logo malayalam

| പരിസ്ഥിതി|

പ്ലാച്ചിമട നിവാസികള്‍ക്ക് 216 കടലാസ് കോടി

പി.എന്‍. വേണുഗോപാല്‍
22 ഏപ്രില്‍ 2010

ലോകമാകെ വ്യാപിച്ചുകിടക്കുന്ന കൊക്കൊ കോളാ സാമ്രാജ്യം മനുഷ്യനും പ്രകൃതിക്കും കണക്കാക്കപ്പെടാവുന്നതിനുമപ്പുറം ഹാനികരമായി പ്രവര്‍ത്തിച്ചുവെന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിക്കുന്നത് അഭൂതപൂര്‍‌വമായ ഒരു സംഗതിയാണ്‌. ആ നിലയ്ക്ക് പ്ലാച്ചിമടയില്‍ കൊക്കൊ കോളാ കമ്പിനി വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ഹൈ പവര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് തികച്ചും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ എന്തിനെയും ഏതിനെയും സംശയദൃഷ്ട്യാ കാണുകയും വിശകലനം ചെയ്ത് വിമര്‍ശിക്കുകയും മലയാളിയുടെ സ്വഭാവമാണെന്ന ആരോപണം വ്യാപകമായി ഉയരുന്ന ഈ കാലത്ത് ഹൈ പവര്‍ കമ്മറ്റിയുടെ കണ്ടെത്തലുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ആരും ഇതുവരെയും തുനിഞ്ഞില്ല എന്നത് അത്ഭുതമാണ്‌.

പ്ലാച്ചിമടയിലെ പ്രകൃതിക്കും മനുഷ്യനും ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ രൂപാ കണക്കില്‍ വിലയിരുത്തിയിരിക്കുന്നു എന്നതൊഴിച്ചാല്‍ പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ടവര്‍ക്കും അതിന്റെ ഗതിവിഗതികള്‍ ശ്രദ്ധിച്ചിരുന്നവര്‍ക്കും പുതുതായി ഏറെയൊന്നുമില്ല ഈ റിപ്പോര്‍ട്ടില്‍ എന്നതാവാം ഒരു കാരണം. പ്ലാച്ചിമട നിവാസികളുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി കൊക്കൊ കോളാ കമ്പിനിയെ സഹായിക്കുന്നതരം വിമര്‍ശനങ്ങള്‍ ഒഴിവക്കുന്നതാവും ഉത്തമം എന്ന തോന്നലും മറ്റൊരു കാരണമാവാം. ഇതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. രാജ്യത്തെ കൂര്‍മബുദ്ധികളെത്തന്നെ തങ്ങള്‍ക്കുവെണ്ടി പ്രവര്‍ത്തിക്കാനും വാദിക്കാനുമായി ഏര്‍പ്പെടുത്താന്‍ അവര്‍ക്കു കഴിയുമെന്ന് മനസിലാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് CWRDM രൂപീകരിച്ച വിദഗ്ദ്ധ കമ്മറ്റിയിലെ കൊക്കൊ കോളയുടെ നോമിനികള്‍ ആരൊക്കെയായിരുന്നു എന്ന് ഓര്‍ത്താല്‍ മതി. ഇങ്ങനെയൊരു അവസ്ഥയില്‍ ഹൈ പവര്‍ കമ്മറ്റിയുടെ രൂപീകരണവും അവരുടെ റിപ്പോര്‍ട്ടും വിശകലന വിധേയമാക്കാതിരിക്കുക അസംബന്ധമാണ്‌.

