logo malayalam

| പരിസ്ഥിതി | സമൂഹം |

അവര്‍ ഇപ്പോഴും അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിക്കുകയാണ്

എം. സുചിത്ര
16/12/2007

bhopal

കട്ടിക്കണ്ണട ഊരിയാല്‍ പിന്നെ ജബ്ബാര്‍ഭായിക്ക് ഒന്നും കാണാനാവില്ല. ആകെ ഒരു മൂടലാണ്. തൊട്ടടുത്തുളളവരെപ്പോലും നിഴല്‍പോലെ മാത്രമേ കാണാനാവൂ. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പാണ് ജബ്ബാര്‍ഭായിയുടെ കണ്ണില്‍ ഇരുട്ട് കൂടുകെട്ടിയത്. കൃത്യമായി പറഞ്ഞാല്‍ 1984 ഡിസംബര്‍ രണ്ടിന്. അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ഭോപ്പാലിലെ കീടനാശിനി ഫാക്ടറിയില്‍ നിന്ന് മീഥൈല്‍ ഐസോസയനൈറ്റ് എന്ന മാരകമായ വാതകം ചോര്‍ന്ന രാത്രി. ഒന്നും അറിയാതെ ഉറങ്ങുകയായിരുന്ന നഗരത്തിന്റെ ആകാശത്ത് വിഷമേഘങ്ങള്‍ മണിക്കൂറുകളോളം തങ്ങിനിന്ന ആ രാത്രി പുലര്‍ന്നപ്പോള്‍ തെരുവീഥികള്‍ നിറയെ ശവങ്ങള്‍ അടിഞ്ഞുകൂടിയിരുന്നു. അന്ന് മരിച്ചവര്‍ മൂവായിരമെന്ന് കാര്‍ബൈഡ്; എണ്ണായിരമെന്ന് രക്ഷപ്പെട്ടവര്‍. മുനിസിപ്പല്‍ ജീവനക്കാര്‍ പറയുന്നത് പതിനയ്യായിരം മൃതദേഹങ്ങളെങ്കിലും അവര്‍ സ്വന്തം കൈക്കൊണ്ട് എടുത്തു മാറ്റിയെന്നാണ്. അന്നും തുടര്‍ന്നും ജബ്ബാര്‍ ഭായിയെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ കാഴ്ച നഷ്ടപ്പെട്ടു.

അന്ന് ജബാര്‍ ഭായിക്ക് 25 വയസ്. "" ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ പൊരുതിത്തീര്‍ന്നു''. കണ്ണട നേരെയാക്കിക്കൊണ്ട് ജബ്ബാര്‍ഭായി ചിരിക്കുന്നു. നല്ലകാലം മാത്രമല്ല കുടുംബന്ധംകൂടി ശിഥിലമായി എന്നു തോന്നുന്നു. കൃത്യമായി പറഞ്ഞില്ല അദ്ദേഹം. വാശിപിടിച്ച് കരയുകയും കടലാസുകള്‍ കീറുകയും ടേപ്പ് റെക്കോഡര്‍ ഇടയ്ക്കിടെ ഓഫാക്കുകയും ചെയ്തു കൊണ്ടിരുന്ന നാലുവയസുകാരി മകളെ അടക്കിനിര്‍ത്താന്‍ പാടുപെടുക്കു കൊണ്ടാണ് ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംസ്ഥാന്റെ നേതാവ് മുഴുവന്‍ സമയവും സംസാരിച്ചത്.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ജബ്ബാര്‍ ഭായി പറഞ്ഞു. ""നാളെ ശനിയാഴ്ചയല്ലെ? പറ്റിയാല്‍ രാവിലെ പാര്‍ക്കില്‍ വരൂ. ദുരന്തത്തിനിരയായ ഒരുപാടുപേരെ നിങ്ങള്‍ക്ക് ഒരുമിച്ചു കാണാം. എല്ലാ ശനിയാഴ്ചയും ഞങ്ങള്‍ യോഗം ചേരാറുണ്ട്''.

പത്തോ പതിനഞ്ചോ പേര്‍ പങ്കെടുക്കുന്ന ഒരു പതിവുയോഗമായിരിക്കും അതെന്ന ധാരണയിലാണ് പിറ്റേന്നു രാവിലെ ഞാന്‍ രാജേന്ദ്ര നഗറിനടുത്തുളള പാര്‍ക്കിലേക്ക് പോയത്. ചെന്നപ്പോള്‍ പൂരത്തിനുളള ആളുകള്‍, വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളെ ഒക്കത്തെടുത്തവര്‍, കണ്ണുകാണാതെ മറ്റുളളവരുടെ കൈപിടിച്ചു നടക്കുന്നവര്‍. നഷ്ടപരിഹാരത്തിനുളള അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കുന്നവരുടെ നീണ്ട നിരകള്‍. വെളളത്തൊപ്പിവെച്ച്, കുര്‍ത്തയും പൈജാമയും ധരിച്ച, നീണ്ട നരച്ച താടിയുളള എഴുപതുവയസെങ്കിലും തോന്നിപ്പിക്കുന്ന ഒരു വൃദ്ധനുസമീപം ഞാനിരുന്നു.

"ക്യാ നാം ഹേ ആപ്കാ?'' ഞാന്‍ ലോഗ്യം ചോദിച്ചു.

"അലി അക്ബര്‍ ഖാന്‍''

"ആപ് ഭീ ഗ്യാസ് പീഡിത് ഹേ ക്യാ?''

എന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അലിഭായി കീശയില്‍ നിന്ന് ഒരു കാര്‍ഡെടുത്ത് കാണിച്ചു. അലി അക്ബര്‍ ഖാന്‍, ---അഹമ്മദ് ഇക്ബാല്‍ ഖാന്‍, ഗ്യാസ് പീഡിത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട് കാര്‍ഡില്‍. വാതകദുരന്തത്തിനിരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്. ഇരുപതിലേറെ വര്‍ഷമായി എത്രയോ പേരുടെ അസ്തിത്വം നിര്‍ണയിക്കുന്നത് ഈ തിരിച്ചറിയല്‍ കാര്‍ഡാണ്. നഷ്ടപരിഹാരത്തിനും ചികിത്സയ്ക്കുമൊക്കെ ആവശ്യമുളള കാര്‍ഡ്. അന്ന് വിഷവാതകം ശ്വസിച്ചതു കാരണം രോഗികളായി മാറിയ ഒന്നര ലക്ഷത്തോളം ആളുകളുണ്ട് ഭോപ്പാലില്‍. അവരില്‍ വലിയ ഒരു വിഭാഗത്തിന് ഈ കാര്‍ഡ് ഇനിയും കിട്ടിയിട്ടില്ല.

"മീറ്റിംഗിന് മുടങ്ങാതെ വരാറുണ്ടോ?'' ഞാന്‍ ചോദിച്ചു.

