logo malayalam

| പരിസ്ഥിതി | സമൂഹം |

ഭോപ്പാല്‍ പോരാട്ടം യൗവനതീക്ഷ്ണതയില്‍

റഷീദാബി, ചമ്പാദേവി ശുക്ല/ എം. സുചിത്ര
16/12/2007

പരിസ്ഥിതിരംഗത്തെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ അവാര്‍ഡ് 2004-ല്‍ നേടിയത് റഷീദാബിയും ചമ്പാദേവിയുമാണ്. ഭോപ്പാല്‍ വാതകദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ദുരന്തം വിസ്മരിക്കപ്പെടാതിരിക്കാന്‍ നടത്തുന്ന യാതനാപൂര്‍ണമായ ശ്രമങ്ങളുടെയും പേരിലാണ് അവാര്‍ഡ്. ചമ്പാദേവിയും റഷീദാബിയും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. ചമ്പാദേവിയുടെ ഭര്‍ത്താവും ഒരു മകനും മരിച്ചു. രണ്ടാമത്തെ മകന്‍ ആത്മഹത്യ ചെയ്തു. റഷീദാബിയുടെ കുടുംബത്തില്‍ ആറുപേര്‍ കാന്‍സര്‍ വന്നു മരിച്ചു. രണ്ടുപേര്‍ക്കും വാതകദുരന്തം പല രോഗങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, തളര്‍ച്ചയില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ് ഇരുവരും. അവാര്‍ഡായി ലഭിച്ച തുക കൊണ്ട് "ചിംഗാരി'(തീപ്പൊരി) എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപവല്‍കരിച്ചിട്ടുണ്ട്.

champa
റഷീദാബി, ചമ്പാദേവി

*നിങ്ങള്‍ എങ്ങനെയാണ് ഒരുമിച്ചുവന്നത്?

റഷീദാബി: വാതകദുരന്തത്തിനു ശേഷം സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ സംഘടിപ്പിച്ചിരുന്നു. അവിടെവെച്ചാണ് ഞങ്ങള്‍ കാണുന്നത്. പക്ഷേ, അപ്പോള്‍ ഞങ്ങള്‍ക്ക് പരിചയമൊന്നുമില്ലായിരുന്നു. എല്ലാവരും വലിയ വിഷമത്തിലായിരുന്നു. ഭര്‍ത്താക്കന്മാരും കുട്ടികളും ബന്ധുക്കളുമൊക്കെ മരിച്ച സമയം. ആരും പരസ്പരം മിണ്ടില്ല. എല്ലാവരും തലയും താഴ്ത്തി മൗനമായി ഇരിക്കും.

ചമ്പാദേവി: ആപ്പ(റഷീദ) ഇവിടത്തുകാരിയല്ല എന്നാണ് ആദ്യം ഞാന്‍ കരുതിയിരുന്നത്. അറ്റന്‍ഡന്‍സ് വിളിക്കുമ്പോഴാണ് പേരുതന്നെ മനസിലാകുന്നത്.

*പൊതുപ്രവര്‍ത്തനത്തിലേക്ക് എങ്ങനെയാണ് ഇറങ്ങിയത്?

ചമ്പാദേവി: പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുക എന്നു കരുതി ഇറങ്ങിയതല്ല. തൊഴില്‍പരിശീലന പദ്ധതിയെപ്പറ്റി പറഞ്ഞില്ലേ? ഫയല്‍ ഉണ്ടാക്കുന്ന ജോലിയായിരുന്നു. അമ്പത് ഫയല്‍ ഉണ്ടാക്കിയാല്‍ അഞ്ചുരൂപ. പലപ്പോഴും കൂലി കിട്ടാറുണ്ടായിരുന്നില്ല. മൂന്നുമാസം കഴിഞ്ഞപ്പോഴും ഞങ്ങള്‍ക്ക് കാര്യമായ മറ്റു പരിശീലനങ്ങളൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടുന്നതാവും നല്ലത് എന്ന് ആരോ പറഞ്ഞു. അങ്ങനെ ഓരോരോ കാര്യത്തിനും വേണ്ടി ഇറങ്ങേണ്ടിവന്നു.