കമ്മറ്റി

"പ്ലാച്ചിമടയിലെ കൊക്കൊ കോള കമ്പിനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ്" ഉന്നതാധികാര സമതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. അടിസ്ഥാന്‍പരമായ ഒരു പാളിച്ച ഇവിടെത്തന്നെ സംഭവിച്ചിരിക്കുന്നു. കൊക്കൊ കോളയുടെ പ്രവര്‍ത്തനം മൂലം നഷ്ടമുണ്ടായോ എന്ന പ്രാഥമിക ചോദ്യം ഉന്നയിക്കുന്നതിനു മുമ്പു തന്നെ അതിന്റെ തോതും സ്വഭാവവും നിര്‍ണ്ണയിക്കാന്‍ ആവശ്യപ്പെട്ടിരിക്കികയാണ്‌. കമ്പിനിയുടെ പ്രവര്‍ത്തനം നിമിത്തം കഷ്ടനഷ്ടങ്ങളുണ്ടായി എന്ന് കാര്യകാരണസഹിതം, അസന്നിഗ്ദ്ധമാം വിധം ഇതിനുമുമ്പു തന്നെ ഔദ്യോഗികമായ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നെംകില്‍ ഈ ഉത്തരവ് അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയാകുമായിരുന്നു. അങ്ങനെയൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ്‌ കേവലം 'അഭ്യൂഹങ്ങളുടെ' അടിസ്ഥാനത്തിലാണ്‌ ഈ കമ്മറ്റി രൂപീകരിക്കപ്പെട്ടത് എന്ന് കൊക്കൊ കോളയ്ക്ക് പ്രസ്താവനയിറക്കാന്‍ കഴിഞ്ഞത്. വരും കാലങ്ങളില്‍ അവരുടെ പ്രതിരോധം ഇതിന്റെ ചുവടുപിടിച്ചാവും എന്നതിന്റെ സൂചനയുമുണ്ട്.

പ്ലാച്ചിമടയില്‍ കോള കമ്പിനി തുടങ്ങാനും സുഗമമായി പ്രവര്‍ത്തിക്കാനുംവേണ്ട അനുമതികള്‍ നല്‍കുകയും വേണ്ട സമയത്ത് ഇടപെടാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരോ പ്രതിനിധികളോ ആണ്‌ പതിമൂന്നംഗക്കമ്മറ്റിയിലെ ഭൂരിപക്ഷവും. 2002 നവംബറില്‍ ഭൂജല വകുപ്പ് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ "പ്ലാച്ചിമടയില്‍ ജലമലിനീകരണത്തിന്റെ -അങ്ങനെയൊന്നു സംഭവിക്കുന്നുണ്ടെങ്കില്‍-ഉത്തരവാദി കൊക്കൊ കോള കമ്പിനിയല്ല" എന്ന് തറപ്പിച്ചു പറയുന്നുണ്ട്. 2003 സെപ്തംബറില്‍ കേന്ദ്ര ഭൂജല ബോര്‍ഡ് പ്ലാച്ചിമടയിലെ കിണറുകളിലെ ജലവിതാനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടില്ലെന്നും ലയിച്ചുചേര്‍ന്ന മാലിന്യത്തിന്റെ തോത്, ഖരമാലിന്യങ്ങളിലെ ഘനലോഹങ്ങളുടെ തോത് എന്നിവ അനുവദനീയ പരിധിക്കുള്ളിലാണെന്നും സാക്ഷ്യപ്പെടുത്തിയിരുന്നു. സ്വയം പ്രതിരോധത്തിനായി ഈ രണ്ടു രേഖകളും കൊക്കൊ കോള കമ്പിനി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഭൂജലവകുപ്പിന്റെ മേധാവി കമ്മിറ്റിയുടെ കണ്‍‌വീനറും കേന്ദ്ര ഭൂജല ബോര്‍ഡിന്റെ റീജിയണല്‍ ഡയറക്ടര്‍ അംഗവുമാണ്‌. ഈ വകുപ്പുകളേക്കാളും നിര്‍ണായക പങ്കു വഹിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി സി ബി) തലവനും കമ്മറ്റിയിലെ മറ്റൊരു പ്രമാണിയാണ്‌ എന്നത് ഏറെ വിചിത്രം.