"കഴിഞ്ഞ 23 വര്‍ഷമായി എല്ലാ ശനിയാഴ്ചയും വരും. ഒരിക്കല്‍പോലും മുടക്കിയിട്ടില്ല. മരിക്കുന്നതുവരെ വരും.'' "എന്തിനാണ് വരുന്നത്?''

"ജബ്ബാര്‍ ഭായി പറഞ്ഞിട്ട്, അദ്ദേഹം തങ്ങളുടെ ദൈവമാണ്. ഞങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്ന ആള്‍. അദ്ദേഹം ഇരിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഇരിക്കും. നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും. മുദ്രാവാക്യം വിളിക്കാന്‍ പറഞ്ഞാല്‍ അങ്ങനെ ചെയ്യും.'' അലിഭായി പറഞ്ഞു.

"ഞങ്ങളാരും മുടക്കാറില്ല യോഗത്തിന് വരുന്നത്. വീട്ടില്‍ ഒരാള്‍ക്ക് വയ്യെങ്കില്‍ മറ്റൊരാള്‍ വരും. അമ്മയ്ക്ക് വയ്യാഞ്ഞിട്ടാണ് ഇന്ന് ഞാന്‍ വന്നത്''. ജബ്ബാര്‍ ഭായിയുടെ അപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി വിശദീകരിച്ചു.

"ജബ്ബാര്‍ ഭായി ഇല്ലാത്തപ്പോള്‍ ആരാണ് യോഗത്തിന് നേതൃത്വം നല്‍കുക?''

"കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷത്തിനുളളില്‍ ഒരു ശനിയാഴ്ചപോലും ജബ്ബാര്‍ഭായി ഇവിടെ ഇല്ലാതിരുന്നിട്ടില്ല''-അരുതാത്തതെന്തോ ഞാന്‍ ചോദിച്ചതുപോലെയുളള ഒരു നോട്ടത്തോടെ അലിഭായി പറഞ്ഞു.

bhopal
ജബ്ബാര്‍ ഭായി

അപ്പോഴേക്കും ജബ്ബാര്‍ഭായി വേദിയിലെത്തി. പിന്നെ ഉജ്ജ്വലമായ പ്രസംഗം. പ്രസംഗത്തിനിടയില്‍ ഇന്നലെവരെയുളള സംഭവവികാസങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്തു പറയുന്നു, ഹൈക്കോടതി എന്തു പറയുന്നു, സുപ്രീംകോടതിയുടെ നിലപാടെന്താണ്... യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഡൗ കെമിക്കല്‍സ് കോര്‍പറേഷന്‍ ഏറ്റെടുത്തതും ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് ഡൗ കെമിക്കല്‍സിനോടാണെന്നുമൊക്കെ കൂടി നില്‍ക്കുന്നവര്‍ക്കറിയാം. 23 വര്‍ഷം ചെറിയ കാലയളവല്ലല്ലോ. ഇനി വയ്യ എന്നു തോന്നാന്‍ ഇത്രയുംകാലം ധാരാളം മതി. കെട്ടു പോയേക്കാവുന്ന സമരവീര്യം വാക്കുകളിലൂടെ അദ്ദേഹം ഊതിക്കത്തിക്കുന്നതുകേട്ട് ഞാനിരുന്നു.

ഇരുപത്തിമൂന്ന് വര്‍ഷം ചെറിയ കാലയളവല്ലല്ലോ. ഭോപ്പാലിനും വന്നിരിക്കുന്ന മാറ്റങ്ങള്‍. ലോകഭൂപടത്തില്‍ ഒരു ദുരന്തഭൂമിയായി എക്കാലവും മുദ്രകുത്തപ്പെടാന്‍ നയീ ഭോപ്പാലിന് തീരെ താല്‍പര്യമില്ല. നഗരത്തിന്റെ പ്രതിഛായ മറ്റൊന്നാക്കിമാറ്റാന്‍ ശിവരാജ് സിംഗ് ചൗഹാൻ സര്‍ക്കാര്‍ ആവത് ശ്രമിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപങ്ങള്‍ക്കുവേണ്ടി മറ്റെല്ലാ നഗരങ്ങളും മത്സരിക്കുമ്പോള്‍ ഭോപ്പാല്‍ മാത്രം പിന്നാലകരുതല്ലോ. പുതിയ ഭോപ്പാലിന്റെ മോടി കൂടിക്കൊണ്ടിരിക്കുകയാണ്. വാതകദുരന്തത്തിന് ഇരകളായവരുടെ ചികിത്സയ്ക്കും സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക പുനരധിവാസത്തിനും ഒരു പ്രത്യേക വകുപ്പും മന്ത്രിയുമൊക്കെയുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തെ ഒരുപാടുപോലും അവശേഷിപ്പിക്കാതെ ചരിത്രത്തില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യാം എന്നാണ് സര്‍ക്കാര്‍തലത്തിലുളള ആലോചന എന്നുതോന്നുന്നു. വാതകദുരന്തത്തെപ്പറ്റിയോ അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ നയീ ഭോപ്പാലിലെ പുതിയ തലമുറയ്ക്ക് കാര്യമായി എന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല. കോളജിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടിയോട് ഭോപ്പാല്‍ ഗ്യാസ് ട്രാജഡിയെപ്പറ്റി ഒന്നു ചോദിച്ചുനോക്കൂ. അമ്പരന്ന ഒരു നോട്ടം അതല്ലെങ്കില്‍ "ക്യാട്രാജഡി' എന്ന ഒരു മറുചോദ്യമായിരിക്കും ഉത്തരം. ഭോപ്പാലിന് സംഭവിച്ചതെന്താണെന്നോ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്നോ അവര്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുന്നത്. പാഠപുസ്തകങ്ങള്‍ പോലും ഇക്കാര്യം മിണ്ടുന്നില്ലല്ലോ. ലോകത്തിലെ ഏറ്റവും വലിയ ഒരു ദുരന്തത്തിന് ഒരു സ്മാരകം പോലുമില്ലല്ലോ നയീ ഭോപ്പാലില്‍. അല്ലെങ്കില്‍ നയീ ഭോപ്പാലിനെന്തു പ്രശ്‌നം! ദുരന്തത്തിന്റെ ദുരിതങ്ങള്‍ പേറുന്നതത്രയും പുരാനീ ഭോപ്പാലിലെ സാധാരണക്കാരും പാവപ്പെട്ടവരുമാണല്ലോ. നയീ ഭോപ്പാലിനെയും പുരാനീ ഭോപ്പാലിനെയും വേര്‍തിരിക്കുന്ന വലിയ തടാകത്തിനിപ്പുറത്തേക്ക് അന്നുരാത്രി വിഷവാതകം വന്നെത്തിയിരുന്നില്ലല്ലോ

കാലം നിശ്ചലമായതു പോലെയാണ് ആദ്യം തോന്നുക. മതില്‍ക്കെട്ടിനുളളില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഒരു പ്രേതഭവനം പോലെ പഴയ ഫാക്ടി. അറുപതോളം ഏക്കര്‍ വരുന്ന ഫാക്ടറി കോമ്പൗണ്ട് മുഴുവന്‍ പുല്ലു പിടിച്ചുകിടക്കുന്നു. വന്‍ ദുരന്തത്തിനിടവരുത്തിയ ഇ-610 ടാങ്ക് ഒരു നോക്കുകുത്തിപോലെ അവിടെ തന്നെയുണ്ട്. പൊട്ടിയ കൂറ്റന്‍ പൈപ്പുകള്‍. ടാങ്കുകള്‍. പുല്ലുവളര്‍ന്ന മൈതാനത്ത് പശുക്കള്‍ മേഞ്ഞു നടക്കുന്നു.

