logo malayalam

| സമൂഹം| കാര്‍ഷികം|

അടക്കംകൊല്ലികളും കടക്കെണികളും

എം. സുചിത്ര, പി എന്‍ വേണുഗോപാല്‍
09/07/2006

Trawling

കാലവര്‍ഷം കനക്കുമ്പോള്‍ കടലില്‍ കാറ്റും കോളും സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ കുറേ കൊല്ലങ്ങളായി കരയിലും സംഘര്‍ഷത്തിന്റെ തിരകളടിക്കുന്നുണ്ട്. ഇടവപ്പാതി മുതലുളള മൂന്നുമാസം കടലമ്മ കനിയുന്ന കാലമാണെന്നും പിന്നീടങ്ങോട്ടുളള വറുതിയുടെ ഒമ്പതു മാസങ്ങളില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കുന്നത്. മണ്‍സൂണ്‍ മാസങ്ങളിലെ കോരിനെ ആശ്രയിച്ചാണെന്നു പറയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഒരുഭാഗത്ത്. ഈ മാസങ്ങളിലാണ് മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതെന്നും അടിത്തട്ട് വടിച്ചെടുക്കുന്ന ട്രോളിംഗ് നിരോധിക്കണമെന്നും അവര്‍ ശക്തമായി ആവശ്യപ്പെടുന്നു. മറുഭാഗത്ത്, കടലും മീനും എല്ലാവരുടേതുമാണെന്നും മീന്‍ പിടിച്ചു ജീവിക്കുന്നവരില്‍ ഒരു വിഭാഗത്തെ മാത്രം ഒന്നരമാസം കടലിലിറങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് അന്യായമാണെന്നും ട്രോളിംഗ് ബോട്ടുടമകള്‍ വാദിക്കുന്നു. കരയും കടലും പുകയുന്നു, കൈയേറ്റങ്ങള്‍, ബോട്ടുകത്തിക്കല്‍..........

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂണ്‍ 15നു തന്നെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നിരിക്കെയാണ്. നിരോധന വാദപ്രതിവാദങ്ങള്‍ പതിവുപോലെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളായി. കരയില്‍ നിരനിരയായി കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളുടെ പടങ്ങളും ദൃശ്യങ്ങളും വീണ്ടും പ്രത്യക്ഷപ്പെട്ടു. ശാസ്ത്ര റിപ്പോര്‍ട്ടുകളും പഠനങ്ങളും ഒരിക്കല്‍ കൂടി ഉദ്ധരിക്കപ്പെട്ടു. എന്നാല്‍ ഈ വാര്‍ഷികാചാരങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ മത്സ്യമേഖല എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചുളള ആശങ്കകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഇന്ത്യയിലെ ഒമ്പതു തീരദേശ സംസ്ഥാനങ്ങളിലായി കടലില്‍ മീന്‍പിടിക്കുന്ന 10 ലക്ഷം പേരില്‍ രണ്ടരലക്ഷം പേര്‍ കേരളത്തിലാണ്. ഇവരും ഇവരുടെ കുടുംബാംഗങ്ങളുമായി 11 ലക്ഷം പേര്‍ സംസ്ഥാനത്തിന്റെ കടലോരത്ത് ജീവിക്കുന്നുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് അനുബന്ധത്തൊഴിലാളികള്‍ വേറെയും. ഇന്ത്യയുടെ മൊത്തം മത്സ്യസമ്പത്തിന്റെ 20 ശതമാനം കേരളത്തിന്റേതാണ്. സുഗന്ധദ്രവ്യങ്ങളും നാണ്യവിളകളും ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുളള മൊത്തം കയറ്റുമതിയുടെ 24 ശതമാനം മത്സ്യമേഖലയില്‍ നിന്നാണ്. പ്രതിവര്‍ഷം 1200 കോടി രൂപയുടെ വിദേശനാണ്യമാണ് ഈ മേഖലയില്‍ നിന്നു ലഭിക്കുന്നത്. റവന്യു വരുമാനത്തിന്റെ മൂന്നു ശതമാനം ഖജനാവിലെത്തുന്നതും മത്സ്യമേഖലയില്‍ നിന്നുതന്നെ. 28,000 നാടന്‍ വളളങ്ങളും 5,000 ട്രോളിംഗ് ബോട്ടുകളും അടങ്ങുന്ന വിപുലമായ മത്സ്യബന്ധന സംവിധാനമാണ് കേരളത്തിന്റേത്. എന്നിട്ടും ഈ മേഖലയെ അപകടത്തിലാക്കുന്ന നിലപാടുകളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മിക്കപ്പോഴും കൈക്കൊളളുന്നത്. മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമാകുന്ന ട്രോളിംഗ് ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവന്നതും പ്രോത്സാഹിപ്പിച്ചതും ഈ സര്‍ക്കാരുകള്‍ തന്നെയാണ്. കാര്‍ഷികമേഖലയില്‍ രാസവളങ്ങളും കീടനാശിനികളും അന്തകന്‍ വിത്തുകളും പ്രോത്സാഹിപ്പിച്ചത് പോലെത്തന്നെ.