പി സി ബി

2000 ല്‍ എട്ടു ലക്ഷം ലിറ്റര്‍ വരെ മലിനജലം 'ജലസേചനത്തിനായി' ഭൂമിയിലേയ്ക്ക് ഒഴുക്കാന്‍ അനുമതി നല്‍കിയ പി സി ബി ഈ ജലത്തില്‍ ലയിച്ചു ചേര്‍ന്ന മാലിന്യങ്ങള്‍ക്കു പരിധിയും നിശ്ചയിക്കുന്നു. ഈരണ്ടു മാസം കൂടുമ്പോള്‍ റിപോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അവിടെ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നു എന്ന് അറിയാതെ, അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ച്, ദ്വൈമാസ റിപ്പോര്‍ട്ടുകള്‍ ശരിയോ എന്നു പരിശോധിക്കാതെ, അല്ലെങ്കില്‍ പരിശോധിച്ചിട്ടും കണ്ടില്ലെന്നു നടിച്ച് 2002 ല്‍ 31.12.2004 വരെ മലിനജലം ഒഴുക്കാനുള്ള അനുമതി പുതുക്കി നല്‍കുന്നു. കമ്പിനിയുടെ പ്രവര്‍ത്തനം നിലച്ച് ഏഴു മാസത്തിനു ശേഷം മാത്രം, അതും സുപ്രീം കോര്‍ട്ട് മോണിട്ടറിങ് കമ്മറ്റിയുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലാതെ വന്നപ്പോള്‍ മാത്രമാണ്‌ മലിനജലം ശുദ്ധീകരിക്കാന്‍ റിവേഴ്സ് ഓസ്മോസിസ് പ്രക്രിയ സ്വീകരിക്കണമെന്ന് കമ്പിനിയോട് ആവശ്യപ്പെടുന്നത്. ഖരമാലിന്യ നാടകം അരങ്ങേറുന്നത് 2003 ല്‍ ആണ്‌. കോള കമ്പിനിയുടെ ഖരമാലിന്യങ്ങള്‍ വിഷലിപ്തമാണെന്ന് പി സി ബി യുടെ ചെയര്‍മാന്‍ റിപ്പോര്‍ട്ട് നല്‍കുന്നു, തൊട്ടു പുറകെ മെംബെര്‍ സെക്രട്ട്റി അങ്ങനെയല്ലെന്നു പഠനം നടത്തി ഘോഷിക്കുന്നു. ബി ബി സിയും തുടര്‍ന്ന് കേന്ദ്ര പി സി ബി യും അനുവദനീയമായ അളവിലും അഞ്ചിരട്ടി ഘനലോഹങ്ങള്‍ ഖരമാലിന്യങ്ങളിലുണ്ടെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമാണ്‌ 2004 ല്‍ വളമായി നല്‍കിയ ഖരമാലിന്യങ്ങള്‍ തിരിച്ചെടുത്ത് കമ്പിനി വളപ്പില്‍ സുരക്ഷിത ലാന്‍ഡ് ഫില്ലില്‍ സൂക്ഷിക്കണമെന്ന് നമ്മുടെ പി സി ബി കമ്പിനിയോട് ആവശ്യപ്പെടുന്നത്. ഹൈ പവര്‍ കമ്മറ്റി നിലവില്‍ വന്ന്, നില്‍ക്കകള്ളിയില്ലാതായപ്പോള്‍ മാത്രമാണ്‌, കമ്പിനി പ്രവര്‍ത്തിക്കാത്ത അവസ്തയില്‍, ഖരമാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ ആരുമില്ലെന്നും, മഴയില്‍ അവ ഒലിച്ച് വെള്ളത്തില്‍ ലയിക്കുമെന്നും അതിനാല്‍ ഉടന്‍ തന്നെ 60 ടണ്ണോളമുള്ള ആ വിഷക്കൂമ്പാരം കൊച്ചിയില്‍ അമ്പലമേട്ടിലെ റ്റി എസ് ഡി എഫില്‍ കൊണ്ടു നിക്ഷേപിക്കണമെന്നും 2010 ജാനുവരിയില്‍ പി സി ബി സട്കുടഞ്ഞെണീക്കുന്നത്.

കൂട്ടുപ്രതിയാവേണ്ട പി സി ബി എങ്ങനെ ന്യായാധിപനായി?

