങ്കാളിത്തം ശുപാര്‍ശ ചെയ്യുന്നുണ്ട്‌ സിഡിഎസ്‌ റിപ്പോര്‍ട്ട്‌. കൊച്ചി മെട്രോ പദ്ധതി വഴിമുട്ടിനില്‍ക്കുന്നത്‌ ഈ കടമ്പയില്‍ തന്നെയാണ്‌. അതേസമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനമെടുത്ത ഹൈദരാബാദ്‌ മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന്‌ സ്വകാര്യ സംരംഭകരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ ശ്രമം തുടങ്ങിയിരിക്കുന്നു. ചില യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമേ കാണുളളൂ എന്നു വാശിപിടിച്ചാല്‍ പിന്നെ എന്തു ചെയ്യാന്‍. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ സാമ്പത്തിക വിദഗ്‌ധനും നോബല്‍ പരുസ്‌കാര ജേതാവുമായ ജോസഫ്‌ സ്‌റ്റിഗ്‌ളിറ്റ്‌സിനെ ഉദ്ധരിക്കുന്നുണ്ട്‌ 'ആഗോള സാമ്പത്തിക സംവിധാനങ്ങളും നിലവിലുളള സാമ്പത്തിക സിദ്ധാന്തങ്ങളും പുന:പരിശോധിക്കാനുമുളള അവസരം നല്‍കിയിരിക്കുകയാണ്‌ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി'. എന്നാല്‍ ഇതിനു നേരെ വിരുദ്ധമായ നിലപാടുകളാണ്‌ റിപ്പോര്‍ട്ടില്‍ എമ്പാടും.

ജലം, വൈദ്യുതി തുടങ്ങിയവയുടെ വിതരണ മേഖലയിലേക്കും സ്വകാര്യ സംരംഭകരെ ക്ഷണിക്കുകയാണ്‌ സിഡിഎസ്‌. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാതെ പമ്മി നില്‍ക്കുന്ന സര്‍ക്കാരിനെ ഒന്നു ആഞ്ഞു തളളുക എന്നതാണ്‌ ഈ ശുപാര്‍ശയുടെ ലക്ഷ്യമെന്നു തോന്നുന്നു. ഗാര്‍ഹിക ഉപഭോക്‌താവിന്‌ വിദ്യുത്‌ച്ഛക്തിക്കു നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ പ്രാവശ്യം വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചത്‌ അവര്‍ അറിഞ്ഞിട്ടില്ലേ? ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌, ഏതു നിരക്കില്‍ വാങ്ങുന്നുവോ ആ നിരക്കു തന്നെ ഗാര്‍ഹിക ഉപഭോക്താവും നല്‍കണമെന്നാണ്‌ വാശി. അതും ഏതാണ്ട്‌ നടപ്പില്‍ വന്നുവല്ലോ. മാസം ഇരുനൂറു യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവ്‌ കൂടുന്ന ഓരോ യൂണിറ്റിനും എന്‍ടിപിസിക്ക്‌ ബോര്‍ഡു വാങ്ങുന്ന നല്‍കുന്ന അതേ നിരക്ക്‌ ഒക്‌ടോബര്‍ മാസം മുതല്‍ നല്‍കുന്നുണ്ടല്ലോ. അതിലും കുറച്ച്‌ ഉപയോഗി ക്കുന്നവരേയും വിടാന്‍ പാടില്ല എന്നാണോ? വ്യവസായവും വ്യവസായിയും മാത്രം പുലര്‍ന്നാല്‍ മതിയോ? സാധാരണക്കാരും പിഴച്ചു പൊക്കോട്ടെ. അങ്ങനെ ചില ചില്ലറ സൗജന്യങ്ങള്‍ നല്‍കാന്‍ ഭരണാധികരികള്‍ തയ്യാറായതു കൊണ്ടാണ്‌ കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ടത്‌. സമ്പന്നരുടെ തീന്‍മേശയില്‍ വിഭവങ്ങള്‍ കൂമ്പാരം കൂട്ടിവെച്ചാല്‍ ഇടയ്‌ക്കു ചിലത്‌ താഴേക്ക്‌ വീണുകിട്ടും, എച്ചിലും കിട്ടും എന്ന പെര്‍ക്കൊലേഷന്‍ തീയറി മൂലധനത്തിന്റെ പറുദീസയില്‍ത്തന്നെ തകര്‍ന്നു തരിപ്പണമാകുന്നത്‌ കണ്ടുകൊണ്ടിരിക്കുകയല്ലേ നാം. ഒരു മേഖലയിലും സബ്‌സിഡി കൊടുത്തു പോകരുത്‌ എന്ന്‌ റിപ്പോര്‍ട്ടു നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. അങ്ങനെതന്നെ ചെയ്‌തിരുന്ന അമേരിക്കയില്‍ ഇപ്പോള്‍ ബില്യണ്‍ ഡോളര്‍ കണക്കിലാണ്‌ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ഓരോ മേഖലയിലേക്കും ഒഴുകുന്നത്‌.