റഷീദ: മുഖ്യമന്ത്രിയെ കാണുക എന്നു പറയുമ്പോള്‍ മുഖ്യമന്ത്രി ആരാണെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ എല്ലാം ചോദിച്ചു ചോദിച്ചു ചെയ്യേണ്ടിവന്നു. അങ്ങനെ ചെയ്തുചെയ്ത് ഒടുവില്‍ ഞങ്ങള്‍ക്ക് എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കേണ്ടി വന്നു. പിന്നെ, ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ സ്‌റ്റേഷനറി കര്‍മചാരി സംഘ് എന്ന സംഘടന രൂപവല്‍കരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ദുരന്തത്തിനിരകളായവരോടൊപ്പം സര്‍ക്കാര്‍ നില്‍ക്കുന്നില്ല എന്നും ഞങ്ങള്‍ക്ക് മനസിലായി.

*എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചിംഗാരി ട്രസ്റ്റ് ചെയ്യുന്നത്?

റഷീദ: ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദുരന്തത്തിനിരകളായ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലാണ്. ചികിത്സയുടെ കാര്യത്തിലായാലും മറ്റേത് കാര്യത്തിലായാലും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. രണ്ടാം തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പോലും നല്‍കുന്നില്ലല്ലോ. ജനനവൈകല്യമുളള ഒട്ടേറെ കുട്ടികളുണ്ട് ഇവിടെ. മെഡിക്കല്‍ ക്യാമ്പുകളും സര്‍വേകളും നടത്തി അത്തരം കുട്ടികളെ കണ്ടെത്തും. വലിയ ഓപ്പറേഷന്‍ നടത്താനുളള ത്രാണിയൊന്നും ആര്‍ക്കുമില്ല. അതുകൊണ്ട് ചിംഗാരി ട്രസ്റ്റ് ഓപ്പറേഷന്റെ ചെലവ് വഹിക്കും. ഇതുവരെ 12 കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ കുട്ടികള്‍ സെറിബ്രല്‍ പാള്‍സി ബാധിച്ചവരാണ്. അത്തരം കുട്ടികള്‍ക്കുവേണ്ടി സ്‌പെഷല്‍ സ്കൂളുകള്‍ കണ്ടെത്തും. സ്കൂളില്‍ പോകാനും പഠിക്കാനും വേണ്ടിവരുന്ന ചെലവ് ഞങ്ങളുടെ ട്രസ്റ്റ് വഹിക്കും.

*വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ പ്രത്യേകമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ?

ചമ്പാദേവി: ഉണ്ട്, ഗര്‍ഭം ധരിക്കാതിരിക്കുക, തുടര്‍ച്ചയായ അബോര്‍ഷന്‍, ആര്‍ത്തവസംബന്ധമായ ഗുരുതരമായ ക്രമക്കേടുകള്‍ തുടങ്ങിയവയൊക്കെ ധാരാളമായി കാണുന്നുണ്ട്. ചില പെണ്‍കുട്ടികള്‍ക്ക് 25 വയസാകുമ്പോഴേ ആര്‍ത്തവവിരാമം സംഭവിക്കുന്നുണ്ട്. പക്ഷേ, ഈ വിഷയത്തില്‍ കാര്യമായ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ട് ഏതൊക്കെ വിധത്തിലാണ് വിഷവാതകം ആരോഗ്യത്തെയും പ്രത്യുല്‍പ്പാദന ശേഷിയെയുമൊക്കെ ബാധിച്ചത് എന്നു കൃത്യമായി അറിയില്ല.

*കഴിഞ്ഞ മാര്‍ച്ചില്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയിലേക്ക് ഒരു പദയാത്ര നടത്തിയിരുന്നില്ലേ? എന്തൊക്കെയായിരുന്നു നിങ്ങളുടെ ഡിമാന്‍ഡുകള്‍?

