logo malayalam

|സമൂഹം|

നിക്കരാഗ്വാ മുതല്‍ ഗൗണ്ടനാമോ ബേ വരെ

പി എന്‍ വേണുഗോപാല്‍

18 ജാനുവരി‍ 2011

ashwin

ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ, അലറി ആര്‍ത്തുവരുന്ന പോര്‍ വിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കുന്ന ബോംബുകളില്‍നിന്ന് രക്ഷപെട്ട്, കുഴിബോംബുകളില്‍ ചവിട്ടി തരിപ്പണമാവാതെ കൈയില്‍ ക്യാമറയുമേന്തി രക്തത്തിന്റെയും ശവശരീരങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന പത്രപ്രവര്‍ത്തകര്‍. യുദ്ധം പ്രതിപാദ്യവിഷയമായ സിനിമകളില്‍ പോലും ഇല്ലാത്ത ഇന്ത്യന്‍ അവസ്ഥയില്‍ ദശകങ്ങളായി ഇതൊക്കെ ചെയ്യുകയും അതില്‍ കീര്‍ത്തിമുദ്ര പതിക്കുകയുംചെയ്ത ഒരു ഇന്ത്യാക്കാരന്‍ ഉണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവാകും. അശ്വിന്‍ രാമന്‍ - 1946 ല്‍ മുംബയിയില്‍ ജനനം, ജര്‍മനിയില്‍ സ്ഥിരവാസം. 200 ല്‍ ഏറെ വാര്‍ത്താചിത്രങ്ങള്‍, അവയിലേറെയും സംഘര്‍ഷഭൂമികളില്‍ നിന്ന്.

ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ആന്ധ്രാക്കാരന്‍ അഛന്റെയും പാഴ്സി അമ്മയുടേയും ഒപ്പം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ കൂടുവച്ച് കൂടുമാറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അശ്വിന്‍ 1969 ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങി. 1972 ല്‍ മ്യൂണിക് ഒളിമ്പിക്സ് കവര്‍ ചെയ്യാന്‍ ജര്‍മനിയില്‍ പോകാന്‍ കഴിഞ്ഞത് അശ്വിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1975 ല്‍ അടിയന്തിരാവസ്ഥ അടിച്ചേല്പിക്കപ്പെട്ടപ്പോള്‍ മറ്റു പല പത്രപ്രവര്‍ത്തകരേയും പോലെ അശ്വിന്റെ ജീവനും ഭീഷണിയുണ്ടായി.ടൈംസിലെ റിപ്പോര്‍ട്ടുകളായിരുന്നില്ല കാരണം. അദ്ദേഹം ചില ജര്‍മന്‍ പത്രങ്ങളില്‍ എഴുതാറുണ്ടായിരുന്ന ലേഖനങ്ങളായിരുന്നു അധികൃതര്‍ക്ക്‌ പിടിക്കാതിരുന്നത്‌. അന്ന് ജര്‍മന്‍ ഭാഷ അറിയില്ലാതിരുന്ന അശ്വിന്റെ ഇംഗ്ലീഷ് ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

രാത്രികാലങ്ങളില്‍ പോലീസ് അന്വേഷിച്ചു വരാന്‍ തുടങ്ങിയതോടെ അശ്വിന്‍ തന്റെ ജര്‍മന്‍ ബന്ധങ്ങള്‍ ഉപയോഗിച്ചു ഹാംബര്‍ഗിലേക്കു പോയി. തല്‍ക്കാലത്തേയ്ക്കുള്ള അഭയകേന്ദ്രം തന്റെ പുതിയ വാസസ്ഥലമാവുമെന്ന് അശ്വിന്‍ വിചാരിച്ചതേയില്ല.