ആദ്യം പ്രോത്സാഹനം, പിന്നെ നിരോധനം

അമ്പതുകളുടെ മധ്യത്തോടെയാണ് ട്രോളിംഗ് മത്സ്യബന്ധനരീതി ഇന്ത്യയില്‍ നടപ്പാക്കിത്തുടങ്ങിയത്. ഇന്തോ-നോര്‍വീജിയന്‍ പദ്ധതി(ഐ.എന്‍.പി) യുടെ ഭാഗമായി നീണ്ടകരയിലാണ് ട്രോളിംഗ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. മത്സ്യബന്ധനം യന്ത്രവല്‍ക്കരിക്കുന്നതിലൂടെയും മത്സ്യസംസ്കരണം ആധുനികവല്‍ക്കരിക്കുന്നതിലൂടെയും മത്സ്യമേഖലയുടെ ഭാവി ശോഭനമാക്കുക എന്നതായിരുന്നു ലക്ഷ്യം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കടലിന്റെ അടിത്തട്ടില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്യാന്‍ വേണ്ടി നിര്‍മിച്ച ട്രോളറുകള്‍ മത്സ്യബന്ധനത്തിനു വ്യാപകമായി ഉപയോഗിച്ചിരുന്ന നോര്‍വെ പിന്നീട് ഈ രീതി ഉപക്ഷേിച്ചു. ട്രോളിംഗ് മത്സ്യസമ്പത്ത് നശിപ്പിക്കുന്നു എന്നു മനസിലാക്കിയതായിരുന്നു കാരണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോയി. 1975 വരെ 1400 യന്ത്രവല്‍കൃതയാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. അവയില്‍ 1200 എണ്ണം ട്രോളിംഗ് ബോട്ടുകളായിരുന്നു. മത്സ്യത്തൊഴിലാളികളെ ആധുനിക മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകളാക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇതിനു മുതിര്‍ന്നത്. അതിനുവേണ്ടി ഗണ്യമായ രീതിയില്‍ സബ്‌സിഡികള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പുത്തന്‍ ഉപകരണങ്ങളുടെയും ബോട്ടുകളുടെയും നിയന്ത്രണം, ചെമ്മീന്‍ ട്രോളിംഗിലൂടെ വന്‍ ആദായം ഉണ്ടാക്കാമെന്നു മനസിലാക്കിയ കച്ചവടക്കാരും മുതലാളിമാരും കൈക്കലാക്കി. യഥാര്‍ത്ഥ ഉടമകള്‍ സ്വന്തം ബോട്ടുകളിലെ കൂലിപ്പണിക്കാരായി. രാഷ്ട്രീയതലത്തിലും വായ്പ നല്‍കുന്ന സ്ഥാപനങ്ങളിലും വലിയ സ്വാധീനമാണ് പുത്തന്‍ ഉടമകള്‍ക്ക് ഉണ്ടായിരുന്നത്. കടലോ മത്സ്യബന്ധനമോ ഇല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍പ്പോലും ബാങ്കുകള്‍, വെളളമോ, വളളമോ ആയി ബന്ധമൊന്നുമില്ലാത്ത മുതലാളിമാര്‍ക്ക് ട്രോളിംഗ് ബോട്ടുകള്‍ വാങ്ങാന്‍ ലക്ഷക്കണക്കിന് രൂപ വായ്പ നല്‍കി. പലയിടത്തും സ്വകാര്യ ബോട്ടുനിര്‍മാണശാലകള്‍ പൊന്തിവന്നു. ട്രോളിംഗ് ബോട്ടുകളുടെ എണ്ണം പെരുകി. തീരക്കടലിലെ ചെമ്മീന്‍ ലഭ്യതയും അമേരിക്കയിലും ജപ്പാനിലും കേരളത്തില്‍ നിന്നുളള ചെമ്മീന് പ്രിയമേറിയതും ട്രോളിംഗ് വ്യാപകമാക്കി. 1961ല്‍ 200 യന്ത്രവല്‍കൃത ബോട്ടുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 1980 ആയപ്പോഴേക്കും 3000-ത്തിലധികം ബോട്ടുകള്‍ കടലിലിറങ്ങി. ഇതില്‍ 2630 എണ്ണം ട്രോളിംഗ് ബോട്ടുകളായിരുന്നു.

ട്രോളറുകളുടെയും മത്സ്യത്തൊഴിലാളികളുടെയും എണ്ണത്തിലുണ്ടായ വര്‍ധനയും അനിയന്ത്രിതമായ മത്സ്യബന്ധനവും മത്സ്യോല്‍പാദനം കുറയുന്നതിനു കാരണമായി. 1973ല്‍ നാലരലക്ഷം ടണ്‍ ആയിരുന്ന ഉല്‍പാദനം 1987 ആയപ്പോഴേക്കും 2.8 ലക്ഷം ടണ്‍ ആയി കുറഞ്ഞു. ഇതേ കാലയളവില്‍ ചെമ്മീന്റെ ഉല്‍പാദനം 86,000 ടണ്ണില്‍ നിന്ന് 25,000 ടണ്‍ ആയി കുറഞ്ഞു.

