logo malayalam

| കാര്‍ഷികം| പരിസ്ഥിതി|

കേന്ദ്രത്തിന്റെ ബയോടെക്‌ ഭീകരവാദം

എം. സുചിത്ര
24/11/2008

ജ നിതകമാറ്റം വരുത്തിയ വിളകള്‍ പരീക്ഷണാടിസ്ഥാനത്തില്‍പ്പോലും കൃഷിചെയ്യാന്‍ അനുവദിക്കുകയില്ല എന്ന ഇടതുസര്‍ക്കാരിന്റെ നയം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചത്‌ നാലു മാസം മുമ്പാണ്‌. ജി.എം. വിമുക്തകേരളം എന്നത്‌ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാര്‍ത്തയായിരുന്നു. എന്നാല്‍, ഇത്തരമൊരു നിലപാടില്‍ അധികകാലം തുടരാന്‍ കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഇനി കഴിയുമെന്നു തോന്നുന്നില്ല. ജി.എം. വിളകളുടെ ഉത്‌പാദനം ഫാസ്റ്റ്‌ട്രാക്കില്‍ പെടുത്താനും കാര്യങ്ങള്‍ അനായാസമാക്കാന്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്രം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി നാഷണല്‍ ബയോടെക്‌നോളജി ബില്‍ എന്ന പേരില്‍ ഒരു കരടുനിയമംവരെ തയ്യാറായി.

കൃഷി ഒരു സംസ്ഥാന വിഷയമായിരുന്നിട്ടുപോലും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ ഗൗരവമായ ചര്‍ച്ചകള്‍ നടത്തി പൊതുജനാഭിപ്രായം സ്വരൂപിക്കാനോ മെനക്കെടാതെ, വളരെ തിടുക്കത്തിലാണ്‌ ബയോടെക്‌നോളജി വകുപ്പ്‌ കരടുനിയമത്തിന്‌ രൂപം നല്‍കിയത്‌. ബില്‍ നിയമമായിക്കഴിയുന്നതോടെ ജി.എം. വിളകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കോ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കോ സ്വയം നിര്‍ണയാവകാശം ഉണ്ടായിരിക്കുകയില്ല. തീരുമാനങ്ങളെല്ലാം എടുക്കുന്നത്‌ നാഷണല്‍ ബയോടെക്‌നോളജി അതോറിറ്റി എന്ന പേരില്‍ രൂപവത്‌കരിക്കപ്പെടുന്ന ഒരു നാലംഗ ശാസ്‌ത്രജ്ഞസമിതിയായിരിക്കും. അതോറിറ്റിയുടെ തീരുമാനങ്ങള്‍ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം ഉണ്ടാവുകയില്ല. എടുത്ത തീരുമാനങ്ങള്‍ അറിയിക്കുക എന്നതിലുപരി തീരുമാനങ്ങള്‍ എടുക്കാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യതപോലും അതോറിറ്റിക്കില്ല. ആധുനിക ജൈവസാങ്കേതിക വിദ്യകള്‍ ഏതുവിധേനയും പ്രോത്സാഹിപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി വകുപ്പായിരിക്കും അതോറിറ്റിയെ നിയന്ത്രിക്കുക എന്നത്‌ കൂടുതല്‍ ആശങ്കകള്‍ക്കിട നല്‍കുന്നു.

ഡോക്ടര്‍ എം.എസ്‌. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം 2004-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്‌ പുതിയ ബില്ലിന്റെ ഉറവിടം. പ്രസ്‌തുത റിപ്പോര്‍ട്ട്‌ വന്‍കിട കമ്പനികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. എങ്കില്‍പ്പോലും, ജൈവസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട്‌പുതിയ ഏതു നയം ആവിഷ്‌കരിക്കപ്പെടുമ്പോഴും അത്‌ ഉപഭോക്താക്കളുടെ ഭക്ഷ്യസുരക്ഷിതത്വം, ആരോഗ്യം, കാര്‍ഷികസംവിധാനങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ സുസ്ഥിരത, കര്‍ഷകരുടെ ക്ഷേമം, ദേശീയ ജൈവ സുരക്ഷിതത്വം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന്‌ റിപ്പോര്‍ട്ടില്‍ത്തന്നെപറയുന്നുണ്ട്‌.