1978 - നിക്കരാഗ്വ എന്ന ചെറിയ ലാറ്റിനമേരിക്കന്‍ രാജ്യം ലോകശ്രദ്ധ ആകര്‍ഷിച്ച കാലം. സാമോസ എന്ന സ്വേച്ഛാധിപതി അമേരിക്കന്‍ പിന്തുണയോടെ ആ കൊച്ചു രാജ്യത്തെയും അവിടുത്തെ ജനങ്ങളേയും ആവും വിധമൊക്കെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന കാലം. 1930 കളില്‍ 'ഗര്‍ണിക്ക' ചിത്രീകരിക്കാന്‍ പിക്കാസോയെ പ്രേരിപ്പിച്ച സ്പെയിനിലെ ആഭ്യന്തര യുദ്ധത്തില്‍ ഫാഷിസ്റ്റുകള്‍ക്കെതെരെ സ്വാതന്ത്ര്യകാംക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടതുപക്ഷ ചിന്താഗതിക്കാരും അണിചേര്‍ന്നതുപോലെ 'ഇന്റര്‍നാഷണല്‍ ബ്രിഗേഡ് ' സാമോസയ്ക്കെതിരെ യുദ്ധം ചെയ്യുന്ന സാന്‍ഡിനിസ്റ്റായെ സഹായിക്കാന്‍ എത്തിയകാലം. അശ്വിന്‍ രാമനും നിക്കരാഗ്വയിലേക്കു പുറപ്പെട്ടു. ഇന്റര്‍നാഷണല്‍ ബ്രിഗേഡില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനല്ല, യുദ്ധത്തിന്റെ വിവരങ്ങളും വിവരണങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കാന്‍.

ashwin

ജര്‍മനിയിലെ ഇടതുപക്ഷ പത്രങ്ങളില്‍ അശ്വിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. അതിനിടയില്‍ അശ്വിന്‍ അമേരിക്കയില്‍ പോയി ഒരു സെക്കന്‍ഡ് ഹാന്‍ഡ് 16 എം എം ക്യാമറാ സ്വന്തമാക്കി. "നീന്തല്‍ അറിയാതെ കടലില്‍ എടുത്തുചാടുന്നതുപോലെയായിരുന്നു അത്", അശ്വിന്‍ പറയുന്നു. അതുവരെ ഒരു ഫ്രെയിം എന്താണെന്നുപോലും അറിയുമായിരുന്നില്ല. "എന്നാല്‍ ഈ അവസരം കളയാന്‍ പാടില്ലാ എന്ന് മനസ്സു മന്ത്രിച്ചു." സാന്‍ഡിനിസ്റ്റായുടെ ജീവാത്മായിരുന്ന ഡാനിയല്‍ ഒര്‍ടേഗായുടെ നേതൃത്ത്വത്തില്‍ തലസ്ഥാനമായ മനാഗ്വേയിലേക്ക് പടവെട്ടി മുന്നേറിയ സ്വാതന്ത്ര്യസേനയ്ക്കൊപ്പം അശ്വിനും കൂടി. താങ്ങിനായി ഒരു ട്രൈപോഡുപോലും ഇല്ലാതെ ക്യാമറായും ഏന്തി.

"സാങ്കേതികമായി നോക്കിയാല്‍ ഞാനെടുത്ത ഷോട്ടുകള്‍ക്ക് യാതൊരു മേന്മയുമുണ്ടായിരുന്നില്ല്. എന്നാല്‍ അവ മറ്റാര്‍ക്കും കിട്ടിയിരുന്നില്ല എന്നതായിരുന്നു അവയുടെ മേന്മ. അവ എക്സ്ക്ലൂസീവ് ആയിരുന്നു, ചരിത്രത്തിന്റെ ഭാഗമാവാന്‍ വിധിക്കപ്പെട്ടതായിരുന്നു." ഒര്‍ട്ടേഗയുടെ മാത്രമല്ല അറിയപ്പെടാതെപോയ അനേകം മുന്നണിപ്പോരാളികളൂടേയും രക്തസാക്ഷികളുടെയും അഭിമുഖങ്ങള്‍ അശ്വിനു ലഭിച്ചു. "പ്രശസ്തി മാത്രമല്ല, അവയുടെ പ്രദര്‍ശനത്തിലൂടെ ധാരാളം പണവും എനിക്കു ലഭിച്ചു," യാതൊരു നാട്യങ്ങളുമില്ലാതെ അശ്വിന്‍ പറയുന്നു. 'വിത് ദ സാന്‍ഡിനിസ്റ്റാസ്' ആണ്‌ അശ്വിന്റെ ആദ്യത്തെ ഡോക്യുമെന്ററി.