മൂന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ആറാം പദ്ധതിവരെ സര്‍ക്കാര്‍ മുതല്‍ മുടക്കിയതു മുഴുവനും ചെമ്മീന്‍ ട്രോളിംഗിനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായിരുന്നു. യന്ത്രവല്‍കൃത മേഖല തഴച്ചുവളര്‍ന്നു. അതിനു സമാന്തരമായി പരമ്പരാഗതമേഖല തളര്‍ന്നു കൊണ്ടിരുന്നു. 1965 ല്‍ ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിവര്‍ഷം ശരാശരി നാലുടണ്‍ മത്സ്യം പിടിച്ചിരുന്നുവെങ്കില്‍ 1982 ആയപ്പോഴേക്കും അത് ഒന്നര ടണ്‍ ആയി കുറഞ്ഞു. യന്ത്രവല്‍കൃത മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത മേഖലയെ തഴയുകയും ചെയ്ത സര്‍ക്കാര്‍ നയത്തിന്റെ പ്രകടമായഫലം.

ഉപജീവനമാര്‍ഗം തകര്‍ന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാകുകയും ചെയ്തപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തിലേക്കു കണ്ണു തുറന്നത്. ട്രോളിംഗിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ പ്രൊഫസര്‍ എന്‍. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതി നിയമിക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നുവര്‍ഷം 90 ദിവസത്തേക്ക് മണ്‍സൂണ്‍ കാലത്ത് ട്രോളിംഗ് നിരോധിക്കണമെന്നും അതിനുശേഷം നിരോധനത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി 1988ല്‍ ആദ്യമായി 45 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ 90 ദിവസത്തെ നിരോധനം എന്ന ശിപാര്‍ശ ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും നടപ്പാക്കിയിട്ടില്ല.

"ട്രോളിംഗ് സമ്പ്രദായം സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യം ഉള്‍പ്പെടെയുളള ജൈവസമ്പത്തിനെ പാടെ നശിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്''. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഇന്‍ഡസ്ട്രീയല്‍ ഫിഷറീസ് വിഭാഗം മേധാവിയും ബാലകൃഷ്ണന്‍ കമ്മിറ്റിയിലെ അംഗവുമായിരുന്ന ഡോ. ബി. മധുസൂദനക്കുറുപ്പ് പറയുന്നു. കേരളതീരത്തെ ട്രോളിംഗ് മൂലം വര്‍ഷന്തോറും ശരാശരി 232 ഇനം സമുദ്രജീവജാലങ്ങള്‍ നശിക്കുന്നുണ്ട്. ഇങ്ങനെ നശിപ്പിക്കപ്പെടുന്ന രണ്ടരലക്ഷം ടണ്‍ ജീവജാലങ്ങളില്‍ 2500 പാമ്പാട-കട്ടല കുഞ്ഞുങ്ങളും 5000 ടണ്‍ ചെമ്മീന്‍ കുഞ്ഞുങ്ങളും 80,000 ടണ്‍ മറ്റു മത്സ്യക്കുഞ്ഞുങ്ങളും 700 ടണ്‍ മുട്ടകളും ഉള്‍പ്പെടുന്നുവെന്ന് 2001-2003ല്‍ അദ്ദേഹം നടത്തിയ പഠനം വ്യക്തമാക്കുന്നു. ""40ല്‍പ്പരം വിപണനപ്രാധാന്യമുളള മത്സ്യ ഇനങ്ങളുടെ പ്രജനനം മണ്‍സൂണ്‍ കാലത്താണ് നടക്കുന്നത്. ഇക്കാലത്ത് ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നത് നിര്‍ണായകമാണ്''. ട്രോളിംഗ് കടലിന്റെ അടിത്തട്ടിലെ ഗുരുതരമായ രീതിയില്‍ കലക്കിമറിക്കുന്നുവെന്നും വെളളത്തിലെ ഓക്‌സിജന്റെയും ജൈവപദാര്‍ത്ഥങ്ങളുടെയും അളവ് പകുതിയാക്കി കുറയ്ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ട്രോളിംഗ് നിരോധനം 45 ദിവസമാണോ അതോ 90 ദിവസമാണോ എന്നതല്ല പ്രശ്‌നം, "" കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹി ലാല്‍ കോയിപ്പറമ്പില്‍ പറയുന്നു. '' ഈ രീതി നമ്മുടെ കടലിന് യോജിച്ചതാണോ? മറ്റു പല രാജ്യങ്ങളും ട്രോളിംഗ് ഉപക്ഷേിച്ചിട്ടും നമ്മള്‍ അത് തുടരുന്നത് എന്തിനാണ്?''

