logo malayalam

|രാഷ്ടീയം|മനുഷ്യാവകാശം|സമൂഹം|നിയമം|

രാജ്യദ്രോഹം 1922
രാജ്യദ്രോഹം 2010

എം. സുചിത്ര

18 ജാനുവരി‍ 2011

Binayak

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കം. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച കാലം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരിനിയമങ്ങളെ സമാധാനപരമായി ലംഘിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം അണികളെ ആവേശഭരിതരാക്കി.

  പക്ഷേ, നേതാവിന്റെ കര്‍ശനമായ അഹിംസാവാദം എല്ലായ്‌പ്പോഴും പാലിക്കാന്‍ അനുയായികള്‍ക്കു കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളം ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചുവിട്ട ചില ഘട്ടങ്ങളില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ തിരിച്ചടിച്ചു. 1922 ഫിബ്രവരി അഞ്ചിന്, ആഗ്രക്ക് സമീപം ചൗരിചൗരയില്‍ സമാധാനപരമായി നീങ്ങിയ ഒരു ജാഥയ്ക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പ് ജനങ്ങളെ രോഷാകുലരാക്കി. അവര്‍ പൊലീസ് സ്റ്റേഷനു തീവെച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തുണ്ടംതുണ്ടമാക്കി തീയിലേക്കിട്ടു. ആ സംഭവത്തില്‍ 23 പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

  അണികളുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായപ്പോഴൊക്കെ ഗാന്ധി അതീവ ദുഃഖിതനായി. അദ്ദേഹം ദിവസങ്ങളോളം നിരാഹാരം കിടന്നു. നിസ്സഹകരണ പ്രസ്ഥാനം കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു.

  ചൗരിചൗരാ സംഭവം നടന്ന് ഒരു മാസത്തിനുശേഷം ഗാന്ധിജി രാജ്യദ്രോഹത്തിന്റെ പേരില്‍ അറസ്റ്റിലായി. "യങ് ഇന്ത്യ'യില്‍ എഴുതിയ മൂന്ന് ലേഖനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. കേസ് വിചാരണക്കെത്തിയത് അഹമ്മദാബാദ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ബ്രൂം ഫീല്‍ഡിനു മുന്‍പാകെയാണ്. പ്രോസിക്യൂഷനുവേണ്ടി ബോംബെയില്‍ നിന്ന് അഡ്വക്കറ്റ് ജനറല്‍ സ്ട്രാങ്മാന്‍ അഹമ്മദാബാദിലെത്തി.

  1922 മാര്‍ച്ച് 18-നായിരുന്നു വിചാരണ. ഗാന്ധിജിയുടെ പേരിലുള്ള കുറ്റങ്ങള്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കേസ്സിന് ആസ്പദമായ ലേഖനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ബ്രിട്ടീഷ് ഭരണത്തോട് ജനങ്ങളുടെ മനസ്സില്‍ വെറുപ്പും വിദ്വേഷവും വിപ്രതിപത്തിയും വളര്‍ത്താന്‍ ഗാന്ധിജി നിരന്തരമായി നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണതെന്നും അദ്ദേഹം വാദിച്ചു.

  ഗാന്ധിജിക്ക് അഭിഭാഷകനൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വക്കീല്‍ അദ്ദേഹം തന്നെയായിരുന്നു. പ്രോസിക്യൂട്ടര്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ഗാന്ധിജി അതീവ ശാന്തനായി പറഞ്ഞു: ""എന്റെ മേല്‍ ചുമത്തപ്പെട്ട സകലകുറ്റങ്ങളും ഞാന്‍ ഏറ്റെടുക്കുന്നു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അത്രയും ന്യായമാണ്. അദ്ദേഹം ഇവിടെ പറഞ്ഞ കുറ്റങ്ങളും അതിലപ്പുറവും ഞാന്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ ജനങ്ങളുടെ മനസ്സില്‍ വൈരാഗ്യം വളര്‍ത്തുന്നത് എനിക്ക് അങ്ങേയറ്റം താത്പര്യമുള്ള കാര്യമാണ്. നിങ്ങളെന്നെ സ്വതന്ത്രനാക്കിയാലും ഞാന്‍ ഇതൊക്കെ ചെയ്യും.'' ചൗരിചൗരയിലും മറ്റും നടന്ന അനിഷ്ടസംഭവങ്ങളുടെ യഥാര്‍ഥ ഉത്തരവാദിത്തം തനിക്കാണെന്നും അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ നല്‍കണമെന്നും അദ്ദേഹം ജഡ്ജിയോട് അഭ്യര്‍ഥിച്ചു. അതിനു കഴിയുന്നില്ലെങ്കില്‍ ന്യായാധിപന്റെ കസേര ഒഴിഞ്ഞുപോകണമെന്നും ഗാന്ധി ജഡ്ജിയോട് ആവശ്യപ്പെട്ടു.