കളങ്കം

അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്ന് സത്യസന്ധമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഹൈ പവര്‍ കമ്മിറ്റിയുടെ മേലുള്ള ഒരു കളങ്കമാണ്‌ അവര്‍ പി സി ബി യെ സരക്ഷിക്കാന്‍ ശ്രമിച്ചത്.റിവേഴ്സ് ഓസ്മോസിസ് പ്രാവര്‍ത്തികമാക്കണമെന്ന് പി സി ബി ആവശ്യപ്പെട്ടപ്പോള്‍ കോള കമ്പിനി മറുപടിയെഴുതി, എന്തിന്‌?, ഞങ്ങളുടെ മാലിന്യ വെള്ളത്തില്‍ അപകടമൊന്നുമില്ല, ആ വെള്ളം കൊണ്ടു നനയ്ക്കുന്ന ങങ്ങളുടെ പൂന്തൊട്ടത്തിന്‌ ഏറ്റവും നല്ല തോട്ടത്തിനുള്ള അവാര്‍ഡ് നല്‍കി പാലക്കാട് അഗ്രി ഹോര്‍ട്ടി സൊസൈറ്റി, ആ മാലിന്യ വെള്ളക്കുളത്തില്‍ ഞങ്ങള്‍ മത്സ്യക്കൃഷിചെയ്യുന്നു, ഇതൊന്നും പോരെങ്കില്‍ സാറമ്മാരേ, കമ്പനി പൂട്ടിയിട്ട് മാസങ്ങളായി, ഇനി റിവേഴ്സ് നും ഓസ്മോസിസിനും എന്തു പ്രസക്തി? ഇതൊന്നും അറിയാത്തവരാവില്ല ഹൈ പവര്‍ കമ്മിറ്റി. എന്നാല്‍ റിവേഴ്സ് ഓസ്മോസിസ് പ്രാവര്‍ത്തികമാക്കണമെന്ന് പി സി ബി ആവശ്യപ്പെട്ടിട്ടും അതു ചെയ്തില്ല കമ്പിനി എന്ന് ആരോപിക്കുന്നു കമ്മിറ്റി. എന്നാണ്‌ ഇങ്ങനെ ആവശ്യപ്പെട്ടതെന്നുമാത്രം റിപ്പോര്‍ട്ട് പറയുന്നില്ല. മറ്റു കാര്യങ്ങള്‍ അറിയാത്ത ഒരാള്‍ വായിച്ചാല്‍ പി സി ബി ഇങ്ങനെയൊരുകാര്യം ആദ്യം തന്നെ ഉന്നയിച്ചിട്ടുണ്ടാവുമെന്നു തോന്നും. എന്നാല്‍ W/09/137/2000 പ്രകാരം കൊക്കൊ കോള കമ്പിനിക്ക് ജലവിനിയോഗ സമ്മതപത്രം നല്‍കുമ്പോള്‍ ഇങ്ങനെ ഒരു നിബന്ധനയും പി സി ബി വച്ചിരുന്നില്ല എന്നതാണു വാസ്തവം.

നഷ്ടപരിഹാരം

ഇനി നമുക്ക് 216.26 എന്ന നഷ്ടപരിഹാരത്തുകയിലേക്കു വരാം. പ്ലാച്ചിമട വാട്ടര്‍ഷെഡിലെ നലിലൊന്ന് ജലം മലിനമാക്കപ്പെട്ടുവെന്നും ഒരു ലിറ്റര്‍ വെള്ളത്തിന്‌ 80 പൈസ നിരക്കില്‍ ശുദ്ധജലം മലിനമാക്കിയതിന്‌, പൂര്‍‌വാവസ്ഥ പ്രാപിക്കാന്‍ 25 വര്‍ഷമെടുക്കും എന്നതു കൂടി കണക്കിലെടുത്ത് 62.10 കോടി രൂപയുടെ നഷ്റ്റം കണക്കാക്കിയിരിക്കുന്നത്. ഈ തുക കൊക്കൊ കോള കമ്പിനിയില്‍ നിന്ന് ഈടാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഇതാര്‍ക്കു ലഭിക്കും? നഷ്ടപരിഹാരമെല്ലാം വ്യക്തിപരമായി ട്രിബ്യൂണലിനു മുമ്പാകെ ക്ലെയിം നല്‍കി വസൂലാക്കണമെന്നാണ്‌ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.വ്യക്തതയില്ലാത്ത ഒരു നിര്‍ദ്ദേശമാണിത്.