പരമ്പരാഗത മേഖല മാറുന്നു

ട്രോളിംഗ് ബോട്ടുകളും പഴ്‌സ്‌സീന്‍ വലകളും ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ യന്ത്രവല്‍കരണത്തിന്റെ മാര്‍ഗത്തിലേക്ക് തിരിയുകയല്ലാതെ പരമ്പരാഗത തൊഴിലാളികള്‍ക്കു മറ്റു മാര്‍ഗമൊന്നുണ്ടായിരുന്നില്ല. അതിവേഗത്തില്‍ പുറംകടലിലേക്ക് കുതിക്കുന്ന ബോട്ടുകളോട് കിടപിടിക്കാന്‍ തണ്ടുവളളങ്ങള്‍ക്കും താങ്ങുവലകള്‍ക്കും ആകുമായിരുന്നില്ല. എണ്‍പതുകളുടെ തുടക്കത്തോടെ ഔട്ട്‌ബോഡ് യമഹ എന്‍ജിന്‍ ഘടിപ്പിച്ച പരമ്പരാഗത വളളങ്ങളുടെ പരീക്ഷണം ആരംഭിച്ചു. തുടക്കത്തില്‍ 10 എച്ച്.പിയ്ക്കു താഴെയുളള എന്‍ജിനുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീടത് 15ഉം 25ഉം കുതിരശക്തിയായി. അതുംകഴിഞ്ഞ് 25 എച്ച്.പിയുടെ രണ്ടും മൂന്നും എന്‍ജിനുകള്‍ ഘടിപ്പിച്ച വളളങ്ങള്‍ കടലിലിറങ്ങി. ഇതോടൊപ്പം വലകളുടെ മട്ടും മാറി തുടങ്ങി. കോരുവലകള്‍, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ മീനുകളേയും പിടിക്കുന്ന അട്ടംകൊല്ലി എന്നറിയപ്പെടുന്ന റിങ്‌സീന്‍ വലകള്‍ക്കു വഴിമാറി. എന്നാല്‍ മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോഡ് വളളങ്ങളുടെ പ്രവര്‍ത്തനച്ചെലവ് മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം ആയിരുന്നു. "" ഒരു ദിവസം പതിനായിരത്തോളം രൂപ ചെലവ്''. മുപ്പതു വര്‍ഷമായി കടലില്‍ പോകുന്ന എടവനക്കാട് പഞ്ചായത്ത് നിവാസി എ.കെ. ഫല്‍ഗുനന്‍ പറയുന്നു. "" നിലനില്‍ക്കാനാവശ്യമായ സബ്‌സിഡി പോലും മണ്ണെണ്ണയ്ക്കു ലഭിച്ചിരുന്നില്ല''.

പിടിച്ചുനില്‍ക്കാന്‍ ഔട്ട്‌ബോഡ് എന്‍ജിനുകള്‍ മതിയാവില്ല എന്നു ബോധ്യവന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇന്‍ബോഡ് എന്‍ജിനുകളെ അഭയം പ്രാപിച്ചു. കപ്പല്‍വളളങ്ങള്‍ എന്നുവിളിക്കുന്ന ഇവയുടെ ആകൃതി പരമ്പരാഗത വഞ്ചികളുടേതു തന്നെ. കുറഞ്ഞത് 80 അടി നീളം. ലൈലന്‍ഡ് ലോറികളുടെ എന്‍ജി. 4000 കിലോഗ്രാം വരെ ഭാരമുളള വലകള്‍. ഇത്തരം വളളങ്ങളില്‍ അമ്പതോളം തൊഴിലാളികള്‍ക്ക് കടലില്‍ പോകാം. ഔട്ട്‌ബോഡ് വളളങ്ങളേക്കാള്‍ പല മേന്മകളും ഇന്‍ബോഡ് വളളങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഡീസല്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു ദിവസത്തെ പ്രവര്‍ത്തനച്ചെലവ് 5000 രൂപ മുതല്‍ 8000 രൂപ വരെ മാത്രം. 500 ലിറ്റര്‍ വരെ ഡീസല്‍ നിറയ്ക്കാമെന്നതിനാല്‍ പുറംകടലിലേക്ക് കൂടുതല്‍ ദൂരം പോകാം. മത്സ്യക്കൂട്ടങ്ങളെ കാത്തു കൂടുതല്‍ സമയം കിടക്കാം. മണ്ണെണ്ണയുപയോഗിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം ഉണ്ടാവുന്നില്ല. ഔട്ട്‌ബോഡ് എന്‍ജിനുകളുടെ കാതടപ്പിക്കുന്ന ശബ്ദമലിനീകരണവുമില്ല. വല കൈക്കൊണ്ട് വലിക്കേണ്ട, വിഞ്ച് ഉപയോഗിക്കാം. ശാരീരികാധ്വാനം കുറയുന്നു; അതേസമയം കൂടുതല്‍ മത്സ്യം പിടിക്കുകയും ചെയ്യാം.

എന്നാല്‍ വളളമിറക്കാന്‍ 35-50 ലക്ഷം രൂപ വരെ ചെലവുവരും. 15-20 മത്സ്യത്തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് സംഘങ്ങള്‍ രൂപവല്‍ക്കരിച്ചുകൊണ്ടാണ് മൂലധനം സ്വരൂപിക്കുന്നത്. ""ഒന്നോ രണ്ടോ ലക്ഷം രൂപവരെ ഞങ്ങള്‍ എങ്ങനെയെങ്കിലും ഉണ്ടാക്കും. എട്ടു ലക്ഷത്തോളം മത്സ്യഫെഡ് കടം തരും. ബാക്കിവരുന്ന 25-30 ലക്ഷം രൂപ ഞങ്ങള്‍ സ്വകാര്യ പണിമിടപാടുകാരില്‍ നിന്നും തകരന്മാരില്‍ നിന്നും വായ്പ വാങ്ങും. ബാങ്കില്‍ നിന്നു വായ്പ കിട്ടില്ല. ഈടുവയ്ക്കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലല്ലോ''. ഫല്‍ഗുനന്‍ പറയുന്നു.