ഫാക്ടറിക്കുളളിലെ കണ്‍ട്രോള്‍ റൂമില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന് പ്രിന്റു ചെയ്ത സ്‌റ്റേഷനറി സാധനങ്ങള്‍ ചിതറിക്കിടക്കുന്നു. മേശപ്പുറത്ത് ഫാക്ടറിയുടെ ഒരു മാതൃക പൊട്ടിയനിലയില്‍. അപകടമുണ്ടായാല്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്ന വലിയൊരു പോസ്റ്റര്‍ ചുമതരില്‍. കീടനാശിനിയുടെ നിരവധി തുറന്ന ബാഗുകള്‍. പലതിലും പോയിസന്‍ എന്ന് വലുതായി എഴുതിയിട്ടുണ്ട്. അന്നത്തെ ദുരന്തത്തിനുശേഷം ഒരുവിധത്തിലുളള ശുദ്ധീകരണവും ഇതുവരെ ഇവിടെ നടന്നിട്ടില്ല.

ശരിക്കുപറഞ്ഞാല്‍, തുടക്കം മുതലേ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിക്ക് കുഴപ്പങ്ങളുണ്ടായിരുന്നു. 1970-ലാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ കീടനാശിനി ഫാക്ടറി തുടങ്ങിയത്. ഇന്ത്യ കീടനാശിനിയുടെ ഒരു വന്‍ വിപണിയുടെ പ്രതീക്ഷ. എന്നാല്‍ എക്കാലവും വരള്‍ച്ചയുടെയും വെളളപ്പൊക്കത്തിന്റെയും കെടുതികളില്‍പ്പെട്ട് വലഞ്ഞിരുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കാര്‍ബൈഡിന്റെ കീടനാശിനി വാങ്ങാനൊന്നും കൈയില്‍ കാശുണ്ടായിരുന്നില്ല. സംരംഭം നഷ്ടമാവുകയാണെന്നു കണ്ടതോടെ 1980-ല്‍ ഫാക്ടറി നിര്‍മാണം നിര്‍ത്തി.

ഉല്‍പാദനം നിര്‍ത്തിയെങ്കിലും മാരകമായ രാസവസ്തുക്കളുടെ ശേഖരം ഫാക്ടറിക്കുളളില്‍ അശ്രദ്ധമായി കിടന്നു. മൂന്നുവലിയ ടാങ്കുകളിലായി 60 ടണ്‍ മീഥൈല്‍ ഐസോസയനൈറ്റാണ് അവിടെ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് പ്രതിപ്രവര്‍ത്തനത്തിന് വിധേയമാകുന്ന ഈ വാതം വളരെ കരുതലോടെവേണം സൂക്ഷിക്കേണ്ടത്. ഈ വാതകം ഉപയോഗിച്ചുളള കീടനാശിനി നിര്‍മാണം അപകടകരമാണെന്നതു കൊണ്ടുതന്നെ മറ്റു പല കമ്പനികളും ഈ സാഹസത്തിനു മുതിര്‍ന്നിരുന്നില്ല.

ഫാക്ടറി നഷ്ടത്തിലായതോടെ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും യൂണിയന്‍ കാര്‍ബൈഡ് വേണ്ടെന്നുവെച്ചു. ഫാക്ടറിയുടെ ഡിസൈനില്‍ തന്നെ തകരാറുണ്ടായിരുന്നു. ഇക്കാര്യം മാനേജ്‌മെന്റിന് അറിയുകയും ചെയ്യാമായിരുന്നു. ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫാക്ടറി നിര്‍മിച്ചിട്ടുളളതെന്നും അപകടസാധ്യതയുണ്ടെന്നും പക്ഷേ; ഇനി അതിനുമേല്‍ പണം ചെലവഴിക്കുന്നത് ലാഭകരമാവില്ലെന്നും കമ്പനിയുടെ രേഖകളില്‍ തന്നെ കൃത്യമായി പറഞ്ഞിരുന്നു. കമ്പനിയിലെ ഒരു തൊഴിലാളി തുരുമ്പുപിടിച്ച ഒരു പൈപ്പ് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കവേ, പൈപ്പില്‍ പലഭാഗത്തും പൊട്ടലുണ്ടാവുകയും വെളളം ഏറ്റവും വലിയ ടാങ്കിലേക്ക് ചോരുകയുമാണ് ഉണ്ടായത്. പ്രതിപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ടാങ്കിന്റെ കോണ്‍ക്രീറ്റ് മൂടി തെറിച്ചു പോവുകയായിരുന്നു. ചോര്‍ച്ചയുണ്ടാകുന്നപക്ഷം അതു തടയാന്‍ സ്ഥാപിച്ചിരുന്ന ആറ് സുരക്ഷാ സംവിധാനങ്ങളും ആ രാത്രി പ്രവര്‍ത്തനരഹിതമായിരുന്നു. 27 ടണ്‍ മീഥൈല്‍ ഐസോസയനൈറ്റാണ് ആ രാത്രി ചോര്‍ന്നത്.