  ബ്രൂം ഫീല്‍ഡ് മാന്യനായിരുന്നു. നീതിയുടെ അന്തഃസത്ത ആഴത്തില്‍ അറിയുന്ന വ്യക്തി. അദ്ദേഹം ഗാന്ധിയോട് പറഞ്ഞു: ""മിസ്റ്റര്‍ ഗാന്ധി, കുറ്റം മുഴുവനും ഏറ്റെടുത്തുകൊണ്ട് താങ്കള്‍ എന്റെ പണി എളുപ്പമാക്കി... താങ്കളെ ശിക്ഷിക്കാന്‍ എനിക്കൊരു മടിയുമില്ല. താങ്കള്‍ ഈ നാട്ടിലെ ജനങ്ങളുടെ നേതാവായിരിക്കാം. ആദര്‍ശവാനാകാം. ശത്രുക്കള്‍പോലും ആദരവോടെ വീക്ഷിക്കുന്ന മഹാവ്യക്തിത്വമാകാം. പക്ഷേ, നിയമത്തിനു മുന്‍പില്‍ വ്യക്തികളില്ല. നിങ്ങള്‍ക്കു നല്‍കേണ്ട ന്യായമായ ശിക്ഷ എന്തായിരിക്കണമെന്ന് നിര്‍ണയിക്കുന്നത് മാത്രമാണ് ഞാനിപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം.''

  ഒടുവില്‍, ഗാന്ധിജിക്ക് ആറുവര്‍ഷത്തെ സാധാരണ തടവാണ് ശിക്ഷയായി ബ്രൂം ഫീല്‍ഡ് വിധിച്ചത്. 1906-ല്‍ രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലായ ബാലഗംഗാധര തിലകന് ആറുവര്‍ഷത്തെ സാധാരണ തടവ് ശിക്ഷയായി നല്‍കിയ മുന്‍കാല വിധി നിലവിലുള്ളതിനാല്‍ ഗാന്ധിജിക്കും അതേ ശിക്ഷ നല്‍കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇരുപതിലേറെ പൊലീസുകാര്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം ഗാന്ധിജിയുടെ കേസ്സില്‍ ബാധിച്ചില്ല. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഗാന്ധിജിയെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

  കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ പോരാടുന്ന ജനതയുടെ നേതാവും ബ്രിട്ടീഷ് കോടതിയിലെ ന്യായാധിപനും അവരവരുടെ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുഖാമുഖം നിന്ന ആ ചരിത്ര മുഹൂര്‍ത്തത്തെപ്പറ്റി ഇത്രയും ദീര്‍ഘമായി പറയാന്‍ കാരണമുണ്ട്. എണ്‍പത്തിയെട്ടു വര്‍ഷം മുന്‍പ് ഗാന്ധിജിയെ രാജ്യദ്രോഹത്തിനു ശിക്ഷിച്ച അതേ നിയമം- ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പുപയോഗിച്ചാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 24-ന് റായ്പുര്‍ അഡീഷണല്‍ ജില്ലാ-സെഷന്‍സ് കോടതി അഹിംസാവാദിയും പൊതുജനാരോഗ്യ വിദഗ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ബിനായക് സെന്നിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം കഠിന തടവിനു വിധിച്ചത്. ഇതും ഒരു "ചരിത്ര മുഹൂര്‍ത്തം' തന്നെയാണ്. ബിനായകിനു ശിക്ഷ നല്‍കിയ ജഡ്ജി ബി.പി. വര്‍മയും ബ്രൂം ഫീല്‍ഡിനെപ്പോലെ ചരിത്രത്തില്‍ ഇടം തേടും. പക്ഷേ, അത് ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും രാജ്യത്തെ പരമോന്നത കോടതിയെയും അവഹേളിച്ചതിന്റെ പേരിലായിരിക്കുമെന്നു മാത്രം.

  2007 മെയ് 14-നാണ് ഛത്തീസ്ഗഢിലെ ബി.ജെ.പി. സര്‍ക്കാര്‍ മാവോബന്ധം ആരോപിച്ച് ബിനായക് സെന്നിനെ അറസ്റ്റുചെയ്യുന്നത്. ഛത്തീസ്ഗഢ് സ്‌പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് (2005), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് (1967, 2004) എന്നീ കരിനിയമങ്ങള്‍ക്കു കീഴിലായിരുന്നു അറസ്റ്റ്. സര്‍ക്കാര്‍ പണവും ആയുധവും നല്‍കി പ്രോത്സാഹിപ്പിച്ച സാല്‍വജുദും എന്ന സായുധസേന ആദിവാസി മേഖലയില്‍ നടത്തിയ ക്രൂരകൃത്യങ്ങളും കൊലപാതകങ്ങളും സി.ബി.ഐ. അന്വേഷിക്കണമെന്ന് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) ആവശ്യപ്പെട്ടതിനു തൊട്ടുപിറകെയാണ് പി.യു.സി.എല്‍. സംസ്ഥാന സെക്രട്ടറിയും നാഷണല്‍ വൈസ് പ്രസിഡന്റുമായ ബിനായക് സെന്‍ അറസ്റ്റിലായത്. ജയിലില്‍ രണ്ടുവര്‍ഷം കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യംപോലും കിട്ടിയത്. അതിനുവേണ്ടി അദ്ദേഹത്തിന് സുപ്രീംകോടതിവരെ പോകേണ്ടിവന്നു.