എന്നാല്‍, ഈ നിര്‍ദേശത്തിന്‌ പുല്ലുവിലയാണ്‌ പുതിയ ബില്‍ കല്‌പിക്കുന്നത്‌. ബില്‍ നിയമമാകുന്നതോടെ, ഭക്ഷ്യ സുരക്ഷാനിയമം (2006), പരിസ്ഥിതി സംരക്ഷണനിയമം (1986), ജൈവ സുരക്ഷാനിയമം (1989) എന്നിവ ഉള്‍പ്പെടെ സുപ്രധാനമായ പല നിയമങ്ങളും ഭേദഗതി ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യും. ജി.എം. വിളകളെ ഇത്തരം നിയമങ്ങളുടെ പരിധിയില്‍നിന്ന്‌ എടുത്തുമാറ്റുമെന്നും കരടുനിയമത്തില്‍ പറയുന്നു. ഒരിക്കലും തിരുത്താനാവാത്ത ദുരന്തങ്ങള്‍ക്കായിരിക്കും ഇതുവഴിവെക്കുക. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍നിന്ന്‌ ജി.എം. വിളകളെ ഒഴിവാക്കിയാല്‍ ഇവയ്‌ക്ക്‌ ലേബലിങ്‌ പോലും ബാധകമല്ലാതെ വരും. വിപണിയില്‍നിന്നു വാങ്ങുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ ജനിതകമാറ്റം വരുത്തിയവയാണോ എന്നറിയാന്‍ പോലും നിര്‍വാഹമുണ്ടാവില്ല. സുരക്ഷിതമായ ഭക്ഷണത്തിനുള്ള ഉപഭോക്താവിന്റെ അവകാശംപോലും ലംഘിക്കപ്പെടും.

ഇതിനെല്ലാമുപരിയായി, ജി എം വിളകള്‍ ഉത്‌പാദിപ്പിക്കുന്നതിനു ബയോടെക്‌കമ്പനികള്‍ക്കുനല്‍കുന്ന പ്രവര്‍ത്തനാനുമതി കമ്പനികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനോ ആവശ്യമെന്നു തോന്നുന്ന പക്ഷം റദ്ദാക്കാനോ വ്യവസ്ഥകളൊന്നും ബില്ലിലില്ല. ജനിതകമാറ്റ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുമ്പോള്‍ ഭക്ഷ്യ-ആരോഗ്യ- പരിസ്ഥിതി മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വിലയിരുത്തുന്നതും പരിഹാരം നിശ്ചയിക്കുന്നതും എങ്ങനെയെന്നും കരടുനിയമത്തില്‍ വ്യക്തമല്ല. ജനിതകമാറ്റം വരുത്തിയ വിളകളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും കാര്യത്തില്‍ ആഗോളതലത്തില്‍ ഗൗരവമായ പുനര്‍ചിന്തനം നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്‌. കാര്‍ഷികമേഖലയില്‍ ഉപയുക്തമാക്കുന്ന ശാസ്‌ത്ര- സാങ്കേതിക വിദ്യകളെപ്പറ്റി ഐക്യരാഷ്ട്രസംഘടനയുടെ മുന്‍കൈയില്‍ ഒരു റിപ്പോര്‍ട്ട്‌ നാലുമാസം മുമ്പ്‌ പുറത്തുവന്നിരുന്നു. 400 ശാസ്‌ത്രജ്ഞര്‍ മൂന്നുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം തയ്യാറാക്കിയ, രണ്ടായിരത്തോളം പേജുകളുള്ള സമഗ്രമായ റിപ്പോര്‍ട്ടാണിത്‌. ജോഹന്നാസ്‌ബര്‍ഗിലും അതോടൊപ്പം ന്യൂഡല്‍ഹി, വാഷിങ്‌ടണ്‍, ലണ്ടന്‍, പാരീസ്‌ തുടങ്ങിയ നഗരങ്ങളിലും ഒരേ സമയം പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട്‌, ദാരിദ്ര്യത്തിനും പട്ടിണിക്കും പരിഹാരം ജി എം വിളകളല്ല എന്ന്‌ അടിവരയിട്ടു പറയുന്നുണ്ട്‌. (ജനിതകമാറ്റം വരുത്തിയ വിത്തുകളും ഭക്ഷ്യോത്‌പന്നങ്ങളും വിപണിയിലിറക്കി ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ കാര്‍ഷിക- ഭക്ഷ്യ മേഖലകളില്‍ മേധാവിത്വം ഉറപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെക്കുന്ന വാദമാണ്‌ റിപ്പോര്‍ട്ട്‌ തള്ളിക്കളയുന്നത്‌.)