അന്നത്തെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മൂവായിരമോ എണ്ണായിരമോ പതിനയ്യായിരമോ എന്നത് ഇപ്പോള്‍ അര്‍ത്ഥഹീനമാണ്. യൂണിയന്‍ കാര്‍ബൈഡ് കാരണമുളള മരണങ്ങള്‍ പണ്ടു കഴിഞ്ഞുപോയ ഒരു കാര്യമല്ല. ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. നിര്‍മാണത്തിലിരിക്കെ, കമ്പനി എണ്ണായിരം ടണ്‍ മാരകമായ ഖരമാലിന്യം കുഴിച്ചുമൂടിയിരുന്നു. പുറത്ത് ആയിരത്തോളം ടണ്‍ ഖരമാലിന്യം വേറെയും. ഇതില്‍ 386 ടണ്‍ മാലിന്യം സ്‌റ്റോറേജ് ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ട്. ബാക്കി കോമ്പൗണ്ടില്‍ അതുപോലെ കിടക്കുകയാണ്. മഴയത്ത് ഇത് കുത്തിയൊലിക്കുകയും മണ്ണിലേക്ക് അരിച്ചിറങ്ങുകയും ചെയ്യും. കോമ്പൗണ്ടിനകത്തെയും സമീപപ്രദേശങ്ങളിലെയും മണ്ണും ഭൂഗര്‍ഭജലവും തീര്‍ത്തും വിഷമമായിരിക്കുകയാണ്. 1999 ഡിസംബറില്‍ അന്താരാഷ്ട്ര പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് ഇന്റര്‍ നാഷണല്‍ നടത്തിയ ഒരു പഠനത്തില്‍ കാന്‍സര്‍, ബ്രെയിന്‍ ഡാമേജ്, ജനനവൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഇടവരുത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ വെളളത്തില്‍ ഭീഷണമായ രീതിയില്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് അനുവദനീയമായതിനെക്കാള്‍ 60 ലക്ഷം മടങ്ങാണ്! ഭ്രൂണത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന ട്രൈക്ലോറോ ഈഥൈന്റെ അളവ് 50 ഇരട്ടിയായിരുന്നു. പിന്നീട് 2002-ല്‍ ഗ്രീന്‍പീസ് തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫോം, റെഡക്ലോറോമീഥേന്‍, ലെഡ്, മെര്‍ക്കുറി, ട്രൈക്ലോറോ ബെന്‍സിന്‍ തുടങ്ങിയവയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിക്കു ചുറ്റുമുളള 16 ബസ്തികളില്‍(കോളനികള്‍) താമസിക്കുന്ന ഇരുപത്തയ്യായിരത്തോളം പേര്‍ ഈ വിഷജലമാണ് ഇപ്പോഴും കുടിക്കുന്നത്.

"ഹം ക്യാ കരേ, ദീദീ? ഔര്‍ കോയീ രാസ്താ നഹി. പാനി പീനാ ബിനാ മര്‍നാ യാജഹ്‌രീലാ പാനി പീകേ മര്‍നാ, യഹീ സവാല്‍ ഹൈ'' കാര്‍ബൈഡ് ഫാക്ടറിക്കു മുന്നില്‍ ജെ.പി നഗര്‍ കോളനിയില്‍ താമസിക്കുന്ന കുസുംബായി പറയുന്നു.(ഞങ്ങളെന്ത് ചെയ്യും? വേറെ വഴിയില്ല. വെളളം കുടിക്കാതെ മരിക്കണോ അതോ വിഷജലം കുടിച്ചു മരിക്കണോ?)

കോലാര്‍ ശുദ്ധജലപദ്ധതിയില്‍ ഈ ബസ്തികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും എത്രയും പെട്ടെന്ന് വെളളമെത്തിക്കണമെന്നും മൂന്നുവര്‍ഷം മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ പൈപ്പിടാനുളള ഒരു നീക്കവും നടന്നിട്ടില്ല. അതേസമയം, നയീ ഭോപ്പാലിലെ ഫ്‌ളാറ്റുകളിലും സമ്പന്നരുടെ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന പൈപ്പുകള്‍ പോകുന്നത് ഈ ബസ്തികള്‍ വഴിയാണ്. കോളനികളില്‍ ജനങ്ങള്‍ക്ക് ടാങ്കറുകളില്‍ വെളളമെത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, ഒരാഴ്ച കൂടുമ്പോഴോ രണ്ടാഴ്ച കൂടുമ്പോഴോ ഒക്കെയാണ് ടാങ്കറുകള്‍ വന്നെത്തുന്നതെന്ന് ജനങ്ങള്‍ പറയുന്നു. അങ്ങനെ കിട്ടുന്ന വെളളം കുടിക്കാന്‍പോലും തികയാറില്ല. കോളനികളില്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ സിന്റെക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇന്നേവരെ അവയില്‍ വെളളമെത്തിയിട്ടില്ല. വാതകച്ചോര്‍ച്ചയുടെ കഥ വീണ്ടും കേള്‍ക്കണമെന്നുണ്ടായിരുന്നില്ല എനിക്ക്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ എത്രയോ പേരില്‍ നിന്ന് ആ രാത്രിയെക്കുറിച്ചുളള വിവരണങ്ങള്‍ ഞാന്‍ കേട്ടുകഴിഞ്ഞിരുന്നു. പക്ഷേ, ഹാജ്‌റാബിയും തുടങ്ങുന്നത് അവിടെ നിന്നുതന്നെയാണ്.

"എന്റെ ഒരു വയസുളള കുഞ്ഞ് നിര്‍ത്താതെ കരയുന്നതുകേട്ടാണ് ഞാന്‍ ഉണര്‍ന്നത്. മുറി മുഴുവന്‍ വെളുത്ത പുക നിറഞ്ഞിരുന്നത് അരണ്ട വെളിച്ചത്തില്‍ കാണാമായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവും അഞ്ചുവയസുളള മൂത്തമകനും ഉണര്‍ന്നുവന്നു. പുറത്തു വലിയ ബഹളമായിരുന്നു. "ഭാഗോ, ഭാഗോ,'' എന്ന് എല്ലാവരും വിളിച്ചുപറയുന്നുണ്ടായിരുന്നു. അതിനിടയില്‍, മൂത്തമകനും ഭര്‍ത്താവും ഛര്‍ദിക്കാന്‍ തുടങ്ങി. കണ്ണ് വല്ലാതെ എരിയുന്നുണ്ടായിരുന്നു. മുളക് അരച്ചുതേച്ചതുപോലെ. ശ്വസിക്കുമ്പോള്‍ തീ ഉളളില്‍ പോകുന്നതുപോലെയായിരുന്നു. ഇളയമോന്റെ വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. ഞാന്‍ ഇളയമകനെയും ഭര്‍ത്താവ് മൂത്തമകനെയും എടുത്ത് പുറത്തേക്കോടി. തീര്‍ത്തും ഇരുട്ടായിരുന്നു. തെരുവുവിളക്കുകള്‍ ശരിക്ക് കത്തുന്നുണ്ടായിരുന്നില്ല. ഇരുട്ടത്ത് എല്ലാവരും ഓടുകയാണ്. ഞങ്ങളും ഓടി. മാത്രമല്ല, ഞങ്ങളുടെ കണ്‍മുമ്പില്‍വെച്ചുതന്നെ ആളുകള്‍ കുഴഞ്ഞുവീഴുകയും പിടഞ്ഞുമരിക്കുകയും ചെയ്തു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പലരുടെയും കുട്ടികള്‍ കൈവിട്ടുപോയി. വീണവരെ ചവിട്ടിയാണ് എല്ലാവരും ഓടിയത്. പലരും അങ്ങനെ മരിച്ചു. ഓടുന്നതിനിടയിലാണ് ഞങ്ങള്‍ ഓര്‍ത്തത്, ഉറങ്ങിക്കിടന്ന രണ്ടാമത്തെ മോനെ എടുത്തില്ല എന്ന്. പിന്നെ തിരിച്ചോടുകയായിരുന്നു. ശവങ്ങള്‍ക്കുമീതെ കൂടിയാണ് ഓടിയത്. വഴിയില്‍ മുഴുവന്‍ ആളുകള്‍ വീണു കിടക്കുന്നുണ്ടായിരുന്നു. കോളനിയില്‍ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് കണ്ണു തുറുക്കാന്‍പോലും കഴിയുന്നുണ്ടായിരുന്നില്ല. ഇളയമോന്റെ വായില്‍നിന്ന് ചോര വരാന്‍ തുടങ്ങിയിരുന്നു. ഒരുവിധം വീടിനുളളില്‍ കയറി. ഞങ്ങളുടെ രണ്ടാമത്തെ മോന്‍ ബോധംകെട്ട് മരിച്ചതുപോലെ കിടക്കുന്നുണ്ടായിരുന്നു. "ഹാജ്‌റാബി ഒരുമിനിഷത്തേക്കു നിര്‍ത്തി. 23 വര്‍ഷത്തിനുശേഷവും മകനെ എടുക്കാതെ ഓടിയതിലുളള വേദനയും ആത്മനിന്ദയും അവര്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തം! അവര്‍ കരയാന്‍ തുടങ്ങിയിരുന്നു.