എന്നാല്‍ ഈടുവയ്ക്കാന്‍ ഒന്നുമില്ല, എന്നതു മാത്രമല്ല പ്രശ്‌നം. ഈ വളളങ്ങള്‍ നിയമവിധേയമല്ല. അവയ്ക്ക് ലൈസന്‍സില്ല. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുളള രജിസ്‌ട്രേഷനുമില്ല. 20 മീറ്ററില്‍ കൂടുതല്‍ നീളമുളള വളളങ്ങള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത് തുറമുഖ വിഭാഗമാണ്. വളളങ്ങളുടെ സുരക്ഷയാണ് ഒരു മാനദണ്ഡം. ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്തവയല്ലാത്തതുകൊണ്ട് മറിയാന്‍ ഏറെ സാധ്യതയുളളവയാണ് ഇവ. അതുകൊണ്ടുതന്നെ ലൈസന്‍സ് കിട്ടുക പ്രയാസം. കൂടാതെ, ലൈസന്‍സുളള സ്രാങ്കും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ വളളങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ ഇങ്ങനെയുളളവര്‍ വിരളം.

മത്സ്യഫെഡ് വായ്പ കൊടുക്കുന്നതും രേഖപ്രകാരം ഇന്‍ബോഡ് എന്‍ജിന്‍ വളളങ്ങള്‍ക്കല്ല. ഓരോ കപ്പല്‍വളളത്തിനും ഒന്നോ രണ്ടോ കാരിയര്‍ വളളമുണ്ടാകും. പുറംകടലില്‍ നിന്നു പിടിക്കുന്ന മത്സ്യം വേഗത്തില്‍ കരയിലെത്തിക്കാനാണ് ഈ കാരിയര്‍ വളളങ്ങള്‍. ഇവയുടെയും വലയുടെയും മറ്റും പേരിലാണ് മത്സ്യഫെഡ് വായ്പ കൊടുക്കുന്നത്.

സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണികളിലാണ് വീഴുന്നത്. എടുക്കുന്ന വായ്പയ്ക്ക് 50 ശതമാനം വരെ പലിശ. ഇതിനു പുറമേ പലതരം കമ്മിഷനുകളും നല്‍കേണ്ടിവരുന്നു. വര്‍ഷത്തില്‍ 20 ആഴ്ചയോളമേ മീന്‍ ലഭിക്കൂ. പരമാവധി പ്രതീക്ഷിക്കാവുന്നത് 40-50 ലക്ഷം രൂപയുടെ ചരക്ക്. ഒരുലക്ഷം രൂപയുടെ മീന്‍പിടിച്ചാല്‍ ലേലം പിടിക്കുന്ന വ്യക്തിക്കും ഇടനിലക്കാരനായ തരകനും മത്സ്യഫെഡിനും സൊസൈറ്റിക്കും ഒക്കെയുളള വിഹിതങ്ങള്‍ക്കുശേഷം 84,000 രൂപയാണ് സംഘത്തിനു ലഭിക്കുന്നത്. 10,000 രൂപ പ്രവര്‍ത്തനച്ചെലവ്. ബാക്കിയുളളത് 60:40 അനുപാതത്തില്‍ ഗ്രൂപ്പിനും തൊഴിലാളികള്‍ക്കുമായി പങ്കുവയ്ക്കുന്നു. അങ്ങനെ ഗ്രൂപ്പിനു ലഭിക്കുന്ന 44,400 രൂപയില്‍ നിന്നാണ് വായ്പയിലേക്ക് മുതലും പലിശയും അടയ്‌ക്കേണ്ടത്. വഞ്ചിയുടെയും വലയുടെയും അറ്റകുറ്റപ്പണികളുടെ ചെലവ് വേറെ. 30 ലക്ഷം രൂപ ബാധ്യതയുണ്ടെങ്കില്‍ പലിശയ്ക്കു തന്നെ 15 ലക്ഷം നീക്കിവയ്ക്കണം. ഒരു വര്‍ഷം ചരക്കു കുറവാണെങ്കില്‍ കാര്യങ്ങള്‍ എല്ലാം അവതാളത്തിലാകും. മിക്കവാറും വര്‍ഷങ്ങളില്‍ കഷ്ടിച്ചു പലിശ കൊടുത്തു തീര്‍ക്കാനേ ഭൂരിപക്ഷം ഗ്രൂപ്പുകള്‍ക്കും കഴിയുകയുളളൂ. വളളങ്ങളുടെ ഉടമകളും അത്രസമയം തൊഴിലാളികളുമായ ഇവര്‍ക്ക് കടബാധ്യതയില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്‍ബോഡ് വളളങ്ങളെക്കൂടി മണ്‍സൂണ്‍കാല നിരോധനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. ട്രോളിംഗ് ബോട്ടുകളെപ്പോലെ 40-50 കിലോമീറ്റര്‍ ദൂരം പോകാന്‍ കഴിയുന്ന ഈ കപ്പല്‍വളളങ്ങള്‍ അടിത്തട്ട് അരിച്ചെടുക്കുന്നില്ലെങ്കില്‍ പോലും മത്സ്യക്കുഞ്ഞുങ്ങളെ കുടുക്കുന്ന വലകളാണ് ഉപയോഗിക്കുന്നത്. ഇത്തരം വളളങ്ങളെ പരമ്പരാഗത വളളങ്ങള്‍ എന്നു വിളിക്കുന്നത് എങ്ങനെയാണെന്ന് ബോട്ടുടമകള്‍ ചോദിക്കുന്നു. കേരളതീരത്തു മത്സ്യബന്ധനം നടത്തുന്ന 600 ഓളം ഇന്‍ബോഡ് വളളങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാര്‍ എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ഇന്‍ബോഡ് വളളങ്ങളെ നിരോധിക്കാനുളള ഏതു നീക്കത്തേയും ശക്തമായി എതിര്‍ക്കുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. ""ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്. യന്ത്രവല്‍കരണത്തിന്റെ പ്രയോജനങ്ങള്‍ ഞങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ്'' കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(ടി.യു.സി.ഐ) പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറയുന്നു. ഇന്‍ബോഡ് വളളങ്ങളുടെ രൂപകല്‍പന ശാസ്ത്രീയമാക്കുകയും മത്സ്യക്കുഞ്ഞുങ്ങള്‍ നശിക്കാതിരിക്കാന്‍ വലക്കണ്ണികളുടെ വലുപ്പം കൂട്ടുകയും അമിതമായ മത്സ്യചൂഷണം തടയാന്‍ ഒരു മേഖലയില്‍ എത്ര ഇന്‍ബോഡ് വളളങ്ങള്‍ വരെ ആകാമെന്ന് നിശ്ചയിക്കുകയും ഈ വളളങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി പരമ്പരാഗത മേഖലയെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ചാള്‍സ് പറയുന്നു.