1980 ല്‍ സോവിയറ്റ് റഷ്യ അഫ് ഗാനിസ്ഥാനില്‍ തങ്ങളുടെ പാവസര്‍ക്കാരിനെ കുടിയിരുത്തി അധിനിവേശം ആരംഭിച്ചപ്പോള്‍ അശ്വിന്റെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ജര്‍മനിയിലെ ഡ സ്പീഗല്‍, ഇംഗ്ലന്‍ഡിലെ ഒബസര്‍ വര്‍, എം ജെ അക്‌ബറുടെ സണ്‍‌ഡേ എന്നിവയിലേയ്ക്ക് കലാപഭൂമിയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ഒഴുകിവന്നു. 1990 കളുടെ അവസാനത്തൊടെ ഉണ്ടായ ഡിജിറ്റാല്‍ വിപ്ലവം അശ്വിനെ സംബന്ധിച്ചിടത്തോളം മറ്റൊരു വഴിത്തിരിവായിരുന്നു. ടൈപ്റൈറ്റര്‍ മാറ്റിവച്ച് ഒരു ഹാന്‍ഡിക്യാമുമായി അഫ്‌ഗാനിസ്ഥാനില്‍ കറങ്ങാനിറങ്ങി. കാബൂള്‍, കണ്‍‌ഡ്‌ഹാര്‍, കുണ്ടുസ്, ബാമിയാന്‍...ഇടയ്ക്ക് പാകിസ്ഥാന്‍. റഷ്യാക്കാര്‍ പോയതോടെ തമ്മില്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധമായി. "അവര്‍ എല്ലാവരും തന്നെ മുജാഹിദീനുകള്‍. അവരില്‍ ചിലര്‍ താലിബാനായി, ചിലര്‍ രാഷ്ട്രീയക്കാരായി, ചിലര്‍ ഔദ്യോഗിക പട്ടാളക്കാരായി, ചിലര്‍ ഗോത്ര നേതാക്കന്മാരുടെ സൈന്യമായി. എല്ലാവരുമായും എനിക്ക് ബന്ധമുണ്ടായിരുന്നു," അശ്വിന്‍ പറയുന്നു. ആ വാര്‍ത്താചിത്രങ്ങള്‍ ജര്‍മനിയിലെ ഏറ്റവും പ്രമുഖ ന്യൂസ് ചാനലായ ഫസ്റ്റ് ചാനല്‍ പ്രക്ഷേപണം ചെയ്തു. അഫ്‌ഗാനിസ്ഥാനിലെ താലിബാനുകളും അമേരിക്കന്‍ പട്ടാളവുമായിരുന്നു അടുത്ത സിരീസ്.

2003 ല്‍ അശ്വിന്‍ ഇറാക്കിലേയ്ക്കു നീങ്ങി. ബുഷിന്റെ സൈന്യം കുവൈറ്റില്‍ എത്തിക്കഴിഞ്ഞിരുന്നു. ഏതുസമയവും ഇറക്കിനുമേല്‍ ആക്രമണം ഉറപ്പായിരുന്നു. അമേരിക്കക്കാര്‍ എത്തുന്നതിനുമുമ്പുതന്നെ ഇറാക്കില്‍ കഴിയൂന്നത്ര യാത്ര ചെയ്തു, കഴിയുന്നത്ര ആളുകളുമായി സമ്പര്‍ക്കം സ്ഥാപിച്ചു. "ഔദ്യോഗിക ഭാഷ്യങ്ങളില്‍ എനിക്കു തീരെ വിശ്വാസമില്ല. നേര്‍ക്കാഴ്ച്ചകളില്‍ മാത്രമെ എനിക്കു താല്പര്യമുള്ളു."