"പക്ഷേ, ഇപ്പോള്‍ തോന്നുന്നു, അന്ന് മരിച്ചുപോയാല്‍ മതിയായിരുന്നുവെന്ന്. മരിച്ചവര്‍ ഭാഗ്യമുളളവരാണ്. ബാക്കിയായവര്‍ നരകമാണ് അനുഭവിക്കുന്നത്. ഓരോ വീട്ടില്‍ നിന്ന് ഏഴും എട്ടും പേര്‍ മരിച്ചു. എത്രയോ കുട്ടികള്‍ അനാഥരായി. ഞങ്ങള്‍ക്കാര്‍ക്കും ഇപ്പോള്‍ പണിയെടുക്കാനുളള ശേഷിയില്ല. കൂലിപ്പണി ചെയ്താണ് ഞങ്ങളൊക്കെ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ കുറച്ചു ജോലി ചെയ്യുമ്പോഴേക്കും ക്ഷീണമാണ് ശരീരംകൊണ്ട് നന്നായി അധ്വാനിക്കേണ്ട ജോലിക്കൊന്നും പോകാന്‍ ഇപ്പോള്‍ ആര്‍ക്കും കഴിയുന്നില്ല. ശരിയാണ്, മുറിവേറ്റവര്‍ക്ക് 25,000 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപയുമൊക്കെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. പക്ഷേ, കിട്ടിയതും കിട്ടാത്തതുമൊക്കെ തുല്യമാണ്. കിട്ടിയവര്‍ക്ക് പണം മുഴുവനും ആശുപത്രിയില്‍ ചെലവാക്കേണ്ടി വന്നിട്ടുണ്ട്. അറിയുമോ നിങ്ങള്‍ക്ക്, ഗ്യാസ് പീഡിത് കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ആരും തയ്യാറല്ല. പെണ്‍കുട്ടികള്‍ക്ക് ക്ഷീണമായിരിക്കും, വീട്ടുജോലി നന്നായി ചെയ്യാനാവില്ല, ഗര്‍ഭം ധരിക്കില്ല, ഗര്‍ഭമുണ്ടായാല്‍തന്നെ അലസിപ്പോകും. ഇവിടത്തെ ആണ്‍കുട്ടികള്‍ പോലും പുറത്തുനിന്ന് അധികവും പലതരം വൈകല്യമുളള കുട്ടികളാണ്. ചുണ്ടില്ലാത്തവര്‍, മൂക്കില്ലാത്തവര്‍, വലിയ തലയുളളവര്‍....'' പറഞ്ഞുപറഞ്ഞ് ഹാജ്‌റാബിക്ക് ശ്വാസം കിട്ടാത്തതുപോലെ. "ഞങ്ങളുടെ കുട്ടികളുടെ ബാല്യം മുഴുവന്‍ ആശുപത്രിയിലായില്ലേ? അത് ആര് തിരിച്ചുതരും. എത്രപേര്‍ക്കാണ് മനോരോഗങ്ങള്‍ വന്നത്? എത്ര ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തു? അതിന് ആര് ഉത്തരം പറയും? ആര്‍ക്കാണ് ഞങ്ങളുടെ കാര്യത്തില്‍ താല്‍പര്യമുളളത്? ഞങ്ങള്‍ക്ക് വെളളം കിട്ടുന്നുണ്ടോ, ചികിത്സ കിട്ടുന്നുണ്ടോ എന്നൊക്കെ ആരാണ് നോക്കുന്നത്? എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ഒരുപോലെയാണ്. ഞങ്ങള്‍ ഇപ്പോള്‍ ഭോപ്പാലിന് അപമാനമായതെങ്ങനെയാണ്? ഈ ദുരന്തം ഞങ്ങളുടെ കുറ്റമാണോ? ഞങ്ങളാണോ യൂണിയന്‍ കാര്‍ബൈഡിനെ ഇങ്ങോട്ട് ക്ഷണിച്ചു കൊണ്ടുവന്നത്? ബാബുലാല്‍ ഗൗര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങള്‍ ഇവിടത്തെ സ്ത്രീകള്‍ ചെന്ന് അയാളുടെ കൈയില്‍ രാഖി(രക്ഷാബന്ധന്‍) കെട്ടിയിരുന്നു. ഇപ്പോള്‍ അയാളാണ് ഭോപ്പാല്‍ ദുരിതാശ്വാസവകുപ്പിന്റെ മന്ത്രി. എന്നിട്ട് വന്നോ അയാള്‍ ഒതുതവണയെങ്കിലുമിവിടെ?'' ക്ഷോഭംകൊണ്ട് ഹാജ്‌റ ശരിക്കും ഹിസ്റ്റീരിക്കലാകുന്നു. "ഞങ്ങള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീവിതം തന്നെ ഒരു യുദ്ധമാണ്. മരണവും ജീവിതവുമൊക്കെ ഇപ്പോള്‍ ഒരുപോലെയായിരിക്കുന്നു.....''