  ഒരു വിധത്തിലുമുള്ള സങ്കീര്‍ണതയും ബിനായക്കിനുമേല്‍ ചുമത്തപ്പെട്ട കേസ്സില്‍ ഉണ്ടായിരുന്നില്ല. റായ്പുര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരനായിരുന്ന നാരായണ്‍ സന്യാല്‍ എന്ന മാവോയിസ്റ്റ് നേതാവിനെ ബന്ധു എന്ന വ്യാജേന നിരവധി തവണ സന്ദര്‍ശിക്കുകയും സന്യാലിന്റെ സന്ദേശവാഹകനായി പ്രവര്‍ത്തിക്കുകയും സന്യാല്‍ നല്‍കിയ കത്ത് കല്‍ക്കത്തക്കാരനായ പിയൂഷ് ഗുഹ എന്ന ബിസിനസ്സുകാരന് കൈമാറുകയും ചെയ്‌തെന്നും ഗുഹ അത് രഹസ്യസങ്കേതത്തിലെത്തിച്ചുവെന്നുമാണ് കേസ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നതായിരുന്നു പൊലീസിന്റെ ആരോപണം.

  കേസ്സിന് ആസ്പദമായ സംഭവങ്ങളെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: 2007 മെയ് ആറിന് റായ്പുര്‍ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുവെച്ച് സംശയംതോന്നി പിയൂഷ് ഗുഹയെ അറസ്റ്റുചെയ്യുന്നു. അയാളെ ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുന്നു. പരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ അയാളില്‍നിന്ന് മൂന്ന് കത്തുകള്‍- ഒന്ന് ബംഗാളിയിലുള്ളതും രണ്ടെണ്ണം ഇംഗ്ലീഷിലുള്ളതും കിട്ടി. ചോദ്യം ചെയ്തപ്പോള്‍ കത്തുകള്‍ ബിനായക് സെന്‍ ഏല്പിച്ചതാണെന്ന് പിയൂഷ് ഗുഹ പൊലീസിനെ അറിയിച്ചു. ഗുഹയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അയാളെ അറസ്റ്റു ചെയ്തു. ഗുഹയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനായക് സെന്നിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തി. സന്യാലിന്റെ ഒരു കത്തും നക്‌സല്‍ കമാന്‍ഡറായി അറിയപ്പെടുന്ന മദന്‍ ബര്‍ക്കാഡെയുടെ കത്തും ഏതാനും നക്‌സല്‍ സാഹിത്യങ്ങളും കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനായകിനെ അറസ്റ്റുചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി കോടതിയെ ബോധിപ്പിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

  2008 ഏപ്രിലിലാണ് കേസ്സിന്റെ വിചാരണ തുടങ്ങിയത്. 97 സാക്ഷികളാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ബിനായക് സെന്നിനുവേണ്ടി 11 സാക്ഷികള്‍. സന്യാലിനും ഗുഹയ്ക്കുംവേണ്ടി സാക്ഷികള്‍ ഉണ്ടായിരുന്നില്ല.

  താനൊരു ബീഡിയില വ്യാപാരിയാണെന്നും ബിസിനസ്സ് സംബന്ധമായി റായ്പുറിലെ ഹോട്ടല്‍ മഹീന്ദ്രയില്‍ താമസിച്ചിരുന്ന തന്നെ കാരണം പറയാതെ പൊലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും അഞ്ചുദിവസം അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും വിചാരണവേളയില്‍ പിയൂഷ് കോടതിയില്‍ ബോധിപ്പിച്ചു. ബിനായക് സെന്നിനെയോ സന്യാലിനെയോ താന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലെന്നും തന്റെ ബാഗില്‍ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന കത്തുകള്‍ തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച സമയത്ത് പൊലീസ് വെച്ചതാകാമെന്നുമായിരുന്നു പിയൂഷ് ഗുഹ കോടതിയില്‍ പറഞ്ഞത്.

  ബിനായക് സെന്നിന്റെ കാര്യത്തില്‍ പൊലീസ് ആരോപിച്ച കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സന്യാലിനെ താന്‍ സന്ദര്‍ശിച്ചത് അയാളുടെ ബന്ധു എന്ന വ്യാജ ഐഡന്റിറ്റിയിലല്ല. പി.യു.സി.എല്ലിന്റെ ഭാരവാഹി എന്ന നിലയിലാണെന്ന് ബിനായക് കോടതിയെ ബോധിപ്പിച്ചു. സന്ദര്‍ശനത്തിനുള്ള അപേക്ഷകള്‍ നല്‍കിയത് പി.യു.സി.എല്ലിന്റെ ലെറ്റര്‍ഹെഡിലായിരുന്നുവെന്നും വിചാരണത്തടവുകാര്‍ നേരിടുന്ന യാതനകളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആ സന്ദര്‍ശനം എന്നും ബിനായക് പറഞ്ഞത് ശരിയാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നുമുണ്ട്. ഓരോ സന്ദര്‍ശനത്തിനു മുന്‍പും പിന്‍പും ബിനായകിനെയും സന്യാലിനെയും ദേഹപരിശോധന നടത്തിയിരുന്നുവെന്നും ഒരു സാഹചര്യത്തിലും കത്തു കൈമാറാന്‍ കഴിയില്ലെന്നും സാക്ഷികളായി വന്ന ജയിലര്‍മാര്‍ ക്രോസ്‌വിസ്താരത്തില്‍ സമ്മതിച്ചു.