ഇറാക്കിലെ യുദ്ധക്കളത്തില്‍നിന്ന് അശ്വിന്‍ എടുത്ത നാലു ഡോക്യുമെന്ററികള്‍ ഫസ്റ്റ് ചാനല്‍ സം‌പ്രേഷണം ചെയ്തു.

അവയുടെ തുടര്‍ച്ചയെന്നോണമാണ്‌ ഗ്വാണ്ടനാമോ ബേയിലെ തടവുകാരെ കാണാന്‍ അശ്വിന്‌ അവസരം ലഭിച്ചത്. ആ മനുഷ്യവിരുദ്ധ കൂടുകളിലേയ്ക്ക് ഒരു വീഡിയോ ക്യാമെറായുമായി കടന്നുചെല്ലാന്‍ അനുവദിക്കപ്പെടുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനായിരുന്നു അശ്വിന്‍. "ആ തടവറകളില്‍ എനിക്ക് സര്‍‌വതന്ത്രസ്വാതന്ത്ര്യമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും നിരീക്ഷണത്തിലുമായിരുന്നു. തടവുകാര്‍ക്ക് എന്നോട് തുറന്നുസംസാരിക്കാനുള്ള അവസരവുമുണ്ടായിരുന്നില്ല," അശ്വിന്‍ പറയുന്നു.

എന്നാല്‍ ആ സമയത്താണ്‌ രണ്ടു തടവുകാരെ ഗ്വാണ്ടനാമോയില്‍നിന്ന് വിട്ടയക്കുന്നത്. അവരെ അഫ്‌ഗാനിസ്ഥാനില്‍നിന്നാണ്‌ അറസ്റ്റ് ചെയ്തിരുന്നത് എന്നതുകൊണ്ട് അവിടെത്തന്നെ തിരിച്ചു കൊണ്ടുപോയി വിട്ടു. അശ്വിന്‍ തൊട്ടുപുറകെ തന്നെ അഫ്‌ഗാനിസ്ഥാനിലെത്തി അവരെ കണ്ടുപിടിച്ചു. അവരുമായുള്ള അഭിമുഖം ഉള്‍പ്പടെയുള്ള വാര്‍ത്താ ചിത്രം ' ദ പ്രിസണേഴ്സ് ഓഫ് ഗ്വാണ്ടനാമോ ബേ' യൂറോപ്പില്‍ കോളിളക്കം സൃഷ്ടിച്ചു. "വളരെ പ്രായമുള്ള രണ്ടു പേര്‍. ഒരാള്‍ക്ക് 90 വയസ്സ് !ഭീകറര്‍ക്കെതിരെ എന്തെങ്കിലും ചെയ്തു എന്ന് അമേരിക്കക്കാരോട് ബുഷിന്‌ പറയേണ്ടിയിരുന്നു. അതിന്‌ അയാള്‍ കിട്ടിയവരെ ഒക്കെ പിടിച്ചു. വര്‍ഷങ്ങള്‍ തടവറയില്‍ അടച്ചു. അവരില്‍ അല്‍ ക്വൈദയോടോ താലിബാനോടോ അടുത്ത ബന്ധമുള്ളവര്‍ രണ്ട് അല്ലെങ്കില്‍ മൂന്നു ശതമാനം മാത്രം. അതും ബിന്‍ ലാദന്റെ ഡ്രൈവറോ ആ ഗ്രേയ്‌ഡില്‍ ഉള്ളവരോ." 'ദ പ്രിസണേഴ്സ് ഓഫ് ഗ്വാണ്ടനാമോ ബേ' ജര്‍മന്‍ ചാനലുകളില്‍ മാത്രമല്ല ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗത്തും പ്രദര്‍ശിപ്പിക്കപ്പെട്ടു.