കൂടാതെ, ജി എം വിളകള്‍ കൃഷിചെയ്യുമ്പോള്‍ ആവശ്യമായ സുരക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ മറ്റു പല രാജ്യങ്ങള്‍ക്കുമെന്ന പോലെ ഇന്ത്യയ്‌ക്കും കഴിയുന്നില്ല എന്നും ഈ റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. പ്രസ്‌തുതറിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ട്‌ ഒപ്പുവെച്ച 60 രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ട്‌!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ ജിഎം വിളകള്‍ വ്യാപകമാക്കാന്‍ കേന്ദ്രം കിണഞ്ഞുശ്രമിക്കുന്നത്‌ എന്തിനായിരിക്കണം? പ്രത്യേകിച്ചും, ജി എം വിളകളും ഭക്ഷ്യവസ്‌തുക്കളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന്‌ ശാസ്‌ത്രസമൂഹം തന്നെ മുന്നറിയിപ്പു നല്‍കുന്ന സാഹചര്യത്തില്‍? ജനിതകമാറ്റസാങ്കേതികവിദ്യയ്‌ക്കുമേലുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയും ജി എം വിളകള്‍ക്ക്‌ അനുമതി നല്‍കാന്‍ നിലവില്‍ ചുമതലപ്പെട്ട ജനറ്റിക്‌ എന്‍ജിനീയറിങ്‌ അപ്രൂവല്‍ കമ്മിറ്റി (ം'എ)യുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാക്കുകയുമല്ലേ കേന്ദ്രം ചേയ്യേണ്ടിയിരുന്നത്‌? തിടുക്കത്തിലുള്ള ഈ നീക്കം ബയോടെക്‌ രംഗത്തെ കുത്തക കമ്പനികളെ സഹായിക്കാനാണെന്ന്‌ വ്യക്തം. 8563 ബില്യണ്‍ ഡോളറിന്റെ വാര്‍ഷികവരുമാനമുള്ള മൊണ്‍സാന്‍േറാവിനും അതുപോലുള്ള കമ്പനികള്‍ക്കും ഇന്ത്യയിലെ ബ്യൂറോക്രാറ്റുകളെയും രാഷ്ട്രീയ നേതാക്കളെയും ശാസ്‌ത്രജ്ഞരെയും വിലയ്‌ക്കുവാങ്ങാന്‍ എന്തുപ്രയാസം!

Post your comments.

Name:

Email:
(optional):

Please enter
your comments:

കൃഷി ഒരു സംസ്ഥാന വിഷയമായിരുന്നിട്ടുപോലും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ ഗൗരവമായ ചര്‍ച്ചകള്‍ നടത്തി പൊതുജനാഭിപ്രായം സ്വരൂപിക്കാനോ മെനക്കെടാതെ, വളരെ തിടുക്കത്തിലാണ്‌ ബയോടെക്‌നോളജി വകുപ്പ്‌ കരടുനിയമത്തിന്‌ രൂപം നല്‍കിയത്‌. ബില്‍ നിയമമായിക്കഴിയുന്നതോടെ ജി.എം. വിളകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കോ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കോ സ്വയം നിര്‍ണയാവകാശം ഉണ്ടായിരിക്കുകയില്ല.


ജനിതകമാറ്റ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുമ്പോള്‍ ഭക്ഷ്യ-ആരോഗ്യ- പരിസ്ഥിതി മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വിലയിരുത്തുന്നതും പരിഹാരം നിശ്ചയിക്കുന്നതും എങ്ങനെയെന്നും കരടുനിയമത്തില്‍ വ്യക്തമല്ല.


Print this article


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org