ട്രേഡ്‌ യൂണിയന്‍ രംഗത്തേയും സ്‌പര്‍ശിക്കുന്നുണ്ട്‌ റിപ്പോര്‍ട്ട്‌. ട്രേഡ്‌ യൂണിയനിസം വ്യവസായ-നിക്ഷേപ കാലാവസ്ഥയെ ബാധിക്കുന്നതിന്റെ തോതുകുറഞ്ഞെങ്കിലും വ്യവസായ വിരുദ്ധ മനോഭാവം മാറിയിട്ടില്ല. 'ലേബര്‍ നിയമങ്ങളുടെ പല്ലുകള്‍ കൊഴിഞ്ഞുവെങ്കിലും' ഇടയ്‌ക്കിടെയുളള പരിശോധനകള്‍ പോലും നിക്ഷേപകരെ 'ഭയപ്പെടുത്തി ഓടിക്കുന്നു'വത്രെ... ലേബര്‍ വകുപ്പിന്റെ പരിശോധനകള്‍ പോലും പാടില്ല എന്നാണല്ലോ ധ്വനി. 'പ്രബുദ്ധ കേരളത്തിന്റെ' പ്രയാണം എങ്ങോട്ട്‌?

ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയവര്‍ ഒരു സുവര്‍ണ്ണാവസരം കളഞ്ഞുകുളിച്ചതാണ്‌ ഏറ്റവും ദയനീയം. കേരളത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ഇല്ലായ്‌മ, അരി, പച്ചക്കറി, പാല്‍, മറ്റു ഭക്ഷ്യ വസ്‌തുക്കള്‍ എന്നിവയിലാണ്‌. നെല്‍കൃഷിക്ക്‌ റിപ്പോര്‍ട്ടില്‍ ഏതാനും വാചകങ്ങള്‍ മാത്രമാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. നാണ്യേതര വിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്തുചെയ്യാന്‍ കഴിയും എന്ന്‌ വിശദമായി പരിഗണിച്ച്‌ സൃഷ്‌ടിപരമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാമായിരുന്നു.

സാമ്പത്തിക മാന്ദ്യം കേരളത്തേ ബാധിക്കില്ലെന്നോ ആര്‍ക്കും തൊഴില്‍ നഷ്‌ടപ്പെടില്ലെന്നോ ആരും കഷ്‌ടത അനുഭവിക്കില്ലെന്നോ എന്ന ഭാവമൊന്നുമില്ല ഈ ലേഖകന്‌. പക്ഷേ സത്യം വിളിച്ചു പറയുമ്പോള്‍ സത്യമാണ്‌ പറയുന്നതെന്ന്‌ വിശ്വസിപ്പിക്കുക കൂടി വേണം. സത്യ... ലിമിറ്റഡ്‌, അസത്യം ... ലിമിറ്റഡ്‌ ആയി മാറുന്നത്‌ ഈ അടുത്തയിടക്കല്ലേ നാം കണ്ടത്‌.

Post your comments.

Name:

Email:
(optional):

Please enter
your comments:

കടുത്ത ആശങ്കയുളവാക്കുന്ന ഒരു ചിത്രമാണ്‌ സിഡിഎസിലെ വിദഗ്‌ധര്‍ അവതരിപ്പിക്കുന്നത്‌. കേരളത്തിലെ തൊഴിലില്ലാപ്പടയിലേക്ക്‌ അനേകായിരങ്ങള്‍കൂടി അംഗത്വമെടുക്കാന്‍ പോവുന്നു. പരമ്പരാഗത തൊഴില്‍മേഖല നാശത്തിന്റെ വക്കത്ത്‌. പക്ഷേ ഇവര്‍ പറയുന്ന കണക്കുകള്‍ വിശ്വസിക്കാമോ എന്ന്‌ സംശയം ജനിക്കുന്നു.


സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 14.8 ശതമാനം പ്രദാനം ചെയ്യുന്നത്‌ കയറ്റുമതിയാണത്രേ. പക്ഷേ ഈ കണക്ക്‌ 17 വര്‍ഷം മുമ്പ്‌ 1992ല്‍ ഇന്നത്തെ ധനകാര്യ മന്ത്രി തോമസ്‌ ഐസക്‌, സിഡിഎസ്സിനു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നാണെന്നുമാത്രം. അന്നദ്ദേഹം നടത്തിയ പഠനമോ 1980-81ലെ വിദേശ വ്യപാരത്തെക്കുറിച്ചും. അതായത്‌ ഇന്നത്തേക്ക്‌ 28 വര്‍ഷം പഴയ കണക്ക്‌. ഇതു കാലഹരണപ്പെട്ടതെന്ന്‌ ഡോക്‌ടര്‍ കെ.എന്‍. നായരുടെ നേതൃത്വത്തിലുളള സംഘം സമ്മതിക്കുന്നുണ്ടെന്നത്‌ ശരിതന്നെ. പക്ഷേ കാലഹരണപ്പെട്ട കണക്കിനുമേലുളള കളികള്‍ ആര്‍ക്കുവേണ്ടി? ഈസ്‌റ്റിന്ത്യ കമ്പനിയുടെ കാലത്തെ കണക്കുകള്‍ ഉദ്ധരിക്കാതിരുന്നത്‌ ഭാഗ്യം!


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org