2001 നു ശേഷം അശ്വിന്‍ നാല്പതില്‍ കൂടുതല്‍ വാര്‍ത്താചിത്രങ്ങള്‍ എടുത്തു. ഇന്ത്യയിലേക്കും അദ്ദേഹം തന്റെ ഹാന്‍ഡിക്യാമുമായി എത്തി. ബോംബേ ഭീകരാക്രമണത്തിന്റെ ഒന്നാം വര്‍ഷിക സമയത്ത് അശ്വിന്‍ ആ ആക്രമണം ഉണ്ടായതിന്റെ വഴികള്‍ പിന്തുടര്‍ന്നു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ തുടങ്ങിയ അന്വേഷണം, ഭീകരര്‍ ലോഞ്ചില്‍ ബോംബേ കടല്‍തീരത്തു വന്നിറങ്ങിയതു മുതല്‍ ബോംബേ മുഴുവന്‍ കറങ്ങി ഇന്ത്യയിലെ മുസ്ലീം അവസ്ഥ അന്വേഷിച്ച് നരേന്ദ്രമോഡിയുടെ അഹമ്മദാബാദില്‍ എത്തുന്നു. " ഗാന്ധി ദണ്ഡി യാത്ര ആരംഭിച്ച ആ നഗരത്തിന്റെ അവസ്ഥ എനിക്കു സഹിച്ചില്ല. അഹമ്മദാബാദ്‌ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഹിന്ദുബാദും മുസ്ലീം ബാദും. ഗുജറാത്തില്‍ തെരഞ്ഞെടുപ്പു സമയമായിരുന്നു. ഞാന്‍ മോഡിയെ പിന്തുടര്‍ന്നു, അയാളുടെ പ്രസംഗങ്ങള്‍ ചിത്രീകരിച്ചു, ടീസ സെറ്റില്‍‌വാദ് തുടങ്ങിയവരുമായി സം‌വദിച്ചു." 'ഇന്ത്യാസ് ബ്ലഡി നവംബര്‍' എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്‌.

ആന്ധ്രയിലെ കര്‍ഷകരുടെ ആത്മഹത്യയും തമിഴ്‌നാട്ടിലെ തുകല്‍ വ്യവസായം മെര്‍ക്കുറി ഉപയോഗിച്ചു വരുത്തുന്ന പാരിസ്ഥിതിക നാശങ്ങളും മലിനമാക്കപ്പെടുന്ന പുഴകളും ഗുജറാത്തിലെ വജ്രവ്യവസായത്തിലെ ബാലവേലയും അശ്വിന്റെ ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുത്തു.

അശ്വിന്‌ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ ലഭിച്ചത് 2010 ല്‍ ജര്‍മന്‍ ടെലിവിഷനില്‍ അവതരിപ്പിച്ച സോമാലിയാ ചിത്രത്തിനാണ്‌. 2010 ലെ ഏറ്റവും നല്ല വാര്‍ത്ത ചിത്രത്തിനുള്ള അവാര്‍ഡ് ആ ചിത്രത്തിനു ലഭിച്ചു. അമേരിക്ക നോമിനേറ്റു ചെയ്ത ഒരു പ്രൊവിഷണല്‍ ഭരണകൂടം മാത്രമാണ്‌ സോമാലിയായില്‍ ഉള്ളത്. അവര്‍ രാജ്യത്തിന്റെ ഒരു ശതമാനം മാത്രം നിയന്ത്രിക്കുന്നു. ബാക്കിയുള്ള 90 ശതമാനവും അല്‍ ഷെബാദി എന്ന ഭീകര സംഘടനയുടെ ചൊല്‍‌പ്പടിയിലാണ്‌. തലസ്ഥാനമായ മൊഗാഡിഷ്യൂ ഉള്‍പ്പെടുന്ന സ്ഥലം കൈപ്പിടിയിലൊതുക്കാനുള്ള ഘോര ശ്രമത്തിലാണ്‌ അല്‍ ഷെബാദി. പക്ഷേ അവരുടെ പക്കല്‍ കലാഷ്‌നിക്കോവും റോക്കറ്റ് ലോഞ്ചറുകളുകളൂം മാത്രം. മറുപക്ഷത്ത് ഏറ്റ്വും മാരകമായ ആധുനിക ആയുധങ്ങളും."ഭീകരമാണ്‌ മരണനിരക്ക്. ഏതുമൂലയിലും അപകടം പതിയിരിക്കുന്നു. ഞാന്‍ വിമാനത്തില്‍ നിന്ന് മൊഗാഡിഷ്യൂയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു, വിദേശി സിവിലിയനായി സോമാലിയായില്‍ ഇപ്പോള്‍ നിങ്ങള്‍ മാത്രമെയുള്ളൂ".