  ബിനായക് സെന്‍, പിയൂഷ് ഗുഹയെ ഹോട്ടല്‍ മഹീന്ദ്രയിലും ഹോട്ടല്‍ ഗീതാഞ്ജലിയിലും വെച്ച് പലതവണ കണ്ടുവെന്ന പൊലീസ് ആരോപണവും കോടതിയില്‍ പൊളിഞ്ഞു. ഇക്കാര്യത്തില്‍ സാക്ഷിപറയാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഹോട്ടല്‍ മാനേജര്‍മാര്‍ രണ്ടുപേരും കോടതിയില്‍ തങ്ങളുടെ ഹോട്ടലില്‍ ബിനായക് സെന്‍ വന്നിട്ടേയില്ല എന്നാണ് മൊഴി നല്‍കിയത്.

Binayak

  അതായത്, ഗൂഢാലോചനയുടെ ഭാഗമായി നാരായണ്‍ സന്യാലില്‍ നിന്ന് ബിനായക് സെന്‍ കത്തുവാങ്ങുന്നതോ അത് ഗുഹയ്ക്ക് കൈമാറുന്നതോ കണ്ടതായ ഒരു സാക്ഷിയെപ്പോലും ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കത്തുകള്‍ ബിനായക് സെന്‍ തനിക്കു തന്നതാണെന്ന് പിയൂഷ് ഗുഹ പൊലീസിനോട് പറയുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അതുവഴി പോകുകയായിരുന്ന താന്‍ കേട്ടു എന്ന് അനില്‍കുമാര്‍ സിങ് എന്ന സാക്ഷി നല്കിയ മൊഴി മാത്രമാണ് ക്രോസ്‌വിസ്താരത്തില്‍ ഖണ്ഡിക്കപ്പെടാത്തതായി നിലനില്‍ക്കുന്നത്. ഈ ഒരേയൊരു സാക്ഷിമൊഴിയെ അടിസ്ഥാനമാക്കിയാണ് കോടതി ബിനായക് സെന്‍, ഗുഹയ്ക്ക് കത്തു കൈമാറിയെന്ന് തീരുമാനിച്ചത്!

  പ്രതികളുടെ അഭിഭാഷകര്‍ ഹാജരാക്കിയ സുപ്രധാനമായ പല തെളിവുകളും കോടതി അവഗണിച്ചു. ഉദാഹരണത്തിന് ബിനായക് സെന്നിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു എന്നു പറയപ്പെടുന്ന നക്‌സല്‍ കമാന്‍ഡറുടെ കത്ത്, ഒരു കമ്പ്യൂട്ടര്‍ പ്രിന്റൗട്ടാണ്. അത് പിടിച്ചെടുത്ത സാധനങ്ങളുടെ ലിസ്റ്റിലില്ല. ഇപ്പറയുന്ന കത്തില്‍ ബിനായക് സെന്നിന്റെയോ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറുടെയോ കൈയൊപ്പില്ല. പിടിച്ചെടുത്ത മറ്റു രേഖകളുടെ കോപ്പികള്‍ ബിനായകിന് നല്‍കിയപ്പോള്‍ ഈ കത്തിന്റെ മാത്രം കോപ്പി നല്‍കിയിരുന്നില്ല. മാത്രമല്ല, ബിനായക് സെന്നിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയതിനുശേഷം പിടിച്ചെടുത്ത സാധനങ്ങള്‍ പൊലീസ് മുദ്രവെക്കാത്ത ബാഗിലാണ് കൊണ്ടുപോയത്. ഇതിനു തെളിവായി വീഡിയോ ടേപ്പുകളുണ്ട്. പക്ഷേ, ആ ടേപ്പുകള്‍ കോടതി അവഗണിച്ചു. നക്‌സല്‍ നേതാവിന്റെതെന്നു പറയപ്പെടുന്ന കത്ത് പൊലീസ് പിന്നീട് വെച്ചതാകാമെന്ന വാദവും കോടതി അംഗീകരിച്ചില്ല. താന്‍ എഴുതി എന്നു പറയുന്ന കത്തുകള്‍, സ്വമേധയാ എഴുതിയതല്ല, ജയിലധികൃതര്‍ ബലാല്‍ക്കാരമായി എഴുതിച്ചതാണെന്ന നാരായണ്‍ സന്യാലിന്റെ മൊഴിയും നിയമവിരുദ്ധമായി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തു എന്ന ഗുഹയുടെ മൊഴിയും സാക്ഷികളില്ലെന്ന് പറഞ്ഞ് തള്ളുകയാണ് കോടതി ചെയ്തത്.

  ഇനി പ്രോസിക്യൂഷന്‍ പറയുന്നതുപോലെ നാരായണ്‍ സന്യാലില്‍ നിന്ന് ബിനായക് സെന്‍ കത്തുകള്‍ വാങ്ങുകയും അവ പിയൂഷ് ഗുഹയ്ക്കു കൈമാറുകയും ചെയ്തു എന്നത് ശരിയാണെന്നു തെളിഞ്ഞാല്‍പോലും രാജ്യദ്രോഹക്കുറ്റത്തിന് അവരെ ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമില്ല. ഒരു വ്യക്തിയെ രാജ്യദ്രോഹത്തിന് ശിക്ഷിക്കുമ്പോള്‍ ആ വ്യക്തിയുടെ ചെയ്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുംവിധം അക്രമങ്ങള്‍ക്കും ക്രമസമാധാനത്തകര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട് എന്ന് കേദാര്‍നാഥ് സിങ് എന്ന വ്യക്തിയും ബിഹാര്‍ സര്‍ക്കാരും തമ്മില്‍ നടന്ന കേസിന്റെ വിധിപ്രസ്താവത്തില്‍ (1962) സുപ്രീംകോടതി നിര്‍ദേശിക്കുന്നുണ്ട്.