ഭോപ്പാലിനുവേണ്ടി ഒരു ദേശീയ കമ്മിഷന്‍ രൂപവല്‍കരിക്കുക, ആ കമ്മിഷന് ആവശ്യമുളള അധികാരങ്ങളും ഫണ്ടും നല്‍കുക, യൂണിയന്‍ കാര്‍ബൈഡിന്റെ വിഷവാതകം ശ്വസിക്കുകയും മലിനജലം കുടിക്കുകയും ചെയ്തതുകാരണം രോഗികളായവര്‍ക്കും അവരുടെ കുട്ടികള്‍ക്കും അടുത്ത 30 വര്‍ഷത്തേക്ക് ചികിത്സയ്ക്കും സാമൂഹ്യവും സാമ്പത്തികവുമായ പുനരധിവാസത്തിനും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ഡൗ കെമില്‍ക്കസ് അതിന്റെ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതുവരെ ഇന്ത്യയില്‍ ബിസിനസ് ചെയ്യാനോ ബിസിനസ് ശൃംഖല വിപുലമാക്കാനോ അനുവദിക്കാതിരിക്കുക, യൂണിയന്‍ കാര്‍ബൈഡ് കോമ്പൗണ്ടും പരിസരവും ശുചിയാക്കേണ്ട ഉത്തരവാദിത്വം ഡൗ കെമിക്കല്‍സ് വഹിക്കുക എന്നതൊക്കെയായിരുന്നു പ്രധാന ഡിമാന്‍ഡുകള്‍.

*ഭോപ്പാല്‍ ദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്?

റഷീദ: എത്രത്തോളം മോശമായി കൈകാര്യം ചെയ്യാമോ അത്രയും മോശമായ രീതിയില്‍ തുടക്കം മുതലേ യൂണിയന്‍ കാര്‍ബൈഡിന്റെ കൂടെയായിരുന്നു സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമാണ് ഇവിടെ നടന്നത്. എന്നിട്ടുപോലും ആരോഗ്യ-സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതക മേഖലകളില്‍ ഈ ദുരന്തം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഒരു പഠനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ കെട്ടിക്കിടക്കുന്നതും ഭൂമിക്കിടയില്‍ കുഴിച്ചിട്ടതുമായ രാസപദാര്‍ത്ഥങ്ങള്‍ വഴി മണ്ണും ജലവും എത്രമാത്രം മലിനമാകുന്നുണ്ട് എന്നുപോലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ആരോഗ്യരംഗത്തും ചികിത്സാരംഗത്തും ഇതുപോലെ തന്നെയാണ്. സ്വയം ചെയ്യുന്നില്ല എന്നു മാത്രമല്ല, അത്തരത്തിലുളള സംരംഭങ്ങളെ തടസപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. 1994 വരെ ഒരു തരത്തിലുളള പഠനവും സമ്മതിച്ചില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനങ്ങള്‍ പോലും നിര്‍ത്തിവെച്ചു. ഭോപ്പാല്‍ ദുരന്തം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാതിരുന്നതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഇത്ര സങ്കീര്‍ണമായത്.

*വിഷവാതകം ശ്വസിച്ചതുകാരണം ജോലി ചെയ്യാല്‍ ശേഷി നഷ്ടപ്പെട്ട അമ്പതിനായിരത്തോളം പേര്‍ ഉണ്ടെന്നാണല്ലോ കണക്ക്. അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തോ?

ചില തൊഴില്‍ പരിശീലന പദ്ധതികള്‍ ആവിഷ്കരിച്ചു. അതിന്റെ പേരില്‍ കുറേ കോടികളും മുടക്കി. ഉദാഹരണത്തിന്, പതിനായിരം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നു പറഞ്ഞുകൊണ്ട് എട്ടുകോടി രൂപയുടെ ചെലവില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 152 ഷെഡുകള്‍ പണിതിരുന്നു. പകുതിയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ബാരക്കുകളായിട്ടാണ് ഉപയോഗിച്ചത്. ബാക്കി മുഴുവന്‍ ഒഴിഞ്ഞു കിടക്കുന്നു. അതുപോലെ, പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പേരില്‍ 70 കോടി ചെലവാക്കി എന്നാണ് കേള്‍ക്കുന്നത്. പക്ഷേ, ഞങ്ങള്‍ക്ക് കുടിവെളളം പോലും കിട്ടുന്നില്ല.