ഒടുവില്‍ ഒരു ആര്‍ത്തനാദംപോലെ ഹാജ്‌റ ചോദിക്കുന്നു. ""നീതിക്കുവേണ്ടി ഞങ്ങള്‍ നടത്തുന്ന ഈ പോരാട്ടത്തില്‍ നില്‍ക്കുമോ മുഴുവന്‍ ഭാരതവും ഞങ്ങളുടെ കൂടെ? നില്‍ക്കുമോ നിങ്ങള്‍ ഞങ്ങളുടെ കൂടെ?'' ഒരക്ഷരംപോലും മിണ്ടാനാവാതെ ഞാന്‍ സ്തബദയായി ഇരിക്കുന്നു.

ദുരന്തം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍പ്പോലും തീരുമാനമായത്. വെറും 470 മില്യണ്‍ ഡോളര്‍. കേന്ദ്രസര്‍ക്കാരും യൂണിയന്‍ കാര്‍ബൈഡും കൂടി ഉണ്ടാക്കിയ ആ ഒത്തുതീര്‍പ്പില്‍, പക്ഷേ, ദുരന്തത്തിനിരകളായവര്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. ഞങ്ങളുടെ അഭിപ്രായം ആരും അന്വേഷിച്ചില്ല. നഷ്ടപരിഹാരത്തിന്റെ വലിയൊരുഭാഗം രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഇടനിലക്കാരും കൈക്കലാക്കി. ദുരന്തത്തിനിരകളായവര്‍ക്ക് കിട്ടിയത് 150-500 ഡോളര്‍ മാത്രം. അതല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ചികിത്സാചെലവ്. ദുരന്തത്തിനിരകളായവരുടെ ചികിത്സാര്‍ത്ഥം ആറ് ആശുപത്രികള്‍ സ്ഥാപിച്ചു സര്‍ക്കാര്‍. ഈ ആശുപത്രികള്‍ ദുരന്തത്തിനിരകളായവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്നുണ്ടെന്നാണ് വെപ്പ്.

"എന്നാല്‍ ഈ ആശുപത്രികളില്‍ രോഗികള്‍ക്ക് ലഭിക്കുന്നത് അപകടകരമായ മരുന്നുകളാണ്. മറ്റു രാജ്യങ്ങള്‍ നിരോധിച്ച മരുന്നുകള്‍. ""ഭോപ്പാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്റെ(ബി.ഐ.ജി.എ) സ്ഥാപകന്‍ സതിനാഥ് സാരംഗി പറയുന്നു. മെറ്റര്‍ലര്‍ജിയില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരുന്ന സതിനാഥ്, ദുരന്തത്തിന്റെ പിറ്റേന്നാണ് ഭോപ്പാലിലെത്തിയത്. പിന്നീടൊരിക്കലും അദ്ദേഹം തിരിച്ചുപോയില്ല. ഭോപ്പാലില്‍ തന്നെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നോ വലിയ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നോ വന്‍കിട കമ്പനികളില്‍ നിന്നോ പണം സ്വീകരിക്കാതെ, വ്യക്തിപരമായ സംഭാവനകള്‍ കൊണ്ടു മാത്രം "സംഭാവനാ ക്ലിനിക് എന്നപേരില്‍ ദുരന്തത്തിനിരകളായവര്‍ക്കുവേണ്ടി മാത്രം വലിയൊരു ആശുപത്രി നടത്തുന്നുണ്ട് സതിനാഥും അദ്ദേഹത്തിന്റെ ഗ്രൂപ്പും. മീഥൈല്‍ ഐസോസയനൈറ്റിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നത് സംഭാവനാ ക്ലിനിക് മാത്രമാണ്. ""ദുരന്തം നടന്ന ആദ്യവര്‍ഷങ്ങളില്‍ വേണ്ട രീതിയിലുളള ഗവേഷണം നടത്താന്‍പോലും സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ഗവേഷണം തുടങ്ങിയിരുന്നെങ്കിലും ആ ഗവേഷണം 1994-ല്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. അത്തരം ഗവേഷണങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ ചികിത്സയുടെ കുറെ മുന്‍പുതന്നെ ഒരു മെഡിക്കല്‍ പ്രോട്ടോക്കോള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു''. കോടികള്‍ മുടക്കിയ വലിയ ആറ് ആശുപത്രികള്‍ സ്ഥാപിക്കുകയും കമ്മിഷന്‍ കിട്ടുമെന്നതുകൊണ്ട് യന്ത്രസാമഗ്രികള്‍ വാങ്ങിവെക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും രോഗികള്‍ക്കു വേണ്ട ശ്രദ്ധയോ ശരിയായ മരുന്നോ കിട്ടുന്നില്ലെന്ന് സാരംഗി പറയുന്നു. യൂണിയന്‍ കാര്‍ബൈഡിന്റെ പണം ഉപയോഗിച്ച് ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇവിടെ പോലും വിഷവാതകം ശ്വസിച്ചതുമായി ബന്ധപ്പെട്ടു പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അസുഖങ്ങളെപ്പറ്റി ഒരു ഗവേഷണവും നടക്കുന്നില്ല. പനിയെങ്കില്‍ പനിയുടെ മരുന്ന്, തലവേദനയെങ്കിലും അതിനുളള സാധാരണ മരുന്ന് എന്ന രീതിയിലുളള ചികിത്സയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്. മാത്രമല്ല, വാതകദുരന്തിനിരകളായവര്‍ക്കുവേണ്ടി സര്‍ക്കാര്‍ സ്ഥാപിച്ച ആശുപത്രികളില്‍ സ്വകാര്യരോഗികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും സതിനാഥ് സാരംഗി പറയുന്നു.

ഏറെനേരത്തെ കാത്തിരിപ്പിനുശേഷമാണ് ഭോപ്പാല്‍ വാതകദുരന്ത ദുരിതാശ്വാസ-പുനരധിവാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.എം. ഉപാധ്യായയെ കാണാന്‍ കഴിഞ്ഞത്. ദുരന്തത്തിനിരകളായവരുടെ ചികിത്സയ്ക്കുവേണ്ടിയും അവരെ സാമ്പത്തികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുന്നതിനും പാരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും ആവിഷ്കരിച്ച വ്യത്യസ്ത പദ്ധതികളെപ്പറ്റിയും അതിനുവേണ്ടി ചെലവാക്കിയ കോടികളെപ്പറ്റിയും കേന്ദ്ര-സംസ്ഥാന വിഹിതങ്ങളെപ്പറ്റിയുമൊക്കെ അദ്ദേഹം വിശദമായി പറയുന്നു. ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ 56 വാര്‍ഡുകളില്‍ 36 വാര്‍ഡുകളും ദുരന്തത്തില്‍പ്പെട്ടിരുന്നു. ഈ വാര്‍ഡുകളില്‍ വാട്ടര്‍ ടാങ്കുകളും പമ്പ്ഹൗസുകളും സ്ഥാപിക്കുന്നതിനുവേണ്ടി ചെലവാക്കിയ തുക, ആശുപത്രികളിലെ കിടക്കകളുടെ എണ്ണം, ബസ്തികള്‍, സിന്റെക്‌സ് ടാങ്കുകള്‍ സ്ഥാപിക്കാന്‍ ചെലവായ തുക, ആശുപത്രികളില്‍ യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ ചെലവായ തുക, ദുരന്തത്തിനിരകളായവര്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപിച്ച പണിപ്പുരകളുടെ എണ്ണം, പരിശീലന പദ്ധതികള്‍, അങ്ങനെ സ്ഥിതിവിവരക്കണക്കുകള്‍ പുരോഗമിക്കുകയാണ്.