  "നിയമവിധേയമായി നിലവില്‍വന്ന സര്‍ക്കാരിനെതിരെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മറ്റേതെങ്കിലും പ്രവൃത്തിയിലൂടെയോ വിദ്വേഷമോ വൈരാഗ്യമോ വിപ്രതിപത്തിയോ വളര്‍ത്തുകയോ വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നതാണ്' നിലവില്‍ ഐ.പി.സി. 124 (എ) അനുസരിച്ച് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഈ നിയമം കൊളോണിയല്‍ ഭരണകാലത്തെ സൃഷ്ടിയാണെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ ഇന്ത്യയില്‍ ഈ നിയമത്തിന് കീഴില്‍ ശിക്ഷിക്കുമ്പോള്‍ അത് വളരെ സൂക്ഷിച്ചുവേണം എന്ന് സുപ്രീംകോടതി നിര്‍ദേശിക്കുന്നുണ്ട്. "സര്‍ക്കാരിന്റെ നയങ്ങളെയോ പദ്ധതികളെയോ പ്രവൃത്തികളെയോ എത്ര കടുത്ത ഭാഷയിലായാലും വിമര്‍ശിക്കുന്നത്, രാജ്യദ്രോഹമല്ല. ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ രാജ്യദ്രോഹ നിയമം ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല എന്നും അക്രമത്തിനും ക്രമസമാധാനത്തിനും വഴിവെക്കുന്നപക്ഷം അഭിപ്രായ സ്വാതന്ത്ര്യത്തെ യുക്തിസഹമായ വിധം നിയന്ത്രിക്കാമെന്നും സുപ്രീം കോടതി ഈ കേസിന്റെ വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. 1995-ല്‍ വിധി പറഞ്ഞ മറ്റൊരു കേസിലും സുപ്രീം കോടതി ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്. സന്യാലിന്റെ കത്ത് ബിനായക് സെന്‍ ഗുഹയ്ക്കു നല്‍കിയെന്നല്ലാതെ അത് ക്രമസമാധാനത്തകര്‍ച്ചയ്ക്ക് കാരണമായി എന്ന് പൊലീസ് കേസിലില്ല. അതുകൊണ്ടുതന്നെ രാജ്യനേദ്രാഹവും സര്‍ക്കാരിനെ അട്ടിമറിക്കാനോ സര്‍ക്കാരിനോട് യുദ്ധം ചെയ്യാനോ ഉള്ള ഗൂഢാലോചനയും (ഐ.പി.സി. 120 (ബി) ഈ കേസില്‍ വിഷയമാകേണ്ടതില്ല.

  പരമോന്നത കോടതിയുടെ വിധികളും നിര്‍ദേശങ്ങളും റദ്ദുചെയ്യാന്‍ കീഴ്‌ക്കോടതികള്‍ക്ക് അവകാശമില്ല. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ വേണം വിധി പറയേണ്ടത്. പക്ഷേ, ജഡ്ജി ബി.പി. വര്‍മയ്ക്ക് തെളിവുകളോ ഭരണഘടനയോ പരമോന്നത കോടതിയോ ഒന്നും ഒരു പ്രശ്‌നമായിരുന്നില്ല. ഗാന്ധിജിയെ വിചാരണ ചെയ്ത ബ്രൂംഫീല്‍ഡിന് പണി എളുപ്പമായതുപോലെ വര്‍മയ്ക്കും പണി എളുപ്പമായിരുന്നു. പൊലീസും പ്രോസിക്യൂഷനും പറയുന്നത് അതുപോലെ വിധി പ്രസ്താവത്തില്‍ പകര്‍ത്തിവെച്ചു. ഗാന്ധിജിക്ക് ആറു വര്‍ഷത്തെ വെറും തടവ് കിട്ടിയപ്പോള്‍ ബിനായക്കിനും മറ്റു രണ്ടു പേര്‍ക്കും രാജ്യദ്രോഹം (ഐപിസി 124എ), രാജ്യത്തിനെതിരെയുള്ള ഗൂഢാലോചന (ഐപിസി 120ബി), ഭീകരപ്രവര്‍ത്തന നിയമങ്ങള്‍ എന്നിവയ്ക്കു കീഴില്‍ ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്.

  ബിനായകിനെ രാജ്യദ്രോഹത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെപ്പറ്റിയുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പി. ചിദംബരം ""വിധി അന്യായമാണെന്ന് തോന്നുന്നപക്ഷം അപ്പീലിന് പോകാമല്ലോ'' എന്നാണ് പറഞ്ഞത്. മറ്റൊന്നുകൂടി അദ്ദേഹം ഊന്നിപ്പറഞ്ഞു. ""ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോര്‍ട്ട് കൈപ്പറ്റിയ വേളയില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ. ജനാധിപത്യത്തെ മാനിക്കുന്നവര്‍ അതിന്റെ പ്രക്രിയകളെയും മാനിക്കണം. നിയമത്തെ മാനിക്കുന്നവര്‍ അതിന്റെ പ്രക്രിയകളെയും മാനിക്കണം.''