*ഫാക്ടറി കോമ്പൗണ്ട് വൃത്തിയാക്കാനുളള പകുതി ചെലവ് വഹിക്കാമെന്ന് ഡൗ കമ്പനി ഇപ്പോള്‍ പറയുന്നുണ്ടല്ലോ.

ചമ്പാദേവി: അതു പോരാ. മുഴുവന്‍ ചെലവും ഡൗ തന്നെ വഹിക്കണം. ഈ ഓഫര്‍ നിയമബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമാണ്. കാര്‍ബൈഡിനെതിരേ ഇവിടെ ക്രിമിനല്‍ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. അവരെ ഡൗ ഹാജരാക്കിയേ പറ്റൂ. ഇന്ത്യന്‍ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണ് ഈ അമേരിക്കന്‍ കമ്പനി.

*ഭോപ്പാലില്‍ നിന്ന് രാസമാലിന്യം ഗുജറാത്തിലെ ആംഗലേശ്വറിലെ ഇന്‍സിനറേറ്ററില്‍ കൊണ്ടുചെന്നു കത്തിക്കാനുളള പദ്ധതിയുണ്ടല്ലോ.

റഷീദ: ഉണ്ട്. അങ്ങനെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിധി. പകുതി ചെലവ് കേന്ദ്രസര്‍ക്കാരും പകുതി ചെലവ് സംസ്ഥാന സര്‍ക്കാരും വഹിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. ഇത്തരം മാലിന്യങ്ങള്‍ കത്തിക്കാനുളള കാര്യക്ഷമത ഗുജറാത്തിലെ ഇന്‍സിനറേറ്ററിനല്ല. ഇതിനകം തന്നെ ഇവിടെ എത്രയോ പേര്‍ മരിച്ചു കഴിഞ്ഞു. ഇനി ഗുജറാത്തിലെ ജനങ്ങള്‍ കൂടി കഷ്ടപ്പെടണോ? ഗുജറാത്തിന്റെ ഇതിനെതിരേ പ്രക്ഷോഭം നടക്കുന്നുണ്ട്.

*പക്ഷേ, ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചുവല്ലോ?

അതാണ് പ്രശ്‌നം. സത്യത്തില്‍ ഒരു സര്‍ക്കാരും ജനങ്ങളുടെ കൂടെയല്ല. അവരൊക്കെ വലിയ വ്യവസായികള്‍ക്കൊപ്പമാണ്. പണവും അധികാരവും മാത്രമാണ് എല്ലാവര്‍ക്കും വലുത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല അവര്‍ക്ക് വലുത്.

*ഡൗ കെമില്‍ക്കല്‍സ് ഈ മാലിന്യം അമേരക്കയിലേക്കു തിരികെ കൊണ്ടുപോകണമെന്നാണല്ലോ നിങ്ങള്‍ ആവശ്യപ്പെടുന്നത്. അതു സാധ്യമാണോ?

സാധ്യമാണ്. അവര്‍ ഉണ്ടാക്കിയ മാലിന്യം അവര്‍ കൊണ്ടുപോകണം. കോമ്പൗണ്ടും പരിസരവും ശുചിയാക്കാനും മണ്ണും വെളളവും മാലിന്യവിമുക്തമാക്കാനുമുളള ചെലവും അവര്‍ തന്നെയാണ് വഹിക്കേണ്ടത്. മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രകാരം യൂണിലിവര്‍ കമ്പനി അവരുടെ മെര്‍ക്കുറി മാലിന്യം കൊടൈക്കനാലില്‍ നിന്നു കൊണ്ടുപോയിരുന്നല്ലോ. അതുപോലെ യൂണിയന്‍ കാര്‍ബൈഡും കൊണ്ടുപോകണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡൗ കമ്പനിക്കാണ്. മാലിന്യത്തിനെതിരേയുളള നിയമം അമേരിക്കയില്‍ വളരെ കര്‍ശനമാണല്ലോ. ഇന്ത്യയായതു കൊണ്ടാണ് യൂണിയന്‍ കാര്‍ബൈഡും ഡൗവുമൊക്കെ ഇങ്ങനെ പെരുമാറുന്നത്.