ജലദൗര്‍ലഭ്യം മൂലം കിലോമീറ്ററുകള്‍ താണ്ടി വെള്ളം കൊണ്ടുവരേണ്ടി വന്ന സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ പരിഗണിച്ച കമ്മറ്റി തന്മൂലം അവര്‍ക്കുണ്ടായ തൊഴില്‍ നഷ്ടത്തെയും വരുമാന നഷ്ടത്തെയും പറ്റി വാചാലമാവുന്നു. ഇതുമൂലമുണ്ടായ സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. ഈ രണ്ടു കണക്കിലുമായി 30 കോടി രൂപയുടെ നഷ്ടമാണ്‌ കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്. അതാത് വ്യക്തികള്‍ അല്ലെങ്കില്‍ കുടുംബങ്ങളാണ്‌ ക്ലെയിം നല്‍കേണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ്, വര്‍ഷങ്ങളോളം തങ്ങള്‍ വെള്ളവും ചുമ്മി കാതങ്ങള്‍ താണ്ടിയെന്ന് പ്ലാച്ചിമടയിലെ സ്ത്രീകള്‍ എങ്ങനെയാണാവോ ട്രിബ്യൂണലിനെ ബോധ്യപ്പെടുത്തുക?

യുക്തിഭദ്രമായ യാതൊരു വാദങ്ങളും നിരത്താതെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന്‌ കൊട്ടത്താപ്പായി 30 കോടിയാണ് നഷ്ടപരിഹാരമായി കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2003 ല്‍ മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തിയ ഒരു സര്‍‌വേയും നവജാതശിശുക്കളുടെ കുറഞ്ഞ തൂക്കത്തെപ്പറ്റി വി റ്റി പദ്മനാഭന്റെ നേതൃത്ത്വത്തില്‍ നടത്തിയ ഒരു പഠനവും മാത്രമേ കമ്മറ്റിക്ക് തങ്ങളൂടെ നിഗമനങ്ങള്‍ക്ക് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കാനുള്ളു. എന്നാല്‍‌പോലും 30 കോടിയെന്ന് വെറുതെയങ്ങു പറയുന്നത് കടുപ്പം തന്നെ. എന്തുകൊണ്ട് അത് 20 കോടിയോ 50 കോടിയോ ആയിക്കൂടാ? മുടികൊഴിഞ്ഞവരും പനിയും ചുമയും വയറുവേദനയും വന്നവരും ഏതു മെഡിക്കല്‍ സര്‍ട്ടിഫിക്കെറ്റ് കാണിച്ച് നഷ്ടപരിഹാരം വാങ്ങാന്‍? 2002-04 ല്‍ കിഡ്നി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 17 പേര്‍ മരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവയില്‍ ഒന്നില്‍ പോലും പോസ്റ്റ്മോര്‍ട്ടം നടന്നതായി അറിവില്ല. പിന്നെ എങ്ങനെയാണ്‌ ഈ മരണങ്ങളെ കൊക്കൊ കോളയുമായി ബന്ധിപ്പിക്കുക?

തങ്ങളുടെ വാദങ്ങള്‍ തെളിയിക്കപ്പെടവുന്നതാണെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് പ്ലാച്ചിമട നിവാസികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നേരിട്ട്,അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍‍സി കൊക്കൊ കോളയുമായി കേസ് പറഞ്ഞ് നഷ്ടപരിഹാരം വാങ്ങണമെന്ന് കമ്മറ്റി ശുപാര്‍ശ ചെയ്തില്ല? തെളിവുകള്‍ നിരത്തി സ്വന്തം ഭാഗം വാദിച്ചു ജയിക്കേണ്ട ബാധ്യത എല്ലാംകൊണ്ടും ദുര്‍ബലരായ പ്ലാച്ചിമട നിവാസികളുടെ മേല്‍ എന്തിനു കെട്ടിവച്ചു?

ദേശീയ, അന്തര്‍‌ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ഹൈ പവര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. കൊക്കൊ കോളയ്ക്കെതിരെ ഒരു പോയിന്റ് 'സ്കോര്‍' ചെയ്തു എന്നതും ശരി തന്നെ. അതിനപ്പുറം?

Post your comments.

Name:

Email:
(optional):

Please enter
your comments:

The Quest Features and Footage
30/1896, Sarvamangala, MLA Road, Post Chevayur, Kozhikode 673017, Kerala, India
email: info@questfeatures.org