  "ചരിത്രപരമായ' കോടതിവിധിയോട് ഭരണകൂടത്തിന്റെ ചരിത്രപരമായ പ്രതികരണം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ""അപ്പീലിനു പോകാമല്ലോ'' എന്നു പറയാന്‍ ആഭ്യന്തരമന്ത്രിയുടെ ആവശ്യമില്ല. പിന്നെ ജനാധിപത്യം, അതിന്റെ പ്രക്രിയകള്‍, നിയമം, അതിന്റെ പ്രക്രിയകള്‍ എന്നതുകൊണ്ടൊക്കെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്?

  ജനം എന്ന് താന്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ജനാധിപത്യപരം എന്ന് താന്‍ വിശ്വസിക്കുന്ന രീതിയിലായിരുന്നു ബിനായക് സെന്‍ ജീവിച്ചത്. മുപ്പതുവര്‍ഷക്കാലം വിശ്രമമില്ലാതെ അദ്ദേഹം ജോലിചെയ്തുകൊണ്ടിരുന്നത് വികസനമോ സര്‍ക്കാര്‍ സംവിധാനങ്ങളോ എത്തിനോക്കാത്ത ദരിദ്രമായ ആദിവാസിമേഖലയിലാണ്. പ്രാഥമികാരോഗ്യ സംവിധാനംപോലുമില്ലാത്തിടത്ത് അദ്ദേഹം കൊച്ചു ക്ലിനിക് സ്ഥാപിച്ചു. കിലോമീറ്ററുകളോളം നടന്ന് അവരുടെ കുടിലുകളില്‍ ചെന്ന് ആദിവാസികളെ ചികിത്സിച്ചു. അവശരായവരെ ചുമലിലേറ്റി ക്ലിനിക്കിലെത്തിച്ചു. ദരിദ്രരായ ജനവിഭാഗങ്ങളുടെ ആരോഗ്യം തകരുന്നത് എന്തുകൊണ്ട് എന്ന് സ്വയം ചോദിക്കാതെ മരുന്നിനുള്ള കുറിപ്പടി എഴുതുകമാത്രം ചെയ്യുന്നത് ഡോക്ടര്‍ എന്നനിലയില്‍ താന്‍ തന്നോടും തന്റെ രോഗികളോടും ചെയ്യുന്ന തെറ്റാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജാമ്യംകിട്ടുന്നതിനു മുന്‍പ് ജയിലില്‍ കിടന്ന രണ്ടുവര്‍ഷവും ജാമ്യം കിട്ടിയതിനുശേഷം ജയിലിനു പുറത്ത് ജീവിച്ച ഒന്നര വര്‍ഷവും അദ്ദേഹം പറഞ്ഞതും എഴുതിയതും പ്രസംഗിച്ചതും പൊതുജനാരോഗ്യത്തെപ്പറ്റി മാത്രമാണ്. വര്‍ധിച്ചുവരുന്ന ദാരിദ്ര്യത്തെപ്പറ്റിയാണ്. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ഒറീസയിലെയുമൊക്കെ ആദിവാസിമേഖലകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഫ്രിക്കയിലെ സബ്‌സഹാറന്‍ രാജ്യങ്ങളെക്കാള്‍ പിറകിലാണെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. തനിക്കറിയാത്ത കാര്യങ്ങളെപ്പറ്റി പൊതുവെ അദ്ദേഹം നിശ്ശബ്ദനാണ്. അക്രമം ആരുടെതായാലും അത് എതിര്‍ക്കുകതന്നെവേണമെന്നല്ലാതെ, സ്വകാര്യസംഭാഷണത്തില്‍പോലും ഏതെങ്കിലുമൊരു വിഭാഗത്തിന്റെ അക്രമത്തെ അദ്ദേഹം ന്യായീകരിച്ചിട്ടില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. 2002-ല്‍ പി.യു.സി.എല്ലിന്റെ ദേശീയ വൈസ്പ്രസിഡന്റായപ്പോള്‍ ആ പദവിയും അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു.

  ജനാധിപത്യത്തിലും അതിന്റെ പ്രക്രിയയിലും വിശ്വസിച്ചതുപോലെത്തന്നെ നിയമത്തിലും അതിന്റെ പ്രക്രിയകളിലും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും വിശ്വസിച്ചിരുന്നു. ജാമ്യം കിട്ടിയ സമയത്ത് വളരെയെളുപ്പം വേണമെങ്കില്‍ അദ്ദേഹത്തിന് വിദേശത്തേക്ക് രക്ഷപ്പെടാമായിരുന്നു. വിചാരണ ഛത്തീസ്ഗഢിനു പുറത്തേക്കു മാറ്റാന്‍ സുഹൃത്തുക്കള്‍ പലരും ഉപദേശിച്ചിട്ടും അദ്ദേഹം അത് ചെയ്തില്ല.