*ഭോപ്പാല്‍ ദുരന്തം വിസ്മരിക്കപ്പെടുന്നു എന്ന് തോന്നുന്നുണ്ടോ?

തോന്നലല്ല, സത്യമാണ്. ഞങ്ങളുടേത് ഉള്‍പ്പെടെ കുറച്ചു സംഘടനകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ് ഇത് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത്. ഈ ദിവസം അനുസ്മരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ദുരന്തത്തിനിരകളായവരുടെ പേരില്‍ ഒരു സ്മാരകം പോലും പണിതിട്ടില്ല. ഇത്രയും കാലം. ആകെ കൂടിയുളളത് ഞങ്ങള്‍, ചില സംഘടനകള്‍, ഒത്തുചേര്‍ന്ന് ചിംഗാരി ട്രസ്റ്റിന്റെ ഒരു കൊച്ചുമുറിയില്‍ തുടങ്ങിയിട്ടുളള മ്യൂസിയമാണ്. മരിച്ചവരുടെ ഫോട്ടോകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മുലക്കുപ്പികളുമൊക്കെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്ന് ഒരു ദേശീയദിനമായി ആചരിക്കണമെന്നും ഭോപ്പാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും പ്രത്യാഘാതങ്ങളും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

*നിങ്ങളുടേതും കഷ്ടപ്പെടുന്ന കുടുംബങ്ങളാണല്ലോ. അവാര്‍ഡുതുക കുടുംബത്തിനു വേണ്ടി ചെലവഴിക്കണമെന്ന് തോന്നിയിരുന്നോ?

ചമ്പാദേവി: ഒരിക്കലും തോന്നിയിട്ടില്ല. ദുരന്തത്തില്‍ പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുളള പ്രവര്‍ത്തനത്തിനാണ് ആ അവാര്‍ഡ് ലഭിച്ചത്. അതുകൊണ്ട് അത് ചെലവാക്കുന്നതും എല്ലാവര്‍ക്കും ഉപകാരമുളള കാര്യത്തിനു വേണ്ടിയാവണം. ഞങ്ങള്‍ അതില്‍ നിന്നും വ്യക്തിപരമായി ഒന്നുമെടക്കില്ല. ചിംഗാരി ട്രസ്റ്റ് ഉണ്ടാക്കിയതുതന്നെ അതുകൊണ്ടാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഒരു കാര്യത്തെച്ചൊല്ലിയും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്നും തോന്നുന്നില്ല. സമൂഹത്തിനുവേണ്ടി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയാണ് ഞങ്ങളെ ഈശ്വരന്‍ ഒന്നിച്ചാക്കിയത് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

*ഇരുപതിലേറെ വര്‍ഷമായി നീതിക്കു വേണ്ടിയുളള ഈ യുദ്ധം നിങ്ങള്‍ക്കു മടുക്കുന്നില്ലേ?

റഷീദ: ഇല്ല. ഒരു കുട്ടി വളരുന്നതുപോലെയാണ് ഞങ്ങള്‍ ഈ പോരാട്ടത്തെ കാണുന്നത്. തുടക്കത്തില്‍ അതിന് ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 23 വയസായി. പോരാട്ടം അതിന്റെ യുവത്വത്തിലാണ്. ഇനിയാണ് യഥാര്‍ത്ഥ യുദ്ധം.

Post your comments.

Name:

Email:
(optional):

Please enter
your comments:

lineimage

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org