വിദേശ കപ്പലുകളുടെ മത്സ്യചൂഷണം

ട്രോളിംഗ് നിരോധനത്തിന്റെ കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന പരമ്പരാഗതത്തൊഴിലാളികളും ബോട്ടുകളും വിദേശകപ്പലുകളെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്താന്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യന്‍ തീരത്ത് 200 നോട്ടിക്കല്‍ മൈല്‍വരെ എക്‌സ്ക്ല്യൂസീവ് ഇക്കണോമിക് സോണ്‍(ഇ.ഇ.ഇസ്ഡ്) ആയി പ്രഖ്യാപിക്കപ്പെടുന്നത് 1976ലാണ്. പത്തുവര്‍ഷത്തിനുശേഷം 1986ല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്താന്‍ 311 വിദേശകപ്പലുകള്‍ക്ക് അനുവാദം നല്‍കി. ആഴക്കടലിലെ മത്സ്യസമ്പത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനശേഷിക്ക് അപ്പുറത്താണെന്നും ഇതിന് വലിയ കപ്പലുകള്‍ തന്നെ വേണമെന്നുമളള നിഗമനത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിദേശകപ്പലുകളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തത്. വിദേശ കമ്പനികളുമായി ചേര്‍ന്നു സംയുക്തസംരംഭങ്ങള്‍ ആരംഭിക്കാനുളള അനുവാദം ഇന്ത്യന്‍ കമ്പനികള്‍ക്കും നല്‍കി. 1991-ല്‍ പുതിയ ചാര്‍ട്ടര്‍ പോളിസി രൂപീകരിച്ചപ്പോഴും ഇതേ നയംതന്നെയാണ് തുടര്‍ന്നത്.

എന്നാല്‍ അധികം കഴിയുന്നതിനു മുന്‍പുതന്നെ വന്‍കിട കപ്പലുകള്‍ നടത്തുന്ന മത്സ്യബന്ധനത്തിന്റെ ദോശവശങ്ങള്‍ പ്രകടമായി തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ടുടമകളും മത്സ്യസംസ്കരണശാലകളും രംഗത്തുവന്നു. തങ്ങളുടെ മത്സ്യബന്ധന മേഖലകളിലേക്ക് വിദേശകപ്പലുകള്‍ അതിക്രമിച്ചു കടക്കുന്നു, മത്സ്യവിഭവം അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. പിടിക്കുന്ന മത്സ്യത്തിന്റെ അളവ് കുറച്ചുകാണിക്കുന്നു, പരമ്പരാഗത യാനങ്ങള്‍ക്കും വലകള്‍ക്കും കേടുപാടുകള്‍ക്കു കാരണം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ, കേന്ദ്രസര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനം വിലയിരുത്താന്‍ പി. മുരാരി കമ്മിറ്റിയെ നിയോഗിച്ചു. വിദേശകപ്പലുകളെ നിരോധിക്കണമെന്നും നല്‍കിയിട്ടുളള ലൈസന്‍സുകള്‍ ഒരു കാരണവശാലും പുതുക്കരതെന്നും ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കമ്മിറ്റി സമര്‍പ്പിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സബ്‌സിഡി ലഭ്യമാക്കുക, ജലാശലയങ്ങളുടെ ഉടമസ്ഥതയും സംരക്ഷണച്ചുമതലയും അവയിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കാന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങി മുരാരി കമ്മിറ്റി സമര്‍പ്പിച്ച 21 ശിപാര്‍ശകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും കപ്പലുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.