  റായ്പുര്‍ സെന്‍ട്രല്‍ ജയിലിന്റെ ഇടുങ്ങിയ മുറ്റത്ത്, ഒരു ഇരുമ്പുകൂട്ടില്‍ കിടക്കുന്ന അദ്ദേഹവും ആഭ്യന്തരമന്ത്രി ചിദംബരവും പറയുന്ന ജനാധിപത്യവും ജനാധിപത്യ പ്രക്രിയകളും രണ്ടും രണ്ടാവാനേ സാധ്യതയുള്ളൂ.

  ജനാധിപത്യത്തില്‍ വിശ്വസിക്കണം എന്ന് ചിദംബരം ജനങ്ങളോട് ഉദ്‌ഘോഷിക്കുമ്പോള്‍ ഒരുപക്ഷേ, അദ്ദേഹം മനസ്സില്‍ കാണുന്നത് ഛത്തീസ്ഗഢിലെ ജനാധിപത്യത്തെയായിരിക്കണം. രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് വളരെ സന്തോഷകരവും സൗകര്യപ്രദവുമായ ഒരു ജനാധിപത്യമാണ് അവിടെ നിലനില്ക്കുന്നത്. അവിടെ ആധിപത്യം കോര്‍പ്പറേറ്റ് കമ്പനികള്‍ക്കാണ്. അതായത് ജനം എന്നുവെച്ചാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍. ജനങ്ങള്‍ക്കുവേണ്ടിയുള്ള നയങ്ങള്‍ എന്നുവെച്ചാല്‍ എം.എന്‍.സി.കള്‍ക്കുവേണ്ടിയുള്ള നയങ്ങള്‍. വികസനപദ്ധതികള്‍ എന്നുവെച്ചാല്‍ ഖനനവും സ്റ്റീല്‍ നിര്‍മാണവും വൈദ്യുതി പദ്ധതികളുമൊക്കെയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ഒരേയൊരു കാര്യം മാത്രം. ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുക. തമാശയല്ല. ഛത്തീസ്ഗഢ് ഗവണ്‍മെന്റിന്റെതന്നെ രേഖകളനുസരിച്ച് 2003 ഡിസംബറിനുശേഷം സ്റ്റീല്‍, വൈദ്യുതി മേഖലകളില്‍ മാത്രം 3.26 ട്രില്യണ്‍, അതായത്, 3260000000000 രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

  ധാരണാപത്രം ഒപ്പുവെക്കുക എന്നതു മാത്രമല്ല, പദ്ധതികള്‍ക്കുവേണ്ടി ഭൂമി കണ്ടെത്തിക്കൊടുക്കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. "ജന'ത്തിനുവേണ്ടി എന്തും ചെയ്യാന്‍ അവിടത്തെ രാഷ്ട്രീയനേതൃത്വം പ്രതിബദ്ധമാണ്. ഭൂമിക്കുവേണ്ടിയാണ് യഥാര്‍ഥത്തില്‍ സാല്‍വ ജുദും എന്ന പേരില്‍ ആദിവാസിസേനയെ വളര്‍ത്തിയെടുത്തത്.

  അവര്‍ക്ക് ആയുധങ്ങളും പണവും സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്ന പദവിയും നല്കി കാട്ടില്‍നിന്ന് ആദിവാസികളെത്തന്നെ അഭയാര്‍ഥിക്യാമ്പുകളിലേക്ക് തുരത്തിയത്. 640 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. അമ്പതിനായിരത്തോളം ആദിവാസികളെ ക്യാമ്പുകളിലെത്തിച്ചു. ബസ്തര്‍ മേഖലയില്‍നിന്ന് മൂന്നുലക്ഷത്തോളം ആദിവാസികള്‍ എവിടേക്കോ ചിതറിയോടി. 2005-ലാണ് സാല്‍വ ജുദുമിന്റെ ക്രൂരതകള്‍ അരങ്ങേറുന്നത്. 2005-ല്‍തന്നെയാണ് 10,000 കോടി രൂപയുടെ സ്റ്റീല്‍ നിര്‍മാണ പദ്ധതിക്ക് ടാറ്റാ സ്റ്റീലും 7000 കോടി രൂപയുടെ പദ്ധതിക്ക് എസ്സാര്‍ സ്റ്റീലും ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. തുടക്കത്തില്‍ ഈ രണ്ടു കമ്പനികളും സാല്‍വ ജുദുമിന് പണം നല്കി പ്രോത്സാഹിപ്പിച്ചുവെന്ന് കേന്ദ്ര ഗ്രാമീണമന്ത്രാലയത്തിന്റെ ഒരു റിപ്പോര്‍ട്ടിന്റെ ആദ്യ ഡ്രാഫ്റ്റില്‍ പറഞ്ഞിരുന്നു.