ashwin

അശ്വിനുമായി ബന്ധപ്പെട്ടിരുന്നവര്‍ അശ്വിനു വേണ്ടി നാല്‌ അംഗരക്ഷകരെ ഒരുക്കി നിര്‍ത്തിയിരുന്നു. " പക്ഷെ, മരണത്തിന്‌ അംഗരക്ഷകരെ ഗൗനിക്കേണ്ട കാര്യമില്ലല്ലോ," അശ്വിന്‍ പറഞ്ഞു. "ആ രാജ്യം ഹിരോഷിമ പോലെയാണ്‌...തകര്‍ന്നടിഞ്ഞ ദൈന്യത".

സോമാലിയയെക്കുരിച്ചുള്ള ഈ ചിത്രമായിരിക്കും 2011 ല്‍ ഓസ്കാര്‍ അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍‌ട്രി എന്ന് തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ 45 മിനിറ്റ് ദൈര്‍ഘ്യമേ ചിത്രത്തിനുള്ളു. ഓസ്കാര്‍ ചിത്രങ്ങള്‍ക്ക് 90 മിനിറ്റ് ദൈര്‍ഘ്യം നിര്‍ബന്ധമുള്ളതുകൊണ്ട് അശ്വിന്‍ ഈ ചിത്രത്തിന്റെ നീളം വര്‍ധിപ്പിക്കും. എത്രയോ മണിക്കൂര്‍ നേരത്തയ്ക്കുള്ള ഫുട്ടേജ് ഉണ്ടത്രേ കൈയില്‍. "ഞാന്‍ ക്വിക് ഫിക്സ് ചെയ്യാറില്ല. ഒരു ദിവസം മുഴുവന്‍ ഇരുന്നാലും ഞാന്‍ സോമാലിയായില്‍ ഷൂട്ട് ചെയ്തത് കണ്ടുതീരില്ല."

ഈ കുറിപ്പ് എഴുതുന്ന അവസരത്തില്‍ അശ്വിന്‍ വീണ്ടും ഇറാക്കിലേയ്ക്ക് പോയിരിക്കുകയാണ്‌ . അവിടെയുള്ള അവസാനത്തെ അമേരിക്കന്‍ യുദ്ധപ്പട- ഫസ്റ്റ് ആര്‍മേഡ് ബ്രിഗേഡ് തിരിച്ചുപോകുന്നു. അവരുടെ പിന്‍‌മാറ്റവും അതേത്തുടര്‍ന്നുള്ള ഇറാക്കുമാണ്‌ ഇത്തവണ അശ്വിന്റെ ലക്ഷ്യം.