ലൈസന്‍സ് തീരുന്നതോടെ വിദേശകപ്പലുകള്‍ ഇന്ത്യന്‍ തീരത്തുനിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ. എന്നാല്‍ 2004 അവസാനം യു.പി.എ സര്‍ക്കാര്‍ രൂപം നല്‍കിയ നാഷണല്‍ മറൈന്‍ പോളിസി അനുസരിച്ച് 725 കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായിരിക്കുകയാണ്. വിദേശ കമ്പനികളെ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് അനുവദിക്കില്ല എന്നു പറയുന്നുണ്ടെങ്കിലും വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുമായി സംയുക്തസംരംഭം ആകാവുന്നതാണെന്നും നയരേഖയില്‍ പറയുന്നു. 51 ശതമാനം ഇന്ത്യന്‍ ഓഹരി വേണമെന്നു മാത്രം. എത്ര സുതാര്യമായ നയം. പക്ഷേ, സംഭവിക്കുന്നതെന്താണ്? ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സബ്‌സിഡിയറി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ഇന്ത്യന്‍ കമ്പനിയായി. 51 ശതമാനം ഓഹരി അവര്‍ക്കും 49 ശതമാനം മാതൃകമ്പനിക്കും മുമ്പ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയിരുന്ന കമ്പനികള്‍ക്ക് തുടര്‍ന്നും മത്സ്യം കടത്തിക്കൊണ്ടുപോകാം. മത്സ്യസംസ്കരണം ഇന്ത്യയില്‍ത്തന്നെ വേണമെന്ന ഒരു നിബന്ധനകൂടി ഒരാശ്വാസത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

"സ്വന്തം സമുദ്രതീരങ്ങളില്‍ അമിത ചൂഷണം നടത്തി മത്സ്യസമ്പത്തില്‍ ഗണ്യമായ ഇടിവുവന്നപ്പോള്‍ മൂന്നാംലോക രാഷ്ട്രങ്ങളുടെ തീരങ്ങളില്‍ വന്‍വലകളെറിയാനെത്തുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നമ്മുടെ മത്സ്യസമ്പത്ത് വിട്ടുകൊടുക്കേണ്ടതുണ്ടോ?'' ചാള്‍സ് ജോര്‍ജ് ചോദിക്കുന്നു. ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ശേഷിയില്ലെങ്കില്‍ ആ ശേഷി ഉണ്ടാക്കിയെടുക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത് എന്ന് എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തിലെ തീരദേശം അംഗം ലവന്‍ അഭിപ്രായപ്പെടുന്നു.

മത്സ്യം ഇറക്കുമതി ചെയ്യുന്നു!

പലതരം പ്രശ്‌നങ്ങളില്‍ ഞെരുങ്ങുന്ന മത്സ്യമേഖലയെ ശരിക്കും ഒരു തകര്‍ച്ചയിലേക്ക് എത്തിക്കുന്നതാണ് തായ്‌ലന്‍ഡില്‍ നിന്നു മത്സ്യം ഇറക്കുമതി ചെയ്യാനുളള തീരുമാനം. 2003 ഒക്‌ടോബറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ ഇന്തോ-തായ് ഫ്രേംവര്‍ക്കിന്റെ ഭാഗമായ സ്വതന്ത്ര വ്യാപാരക്കരാര്‍ അനുസരിച്ച് ഈ വര്‍ഷം സെപ്തംബറിനുളളില്‍ 82 ഇനം ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിരിക്കുകയാണ്. ഇവയില്‍ അധികവും മത്സ്യ ഇനങ്ങളാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന ചാള, അയില, നെത്തോലി തുടങ്ങിയവയും കയറ്റുമതി പ്രാധാന്യമുളള ചെമ്മീന്‍, ഞെണ്ട്, കൂന്തല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ""മത്സ്യം ഇറക്കുമതി ചെയ്തു തുടങ്ങിയാല്‍ ഞങ്ങള്‍ പിടിക്കുന്ന മീനിന് വിലയിടിയില്ലേ? അതോടെ മത്സ്യമേഖല ആകെ തകരും. കാര്‍ഷിക മേഖലയ്ക്കു സംഭവിച്ചതു തന്നെ ഞങ്ങള്‍ക്കു സംഭവിക്കും''. ഫല്‍ഗുനന്‍ പറയുന്നു. വന്‍കിട പ്രോസസിംഗ് കമ്പനികളുടെ സംസ്കരണശേഷിക്ക് അനുസൃതമായ അളവില്‍ മത്സ്യം ലഭിക്കാത്തതുകൊണ്ടാണ് ഇറക്കുമതിയിലേക്ക് തിരിയുന്നത് എന്ന വാദം അംഗീകരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറല്ല. ""മത്സ്യത്തിന്റെ ലഭ്യത എത്ര ഉണ്ടെന്ന് നോക്കിയിട്ടു മതിയായിരുന്നല്ലോ പ്രോസസിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതൊക്കെ വെറും തട്ടിപ്പാണ്. മത്സ്യത്തിനു വില കുറയ്ക്കാനുളള വന്‍കിട കമ്പനികളുടെ സൂത്രമാണിത്''. ലവന്‍ പറയുന്നു.