  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ, "ജന'ത്തിന്റെ സുരക്ഷയെപ്പറ്റിയും സര്‍ക്കാരിനും പ്രതിപക്ഷത്തിനുമൊക്കെ നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഛത്തീസ്ഗഢ് സ്‌പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ടിന്-അതും 2005-ല്‍തന്നെ-രൂപംനല്കിയത്. ഈ നിയമമനുസരിച്ച് സര്‍ക്കാരിനെതിരെ ആരെങ്കിലും അവരുടെ മനസ്സില്‍ എന്തെങ്കിലും ചിന്തിക്കുന്നുണ്ട് എന്ന് പൊലീസിനു തോന്നിയാല്‍ മതി അവരെ പിടിച്ച് അകത്തിടാം. അത് കോടതിയില്‍പ്പോലും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. ധാതുലവണങ്ങളാലും പ്രകൃതിവിഭവങ്ങളാലും സമ്പുഷ്ടമായ മധ്യ-പൂര്‍വേന്ത്യയില്‍ "ജനാധിപത്യം' ഏതുവിധേനയും നിലനിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മാത്രം കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ, രാഷ്ട്രീയനിറഭേദങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്. അര്‍ധസൈനിക വിഭാഗങ്ങളെ എത്ര വേണമെങ്കിലും അയച്ചുകൊടുക്കാന്‍ കേന്ദ്രം തയ്യാറാണ്. ഛത്തീസ്ഗഢില്‍ പ്രത്യേക സുരക്ഷാനിയമം നിലവില്‍ വരുന്നതിന് ഒരു വര്‍ഷം മുന്‍പ്, അതായത് 2004-ല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം ഭേദഗതി ചെയ്ത് അതിലേക്ക് പഴയ പോട്ടയുടെ (Prevention of Terrorism Act 2002) ചില വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിരുന്നു.

  ചിദംബരവും രമണ്‍ സിങ്ങും നവീന്‍ പട്‌നായിക്കും ബുദ്ധദേവുമൊക്കെ ഉദ്‌ഘോഷിക്കുന്ന "ജനാധിപത്യ'ത്തിന് തടസ്സമാണ്, മറ്റൊരു ജനാധിപത്യത്തെയും അതിന്റെ പ്രക്രിയകളെയും പറ്റി പറയുകയും മറ്റൊരു നിയമവ്യവസ്ഥയിലും അതിന്റെ പ്രക്രിയകളിലും വിശ്വസിക്കുകയും ചെയ്യുന്ന ബിനായക് സെന്നും മറ്റനേകം പേരും. അതുകൊണ്ടുതന്നെ അവരെ തത്കാലം സീനില്‍നിന്ന് മാറ്റിയേ പറ്റൂ. ഛത്തീസ്ഗഢ് സ്‌പെഷല്‍ പബ്ലിക് പ്രൊട്ടക്ഷന്‍ ആക്ടിന്റെ പിടിയില്‍പ്പെട്ട് അവിടത്തെ ബിനായക് സെന്‍ മാത്രമല്ല മറ്റെത്രയോ പേര്‍ കഴിയുന്നുണ്ട്. അവരില്‍ എഴുത്തുകാരും ബുദ്ധിജീവികളും സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരുമൊക്കെയുണ്ട്. പിന്നെ, എന്തിനെന്നോ ഏതിനെന്നോ അറിയാത്ത ഒരുപാട് ആദിവാസികളും. അവരൊന്നും ബിനായക്കിനെപ്പോലെ പ്രശസ്തരല്ലാത്തതിനാല്‍ അവരുടെ കാര്യങ്ങള്‍ നാം അറിയുന്നില്ലെന്നു മാത്രം. രാജ്യദ്രോഹക്കുറ്റത്തിന്റെ വിചാരണവേളയില്‍ ബ്രൂം ഫീല്‍ഡിനു മുന്‍പാകെ നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്.

  ""ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനും തങ്ങളുടെ മൗലികാവകാശങ്ങള്‍ അനുഭവിക്കാനും കഴിയുമ്പോള്‍ മാത്രമേ അവരുടെ മനസ്സില്‍ സര്‍ക്കാരിനോട് പ്രതിപത്തി തോന്നുകയുള്ളൂ. നിയമങ്ങള്‍ക്കൊണ്ട് ജനങ്ങളുടെ മനസ്സില്‍ പ്രതിപത്തി സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിയുകയില്ല.'' രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതില്‍ താന്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിര്‍ത്തിയത്.

  കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ കൂട്ടിക്കൊടുപ്പുകാരായ ഭരണാധികാരികളും പണം വാങ്ങിയോ ഭീഷണിക്കു വഴങ്ങിയോ അവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന ജുഡീഷ്യറിയും മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന് നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്ന ഒരു പാഠമാണ് ബിനായക് സെന്‍. ജനാധിപത്യ പ്രക്രിയകള്‍ എത്രത്തോളം കഠിനവും ഭീതിദവും അപമാനകരവുമാണെന്ന് പഠിപ്പിക്കാനുള്ള പാഠം. സമൂഹത്തെ വ്യക്തികളാക്കാനും വ്യക്തികളെ അവരവരിലേക്ക് ഒതുക്കാനും അവരെപ്പറ്റി വേവലാതിയില്ലാത്തവരാക്കി മാറ്റാനുമുള്ള പാഠം. അപ്പീലിനു പോകാമല്ലോ എന്ന് പറയുമ്പോള്‍ അവര്‍ നമ്മളോട് ചോദിക്കുന്നത് കൊള്ളയടിക്കാനുള്ള സാവകാശമാണ്. നമ്മെ ഒന്നുമില്ലാത്തവരും ഒന്നുമല്ലാത്തവരുമാക്കി മാറ്റാന്‍ വേണ്ട സമയം. ‍

Post your comments.

Name:

Email:
(optional):

Please enter
your comments:


Print this article


The Quest Features and Footage
email: info@questfeatures.org