ഫെബ്രുവരി 9 ന്‌ അദ്ദേഹം അഫ്‌ഗാനിസ്താനില്‍ എത്തുമെന്നാണ്‌ ഇപ്പോള്‍ പരിപാടിയിട്ടിരിക്കുന്നത്. "അപ്പോള്‍ അവിടെ കടുത്ത ശൈത്യമായിരിക്കും. യുദ്ധം ഓന്തിനെപ്പോലെയാണ്‌. സീസണ്‍ മാറുന്നതിനനുസരിച്ച് യുദ്ധവും മാറും. ഇത്തവണ അഫ്‌ഗാനിലെ ശൈത്യ യുദ്ധം പകര്‍ത്തണം." അതേത്തുടര്‍ന്ന് വീണ്ടും സോമാലിയ. അവിടുത്തെ കടല്‍ക്കൊള്ളക്കാരാണ്‌ വിഷയം. ഏതു നാട്ടിലെത്തിയാലും എത്ര പ്രതികൂലമാണ്‌ സാഹചര്യങ്ങളെങ്കിലും ഒരു സംഘര്‍ഷത്തിലെ എല്ലാ തല്പരകക്ഷികളുമായും ബന്ധം സ്ഥാപിക്കാന്‍ അപാരമായ കഴിവാണ്‌ അശ്വിന്‌. " യുദ്ധരംഗത്തുനിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ പക്ഷം പിടിക്കാറില്ല. എന്നാല്‍ എനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. എന്റെ ചിത്രങ്ങള്‍ അവ വെളിപ്പെടുത്തുന്നുമുണ്ട്."

എവിടൊക്കെ രക്തം ചിന്തുന്നുവോ, മജ്ജയും മാംസവും ചിന്നിച്ചിതറുന്നുവോ അവിടെയൊക്കെ വട്ടമിട്ടുപറക്കുന്ന ഒരു കഴുകന്‍, ഒരു യുദ്ധക്കൊതിയന്‍ ആണ്‌ അശ്വിന്‍ എന്ന തോന്നലുണ്ടാക്കുന്നുണ്ടോ ഈ വിവരണം? അശ്വിന്‍ അതല്ല, ഒരിക്കലുമല്ല. "എനിക്ക് ഇനി അധികകാലം ക്യാമറയുമേന്തി മരുഭൂമികളിലൂടെയും മഞ്ഞുമലകളിലൂടെയും ശവശരീരങ്ങളെ ഒഴിഞ്ഞുമാറിയും നടക്കാന്‍ കഴിയില്ല. ഇതോടെ ഒക്കെ അവസാനിപ്പിക്കുകയാണ്‌. പക്ഷെ എന്റെ അവസാന വര്‍ക്ക് 'യുദ്ധം' എന്നൊരു ചിത്രമായിരിക്കും. അതില്‍ അഫ്‌ഗാന്‍, ഇറാന്‍ യുദ്ധങ്ങളും ആ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങളും താലിബാനികളുടേയും മറ്റു ഭീകരവാദികളൂടേയും കുടുംബങ്ങളും ആവും ഉണ്ടാവുക. യുദ്ധങ്ങളുടെ ഇരകള്‍ ആര്‌ എന്നതാവും എന്റെ അന്വേഷണം."

ഈ പ്രോജക്റ്റുകള്‍ക്കിടയില്‍ എപ്പോളെങ്കിലും രണ്ടു ചിത്രങ്ങള്‍ കൂടി ചെയ്യാന്‍ അശ്വിനു പദ്ധതിയുണ്ട് . 1960 മുതല്‍ മലയാളികള്‍ ജര്‍മനിയിലേക്ക് കുടിയേറി. അവരില്‍ പലരും ജര്‍മന്‍ സമൂഹത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവരിലേറയും സ്വന്തം കര്‍മ പഥത്തില്‍ നിന്ന് വിരമിച്ചിരിക്കുന്നു. അങ്ങനെയുള്ളവരാവും ഒരു ചിത്രത്തിന്റെ വിഷയം. യൂറോപ്പിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ നിലനില്‍ക്കുന്ന പുരോഹിത / കന്യാസ്ത്രീ ക്ഷാമം പരിഹരിക്കാന്‍ കേരളത്തില്‍നിന്ന് നടക്കുന്ന അവരുടെ ഇറക്കുമതിയാണ്‌ രണ്ടാമത്തെ ചിത്രത്തിന്റെ ഇതിവൃത്തം.

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
email: info@questfeatures.org