ഡബ്ല്യു.ടി.ഒയുടെ ദോഹ സമ്മേളനം കൂടുതല്‍ മത്സ്യവും മത്സ്യോല്‍പ്പന്നങ്ങളും കാര്‍ഷികമേഖലയുടെ പട്ടികയില്‍ നിന്നു ഒഴിവാക്കി കാര്‍ഷികേതര വിപണി ഉല്‍പന്നങ്ങളുടെ(എന്‍.എ.എം.എ) പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് ലോകവ്യാപാര സംഘടന നിഷ്ക്കര്‍ഷിക്കുന്നു. ധനസഹായം മാത്രമല്ല സര്‍ക്കാര്‍ വക ലാന്‍ഡിംഗ് സെന്റര്‍, ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങിയവ പോലും സബ്‌സിഡിയാണ് കണക്കാക്കുന്നത്. മത്സ്യം പിടിക്കുന്നവര്‍ക്കും അതു വില്‍ക്കുന്നവര്‍ക്കും അതിന്റെ രീതികളും മാര്‍ഗങ്ങളും വിലയും നിര്‍ണയിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. മത്സ്യം ഒരു സംസ്ഥാന വിഷയമാണെന്നിരിക്കേ, മത്സ്യമേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുമ്പോള്‍ ക്രിയാത്മകമായി ഇടപെടേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ലോകവ്യാപാര സംഘടനയ്ക്കു മുന്നിലും സ്വതന്ത്രവ്യാപാര കരാറുകളിലും ഉന്നയിക്കേണ്ട സംരക്ഷിത ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ഉല്‍പന്നങ്ങളെക്കുറിച്ചു പഠനം നടത്താന്‍ വാണിജ്യ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന കൗണ്‍സിലിനോട്(യു.എന്‍.സി.ടി.എ.ഡി) അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരി 17നും 22നും വ്യാപാര-വികസന കൗണ്‍സില്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്തിരുന്നു.

ഈ രണ്ടു യോഗത്തിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.

മത്സ്യമേഖലയുടെ വികസനവും പരിപാലനവും മുന്‍നിര്‍ത്തി രണ്ടുവര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഒരു നയരേഖ പുറത്തിറക്കിയിരുന്നു. ""മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിന് ഹാനികരമല്ലാത്ത രീതിയില്‍ കേരളത്തിലെ കടല്‍ മത്സ്യോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ചു സ്ഥായിയായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനു തീരക്കടല്‍ മത്സ്യബന്ധനത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും'' എന്ന് ഒന്നാമത്തെ നയമായി തന്നെ പറയുന്നു. എന്നാല്‍ ഇതൊക്കെ വെറും വാചക കസര്‍ത്തുകള്‍ മാത്രം. കേരളക്കടലില്‍ പരമാവധി താങ്ങാവുന്നത് 1145 ട്രോളറുകളാണെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഇപ്പോള്‍ അയ്യായിരത്തോളം ട്രോളിംഗ് ബോട്ടുകള്‍ സംസ്ഥാനത്തുണ്ട്. കടലില്‍ മീന്‍ പിടിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കടലില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 12 പേര്‍ മീന്‍പിടിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ശരാശരി വെറും മൂന്നാണ്. നിരോധിതവലയായ റിങ്‌സിന്റെ ഉപയോഗം 90 ശതമാനത്തിലേറെ കേരളത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ""വളളങ്ങളുടെ വലുപ്പം, വലകളുടെ വലുപ്പം എന്നിവ കുറച്ചും വലക്കണ്ണികളുടെ വിസ്തൃതി കൂട്ടിയും എന്‍ജിന്റെ കുതിരശക്തി നിയന്ത്രിച്ചും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും'' എന്നും നയരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ പതിവു മണ്‍സൂണ്‍ നിരോധനമല്ലാതെ, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.

തകര്‍ന്നുകഴിഞ്ഞ കാര്‍ഷികമേഖലയെ പുനരുദ്ധരിക്കുന്നതിനും പദ്ധതികളും പാക്കേജുകളും ആവിഷ്കരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. എന്നാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്‍ഷികമേഖല രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കാന്‍ സര്‍ക്കാര്‍ തയാറായത്. ഈ ഗതി മത്സ്യമേഖലയ്ക്ക് ഉണ്ടാവാതിരുന്നാല്‍ നന്ന്.

Post your comments.

Name:

Email:
(optional):

Please enter
your comments:

അമ്പതുകളുടെ മധ്യത്തോടെയാണ് ട്രോളിംഗ് മത്സ്യബന്ധനരീതി ഇന്ത്യയില്‍ നടപ്പാക്കിത്തുടങ്ങിയത്. ഇന്തോ-നോര്‍വീജിയന്‍ പദ്ധതി(ഐ.എന്‍.പി) യുടെ ഭാഗമായി നീണ്ടകരയിലാണ് ട്രോളിംഗ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. മത്സ്യബന്ധനം യന്ത്രവല്‍ക്കരിക്കുന്നതിലൂടെയും മത്സ്യസംസ്കരണം ആധുനികവല്‍ക്കരിക്കുന്നതിലൂടെയും മത്സ്യമേഖലയുടെ ഭാവി ശോഭനമാക്കുക എന്നതായിരുന്നു ലക്ഷ്യം


പലതരം പ്രശ്‌നങ്ങളില്‍ ഞെരുങ്ങുന്ന മത്സ്യമേഖലയെ ശരിക്കും ഒരു തകര്‍ച്ചയിലേക്ക് എത്തിക്കുന്നതാണ് തായ്‌ലന്‍ഡില്‍ നിന്നു മത്സ്യം ഇറക്കുമതി ചെയ്യാനുളള തീരുമാനം. 2003 ഒക്‌ടോബറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ ഇന്തോ-തായ് ഫ്രേംവര്‍ക്കിന്റെ ഭാഗമായ സ്വതന്ത്ര വ്യാപാരക്കരാര്‍ അനുസരിച്ച് ഈ വര്‍ഷം സെപ്തംബറിനുളളില്‍ 82 ഇനം ഉല്‍പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിരിക്കുകയാണ്.


The Quest Features and Footage
44/167, CK Lane, SRM Road, Kochi 682018, Kerala, India
email: info@questfeatures.org