"മിക്കവര്‍ക്കും നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ലെന്നാണല്ലോ പറയുന്നത്?''

"വെറുതെ പറയുന്നതാണ്. അതൊക്കെ എന്നോ കൊടുത്തു കഴിഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഓരോ ദിവസവും പുതിയ നൂറു ആളുകള്‍ വന്നാല്‍ എന്തുചെയ്യും? കുറെ കേസുകള്‍ കോടതിയിലാണ്. പലരും യഥാര്‍ത്ഥത്തില്‍ ദുരന്തത്തിനിരകളായവരല്ല''.

"ആശുപത്രികള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ല എന്നാണല്ലോ പലരും പറയുന്നത്?''

"ഏത് ആശുപത്രിയാണ് പ്രവര്‍ത്തിക്കാത്തത്? കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാണുന്ന അനാസ്ഥയൊക്കെയേ ഇവിടെയുമുളളൂ''

"രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമൊന്നുമില്ലല്ലോ. അവര്‍ക്ക് ചികിത്സയും സൗജന്യമല്ലല്ലോ?''

"നഷ്ടപരിഹാരവും സൗജന്യ ചികിത്സയും ദുരന്തത്തിനിരകളായവര്‍ക്കു മാത്രമാണ്. സെക്കന്‍ഡ് ജനറേഷനെയും തേഡ് ജനറേഷനെയും "വിക്ടിംസ്" എന്ന് നിങ്ങള്‍ എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്? ദുരന്തം നടക്കുമ്പോള്‍ അവര്‍ ഉണ്ടായിരുന്നോ?''

ഉറങ്ങുന്നവരെ ഉണര്‍ത്താം; ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ. ഞാന്‍ നന്ദിപറഞ്ഞ് എഴുന്നേറ്റു.

ഭോപ്പാലിലെ വാതകദുന്തരം നടന്നു നാലാംദിവസം അതായത് ഡിസംബര്‍ ഏഴിന്, കമ്പനിയുടെ അപ്പോഴത്തെ ചെയര്‍മാന്‍ വാറണ്‍ ആന്‍ഡേഴ്‌സനെയും കമ്പനിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ഭോപ്പാലില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ മുതല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളായിരുന്നു അവരുടെമേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ അന്നേദിവസം തന്നെ ആന്‍ഡേഴ്‌സണ്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവച്ചു പുറത്തിറങ്ങുകയും രായ്ക്കുരാമാനം സ്ഥലം വിടുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുശേഷം സി.ബി.ഐ, ആന്‍ഡേഴ്‌സനും യൂണിയന്‍ കാര്‍ബൈഡിനുമെതിരേ കേസ് ഫയല്‍ ചെയ്തു. പക്ഷേ, നഷ്ടപരിഹാരത്തുകയ്ക്കുവേണ്ടിയുളള ഒത്തുതീര്‍പ്പിനിടയില്‍ ക്രിമിനല്‍ കുറ്റം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കു കൊടുത്തു. 1991-ല്‍ ക്രിമിനല്‍ കുറ്റം സുപ്രീംകോടതി ശരിവച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതി ആന്‍ഡേഴ്‌സും യൂണിയന്‍ കാര്‍ബൈഡിനുമെതിരേ പലതവണ സമന്‍സ് അയച്ചു. ഒടുവില്‍ "പിടികിട്ടാപ്പുളളികളായി' അവര്‍ പ്രഖ്യാപിക്കപ്പെട്ടു.

ഇന്ത്യയില്‍ വിചാരണയ്ക്ക് വിധേയനായിരുന്നെങ്കില്‍ ആന്‍ഡേഴ്‌സന് പത്തുവര്‍ഷമെങ്കിലും തടവ് ലഭിക്കുമായിരുന്നു. പക്ഷേ, ഇന്ത്യയിലെ ഒരു കോടതിക്കു മുമ്പാകെയും ആന്‍ഡേഴ്‌സണ് കുറ്റവിചാരണ നേരിടേണ്ടി വന്നില്ല. ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നിട്ടും അതില്‍നിന്നു പോലും ആന്‍ഡേഴ്‌സണ്‍ രക്ഷപ്പെട്ടു. കുറെ വര്‍ഷത്തോളം ആന്‍ഡേഴ്‌സണ്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ, അഞ്ചുവര്‍ഷം മുമ്പ് ഹാംപ്ടണ്‍സില്‍ ആഢംബരജീവിതം നയിക്കുന്ന ആന്‍ഡേഴ്‌സനെ ഗ്രീന്‍പീസ് കണ്ടെത്തി. പക്ഷേ, അയാളെ ശല്യപ്പെടുത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും മനസുവരുന്നില്ല. കുറ്റവാളിയെ കൈമാറുന്ന കാര്യം ഇരു ഗവണ്‍മെന്റുകളും മിണ്ടുന്നില്ല. അങ്ങനെ, ഭോപ്പാലിലെ ജനങ്ങള്‍ ദുരിതജീവിതം നയിക്കുമ്പോള്‍ ആന്‍ഡേഴ്‌സന്‍ സകലവിധ പ്രൗഢിയോടെയും ജീവിതം ആസ്വദിക്കുകയാണ്.

bhopal
അമേരിക്കന്‍ കമ്പനിയായ ഡൗ കോര്‍പറേഷന്‍ യൂണിയന്‍ കാര്‍ബൈഡ് ഏറ്റെടുക്കുന്നത് 2001ലാണ്. അങ്ങനെ ഡൗ കെമിക്കല്‍സ് ലോകത്തിലെ ഏറ്റവും വലിയ രാസനിര്‍മാണ കമ്പനിയായി മാറി. ഇന്ത്യയിലും അമേരിക്കയിലും നിലവിലുളള നിയമങ്ങള്‍ അനുസരിച്ച് ഒരു കമ്പനി മറ്റൊന്നിനെ ഏറ്റെടുക്കുമ്പോള്‍ ആ കമ്പനിയുടെ ആസ്തി മാത്രമല്ല ബാധ്യതകള്‍ കൂടി ഏറ്റെടുക്കുന്ന കമ്പനിയുടേതായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ, യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുക്കാനുളള നീക്കത്തെ ഡൗവിന്റെ ഓഹരിയുടമകള്‍ എതിര്‍ത്തിരുന്നു.

എന്നാല്‍, യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ബാധ്യത ഒരുതരത്തിലും ഏറ്റെടുക്കില്ല എന്ന പിടിവാശിയിലാണ് ഡൗ. അതേസമയം, ടെക്‌സിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ആസ്ബസ്‌റ്റോസ് തൊഴിലാളികള്‍ക്കു നല്‍കാനുണ്ടായിരുന്ന നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ഏറ്റെടുത്ത ഉടന്‍ തന്നെ ഡൗ 2.2 ബില്യണ്‍ ഡോളര്‍ നീക്കിവെക്കുകയുണ്ടായി. അതായത്, യൂണിയന്‍ കാര്‍ബൈഡിന് അമേരിക്കയിലുളള ബാധ്യത തീര്‍ക്കാം, ഇന്ത്യയിലെ ബാധ്യത തീര്‍ക്കാനാവില്ല എന്നര്‍ത്ഥം. യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുത്ത വേളയില്‍, ഭോപ്പാലില്‍ ദുരന്തത്തിനിരകളായവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചതായി തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, "ഇന്ത്യക്കാര്‍ക്ക് 500 ഡോളറൊക്കെ ധാരാളം മതി'' എന്ന അടികൊളേളണ്ട ഒരു ഉത്തരമാണ് ഡൗവിന്റെ വക്താവ് കാതി ഹണ്ട് നല്‍കിയത്.

ഇങ്ങനെയുളള ഡൗ കെമിക്കല്‍സിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുളള രഹസ്യ നീക്കങ്ങളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഡൗവിന് യാതൊരു നിയമബാധ്യതയുമില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

നിയമബാധ്യതകളില്‍ നിന്ന് ഒഴിവാക്കിക്കിട്ടാന്‍ ഡൗ, ഇന്ത്യയിലെ സീനിയര്‍ ബ്യൂറോക്രാറ്റുകളില്‍ പ്രത്യക്ഷമായും പരോക്ഷമായും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് പ്രധാനമന്ത്രിയുടെ വസതിയില്‍വെച്ചുനടന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളില്‍ ഡൗവിന്റെ ചെയര്‍മാന്‍ ആന്‍ഡ്രൂ ലിവ്‌റിസും ഉണ്ടായിരുന്നു. രണ്ടുതവണ ഇത്തരം വിരുന്നുകള്‍ നടന്നു. ഇതിന്റെ ഫലമായി പശ്ചിമബംഗാളിലെ ഹല്‍ദിയയിലും ആന്ധ്രാപ്രദേശിലെ വൈസാഗിലും രണ്ട് പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ തുടങ്ങാമെന്നും അതില്‍ ഡൗ മുതല്‍ മുടക്കാമെന്നും ധാരണയായിരുന്നു. ഈ പദ്ധതി എത്രയും പെട്ടെന്ന് മുന്നോട്ടു നീക്കാന്‍ പ്ലാനിംഗ് കമ്മിഷന്‍ ഒരു സ്‌പെഷല്‍ ടാസ്ക് ഫോഴ്‌സിനു വരെ രൂപം നല്‍കി! ഈ വര്‍ഷം ഏപ്രില്‍ ആറിന് ക്യാബിനറ്റ് സെക്രട്ടറി തയാറാക്കിയ കുറിപ്പില്‍ സര്‍ക്കാര്‍ ഏതു ദിശയില്‍ നീങ്ങണമെന്ന് വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്: ""വരാനിരിക്കുന്ന വിദേശനിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ പ്രശ്‌നം കോടതിയില്‍വെച്ച് ദീര്‍ഘിപ്പിക്കാതെ കഴിയുംവേഗം ഒത്തുതീര്‍പ്പിലാക്കുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും നല്ലത്. നിലവിലുളള അനിശ്ചിതത്വങ്ങള്‍ മാറ്റി, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരമമായ ലക്ഷ്യം'' എന്ന് സംശയത്തിനി നല്‍കാത്തവിധം വ്യക്തമായി പറയുന്ന കുറിപ്പാണിത്. ഭോപ്പാലിന്റെ കാര്യത്തില്‍ നിലവിലുളള മന്ത്രിമാരുടെ സമിതി പുനഃസംഘടിപ്പിക്കാനും ഈ കുറിപ്പ് ശുപാര്‍ശ ചെയ്യുന്നുണ്ട്!

ഡൗവിന് ഇന്ത്യയിലേക്കു കടന്നുവരാനും തടസങ്ങളൊന്നുമില്ലാതെ ബിസിനസ് നടത്തുവാനുമുളള അന്തരീക്ഷം ഒരുക്കുന്നതില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ റോണല്‍ സെന്നും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ആന്‍ഡ്രൂ ലിവറിസ് റോണന്‍സെന്നിനെഴുതിയ ഒരു കത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ഏറ്റവുമൊടുവില്‍, യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്ടറി കോമ്പൗണ്ട് വൃത്തിയാക്കാന്‍ വേണ്ടിവരുന്ന ചെലവിന്റെ പകുതി വഹിക്കാമെന്നാരു പ്രലോഭനം കൂടി ഡൗ മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, അതിനുപകരം നിയമബാധ്യതകളില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം! ഇന്ത്യയില്‍ വന്‍തോതില്‍ മൂലധന നിക്ഷേപം നടത്താമെന്നും അങ്ങനെ ഇന്ത്യയ്ക്ക് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്നുമൊക്കെയുളള വാഗ്ദാനങ്ങള്‍ ഡൗ നല്‍കുന്നുണ്ട്. പ്ലാനിംഗ് കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനമന്ത്രി പി. ചിദംബരവും വാണിജ്യമന്ത്രി കമല്‍നാഥുമൊക്കെ ഡൗവിന്റെ കീശയിലാണ്.

ഭോപ്പാലില്‍ ദുരന്തത്തിനിരകളായവരോടൊപ്പം നില്‍ക്കുന്ന സംഘടനകള്‍ പറയുന്നതുപോലെ, രണ്ടു വഴികളേ കേന്ദ്രസര്‍ക്കാരിനു മുന്നിലുളളൂ. ഒന്ന്, ഡൗ കെമിക്കല്‍സുമായി ധാരണയുണ്ടാക്കി ഒരു വാടകക്കൊലയാളിയുടെ റോള്‍ ഏറ്റെടുക്കുക, അതല്ലെങ്കില്‍ ഇരുപതിലേറെ വര്‍ഷമായി നീതിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നവരോടൊപ്പം നില്‍ക്കുക.

ഏതുവഴിയാകും കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുക്കുക എന്നതില്‍ ആര്‍ക്കാണ് സംശയം!

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org